നാൻസി ഗ്രേസ് റോമൻ സ്പേസ് ടെലിസ്കോപ്പിന്റെ നാസ പുറത്തുവിട്ട ചിത്രം
വാഷിംഗ്ടൺ: പ്രപഞ്ചത്തിലെ വിദൂര തമോഗർത്തങ്ങളെയും അവ നക്ഷത്രങ്ങളെ വിഴുങ്ങുന്ന അപൂർവ പ്രതിഭാസങ്ങളെയും കണ്ടെത്താൻ നാസയുടെ പുതിയ ബഹിരാകാശ ദൂരദർശിനി ഒരുങ്ങുന്നു.
‘നാൻസി ഗ്രേസ് റോമൻ സ്പേസ് ടെലിസ്കോപ്പ്’എന്നു പേരിട്ടിരിക്കുന്ന ഈ ദൂരദർശിനിക്ക് ഏകദേശം 11 ശതകോടി വർഷങ്ങൾക്കുമുന്പ് നിലനിന്നിരുന്ന പുരാതന തമോഗർത്തങ്ങളെപ്പോലും കണ്ടെത്താൻ സാധിക്കുമെന്നാണ് പുതിയ ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. അടുത്ത മാസം 30നാണ് ഇതിന്റെ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്.
തമോഗർത്തങ്ങൾ നക്ഷത്രങ്ങളെ വലിച്ചുകീറി വിഴുങ്ങുന്ന ടൈഡൽ ഡിസ്റപ്ഷൻ ഇവന്റ് (ടിഡിഇ) എന്ന പ്രതിഭാസത്തെ നിരീക്ഷിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. നക്ഷത്രങ്ങൾ ഇത്തരത്തിൽ വിഴുങ്ങപ്പെടുമ്പോൾ പുറപ്പെടുന്ന ശക്തമായ പ്രകാശം വഴിയാണ് സാധാരണയായി ദൃശ്യമാകാത്ത ഭാരം കുറഞ്ഞ തമോഗർത്തങ്ങളെ തിരിച്ചറിയുന്നത്. പ്രപഞ്ച വികാസം മൂലം നീളം കൂടിയ തരംഗദൈർഘ്യമായി മാറിയ പ്രകാശകിരണങ്ങളെ കണ്ടെത്താൻ ഇൻഫ്രാറെഡ് സാങ്കേതികവിദ്യയാണ് ഈ ദൂരദർശിനിയിൽ ഉപയോഗിക്കുന്നത്.
പ്രതിവർഷം നൂറോളം ടിഡിഇ പ്രതിഭാസങ്ങൾ കണ്ടെത്താൻ റോമൻ ദൂരദർശിനിക്കു സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. ജെയിംസ് വെബ് ദൂരദർശിനി പ്രപഞ്ചത്തിലെ ആദ്യകാല ഗാലക്സികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയതുപോലെ, പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ചുള്ള മുൻകാല രഹസ്യങ്ങൾ ചുരുളഴിക്കാൻ റോമൻ ദൂരദർശിനിയുടെ വിക്ഷേപണത്തോടെ സാധിക്കുമെന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് 2 (എൽ2)ലാണ് ഈ ദൂരദർശിനി വിന്യസിക്കുന്നത്. ഈ സ്ഥാനം തടസമില്ലാത്തതും വിശാലവുമായ ആകാശക്കാഴ്ച ഇതിനു നൽകുന്നു.
Tags : NASA Roman star trails Blackholes NancyGraceRoman Space Telescope Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews