പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അസിസ്റ്റന്‍റ് പൊലിസ് കമ്മിഷണര്‍ (എസിപി) ഉള്‍പ്പടെയുള്ള ഡല്‍ഹി പൊലിസുകാരുടെ പരസ്യ പ്രതിഷേധം. ഗാന്ധി നഗര്‍ സബ് ഡിവിഷനിലെ എസിപി മാനസ്വി വസിഷ്ഠ, ഷഹ്ദാര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാര്‍ എന്നിവരുടെ സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ ഡല്‍ഹി പൊലിസ് ആസ്ഥാനത്തിന് പുറത്ത് ഉദ്യോഗസ്ഥര്‍ പരസ്യ പ്രതിഷേധം നടത്തിയത്.
രാവിലെ എട്ടോടെ ഉദ്യോഗസ്ഥര്‍ പൊലിസ് ആസ്ഥാനത്തെ ഗേറ്റ് നമ്പര്‍ ഒന്നിന് പുറത്തുള്ള റോഡില്‍ ഒത്തുകൂടി കുത്തിരുന്ന് പ്രതിഷേധം തുടങ്ങി. രണ്ട് ഉദ്യോഗസ്ഥരെയും പഴയ സ്റ്റേഷനിലേക്കും തസ്തികകളിലേക്കും തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 100 ഓളം പൊലിസുകാര്‍ പ്ലക്കാര്‍ഡുകളും പോസ്റ്ററുകളും പിടിച്ച് തെരുവിലിറങ്ങിയായിരുന്നു പ്രതിഷേധം നടത്തിയത്.
സമരക്കാരെപ്പോലെ പെരുമാറരുത്
ഡിസിപി സച്ചിന്‍ ശര്‍മ്മ പ്രതിഷേധിക്കുന്ന പൊലിസുകാരോട് സമരക്കാരെപ്പോലെ പെരുമാറരുത് എന്ന് ഓര്‍മിപ്പിക്കുകയും അച്ചടക്കം പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. റോഡില്‍ പ്രകടനം നടത്തുന്നതിനുപകരം ആസ്ഥാനത്തിനുള്ളില്‍ പൊലിസ് കമ്മിഷണറെ കണ്ട് പരാതികള്‍ ഉന്നയിക്കാന്‍ സച്ചിന്‍ ശര്‍മ്മ പ്രതിഷേധക്കാരെ പ്രേരിപ്പിച്ചെങ്കിലും ആദ്യം അത് പരാജയപ്പെട്ടിരുന്നു.
സ്ഥലംമാറ്റ ആശങ്കകള്‍ ഉന്നയിക്കുന്നതിനായി കമ്മിഷണര്‍ പുറത്തേക്ക് നേരിട്ടെത്തണമെന്നും ഉദ്യോഗസ്ഥരുടെ ഒരു കൂടിക്കാഴ്ചയും ഇന്‍റാക്ടീവ് സെഷനും വേണമെന്നുമായിരുന്നു പ്രതിഷേധകാരുടെ ആവശ്യം. എന്നാല്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരാരും ഇതിനോട് പ്രതികരിച്ചില്ല. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്, ആസ്ഥാനത്തിന് ചുറ്റുമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തി. മുന്‍കരുതല്‍ നടപടിയായി അര്‍ധസൈനികരെയും വിന്യസിച്ചു.
ഇന്ന് ഉച്ചയ്ക്ക് പ്രതിഷേധം താല്‍ക്കാലികമായി നിര്‍ത്തി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ തരണ്‍ജീത് സിംഗ് സന്ധുവിനെ കാണാന്‍ പ്രതിഷേധകാര്‍ പോയിരുന്നുവെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ചൊവ്വാഴ്ച വൈകിട്ട് നാലിന് കിംഗ്സ്വേ ക്യാമ്പിലെ ഉത്സവ് സദനില്‍ ഡല്‍ഹി പൊലിസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താമെന്ന് അദ്ദേഹം അറിയിച്ചു.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എല്ലാ ജില്ലകളില്‍ നിന്നും മൂന്ന് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പേരുകള്‍ നിര്‍ദേശിക്കാന്‍ സര്‍ക്കുലര്‍ നല്‍കി. ക്രൈംബ്രാഞ്ച്, സ്‌പെഷ്യല്‍ ബ്രാഞ്ച്, സ്‌പെഷ്യല്‍ സെല്‍, വിജിലന്‍സ്, പൊലിസ് അക്കാദമി, ആന്‍റി നാര്‍കോട്ടിക് ടാസ്‌ക്‌ഫോഴ്‌സ് വിഭാഗങ്ങളുടെ പ്രതിനിധികളെ അയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
അഭിഭാഷകനുമായുള്ള സംഘര്‍ഷവും സ്ഥലംമാറ്റവും
ഒക്ടോബര്‍ 23ന് ഷഹ്ദാര പൊലിസ് സ്റ്റേഷനിലെ സംഘര്‍ഷത്തിനിടെ ഒരു അഭിഭാഷകന്‍റെ തലയ്ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതി അഭിഭാഷകര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഇതോടെ ഒക്ടോബര്‍ 28ന് എസിപി മാനസ്വിയെയും എസ്എച്ച്ഒ അരുണിനെയും സ്ഥലംമാറ്റ ശിക്ഷ നല്‍കി പൊലിസ് വകുപ്പ് അഭിഭാഷകരുടെ സമരത്തെ ഒത്തുതീര്‍പ്പിലാക്കി.
കോടതി പരിസരങ്ങളിലും പൊലിസ് സ്റ്റേഷനുകളിലും ഉദ്യോഗസ്ഥര്‍ നിരന്തരം അഭിഭാഷകരുടെ അക്രമങ്ങള്‍ക്കും ഭീഷണികള്‍ക്കും ഇരയാകുന്നുണ്ട്. എന്നാല്‍ നടപടി എപ്പോഴും പൊലിസുകാര്‍ക്കെതിരെ മാത്രമാണ് ഉണ്ടാകുന്നതെന്നും പ്രതിഷേധിച്ച പൊലിസ് ഉദ്യാഗസ്ഥര്‍ ആരോപിക്കുന്നു. മുന്‍പ് 2019-ലും സമാനമായ രീതിയില്‍ അഭിഭാഷകരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 2,000-ത്തിലധികം ഉദ്യോഗസ്ഥര്‍ പൊലിസ് ആസ്ഥാനത്ത് വലിയ പ്രതിഷേധം നടത്തിയിരുന്നു.
Tags : Protest ACP Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash