അമേരിക്കൻ പ്രസിഡന്റ് ട്രംപ്.
വാഷിംഗ്ടൺ ഡിസി: കാട്ടുതീയുടെ പേരിൽ കാനഡയ്ക്കുമേൽ പുതിയ ചുങ്കം ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്.
കാനഡയിലെ കാട്ടുതീകളിൽനിന്നുള്ള പുക അമേരിക്കൻ നഗരങ്ങളിൽ വലിയ വായു മലിനീകരണത്തിന് ഇടയാക്കിയിരിക്കേയാണ് ഈ ഭീഷണി.
വായു മലിനീകരണത്തിൽ ഡിട്രോയിറ്റ് നഗരം ഒന്നാമതെത്തിയിരുന്നു. ഒട്ടേറെ അമേരിക്കൻ നഗരങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന നിർദേശമുണ്ടായി.
ഈ സാഹചര്യം അംഗീകരിക്കാനാവില്ലെന്ന് ട്രംപ് പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയെ ഫോണിൽ വിളിച്ച് എന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് ചോദിക്കും.
അഴുക്കായ, മാലിനമായ, അനാരോഗ്യകരമായ വായു അമേരിക്കയെ അധിനിവേശം ചെയ്യുന്നു. വനപരിപാലനം മര്യാദയ്ക്കു ചെയ്യാത്ത കാനഡയ്ക്കാണ് ഇതിന്റെ ഉത്തരവാദിത്വം.
എല്ലാ വർഷവും ഇതാവർത്തിക്കുന്നു. കാനഡ മനഃപൂർവം വീഴ്ച വരുത്തുകയാണ്. അമേരിക്കയ്ക്ക് ശതകോടിക്കണക്കിനു ഡോളർ നഷ്ടമാണുണ്ടാകുന്നത്. ആ തുക കാനഡയ്ക്കുമേൽ ചുങ്കം ചുമത്തി വീണ്ടെടുക്കണമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, കാട്ടുതീ തടയാനും വനപരിപാലനത്തിനുമായി 2020 മുതൽ 856 കോടി ഡോളറാണ് ചെലവഴിച്ചിട്ടുള്ളതെന്ന് കനേഡിയൻ സർക്കാർ പ്രതികരിച്ചു. കാനഡയിലോ അമേരിക്കയിലോ കാട്ടുതീ ദുരന്തമുണ്ടായാൽ ഒരുമിച്ചു നേരിടുന്നതാണ് ചരിത്രമെന്നും കൂട്ടിച്ചേർത്തു.
Tags : Wildfires Trump IncreaseTariffs Canada threatens