ജർമനിയിലെ ജെൻ സി പ്രതിഷേധം അക്രമാസക്തമായപ്പോൾ.
ഫ്രാങ്ക്ഫർട്ട്: ജെൻ-സീ സമരക്കാർക്കിടയിൽ തീവ്രവാദികൾ നുഴഞ്ഞുകയറിയതായി ജർമനി. സമാധാനപരമായ പ്രതിഷേധങ്ങളെ തീവ്ര ഇടതുപക്ഷ വിഭാഗങ്ങളും പുറത്തുനിന്നുള്ള തീവ്രവാദസംഘങ്ങളും കുടിയേറ്റക്കാർക്കിടയിലെ പ്രശ്നക്കാരും ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ് പറഞ്ഞു. ഫ്രാൻസിൽ അരങ്ങേറിയ അക്രമങ്ങളും കൊള്ളയും ജർമനിയുടെ മണ്ണിൽ അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി മുന്നറിയിപ്പുനൽകി.
അതേസമയം, സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണു തങ്ങളുടെ സമരമെന്ന് 'ജെൻ സീ റെഗെൽറ്റ്' സംഘടനാവക്താക്കൾ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ജനക്ഷേമ മേഖലകൾക്കു കൂടുതൽ ഫണ്ട് അനുവദിക്കുക, ജീവിതച്ചെലവു കുറയ്ക്കുക, നിർബന്ധിത സൈനിക സേവനം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു യുവജനങ്ങളുടെ പ്രക്ഷോഭം. എന്നാൽ നുഴഞ്ഞുകയറിയ ചില അക്രമികൾ തങ്ങളുടെ യഥാർഥ ആവശ്യങ്ങളെ അട്ടിമറിച്ചതായി സംഘാടകർ കുറ്റപ്പെടുത്തി.
രാജ്യത്തെ മുപ്പത്തിനാലോളം നഗരങ്ങളിലാണ് ആയിരക്കണക്കിനു യുവജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. എന്നാൽ, സമാധാനപരമായിരുന്ന പ്രക്ഷോഭം രാത്രിയോടെ അക്രമാസക്തമായി മാറി. ഫ്രാങ്ക്ഫർട്ട്, കൊളോൺ, ബെർലിൻ തുടങ്ങിയ പ്രധാന നഗരങ്ങളിൽ രാത്രിയോടെ വ്യാപക അക്രമങ്ങളും കൊള്ളകളും അരങ്ങേറി. ഫ്രാങ്ക്ഫർട്ടിൽ കടകളുടെ ചില്ലുകൾ തകർക്കുകയും കൊള്ളയടിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് പെട്രോൾ ബോംബുകൾ എറിഞ്ഞു.
അക്രമികൾക്കെതിരേ പൊലിസ് ജലപീരങ്കികൾ പ്രയോഗിക്കുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യൂറോപ്പിലുടനീളം യുവജനങ്ങൾക്കിടയിൽ രൂപംകൊണ്ടിരിക്കുന്ന പ്രതിഷേധതരംഗത്തിന്‍റെ ഭാഗമായാണു ജർമനിയിലെ സംഭവങ്ങളും വിലയിരുത്തപ്പെടുന്നത്.