ഡെപ്യൂട്ടി കമ്മീഷണര്‍ അരുണ്‍ കെ. പവിത്രന്
കൊച്ചി: കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2026ലെ കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷതാ പതക് പുരസ്കാരത്തിന് കൊച്ചി സിറ്റി ക്രമസമാധാന വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ അരുണ്‍ കെ. പവിത്രന് അര്‍ഹനായി.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്ഷിക ദിനമായ ഒക്ടോബര്‍ 31ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. കൊച്ചി ഡിസിപിയെ കൂടാതെ കേരളത്തില്‍നിന്ന് തൃശൂര്‍ റേഞ്ച് ഡിഐജി ടി. നാരായണന്, ഇന്‍സ്പെക്ടര്‍മാരായ പി.കെ. ജിജീഷ്, കെ.ആര്. രഞ്ജിത്, പി. വിഷ്ണു എന്നിവരും പുരസ്കാരത്തിന് അര്‍ഹരായി.
സ്പെഷല്‍ ഓപ്പറേഷന്‍സ്, കുറ്റാന്വേഷണം, ഫോറന്‍സിക് സയന്‍സ്, ഇന്റലിജന്‍സ് എന്നീ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വര്‍ഷംതോറും ഈ പുരസ്കാരം നല്‍കുന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നു കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍നിന്നുമായി കുറ്റാന്വേഷണ വിഭാഗത്തില്‍ ആകെ 123 ഉദ്യോഗസ്ഥരാണ് ഇത്തവണ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
Tags : Arun K. Pavithran