AI Image for representation
കൊച്ചി: ചെറായി ഭാഗത്തെ പാടശേഖരത്തിൽ മുതലയെ കണ്ടെന്ന് മത്സ്യത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ. പെരുമ്പടന്ന സ്വദേശിയായ സത്യൻ എന്ന മത്സ്യത്തൊഴിലാളിയാണ് മുതലയെ കണ്ടത്.
കഴിഞ്ഞദിവസം രാത്രി ചെറായി പാടത്തെ ഒന്നാം തുമ്പ് എന്നറിയപ്പെടുന്ന പാടശേഖരത്തിൽ മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ ആണത്രേ മുതലയെ കണ്ടത്. തുടർന്ന് ഭയപ്പെട്ട ഇയാൾ കായലിൽ നീട്ടിയിട്ടിരുന്നുവല എടുക്കാതെ തിരിച്ചുപോരുകയും പിറ്റേന്ന് രാവിലെ ചെന്ന് വല എടുക്കുകയുമാണ് ചെയ്തത്.
സാമാന്യം വലിപ്പമുള്ള മുതല വെള്ളത്തിൽ മുകളിലേക്ക് പൊങ്ങി നീന്തുന്നതാണ് ഇയാൾ കണ്ടത്. ഇതോടെ ഈ ഭാഗത്ത് വല നീട്ടിയും മുങ്ങിത്തപ്പിയും മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾ പരിഭ്രാന്തരായിരിക്കുകയാണ്.
കുറെനാൾ മുമ്പ് ഈ ഭാഗത്ത് മുതലക്കുഞ്ഞിനെ കണ്ടതായി ആ ഇടക്ക് മത്സ്യത്തൊഴിലാളികൾ പറഞ്ഞിരുന്നു. കിഴക്കൻ മലവെള്ളപ്പാച്ചിലിൽ പെരിയാറിലൂടെ ഒഴുകി ചെറായി പുഴ വഴി പാടശേഖരത്തിൽ എത്തിയതായിരിക്കാം എന്നായിരുന്നു അന്നത്തെ നിഗമനം. എന്നാൽ പിന്നീട് ഇതുവരെ ആരും ഇതിനെ കണ്ടിരുന്നില്ല.
ഈ ഭാഗത്ത് നേരത്തെ നീർനായക്കൂട്ടങ്ങളുടെ ശല്യം ഉണ്ടായിരുന്നതാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. എന്നാൽ സമീപകാലത്തായി ഇത് കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ നീർ നായകളെ മുതല പിടിച്ചു തിന്നതായിരിക്കാം എന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. അതേസമയം ഇക്കാര്യം ഇവിടത്തെ ചെമ്മീൻ കിട്ടുകാരോട് പറഞ്ഞെങ്കിലും അവർ കാര്യമായി ഗൗരവത്തിൽ എടുത്തിട്ടില്ലത്രേ. സംഭവത്തിൽ സത്യമുണ്ടോയെന്ന് വനം വകുപ്പ് അധികൃതർ പരിശോധിക്കണമെന്ന് നാട്ടുകാരും മത്സ്യത്തൊഴിലാളികളും ആവശ്യപ്പെട്ടു.
Tags : Crocodile Cherai PaddyFields Fishermen