പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. കരട് പട്ടിക ജൂലൈ 21നും അന്തിമ പട്ടിക ഓഗസ്റ്റ് 19നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു.
തെരഞ്ഞെടുത്ത അംഗങ്ങളുടെ അയോഗ്യത, രാജി, മരണം എന്നിവ വഴിയുണ്ടായ ഒഴിവുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്താനാണ് വോട്ടർപട്ടിക പുതുക്കുന്നത്. കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ജൂലൈ 21 മുതൽ ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം. 2026 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്തികഞ്ഞവർക്ക് പേര് ചേർക്കാം. ഓണ്‍ലൈനായി www.sec.kerala.gov.in
വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. പട്ടികയിലെ ഉള്ളടക്കത്തിൽ ഭേദഗതിവരുത്താനും നിയോജക മണ്ഡലം, വാർഡ് എന്നിവയിൽ മാറ്റം വരുത്താനുമുള്ള അപേക്ഷകളും ഓണ്‍ലൈൻ ആയി നൽകാം. പേര് ഒഴിവാക്കാൻ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷകളുടെ പ്രിന്റ് ഔട്ട് നേരിട്ടോ തപാൽവഴിയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം.
കോർപറേഷനിൽ അഡീഷണൽ സെക്രട്ടറിയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാർഡുകളിൽ അതത് സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ. കരട് പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലുംവില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.
പ്രവാസി വോട്ടർമാരുടെ അപേക്ഷകൾ ഫോം 4 എയിൽ ഓണ്‍ലൈനായി സ്വീകരിച്ച് പ്രത്യേക വോട്ടർപട്ടിക തയാറാക്കും. അതിനുള്ള ഫോം കമ്മീഷന്റെ വെബ് സൈറ്റിലുണ്ട്.
കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലെ രണ്ട് കോർപറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്), മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ (തൃശൂർ, പാലക്കാട്, കണ്ണൂർ), മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), 7 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾഎന്നിവയിലാണ് ഒഴിവ്.
Tags : Byelection Voter revised LocalWards Voterpattika Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews