ബാഗ്ദാദ്: അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ബാഗ്ദാദിൽ വച്ച് ആയുധധാരികൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. ബാഗ്ദാദിലെ തിരക്കേറിയ ഒരു തെരുവിൽ വച്ച് തോക്കുമായെത്തിയ സംഘം ഇവരെ ബലമായി കാറിൽ നിന്നും പിടിച്ചിറക്കികൊണ്ടു പോവുകയായിരുന്നു.
സംഭവത്തിൽ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇവരെ തട്ടികൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഒരു വിദേശ മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടുപോയതായി ഇറാഖ് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ തട്ടിക്കൊണ്ടുപോകപ്പെട്ടയാളുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ല. തട്ടിക്കൊണ്ടുപോകപ്പെട്ട മാധ്യമപ്രവർത്തക യുഎസ് പൗരത്വമുള്ള ഒരു സ്ത്രീയാണെന്ന് രണ്ട് ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ട് വാഹനങ്ങളിലായെത്തിയവരാണ് സംഭവത്തിന് പിന്നിലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പിന്തുടർന്നപ്പോൾ കാറുകളിലൊന്ന് അപകടത്തിൽപ്പെട്ടുവെന്നും അധികൃതർ പറഞ്ഞു. രണ്ടാമത്തെ കാർ മാധ്യമപ്രവർത്തകയുമായി ബാഗ്ദാദിന്റെ തെക്ക് ഭാഗത്തേക്ക് കടന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
നിലവിലെ ഇറാൻ-യുഎസ്, ഇസ്രയേൽ സംഘർഷവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. എന്നാൽ സംഘർഷം ആരംഭിച്ചതുമുതൽ ഇറാഖിലെ ഇറാൻ പിന്തുണയുള്ള സംഘങ്ങൾ യുഎസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നേരെ ആക്രമണം പതിവായി നടത്തുന്നുണ്ട്.
യുദ്ധം ആരംഭിച്ചതുമുതൽ, തട്ടിക്കൊണ്ടുപോകൽ സാധ്യതയെക്കുറിച്ച് യുഎസ് എംബസി മുന്നറിയിപ്പ് നൽകുകയും പൗരന്മാരോട് രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര വാർത്താ ഏജൻസികൾക്കായി മിഡിൽ ഈസ്റ്റിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും വാർത്ത റിപ്പോർട്ട് ചെയ്യുന്ന അമേരിക്കൻ അവാർഡ് ജേതാവായ ഫ്രീലാൻസ് ജേണലിസ്റ്റാണ് ഷെല്ലി കിറ്റിൽസൺ.
സംഘർഷ മേഖലകളിൽ നിന്നുള്ള ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് ഇവർ ഏറെ പ്രശസ്തയാണ്. ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വാർത്തകൾ വിവിധ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങൾക്കായി അവർ എഴുതിയിട്ടുണ്ട്.
Tags : Shelly Kittleson Award-Winning Journalist america Kidnapped Baghdad