International
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും നടത്തിയ കൂടിക്കാഴ്ചയിൽ ഊഷ്മളത നിറഞ്ഞുനിന്നെങ്കിലും തകർക്കവിഷയങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് റിപ്പോർട്ട്.
വ്യാഴാഴ്ച വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടന്ന കൂടിക്കാഴ്ച മൂന്നു മണിക്കൂർ നീണ്ടു. വ്യാപാരം, പരസ്പരം ചുമത്തിയിള്ള ഇറക്കുമതി ചുങ്കങ്ങൾ, നിർമിത ബുദ്ധി തുടങ്ങിയവ ചർച്ചാവിഷയങ്ങളായി.
ചൈന-അമേരിക്ക വ്യാപാരംയുദ്ധം അവസാനിപ്പിക്കാനായി കഴിഞ്ഞ വർഷം ഉണ്ടാക്കിയ താത്കാലിക ഉടന്പടി രണ്ടു മാസത്തേക്കു കൂടി നീട്ടാൻ ധാരണയായി. വരുന്ന നവംബറിൽ അവസാനിക്കേണ്ടിയിരുന്ന ഉടന്പടി 2027 ജനവരി വരെ നീളും. തർക്കവിഷയങ്ങളിൽ കൂടുതൽ ചർച്ചയ്ക്ക് സമയം കണ്ടെത്താൻ വേണ്ടിയാണിത്. ഇതിനു പുറമേ 3000 കോടി ഡോളർ മൂല്യം വരുന്ന ഉത്പന്നങ്ങളുടെ ഇറക്കുമതി ചുങ്കങ്ങൾ കുറയ്ക്കാനും ഇരു പക്ഷവും സമ്മതിച്ചു.
അതേസമയം, അമേരിക്കൻ നിർമിത ഇലക്ട്രോണിക് ചിപ്പുകൾ ചൈനയ്ക്കു നല്കുന്നതിലുള്ള നിയന്ത്രണം, അപൂർവ ധാതുക്കളുടെ കയറ്റുമതി, തന്ത്രപ്രധാന ഉത്പന്നങ്ങൾക്കുമേലുള്ള ഇറക്കുമതി ചുങ്കം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾക്കൊന്നും പരിഹാരമുണ്ടായില്ല.
നിർമിതബുദ്ധി മനുഷ്യന്റെ നിയന്ത്രണത്തിൽ തുടരണമെന്നും ജനങ്ങൾക്കുവേണ്ടി അമേരിക്കയും ചൈനയും ഉത്തരവാദിത്വമുള്ള രാജ്യങ്ങളായി തുടരണമെന്നും ഷി നിർദേശിച്ചു.
ഇതിനിടെ, പിന്നാന്പുറ ചർച്ചകളിൽ തായ്വാന് വിഷയത്തിലെ അമേരിക്കൻ ഇടപെടലുകളെക്കുറിച്ച് ട്രംപിന് ഷി മുന്നറിയിപ്പു നല്കിയതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തായ്വാൻ വിഷയത്തെ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ട്രംപിനോട് ഷി ആവശ്യപ്പെട്ടത്രേ.
വ്യാഴാഴ്ച ട്രംപ് ഷിയ്ക്കു വൈറ്റ്ഹൗസിൽ നല്കിയ അത്താഴവിരുന്നിൽ ആപ്പിൾ, ആമസോൺ, ഗൂഗിൾ, ടെസ്ല തുടങ്ങിയ കന്പനികളുടെ മുതലാളിമാർ പങ്കെടുത്തു.
NRI
ഒക്ലഹോമ: പരിശുദ്ധാത്മാവ് വിശ്വാസിയുടെ ജീവിതത്തിൽ എന്നേക്കും വസിക്കുന്ന സാന്നിധ്യമാണ് അവൻ മരിച്ചിടത്ത് ജീവനും നിരാശയുള്ളിടത്ത് പ്രത്യാശയും നൽകുന്നുവെന്നു മാർത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി റവ.പി.സി. ജെയിംസ്.
നോർത്ത് അമേരിക്ക സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ മാർത്തോമ്മ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ ഈ മാസം 20 മുതൽ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ മൂന്നാം ദിനം കേരളത്തിൽ നിന്നും സൂം പ്ലാറ്റുഫോമിലൂടെ മുഖ്യ സന്ദേശം നൽകുകയായിരുന്നു റവ.പി.സി. ജെയിംസ്.
ഒക്ലഹോമ മാർത്തോമ്മ ഇടവകയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക സമ്മേളനം വിശ്വാസികളുടെയും സഭാസ്നേഹികളുടെയും സജീവ സാന്നിധ്യത്താൽ യോഗം ശ്രദ്ധേയമായി.
ആരംഭത്തിൽ റവ. കെ. എം. മാത്യുവിന്റെ പ്രാർഥനയോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് മാർത്തോമ്മ ചർച്ച് ഓഫ് ഒക്ലഹോമ ക്വയർ ആലപിച്ച മനോഹരമായ ഗാനം സഭയ്ക്ക് ആത്മീയ അനുഭൂതി പകർന്നു.
വർഗീസ് ചാണ്ടപ്പിള്ള സ്വാഗതം പറഞ്ഞു. റവ. എബ്രഹാം വി. സാംസൺ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സഭയുടെ വിവിധ ആവശ്യങ്ങൾക്കായി ചാക്കോ തോമസും ഓമന ചാണ്ടപ്പിള്ളയും പ്രത്യേക മദ്ധ്യസ്ഥപ്രാർഥനകൾ നേതൃത്വം നൽകി.
തുടർന്ന് സോസമ്മ കോശി വേദപുസ്തക ഭാഗം വായിച്ചു. യോഗത്തിലെ മുഖ്യ പ്രഭാഷണം എംടിവിഇഎ ജനറൽ സെക്രട്ടറി റവ. പി.സി. ജെയിംസ് നിർവഹിച്ചു. സഭാമക്കൾക്ക് ഏവർക്കും പ്രചോദനമാകുന്ന ചിന്തകളാണ് അദ്ദേഹം പങ്കുവച്ചത്.
ചടങ്ങിന്റെ അവസാന ഘട്ടത്തിൽ ഷിജി ടോം ഫിലിപ്പ് ഏവർക്കും നന്ദി രേഖപ്പെടുത്തുകയും റവ. കെ. എം. മാത്യു സമാപന പ്രാർഥന നടത്തുകയും ചെയ്തു. റവ. പി.സി. ജെയിംസിന്റെ ആശീർവാദത്തോടുകൂടി യോഗം പര്യവസാനിച്ചു.
International
ന്യൂയോർക്ക്: മാസങ്ങൾക്കു ശേഷം ഇറാനും അമേരിക്കയും മധ്യസ്ഥരുടെ സഹായത്താൽ ആശയവിനിമയം നടത്തിയത് പശ്ചിമേഷ്യാ സംഘർഷം അവസാനിക്കുന്നതിൽ പുതിയ പ്രതീക്ഷയ്ക്കു തിരികൊളുത്തി. അതേസമയം എന്തെങ്കിലും നിർണായക തീരുമാനത്തിലേക്കു നീങ്ങുന്നതായി സൂചനയില്ല.
യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തിയ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരദ് കുഷ്നറും മധ്യസ്ഥരുടെ സഹായത്താൽ ബന്ധപ്പെടുകയായിരുന്നു.
ഇറാൻ വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്നവരുമായി സ്റ്റീവും ജാരദും നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ചു.
ഖത്തറിന്റെ മധ്യസ്ഥതയിലാണ് അമേരിക്കൻ പ്രതിനിധികളെ ബന്ധപ്പെട്ടതെന്ന് ഇറേനിയൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മയിൽ ബാഗേയി ടെഹ്റാനിൽ അറിയിച്ചു. പശ്ചമേഷ്യയിലെ എല്ലാ മുന്നണികളിലും യുദ്ധം അവസാനിപ്പിക്കണം എന്നതടക്കമുള്ള ഇറാന്റെ നിബന്ധനകൾ കൈമാറിയിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു.
യുഎൻ സമ്മേളനത്തിനെത്തിയ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ താനിയുമായി ഇറേനിയൻ വിദേശാക്രമന്ത്രി അബ്ബാസ് ആരാഗ്ചി കൂടിക്കാഴ്ച നടത്തിയതായി സ്ഥീകരിച്ചിട്ടുണ്ട്.
ജൂലൈയിൽ അവസാനിച്ച ഇറാൻ-യുഎസ് സമാധാന നീക്കങ്ങൾക്കു ജീവൻ വച്ചത് അന്താരാഷ്ട്ര പിണയിൽ എണ്ണവില വീണ്ടും താഴാൻ സഹായിച്ചു.
അമേരിക്കയിൽ മിഡ്ടേം തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ മൂന്നിനുശേഷം ഇറാനുമായി സമാധാന കരാർ ഉണ്ടാക്കാനായേക്കുമെന്ന് പ്രസിഡന്റ് ട്രംപ് യുഎൻ പ്രസംഗത്തിൽ പ്രത്യാശിച്ചിരുന്നു. സമാധാന കരാറിനു തയാറായില്ലെങ്കിൽ ഇറാനെ ഉന്മൂലനം ചെയ്യേണ്ടിവരുമെന്നും ട്രംപ് ഭീഷണി മുഴക്കുകയുണ്ടായി.
International
ടെഹ്റാൻ: അമേരിക്ക സൈനിക സമ്മർദം അവസാനിപ്പിച്ച് നാവിക ഉപരോധം പിൻവലിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് ഇറാൻ. മുതിർന്ന ഇറേനിയൻ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാനുമായുള്ള പ്രശ്നങ്ങൾ നയതന്ത്രതലത്തിൽ പരിഹരിക്കാൻ അഗ്രഹിക്കുന്നുവെന്ന് അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിക്കണം. തുടർന്ന് പ്രശ്നപരിഹാരത്തിന് സമയക്രമം നിശ്ചയിക്കണമെന്നും ഇറേനിയൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇറാന്റെ നിർദേശങ്ങൾ സെപ്റ്റംബർ 16ന് മധ്യസ്ഥർ വഴി അമേരിക്കയ്ക്കു കൈമാറിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ന്യൂയോർക്കിലെ യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ മധ്യസ്ഥർ മുഖാന്തിരം ഇറാനും അമേരിക്കയ്ക്കും ചർച്ച ചെയ്യാവുന്നതാണെന്ന് ഉദ്യോഗസന്ഥൻ ചൂണ്ടിക്കാട്ടി.
ന്യൂയോർക്കിലെ യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ അയച്ച ഇറാൻ പ്രതിനിധി സംഘത്തിന് അമേരിക്കയുമായുള്ള നയതന്ത്രചർച്ചകളിൽ തീരുമാനം എടുക്കാൻ അനുമതി നല്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഇറാൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ യുഎൻ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. അദ്ദേഹം അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തില്ലെന്നാണ് അറിയിപ്പ്.
International
ടെഹ്റാന്: ലോകത്തെ ഇന്ധനപ്രതിസന്ധിയിലേക്കു തള്ളിവിട്ട യുദ്ധം അവസാനിപ്പിക്കാന് യുഎസുമായി ചര്ച്ച പുനരാരംഭിക്കാന് ഖത്തര് വഴി ഏഴു നിബന്ധനകള് മുന്നോട്ടുവെച്ച് ഇറാന്. ലെബനനിലെ ഏറ്റുമുട്ടല് അവസാനിപ്പിക്കുക, വിദേശ ആസ്തികള് തിരിച്ചുനല്കുക, നാവിക ഉപരോധം നീക്കുക എന്നിവയാണ് അല് ജസീറയിലൂടെ ഇറാന് പുറത്തുവിട്ട പ്രധാന ആവശ്യങ്ങള്.
നിബന്ധനകള് അംഗീകരിച്ചില്ലെങ്കില് നിര്ണായക യുദ്ധത്തിന് തയ്യാറാണെന്ന് ഇറാന്റെ സുരക്ഷാസമിതി സെക്രട്ടറി മൊഹ്സന് റെസായി വ്യക്തമാക്കി. പുതിയ ആക്രമണമുണ്ടായാല് ഗള്ഫിലെ യുഎസ് താവളങ്ങള്ക്കും വാണിജ്യ താത്പര്യങ്ങള്ക്കും എതിരെ തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് നല്കി.
NRI
മെരിലാൻഡ്: സാജൻ മൂഴിക്കാട്ടിന്റെ (47) അകാല നിര്യാണത്തിൽ അമേരിക്കൻ മലയാള യുവസമൂഹവും ഇന്ത്യൻ അമേരിക്കൻ സംഘടനകളും അനുശോചിച്ചു. മെരിലാൻഡിലെ മൺറോവിയയിൽ ജിമ്മിൽ എക്സർസൈസിനിടെ സാജൻ മൂഴിക്കാട്ട് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഡ്രെക്സൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എഞ്ചിനിയറിംഗ് പാസായ ശേഷം ലോക്ക്ഹീഡ് മാർട്ടിനിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു. അറ്റേണിയായ ഭാര്യ പൂജയും ലോക്ക്ഹീഡ് മാർട്ടിനിൽ ഉദ്യോഗസ്ഥയാണ്. മക്കൾ: മില്ലി, ലൈല, സെറിൻ.
ഫിലഡൽഫിയയിലെ ആദ്യകാല മലയാളിയും കായിക രംഗത്തെ സജീവ സാന്നിധ്യവുമായ കോട്ടയം മുട്ടുചിറ സ്വദേശി സേവ്യർ മൂഴിക്കാട്ടിന്റെയും മേഴ്സിയുടെയും ഏക പുത്രനാണ്
പൊതുദർശനം തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മുതൽ എട്ട് വരെ സ്റ്റോഫേഴ്സ് ഫ്യൂണറൽ ഹോം, 1621 ഒപ്പോസംടൗൺ പൈക്ക്, ഫ്രെഡറിക്, മെരിലാൻഡിൽ (Stauffers Funeral Home (1621 Opossumtown Pike, Frederick MD).
ചൊവ്വാഴ്ച രാവിലെ 11ന് സെന്റ് ഇഗ്നേഷ്യസ് ഓഫ് ലയോള കാത്തലിക് ചർച്ച്, 4103 പ്രൈസ് ഡിസ്റ്റിലറി റോഡ്, ജെയിംസ്വില്ല, മെരിലാൻഡിൽ സംസ്കാര ശുശ്രൂഷ നടക്കും.
NRI
സാൻ ഫ്രാൻസിസ്കോ: ഒക്ടോബർ 19 മുതൽ 23 വരെ റോമിൽ നടക്കുന്ന കാത്തലിക് കോൺഗ്രസ് ഗ്ലോബൽ മീറ്റിന്റെ ഭാഗമായി ലോകത്തിലെ വിവിധ രാജ്യങ്ങളിലൂടെ കടന്നുപോകുന്ന പതാക പ്രയാണത്തിന് കലിഫോർണിയയിൽ സ്വീകരണം നൽകി.
കലിഫോർണിയയിലെ ലിവർമോർ "സെയിന്റ് തെരേസാ ഓഫ് കൽക്കട്ട' ദേവാലയത്തിൽ നടന്ന ചടങ്ങിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ബിഷപ് ലഗേറ്റും താമരശേരി രൂപത ബിഷപ്പുമായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, സീറോമലബാർ കാത്തലിക് കോൺഗ്രസ് (എസ്എംസിസി) ഷിക്കാഗോ രൂപത പ്രസിഡന്റ് ജോർജ് വി ജോർജ്, എസ്എംസിസി ബോർഡ് ചെയർമാൻ സിജിൽ പാലക്കലോടി എന്നിവർക്കു പതാക കൈമാറി.
വികാരി സിജോ തറക്കുന്നേൽ, കൈക്കാരൻ ജിസ്മോൻ, അത്മായ പ്രതിനിധി ടോജോ തോമസ് എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് വിപിൻ മാത്യു, ഫ്രാൻസി വർഗീസ്, അഖിൽ മാർട്ടിൻ ജോസ്, എസ്എംസിസി പ്രതിനിധി ജിബി ജോർജ് എന്നിവർ നേതൃത്വം നൽകി.
കാത്തലിക് കോൺഗ്രസ് ഗ്ലോബൽ മീറ്റിനു ആശംസകളും നേരുന്നതായി ഷിക്കാഗോ രൂപത ബിഷപ് മാർ ജോയ് ആലപ്പാട്ട് അറിയിച്ചു. ഗ്ലോബൽ മീറ്റിനുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നതായി കാത്തലിക് കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോർജുകുട്ടി പുല്ലാപ്പള്ളി, ഗ്ലോബൽ സെക്രട്ടറിയും എസ്എംസിസി ഡയറക്ടർ ബോർഡ് ചെയർമാനുമായ സിജിൽ പാലക്കലോടി എന്നിവർ അറിയിച്ചു.
ഒക്ടോബർ 19 മുതൽ 23 വരെ റോമിൽ നടക്കുന്ന ഗ്ലോബൽ മീറ്റിൽ ഷിക്കാഗോ രൂപതയിൽ നിന്നും ഇരുപതോളും പ്രതിനിധികൾ പങ്കെടുക്കുമെന്ന് എസ്എംസിസി രൂപത ഡയറക്ടർ റവ.ഫാ. ജോർജ് എളമ്പാശേരിൽ, പ്രസിഡന്റ് ജോർജ് വി. ജോർജ്, ജനറൽ സെക്രട്ടറി ഷോളി കുമ്പിളുവേലി, ട്രഷർ ടോമി തോമസ് എന്നിവർ പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളും പ്രതിനിധികൾ ഗ്ലോബൽ മീറ്റിൽ പങ്കെടുക്കും.
NRI
ഒക്ലഹോമ:ഒക്ലഹോമയിൽ 15 വയസുള്ള സഹോദരനെ വെടിവെച്ചുകൊന്ന കേസിൽ 11 വയസ്സുകാരിയായ പെൺകുട്ടിയെ പൊലിസ് അറസ്റ്റ് ചെയ്തു. സഹോദരന് ആരോ വെടിയേറ്റതായി ഫോൺ വിളിച്ച് അമ്മയെ അറിയിച്ച ശേഷമാണ് പെൺകുട്ടി ഈ കൃത്യം ചെയ്തത്.
എഡ്മണ്ടിലെ വീട്ടിൽ വെച്ച് ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ കുട്ടികൾ രണ്ടുപേർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ടാമത്തെ ഡിഗ്രി കൊലപാതകക്കുറ്റമാണ് പെൺകുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിയ പ്രായപൂർത്തിയായവർക്കുള്ള കോടതിയിലല്ല, ജൂവനൈൽ കോടതിയിലായിരിക്കും വിചാരണ ചെയ്യുക. കുട്ടികൾക്ക് തോക്ക് എങ്ങനെ ലഭ്യമായി എന്നതിനെക്കുറിച്ച് പൊലിസ് അന്വേഷണം നടത്തിവരികയാണ്.
International
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ എണ്ണ വ്യാപാരം പ്രതിസന്ധിയിലായിരിക്കുന്നതിനിടെ നിർണായക നീക്കവുമായി ഇറാൻ. ഒമാനുമായി ചേർന്ന് ഹോർമുസിൽ തുറക്കുന്ന പുതിയ പാതയുടെ വിവരങ്ങൾ ഗൾഫ് രാജ്യങ്ങൾക്ക് കൈമാറുമെന്നാണ് പ്രഖ്യാപനം.
ഇന്ന് ഗൾഫ് രാജ്യങ്ങളുമായി ചർച്ച നടക്കാനിരിക്കെയാണ് നിർണായക പ്രഖ്യാപനവുമായി ഇറാൻ രംഗത്തെത്തിയിരിക്കുന്നത്. പുതിയ പാതയുടെ മാപ്പും വിവരങ്ങളും നൽകുമെന്ന് ഇറാൻ ഇതോടകം വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നിൽ ഹോർമുസ് തുറക്കുമോ എന്നതാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. അതേസമയം ബഹ്റൈൻ ഇന്ന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഗൾഫിലെ തീരവും സമുദ്രവും ഇറാനെക്കൂടി ഒപ്പം ചേർത്ത് കൈകാര്യം ചെയ്യണമെന്ന നിർദേശം ഒമാനും മുന്നോട്ടുവച്ചിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ശ്വാസമടക്കിപ്പിടിച്ച ആ 40 മിനിറ്റുകൾക്കൊടുവിൽ അമേരിക്ക ലോകത്തോട് വിളിച്ചുപറഞ്ഞു- ""നീതി നടപ്പിലായിരിക്കുന്നു!’’. ലോകത്തെ ഭീതിയുടെ നിഴലിൽ നിർത്തിയ 9/11 ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഒസാമ ബിൻ ലാദനെ തേടി അർധരാത്രിയിൽ പാക് മണ്ണിലിറങ്ങിയ യുഎസ് കമാൻഡോകൾ, ലോക സൈനിക ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ദൗത്യത്തിലൂടെ വകവരുത്തിയ നിമിഷങ്ങൾ ഇന്നും ഓരോ അമേരിക്കക്കാരനും അഭിമാനത്തോടെ സ്മരിക്കുന്നു.
ഒരു പതിറ്റാണ്ട് നീണ്ട അക്ഷീണമായ തെരച്ചിലിനൊടുവിൽ പാക്കിസ്ഥാനിലെ അബോട്ടാബാദിൽ കനത്ത സുരക്ഷയോടെ കഴിഞ്ഞിരുന്ന രഹസ്യസങ്കേതത്തിൽ 2011 മേയ് രണ്ടിന് അർധരാത്രി ഇരച്ചുകയറിയായിരുന്നു യുഎസ് സൈനിക ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഈ മിന്നലാക്രമണം.അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ നൽകിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു യുഎസ് ചരിത്രത്തിലെ ഏറ്റവും വീറും വാശിയുമേറിയ സൈനികദൗത്യം ആസൂത്രണം ചെയ്തത്.
◄സിഐഎ കുരുക്ക്
ഒസാമ ബിൻ ലാദനും അൽ ക്വയ്ദയുടെ പ്രധാന നേതാക്കളും ഒളിവിൽ കഴിയാൻ തെരഞ്ഞെടുത്തത് കിഴക്കൻ അഫ്ഗാനിസ്ഥാനിൽ, പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നുള്ള അതീവ ദുർഘടമായ തോറ ബോറ മലനിരകളായിരുന്നു. പ്രകൃതിദത്തമായി രൂപപ്പെട്ട നൂറുകണക്കിന് ഗുഹകളും ഇടുങ്ങിയ മലയിടുക്കുകളും നിറഞ്ഞതാണ് ഈ പ്രദേശം. പുറത്തുനിന്നുള്ള വ്യോമാക്രമണങ്ങളെയും ബോംബുകളെയും പ്രതിരോധിക്കാൻ ശേഷിയുള്ള കൂറ്റൻ ഗുഹാശൃംഖലകൾ ബിൻ ലാദൻ ഇവിടെ വികസിപ്പിച്ചിരുന്നു.
2001 ഡിസംബറിൽ യുഎസ് സൈന്യവും സഖ്യകക്ഷികളും അൽ ക്വയ്ദയെ ലക്ഷ്യമിട്ട് തോറ ബോറ മലനിരകളിൽ അതിശക്തമായ വ്യോമാക്രമണവും കരമാർഗമുള്ള തെരച്ചിലും നടത്തി. "ബാറ്റിൽ ഓഫ് തോറ ബോറ’ എന്നറിയപ്പെടുന്ന ഈ പോരാട്ടത്തിൽ നൂറുകണക്കിന് അൽ ക്വയ്ദ ഭീകരർ കൊല്ലപ്പെട്ടെങ്കിലും ബിൻ ലാദൻ അതിർത്തി കടന്ന് പാക്കിസ്ഥാനിലേക്ക് കടന്നുകളയുകയായിരുന്നു.
ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കാതെ പൂർണമായും ഒറ്റപ്പെട്ടു ജീവിച്ചു. എന്നാൽ, ലാദന്റെ സന്ദേശങ്ങൾ കൈമാറിയിരുന്ന അബു അഹമ്മദ് അൽ കുവൈത്തി എന്ന വിശ്വസ്തനായ സഹായിയെ സിഐഎ വർഷങ്ങളോളം പിന്തുടർന്നു. ഈ സഹായിയിലൂടെയാണ് പാക്കിസ്ഥാൻ മിലിട്ടറി അക്കാദമിക്കു തൊട്ടടുത്തുള്ള മൂന്നുനില കോട്ടയെക്കുറിച്ച് അമേരിക്കയ്ക്ക് സൂചന ലഭിക്കുന്നത്.
മുൾവേലികളും വലിയ മതിലുകളും കെട്ടിയുയർത്തിയ ഈ വീട്ടിൽ ഫോണോ ഇന്റർനെറ്റോ ഇല്ലായിരുന്നു. എന്നാൽ, വീടിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ പതിവായി നടക്കാറുള്ള "പൈസർ’എന്ന നിഴൽ ബിൻ ലാദന്റേതാണെന്ന് ഉപഗ്രഹ ചിത്രങ്ങളിലൂടെ സിഐഎ നിരീക്ഷിച്ചുറപ്പിച്ചു.
◄വാക്സിനേഷൻ തന്ത്രം
ബിൻ ലാദന്റെ സാന്നിധ്യം അന്തിമമായി സ്ഥിരീകരിക്കാൻ സിഐഎ പ്രയോഗിച്ച തന്ത്രമായിരുന്നു വ്യാജ പ്രതിരോധ കുത്തിവയ്പ് ദൗത്യം. പാക്കിസ്ഥാനി ഡോക്ടറായ ഷക്കീൽ അഫ്രീദിയെ ഉപയോഗിച്ച്, ഹെപ്പറ്റൈറ്റിസ്-ബി സൗജന്യ വാക്സിനേഷൻ എന്ന വ്യാജേന കെട്ടിടത്തിനുള്ളിൽ കഴിഞ്ഞ ലാദന്റെ മക്കളുടെ ഡിഎൻഎ സാമ്പിളുകൾ രഹസ്യമായി ശേഖരിച്ചു. ഈ വിവരങ്ങളാണ് ലാദൻ അവിടെയുണ്ടെന്ന് അന്തിമമായി ഉറപ്പിക്കാൻ യുഎസിനെ സഹായിച്ചത്.
◄സീൽ ടീം 6 ദൗത്യം
ലാദൻ അബോട്ടാബാദിലെ താവളത്തിലുണ്ടെന്ന് ഉറപ്പായതോടെ വ്യോമാക്രമണത്തിനു പകരം നേരിട്ട് കമാൻഡോകളെ ഇറക്കാൻ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഉത്തരവിട്ടു. അമേരിക്കൻ നാവികസേനയുടെ കമാൻഡോ വിഭാഗമായ "നേവി സീൽസ് ടീം 6’ദൗത്യം ഏറ്റെടുത്തു. താവളത്തിന്റെ മാതൃക അമേരിക്കയിൽ നിർമിച്ച് ആഴ്ചകളോളം പരിശീലനം നേടിയശേഷമായിരുന്നു ദൗത്യത്തിനായി കമാൻഡോസംഘം പുറപ്പെട്ടത്.
പാതിരാത്രിയിൽ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽനിന്ന് പാക് റഡാറുകളുടെ കണ്ണുവെട്ടിച്ച് അത്യാധുനിക സ്റ്റെൽത്ത് ഹെലികോപ്റ്ററുകളിൽ കമാൻഡോകൾ അതിർത്തി കടന്നു. അബോട്ടാബാദിലെ കെട്ടിടത്തിനു മുകളിലെത്തിയ ഒരു ഹെലികോപ്റ്റർ സാങ്കേതിക തകരാർ മൂലം നിലത്തിടിച്ചെങ്കിലും പരിക്കേൽക്കാതെ പുറത്തിറങ്ങിയ സൈനികർ മതിലുകൾ തകർത്ത് അകത്തുകയറി.
ആ 40 മിനിറ്റിനുള്ളിൽ ഓരോ നിലയും സുരക്ഷിതമാക്കി അവർ മുന്നേറി. ഒടുവിൽ മൂന്നാം നിലയിലേക്ക് ഇരച്ചുകയറിയ കമാൻഡോകൾക്കു നേരേ ആക്രമണത്തിന് മുതിർന്ന ബിൻ ലാദനെ തലയ്ക്കും നെഞ്ചിനും വെടിയുതിർത്ത് അവർ വധിക്കുകയായിരുന്നു. കനത്ത വെടിവയ്പിൽ ലാദന്റെ മകനടക്കം ചില കൂട്ടാളികളും കൊല്ലപ്പെട്ടു.
ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും ഡിഎൻഎ പരിശോധനയും വഴി കൊല്ലപ്പെട്ടത് ബിൻ ലാദൻ തന്നെയാണെന്ന് തത്സമയം സ്ഥിരീകരിച്ചു. തുടർന്ന് സ്മാരകമായി മാറാതിരിക്കാൻ, മൃതദേഹം വടക്കൻ അറബിക്കടലിലെ യുഎസ്എസ് കാൾ വിൻസൺ എന്ന യുദ്ധക്കപ്പലിലെത്തിച്ച് ഇസ്ലാമിക ആചാരപ്രകാരം രഹസ്യമായി കടലിൽ അടക്കം ചെയ്തു.
"നീതി നടപ്പിലായിരിക്കുന്നു' എന്ന ബറാക് ഒബാമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ന്യൂയോർക്കിലും വാഷിംഗ്ടണിലും ആയിരക്കണക്കിന് ജനങ്ങളാണ് വിജയാഘോഷത്തിനായി തെരുവിലിറങ്ങിയത്.
International
സനാ: ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ തന്ത്രപ്രധാന മോച്ച തുറമുഖം പിടിച്ചെടുത്തു. ചെങ്കടൽവഴിയുള്ള എണ്ണയൊഴുക്ക് കൂടുതൽ തടസപ്പെടുത്തുന്ന സംഭവവികാസമാണിത്.
ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ ബാബ് അൽ മൺഡെപ് കടലിടുക്കിനു സമീപമാണ് മോച്ച. യെമനിലെ ഔദ്യോഗിക ഭരണകൂടത്തിന്റെ സേനയെ തുരത്തിയ ഹൂതികൾ മോച്ചയുടെ നിയന്ത്രണം ഏറ്റെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. മോച്ച കാപ്പിയുടെ ജന്മദേശമായി പരിഗണിക്കുന്നത് ഈ തുറമുഖ നഗരത്തെയാണ്.
ചെങ്കടലിലെ തന്ത്രപ്രധാന ഹാനിഷ് ദ്വീപുകളും ഹൂതികളുടെ നിയന്ത്രണത്തിലായതായി റിപ്പോർട്ടുണ്ട്.
ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ സൗദി എണ്ണ കയറ്റുമതി ചെയ്യുന്നത് ചെങ്കടൽവഴിയാണ്. ഹൂതികൾ ചെങ്കടൽ നിയന്ത്രിക്കുന്നത് യുദ്ധത്തിൽ ഇറാന്റെ മേൽക്കൈ വർധിപ്പിക്കും.
പുതിയ സംഭവവികാസങ്ങൾ അന്താരാഷ്ട്രവിപണിയിൽ എണ്ണവില ഉയർത്തി. ബ്രെന്റ് ഇനം ക്രൂഡ് വില വീപ്പയ്ക്ക് നൂറു ഡോളറിനു മുകളിലായി.
അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണം നേരിട്ട ഇറാനു പിന്തുണയുമായി മാർച്ച് 28നാണ് ഹൂതികൾ യുദ്ധത്തിന്റെ ഭാഗമാകുന്നത്. ജൂലൈയിൽ സൗദിക്കെതിരേ നാവിക ഉപരോധം പ്രഖ്യാപിച്ച ഹൂതികൾ യുദ്ധത്തിൽ കൂടുതൽ സജീവമായി.
സൗദിക്കെതിരേ ഹൂതികൾ ആക്രമണം നടത്തുന്നുണ്ട്. ഇതിൽ പാക്കിസ്ഥാൻ കഴിഞ്ഞദിവസം മുന്നറിയിപ്പു നല്കിയിരുന്നു. പാക്കിസ്ഥാനും തുർക്കിയും സൗദിയുമായി അടുത്തകാലത്ത് ‘മൈക്ക സൈനിക സഖ്യം’ ഉണ്ടാക്കിയിരുന്നു. ഹൂതികളെ ഇറാൻ അടക്കി നിർത്തണമെന്നാണ് പാക്കിസ്ഥാൻ ആവശ്യപ്പെട്ടത്.
International
അമ്മാൻ: ഇറാനിലെ വിപ്ലവഗാർഡ് ജോർദാനിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒട്ടേറെ അമേരിക്കൻ വിമാനങ്ങൽക്കു കേടുപാടുണ്ടായതായി റിപ്പോർട്ട്.
ജോർദാനിലെ മുവാഫക് സാൾട്ടി വ്യോമതാവളത്തിലുണ്ടായിരുന്ന അമേരിക്കൻ വ്യോമസേനയുടെ എ-10 തണ്ടർബോൾട്ട് വിമാനത്തിന്റെ ചിറകൊടിഞ്ഞു. എഫ്-15 യുദ്ധവിമാനങ്ങളിൽ എട്ടെണ്ണത്തിനു ചെറിയരീതിയിൽ നാശമുണ്ടായി. എല്ലാ വിമാനങ്ങളും സർവീസിനു കയറ്റിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞദിവസം അമേരിക്ക ഇറാന്റെ അഞ്ച് എണ്ണടാങ്കർ കപ്പലുകൾ മുക്കിയതിനു മറുപടിയായിട്ടായിരുന്നു ജോർദാനിലെ ആക്രമണം. അതേസമയം, ഇറാൻ തൊടുത്ത 20 ബാലിസ്റ്റിക് മിസൈലുകളിൽ 18 എണ്ണം വെടിവച്ചിട്ടെണ്ണം ശേഷിക്കുന്നവ ആളില്ലാ സ്ഥലങ്ങളിൽ പതിച്ചെന്നുമാണ് ജോർദാൻ നേരത്തേ അറിയിച്ചിരുന്നത്.
വിമാനങ്ങൾക്കു കേടുപാടുണ്ടായ വിവരം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ മിഡ്ടേം തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ മൂന്നു വരെ ഇറാൻ യുദ്ധം അവസാനിക്കില്ലെന്ന് പ്രസിഡന്റ ്ട്രംപ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കുമെന്നാണ് അദ്ദേഹം അമേരിക്കൻ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ കൺവൻഷനിൽ പറഞ്ഞത്.
അമേരിക്കൻ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇറാൻ കിണഞ്ഞു പരിശ്രമിക്കുന്നതായി ട്രംപ് അവകാശപ്പെട്ടു. “തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കുമെന്നാണ് എനിക്കു തോന്നുന്നത്. അതിൽക്കൂടുതൽ പിടിച്ചുനിൽക്കാൻ ഇറാനു കഴിയില്ല”- ട്രംപ് പറഞ്ഞു.
ഇറാൻ യുദ്ധം ദീർഘകാലം നീണ്ടേക്കാമെന്ന സൂചനയ്ക്കിടെയാണ് ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്. ട്രംപിന്റെ ഭരണകാലത്ത് യുദ്ധം അവസാനിച്ചേക്കില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ട്രംപിനു നേരിട്ടു മുന്നറിയിപ്പു നല്കിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇറാന്റെ ആണവപദ്ധതികൾ സ്ഥിതിചെയ്യുന്ന പിക്ആക്സ് മലയിൽ ബോംബിടുമെന്ന ഭീഷണിയും ട്രംപ് പാർട്ടി കൺവെൻഷനിൽ മുഴക്കി. നേരത്തേയുള്ള യുഎസ്-ഇസ്രേലി ആക്രമണത്തിൽ തകർന്ന നതാൻസ് ആണവനിലയത്തിനു സമീപമാണ് പിക്ആക്സ്.
ഇറാൻ യുദ്ധത്തിൽ അമേരിക്കൻ ജനതയ്ക്കുള്ള അതൃപ്തി മിഡ്ടേം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് സൂചന. കോൺഗ്രസിന്റെ രണ്ടു സഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായേക്കും. ട്രംപിന്റെ ജനപ്രീതിയും കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.
International
വാഷിംഗ്ടൺ ഡിസി: നവംബറിലെ മിഡ്ടേം തെരഞ്ഞെടുപ്പിൽ ഭരണപക്ഷ റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിലെ ഇരു സഭകളിലും ഭൂരിപക്ഷം നേടിയാൽ പ്രായപൂർത്തിയായ ഓരോ അമേരിക്കക്കാരനും 5,000 ഡോളർവച്ചു നല്കുമെന്ന് പ്രസിഡന്റ് ട്രംപ്. ട്രംപിന്റെ ഇറേനിയൻ യുദ്ധം മൂലം റിപ്പബ്ലിക്കൻ പാർട്ടിക്ക് ജനപ്രതിനിധിസഭയിലും സെനറ്റിലും ഭൂരിപക്ഷം നഷ്ടമായേക്കുമെന്ന സൂചനയ്ക്കിടെയാണ് ഈ വാഗ്ദാനം.
പാർട്ടി കൺവെൻഷനിലാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഇതിനുള്ള പണം എങ്ങനെ കണ്ടെത്തും എന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചില്ല.
അമേരിക്കയിൽ പ്രായപൂർത്തിയായ 27 കോടി പേരുണ്ട്. ഇത്രയും പേർക്ക് അയ്യായിരം വച്ചു നല്കാൻ 1.3 ലക്ഷം കോടി ഡോളർ വേണ്ടിവരും.
തെരഞ്ഞെടുപ്പ് ജയിക്കാൻ അമേരിക്കൻ പ്രസിഡന്റ് വോട്ടർമാർക്ക് പണം വാഗ്ദാനം ചെയ്യുന്ന ആദ്യ സംഭവമായിരിക്കുമിത്. ഇതിന്റെ നിയമസാധുതയെക്കുറിച്ചും പ്രായോഗികതയെക്കുറിച്ചുമെല്ലാം ചോദ്യങ്ങൾ ഉയർന്നുകഴിഞ്ഞു. ട്രംപിന്റേത് ശൂന്യമായ വാഗ്ദാനമാണെന്ന് പ്രതിപക്ഷ ഡെമോക്രാറ്റുകൾ പ്രതികരിച്ചു.
ട്രംപ് ലോകരാജ്യങ്ങൾക്ക് ഇറക്കുമതി ചുങ്കം ചുമത്തി പിരിച്ചെടുത്തതിൽനിന്ന് ഇതിനാവശ്യമായ തുക കണ്ടെത്താനാകുമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സൂചിപ്പിച്ചു. അടിസ്ഥാനപരമായി അമേരിക്കൻ തൊഴിലാളികൾക്ക് ട്രംപ് നല്കുന്ന ഡിവിഡന്റ് ആണിതെന്നും വാൻസ് വിശദീകരിക്കാൻ ശ്രമിച്ചു.
ഇറാൻ യുദ്ധം മൂലം ഇന്ധനത്തിന്റെയും അവശ്യവസ്തുക്കളുടെയും വില ഉയരുന്നത് അമേരിക്കൻ ജനതയെ അസ്വസ്ഥരാക്കുന്നുണ്ട്. ട്രംപിന്റെ ജനപ്രീതിയിൽ വലിയ ഇടിവുണ്ടെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. യുദ്ധം അവസാനിപ്പിക്കാനായി റിപ്പബ്ലിക്കൻ നേതാക്കൾ ട്രംപിനുമേൽ സമ്മർദം ചെലുത്തുന്നുണ്ട്.
International
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ വീണ്ടും കുതിച്ചുയർന്ന് എണ്ണവില. അസംസ്കൃത എണ്ണവില വീണ്ടും ബാരലിന് നൂറ് ഡോളറിലെത്തി. ജൂലൈ മാസത്തിന് ശേഷം ആദ്യമായാണ് ആഗോള എണ്ണവില നൂറ് ഡോളറിലേക്കെത്തുന്നത്.
ഹോർമുസ് പ്രതിസന്ധിയുൾപ്പെടെ എണ്ണ വിതരണത്തിലുണ്ടാകുന്ന പ്രതിസന്ധികളാണ് വില വർധനവിന് കാരണം. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബുധനാഴ്ച തുടക്കത്തിൽ 2.3 ശതമാനം വർധിച്ച് ബാരലിന് 100 ഡോളറിലെത്തി.
യുഎസ് ക്രൂഡ് ഓയിൽ വില 1.3 ശതമാനം വർധിച്ച് ബാരലിന് 94 ഡോളറിലെത്തി. ഇറേനിയൻ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ അമേരിക്കൻ ആക്രമണവും സൗദി അറേബ്യയ്ക്ക് നേരെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണങ്ങളുമാണ് എണ്ണവില വീണ്ടും കുതിച്ചുയരാൻ ഇടയാക്കിയത്.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതാണ് സെപ്റ്റംബറിൽ വീണ്ടും എണ്ണവില കുതിച്ചുയരാൻ കാരണമായതെന്നാണ് വിലയിരുത്തലുകൾ. 2026ൽ ഇതുവരെ ബ്രെന്റ്, യുഎസ് ക്രൂഡ് ഓയിൽ വില 60 ശതമാനത്തിലേറെയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ പെട്രോൾ, ഡീസൽ വിലയും കുതിക്കുകയാണ്.
International
സിംഗപ്പുർ: എണ്ണവില വീണ്ടും നൂറു ഡോളർ പരിധി ഭേദിച്ചു. ഇറാൻ-യുഎസ് സംഘർഷം കനത്തതും ഇറാന്റെ പിന്തുയുള്ള യെമനിലെ ഹൂതികൾ സൗദിയിലെ എണ്ണയുത്പാദന കേന്ദ്രങ്ങൾ ആക്രമിച്ചതുമാണ് കരാണം.
അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ഇനം ക്രൂഡ് വീപ്പയുടെ വില ബുധനാഴ്ച രണ്ടു ഡോളറിന ു മുകളിൽ ഉയർന്ന് 100.19 ഡോളർ വരെയെത്തി. പിന്നീട് 99.9 ഡോളറിന് അടുത്തേക്കു താണു. വെസ്റ്റ് ടെക്സസ് ഇനം ക്രൂഡ് വില ഒന്നര ഡോളറിനടുത്തുയർന്ന് 94.52 ഡോളറിലുമെത്തി.
ജൂലൈ 24നു ശേഷം ആദ്യമായിട്ടാണ് ബ്രെന്റ് വില നൂറു ഡോളറിനു മുകളിലെത്തുന്നത്.
അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ച് യുദ്ധം തുടങ്ങിയ ഫെബ്രുവരി 28നാണ് എണ്ണവില ഉയരാൻ തുടങ്ങിയത്. അതിനു മുന്പ് വീപ്പയ്ക്ക് 70 ഡോളറിനടുത്തായിരുന്നു വില. ഏപ്രിൽ അവസാനം വില 126.4 ഡോളറിലെത്തിയെങ്കിലും തുടർന്ന് താഴാൻ തുടങ്ങി. യുഎസ്-ഇറാൻ വെടിനിർത്തൽ സാധ്യത വിദൂരമായതോടെ കഴിഞ്ഞ മാസം മുതൽ വില വീണ്ടും ഉയരാൻ തുടങ്ങുകയായിരുന്നു.
യുഎസും ഇറാനും അടുത്തിടെ എണ്ണ ടാങ്കറുകളെ ലക്ഷ്യമിടുന്നതും വില വർധനയ്ക്കുള്ള കാരണമാണ്. ചൊവ്വാഴ്ച രാത്രി ഇറാന്റെ അഞ്ച് ടാങ്കറുകൾ മുക്കിയെന്നാണ് അമേരിക്ക അറിയിച്ചത്. പകരമായി എട്ടു ടാങ്കറുകളെ ആക്രമിച്ചെന്ന് ഇറാനും അറിയിച്ചു.
യെമനിലെ ഹൂതികൾ ഇറാനുവേണ്ടി യുദ്ധത്തിൽ ചേരുന്നത് എണ്ണയൊഴുക്കു തടസപ്പെടാനും വില കൂടുതൽ വർധിക്കാനും ഇടയാക്കും. ചെങ്കടലിലെ ബാബ് അൽ മൻഡപ് കടലിടുക്കിൽ ഹൂതികൾക്കുള്ള മേൽക്കയ്യാണ് കാരണം. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ സൗദി എണ്ണ കയറ്റുമതി ചെയ്യുന്നത് ചെങ്കടൽവഴിയാണ്.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകളുടെ ശവപ്പറന്പാകുന്നു. അമേരിക്കയും ഇറാനും ശത്രുത തീർക്കാനായി ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കുന്ന സംഭവങ്ങൾ തുടരുകയാണ്.
ഇറാന്റെ അഞ്ച് എണ്ണടാങ്കറുകൾ മുക്കിയതായി അമേരിക്കൻ സേന അറിയിച്ചു. ഇതിനു മറുപടിയായി രണ്ട് യുഎസ് യുദ്ധക്കപ്പലുകൾ അടക്കം പത്തു കപ്പലുകളെ ആക്രമിച്ചതായി ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചു. അമേരിക്കയുടെ ഒരു ജലഡ്രോൺ പിടിച്ചെടുത്തുവെന്നും ഇറാൻ അവകാശപ്പെട്ടു.
ചൊവ്വാഴ്ച രാത്ര ഇറാന്റെ അഞ്ച് ടാങ്കർ കപ്പലുകൾ തകർത്തെന്നാണ് അമേരിക്കൻ സേന അറിയിച്ചത്. തീപിടിച്ചു മുങ്ങുന്ന കപ്പലുകളുടെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഇറാനിലെ വിപ്ലവഗാർഡുകൾ കഴിഞ്ഞദിവസങ്ങളിൽ അമേരിക്കയുടെ യുദ്ധക്കപ്പലുകൾക്കു നേർക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതിനുള്ള മറുപടിയായിരുന്നു ഇതെന്നും അറിയിപ്പിൽ പറയുന്നു.
ഇതിനു പകരമായി എട്ട് എണ്ണ ടാങ്കർ കപ്പലുകളെയും രണ്ട് യുഎസ് നാവികസേനാ കപ്പലുകളെയും ആക്രമിച്ചെന്നാണ് വിപ്ലവഗാർഡിന്റെ അറിയിപ്പ്.
ഗൾഫ് മേഖലയിൽ ഒട്ടേറെ വാണിജ്യ കപ്പലുകൾ ആക്രമിക്കപ്പെട്ടതിന്റ റിപ്പോർട്ടുകൾ ലഭിച്ചതായി സമുദ്ര നിരീക്ഷണ സംഘടനകൾ സ്ഥിരീകരിച്ചു.
ബഹ്റിൻ, കുവൈത്ത് രാജ്യങ്ങളിലെ തുറമുഖങ്ങളിലുള്ള എണ്ണ ടാങ്കറുകളെ ആക്രമിക്കുമെന്ന ഭീഷണിയും ഇറാൻ മുഴക്കിയിട്ടുണ്ട്.
ഇതിനോടൊപ്പം തന്നെ ജോർദാനിലെ അമേരിക്കൻ സൈനിക താവളങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണവുമുണ്ടായി. ജോർദാനിൽ കനത്ത നാശമുണ്ടായി എന്നാണ് ഇറാൻ അവകാശപ്പെട്ടത്. എന്നാൽ ഇറാൻ തൊടുത്ത 20 മിസൈലുകളിൽ 18നെ വെടിവച്ചുവീഴ്ത്തിയതായി ജോർദാൻ അറിയിച്ചു. രണ്ടെണ്ണം ആളില്ലാ പ്രദേശങ്ങളിൽ പതിച്ചതിനാൽ അപകടങ്ങളുണ്ടായില്ല.
പശ്ചിമേഷ്യാ സംഘർഷം കനത്തതോടെ എണ്ണവില നൂറു ഡോളർ പരിധി വീണ്ടും ഭേദിച്ചു.
International
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഹോർമുസിൽ ഒമാനുമായി ചേർന്നുള്ള പാത ഉടനെ പ്രഖ്യാപിക്കുമെന്ന് അവകാശപ്പെട്ട് ഇറാൻ വീണ്ടും രംഗത്ത്. ഒമാനുമായി ചേർന്നുള്ള പാതയിലൂടെ കൂടുതൽ ആധിപത്യം ഉറപ്പാക്കാനാണ് ഇറാന്റെ നീക്കം.
യുഎസ് നിലപാടിന് കാത്തുനിൽക്കാതെ ഹോർമുസ് ഭാഗികമായി തുറക്കാനുള്ള നീക്കത്തിലാണ് ഇറാൻ. ഒമാനുമായി ചേർന്നുള്ള കരാർ പ്രകാരമുള്ള പാത ഉടനെ തുറക്കുമെന്ന് ഇറാന്റെ പരമാധികാര ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയാണ് പ്രഖ്യാപിച്ചത്.
ഹോർമുസ് ഭാഗികമായി തുറക്കുന്നതിലൂടെ സമുദ്ര മേഖലയിലും തങ്ങളുടെ നിയന്ത്രണം കൊണ്ടുവരാനുള്ള ഇറാന്റെ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. ഉപാധികൾ അമേരിക്ക അംഗീകരിച്ചാൽ മാത്രമേ ഹോർമുസ് പൂർണമായി തുറക്കൂ.
അതേസമയം ഹോർമുസ് കടലിടുക്കിന് പകരമായി സിറിയ മുന്നോട്ടുവച്ച ബദൽമാർഗം അമേരിക്ക സ്വാഗതം ചെയ്തിരുന്നു. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് സിറിയ പുതിയ ഗതാഗത മാർഗം മുന്നോട്ടുവച്ചത്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ സാന്പത്തിക ഉപരോധം ഇറാനെ വരിഞ്ഞുമുറുക്കുന്നു. ആറു മാസം അമേരിക്കൻ ആക്രമണം ചെറുത്ത ഇറാൻ ഓഗസ്റ്റിൽ ട്രംപ് ഭരണകൂടം കൊണ്ടുവന്ന ഇപരോധങ്ങളെ നേരിടൻ വിഷമിക്കുന്നുവെന്നാണ് റിപ്പോർട്ട്.
അമേരിക്കയുടെയും പാശ്ചാത്യശക്തികളുടെയും സാന്പത്തിക ഉപരോധങ്ങൾ വർഷങ്ങളായി നേരിട്ടു പരിചയമുള്ള രാജ്യമാണ് ഇറാൻ. എന്നാൽ ഓഗസ്റ്റിലെ അമേരിക്കൻ ഉപരോധങ്ങൾ പ്രതീക്ഷിക്കാവുന്നതിലും അപ്പുറമായിരുന്നു.
‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്' എന്ന പേരിൽ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച ഉപരോധങ്ങൾ യുഎസ് ഡോളറിനെ കേന്ദ്രീകരിച്ചുള്ള ആഗോള വിപണിയിൽ ഇറാനെ പൂർണമായും ഒറ്റപ്പെടുത്താൻ ലക്ഷ്യമിടുന്നവയാണ്.
ഇറാന്റെ എണ്ണവില്പന, ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുന്ന ബാങ്കിംഗ് ശൃംഖലകൾ എന്നിവയെയാണ് ട്രംപ് ഭരണകൂടം പ്രധാനമായും ലക്ഷ്യമിട്ടത്. ക്രിപ്റ്റോ കറൻസി പോലുള്ള ഡിജിറ്റൽ ആസ്തികൾ, സാങ്കേതികവിദ്യ, സ്വർണം, വ്യോമയാനം, ഷിപ്പിംഗ് തുടങ്ങിയ മേഖലകളിലേക്ക് ഉപരോധം വ്യാപിപ്പിക്കുകയും ചെയ്തത് ഇറാെ ശ്വാസംമുട്ടിക്കുന്നതായി. അമേരിക്കൻ നടപടിയോട് യൂറോപ്യൻ യൂണിയനും സഹകരിക്കുന്നുണ്ട്.
അമേരിക്കയുടെ നാവിക ഉപരോധത്തിനു പുറമേ എണ്ണവിൽപ്പന പൂർണമായും തടയുന്ന ഉപരോധങ്ങളിലൂടെ ഇറാന് വിദേശ കറൻസി ഒട്ടും തന്നെ ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
ഹോർമുസ് കടലിടുക്കു വച്ച് നടത്തുന്ന വിലപേശൽ ഫലിക്കാത്തതും ഇറാനു തിരിച്ചടിയാണ്. ഹോർമുസ് അടച്ചതോടെ ഗൾഫിൽനിന്നുള്ള എണ്ണയൊടുക്ക് നിലയ്ക്കുമെന്നും ആഗോളതലത്തിൽ ഊർജപ്രതിസന്ധിയുണ്ടാകുമെന്നും ചർച്ച നടത്താൻ അമേരിക്ക ഇങ്ങോട്ടു യാചിക്കേണ്ടിവരുമെന്നുമാണ് ഇറാൻ കണക്കുകൂട്ടിയത്.
യുദ്ധത്തിന്റെ ഇറാന്റെ തുറുപ്പുചീട്ടായിരുന്നു ഈ ഹോർമുസ് തന്ത്രം. എന്നാൽ ഇറാൻ പ്രതീക്ഷിച്ചതുപോലുള്ള ഊർജ പ്രതിസന്ധി ആഗോളവിപണിയിൽ ഉണ്ടായില്ല.
സാന്പത്തിക പ്രതിസന്ധി, കറൻസി മൂല്യം കൂപ്പുകുത്തുന്നത്, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങൾ രാജ്യത്ത് വീണ്ടും പ്രതിഷേധ പ്രകടനങ്ങൾക്കിടയാക്കുമെന്ന ഭയം ഇറേനിയൻ നേതൃതത്തിനുണ്ടെന്നാണ് റിപ്പോർട്ടുൾ. ഇന്ധനം, ഗോതന്പ് തുടങ്ങിയ വസ്തുക്കളുടെ ഇറക്കുമതി നിലച്ചത് നേതൃത്വത്തെ വല്ലാതെ ആശങ്കയിലാഴ്ത്തുന്നു.
ഇറാനിൽ വീണ്ടും ജനകീയ പ്രതിഷേധം അലയടിക്കുമെന്നും പുരോഹിത നേതൃത്വത്തിന്റെെ പിടി അയയുമെന്നും ഭരണകൂടം തകരുമെന്നുമുള്ള പ്രതീക്ഷയാണ് അമേരിക്കയ്ക്കുള്ളത്. അതേസമയം, തിരിച്ചടികളുണ്ടാകുന്ന ഓരോ ഘട്ടത്തിലും അപ്രതീക്ഷിത അതജീവനതന്ത്രം പുറത്തെടുക്കുന്ന ഇറേനിയൻ നേതൃത്വം ഇക്കുറിയും വിട്ടുകൊടുക്കാൻ സാധ്യതയില്ല.
International
ടെഹ്റാൻ: ഇറാനും അമേരിക്കയും പരസ്പരം കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ശനിയാഴ്ച ഇറാനു സമീപമായിരുന്നു ആക്രമണങ്ങളെല്ലാം.
ഇറാന്റെ മൂന്ന് എണ്ണ ടാങ്കർ കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക അറിയിച്ചു. ഇതിനു പകരമായി മൂന്നു ടാങ്കറുകളും അമേരിക്കയുടെ യുദ്ധക്കപ്പലുകളും ആക്രമിച്ചതായി ഇറാൻ അറിയിച്ചു.
ഇറാനിലെ വിപ്ലവഗാർഡുകൾ രണ്ട് യുദ്ധക്കപ്പലുകൾക്ക് നേർക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതിനെത്തുടർന്നായിരുന്നു അമേരിക്കയുടെ ആക്രമണം. ഇറാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനു സമീപം നങ്കൂരമിട്ടിരുന്ന ടാങ്കർ അടക്കമാണ് അമേരിക്ക ആക്രമിച്ചത്.
ഞങ്ങളുടെ രണ്ട് യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ടാൽ നിങ്ങളുടെ മൂന്ന് കപ്പലുകൾ തകർക്കുമെന്ന് ഇറാൻ മനസിലാക്കണമെന്ന് അമേരിക്കയുടെ സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു.
ഇതിനു പിന്നാലെയാണ് ഹോർമുസ് കടലിടുക്കിലൂടെ അനുമതിയില്ലാതെ സഞ്ചരിച്ച മൂന്നു ടാങ്കറുകളെ ആക്രമിച്ചതായി ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചത്. മറ്റു സ്ഥലങ്ങളിലായി അമേരിക്കയുടെ മൂന്ന് യുദ്ധക്കപ്പലുകളെയും ആക്രമിച്ചതായി വിപ്ലവഗാർഡ് അവകാശപ്പെട്ടു.
International
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിലെ പ്രധാന സഖ്യകക്ഷിയായ സൗദി അറേബ്യയ്ക്ക് അഞ്ഞൂറു കോടി ഡോളറിന്റെ ആയുധങ്ങൾ നല്കാൻ അമേരിക്ക തീരുമാനിച്ചു. ബോംബുകൾ, ഗൈഡൻസ് കിറ്റുകൾ മുതലയാവയാണ് നല്കുക.
ഗൾഫ് യുദ്ധത്തിൽ ഇറേനിയൻ സേന സൗദിയിൽ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികളും സൗദിയിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്തിരുന്നു.
സൗദിയുടെ വ്യോമപ്രതിരോധം ശക്തിപ്പെടുത്താനും ഭീഷണികൾ മറികടക്കാനും തീരുമാനം സഹായിക്കുമെന്ന് അമേരിക്കൻ വൃത്തങ്ങൾ പറഞ്ഞു.
International
ടെഹ്റാൻ: ഇറാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനു സമീപം നങ്കൂരമിട്ടിരുന്ന എണ്ണ ടാങ്കറിനു നേർക്ക് അമേരിക്കൻ ആക്രമണം. നാലു മിസൈലുകൾ കപ്പലിൽ പതിച്ചതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രണവാർത്ത സ്ഥിരീകരിക്കാൻ അമേരിക്ക തയാറായിട്ടില്ല. ഇറാന്റെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായിട്ടില്ല.
ആക്രമണത്തിൽ ആളപായമോ പരിക്കോ ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ ഒഴിപ്പിച്ചുമാറ്റി.
ഫെബ്രുവരിയിൽ യുദ്ധം ആരംഭിക്കുന്നതിനു മുന്പ് ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും ഖാർഗ് ദ്വീപിലൂടെ ആയിരുന്നു. ഏപ്രിലിൽ അമേരിക്ക ഇറാന് നാവിക ഉപരോധം ഏർപ്പെടുത്തിയതോടെ ഖാർഗ് വഴിയുള്ള എണ്ണക്കയറ്റുമതി ഗണ്യമായി കുറഞ്ഞു.
ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഓഗസ്റ്റ് അവസാനം ഖാർഗ് ദ്വീപിനെ അമേരിക്കൻ സേന ആക്രമിക്കുന്നതിന്റെ വീഡിയോ നിർമിത ബുദ്ധിയിൽ തയാറാക്കി പുറത്തുവിടുകയുണ്ടായി.
ഖാർഗിനു നേർക്കുള്ള ഏത് ആക്രമണവും, യുദ്ധവും ഉപരോധവും മൂലം സാന്പത്തികമായി തകർന്നടിഞ്ഞ ഇറാന് വലിയ ആഘാതമായിരിക്കും.
ഖാർഗ് ദ്വീപിനെ ആക്രമിച്ചാൽ കനത്ത തിരിച്ചടി നല്കുമെന്ന് ഇറാൻ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഇറാനിലെ വിവാഹ ആഘോഷത്തിനു നേർക്കുണ്ടായ ആക്രമണത്തെക്കുറിച്ച് അമേരിക്ക അന്വേഷണം നടത്തുന്നതായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. അമേരിക്കൻ ആയുധമാണ് ഇവിടെ പതിച്ചതെന്ന അനുമാനങ്ങൾക്കിടെയാണ് വാൻസ് ഇക്കാര്യം അറിയിച്ചത്.
ചൊവ്വാഴ്ച രാത്രി അമേരിക്കൻ സേന ഇറാനിൽ നടത്തിയ ആക്രമണത്തിനിടെ ഹോർമുസ് കടലിടുക്കിനു സമീപം സിറിക് പട്ടണത്തിലെ കുഷെസ്താക് ഗ്രാമത്തിൽ വിവാഹ ആഘോഷം നടക്കുന്ന വീട്ടിൽ മിസൈലോ, ബോംബോ പതിച്ച് അഞ്ചു പേർ കൊല്ലപ്പെടുകയും 70 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അമേരിക്കൻ സേന തയാറായിട്ടില്ല. പക്ഷേ, സംഭവത്തിന്റെ ഫോട്ടോ-വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച വിദഗ്ധർ, അമേരിക്കൻ ആയുധം നേരിട്ടു പതിച്ചതിനുള്ള സാധ്യതയാണ് മുന്നോട്ടുവച്ചിരിക്കുന്നത്.
ഇറേനിയൻ വ്യോമപ്രതിരോധ സംവിധാനത്തിലെ മിസൈൽ വഴിതെറ്റി വീണതോ, വെടിവച്ചിട്ട മിസൈലിന്റെ ആവശിഷ്ടങ്ങൾ പതിച്ചതോ ആകാം എന്ന സാധ്യതകൾ വിദഗ്ധർ തള്ളിക്കളഞ്ഞു.
അമേരിക്കൻ സേനയുടെ ഭാഗത്തു തെറ്റുണ്ടായാൽ അതിൽനിന്നു പഠിച്ച് തിരുത്തുമെന്ന് വാൻസ് പറഞ്ഞു. ഇറാനും അമേരിക്കയും തമ്മിലുള്ള വലിയ വ്യത്യാസം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: ഇറാൻകാർക്ക് ഇപ്പോൾ ബാത്ത്റൂമിൽ പോലും പോകാൻ പറ്റാത്ത അവസ്ഥയാണെന്ന് യുഎസ് പ്രസിഡന്റ ്ട്രംപ്. ഇറാനിലെ മുഴുവൻ കാര്യങ്ങളും അമേരിക്കൻ നിരീക്ഷണത്തിലാണെന്ന് അവകാശപ്പെടുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ചൊവ്വാഴ്ച രാത്രിയിലെ അമേരിക്കൻ ആക്രമണത്തിൽ ഇറാനു കനത്ത അടിയാണ് ഏറ്റതെന്ന് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഇപ്പോൾ അമേരിക്കയുടെ നിയന്ത്രണത്തിലാണ്.
ദശലക്ഷക്കണക്കിന് വീപ്പ എണ്ണ കയറ്റിയ കപ്പലുകളാണ് അമേരിക്ക ഓരോ ദിവസവും ഹോർമുസിലൂടെ പുറത്തെത്തിക്കുന്നത്. ഭൂരിഭാഗം സമയത്തും കാര്യമായ കുഴപ്പം ഉണ്ടാകാറില്ല. വല്ലപ്പോഴുമൊരിക്കൽ ഇറാനൊരു ഡ്രോൺ ആക്രമണം നടത്തും. പക്ഷേ, കടലിടുക്കിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്ക്കാണ്.
റഡാർ സംവിധാനങ്ങളും മിസൈലുകളും പുനർനിർമിക്കാനുള്ള ശ്രമത്തിലായിരന്നു ഇറാൻ. കടലിൽ മൈനുകൾ വിതറുന്ന റോക്കറ്റ് വികസിപ്പിക്കാനും ശ്രമിച്ചിരുന്നു. ഞാൻ ആദ്യമായിട്ടാണ് ഇത്തരമൊരു കാര്യം കേൾക്കുന്നത്. ഇങ്ങനയൊക്കെ ആരാണു ചെയ്യുക.
പക്ഷേ, ഇതൊക്കെ അമേരിക്ക കാണുന്നുണ്ടായിരുന്നു. ഇറാൻകാർ ചെയ്യുന്നതെല്ലാം അമേരിക്ക നിരീക്ഷിക്കുന്നുണ്ട്. അവർക്ക് അനങ്ങാൻ പോലും പറ്റില്ല. അമേരിക്കക്കാർ കാണാതെ ബാത്ത്റൂമിൽ പോലും പോകാൻ ഇറാൻകാർക്കു പറ്റില്ല. ഇറാന്റെ ആയുധ വികസനപദ്ധതികളെല്ലാം അമേരിക്ക ആക്രമിച്ചു നശിപ്പിച്ചുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച രാത്രിയിലെ അമേരിക്കൻ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും 108 പേർക്കു പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഇറാൻ അറിയിച്ചത്. വിവാഹ ആഘോഷത്തിനു നേർക്കും ആക്രമണമുണ്ടായി.
യുഎസ് ആക്രമണത്തിനു മറുപടിയായി കുവൈറ്റ്, ജോർഡൻ, യുഎഇ, ബഹ്റിൻ, ഇറാക്ക് എന്നീ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കു നേർക്ക് ഇറാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ എച്ച്-4 വീസക്കാരുടെ തൊഴിലെടുക്കാനുള്ള അവകാശം റദ്ദക്കാനുള്ള നീക്കത്തിൽ ട്രംപ് ഭരണകൂടം. എച്ച്-1 ബി പോലുള്ള പ്രധാന വർക്ക് വീസകൾ ലഭിക്കുന്നവരുടെ ആശ്രിതരായ പങ്കാളികൾക്കും 21 വയസിനു താഴെയുള്ള അവിവാഹിതരായ മക്കൾക്കും ലഭിക്കുന്ന വീസയാണ് എച്ച്-4.
എച്ച്-1 ബി വീസക്കാരുടെ പങ്കാളികളായ എച്ച്-4 വീസക്കാർക്ക് തൊഴിലെടുക്കാൻ നല്കുന്ന അനുമതി റദ്ദാക്കാനാണ് നീക്കം. എച്ച്-ബി വീസക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. അതിനാൽ പ്രസിഡന്റ് ട്രംപിന്റെ ഈ കുടിയേറ്റവിരുദ്ധ നടപടിയും ബാധിക്കുക ഇന്ത്യക്കാരെയായിരിക്കും.
2014 മുതൽ 2017 വരെയുള്ള കണക്കെടുത്താൽ എച്ച് -4 വീസക്കാരിൽ തൊഴിലെടുക്കാൻ അനുമതി ലഭിച്ചതിൽ 93 ശതമാനവും ഇന്ത്യക്കാരാണെന്നു കാണാം. ഇതിൽത്തന്നെ 94 ശതമാനം വനിതകളായിരുന്നു.
എന്നു മുതലാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം നടപ്പാക്കുക എന്നറിയിച്ചിട്ടില്ല.
International
വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിന് സമീപമുള്ള കേന്ദ്രങ്ങൾക്കുനേരെ വീണ്ടും വ്യോമാക്രമണം നടത്തി യുഎസ്. രണ്ടുദിവസത്തിനിടെ രണ്ടാമത്തെ ആക്രമണമാണിത്. ഖെഷം ദ്വീപ്, ബന്ദർ അബ്ബാസ്, ചാബഹാർ, ജാസ്ക്, സിരിക് തുടങ്ങിയ ഇറാൻ തീരദേശങ്ങളിൽ വൻ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. ഖെഷം ദ്വീപ്, ചാബഹാർ, കൊനാരക് എന്നിവിടങ്ങളിൽ പ്രൊജക്ടൈലുകൾ പതിച്ചതായി ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. അതേസമയം ആക്രമണം സംബന്ധിച്ച പൂർണവിവരങ്ങൾ ലഭ്യമല്ല.
ഇറാൻ തിരിച്ചടിക്കുന്ന പക്ഷം ഇതിലും വലിയ പ്രഹരമേൽക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഹോർമുസിൽ കടൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ചതിനും ജോർദാനിലെ യുഎസ് സൈനിക ക്യാമ്പിനുനേരെ മിസൈലുകളയച്ചതിനുമുള്ള തിരിച്ചടിയാണിത്. കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്തതായും ജോർദാനിലേക്ക് വന്ന എല്ലാ മിസൈലുകളും തകർത്തതായും ട്രംപ് അവകാശപ്പെട്ടു.
ഈ ആക്രമണത്തിന് യുഎസ് ഖേദിക്കേണ്ടിവരുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിൽ ആറുമാസമായി തുടരുന്ന സംഘർഷം ആഗോള എണ്ണ വിപണിയേയും വ്യാപാരത്തേയും വലിയ രീതിയിലാണ് ബാധിച്ചത്. സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാനെ തുരത്താനാണ് യുഎസിന്റെ നീക്കം.
International
റിയാദ്: ഇറാൻ അടച്ചിരിക്കുന്ന ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണ ടാങ്കറുകൾ ആക്രമിക്കപ്പെട്ടു. അമേരിക്കയും ഇറാനും പരസ്പരം ആക്രമണം പുനരാരംഭിച്ചതിനു പിന്നാലെ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
സൗദിയിൽനിന്ന് എണ്ണയുമായി വരുകയായിരുന്ന സൂപ്പർ കാരിയർ ഇനത്തിൽപ്പെട്ട ഭീമൻ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. സിദർ എന്ന ഒരു കപ്പൽ സൗദിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. സെനഗൽ പ്രോസ്പെരിറ്റി എന്ന രണ്ടാമത്തെ കപ്പൽ ലൈബീരിയയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഹോർമുസിലെ ഒമാൻ ഭാഗത്തുവച്ചായിരുന്നു ആക്രമണമെന്നു റിപ്പോർട്ടുകളിൽ പറയുന്നു. രണ്ടു കപ്പലുകളിലും മിനിട്ടുകളുടെ വ്യത്യാസത്തിൽ മിസൈലുകളോ റോക്കറ്റുകളോ പതിക്കുകയായിരുന്നു.
രണ്ടു കപ്പലുകളിലെയും ജീവനക്കാർ സുരക്ഷിതരാണ്. കപ്പലിൽനിന്ന് എണ്ണച്ചോർച്ച ഉണ്ടായിട്ടില്ല. രണ്ടുകപ്പലുകളും കഴിഞ്ഞയാഴ്ച സൗദി തുറമുഖത്തുനിന്ന് 20 ലക്ഷം വീപ്പ ഗ്രൂഡ് കയറ്റിയിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇറാനിലെ അമേരിക്കൻ ആക്രമണത്തിന്റെ പ്രതീകാത്മക ദൃശ്യങ്ങൾ അടക്കിയ ഏഐ നിർമിത വീഡിയോകൾ പ്രസിഡന്റ ്ട്രംപ് പുറത്തുവിട്ടു.
ഇറാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന ഖാർഖ് ദ്വീപിലെ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് ട്രംപ് നിർമിത ബുദ്ധിയുടെ സഹായത്താൽ തയാറാക്കി പുറത്തുവിട്ടത്.
എണ്ണക്കയറ്റുമതി കേന്ദ്രങ്ങൾ ആക്രമണത്തിൽ തകരുന്നതാണ് വീഡിയോയിലുള്ളത്. ‘ഖാർഖ് ദ്വീപ് തവിടുപൊടിയായി ’ എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു.
ഹോർമുസ് കടലിടുക്കിലെ ലാർനാക് ദ്വീപിൽ അമേരിക്കൻ സേന ആക്രമണം നടത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ വീഡിയോകൾ പ്രത്യക്ഷപ്പെട്ടത്.
International
റിയാദ്:ഒരു മാസത്തെ ഇടവേളയ്ക്കുശേഷം യുഎസ്-ഇറാൻ സംഘർഷ പുനരാരംഭിച്ചു. ഹോർമുസ് കടലിടുക്കിലെ ഇറേനിയൻ ദ്വീപായ ലാറോക്കിൽ അമേരിക്ക ഞായറാഴ്ച രാത്രി ആക്രമണം നടത്തി. ഇതിനു പിന്നാലെ ജോർദാനിലെയും യുഎഇയിലെയും അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിച്ചതായി ഇറാനും അവകാശപ്പെട്ടു.
ജൂലൈ അവസാനത്തിനുശേഷം ഇറാനിൽ അമേരിക്ക നടത്തുന്ന ആദ്യ ആക്രമണമായിരുന്നിത്. ഇതിൽ രണ്ടു പേർ കൊല്ലപ്പെടുകയും രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ റോക്കറ്റ് വിക്ഷേപണത്തിനും മൈനുകൾ വിതറുന്നതിനും ഇറാൻ തയാറെടുത്ത പശ്ചാത്തലത്തിലായിരുന്നു ആക്രമണമെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു.
മറുപടിയായി ജോർദാനിലെ കിംഗ് ഹുസൈൻ, അൽ അസ്റാഖ് അമേരിക്കൻ സൈനിക താവളങ്ങളിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്നാണ് ഇറേനിയൻ വിപ്ലവഗാർഡ് അറിയിച്ചത്.
യുഎഇയിലെ അൽ മിൻഹാദ് വ്യോമതാവളത്തിൽ ഡ്രോൺ ആക്രമണവും നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ഒരു ഡ്രോൺ വെടിവച്ചിട്ടതായി യുഎഇ സ്ഥിരീകരിച്ചെങ്കിലും വ്യോമതാവളം ആക്രമിക്കപ്പെട്ടുവെന്ന വാർത്ത നിഷേധിച്ചു.
ഇറാനിലെ പ്രധാന തുറമുഖമായ ബന്ദർ അബ്ബാസിനു സമീപമാണ് ലാർനാക് ദ്വീപ്. യുഎസ്-ഇസ്രേലി ആക്രമണത്തിനു മറുപടിയായി ഇറാൻ ആറു മാസമായി ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്. ലാർനാക് ദ്വീപിനു സമീപത്തുകൂടി പോകുന്ന വാണിജ്യ കപ്പലുകൾ പരിശോധനയ്ക്കു വിധേയമാകണമെന്നും ഹോർമുസ് കടക്കണമെങ്കിൽ 20 ലക്ഷം ഡോളർ ഫീസ് നല്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നതായി റിപ്പോർട്ടുണ്ട്.
International
കോട്ടയം: മാളൂട്ടി അങ്ങനെ ചെയ്യില്ല, ഞങ്ങൾക്കു വിശ്വസിക്കാൻ കഴിയുന്നില്ല... അമേരിക്കയിൽ രണ്ടു മലയാളിയുവതികൾ കൊല്ലപ്പെട്ട കേസിൽ കോട്ടയം മൂന്നിലവ് സ്വദേശിനി അനില പോലീസ് കസ്റ്റഡിയിലായതെന്ന വാർത്ത കേട്ട് നടുങ്ങി നിൽക്കുകയാണ് മൂന്നിലവ് ഗ്രാമം. ഈ നാട്ടിലെ സ്കൂളിൽതന്നെ പഠിച്ചു വളർന്ന വളരെ സൗമ്യയായ പെൺകുട്ടിയായിരുന്നു അനിലയെന്ന് ചെറുപ്പം മുതൽ അടുത്തറിയാവുന്നവർ പറയുന്നു. മാളൂട്ടി എന്നായിരുന്നു അടുപ്പമുള്ളവർ അനിലയെ വിളിച്ചിരുന്നത്. മാത്രമല്ല അനിലയുടെ കുടുംബം നാട്ടിൽ വളരെ പ്രൗഢിയുള്ള നല്ല നിലയിൽ ജീവിക്കുന്ന കുടുംബമാണ്. തൊടുപുഴ പൈങ്ങോട്ടൂരാണ് അനിലയെ വിവാഹം ചെയ്ത് അയച്ചത്.
സത്പേരും മതിപ്പുമുള്ള കുടുംബത്തിലെ പെൺകുട്ടി ഇങ്ങനെയൊരു കേസിൽ അകപ്പെട്ടതിന്റെ ദുരൂഹതയറിയാതെ വിറങ്ങലിച്ചുനിൽക്കുകയാണ് മൂന്നിലവിലെ ബന്ധുക്കളും പ്രിയപ്പെട്ടവരും. ഏതെങ്കിലും തെറ്റിദ്ധാരണയുടെ പേരിൽ അനില കേസിൽ അകപ്പെട്ടു പോയതാണോയെന്നാണ് ചിലരെങ്കിലും സംശയം ഉന്നയിക്കുന്നത്.
അനിലയ്ക്ക് ഒരു സഹോദരനാണ് ഉള്ളത്. അനില അമേരിക്കയിലും സഹോദരൻ കാനഡയിലുമാണ്. മകനെയും മകളെയും സന്ദർശിക്കാൻ കഴിഞ്ഞ ജൂൺ രണ്ടിനാണ് ഇവരുടെ മാതാപിതാക്കൾ മൂന്നിലവിൽനിന്ന് അവിടേക്കു പോയിരുന്നു. ഈ ആഴ്ച ഇവർ തിരികെ എത്താനിരിക്കെയാണ് അപ്രതീക്ഷ സംഭവങ്ങൾ.
വെള്ളിയാഴ്ച കലിഫോർണിയയിലെ മിൽപിറ്റാസിലായിരുന്നു അമേരിക്കൻ മലയാളികളെയും കേരളത്തെയും നടുക്കിയ ഇരട്ടക്കൊലപാതകം. കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബിന്റെ ഭാര്യയും തിരുവനന്തപുരം സ്വദേശിനിയുമായ ആനി ജേക്കബ് (35), തൃശൂർ പട്ടിക്കാട് മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ് -സുഷമ ദമ്പതികളുടെ മകൾ അഞ്ജന വിജീഷ് (35) എന്നിവരാണ് മരിച്ചത്. അടുത്ത കൂട്ടുകാരികളും ഒരേ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരുമായിരുന്നു മൂവരും. ഇവർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് ഇനിയും ഉറ്റവർക്കു പോലും വ്യക്തമായിട്ടില്ല.
ആൻ ഫ്ളാറ്റിനുള്ളിൽ വച്ചാണ് കുത്തറ്റു മരിച്ചത്. അഞ്ജനയെ ഫ്ളാറ്റ് സമുച്ചയത്തിന്റെ പാർക്കിംഗ് ഏരിയയിലേക്കു വിളിച്ചുവരുത്തി എസ്യുവി കാർ ഇടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്നു കാർ പുറത്തേക്കു പാഞ്ഞുപോകുന്നതു ചിലർ കണ്ടു. പോലീസ് ഉടൻ സ്ഥലത്തെത്തി. തകർന്നു കേടുപാടുകൾ സംഭവിച്ച നിലയിൽ കാർ പിന്നീട് സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ കണ്ടെത്തി. തുടർന്നാണ് അനിലയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഒന്നിച്ചു സിനിമ കാണാൻ പോവുകയും ആഘോഷങ്ങളിൽ പങ്കെടുക്കുകയുമൊക്കെ ചെയ്തിരുന്ന കൂട്ടുകാരികളെ കൊലപ്പെടുത്താൻ മാത്രമുള്ള പ്രകോപനം എന്താണെന്നു വ്യക്തമായിട്ടില്ല. ആകെയുള്ള അസ്വാഭാവികത ഏതാനും ആഴ്ചകളായി ജോലി നഷ്ടപ്പെട്ടിൽ കടുത്ത നിരാശയിലും അസ്വസ്ഥതയിലുമായിരുന്നുഅനില എന്നതു മാത്രമാണ്. ആനും അഞ്ജനയും അധ്യാപകരായി
ജോലി ചെയ്യുന്നുണ്ടായിരുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ അനില സുഹൃത്തുക്കളായ മറ്റുകുടുംബങ്ങളെ സന്ദർശിക്കുകയും മറ്റും ചെയ്തിരുന്നു.
ജോലി നഷ്ടപ്പെട്ടതിലുള്ള നിരാശ പലരോടും പങ്കുവയ്ക്കുകയുംചെയ്തിരുന്നു. എന്നാൽ, ഇത്രയും വലിയൊരു ക്രൂരത ചെയ്യാൻ അതൊരു കാരണമാണോയെന്നാണ് അടുപ്പമുള്ളവർ ഉന്നയിക്കുന്ന ചോദ്യം. മാത്രമല്ല, ജോലി നഷ്ടപ്പെട്ടതിനു കൂട്ടകാരികളെ എന്തിനു കൊലപ്പെടുത്തണം എന്നതാണ് പ്രസക്തമായ ചോദ്യം.
അതേസമയം, അനില അമേരിക്കൻ പോലീസിന്റെ കസ്റ്റഡിയിൽ ആയതിനാൽ പ്രകോപനം എന്തായിരുന്നു എന്നതിന്റെ സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനായി കാത്തിരിക്കുകയാണ് ഉള്ളവരും സൂഹൃത്തുക്കളും.
International
ദുബായ്: പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമാകുന്നു. ഇറാന്റെ റോക്കറ്റ് കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തി. ഹോര്മുസിലെ ലാറഖ് ദ്വീപിലെ ഇറേനിയൻ റോക്കറ്റ് കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഇക്കാര്യം യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കൻ ആക്രമണത്തിൽ സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടുവെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഐആർജിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രത്യാക്രമണത്തിന്റെ ഭാഗമായി ജോർദാനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി ഐആർജിസി പിന്നീട് അറിയിച്ചു. ഇരുപക്ഷവും ആക്രമണം ആരംഭിച്ചതോടെ എണ്ണവിലയും വർധിച്ചിട്ടുണ്ട്. എണ്ണവിലയിൽ രണ്ട് ശതമാനത്തിലധികം വർധനയുണ്ടായി. ബ്രെന്റ് ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 90 ഡോളറിന് മുകളിലെത്തി.
NRI
തിരുവനന്തപുരം: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബിയുടെ നേതൃത്വത്തിൽ നിർധനരായ കാൻസർ രോഗികളെ ചേർത്തുപിടിച്ച് നടത്തുന്ന "സ്നേഹസ്പർശം - ഓണം വിത്ത് കാൻസർ പേഷ്യന്റ്സ്' പരിപാടി തുടർച്ചയായ പതിനൊന്നാം വർഷവും തിരുഓണ നാളിൽ തിരുവനന്തപുരം പുതുപ്പള്ളി ഹൗസിൽ നടന്നു.
ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരം 2016ൽ ആരംഭിച്ച ഈ കാരുണ്യപദ്ധതി, അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷമുള്ള നാലാമത്തെ ഓണത്തിലും മുടക്കമില്ലാതെ തുടരുകയാണ്.
ചികിത്സയിൽ കഴിയുന്ന നിർധനരായ കാൻസർ രോഗികളെ കണ്ടെത്തി സാമ്പത്തിക സഹായം, ഓണക്കോടി, ഓണസദ്യ എന്നിവ നൽകുന്നതിനൊപ്പം രോഗികളെയും കുടുംബാംഗങ്ങളെയും ചേർത്തുപിടിച്ച് ആശ്വാസവാക്കുകൾ പങ്കിടുന്നതും പരിപാടിയുടെ പ്രത്യേകതയാണ്.
NRI
ഒട്ടാവ: ചെങ്ങന്നൂർ വെണ്മണി പുന്തല കുഴിയംവെട്ടത്ത് ജൂട്ടു ജോർജിന്റെ ഭാര്യ ജിഷ (46) കാനഡയിൽ അന്തരിച്ചു.
കാനഡയിൽ താമസിച്ചുവരികയായിരുന്ന ജിഷയുടെ മരണവാർത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.
മരണകാരണം സംബന്ധിച്ച വിവരങ്ങളും സംസ്കാര ശുശ്രൂഷകളുടെ സമയവും സ്ഥലവും ഉൾപ്പെടെയുള്ള കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
International
ടൊറോന്റോ: അമേരിക്കയ്ക്കുമേൽ തിരിച്ചടിതീരുവ ഏർപ്പെടുത്തി കാനഡ. സ്റ്റീൽ, പാലുത്പന്നങ്ങൾ, കാർഷികോപകരങ്ങൾ എന്നിവയുൾപ്പടെ 2,000 കോടി ഡോളറിന്റെ അമേരിക്കൻ ഉത്പന്നങ്ങളെ കാനഡയുടെ തിരിച്ചടി തീരുവ ബാധിക്കും.
ഇതോടെ ലോകത്തെ രണ്ടു പ്രധാന വ്യാപാര പങ്കാളികൾ തമ്മിലുള്ള വ്യാപാരയുദ്ധം കനക്കുമെന്നാണ് ആശങ്ക.
കഴിഞ്ഞയാഴ്ച അവസാനം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാനഡയ്ക്കുമേൽ 50 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരചർച്ച പരാജയപ്പെട്ടതിനെത്തുടർന്നായിരുന്നു നടപടി.
കാനഡയെ ആജ്ഞാനുവർത്തിയാക്കാനും തങ്ങളുടെ പ്രധാന വ്യവസായങ്ങളെ തകർക്കാനുമാണ് അമേരിക്ക ശ്രമിക്കുന്നതെന്നാണ് കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി ആരോപിച്ചത്.
International
ഇറാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ നിർണായക നീക്കവുമായി അമേരിക്ക. ഇറാനുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന എല്ലാ രാജ്യങ്ങൾക്കും ഉപരോധമേർപ്പെടുത്തുമെന്നാണ് അമേരിക്കയുടെ നിലപാട്.
യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജ്യങ്ങൾക്കുള്ള കർശന മുന്നറിയിപ്പ്. 'ഓപ്പറേഷൻ എക്കണോമിക് ഔട്ട്കാസ്റ്റ്' എന്നാണ് ഉപരോധ നടപടികൾക്ക് അമേരിക്ക നൽകിയിരിക്കുന്ന പേര്.
ഇറാനുമായി ഇടപാടുകൾ പാടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് രാഷ്ട്രനേതാക്കളെ വിളിച്ച് ആവശ്യപ്പെടുമെന്നും സ്കോട്ട് ബെസന്റ് അറിയിച്ചു. ആരും അമേരിക്കയ്ക്ക് അതീതരല്ല എന്നും ഇറാനുമായി ഇടപാട് നടത്തിയാൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും സ്കോട്ട് ബസന്റ് കൂട്ടിച്ചേർത്തു.
International
ടെൽഅവീവ്: ഇറാൻ തന്റെ മകനെ വധിക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ തന്റെ മക്കളിലൊരാളെ കൊല്ലാൻ ലക്ഷ്യമിട്ടതായും ഇത് വിശ്വസിക്കാൻ കഴിയാത്തൊരു സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
ചാനൽ 14ന്റെ മിലിട്ടറി കറസ്പോണ്ടന്റ് നോം അമീറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ബെഞ്ചമിൻ നെതന്യാഹു ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് മക്കളാണ് നെതന്യാഹുവിന്. എന്നാൽ ആർക്കുനേരെയാണ് വധശ്രമം നടന്നതെന്ന് നെതന്യാഹു വെളിപ്പെടുത്തിയിട്ടില്ല.
നേരത്തെ നെതന്യാഹുവിന്റെ കുടുംബത്തിന് സുരക്ഷ വർധിപ്പിക്കുന്നതിന് ഇസ്രയേൽ സെക്യൂരിറ്റി ഏജൻസി പ്രത്യേക അനുമതി നൽകിയിരുന്നു. അതേസമയം നെതന്യാഹുവിന്റെ ആരോപണത്തിൽ ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
International
ദുബായി: അമേരിക്കയുടെ സാമ്പത്തിക ഉപരോധഭീഷണി തള്ളി ഇറാൻ. സാമ്പത്തിക ഉപരോധംപോലുള്ള പരാജയപ്പെട്ട നയങ്ങൾ ഇറേനിയൻ ജനങ്ങളുടെ ശത്രുത വിളിച്ചുവരുത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
സാമ്പത്തിക ഉപരോധം തീർത്ത് ഇറാനെ ഞെരുക്കി ഇല്ലാതാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കു പിന്നാലെയാണ് അരാഗ്ചിയുടെ പ്രതികരണം.
ആഭ്യന്തര സാമ്പത്തിക പ്രശ്നങ്ങളിൽനിന്ന് അമേരിക്കക്കാരുടെ ശ്രദ്ധതിരിച്ചുവിടുകയാണ് ഇത്തരം ഭീഷണികളുടെ ലക്ഷ്യമെന്ന് അരാഗ്ചി സമൂഹമാധ്യമപോസ്റ്റിൽ പറഞ്ഞു. ആഗോള ഭീകരവാദമാണ് അമേരിക്ക നടത്തുന്നത്.
ഇത് ലോകത്തിന് മുഴുവൻ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക ചരിത്രത്തിലെതന്നെ ഏറ്റവും ശക്തമായ ഏകോപിത സാമ്പത്തിക ഒറ്റപ്പെടുത്തലാണ് ഇറാൻ ഇനി നേരിടാൻ പോകുന്നതെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു.
ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്ന മറ്റു രാജ്യങ്ങൾക്കും കമ്പനികൾക്കും മേൽ ഉപരോധം ഏർപ്പെടുത്തും. യുഎസ് സഖ്യകക്ഷികൾ അവരുടെ നിലപാട് തീരുമാനമെടുക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ പൊതുകടം 40.05 ലക്ഷം കോടി (40 05 ട്രില്യൻ) ഡോളറായി. ധനകാര്യം കൈകാര്യം ചെയ്യുന്ന യുഎസ് ട്രഷറി വകുപ്പാണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്. ചരിത്രത്തിൽ ഒരു രാജ്യം നേരിടുന്ന ഏറ്റവും വലിയ ദേശീയ കടമാണിത്.
ട്രംപ് പ്രസിഡന്റായിരിക്കേ അമേരിക്കയുടെ പൊതുകടത്തിലുണ്ടായ വൻ വർധന സാന്പത്തിക വിദഗ്ധരെ ആശങ്കപ്പെടുത്തുന്നുണ്ട്. വലിയ തോതിൽ കടം വാങ്ങുന്നതും വലിയ തോതിൽ ചെലവഴിക്കുന്നതും നാമമാത്ര നികുതികളും, ആഗോള സന്പദ്വ്യവസ്ഥയുടെ കേന്ദ്രമായ അമേരിക്കയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം എന്നാണ് ആശങ്ക.
ചെലവുചുരുക്കൽ മുഖമുദ്രയാക്കിയാണ് ട്രംപ് 2025 ജനുവരിയിൽ രണ്ടാം ഭരണം ആരംഭിച്ചത്. സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനായി മാത്രം അദ്ദേഹം തുടക്കമിട്ട ‘ഡോജ്’ വകുപ്പ് കേന്ദ്ര സർക്കാരിലെ രണ്ടര മുതൽ മൂന്നര വരെ ലക്ഷം തൊഴിലുകൾ റദ്ദാക്കുകയും അമേരിക്ക ആഗോളതലത്തിൽ നല്കുന്ന സാന്പത്തികസഹായങ്ങൾ വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു.
എന്നിട്ടും അമേരിക്കയുടെ പൊതുകടം പെരുകുന്നതു നിയന്ത്രിക്കാനായില്ല. പൊതുകടം 40 ലക്ഷം കോടി ഡോളറിലെത്താൻ 2028 വരെ എടുക്കുമെന്നാണ് അമേരിക്കൻ അധികൃതർ 2023ൽ കണക്കുകൂട്ടിയിരുന്നത്.
അതിവേഗം പെരുകുന്നു
മുൻ പതിറ്റാണ്ടുകളേക്കാൾ അതിവേഗത്തിലാണ് പൊതുകടം വർധിക്കുന്നത്. ട്രംപിന്റെ ഒന്നാം ഭരണം ആരംഭിച്ച 2017 ജനുവരിയിൽ കടം 19.95 ലക്ഷം കോടി ഡോളറായിരുന്നു. തുടർന്ന് പത്തു വർഷം തികയും മുന്പേ ഇരട്ടിയായി വളർന്നിരിക്കുന്നു.
ട്രംപിന്റെ ഒന്നാം ഭരണത്തിൽ അമേരിക്കയുടെ പൊതുകടത്തിലേക്ക് 7.8 ലക്ഷം കോടി ഡോളർ കൂടി ചേരുകയുണ്ടായി. കോവിഡ് മഹാവ്യാധിയോടുള്ള സർക്കാരിന്റെ പ്രതികരണമാണ് ഈ വലിയ വർധനയ്ക്കു കാരണം. 2025 ജനുവരിയിൽ ട്രംപ് രണ്ടാം ഭരണം ആരംഭിച്ചശേഷം 3.8 ലക്ഷം കോടി ഡോളർ കൂടി കടമുണ്ടായി.
ഇക്കഴിഞ്ഞ മാർച്ചിലാണ് കടം 39 ലക്ഷം കോടി പിന്നിട്ടത്. ഒരു ലക്ഷം കോടി കൂടി വർധിച്ച് 40ലെത്താൻ വേണ്ടിവന്നത് പിന്നീടുള്ള അഞ്ചു മാസവും. അതിവേഗം കടം പെരുകുന്നത് ഇതിൽനിന്നു ബോധ്യപ്പെടും.
കടം വളരാൻ കാരണം
2007-09ലെ മാന്ദ്യവും 2020-23ലെ കോവിഡ് പ്രതിസന്ധിയും അമേരിക്കയുടെ കടം വർധിപ്പിച്ച പ്രധാന കാരണങ്ങളായിരുന്നു. ഇതിൽതന്നെ കോവിഡ് കാലത്ത് സർക്കാരിനു വളരെ വലിയതോതിൽ തുക ചെലവഴിക്കേണ്ടിവന്നു. ജോ ബൈഡൻ പ്രസിഡന്റായിരിക്കെ കോവിഡ് പ്രതിസന്ധി മൂലം ദേശീയ കടത്തിൽ 8.4 ലക്ഷം കോടിയുടെ വർധന ഉണ്ടായിരുന്നു.
നികുതി അടക്കമുള്ള വരുമാനങ്ങൾ കുറഞ്ഞതും കടം വർധിക്കാനിടയാക്കി. പെൻഷനും ആരോഗ്യപരിരക്ഷയ്ക്കും ചെലവഴിക്കുന്ന തുകയ്ക്ക് ആനുപാതികമായി നികുതി വർധിപ്പിക്കാൻ ഭരണകൂടങ്ങൾ തയാറല്ല. ബൈഡനും ട്രംപും ഇക്കാര്യത്തിൽ ഒരേ പോലെ പരാജയമാണത്രേ.
ഉയർന്ന പലിശനിരക്കാണ് കടം വർധിപ്പിക്കുന്ന മറ്റൊരു കാരണം. ഇതു മൂലം വായ്പകൾക്ക് ഉർന്ന പലിശ നല്കേണ്ട ഗതികേട് സർക്കാരിനുണ്ടാകുന്നു.
കടം ആരോട്
ദേശീയ, അന്തർദേശീയ ധനകാര്യ, നിക്ഷേപ സ്ഥാപനങ്ങളിൽനിന്നാണ് 80 ശതമാനത്തോളം കടം. ഏതാണ് 32 ലക്ഷം കോടി ഡോളർ വരുമിത്. കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്, മ്യൂച്ചൽ ഫണ്ട്, പെൻഷൻ ഫണ്ട്, വാണിജ്യ ബാങ്കുകൾ, ഡെപ്പോസിറ്ററി സ്ഥാപനങ്ങൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, വ്യക്തിഗത വായ്പക്കാർ എന്നിവരിൽനിന്നൊക്കെയാണ് അമേരിക്കൻ സർക്കാർ കടം വാങ്ങിയിരിക്കുന്നത്.
ഇതര രാജ്യങ്ങളിൽനിന്നും സ്വകാര്യ നിക്ഷേപകരിൽനിന്നും കടമുണ്ട്. 2025ലെ കണക്ക് പ്രകാരം ഇത്തരം കടം മൊത്തം കടത്തിന്റെ 32 ശതമാനം വരും. സർക്കാരിന്റെ വരുമാനത്തിൽ നല്ലൊരു തുക ഇതര രാജ്യങ്ങളിലേക്ക് തിരിച്ചടവും പലിശയുമായി പോകുന്നു എന്നാണ് ഇതിനർഥം.
2025വരെ ജപ്പാനോട് അമേരിക്കയ്ക്ക് 1.203 ലക്ഷം കോടി ഡോളർ കടമുണ്ടായിരുന്നു. ബ്രിട്ടനോട് 88,900 കോടിയും ചൈനയോട് 68,300 കോടിയും.
അനന്തരഫലങ്ങൾ
കടം പെരുകുന്നത് സാന്പത്തിക പ്രതിസന്ധിക്കു കാരണമാകാം. വിലക്കയറ്റവും പലിശനിരക്കിലെ വർധനവും അനന്തരഫലങ്ങളാകും. കടം പെരുകുന്നിടത്ത് നിക്ഷേപം നടത്താൻ സ്ഥാപനങ്ങൾ മടിക്കുന്ന അവസ്ഥയുണ്ടാകാം. ഉർന്ന നികുതിക്കും ചെലവ് ചുരുക്കലിനും സർക്കാർ നിർബന്ധിതമാകാം. ധനകാര്യത്തിൽ അമേരിക്കയെടുക്കുന്ന ഓരോ തീരുമാനവും ആഗോളവിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാം.
International
ടെഹ്റാൻ: യുദ്ധവും ഉപരോധവും മൂലം കടുത്ത സാന്പത്തിക പ്രതിസന്ധിയിലായ ഇറാൻ കൂടുതൽ കുഴപ്പത്തിലേക്ക്. സമവായത്തിന് ഇനിയും സന്നദ്ധമാകാത്ത ഇറാനെതിരേ അതികഠിനമായ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇറാനെതിരേ നേരിട്ടു മാത്രമല്ല ഏതെങ്കിലും രീതിയിൽ ഇറാനെ സഹായിക്കാനോ ഇടപാടുകൾ നടത്താനോ ഏതെങ്കിലും രാജ്യം മുതിർന്നാൽ അവർക്കെതിരേ കടുത്ത ഉപരോധം ഉണ്ടാകുമെന്നാണ് യുഎസിന്റെ മുന്നറിയിപ്പ്. ഇറാനുമായുള്ള എല്ലാ വ്യാപാരങ്ങളും നിർത്തിവച്ചതായി യുഎഇ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്കൂടി വന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ മുഴുവൻ വലിയ അക്ഷരങ്ങളിലാണ് ട്രംപ് ഇറാനുള്ള മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചത്. ഏതൊരു രാജ്യത്തിനെതിരെയും ഇതുവരെ സ്വീകരിച്ചിട്ടുള്ളതിൽ ഏറ്റവും കടുത്ത സാമ്പത്തിക നടപടി തുടങ്ങുകയാണെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൂടുതൽ വിവരങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല. ഏതൊക്കെ രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും സൂചിപ്പിച്ചിട്ടില്ല.
അവസാനമില്ലാതെ സംഘർഷം
ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിനു പിന്നാലെ നിലവിൽ വന്ന 60 ദിവസത്തെ വെടിനിർത്തൽ തിങ്കളാഴ്ച അവസാനിച്ചതിനു പിന്നാലെയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാനുമായുള്ള സംഘർഷം ഏതെങ്കിലും രീതിയിൽ പരിഹരിക്കപ്പെടുന്നതിന്റെ യാതൊരു നീക്കങ്ങളും ഇപ്പോൾ നടക്കുന്നില്ല. ഏപ്രിലിൽ തുടങ്ങിയ ഓപ്പറേഷൻ ഇക്കണോമിക് ഫ്യൂറി എന്ന ഉപരോധ നീക്കത്തിന്റെ തുടർച്ചയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇറാനുമായി വ്യാപാരം നടത്തുന്ന വിദേശ ബാങ്കുകൾക്കും കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തുന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.
ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയിലൂടെ ഇറാന് ഏതെങ്കിലും തരത്തിലുള്ള പിന്തുണയോ സഹായമോ നൽകുന്ന രാജ്യങ്ങളെയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഈ രാജ്യങ്ങൾക്കെതിരേ എന്തു നടപടിയാണ് വരികയെന്നതും അമേരിക്കൻ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.
എണ്ണക്കടത്ത്, സ്വാപ് ലൈൻ, പണ കൈമാറ്റം, എക്സ്ചേഞ്ച് ഹൗസുകൾ, കപ്പൽ രജിസ്ട്രികൾ, മുൻനിര കമ്പനികൾ... ഇത്തരം ബന്ധങ്ങളെല്ലാം ഇപ്പോൾത്തന്നെ അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അമേരിക്കയുടെ സഖ്യരാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഇറാനുമായുള്ള എല്ലാ സാമ്പത്തിക, വ്യാപാര ബന്ധങ്ങളും നിർത്തുകയാണെന്നു പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസമാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇറാനിൽ നിന്നുണ്ടായ പുതിയ മിസൈൽ ഭീഷണിയെ തുടർന്നായിരുന്നു യുഎഇയുടെ കടുത്ത തീരുമാനം. ഇറാനിൽനിന്നു കടൽഗതാഗതത്തെ ലക്ഷ്യമിട്ട് രണ്ടു ബാലിസ്റ്റിക് മിസൈലുകൾ അയച്ചതായും അവ കടലിൽ പതിച്ചതായും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
ഉപരോധം ശക്തമാകുന്നു
ഇറേനിയൻ സ്ഥാപനങ്ങൾ ദുബായിലെ ധനകാര്യ സംവിധാനത്തെ ദീർഘകാലമായി ഉപയോഗിച്ചു വന്നിരുന്നതായി പറയുന്നു. എക്സ്ചേഞ്ച് ഹൗസുകളും കടലാസ് കമ്പനികളും വഴി പണം കൈമാറാനാണ് പ്രധാനമായും ഈ സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നത്. അതേസമയം, യുഎഇയുടെ പ്രഖ്യാപനത്തിനെതിരേ കടുത്ത ഭാഷയിലാണ് ഇറാനും പ്രതികരിച്ചത്. അമേരിക്കൻ സേനയ്ക്ക് ഏതെങ്കിലും രീതിയിൽ സഹായം നൽകുന്നവരെ യുദ്ധപങ്കാളികളായി കരുതുമെന്നായിരുന്നു ഇറാന്റെ പ്രതികരണം.
യുദ്ധം ആരംഭിച്ചതിനു ശേഷം, ടീപോട്ട് റിഫൈനറികൾ എന്നു വിളിക്കപ്പെടുന്ന നിരവധി എണ്ണ ശുദ്ധീകരണശാലകൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ചെറുകിട എണ്ണ ശുദ്ധീകരണശാലകളെയാണ് ടീപോട്ട് റിഫൈനറികൾ എന്നു വിളിക്കുന്നത്.
ഇറാനിൽനിന്നുള്ള എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരാണ് ചൈനീസ് കമ്പനികൾ. ചൈനയുടെ ഈ ഇടപാടുകളെ ട്രംപ് ലക്ഷ്യമിടുന്നതായി സൂചനയുണ്ട്. കാരണം ഇറാന്റെ സാമ്പത്തിക വരുമാനത്തിന്റെ പ്രധാന ഉറവിടങ്ങളിലൊന്നാണ് ഈ എണ്ണ കയറ്റുമതി. എന്നാൽ, അമേരിക്കൻ ഉപരോധ നടപടികളെ വകവയ്ക്കേണ്ടതില്ലെന്ന ഉപദേശമാണ് ചൈന കമ്പനികൾക്കു നൽകിയിരിക്കുന്നത്. അമേരിക്കൻ ഉപരോധത്തെ എത്ര കണ്ടു പ്രതിരോധിക്കാനാകുമെന്നതു വ്യക്തമല്ല. അതേസമയം, പുതിയ പ്രഖ്യാപനങ്ങൾ ഇറാനെ കൂടുതൽ സാന്പത്തിക ഞെരുക്കത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
International
ടെഹ്റാൻ: അമേരിക്കയ്ക്ക് പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ യുദ്ധത്തിലെ പങ്കാളികളായി കണക്കാക്കുമെന്ന് ഇറാൻ കരസേന മേധാവി വ്യക്തമാക്കി.
മേഖലയിലെ രാജ്യങ്ങളുടെ അറിവില്ലാതെ ഇത്രയധികം അമേരിക്കൻ ടാങ്കർ വിമാനങ്ങൾ എങ്ങനെ തമ്പടിക്കുന്നുവെന്നും ഇറാൻ കരസേന മേധാവി ആരാഞ്ഞു. മേഖലയിൽ വർധിച്ചുവരുന്ന സൈനിക സാന്നിധ്യത്തിലും അമേരിക്കയുമായുള്ള സഹകരണത്തിലും ഇറാൻ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നുണ്ട്.
അമേരിക്കയുമായുള്ള സംഘർഷം കനക്കുന്നതോടെ ഗൾഫ് മേഖലയിലേക്ക് ആക്രമണം ശക്തമാക്കുമെന്നതാണ് ഇറാന്റെ മുന്നറിയിപ്പ്. അതേസമയം കഴിഞ്ഞ രാത്രിയിലെ ആക്രമണത്തിൽ യുഎ ഇനിലപാട് കടുപ്പിച്ചതോടെ യുഎഇയെ ആക്രമിച്ചത് തങ്ങളല്ലെന്ന വിശദീകരണവും ഇറാൻ നേരത്തെ നൽകിയിരുന്നു.
മിസൈൽ ആക്രമണ ശ്രമമുണ്ടായതിന് പിന്നാലെ ഇറാനുമായുള്ള വ്യാപാര - വാണിജ്യ - സാമ്പത്തിക ഇടപാടുകളെല്ലാം യുഎഇ നിർത്തിവച്ചു.
International
വാഷിംഗ്ടൺ ഡിസി / ദുബായ്: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഇറാന് നഷ്ടമാകുന്നതായി റിപ്പോർട്ട്. മാസങ്ങളായി തുടരുന്ന സൈനിക വടംവലികൾക്കൊടുവിൽ മേഖലയിൽ യുഎസ് നാവികസേന സാന്നിധ്യം ശക്തമാക്കിയതോടെയാണ് ഇറാന്റെ പിടി അയയുന്നത്.
കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കുന്ന 'കെപ്ലർ' ഏജൻസിയുടെ കണക്കുപ്രകാരം, കഴിഞ്ഞ രണ്ടാഴ്ചയായി കടലിടുക്കിലൂടെ കടന്നുപോയ 80 ശതമാനത്തിലധികം കപ്പലുകളും ഒമാൻ വഴിയുള്ള ഐക്യരാഷ്ട്രസഭ അംഗീകൃത പാതയാണ് ഉപയോഗിച്ചത്. ഈ പാത ഉപയോഗിക്കുന്നതിനെ മുന്പ് ഇറാൻ ശക്തമായി എതിർത്തിരുന്നു. മേഖലയിലെ ഇറാന്റെ നിയന്ത്രണം ഭാഗികമായി നഷ്ടപ്പെട്ടതായി കെപ്ലറിലെ പ്രമുഖ അനലിസ്റ്റ് ഹുമയൂൺ ഫലക്ഷാഹി അറിയിച്ചു.
സുരക്ഷയൊരുക്കി യുഎസ്
ഒമാൻ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കുനേരേ മുന്പ് ഇറാൻ ആക്രമണം നടത്തിയിരുന്നെങ്കിലും നിലവിൽ യുഎസ് നാവികസേന നൽകുന്ന സുരക്ഷാ ഉറപ്പിൽ കപ്പലുകൾ ഇറാന്റെ മുന്നറിയിപ്പുകൾ അവഗണിച്ചു യാത്ര തുടരുകയാണ്. ഇതോടെ കപ്പലുകളിൽനിന്നു നികുതി ഈടാക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. കുവൈറ്റ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വൻകിട എണ്ണക്കപ്പലുകൾ ഒമാൻ ഉൾക്കടലിലെത്തിച്ച് മറ്റു കപ്പലുകളിലേക്ക് എണ്ണ മാറ്റിയാണ് വിതരണം നടത്തുന്നത്.
ഇറാന്റെ ആക്രമണം ഒഴിവാക്കാൻ ഭൂരിഭാഗം ടാങ്കറുകളും തങ്ങളുടെ ട്രാക്കിംഗ് സംവിധാനങ്ങൾ ഓഫ് ചെയ്താണ് സർവീസ് നടത്തുന്നത്. എങ്കിലും യുഎസ് നാവികസേന ഇവയുടെ സഞ്ചാരം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച പ്രതിദിനം 1.5 കോടി ബാരൽ എണ്ണയാണ് ഇതുവഴി കടന്നുപോയത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള എണ്ണ വില വീണ്ടും ഉയർന്നു. ഹോർമുസ് കടലിടുക്കിൽ നിലനിൽക്കുന്ന അനിശ്ചിതത്വമാണ് എണ്ണ വില വർധിക്കുന്നതിന് കാരണം. ഇതോടെ ബ്രെന്റ് ക്രൂഡിന് ബാരലിന് 91 ഡോളർ കടന്നു.
എന്നാൽ ഇറാനുമായി ഇനി ചർച്ചകളില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഹോർമുസ് തുറക്കാൻ അമേരിക്ക സാമ്പത്തിക ഉപരോധങ്ങൾ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ഇറാൻ.
അതേസമയം ഗൾഫിന് പുറത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിൽ എണ്ണ സംഭരണം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് സൗദി അറേബ്യയും യുഎഇയും. ജപ്പാനിലുള്ള ശേഖരം പത്തിരട്ടിയായി വർധിപ്പിക്കാനുള്ള നീക്കം ആരംഭിച്ചു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി യുഎസും ഒമാനും ഇറാനുമായി പ്രത്യേകം ചർച്ചകൾ നടത്തിവരികയാണ്. നേരത്തെ, ഒമാനുമായുള്ള കരാർ അന്തിമമാക്കുന്നതിനോട് അടുക്കുകയാണെന്ന് ഇറേനിയൻ അധികൃതർ അറിയിച്ചിരുന്നു.
International
ടെഹ്റാൻ: ജൂണിലെ ഇടക്കാല ധാരണാ വ്യവസ്ഥകൾ പാലിക്കാൻ അമേരിക്ക തയാറാകാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നാവർത്തിച്ച് ഇറാൻ. നാവിക ഉപരോധം പിൻവലിക്കുക, എണ്ണ വിൽക്കാൻ അനുവദിക്കുക, മരവിപ്പിച്ച ആസ്തികൾ വിട്ടുനല്കുക, സൈനികനടപടികളും ഭീഷണികളും നിർത്തുക തുടങ്ങിയവയാണ് ഇറാന്റെ ഉപാധികളെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് പറഞ്ഞു.
ജൂൺ 17നാണ് ഇറാനും അമേരിക്കയും ഇടക്കാല ധാരണയുണ്ടാക്കിയത്. പശ്ചിമേഷ്യാ പ്രശ്നങ്ങളും ഇറാന്റെ ആണവപദ്ധതികളും അവസാനിപ്പിക്കാനുള്ള ചർച്ചകളും ധാരണയിൽ നിർദേശിച്ചിരുന്നു.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി ഇരു വിഭാഗം വൈകാതെ ധാരണയിൽനിന്ന് പിന്മാറുകയായിരുന്നു. ധാരണ അവസാനിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ജൂലൈ ഏഴിന് പ്രഖ്യാപിച്ചു. ധാരണ റദ്ദാക്കിയെന്ന് ഇറാനും പിന്നാലെ അറിയിച്ചു.
NRI
ഡാളസ് (ടെക്സസ്): പ്രവാസി മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യുഎംസി) 30-ാമത് വാർഷിക ഗ്ലോബൽ അന്താരാഷ്ട്ര സമ്മേളനം വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ അമേരിക്കയിലെ ടെക്സസിലുള്ള ഡാളസിൽ വച്ച് നടക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ വൈവിധ്യമാർന്ന സെമിനാറുകൾ, ചർച്ചാ സംഗമങ്ങൾ, സാംസ്കാരിക പരിപാടികൾ, ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം എന്നിവ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
1995-ൽ ന്യൂജഴ്സിയിൽ രൂപീകൃതമായ വേൾഡ് മലയാളി കൗൺസിൽ ഇന്ന് ലോകമെമ്പാടുമുള്ള 40-ഓളം രാജ്യങ്ങളിൽ ശാഖകളുള്ള ഏറ്റവും വലിയ ആഗോള മലയാളി കൂട്ടായ്മയായി വളർന്നു കഴിഞ്ഞു.
ആഗോളതലത്തിൽ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതോടൊപ്പം തന്നെ ഇന്ത്യയിലും ശ്രദ്ധേയമായ നിരവധി ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾക്ക് സംഘടന നേതൃത്വം നൽകി വരുന്നു.
ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ സംഘടന നടപ്പിലാക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. കൊല്ലം പത്തനാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗാന്ധിഭവനുമായി സഹകരിച്ച് 2025 ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ 25 നിർധന പെൺകുട്ടികളുടെ സമൂഹവിവാഹം ഡബ്ല്യുഎംസി വിജയകരമായി സംഘടിപ്പിച്ചിരുന്നു.
ഇതിൽ 10 പേർ ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടികളായിരുന്നു. അർഹരായ വധൂവരന്മാർക്ക് സാമ്പത്തിക സഹായവും സ്വർണ്ണവും മറ്റ് ജീവിതസൗകര്യങ്ങളും നൽകി നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് മംഗല്യസംഗമം നടത്തിയത്.
ഡബ്ല്യുഎംസി 15-ാമത് ദ്വിവത്സര സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിലുടനീളം വിവിധ ജില്ലകളിലായി നിർധനരായ 15 കുടുംബങ്ങൾക്കും അർഹരായ 25 ആദിവാസി കുടുംബങ്ങൾക്കും സുരക്ഷിതമായ ഭവനങ്ങൾ നിർമ്മിച്ച് നൽകുന്ന ബൃഹത്തായ പദ്ധതിയുടെ പ്ലാനിംഗ് പുരോഗമിക്കുകയാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ലോകമലയാളികളുടെ സാംസ്കാരിക, സാമ്പത്തിക, സാമൂഹിക ഉന്നമനവും സുരക്ഷയും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ ഗ്ലോബൽ സമ്മേളനത്തിന് ശക്തമായ നേതൃത്വമാണ് സംഘടന നൽകുന്നത്.
ഗ്ലോബൽ ചെയർമാൻ: ഗോപാലപിള്ള (യുഎസ്എ), ഗ്ലോബൽ പ്രസിഡന്റ്: ജോൺ മത്തായി (യുഎഇ), ജനറൽ സെക്രട്ടറി: ക്രിസ്റ്റഫർ വർഗീസ് (യുഎഇ), ഗ്ലോബൽ ട്രഷറർ: ശശികുമാർ നായർ (ഇന്ത്യ), ജോൺസൺ തലച്ചെല്ലൂർ ജനറൽ കൺവീനർ (യുഎസ്എ) എന്നിവരുടെ നേതൃത്വത്തിൽ സമ്മേളനത്തിന്റെ വിജയകരമായ സംഘാടനത്തിനായി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ കോഓർഡിനേറ്ററുമ്മാരെ ഉൾക്കൊള്ളിച്ചുകൊണ്ടു പ്രവർത്തനം ആരംഭിച്ചു.
നൈനാൻ മത്തായി (ഫിലഡൽഫിയ), പ്രഫ. സാം മണ്ണിക്കരോട്ട് (ന്യൂയോർക്ക്), ജോളി പടിയാറ്റിൽ (ജർമനി), ബാബു തളങ്ങത്തിൽ (ബഹ്റിൻ), അഡ്വ. എം.ജി. ശ്രീജിത്ത് (ഇന്ത്യ), അനീഷ് ജെയിംസ് (അമേരിക്ക) എന്നിവർ ഈ സമ്മേളനത്തിന് നേതൃത്വം നൽകുന്നു.
ലോകത്താകമാനമുള്ള മലയാളികളുടെ ഉന്നമനത്തിനും പ്രവാസി സമൂഹത്തിന്റെ ഐക്യദാർഢ്യത്തിനും ഊന്നൽ നൽകുന്നതാണ് ഇത്തവണത്തെ ഡാളസ് ഗ്ലോബൽ സമ്മേളനമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഡബ്ല്യുഎംസി ഇന്റർനാഷണൽ അവാർഡ് പുനലൂർ സോമരാജനും മൊബി കരേടത്ത് ബാബുവിനും. ജീവകാരുണ്യ രംഗത്തെ പ്രമുഖനും പേസ് എജ്യുക്കേഷൻ ഗ്രൂപ്പിന്റെ സ്ഥാപകനുമായിരുന്ന ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ സ്മരണാർഥം, ഡബ്ല്യുഎംസി ഏർപ്പെടുത്തിയ ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാന്റേൺ അവാർഡ് പ്രമുഖ ഗാന്ധിയനും ജീവകാരുണ്യ, സാമൂഹിക-സാംസ്കാരിക പ്രവർത്തകനും 2,000-ത്തിലധികം നിരാശ്രയർക്ക് അഭയവും തണലുമേകുന്ന ഗാന്ധിഭവൻ അഭയകേന്ദ്രങ്ങളുടെ സ്ഥാപകനുമായ പുനലൂർ സോമരാജന് സമ്മാനിക്കും.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് എക്സലൻസ് അവാർഡ് (WMC Global Business Excellence Award) എൻകോഴ്സ് (Encourse) പ്രസ്ഥാനത്തിന്റെ സ്ഥാപകനും സിഇഒയുമായ മൊബി കരേടത്ത് ബാബുവിന് സമ്മാനിക്കും.
ഈ സമ്മേളനവേളയിൽ യുഎഇ, ഇന്ത്യ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന, 20,000-ത്തിലധികം വിദ്യാർഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകുന്ന സ്കൂളുകളും കോളജുകളും ഉൾപ്പെടുന്ന പേസ് എജ്യുക്കേഷൻ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായിരുന്ന ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ പാവനസ്മരണയ്ക്കു മുന്നിൽ WAC ആദരാഞ്ജലികൾ അർപ്പിക്കുന്നു.
വിദ്യാഭ്യാസരംഗത്ത് ദീർഘവീക്ഷണത്തോടെയും അർപ്പണബോധത്തോടെയും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും സമൂഹത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളും വരുംതലമുറകൾക്കും പ്രചോദനമായി നിലകൊള്ളും.
കൂടുതൽ വിവരങ്ങൾക്ക്: Gopala Pillai - Global, Chairman +1 214-684-3449, John Mathai -Global President - +971 50 481 1206, Christopher Varghese - Global General Secretary +971 50 281 2583.
International
ടെഹ്റാൻ: ഇറാൻ സൈന്യവുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ്. ഐആർജിസി ഉദ്യോഗസ്ഥർക്കും അമേരിക്കയ്ക്കും ഇടയിൽ ഒരു ചർച്ചയും നടക്കുന്നില്ലെന്ന് ഐആർജിസി വക്താവ് ഹുസൈൻ മൊഹേബി അറിയിച്ചു.
യുദ്ധത്തിലെ പരാജയത്തിന്റെയും നിരാശയുടെയും ഫലമായി ട്രംപ് അനുഭവിച്ച മാനസികഭ്രമങ്ങളും പേടിസ്വപ്നങ്ങളും മൂലമുണ്ടായ വെറും മിഥ്യാധാരണകൾ മാത്രമാണിതെന്നും ഹുസൈൻ മൊഹേബി പരിഹസിച്ചു.
ഐആർജിസി തങ്ങളുടെ നിലപാടുകൾ യുദ്ധക്കളത്തിലാണ് വ്യക്തമാക്കുന്നത്. നയതന്ത്ര കാര്യങ്ങൾ ഇസ്ലാമിക് റിപബ്ലിക്കിലെ മറ്റ് വിഭാഗങ്ങളുടെ പരിധിയിൽ വരുന്നവയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ അമേരിക്കയുമായി ഒരു ചർച്ചയും നടക്കുന്നില്ലെന്നും മൊഹേബി കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചയാണ് ഐആർജിസിയുമായി അമേരിക്ക ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്.
National
ന്യൂഡൽഹി: ഇന്ത്യൻ സമുദ്രമേഖലയിലെ നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിനായി രണ്ട് എംക്യു9 ബി സമുദ്രനിരീക്ഷണ ഡ്രോണുകൾ അമേരിക്കൻ പ്രതിരോധ കമ്പനിയായ ജനറൽ ആറ്റോമിക്സിൽനിന്ന് വാടകയ്ക്കെടുക്കാൻ ധാരണയിലെത്തി.
1,943 കോടി രൂപ ചെലവഴിച്ച് 30 മാസത്തേക്കാണ് കേന്ദ്ര പ്രതിരോധമന്ത്രാലയം ഈ കരാറിൽ ഒപ്പുവച്ചിരിക്കുന്നത്.
അത്യാധുനിക സെൻസറുകളും സാങ്കേതികവിദ്യകളും അടങ്ങിയ ഈ ഡ്രോണുകൾക്ക് 40,000 അടിയിലധികം ഉയരത്തിൽ തുടർച്ചയായി 30 മണിക്കൂറിലധികം പറന്നു നിരീക്ഷണം നടത്താനും വിവരശേഖരണം തത്സമയം ലഭ്യമാക്കാനും സാധിക്കും.
സമുദ്രമേഖലയിലെ പ്രവർത്തനങ്ങൾക്കുപുറമെ അന്തർവാഹിനികളെ കണ്ടെത്തി നശിപ്പിക്കുന്ന ദൗത്യങ്ങൾക്കായും ഇവ ഉപയോഗിക്കാം.
ഏകദേശം 25,000 കോടി രൂപയോളം ചെലവിൽ 31 എംക്യു9ബി ഡ്രോണുകൾ വാങ്ങാൻ ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പുവച്ച കരാറിനു പുറമെയാണ് ഇപ്പോഴത്തെ താത്കാലിക കരാർ. കരാർ പൂർണമാകുന്നതുവരെ സമുദ്ര അതിർത്തികളിലെ സുരക്ഷ ഉറപ്പാക്കുകയാണ് താത്കാലിക കരാറുകൊണ്ട് ലക്ഷ്യമിടുന്നത്.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതം സംബന്ധിച്ച് ഒമാനുമായി നടത്തുന്ന ചർച്ചകൾ പുരോഗമിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഹോർമുസ് തുറക്കുന്നത് ജൂണിൽ ഒപ്പുവെച്ച ധാരണാപത്രത്തിൽ അമേരിക്കയുടെ നിലപാടിനെ ആശ്രയിച്ചാകുമെന്നും ഇറാൻ വ്യക്തമാക്കി.
ഖത്തർ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഇറേനിയൻ പൈലറ്റുമാരുടെ വിഷയത്തിൽ അന്വേഷണം നടത്താൻ അനുമതി നൽകണമെന്ന് ഇറാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇറാനെ സാമ്പത്തികമായി കൂടുതൽ പ്രതിരോധത്തിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ആക്രമണം അവസാനിപ്പിച്ച് ഇറാനെ സാമ്പത്തികമായി കൂടുതൽ പ്രതിരോധത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഉയർന്ന ഇന്ധനവില കുറച്ചുകാലം കൂടി ജനങ്ങൾ സഹിക്കേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
വിർജീനിയ: ക്ലാസുകൾ ആരംഭിക്കാനിരിക്കെ അമേരിക്കയെ ഞെട്ടിച്ച് കാമ്പസിൽ വീണ്ടും വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന വെടിവയ്പിൽ അഞ്ചോളം പേർക്കാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. ഒരാളുടെ നില ഗുരുതരമാണെന്ന് ചെസ്റ്റർഫീൽഡ് കൗണ്ടി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക് സമീപമാണ് വെടിവയ്പുണ്ടായത്.
തിങ്കളാഴ്ച ക്ലാസുകൾ ആരംഭിക്കാനിരിക്കെ നിരവധി വിദ്യാർഥികളാണ് സംഭവ സമയത്ത് ഡോർമിറ്ററിയിലും കാമ്പസിലുമുണ്ടായിരുന്നതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിക്കേറ്റവരിൽ ഏറിയ പങ്കും വിദ്യാർഥികളാണ്. 1882-ൽ സ്ഥാപിതമായ ഈ സർവകലാശാലയിൽ 5000 വിദ്യാർഥികളാണ് പഠിക്കുന്നത്.
വെടിവയ്പ്പുണ്ടായ ഉടൻ തന്നെ മുൻകരുതൽ നടപടിയായി കാമ്പസ് പൂർണമായും ലോക്ക്ഡൗണിലാക്കുകയും വിദ്യാർഥികളോടും ജീവനക്കാരോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിക്കുകയും ചെയ്തു.
സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ അഞ്ച് പേരെയും അടിയന്തര ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർഥികൾക്കായുള്ള താമസസൗകര്യങ്ങൾ കഴിഞ്ഞ ആഴ്ചയാണ് തുറന്നത്.
NRI
മിഡ്വെസ്റ്റ്: മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ 2026ലെ ഓണാഘോഷം നോർത്ത് ബ്രുക്കിലുള്ള സെഞ്ചൂറിയൻ ബാങ്ക്വറ്റ് ഹാളിൽ (3315 Milwaukee Ave, North Brook) നടത്തപ്പെടും.
ഈ മാസം 21ന് വൈകുന്നേരം അഞ്ചിന് പ്രസിഡന്റ് ബിനു കൈതക്കത്തോട്ടിയിലിന്റെ അധ്യക്ഷതയിൽ നടത്തപെടുന്ന ആഘോഷങ്ങളിൽ പ്രശസ്ത സിനിമാ താരം ശിവദ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു. ഓണസദ്യയും തിരുവാതിരയും മണവാളൻസിന്റെ കലാവിരുന്നും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.
വൈസ് പ്രസിഡന്റ് മഹേഷ് കൃഷ്ണൻ, ജനറൽ സെക്രട്ടറി ടാജ് കണ്ടാരപ്പള്ളിൽ, ജോയിന്റ് സെക്രട്ടറി നിതിൻ നായർ, ട്രഷറർ മനോജ് വഞ്ചിയിൽ, മുൻ പ്രസിഡന്റുമാരായ റോയി നെടുംചിറ, സ്റ്റീഫൻ കഴകേക്കുറ്റ്, വിജി എസ്. നായർ, പീറ്റർ കുളങ്ങര, സതീഷ് നായർ, ഹറാൾഡ് ഫിഗെഡോ, വർഗീസ് പാലമലയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുക്കും.
മിഡ്വെസ്റ്റ് മലയാളി അസോസിയേഷത്തിന്റെ ഓണാഘോഷങ്ങളിലേക്ക് എല്ലാവരെയും വിനയപൂർവം ക്ഷണിച്ചുകൊള്ളുന്നതായി ജോയിന്റ് സെക്രട്ടറി ടാജു കിണ്ടാരപ്പള്ളിൽ അറിയിച്ചു.
International
ടെഹ്റാൻ: തങ്ങളുടെ വ്യവസ്ഥകൾ അംഗീകരിക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ. ഇറാന്റെ പുതിയ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായി ചുമതലയേറ്റ മുൻ ഐആർജിസി കമാൻഡർ ഇൻ ചീഫ് മൊഹ്സെൻ റെസായി ആണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
ചൈനീസ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് മൊഹ്സെൻ റെസായി തങ്ങളുടെ നിലപാട് പരസ്യമാക്കിയത്. ഇറാനെതിരെയുള്ള ഉപരോധവും യുദ്ധവും അവസാനിപ്പിക്കുകയും, ലെബനനിലും ഗാസയിലുമടക്കം മേഖലയിലുടനീളം വെടിനിർത്തലിന് സമ്മതിക്കുകയും ചെയ്യുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നാണ് ഇറാന്റെ പ്രഖ്യാപനം.
അതേസമയം ഹോർമുസ് കടലിടുക്ക് തങ്ങളുടെ അധീനതയിലാണെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം യുഎസ് നാവികസേനയുടെ കീഴിലാണെന്നും തങ്ങൾ അത് കൈവശം സൂക്ഷിക്കുമെന്നും ട്രംപ് പറഞ്ഞു.
ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഡോണൾഡ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഹോർമുസ് വിഷയത്തിൽ ഇറാന് ഇനി ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ ഇറാന് സ്വന്തമായി ഒരു നാവികസേനയോ വ്യോമസേനയോ ഇല്ലെന്നും ട്രംപ് ആരോപിച്ചു.
International
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥാനമൊഴിയുകയാണെന്ന് അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഓഗസ്റ്റ് അവസാനം കരോലിൻ സ്ഥാനമൊഴിയുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്.
തന്റെ കുട്ടികൾക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാനാണ് കരോലിൻ പ്രസ് സെക്രട്ടറി സ്ഥാനമൊഴിയുന്നതെന്നും എന്നാൽ സ്ഥാനമൊഴിഞ്ഞാലും അവർ മുതിർന്ന ഉപദേഷ്ടാവായി തുടരുമെന്നും ട്രംപ് ഇതോടൊപ്പം അറിയിച്ചു.
കരോലിന്റെ തീരുമാനത്തെ പൂർണമായും അംഗീകരിക്കുന്നുവെന്ന് പറഞ്ഞ അമേരിക്കൻ പ്രസിഡന്റ് അവർ തന്റെ ഏറ്റവും വിശ്വസ്തരായ സഹായികളിൽ ഒരാളാണെന്നും വിശേഷിപ്പിച്ചു. വരാനിരിക്കുന്ന മിഡ്-ടേം തെരഞ്ഞെടുപ്പുകളിൽ റിപബ്ലിക്കൻ പാർട്ടിയുടെ മുഖ്യ ഉപദേശകയായി അവർ പ്രവർത്തിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
ദുബായ്: ഗൾഫ് യുദ്ധത്തിന് അന്ത്യം കാണാനുള്ള ശ്രമങ്ങളിൽ ഇറാനും അമേരിക്കയും വിട്ടുവീഴ്ചയ്ക്കു തയാറാക്കുന്നില്ലെന്ന് മുതിർന്ന ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂണിൽ ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ ഇടക്കാലധാരണ പുനരുജ്ജീവിപ്പിക്കുന്നതിൽ പുരോഗതിയില്ല.
പശ്ചിമേഷ്യയിലെ എല്ലാ സംഘർഷങ്ങൾക്കും സ്ഥിരം പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് ജൂണിൽ ഇടക്കാല ധാരണ ഉണ്ടാക്കിയത്. 60 ദിവസത്തേക്കു സമ്മതിച്ച ധാരണ ഇരു കക്ഷികൾക്കും താത്പര്യമുണ്ടെങ്കിൽ നീട്ടാം. ഇക്കാലയളവിൽ ഇറാന്റെ ആണവ പദ്ധതികൾ അവസാനിപ്പിക്കുന്നതിനും ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കുന്നതിനും അന്തിമധാരണ ഉണ്ടാക്കാനും തീരുമാനിച്ചു.
എന്നാൽ, ധാരണ അവസാനിച്ചുവെന്ന് ജൂലൈ ഏഴിന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ധാരണ ഉപേക്ഷിക്കുന്നതായി ഇറാനും പിന്നീട് അറിയിച്ചു.
ധാരണപ്രകാരം സുപ്രധാന എണ്ണക്കടത്തുപാതയായ ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ തയായില്ല എന്നാണ് അമേരിക്ക പറഞ്ഞത്. മരവിപ്പിച്ച ആസ്തികൾ വിട്ടുതരാനും നാവികഉപരോധം പിൻവലിക്കാനും അമേരിക്ക തയാറായില്ലെന്ന് ഇറാനും ആരോപിച്ചു.
ഇടക്കാല ധാരണ പുനരുജ്ജീവിപ്പിക്കാനും അതു നടപ്പാക്കുന്നതിന് സമയക്രമം നിശ്ചയിക്കാനും ചർച്ച നടന്നതായി ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഒരുവിധ പുരോഗതിയും ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
International
ദുബായ്: ഇറാൻ യുദ്ധം അവസാനിക്കുന്നതു സംബന്ധിച്ച് അവ്യക്തത തുടരുന്നതിനിടെ സുപ്രധാന എണ്ണക്കടുത്തു പാതകളിൽ കപ്പലാക്രമണം തുടരുന്നു.
ചെങ്കടലിലെ ബാബ് അൽ മൻഡെപ് കടലിടുക്കിലുണ്ടായ ആക്രമണത്തിൽ ആറു പേരാണ് കൊല്ലപ്പെട്ടത്. മറ്റൊരു സംഭവത്തിൽ ഗൾഫിലെ ഹോർമുസ് കടലിടുക്കിലേക്കു പ്രവേശിക്കാൻ ശ്രമിച്ച കപ്പലിനു നേർക്ക് അമേരിക്കയും മിസൈൽ പ്രയോഗിച്ചു.
ഈജിപ്തിൽ രജിസ്റ്റർ ചെയ്ത ചെറിയ ചരക്കുകപ്പലാണ് ചൊവ്വാഴ്ച ചെങ്കടലിൽ ആക്രമിക്കപ്പെട്ടത്. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികളാണ് ആക്രമണം നടത്തിയതെന്നു കരുതുന്നു. കപ്പലിലെ നാലു ജീവനക്കാരും യെമനിലെ ഔദ്യോഗിക ഭരണകൂടത്തിന്റെ ഭാഗമായ കോസ്റ്റ് ഗാർഡിലെ രണ്ട് അംഗങ്ങളുമാണ് കൊല്ലപ്പെട്ടത്.
ഹൂതികൾ സൗദിക്ക് നാവികഉപരോധം പ്രഖ്യാപിച്ചശേഷം ചെങ്കടലിലെ കപ്പലാക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. സൈനിക ഉപകരണങ്ങള് കയറ്റിയ സൗദി കപ്പലാണ് ആക്രമിച്ചതെന്ന് ഹൂതികൾ പറഞ്ഞു.
പാനമയിൽ രജിസ്റ്റർ ചെയ്ത കപ്പലാണ് ഹോർമുസിനു സമീപം ആക്രമിക്കപ്പെട്ടത്. ഇറാനെതിരായ അമേരിക്കൻ നാവിക ഉപരോധം ലംഘിച്ചതിന്റെ പേരിലായിരുന്നു ആക്രമണമെന്ന് അമേരിക്കൻ സേന അറിയിച്ചു. ഉപരോധം ലംഘിക്കരുതെന്ന് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കപ്പൽ അനുസരിച്ചില്ല.
യുഎസ് സേന ഹെലികോപ്റ്ററിൽനിന്ന് കപ്പലിലേക്കു മിസൈലുകൾ തൊടുക്കുകയായിരുന്നു. കപ്പലിന്റെ പ്രവർത്തനം നിലച്ചതായി സൂചനയുണ്ട്. ഒമാൻ ഉൾക്കടലിലേക്കു സഞ്ചരിച്ച കപ്പൽ പാക്കിസ്ഥാൻ തീരത്തുവച്ചാണ് ആക്രമിക്കപ്പെട്ടതെന്നും പറയുന്നു.
ഇതിനിടെ, ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ കാര്യമായി വിജയം കാണുന്നില്ല. അമേരിക്ക ഉപാധികൾ പാലിക്കാതെ ഹോർമുസ് തുക്കില്ലെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. മരവിപ്പിച്ചിരിക്കുന്ന ആസ്തികൾ വിട്ടു നല്കുക, ഗാസയും ലബനനും അടക്കം പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുക എന്നിവയാണ് ഇറാന്റെ ഉപാധികൾ.
50 വർഷത്തിനിടെ യുദ്ധത്തിലും പ്രതിഷേധത്തിലും ആളുകൾ കൊല്ലപ്പെട്ടതിന് ഇറാനും നഷ്ടപരിഹാരം നല്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപും ആവശ്യപ്പെട്ടിട്ടുണ്ട്.
International
ടെഹ്റാൻ: അമേരിക്ക തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാതെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കില്ലെന്ന് ഇറാൻ. അമേരിക്ക തുറമുഖ, സാമ്പത്തിക ഉപരോധങ്ങൾ പിൻവലിച്ച് യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങൾക്കു നഷ്ടപരിഹാരം നൽകിയെങ്കിൽ മാത്രമേ വീട്ടുവീഴ്ചയ്ക്കുള്ളൂവെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ലോകത്തെ ആകെ എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോർമൂസ് കടലിടുക്ക് അടച്ചിട്ടത് ആഗോള ഊർജവിപണിയെയും സാമ്പത്തികരംഗത്തെയും രൂക്ഷമായി ബാധിച്ചിരിക്കുകയാണ്.
ഹോർമൂസിൽ താത്കാലിക കപ്പൽപ്പാത നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനുമായി ഇറാൻ ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും പൂർണ അനുമതി, അമേരിക്കയുമായുള്ള ചർച്ചകൾക്ക് വിധേയമായിരിക്കും.
International
വാഷിംഗ്ടൺ ഡിസി: പ്രോസ്റ്റേറ്റ് കാൻസർ ബാധിതനായ മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നില ഗുരുതരമെന്ന് മകൻ ഹണ്ടർ ബൈഡൻ വെളിപ്പെടുത്തി. രോഗം അസ്ഥികൾക്കും അപ്പുറത്തേക്കു പടർന്നതായി ബിബിസിക്കു നല്കിയ അഭിമുഖത്തിൽ ഹണ്ടർ പറഞ്ഞു. കടുത്ത വേദനയിലൂടെയാണ് പിതാവ് കടന്നുപോകുന്നത്.
കഴിഞ്ഞ വർഷം മേയിലാണ് ജോ ബൈഡൻ കാൻസർ ബാധിച്ചതായി വെളിപ്പെടുത്തിയത്. അതിവേഗം വ്യാപിക്കുന്ന തരം കാൻസറാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. റേഡിയേഷൻ, ഹോർമോൺ ചികിത്സകളാണ് നടത്തുന്നതെന്ന് ബൈഡന്റെ വക്താവ് പിന്നീട് അറിയിക്കുകയുണ്ടായി.
ജോ ബൈഡന് ഇപ്പോൾ 83 വയസുണ്ട്. 2021-25 കാലത്താണ് ബൈഡൻ പ്രസിഡന്റായിരുന്നു. ആ സമയത്ത് അധികാരത്തിലേറുന്ന ഏറ്റവും പ്രായമുള്ള അമേരിക്കൻ പ്രസിഡന്റായിരുന്നു. ഭരണകാലത്തും തുടർന്നുള്ള തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ ആരോഗ്യം പ്രധാന ചർച്ചാവിഷയമായിരുന്നു.
International
റിയാദ്: ഇറാനും യുഎസും തമ്മിൽ ചർച്ചയൊന്നും നടക്കുന്നില്ലെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ജൂലൈയിൽ ഇരു രാജ്യങ്ങളും സമ്മതിച്ച ഇടക്കാല ധാരണ അമേരിക്ക പാലിക്കാത്തിടത്തോളം ഇറാൻ ചർച്ചയ്ക്കു തയാറാകില്ല. അതേസമയം, ഇറാനും അമേരിക്കയും മധ്യസ്ഥരുടെ സഹായത്താൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഇറാനും ഒമാനും തമ്മിൽ ഉദ്ദേശിക്കുന്ന കരാർ അന്തിമഘട്ടത്തിലാണ്. എന്നാൽ ഈ കരാർ ഉണ്ടായതുകൊണ്ടു മാത്രം ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് അരാഗ്ചി ആവർത്തിച്ചു. ഇറാന്റെ ഉപാധികൾ അമേരിക്ക അംഗീകരിച്ചാൽ മാത്രമേ കരാർ പ്രകാരം ഹോർമുസ് തുറക്കുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധത്തിലുണ്ടായ നാശത്തിന് അമേരിക്ക നഷ്ടപരിഹാരം നല്കുന്നതടക്കമുള്ള ഉപാധികളാണ് ഇറാൻ മുന്നോട്ടുവച്ചിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
International
ദുബായ്: ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് ഇറാനും ഒമാനും തമ്മിൽ നടത്തുന്ന ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയതായാണ് വിവരം. ഇറാനും ഒമാനും മാത്രം കൈകാര്യം ചെയ്യുന്ന താത്കാലിക ഗതാഗതപാത സംബന്ധിച്ച് ധാരണയിലെത്തിയെന്നാണ് ഇറാൻ അറിയിക്കുന്നത്.
അതേസമയം ഹോർമുസിൽ ഇറാന് മേൽക്കൈ അനുവദിക്കുന്ന ധാരണ അംഗീകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. കരാർ നടപ്പിലായേക്കാമെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ട് ദിവസത്തിനുള്ളിൽ ഒരു ധാരണയുണ്ടായേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹോർമുസിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി 'മിഡിൽ കോറിഡോർ' നടപ്പാക്കുന്നതിനെ കുറിച്ചാണ് ഇറാനും ഒമാനും ചർച്ച ചെയ്യുന്നത്.
എന്നാൽ അമേരിക്കയുടെ ഇടപെടലാണ് കരാർ വൈകുന്നതിന് പ്രധാന കാരണമെന്ന് ഇറാൻ കുറ്റപ്പെടുത്തി. ചർച്ച പുരോഗമിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞു.
NRI
ന്യൂയോർക്ക്: ചരിത്രം രചിക്കുന്ന ഫൊക്കാന കൺവൻഷനിൽ കളിവിളക്കുകൾ മിഴി തുറക്കുമ്പോൾ, പ്രതിഭയുടെ തിളക്കങ്ങൾ വിളിച്ചോതുന്ന കലാ മാമാങ്കം ആയി "അമേരിക്ക ഗോട്ട് ടാലെന്റ്റ് " മാറുന്നു. മൂന്നു ദിവസം നീളുന്ന ഫൊക്കാന കൺവെൻഷനിൽ രണ്ടാം ദിവസത്തെ ഏറെ ആസ്വാദ്യകരമായ ഈ കലാ സദ്യ ഒരുക്കുന്നത് അമേരിക്കയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വ്യത്യസ്ത കലാകാരന്മാരുടെ ഒരു വൻപിച്ച കൂട്ടായ്മയാണ്.
നൃത്തം, കോമഡി സ്കിറ്റുകൾ, ഗാനങ്ങൾ, വൃന്ദ വാദ്യം, നാടൻ കലാ രൂപങ്ങൾ, മാജിക് ഷോ തുടങ്ങി രണ്ടരമണിക്കൂർ നേരം കാണികളെ ഉത്സവ ലഹരിയിൽ ആറാടിക്കാൻ പോരുന്ന ഇനങ്ങൾ വേദിയിൽ അരങ്ങേറും.
ഈയടുത്തു നമ്മെ വിട്ടുപിരിഞ്ഞ മലയാളത്തിന്റെ സ്വന്തം കാണാക്കുയിൽ പ്രശസ്ത ഗായിക എസ് ജാനകിക്കു വേണ്ടി ഫൊക്കാനയുടെ പ്രത്യേക ഗാനാർച്ചനയും ഈ പ്രോഗ്രാമിൽ ഉണ്ടാകും. ഫൊക്കാനയുടെ ചരിത്രത്തിലെ തന്നെ ആദ്യ സംരംഭമാണ് ഇത്തരത്തിലെ ഒരു കലാ മാമാങ്കം. അമേരിക്കയിലെ കഴിവുറ്റ കലാകാരന്മാരെയും കലാകാരികളെയും കോർത്തിണക്കി വൈവിധ്യമായ ഒരു കലാ വിരുന്നു സംഘടിപ്പിക്കുക എന്നത് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെയും, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താന്റെയും ഭാവനയിൽ വിരിഞ്ഞ മഹത്തായ ആശയമായിരുന്നു.
ഫൊക്കാനയുടെ പ്രവർത്തനങ്ങളുമായി അമേരിക്കയിലെ വിവിധ സംസ്ഥാങ്ങളിലൂടെ യാത്ര ചെയ്തപ്പോൾ കണ്ടെത്തിയ ഈ കലാകാരന്മാർക്ക് അർഹതപ്പെട്ട വേദി ഒരുക്കി കൊടുക്കേണ്ടത് തങ്ങളുടെ കർത്തവ്യമാണെന്നു ഞങൾ വിശ്വസിക്കുന്നു, സജിമോനും ശ്രീകുമാറും ഒരേ സ്വരത്തിൽ പറഞ്ഞു.
മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾ ഇതിനായി അണിയറിൽ കലാകാരന്മാർ നടത്തിക്കഴിഞ്ഞു. രണ്ടാം ദിവസം ഓഗസ്റ്റ് 7 വൈകുന്നേരം ആണ് "അമേരിക്ക ഗോട്ട് ടാലന്റ് " പ്രോഗ്രാം അരങ്ങേറുക.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയെ ഭീതിയിലാഴ്ത്തി ഇരുപത്തിമൂന്ന് സ്റ്റേറ്റുകളിൽ മാരക ഫംഗസ് ബാധ. സാധാരണ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ളതും ആഴ്ചകളോളം നിലനിൽക്കാൻ കഴിയുന്നതുമായ കാന്റിഡ ഓറിസ് എന്ന ഫംഗസ് ആണു വ്യാപകമായി പടരുന്നത്. ഫംഗസ് ബാധ ആരോഗ്യ മേഖലയ്ക്ക് വലിയ വെല്ലുവിളിയാണു സൃഷ്ടിക്കുന്നത്. ജൂലൈ 18 വരെയുള്ള കണക്കുകൾ പ്രകാരം മൂവായിരത്തിലേറെ കേസുകളാണ് രാജ്യത്തു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 706 കേസുകൾ റിപ്പോർട്ട് ചെയ്ത ടെക്സസ് ആണ് പട്ടികയിൽ മുന്നിൽ. മിഷിഗൺ (503), ഇല്ലിനോയി (366) എന്നീ സ്റ്റേറ്റുകളാണു തൊട്ടുപിന്നിൽ.
പ്രധാനമായും ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, ദീർഘകാല പരിചരണകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് കാന്റിഡ ഓറിസ് പടരുന്നത്. വെന്റിലേറ്ററുകൾ, ഫീഡിംഗ് ട്യൂബുകൾ, സെൻട്രൽ ഐവി ലൈനുകൾ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുന്ന രോഗികളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.
ആരോഗ്യമുള്ള വ്യക്തികൾക്ക് ഫംഗസ് മൂലമുള്ള ഭീഷണി കുറവാണ്. എന്നാൽ പ്രതിരോധശേഷി കുറഞ്ഞവരിലും ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളിലും രക്തധമനികളിലേക്ക് പടർന്ന് ജീവനുതന്നെ ഭീഷണിയാകുന്ന തരത്തിലുള്ള അണുബാധയുണ്ടാക്കാം.
നേരത്തെ, അമിതമായി ആന്റിബയോട്ടിക്കുകളോ ആന്റിഫംഗൽ മരുന്നുകളോ ഉപയോഗിച്ചിട്ടുള്ളവരിലും പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് അണുബാധയ്ക്ക് സാധ്യത കൂടുതൽ. കാന്റിഡ ഓറിസിനെ കൂടുതൽ അപകടകാരിയാക്കുന്നത് മരുന്നിനെ പ്രതിരോധിക്കാനുള്ള ശേഷിയാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
International
ലോസ് ആഞ്ചലസ്: അമേരിക്കൻ പ്രസിഡന്റ ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഗോൾഫ് കളിസ്ഥലത്തിനു സമീപം ആയുധവുമായി ഒരാൾ അറസ്റ്റിലായി. ലോസ് ആഞ്ചലസിലെ റാഞ്ചോ പാലോസ് വെർദെയിലുള്ള ‘ട്രംപ് നാഷണൽ ഗോൾഫ് കോഴ്സിൽ’ ട്രംപ് സന്ദർശനത്തിനെത്തുന്നതിനു മുന്പായിരുന്നു സംഭവം.
ഷെനീൻ ജോൺ തായേൽ എന്ന മുപ്പത്തെട്ടുകാരനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽനിന്ന് തോക്കും മറ്റ് നിരോധിത ആയുധങ്ങളും കണ്ടെടുത്തു. പിന്നീട് വീട്ടിൽ നടത്തിയ തെരച്ചിലിൽ കൂടുതൽ തോക്കുകളും വെടിയുണ്ടകളും കണ്ടെത്തി.
ഗോൾഫ് കളിസ്ഥലത്തു പ്രവേശിച്ച ഇയാൾ ഫോട്ടോകളും വീഡിയോകളും പകർത്തുകയും സുരക്ഷാ സംവിധാനങ്ങൾ നിരീക്ഷിക്കുയും ചെയ്തു. മഫ്റ്റിയിലായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. 25 കിലോമീറ്റർ അകലെയുള്ള ഒരു പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ ഒരു മോഷണക്കേസുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
റിപ്പബ്ലിക്കൻ പാർട്ടിക്കു ഫണ്ട് കണ്ടെത്താനായി ട്രംപ് ചൊവ്വാഴ്ച ഈ ഗോൾഫ് കോഴ്സിൽ