ലെയോ പതിനാലാമൻ മാർപാപ്പ
വത്തിക്കാൻ സിറ്റി: റഷ്യൻ അധിനിവേശത്തിലുള്ള യുക്രെയ്നിലെ ഓലെഷ്കി നഗരത്തിൽ വിജയകരമായി പൂർത്തിയാക്കിയ മാനുഷിക ദൗത്യത്തിനു പിന്നാലെ, യുദ്ധം അവസാനിപ്പിക്കാൻ കൂടുതൽ ചർച്ചകൾക്കും സമാധാന സംരംഭങ്ങൾക്കും ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്നലെ ത്രികാല പ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
കഴിഞ്ഞ ദിവസങ്ങളിൽ ഓലെഷ്കിയിലെ സാധാരണക്കാരെ സഹായിക്കാനായി ഒരു മാനുഷികദൗത്യം വിജയകരമായി നടപ്പിലാക്കുകയുണ്ടായി. ഈ ദൗത്യം സാധ്യമാക്കിയ ഇരുപക്ഷത്തിന്റെയും സഹകരണം വരുംദിവസങ്ങളിൽ കൂടുതൽ ഫലപ്രദമായ ചർച്ചകൾക്കും സമാധാനത്തിനായുള്ള പുതിയ തുടക്കങ്ങൾക്കും വഴിവയ്ക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. ലോകമെമ്പാടും യുദ്ധങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന എല്ലാ മനുഷ്യരെയും സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ കന്യകമറിയത്തിനു സമർപ്പിക്കുന്നു- മാർപാപ്പ പറഞ്ഞു.
ലെയോ പതിനാലാമൻ മാർപാപ്പയും അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപും നടത്തിയ ശക്തമായ ഇടപെടലുകളുടെ ഫലമായാണ് കഴിഞ്ഞദിവസങ്ങളിൽ പ്രാദേശിക വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഓലെഷ്കി നഗരത്തിൽ കുടുങ്ങിക്കിടന്ന നൂറുകണക്കിന് ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തത്.
ദുരിതാശ്വാസസഹായം എത്തിക്കുന്നതിനും ആളുകളെ ഒഴിപ്പിക്കുന്നതിനും അനുമതി നൽകണമെന്നു മാർപാപ്പ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനോട് ഫോൺ വഴി വ്യക്തിപരമായി അഭ്യർഥിച്ചിരുന്നു. ഒഴിപ്പിക്കലിനോടൊപ്പം ഭക്ഷണവും കുടിവെള്ളവും മരുന്നുകളും ഉൾപ്പടെയുള്ള അടിയന്തര അവശ്യവസ്തുക്കളും നഗരത്തിൽ ശേഷിക്കുന്ന ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.
ഒഴിപ്പിച്ചവരുടെ കൃത്യമായ കണക്ക് സുരക്ഷാ കാരണങ്ങളാൽ പുറത്തുവിട്ടിട്ടില്ലെങ്കിലും 750ലധികം ആളുകളെ പ്രദേശത്തുനിന്ന് സുരക്ഷിത താവളങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ പുതിയ ചർച്ചകൾക്ക് ഈ നീക്കം വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ആഗോളസമൂഹം.
Tags : Pope calls for intensification Deepika DeepikaNewspaper Pope calls for intensification of peace efforts in Ukraine