നിക്ഷേപകർക്ക് പ്രതീക്ഷ പകർന്ന് ഓഹരി സൂചികകളിൽ ശക്തമായ തിരിച്ചുവരവ്. മുൻനിര ഇൻഡെക്സുകൾ രണ്ട് ശതമാനത്തോളം ഉയർന്നു. തുടർച്ചയായ നഷ്ടങ്ങൾക്കുശേഷം ഇന്ത്യൻ വിപണി പ്രതീക്ഷകളോടെ നവംബറിനെ ഉറ്റുനോക്കുന്നു.
സെൻസെക്സ് 1335.70 പോയിന്റും നിഫ്റ്റി 453.10 പോയിന്റും നേട്ടത്തിലാണ്. ടെക്നോളജി, ഫാർമ ഓഹരികൾ മികച്ച മുന്നേറ്റം കാഴ്ചവച്ചപ്പോൾ ബാങ്കിംഗ് മേഖലയിലെ ഓഹരികളിൽ ചാഞ്ചാട്ടം ദൃശ്യമായി. രണ്ടാഴ്ചയായി തളർച്ചയിൽ അമർന്ന വിപണിക്ക് പുതുജീവൻ പകർന്നത് ഫാർമ ഓഹരികളാണ്. ഫാർമ മേഖല പകർന്നുനൽകിയ ഉന്മേഷത്തിൽ നിഫ്റ്റി ഫാർമ സൂചിക ഏഴ് ശതമാനം നേട്ടത്തിലാണ്.
നിഫ്റ്റി
നിഫ്റ്റി സൂചികയിൽ 730 പോയിന്റ് ചാഞ്ചാട്ടം. പിന്നിട്ട വാരത്തിലെ 22,600ൽനിന്ന് നേരിയ തളർച്ചയോടെയാണ് ഇടപാടുകൾക്ക് തുടക്കം കുറിച്ചത്. ആദ്യദിനത്തിൽ തന്നെ 22,535ലേക്ക് താഴ്ന്നെങ്കിലും വാരമധ്യത്തോടെ കരുത്ത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ 22,800നു മുകളിലെത്തി. എന്നാൽ പ്രതീക്ഷയ്ക്കൊത്ത് വാങ്ങൽ താത്പര്യം ഉയരാഞ്ഞതിനാൽ പെട്ടെന്ന് 22,500 റേഞ്ചിലേക്ക് തളർന്നു. തുടർന്നുണ്ടായ തിരിച്ചുവരവിൽ 23,118ലേക്ക് ഉയർന്നെങ്കിലും മുൻലക്കം സൂചിപ്പിച്ച 23,059 ലെ പ്രതിരോധം ക്ലോസിംഗിൽ മറികടക്കാനാവാതെ 23,053 പോയിന്റിലാണ്.
ഈ വാരം 22,587ലെ ആദ്യസപ്പോർട്ട് നിലനിർത്താനായാൽ 23,318ലേക്കും തുടർന്ന് 23,583-ലേക്കും മുന്നേറാം. വിൽപന സമ്മർദമുണ്ടായാൽ 22,121ലേക്ക് പരീക്ഷണം നടത്താം. നിലവിൽ സൂചിക 20 ഡിഎംഎ ആയ 22,707ന് മുകളിലെത്തിയത് പ്രതീക്ഷ പകരുന്നു. അതേസമയം, 50 ഡി എംഎ ആയ 23,254ലേക്ക് വാരത്തിന്റെ ആദ്യപകുതിയിൽ ഉയരാനായാൽ ദീപാവലി വേളയിൽ 23,688നെ നിഫ്റ്റി ഉറ്റുനോക്കാം.
നിഫ്റ്റി വാരാന്ത്യത്തിൽ 200 ആഴ്ചയിലെ മൂവിംഗ് ആവറേജായ 22,700 പോയിന്റിന് മുകളിലെത്തി. എന്നാൽ ദീർഘകാല സാങ്കേതിക ചലനങ്ങളിൽ ദൗർബല്യം പ്രകടമാണ്. ആ നിലയ്ക്ക് വീക്ഷിച്ചാൽ 23,300 -23,450 മറികടന്നാൽ മാത്രമേ ബുൾ റാലിക്ക് വിശ്വാസ്യത ലഭിക്കൂ. എംഎസി ഡി സിഗ്നൽ ലൈനിന് താഴേക്ക് നീങ്ങുന്നത് ദുർബലാവസ്ഥയുടെ സൂചനയാണ്.
നിഫ്റ്റി നവംബർ ഫ്യൂച്ചേഴ്സ് 22,661ൽനിന്ന് 23,099ലെത്തി. കരാർ വില ഉയർന്നതിനൊപ്പം വിപണിയിലെ ഓപ്പണ്‍ ഇന്ററസ്റ്റ് 85.5 ലക്ഷം കരാറിൽനിന്ന് 156.6 ലക്ഷമായി. വിലക്കയറ്റത്തിനൊപ്പം ഓപ്പണ്‍ ഇൻട്രസ്റ്റും ഉയർന്നെങ്കിലും ഇത് പുതിയ ലോംഗ് പൊസിഷനുകളുടെ സൂചനയായി കണക്കാക്കാനാവില്ല. ഒക്ടോബർ സീരീസിൽനിന്ന് നവംബറിലേക്കുള്ള റോൾ ഓവറും ഈ വർധനയ്ക്ക് കാരണമാവാമെന്നതിനാൽ ഒരു ബുൾ റാലിയുടെ സൂചനയായി വിലയിരുത്താനാവില്ല.
സെൻസെക്സ്
സെൻസെക്സ് 73,123ൽനിന്ന് ഓപ്പണിംഗ് വേളയിലെ വിൽപന സമ്മർദത്തിൽ 72,514ലേക്ക് ഇടിഞ്ഞു. വിദേശ ഫണ്ടുകൾ ഈ ഘട്ടത്തിൽ ഏകദേശം 1450 കോടി രൂപയുടെ വിൽപന നടത്തി. സൂചികയുടെ തകർച്ചയ്ക്കിടയിലും തെരഞ്ഞെടുത്ത ഓഹരികളിൽ നിക്ഷേപം നടത്താൻ അവർ തയാറായി. വാരമധ്യത്തിൽ ഏകദേശം 5000 കോടി രൂപയുടെ ഓഹരികൾ വാങ്ങിയ അവർ വെള്ളിയാഴ്ചയും 3600 കോടി രൂപ നിക്ഷേപിച്ചു. നവംബറിലേക്ക് പ്രവേശിക്കുന്പോൾ വിദേശ ഓപ്പറേറ്റർമാരുടെ ഈ മനംമാറ്റം ശ്രദ്ധേയമാണ്.
എന്നാൽ മാസങ്ങളായുള്ള കനത്ത വാങ്ങൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളിൽ മരവിപ്പ് ഉളവാക്കുന്നു. ഇതിന്റെ ലക്ഷണമാണോ രണ്ട് ദിവസങ്ങളിൽ അവർ നടത്തിയ വിൽപന. വാരാന്ത്യത്തിൽ സൂചിക 74,738 വരെ ഉയർന്നശേഷം 74,459 പോയിന്റിലാണ്. ഈ വാരം 75,293-76,127 മേഖലയിൽ പ്രതിരോധമുണ്ട്. വിപണി തളർന്നാൽ 73,069-71,679ൽ സപ്പോർട്ടുണ്ട്.
വിദേശ ഫണ്ടുകൾ 8710.76 കോടി രൂപയുടെ നിക്ഷേപവും 2406.09 കോടി രൂപയുടെ വിൽപനയും നടത്തി. ആഭ്യന്തര ഫണ്ടുകൾ 5177.33 കോടി രൂപയുടെ വാങ്ങലിനൊപ്പം 2067.54 കോടി രൂപയുടെ ബാധ്യത ഒഴിവാക്കി. ഒക്ടോബറിൽ ആഭ്യന്തര ഫണ്ടുകളുടെ നിക്ഷേപം 62,220 കോടി രൂപയാണ്. അതേസമയം, വിദേശ ഫണ്ടുകളുടെ വിൽപന 45,161 കോടി രൂപയും. ആഗോള സാന്പത്തിക സാഹചര്യങ്ങളും ആഭ്യന്തര കോർപറേറ്റ് മേഖലയിൽനിന്നുള്ള ത്രൈമാസ പ്രവർത്തനഫലങ്ങളും വിലയിരുത്തിയാകും അടുത്ത ഘട്ടത്തിൽ സൂചികകളുടെ ചുവടുവയ്പ്.
രൂപയിൽ അൽപം
ഡോളറിനെതിരേ കടുത്ത സമ്മർദം നേരിട്ടശേഷം രൂപയിൽ അൽപം ആശ്വാസം. മാസാരംഭത്തിൽ 96.80 വരെ ദുർബലമായ രൂപയെ പിടിച്ചുനിർത്താൻ കേന്ദ്രബാങ്ക് നടത്തിയ ഇടപെടലുകൾ ഫലം കണ്ടു. കഴിഞ്ഞവാരം 94.30ലേക്ക് ശക്തിപ്രാപിച്ചശേഷം രൂപ 94.94 നിലവാരത്തിലാണ്. നിലവിൽ 95.67ൽ പ്രതിരോധമുണ്ട്. കൂടുതൽ കരുത്താർജിച്ചാൽ 94.08 വരെ നീങ്ങാം. ക്രൂഡ് ഓയിൽ വില താഴ്ന്നാൽ രൂപ 93.10ലേക്ക് ചുവടുവെക്കാം.
സ്വർണം സമ്മർദത്തിൽ
മഞ്ഞലോഹത്തിൽ ഫണ്ടുകൾ ഷോർട്ട് പൊസിഷനുകൾ ഉയർത്തിയതോടെ സ്വർണം സമ്മർദത്തിലായി. ന്യൂയോർക്കിൽ ട്രോയ് ഔണ്‍സിന് 3995 ഡോളറിൽനിന്ന് 4075 ഡോളർ വരെ ഉയർന്നശേഷം 3875 ഡോളറിലാണ് സ്വർണത്തിന്റെ വ്യാപാരം.
Tags : stock market Business Entrepreneur Startup Market Money Commodity Enthusiasm in the stock