Business
കൊച്ചി: ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ട് 15 വര്‍ഷം പൂര്‍ത്തിയാക്കി സ്വര്‍ണപ്പണയ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്. 2011ല്‍ ലിസ്റ്റ് ചെയ്തതിനുശേഷം സ്ഥിരതയാര്‍ന്ന വളര്‍ച്ചയും പ്രവര്‍ത്തനമികവുമാണ് കമ്പനി കാഴ്ചവയ്ക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
കമ്പനിയുടെ വിപണിമൂല്യം 2011ലെ 6000 കോടി രൂപയില്‍നിന്നു 25 മടങ്ങ് വര്‍ധിച്ച് അടുത്തിടെ 1.5 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ലും കടന്നിരുന്നു. ഒരു ലക്ഷം കോടി രൂപയുടെ വിപണിമൂല്യം കടക്കുന്ന കേരളത്തില്‍നിന്നുള്ള ആദ്യ ലിസ്റ്റഡ് കമ്പനി കൂടിയാണ് മുത്തൂറ്റ് ഫിനാന്‍സ്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മാത്രം കമ്പനിയുടെ ഓഹരിവില ഇരട്ടിയിലധികമാണു വര്‍ധിച്ചിരിക്കുന്നത്. നിലവില്‍ മൂന്നു ലക്ഷത്തിലധികം ഓഹരി ഉടമകളുള്ള കമ്പനി 2012 മുതല്‍ എല്ലാ വര്‍ഷവും കൃത്യമായി ഡിവിഡന്റ് നല്കിവരുന്നു.
ഇതുവരെ ആകെ 1200 കോടി രൂപയാണു കമ്പനി ഡിവിഡന്റായി നല്‍കിയതെന്ന് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ചെയര്മാന് ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. ഗ്രൂപ്പിന്റെ 7,500 ലധികം ബ്രാഞ്ചുകളില്‍ 70 ശതമാനവും അര്‍ധനഗര- ഗ്രാമപ്രദേശങ്ങളിലാണ്.
Business
മുംബൈ: ആഗോള വിപണിയിലെ അനുകൂല തരംഗങ്ങളും ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവും ഇന്ത്യൻ ഓഹരി വിപണിക്കു കരുത്തായി.
ചാഞ്ചാട്ടങ്ങൾ നിറഞ്ഞ വ്യാപാരത്തിനൊടുവിൽ സെൻസെക്സ് 940.73 പോയിന്റ് (1.22%) ഉയർന്ന് 77,958.52 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 298.15 പോയിന്റ് (1.24%) നേട്ടത്തോടെ 24,330.95ൽ എത്തി.
യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നു എന്ന വാർത്തകളെത്തുടർന്ന് ആഗോള വിപണിയിലുണ്ടായ ഉണർവ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചു. വ്യാപാരത്തിന്റെ തുടക്കത്തിൽ സൂചികകൾ താഴ്ന്ന നിലയിലേക്ക് പോയെങ്കിലും പിന്നീട് ശക്തമായി തിരിച്ചുകയറുകയായിരുന്നു.
റിയൽറ്റി മേഖലയിലെ ഓഹരികളാണ് ഇന്ന് വിപണിയിൽ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ഇതിനു പുറമെ മെറ്റൽ, മിഡ്ക്യാപ്, ഹെൽത്ത് കെയർ, ഫാർമ മേഖലകളും മികച്ച നേട്ടമുണ്ടാക്കി. ഫിനാൻഷൽ സർവീസ്, എഫ്എംസിജി, ഓട്ടോ ഓഹരികളും വിപണിയുടെ കുതിപ്പിനു കരുത്തേകി.
അതേസമയം, ഐടി ഓഹരികൾ ഇന്നും സമ്മർദത്തിലായിരുന്നു. മീഡിയ, പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ എന്നിവയിൽ നേരിയ തോതിൽ ലാഭമെടുപ്പ് നടന്നതിനാൽ ഈ മേഖലകളിൽ നേരിയ തളർച്ച പ്രകടമായി.
ആഗോളതലത്തിൽ എണ്ണവില കുറയുന്നത് ഇന്ത്യയെപ്പോലുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് വലിയ ആശ്വാസമാണു നൽകുന്നത്. വരുംദിവസങ്ങളിലും വിപണിയിൽ ഈ പോസിറ്റീവ് ട്രെൻഡ് തുടരുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.
Business
മുംബൈ: കഴിഞ്ഞ സെഷനിലെ തകർച്ചയ്ക്കുശേഷം ഇന്ത്യൻ ഓഹരിവിപണികളിൽ നേട്ടം.
മികച്ച വരുമാന വളർച്ചയുടെ ബലത്തിൽ മുൻനിര കന്പനികളുടെ ഓഹരികളിലുണ്ടായ ഉയർന്ന വാങ്ങലുകളും ഏഷ്യൻ വിപണികളിലെ മികച്ച സൂചനകളുമാണ് ഓഹരി സൂചികകളായ സെൻസെക്സിനെയും നിഫ്റ്റിയെയും മികവിലെത്തിച്ചത്.
സെൻസെക്സ് 609 പോയിന്റ് ഉയർന്ന് 77,496ലും നിഫ്റ്റി 182 പോയിന്റ് നേട്ടത്തിൽ 24,178ലും ക്ലോസ് ചെയ്തു.
നിഫ്റ്റി സ്മോൾകാപ് 100 സൂചിക 0.65 ശതമാനം ഉയർന്നപ്പോൾ മിഡ്കാപ് 100 സൂചിക 0.07 ശതമാനം താഴ്ന്നു.
എൻഎസ്ഇ മേഖലാ സൂചികകളിൽ നിഫ്റ്റി ഓട്ടോ, എഫ്എംസിജി, റിയൽറ്റി എന്നിവ ഒരു ശതമാനം മുകളിലെത്തി. ഐടി സൂചിക ഒരു ശതമാനത്തിനടുത്ത് ഉയർന്നു. മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, ഫാർമ, പ്രൈവറ്റ് ബാങ്ക്, ഹെൽത്ത്കെയർ സൂചികകൾ ഉയർന്നു. മീഡിയ, ഫിനാൻഷൽ സർവീസസ്, പിഎസ് യു ബാങ്ക്, കണ്‍സ്യൂമർ ഡ്യൂറബിൾസ് എന്നിവയ്ക്ക് ഇടിവായിരുന്നു.
Business
കറാച്ചി: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും മധ്യസ്ഥത വഹിച്ച യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് പാക്കിസ്ഥാൻ ഓഹരി വിപണി തകർന്നു. ബെഞ്ച്മാർക്ക് സൂചികയായ കെഎസ്ഇ 100 ഏതാണ്ട് 6,000 പോയിന്റോളം ഇടിഞ്ഞു.
സൂചിക 3.5 ശതമാനം ഇടിഞ്ഞ് 1,61,638 എന്ന നിലയിലെത്തി. കഴിഞ്ഞ ബുധനാഴ്ച യുഎസും ഇറാനും തമ്മിൽ താത്കാാലിക വെടിനിർത്തൽ ഉണ്ടായെന്ന വാർത്തയെത്തുടർന്ന് ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുകയും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിക്കുകയും ചെയ്തു.
അന്ന് സൂചിക 12,000 പോയിന്റിലധികം ഉയർന്ന് റിക്കാർഡ് നേട്ടം കൈവരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച മൊത്തത്തിൽ സൂചിക ഒരു ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്.
ഏഷ്യൻ വിപണികൾ ഒന്നടങ്കം നഷ്ടത്തിൽ
ഏഷ്യൻ വിപണികൾ കൂടുതലും നഷ്ടത്തിലാണ് ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത്. ഇന്ത്യൻ വിപണിയിൽ സെൻസെക്സും നിഫ്റ്റിയും രാവിലെ 2 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
പിന്നീട് ഈ നഷ്ടം കുറച്ച ഇന്ത്യൻ സൂചികകൾ ഒരു ശതമാനത്തിനടുത്ത് ഇടിവിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 703 പോയിന്റ് താഴ്ന്ന് 76,847ലും നിഫ്റ്റി50 സൂചിക 208 പോയിന്റ് താഴ്ചയിൽ 23,843ലും വ്യാപാരം പൂർത്തിയാക്കി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ മൂലധനത്തിൽ രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
ജപ്പാന്റെ നിക്കി, ദക്ഷിണ കൊറിയയുടെ കോസ്പി, ഹോങ്കോംഗിന്റെ ഹാങ് സെങ് എന്നിവയും കനത്ത നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ചൈനയുടെ ഷാങ്ഹായ് കോംപോസിറ്റ് 0.06 ശതമാനം നേട്ടമുണ്ടാക്കി.
Business
മുംബൈ: ആഗോള വിപണിയിലെ തിരിച്ചടികളെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച. ഇന്ന് വ്യാപാരം ആരംഭിച്ച ആദ്യ ഒരു മണിക്കൂറിൽ തന്നെ നിക്ഷേപകർക്ക് 7.6 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചു. സെൻസെക്സ് 2,000 പോയിന്റിലധികവും നിഫ്റ്റി 500 പോയിന്റിലധികവുമാണ് ഇടിഞ്ഞത്. ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയിൽ സിറ്റിയിലുള്ള എൽഎൻജി പ്ലാന്റിന് നേരെയുണ്ടായ ഇറാന്റെ ആക്രമണമാണ് ഇന്ത്യൻ ഓഹരിയിലെ ഈ വൻ ഇടിവിന് കാരണമായത്.
പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായത് ആഗോള വിപണികളെയാകെ പിടിച്ചുലച്ചു. ഇത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിന് മുകളിലെത്തി. ഇത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക് ചെയർമാൻ അതാനു ചക്രവർത്തിയുടെ അപ്രതീക്ഷിത രാജി എച്ച്ഡിഎഫ്സി ഓഹരികളിൽ വലിയ ഇടിവുണ്ടാക്കി. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയായ 92.89 എന്ന നിലയിലേക്ക് കൂപ്പുകുത്തി. വരും ദിവസങ്ങളിലും വിപണിയിൽ അനിശ്ചിതത്വം തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
Business
മുംബൈ: പശ്ചിമേഷ്യൻ യുദ്ധഭീതിയെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത തകർച്ച. വിപണി വ്യാപാരം ആരംഭിച്ച് വെറും അഞ്ച് മിനിറ്റിനുള്ളിൽ നിക്ഷേപകരുടെ 13 ലക്ഷം കോടി രൂപയാണ് തുടച്ചുനീക്കപ്പെട്ടത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിലേക്ക് ഉയർന്നതാണ് വിപണിയെ പെട്ടെന്ന് തളർത്തിയത്. ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും വലിയ തോതിൽ ഇടിഞ്ഞു. ബാങ്കിംഗ്, ഓട്ടോമൊബൈൽ, ഐടി മേഖലകളിലെ ഓഹരികളാണ് ഏറ്റവും കൂടുതൽ തകർച്ച നേരിട്ടത്.
ഇറാന്റെ യുദ്ധസമാനമായ സാഹചര്യവും എണ്ണവിലയിലെ 45 മാസത്തെ ഏറ്റവും ഉയർന്ന നിരക്കും നിക്ഷേപകരിൽ പരിഭ്രാന്തി പടർത്തി. ഇതോടെ വൻതോതിലുള്ള ഓഹരി വിറ്റഴിക്കൽ ആണ് വിപണിയിൽ ദൃശ്യമായത്. ഓഹരി വിപണിയിലെ തകർച്ചയ്ക്ക് പിന്നാലെ അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്.
Business
മുംബൈ: ഒരു ദിവസം നല്കിയ നേട്ടത്തിനുശേഷം ഓഹരിവിപണി കൂപ്പുകുത്തി. പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിനു മുകളിൽ ഇടിവ് നേരിട്ടു.
പശ്ചിമേഷ്യയിൽ സംഘർഷം ഏഴാം ദിവസത്തേക്കു കടന്നതും തുടർന്ന് ക്രൂഡ് ഓയിൽ വില വർധിച്ചതുമാണ് വിപണിയുടെ തകർച്ചയ്ക്കു കാരണം.
സെൻസെക്സ് 1097 പോയിന്റ് (1.37%) താഴ്ന്ന് 78,919ലും നിഫ്റ്റി 315 പോയിന്റ് (1.27%) നഷ്ടത്തിൽ 24,450ലും വ്യാപാരം പൂർത്തിയാക്കി.
ഈ ആഴ്ചയിൽ നിഫ്റ്റിയും സെൻസെക്സും ഏകദേശം 2.9% വീതം ഇടിഞ്ഞു. നിഫ്റ്റിയെ സംബന്ധിച്ച് 2025 ഫെബ്രുവരി 28നുശേഷവും സെൻസെക്സിനാകട്ടെ 2024 ഡിസംബർ 20 നുശേഷവുമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവുമാണ്.
Business
മുംബൈ: മൂന്നു ദിവസത്തെ നഷ്ടക്കണക്കുകള്ക്കുശേഷം ഓഹരി വിപണിയിലെ പ്രധാന സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും ശക്തമായ തിരിച്ചുകയറി. തങ്ങളുടെ ആണവപദ്ധതികള്‍ ഉപേക്ഷിക്കാന്‍ തയാറാണെന്ന ഇറാന് അറിയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് ഇന്ത്യന്‍ ഓഹരിവിപണി അവസാന മണിക്കൂറില്‍ പോസിറ്റീവിലെത്തിയത്. കഴിഞ്ഞ മൂന്നു സെഷനുകളിലായി ഇരു സൂചികകളും ഏകദേശം നാലു ശതമാനം വീതം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
തങ്ങളുടെ ആണവപദ്ധതികള്‍ പൂര്‍ണമായും ഉപേക്ഷിക്കാന്‍ തയാറാണെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മജിദ് തഖ്ത് റാവഞ്ചി പറഞ്ഞതായി സ്കൈ ന്യൂസ് അറേബ്യ നടത്തിയ റിപ്പോര്‍ട്ടാണ് വിപണിക്ക് കരുത്തായത്. ഇതിനു പകരം യുഎസ് തൃപ്തികരമായ ബദല്‍ നിര്‍ദേശം മുന്നോട്ട് വയ്ക്കണമെന്നതാണ് ഇറാന്റെ പ്രധാന നിബന്ധന. യുഎസ്-ഇറാന് സംഘര്‍ഷം ലഘൂകരിക്കപ്പെട്ടേക്കാം എന്ന വാര്‍ത്ത വന്നത് നിക്ഷേപര്‍ക്കിടയില്‍ പ്രതീക്ഷ നല്കി. ഇതോടെ വെറും 20 മിനിറ്റിനുള്ളില്‍ ബിഎസ്ഇ സെന്‍സെക്സ് 1000 പോയിന്റിലധികം ഉയര്‍ന്നു. എന്നാല്‍, ഇറാന്റെ നിബന്ധനയോടു കൂടിയ പ്രഖ്യാപനം വിപണിയുടെ കുതിപ്പിനെ ചെറിയ തോതില്‍ ബാധിച്ചു.
ഉച്ചകഴിഞ്ഞ് 2.35 മുതല്‍ 2.55 വരെ ഇന്ത്യന്‍ ഓഹരിവിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉദ്വേഗഭരിതമായ നിമിഷങ്ങളിലൊന്നായിരുന്നു. 2.35ല്‍ 79,369 പോയിന്റില്‍ വ്യാപാരം നടത്തിയ ബിഎസ്ഇ സെന്‍സെക്സ് 2.55ലെത്തിയപ്പോള്‍ 80,269 പോയിന്റിലെത്തി.
ആവേശം കുറഞ്ഞു
ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് അനുസരിച്ച് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ആണവക്കരാറുമായി ബന്ധപ്പെട്ട് മുന്‍പ് യുഎസുമായി നടത്തിയ ചര്‍ച്ചകളെ ഉദ്ദേശിച്ചുള്ളതാണ്. പശ്ചിമേഷ്യയില്‍ യുദ്ധം അതിരൂക്ഷമായി ആറാം ദിവസത്തേക്കു കടന്ന വേളയിലാണ് വിശദീകരണം വന്നത്.
ഒമാന്റെ മധ്യസ്ഥതയില്‍ ഇറാന്റെ ആണവക്കരാറുമായി ബന്ധപ്പെട്ടു നടന്ന രഹസ്യചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഇസ്രയേലുമായി ചേര്‍ന്ന് യുഎസ് ആക്രമണം നടത്തിയത്. സ്കൈ ന്യൂസ് അറേബ്യ ഉദ്ധരിച്ച പ്രസ്താവനകള്‍ ഈ ആക്രമണത്തിനു മുമ്പ് യുഎസുമായി നടത്തിയ ചര്‍ച്ചകളുമായി ബന്ധപ്പെട്ടതാണെന്ന് ഐആര്‍എന്‍എ വ്യക്തമാക്കുന്നു. യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടിരുന്നു.
ഐആര്‍എന്‍എയുടെ വിശദീകരണം വന്നതിനു പിന്നാലെ സെന്‍സെക്സ് ഇന്നലത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍നിന്നും 300 പോയിന്റോളം താഴേക്കു വീണു. എങ്കിലും വ്യാപാരാന്ത്യത്തില്‍ സൂചികകള്‍ മികച്ചുനിന്നു.
സെന്‍സെക്സ് 900 പോയിന്റ് (1.14%) വര്‍ധിച്ച് 80016ലും നിഫ്റ്റി 285 പോയിന്റ് (1.17%) നേട്ടത്തില്‍ 24766ലും വ്യാപാരം പൂര്‍ത്തിയാക്കി.
ഇന്നലെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത മൊത്തം കമ്പനികളുടെ വിപണി മൂല്യം 447.2 ലക്ഷം കോടി രൂപയില്‍നിന്ന് 453 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇതോടെ നിക്ഷേപകരുടെ ആസ്തിയില്‍ ഒരു ദിവസം കൊണ്ട് ആറു ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായി.
നിഫ്റ്റി മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ ഒന്നര ശതമാനത്തിലേറെ മുന്നറി. നിഫ്റ്റി മേഖലാ സൂചികയില്‍ ഐടി ഒഴികെയുള്ളവരെ പോസിറ്റീവായി. മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നീ മേഖല സൂചികകള്‍ രണ്ട് ശതമാനത്തിലേറെ മുന്നേറി.
രൂപയ്ക്കു നേട്ടം
ഇന്നലെ വ്യാപാരത്തുടക്കത്തില്‍ തന്നെ സര്‍വകാല റിക്കാര്‍ഡ് താഴ്ചയില്‍നിന്നും ഡോളറിനെതിരേ രൂപ നിലമെച്ചപ്പെടുത്തി. ഡോളറിനെതിരേ 45 പൈസ നേട്ടത്തോടെ 91.60ല്‍ വ്യാപാരം പൂര്‍ത്തിയാക്കി.
ആഭ്യന്തര ഓഹരിവിപണിയിലെ ഉണര്‍വും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുമാണ് രൂപയ്ക്കു കരുത്തായത്. ബുധനാഴ്ച രൂപ ഡോളറിനെതിരേ 56 പൈസ നഷ്ടത്തില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 92.05ലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
Business
മുംബൈ: വിവിധ രാജ്യങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ ഇറക്കുമതി തീരുവ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീംകോടതിയുടെ പ്രഖ്യാപനത്തെത്തുടർന്ന് ഇന്ത്യൻ ഓഹരിവിപണിയിൽ നേട്ടം.
എന്നാൽ, ആർട്ടിഫിഷൽ ഇന്റലിജൻസ് സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഐടി ഓഹരികളെ സമ്മർദത്തിലാക്കിയത് വിപണിയിലെ കൂടുതൽ മുന്നേറ്റത്തെ തടഞ്ഞു.
ബിഎസ്ഇ സെൻസെക്സ് 480 പോയിന്റ് (0.58%) ഉയർന്ന് 83,295ലും എൻഎസ്ഇ നിഫ്റ്റി 142 പോയിന്റ് (0.55%) നേട്ടത്തിൽ 25,713ലും വ്യാപാരം പൂർത്തിയാക്കി.
നിഫ്റ്റിയിലെ 16 മേഖലാ സൂചികകളിൽ 13 എണ്ണം നേട്ടത്തിലായിരുന്നു. ഐടി സൂചിക 1.42 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
ടെക്സ്റ്റൈൽ ഓഹരികൾക്കു നേട്ടം
ട്രംപിന്റെ തീരുവ നയങ്ങൾ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതിയിൽ നിന്ന് വിധി വന്നതോടെ ഇന്ത്യൻ വസ്ത്ര വ്യാപാര മേഖലയിൽ ആവേശം.
Business
യുഎസ് പരമോന്നത കോടതി ട്രംപിന്റെ തീരുവകൾ റദ്ദാക്കിയ വിധി ആഗോള ഓഹരിവിപണികളിൽ ബുൾ തരംഗത്തിനു വഴിയൊരുക്കാം. ഒരാഴ്ച നീണ്ട ലൂണാർ ന്യൂ ഇയർ ആഘോഷങ്ങൾക്കു ശേഷം ഇന്ന് ഇടപാടുകൾ പുനരാരംഭിക്കുന്ന ചൈനീസ് മാർക്കറ്റിൽ വെടിക്കെട്ടിനുള്ള സാധ്യതകളെ ഉറ്റുനോക്കുകയാണു രാജ്യാന്തര ഫണ്ടുകൾ.
അതേസമയം, ഇറാൻ‐യുഎസ് സംഘർഷങ്ങൾ നിക്ഷേപകരെ ഓഹരികളിൽനിന്നും പിന്നാക്കം വലിക്കാനുള്ള സാധ്യതകൾ നേട്ടമാക്കാനുള്ള ശ്രമത്തിലാണ് സ്വർണം, ക്രൂഡ് ഓയിൽ വിപണികൾ. ബോംബെ സെൻസെക്സ് 188 പോയിന്റും നിഫ്റ്റി സൂചിക 100 പോയിന്റും പ്രതിവാര മികവിലാണ്.
എഐ ഭീഷണിയിൽ ഐടി ഇൻഡക്സ് വീണ്ടും ആടിയുലഞ്ഞു. എഐ സംബന്ധിച്ച ആശങ്കകൾക്കിടയിൽ, ഐടി സൂചിക രണ്ട് ശതമാനം ഇടിഞ്ഞു, തുടർച്ചയായ അഞ്ചാം വാരമാണു സൂചികയ്ക്ക് തിരിച്ചടി നേരിടുന്നത്.
ആറു മാസത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഇടിവിനെയാണു സൂചിക അഭിമുഖീകരിക്കുന്നത്. ഈ വർഷം സൂചിക ഇതിനകം പതിനാലു ശതമാനം താഴ്ന്നു.
നിഫ്റ്റി സൂചിക പിന്നിട്ട വാരത്തിലെ 25,471ൽനിന്നും വാരമധ്യം മികച്ച പ്രകടനം കാഴ്ചവച്ച് 25,855 പോയിന്റ് വരെ മുന്നേറി. ഈ അവസരത്തിൽ മുൻനിര ഓഹരികളിൽ അലയടിച്ച വില്പനതരംഗത്തിൽ നിഫ്റ്റി 25,380ലേക്ക് ഇടിഞ്ഞെങ്കിലും വാരാവസാനം സൂചിക 25,571 പോയിന്റിലാണ്. ഈവാരം വിപണിയുടെ ആദ്യ താങ്ങ് 25,350 പോയിന്റിലാണ്. ഈ താങ്ങ് നിലനിർത്താനായാൽ 25,823 - 26,075 ലേക്കും തുടർന്ന് 26,548 പോയിന്റിലേക്കും മുന്നേറാൻ ശ്രമിക്കാം. അതേസമയം, താഴ്ന്ന തലങ്ങളിലേക്കു പരീക്ഷണങ്ങൾക്കു വീണ്ടും ശ്രമിച്ചാൽ നിഫ്റ്റിക്ക് 25,350 - 26,129 പോയിന്റിൽ സപ്പോർട്ട് കണ്ടെത്താനാകും. വിപണിയുടെ 50 ദിവസങ്ങളിലെ ശരാശരി കണക്കിലെടുത്താൽ 25,700ൽ താഴ്ന്ന് സഞ്ചരിക്കുന്നത് ദുർബലാവസ്ഥയ്ക്ക് ഇടയാക്കാം.
നിഫ്റ്റി ഫ്യൂച്ചേഴ്സ് ഫെബ്രുവരി 26,068ൽനിന്നും 25,584ലേക്ക് താഴ്ന്നു. അതേസമയം, മാർച്ച് സീരീസ് 25,743ൽനിന്നും തളർച്ചയിലാണ് ഇടപാടുകൾ പുനരാരംഭിച്ചതെങ്കിലും പിന്നീട് കരുത്ത് വീണ്ടെടുത്ത് 26,000ലേക്ക് ഉയർന്നു. ഇതിനിടയിൽ വില്പന സമ്മർദം രൂപപ്പെട്ടതു ചാഞ്ചാട്ടത്തിന് ഇടയാക്കി. വിപണിക്കു വ്യക്തമായ ഒരു ദിശ കണ്ടെത്താൻ വീണ്ടും 26,000 കടക്കേണ്ടത്
അനിവാര്യമാണ്. അതിനായാൽ 26,250-26,500ലേക്ക് മാർച്ച് സീരീസ് മുന്നേറാം. കരാറിൽ പുതിയ നിക്ഷേപകരുടെ സാന്നിധ്യം തെളിയുന്നു. ഓപ്പൺ ഇന്ററസ്റ്റ് 16.1 ലക്ഷം കരാറുകളിൽനിന്ന് 56.1 ലക്ഷത്തിലേക്ക് ഉയർന്നത് ബുൾ ഓപ്പറേറ്റർമാരുടെ കടന്നുവരവിനെ സൂചിപ്പിക്കുന്നു.
സെൻസെക്സ് 82,626ൽനിന്നുള്ള കുതിപ്പിൽ 83,841ലേക്ക് കയറിയ സന്ദർഭത്തിൽ ബ്ലൂചിപ്പ് ഓഹരികളിലെ വില്പനസമ്മർദത്തിൽ സൂചിക 82,226 വരെ ഇടിഞ്ഞു. എന്നാൽ, വാരാന്ത്യ ദിനത്തിലെ തിരിച്ചുവരവിൽ വിപണി 83,095ലേക്ക് മുന്നേറിയെങ്കിലും മാർക്കറ്റ് ക്ലോസിംഗിൽ ബോംബെ സെൻസെക്സ് 82,814 ലാണ്. ഈവാരം സെൻസെക്സിന് 83,694ൽ ആദ്യ പ്രതിരോധമുണ്ട്, ഇത് മറികടന്നാൽ 84,575നെ കൈപിടിയിൽ ഒതുക്കാം. അതേസമയം, ഉയർന്ന റേഞ്ചിൽ വില്പനക്കാർ വിപണിയിൽ പിടിമുറുക്കിയാൽ സൂചികയ്ക്ക് 82,079 – 81,345 പോയിന്റിൽ താങ്ങ് പ്രതീക്ഷിക്കാം.
വിദേശ ഓപ്പറേറ്റർമാർ ഓഹരി വില്പനയ്ക്ക് ഉത്സാഹിച്ചതിനിടയിലും രണ്ട് ദിവസം അവർ വാങ്ങലുകാരായി മാറി. 2149.55 കോടി രൂപയുടെ വാങ്ങലും 2787.23 കോടി രൂപയുടെ വില്പനയും അവർ നടത്തി. അതേസമയം, ആഭ്യന്തര ഫണ്ടുകൾ തൊട്ട് മുൻവാരത്തിലെന്ന പോലെ ഒരു ദിവസം 596.28 കോടിയുടെ വില്പനയും മറ്റ് ദിവസങ്ങളിൽ നിക്ഷേപകരുടെ മേലങ്കിയിൽ 4931.51 കോടി രൂപയുടെ ഓഹരി വാങ്ങലും നടത്തി.
ഫോറെക്സ് മാർക്കറ്റിൽ രൂപ ചാഞ്ചാടി. ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം 90.65ൽനിന്നും 91.14ലേക്ക് ദുർബലമായെങ്കിലും വ്യാപാരാന്ത്യം വിനിമയ നിരക്ക് 90.68ലാണ്.
ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഔൺസിന് 5042 ഡോളറിൽ നിന്നു വാരമധ്യം 4854ലേക്ക് ഇടിഞ്ഞ ശേഷമുള്ള തിരിച്ചുവരവിൽ 5108 ഡോളർ വരെ മുന്നേറി.
Business
മുംബൈ: ഓഹരി വിപണിയില്‍ കേരളത്തില്‍നിന്നുള്ള നിക്ഷേപകരുടെ എണ്ണത്തില്‍ ആശാവഹമായ വര്‍ധന ഉണ്ടായിട്ടുണ്ടെന്നും വനിതാ നിക്ഷേപകരുടെ എണ്ണത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണെന്നും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ് ഇ) എംഡിയും സിഇഒയുമായ ആശിഷ് കുമാര്‍ ചൗഹാന്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തിരുവനന്തപുരം സംഘടിപ്പിച്ച മാധ്യമ പര്യടനത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു ഇദ്ദേഹം.
“രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിക്ഷേപകരെയും സംരംഭകരെയും ബന്ധിപ്പിക്കുന്ന ഒരു പാലമാണ് എന്‍എസ്ഇ. ഒരു സ്ഥാപനത്തിന്റെ ഓഹരി വാങ്ങുമ്പോള്‍ നാം ആ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പങ്കാളികളാവുകയാണ്. ലാഭം ഉണ്ടെങ്കില്‍ പങ്കാളിത്തലാഭവും നഷ്ടമാണെങ്കില്‍ പങ്കാളിത്ത നഷ്ടവും ലഭിക്കും - ഇതാണ് വിപണിയുടെ അടിസ്ഥാന തത്വം.
വേഗലാഭം വാഗ്ദാനം ചെയ്യുന്ന തെറ്റായ ഉപദേശങ്ങള്‍ കേട്ട് ആരും നിക്ഷേപ തട്ടിപ്പുകളില്‍ ചെന്നുപെടരുത്. ഇന്ന് ഓഹരി വിപണി സമ്പന്നരുടെ മാത്രം വേദിയല്ല. മൊബൈല്‍ ആപ്പുകളിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും ചെറിയ തുകകളില്‍ പോലും നിക്ഷേപം സാധ്യമാണ്. ഓഹരി വിപണി ഒരിക്കലും ഒരു ചൂതാട്ട വേദിയല്ല; അപകടമേഖലയുമല്ല. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ഭാഗമാണ് സാധാരണക്കാരന് സമ്പത്ത് സൃഷ്ടിക്കാന്‍ അവസരം നല്കുന്ന വേദിയാണ്”- അദ്ദേഹം വ്യക്തമാക്കി.
ഓഹരി വിപണിയിലെ കേരളത്തില്‍ നിന്നുള്ള നിക്ഷേപകരുടെ എണ്ണത്തിലെ വര്‍ധനയുടെ കണക്കുകള്‍ എന്‍എസ് ഇ ചീഫ് ഇക്കണോമിസ്റ്റ് തീര്‍ഥ ശങ്കര്‍ പട്നായിക് വിശദീകരിച്ചു. രജിസ്റ്റര്‍ ചെയ്ത കേരള നിക്ഷേപകരുടെ എണ്ണം 31.8 ലക്ഷമാണ്. 2010 സാമ്പത്തിക വര്‍ഷത്തില്‍ 3.5 ലക്ഷം ആയിരുന്നത് ഇപ്പോള്‍ ഒന്‍പതു മടങ്ങിലധികം വര്‍ധിച്ച് 31.8 ലക്ഷമായി. വനിതാ നിക്ഷേപകരുടെ പങ്കാളിത്ത നിരക്ക് 28.1 ശതമാനമായി വര്‍ധിച്ചു.
ഇത് അഖിലേന്ത്യ ശരാശരിയേക്കാള്‍ (24.7 ശതമാനം) കൂടുതലാണ്.കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപകര്‍ വര്‍ധിച്ചത് എറണാകുളം ജില്ലയിലാണ് - 1.7 ലക്ഷം. തൊട്ടുപിന്നില്‍ തൃശൂരും (1.6 ലക്ഷം) മലപ്പുറവും (1.5 ലക്ഷം) ഉണ്ട് -ആശിഷ് കുമാര്‍ ചൗഹാൻ പറഞ്ഞു.
Business
മുംബൈ: കേന്ദ്ര ബജറ്റ് ദിനത്തിൽ കഴിഞ്ഞ ആറു വർഷത്തിനിടെയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചതിന്റെ പിറ്റേന്ന് സെൻസെക്സും നിഫ്റ്റിയും ശക്തമായ തിരിച്ചുവരവ് നടത്തി. ഓയിൽ ആൻഡ് ഗ്യാസ്, ബാങ്കിംഗ്, ഓട്ടോ ഓഹരികളിലുണ്ടായ വ്യാല്യു ബയിംഗിന്റെ കരുത്തിലാണ് ഓഹരിവിപണിയിൽ ഉണർവുണ്ടായത്.
ഞായറാഴ്ചത്തെ കേന്ദ്ര ബജറ്റിനോടനുബന്ധിച്ച് നടന്ന പ്രത്യേക വ്യാപാര സെഷനിലുണ്ടായ കനത്ത വില്പന സമ്മർദത്തെത്തുടർന്ന് ഇന്നലെ വിപണി നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് നഷ്ടങ്ങൾ നികത്തി വിപണി നേട്ടത്തിലേക്കു പ്രവേശിച്ചു.
സെൻസെക്സ് 943 പോയിന്റ് (1.17%) നേട്ടമുണ്ടാക്കി 81,666.46ൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ ഇത് 1009 പോയിന്റ് മുന്നേറി 81,732 പോയിന്റിൽ എത്തിയിരുന്നു. നിഫ്റ്റി 263 പോയിന്റ് (1.06%) ഉയർന്ന് 25,088.40ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സൂചിക 282.65 പോയിന്റ് മുന്നേറി 25,108.10ലെത്തിയിരുന്നു.
വിപണിയിൽ വ്യാപാരം കുത്തനെ കുറയ്ക്കും വിധം സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് കൂട്ടുകയാണെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപത്തിനു പിന്നാലെ പ്രധാന ഓഹരി സൂചികകൾ രണ്ടു ശതമാനത്തിനടുത്താണ് താഴ്ന്നത്.
നിഫ്റ്റിയിലെ വിശാല സൂചികകളായ നിഫ്റ്റി മിഡ്കാപ് 100, നിഫ്റ്റി സ്മോൾകാപ് 100 എന്നിവ യഥാക്രമം 0.96 ശതമാനവും 0.64 ശതമാനവും ഉയർന്നു.
വിപണിയുടെ തിരിച്ചുവരവിനു പിന്നിൽ
1. വാല്യു ബയിംഗ്: കഴിഞ്ഞ സെഷനിൽ വിപണിയിലുണ്ടായ വൻ ഇടിവിനു പിന്നാലെ നിക്ഷേപകർ വാല്യു ബയിംഗിലേക്കു കടന്നു. യഥാർഥ മൂല്യത്തേക്കാൾ കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഓഹരികൾ വാങ്ങിക്കൂട്ടുന്ന രീതിയാണ് വാല്യു ബയിംഗ്.
2. അസംസ്കൃത എണ്ണ വില കുറവ്: അസംസ്കൃത എണ്ണ വില നാലു ശതമാനത്തിനു മുകളിൽ കുറഞ്ഞ് ബാരലിന് 66.45 ഡോളറിലെത്തി. അസംസ്കൃത എണ്ണ വിലക്കുറവ് പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കാനും ഇന്ത്യയുടെ വ്യാപാര സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
3. ബജറ്റ് പ്രഖ്യാപനങ്ങൾ: ദീർഘകാല സാന്പത്തിക വളർച്ചയിൽ ഉൗന്നൽ നൽകിയുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. നിർമാണ മേഖലയ്ക്ക് ഉണർവ് നൽകുന്ന നടപടികൾ, ആഗോള ഡാറ്റ സെന്ററുകൾക്ക് ദീർഘകാല നികുതി ആനുകൂല്യങ്ങൾ, കൃഷി, ടൂറിസം മേഖലകൾക്കുള്ള പിന്തുണ എന്നിവ ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
4. രൂപയുടെ ഉയർച്ച: 2026-27ലെ കേന്ദ്ര ബജറ്റിനുശേഷമുള്ള വ്യാപാര ദിനത്തിൽ ഡോളറിനെതിരേ രൂപയുടെ മൂല്യം 42 പൈസ ഉയർന്ന് 91.51ൽ വ്യാപാരം പൂർത്തിയാക്കി. അസംസ്കൃത എണ്ണ വിലയിലുണ്ടായ കുറവാണ് രൂപയ്ക്കു കരുത്തായത്.
5. ലാർജ് കാപ് ഓഹരികളിലെ വാങ്ങൽ: ബ്ലൂചിപ്പ് ഓഹരികളിൽ ഉയർന്ന വാങ്ങലാണ് ഇന്നലെ ദൃശ്യമായത്. സൂചികയിലെ വന്പന്മാരായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി മൂന്നു ശതമാനത്തിനു മുകളിൽ ഉയർന്നു. ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ, അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോണ്‍, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയുടെ ഓഹരികളിൽ വലിയ വാങ്ങലുകളുണ്ടായി.
National
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ പൂർത്തിയായതിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 1,100 പോയിന്റിലധികം താഴേക്ക് പോയി. ബജറ്റിലെ നികുതി നിർദ്ദേശങ്ങളും വിപണിയിലെ ഉയർന്ന പ്രതീക്ഷകൾക്ക് ആനുപാതികമായ പ്രഖ്യാപനങ്ങൾ ഇല്ലാത്തതുമാണ് നിക്ഷേപകരെ നിരാശപ്പെടുത്തിയത്.
ആദായ നികുതി സ്ലാബുകളിൽ വലിയ ഇളവുകൾ പ്രതീക്ഷിച്ചിരുന്ന ശമ്പളക്കാർക്കും വിപണിക്കും മാറ്റമില്ലാത്ത സാഹചര്യം തിരിച്ചടിയായി. എസ്.ബി.ഐ , എൻ.ടി.പി.സി , ബി ഇ എൽ തുടങ്ങിയ പൊതുമേഖലാ ഓഹരികളും ടാറ്റ സ്റ്റീൽ, ടൈറ്റൻ തുടങ്ങിയവയും വലിയ ഇടിവ് രേഖപ്പെടുത്തി.
Kerala
പയ്യന്നൂര്‍: ഷെയര്‍ മാര്‍ക്കറ്റിംഗിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. കോഴിക്കോട് മുക്കം സ്വദേശി കെ.പി. മുഹമ്മദ് സലീമിനെ ആണ് സൈബര്‍ സെല്‍ ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാര്‍ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
2024 ജൂലൈ മൂന്നു മുതല്‍ 23 വരെയാണ് പരാതിക്ക് ആസ്പദമായ സംഭവം. പയ്യന്നൂര്‍ അമ്പലം റോഡില്‍ താമസിക്കുന്ന വി.വി. ഗണേശനാണു പരാതിക്കാരൻ. ഇയാളുടെ ഫെഡറല്‍ ബാങ്കിലെയും യൂക്കോ ബാങ്കിലെയും അക്കൗണ്ടുകളില്‍നിന്നു ഷെയര്‍ മാര്‍ക്കറ്റില്‍ തുക നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണു തട്ടിപ്പ് നടത്തിയത്.
ജിഎസ്എഎം എന്ന സ്ഥാപനത്തിന്റെ പേരില്‍ പരാതിക്കാരനെ വാട്സാപ്പ് വഴി ബന്ധപ്പെട്ടാണു തട്ടിപ്പിനു കളമൊരുക്കിയത്. ഈ സ്ഥാപനത്തിന്റെ വിവിധ അക്കൗണ്ടുകളിലേക്കു പല തവണകളിലായി 97,40,000 രൂപ ഓണ്‍ലൈന്‍ നിക്ഷേപമായി സ്വീകരിച്ചു.
അതിനുശേഷം നിക്ഷേപത്തുകയോ വാഗ്ദാനം ചെയ്ത ലാഭമോ തിരിച്ചുനല്‍കാതെ വഞ്ചിച്ചെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസ് നേരത്തേ കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്നുള്ള സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Business
ജനുവരി ആദ്യപകുതി പിന്നിടുംമുന്പേ ഇന്ത്യൻ ഇൻഡക്സുകൾക്ക് കാലിടറി. വിദേശത്തുനിന്നുള്ള പ്രതികൂല വാർത്തകൾ ഒരു വിഭാഗം നിക്ഷേപകരെ പിന്നോക്കം വലിച്ചപ്പോൾ വിദേശ ഓപ്പറേറ്റർമാർ ബാധ്യതകൾ വിറ്റുമാറാൻ മത്സരിച്ചു. രണ്ടാഴ്ചകളിലെ മുന്നേറ്റത്തിനുശേഷം മുൻനിര സൂചികകൾ മൂന്നു മാസത്തിനിടയിലെ ഏറ്റവും കനത്ത പ്രതിവാര തകർച്ചയിലാണ്.
ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ ശക്തമായ പിന്തുണ നൽകുമ്പോഴും യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച അനിശ്ചിതത്വം വിപണിയിൽ പിരിമുറുക്കം സൃഷ്ടിച്ചു. ഇന്ത്യൻ മാർക്കറ്റ് രണ്ടര ശതമാനം പ്രതിവാര തളർച്ചയിലാണ്. നിഫ്റ്റി സൂചിക 645 പോയിന്റും സെൻസെക്സ് 2185 പോയിന്റും ഇടിഞ്ഞു.
റഷ്യയുമായി ബന്ധപ്പെട്ട അമേരിക്ക വ്യാപാര നടപടികളെക്കുറിച്ചുള്ള ആശങ്കകൾ, വെനസ്വേല –യുഎസ് സംഘർഷം, റഷ്യൻ എണ്ണ ഇറക്കുമതി സംബന്ധിച്ച വിഷയങ്ങൾ തുടങ്ങിയവ വിദേശ നിക്ഷേപകരുടെ പണം പിൻവലിക്കലിന് ആക്കം കൂട്ടി.
മൂന്നാം പാദ ഫലങ്ങൾ ഉറ്റുനോക്കി
വിപണി ഉറ്റുനോക്കുന്നത് മൂന്നാം പാദ ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകളെയാണ്. ഐടി കമ്പനികളുടെ സാമ്പത്തിക ഫലങ്ങൾ നിക്ഷേപകരിൽ സ്വാധീനം ചെലുത്തും. ആഗോള താരിഫുകൾ ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റ് നടത്തിയ നീക്കങ്ങളുമായി ബന്ധപ്പെട്ട യുഎസ് സുപ്രീകോടതി വിധിയും ഈ വാരം വിപണിയുടെ ദിശ നിർണയിക്കും.
ബുൾ റാലിയെ താത്കാലികമായി പിടിച്ചുനിർത്തിയതിനാൽ ജനുവരി സീരീസ് സെറ്റിൽമെന്റ് വരെ ചാഞ്ചാട്ടം ശക്തമാകുമെന്നത് മെറ്റൽസ്, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളിൽ ചാഞ്ചാട്ടമുളവാക്കാം.
വിപണിയുടെ സാങ്കേതിക വശങ്ങൾ ബുള്ളിഷ് മനോഭാവത്തിൽനിന്നു ദുർബലാവസ്ഥയിലേക്ക് താത്കാലികമായി തിരിയാം. പിന്നിട്ടവാരം നിഫ്റ്റി 750 പോയിന്റ് ചാഞ്ചാടി. ഉയർന്ന തലമായ 26,373 പോയിന്റിൽനിന്നും 25,683 തളർന്നതിനിടയിൽ 20 ആഴ്ചകളിലെ ശരാശരിയായ 25,579 പോയിന്റിലെ സപ്പോർട്ട് നഷ്ടപ്പെട്ടത് കൂടുതൽ ദുർബലമാക്കാം. കഴിഞ്ഞ ലക്കം സൂചിപ്പിച്ച രണ്ടാം സപ്പോർട്ടായ 25,722ലെ താങ്ങും വ്യാപാരാന്ത്യം നഷ്ടമായി, ക്ലോസിംഗിൽ സൂചിക 25,683 പോയിന്റിലാണ്.
നിഫ്റ്റി ഈയാഴ്ച
ഈ വാരം നിഫ്റ്റിയുടെ ആദ്യ താങ്ങ് 25,413 പോയിന്റിലാണ്, ഇത് നഷ്ടപ്പെട്ടാൽ സൂചിക 25,143 വരെ സാങ്കേതിക പരീക്ഷണങ്ങൾക്ക് മുതിരാം. അതേസമയം, തിരിച്ചുവരവിനു ശ്രമിച്ചാൽ 26,163ൽ ആദ്യ പ്രതിരോധം തല ഉയർത്തും. അത് മറികടന്നാൽ മുൻവാരം സൂചിപ്പിച്ച 26,642നെ കൈപിടിയിൽ ഒതുക്കാം.
നിഫ്റ്റിയുടെ മറ്റ് സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ തുടങ്ങിയവ സെല്ലർമാർ അനുകൂലമായി. എംഎസിഡി ട്രെൻഡ് ലൈനിൽ കാലിടറിയത് കൂടി കണക്കിലെടുത്താൽ ഹ്രസ്വകാലയളവിൽ വിപണി തിരുത്തലിനു മുൻതൂക്കം നൽകാം.
നിഫ്റ്റി ജനുവരി ഫ്യൂച്ചേഴ്സിനു മുൻവാരം സൂചിപ്പിച്ച 26,050ലെ സപ്പോർട്ട് നഷ്ടപ്പെട്ടത് തിരുത്തൽ സാധ്യത ശക്തമാക്കാം. ജനുവരി ഫ്യൂച്ചേഴ്സ് രണ്ടര ശതമാനം ഇടിഞ്ഞ് 25,788ലേക്ക് താഴ്ന്നു. നിലവിലെ സാഹചര്യത്തിൽ 25,550 - 25,250ലേക്ക് ദൗർബലമാകാമെങ്കിലും ഈ സപ്പോർട്ട് കൈമോശം വന്നാൽ മാത്രം വിപണി ബിയറിഷാവും. തിരിച്ചുവരവ് നടത്തിയാൽ 26,500 - 26,750നെ ലക്ഷ്യമാക്കും. അതേസമയം, മാർക്കറ്റിലെ ഓപ്പൺ ഇന്ററസ്റ്റ് 139 ലക്ഷം കരാറുകളിൽനിന്ന് 169 ലക്ഷത്തിലേക്ക് കയറിയത് പുതിയ വിൽപ്പനക്കാരുടെ വരവാണു സൂചിപ്പിക്കുന്നത്.
വില്പനക്കാരുടെ നിയന്ത്രണം തകർക്കാൻ സെൻസെക്സ്
സെൻസെക്സിന് ശക്തമായ തിരിച്ചടി നേരിട്ടു. മുൻ വാരത്തിലെ 85,762ൽനിന്നും കൂടുതൽ മികവിന് അവസരം ലഭിക്കാതെ തുടക്കം മുതൽ വിൽപ്പനക്കാരുടെ നിയന്ത്രണത്തിലായിരുന്നു. വാരാന്ത്യദിനം 83,408ലേക്ക് ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 83,576 പോയിന്റിലാണ്. ഈ വാരം 85,039 – 86,502ൽ പ്രതിരോധവും 82,760 – 81,944 പോയിന്റിൽ സപ്പോർട്ടുമുണ്ട്.
ആഭ്യന്തര ഫണ്ടുകൾ പിന്നിട്ട വാരം മൊത്തം 17,594.58 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വിദേശ ഓപ്പറേറ്റർമാർ എല്ലാ ദിവസവും വില്പനക്കാരായി നിലകൊണ്ട് 9209.90 കോടി രൂപയുടെ ഓഹരികൾ വിറ്റു.
രൂപയ്ക്ക് ഇടിവ്
വിനിമയവിപണിയിൽ രൂപയെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല. ഡോളറിനു മുന്നിൽ രൂപ 90.19ൽനിന്ന് 89.81 വരെ കരുത്ത് നേടിയെങ്കിലും പിന്നീട് 90.28ലേക്ക് ദുർബലമായി, വാരാന്ത്യം രൂപ 90.21 ലാണ്.
ക്രൂഡ് ഓയിൽ,സ്വർണവില ഉയർന്നു
ക്രൂഡ് ഓയിൽ വില ഉയർന്ന തലത്തിൽ തുടരുകയാണ്. വെനസ്വേല – യുഎസ് സംഘർഷാവസ്ഥയ്ക്ക് ഇടയിൽ അവിടെനിന്നുള്ള എണ്ണ ഇന്ത്യക്ക് പ്രത്യേക പാക്കേജിൽ നൽകാമെന്ന അമേരിക്കൻ വെളിപ്പെടുത്തലുകളും പുറത്തുവന്നു.
ക്രൂഡ് വില 50 ദിവസങ്ങളിലെ ശരാശരിയായ 62 ഡോളറിനെ ചുറ്റിപ്പറ്റി നീങ്ങുന്നു. ഇതിനിടെ ഇറാനിലെ സംഘർഷാവസ്ഥ കണക്കിലെടുത്താൽ എണ്ണവില ബാരലിനു 65.50 ഡോളറിലേക്കും തുടർന്ന് 69 ഡോളറിലേക്കും കത്തിക്കയറാം. സ്ഥിതിഗതികളിൽ അയവ് കണ്ടാൽ എണ്ണ 60 ഡോളറിലേക്ക് തിരുത്തലിനു ശ്രമിക്കും.
ന്യൂയോർക്കിൽ സ്വർണ വില വീണ്ടും മുന്നേറി. ട്രോയ് ഔൺസിന് 4331 ഡോളറിൽ നിന്നും 4514 വരെ ഉയർന്ന ശേഷം ക്ലോസിംഗിൽ 4509 ഡോളറിലാണ്. അമേരിക്കൻ സൈനിക നീക്കങ്ങൾ ഫണ്ടുകളെ സ്വർണത്തിലേക്ക് അടുപ്പിച്ചു. ഡിസംബർ 26നു രേഖപ്പെടുത്തിയ 4549 ഡോളറിലെ റിക്കാർഡ് മറികടക്കാൻ സാധ്യത.
Business
മുംബൈ: ഓഹരിവിപണി തുടർച്ച യായ രണ്ടാം ദിനവും ചുവന്നു. വൻകിട ഓഹരികളിലെ ലാഭമെടുപ്പ്, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് ഭീഷണി, വിദേശ നിക്ഷേപകരുടെ പിൻവാങ്ങൽ തുടങ്ങിയ കാരണങ്ങളാണ് വിപണിയെ സ്വാധീനിച്ചത്.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണി മൂല്യം കഴിഞ്ഞ സെഷനിൽ ഏകദേശം 481 ലക്ഷം കോടി രൂപയായിരുന്നത് 479 കോടി രൂപയായി കുറഞ്ഞു. നിക്ഷേപകർക്ക് ഈ സെഷനിൽ ഏകദേശം രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
സെൻസെക്സ് 376 പോയിന്റ് (0.44%) നഷ്ടത്തിൽ 85,063ലും നിഫ്റ്റി 72 പോയിന്റ് (0.28%) ഇടിഞ്ഞ് 26,178ലും വ്യാപാരം അവസാനിപ്പിച്ചു.
ഇടിവിനു കാരണങ്ങൾ
വൻകിട ഓഹരികളിലെ ലാഭമെടുപ്പ്: നിഫ്റ്റിയിൽ റിലയൻസ് ഇൻഡസ്ട്രീസ് കഴിഞ്ഞാൽ ഉയർന്ന വെയിറ്റേജുള്ള ഓഹരിയാണ് എച്ച്ഡിഎഫ്സി ബാങ്കിന്റേത്.
എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ രണ്ട് ശതമാനത്തോളം ഇടിഞ്ഞത് വിപണിയെ കാര്യമായി ബാധിച്ചു. ബാങ്കിന്റെ നിക്ഷേപ വളർച്ചയിലെ കുറവും ഉയർന്ന ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതവുമാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്. 2026 സാന്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ താത്കാലിക ബിസിനസ് വിവരങ്ങൾ പുറത്തുന്നതോടെ രണ്ടു സെഷനിലായി എച്ച്ഡിഎഫ്സിയുടെ ഓഹരി വില നാലു ശതമാനത്തിലധികം ഇടിഞ്ഞു.
തീരുവയിലുള്ള ആശങ്ക: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയില്ലെങ്കിൽ ഇന്ത്യക്കുമേൽ തീരുവ വർധിപ്പിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് വിപണിയിൽ ആശങ്കയുണ്ടാക്കി.
വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്: ഇന്നലെ എഫ്ഐഐകൾ 107.63 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. തിങ്കളാഴ്ച 36.25 കോടി രൂപയുടെ ഓഹരികളുടെ വിൽപ്പന നടന്നു.
എഫ്ഐഐകളുടെ വിറ്റഴിക്കൽ വിപണിയിലെ പണലഭ്യത കുറയാൻ കാരണമാകുകയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ തളർത്തുകയും ചെയ്തു.
ഭൗമരാഷ്ട്രീയ ആശങ്കകൾ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെത്തുടർന്നുണ്ടായ ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ മൂലം നിക്ഷേപകർ ജാഗ്രതയിലാണ്.
Business
മുംബൈ: വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിക്കുന്നതിനെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണി ഇന്നലെയും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. തുടർച്ചയായി മൂന്നാം ദിവസമാണ് വിപണി ഇടിയുന്നത്.
സെൻസെക്സ് 120 പോയിന്റ് താഴ്ന്ന് ഈ ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. വ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ 263.88 പോയിന്റ് വരെ താഴ്ന്ന സെൻസെക്സ് 84,559.65 എന്ന നിലയിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 41.55 പോയിന്റ് ഇടിഞ്ഞ് 25,818.55 എന്ന നിലയിലെത്തി. ഇതും ഈ ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.
ട്രെന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, അദാനി പോർട്സ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിൻസെർവ്, ഭാരത് ഇലക്ട്രിക്സ്, ടൈറ്റൻ, ഏഷ്യൻ പെയിന്റ്സ് എന്നിവയ്ക്ക് നഷ്ടം നേരിട്ടപ്പോൾ എസ്ബിഐ, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, മാരുതി എന്നീ പ്രധാന ഓഹരികൾ നേട്ടമുണ്ടാക്കി.
രൂപയുടെ മൂല്യത്തിലുണ്ടായ മാറ്റവും വിദേശ നിക്ഷേപകരുടെ പിൻവാങ്ങലും വിപണിയെ ഒരേപോലെ ബാധിക്കുന്നുണ്ടെന്നാണ് സാന്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
Business
മുംബൈ: ഇന്ത്യൻ ആഭ്യന്തര സൂചികകൾ ഇന്നലെ റിക്കാർഡ് ഉയർത്തിൽനിന്ന് താഴേക്കു പതിച്ചു. നിക്ഷേപർക്കിടയിൽ ഉയർന്ന ലാഭമെടുപ്പും ദുർബലമായ ആഗോള സൂചനകളും പലിശ നിരക്ക് സംബന്ധിച്ചുള്ള ആശങ്കകളും വിപണിയെ ബാധിച്ചു.
തുടർച്ചയായ രണ്ടാമത്തെ ദിവസമാണ് വിപണി നഷ്ടത്തിൽ വ്യാപാരം പൂർത്തിയാക്കുന്നത്. ഡോളറിനെതിരേ രൂപയുടെ ഇടിവ് തുടരുന്നതും ഓഹരിവിപണിയെ ബാധിക്കുന്നുണ്ട്.
തുടക്കത്തിൽ നേട്ടമുണ്ടാക്കിയ സെൻസെക്സ് 64.77 പോയിന്റ് (0.08%) താഴ്ന്ന് 85,642ൽ ക്ലോസ് ചെയ്തു. ഇന്നലെ ഇൻട്രാഡേയിൽ 452.35 പോയിന്റ് ഉയർന്ന് 86159.02 എന്ന റിക്കാർഡ് ഉയരത്തിലെത്തിയ ശേഷമാണ് താഴേക്കു പതിച്ചത്.
നിഫ്റ്റി 27.20 പോയിന്റ് (0.10%) നഷ്ടത്തിൽ 26175.75ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ നിഫ്റ്റി 122.85 പോയിന്റ് ഉയർന്ന് എക്കാലത്തെയും റിക്കാർഡ് ഉയരമായ 26,325.80ലെത്തി. നിഫ്റ്റി മിഡ്കാപ് ഫ്ളാറ്റയപ്പോൾ സ്മോൾകാപ് 0.25 ശതമാനം ഉയർന്നു.
നിഫ്റ്റി മേഖലാ സൂചികകളിൽ ഓട്ടോയാണ് മികച്ച പ്രകടനം നടത്തിയത്. 0.79 ശതമാനമാണ് ഉയർന്നത്. മെറ്റൽ 0.58 ശതമാനത്തിലുമെത്തി. ഐടി (0.39%), പിഎസ് യു ബാങ്ക് (0.25%) എന്നിവ ഉയർന്നു.
നിഫ്റ്റി റിയൽറ്റി (1.02%) ഏറ്റവും വലിയ ഇടിവുണ്ടായി. ഹെൽത്ത്കെയർ (0.97%), കണ്‍സ്യൂമർ ഡ്യൂറബിൾസ് (0.51%), ഫാർമ (0.48%) എന്നിവയും താഴ്ന്നു. ഫിനാൻഷൽ സർവീസസ്, എഫ്എംസിജി, മീഡിയ, പ്രൈവറ്റ് ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ് സൂചികകളും താഴ്ചയിലാണ് ക്ലോസ് ചെയ്തത്.
Business
നിഫ്റ്റി സൂചിക കാത്തിരിപ്പിനൊടുവിൽ റിക്കാർഡ് പ്രകടനം കാഴ്ചവച്ച് നിക്ഷേപകരെ ആവേശം കൊള്ളിച്ചു. പതിനാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേയ്ക്ക് ചുവടുവച്ച് നിഫ്റ്റി 26,277ലെ റിക്കാർഡ് പഴങ്കഥയാക്കി 26,281 ലേക്ക് കയറി, സൂചിക 134 പോയിന്റ് പ്രതിവാര മികവിലാണ്, സെൻസെക്സ് 476 പോയിന്റ് ഉയർന്നു.
ഇന്ത്യൻ വിപണി തുടർച്ചയായ മൂന്നാം വാരമാണ് കരുത്ത് നിലനിർത്തുന്നത്. വിദേശ ഓപ്പറേറ്റർമാർ 5500 കോടി രൂപയുടെ വാങ്ങലിനു തയാറായതും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ പണം വാരി എറിഞ്ഞതും റിക്കാർഡ് മുന്നേറ്റത്തിനു വഴിതെളിച്ചു.
നിഫ്റ്റിയിൽ സംഭവിക്കുന്നത്
നിഫ്റ്റി സൂചിക 26,068 പോയിന്റിൽ ഇടപാടുകൾക്ക് തുടക്കം കുറിച്ചെങ്കിലും വാങ്ങൽ താത്പര്യം ചുരുങ്ങിയതു മൂലം ഒരു വേള സൂചിക 25,860 പോയിന്റിലേക്കു തളർന്നത് അവസരമാക്കി ആഭ്യന്തര‐വിദേശ ഫണ്ടുകൾ മത്സരിച്ച് രംഗത്തിറങ്ങി മുൻനിര, രണ്ടാം നിര ഓഹരികൾ വാരിക്കൂട്ടാൻ ഉത്സാഹിച്ചു. ഇതോടെ മുൻവാരം സൂചിപ്പിച്ച ആദ്യ പ്രതിരോധമായ 26,257 മറികടന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 26,277ലെ റിക്കാർഡ് തകർത്ത് 26,281ലേക്ക് ഉയർന്ന ശേഷം വാരാന്ത്യം 26,202ലാണ്.
ഈവാരം നിഫ്റ്റിക്ക് ആദ്യ പ്രതിരോധം 26,368 പോയിന്റിലാണ്, ഇത് തകർക്കാനായാൽ അടുത്ത ലക്ഷ്യം 26,535 പോയിന്റാണ്. ക്രിസ്മസിനു മുന്നോടിയായി 26,956നെ കൈപ്പിടിയിൽ ഒതുക്കാനുള്ള ശ്രമങ്ങൾ അരങ്ങേറാം. ഫണ്ടുകൾ പ്രോഫിറ്റ് ബുക്കിംഗിനു രംഗത്തിറങ്ങിയാൽ 25,947ൽ ആദ്യ താങ്ങുണ്ട്, ഇത് നഷ്ടപ്പെടുന്ന സാഹചര്യം ഉടലെടുത്താൽ സൂചിക 25,695ലേക്കു പരീക്ഷണങ്ങൾക്ക് മുതിരാം.
എംഎസിഡി ബുള്ളിഷ് ട്രെൻഡിൽ നീങ്ങുന്നതിനൊപ്പം മറ്റ് പല ഇൻഡിക്കേറ്ററുകളും നിക്ഷേപകർക്ക് മുന്നിൽ പച്ചക്കൊടി ഉയർത്തി. അതേസമയം, കഴിഞ്ഞ വാരം സൂചിപ്പിച്ച ചില ഇൻഡിക്കേറ്ററുകൾ ഓവർ ബോട്ടായതിനാൽ ഫണ്ടുകൾ ലാഭമെടുപ്പിനു മുതിരാം. പ്രത്യേകിച്ച് റിക്കാർഡ് പ്രകടനം കാഴ്ചവച്ചതിനാൽ ഒരു തിരുത്തൽ വിപണിയുടെ അടിത്തറ കൂടുതൽ ശക്തമാക്കാൻ ഉപകരിക്കും.
നിഫ്റ്റി ഫ്യൂച്ചറിൽ ഡിസംബർ സീരീസ് 26,387 ൽ ക്ലോസിംഗ് നടന്നു. മുന്നേറ്റത്തിനിടയിൽ ഓപ്പറേറ്റർമാർ പുതിയ നിക്ഷേപങ്ങൾക്ക് താത്പര്യം കാണിച്ചത് ഡിസംബർ ഫ്യൂച്ചറിലെ ഓപ്പൺ ഇന്ററസ്റ്റ് 76 ലക്ഷം കരാറുകളിൽനിന്നും 137 ലക്ഷം കരാറുകളായി ഉയർത്തി. ചുരുങ്ങിയ ദിവസങ്ങളിൽ ഓപ്പൺ ഇന്ററസ്റ്റിൽ ശക്തമായ കുതിപ്പ് ജനുവരി വരെയുള്ള കാലയളവിലേക്ക് ഉണർവിന്റെ സൂചന നൽകുന്നു.
സെൻസെക്സിൽ
ബോംബെ സെൻസെക്സ് മുൻവാരത്തിലെ 85,231 പോയിന്റിൽ ഒപ്പണിംഗ് വേളയിൽ സാങ്കേതിക പരീക്ഷണങ്ങളുടെ ഭാഗമായി 84,533ലേക്ക് ഇടിഞ്ഞെങ്കിലും ഈ അവസരത്തിൽ മുൻവാരം സൂചിപ്പിച്ച 84,458 സപ്പോർട്ട് വിപണി നിലനിർത്തിയതോടെ ഹെവിവെയിറ്റ് ഓഹരികളിലെ നിക്ഷേപം സൂചികയെ 86,055 പോയിന്റ് വരെ ഉയർത്തി. മികവിനിടയിലെ ലാഭമെടുപ്പിൽ സെൻസെക്സ് 85,706 ൽ ക്ലോസിംഗ് നടന്നു. സൂചികയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഈ വാരം 86,330 – 86,954 പോയിന്റുകളിൽ പ്രതിരോധമുണ്ട്, ഫണ്ടുകൾ ലാഭമെടുപ്പിനു രംഗത്ത് ഇറങ്ങിയാൽ 84,807 താങ്ങ് പ്രതീക്ഷിക്കാം.
ആഭ്യന്തര ഫണ്ടുകൾ വിപണിക്ക് ശക്തമായ പിന്തുണ നൽകുന്നുണ്ട്. പിന്നിട്ടവാരത്തിൽ എല്ലാ ദിവസങ്ങളിലും അവർ നിക്ഷേപകരായി മൊത്തം 22462.53 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വിദേശ ഓപ്പറേറ്റർമാർ മൂന്നു ദിവസങ്ങളിലായി 9222.67 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു, രണ്ടു ദിവസം വാങ്ങലുകാരായി 5563.35 കോടി രൂപ നിക്ഷേപിച്ചു.
ദുർബലമായി രൂപ
ഡോളറിനു മുന്നിൽ രൂപ 89.58ൽനിന്നും 89.04ലേക്ക് ശക്തിപ്രാപിച്ച ശേഷം 89.49ലേക്ക് ദുർബലമായി, വാരാന്ത്യം 89.45ലാണ്. രൂപ 90ലേക്ക് ദുർബലമാകാനുള്ള സാധ്യത തുടരുമ്പോഴും സാമ്പത്തിക മേഖലയിൽനിന്നുള്ള അനുകൂല വാർത്തകൾക്ക് രൂപയുടെ തകർച്ചയെ തടയാനാവും.
വളർച്ച കൈവരിച്ച് സമ്പദ്വ്യവസ്ഥ
സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ 8.2 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ ആറ് ക്വാർട്ടറുകളിൽ ദൃശ്യമായതിൽ ഏറ്റവും വേഗതയേറിയ വളർച്ച. നിർമാണ, സേവന മേഖലകളിലെ ഉണർവ് കരുത്തായി. വ്യാവസായിക ഉത്പാദനത്തിലെ മികവ് വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിലെ ജിഡിപി വളർച്ച 5.6 ശതമാനമായിരുന്നു. ഉണർവ് നിലനിർത്താനായാൽ ഇന്ത്യ ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയായി മാറാം. അന്താരാഷ്ട്ര മാർക്കറ്റിലെ ചാഞ്ചാട്ടങ്ങൾ വെല്ലുവിളി ഉയർത്താമെങ്കിലും, കാർഷിക മേഖലയിലെ ഉണർവ് വളർച്ച സുഗമമാക്കാം.
ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 4064 ഡോളറിൽനിന്നു 4028 ലേക്ക് ഇടിഞ്ഞെങ്കിലും തൊട്ട് മുൻവാരത്തിലെ താഴ്ന്ന നിലവാരമായ 4001ലെ സപ്പോർട്ട് നിലനിർത്തിയത് നിക്ഷേപകരെ ആകർഷിച്ചു. വാരമധ്യം ഉടലെടുത്ത വാങ്ങൽ താത്പര്യം പിന്നീട് മഞ്ഞലോഹത്തെ 4200 ഡോളറും കടത്തി 4225 വരെ ഉയർത്തിയ ശേഷം ക്ലോസിംഗിൽ 4218 ഡോളറിലാണ്. ഈ വാരം 4265 റേഞ്ചിലെ പ്രതിരോധം തകർത്താൽ ഊഹക്കച്ചവടക്കാർ വില്പനകൾ തിരിച്ചുപിടിക്കാൻ നിർബന്ധിതരാവും. അതേസമയം, വർഷാന്ത്യം അടുക്കുന്നതിനാൽ ബാധ്യതകൾ കുറയ്ക്കാൻ പല ഫണ്ടുകളും അണിയറ നീക്കത്തിലാണ്.
Business
മുംബൈ: തുടർച്ചയായ മൂന്നാം ദിവസവും നഷ്ടം തുടർന്ന് വിപണി. ചാഞ്ചാട്ടങ്ങൾ നിറഞ്ഞ സെഷനാണ് വിപണി സാക്ഷ്യം വഹിച്ചത്. വിദേശ സ്ഥാപന നിക്ഷേപകരുടെ തുടർച്ചയായ വിൽപ്പന വിപണിയുടെ മുന്നേറ്റത്തിന് വലിയ തടസമുണ്ടാക്കി. കഴിഞ്ഞ ദിവസം മാത്രം 4,171 കോടി രൂപയുടെ ഓഹരികളാണ് എഫ്ഐഐകൾ വിറ്റഴിച്ചത്.
ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വവും ഇന്ത്യൻ രൂപയുടെ ദുർബലതയും വിപണിക്ക് ക്ഷീണമായി. വിപണി റിക്കാർഡ് നിലവാരത്തിന് സമീപം എത്തിയതിനെത്തുടർന്ന് നിക്ഷേപകർ ലാഭമെടുപ്പിന് മുതിർന്നതും വിൽപ്പന സമ്മർദം വർധിപ്പിച്ചു.
കൂടാതെ, നിഫ്റ്റി ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് കരാറുകളുടെ പ്രതിമാസ കാലാവധി അവസാനിക്കുന്നതിനാൽ, വലിയ അളവിലുള്ള പൊസിഷനുകൾ കൈകാര്യം ചെയ്യുന്നതിലുള്ള ജാഗ്രത വിപണിയിൽ ചാഞ്ചാട്ടത്തിനു കാരണമായി. പുതിയ ഉത്തേജക ഘടകങ്ങളുടെ അഭാവവും വിപണിക്ക് തിരിച്ചടിയായി.
സെൻസെക്സ് 314 പോയിന്റ് (0.37%) താഴ്ന്ന് 84,587ലും നിഫ്റ്റി 74.7 പോയിന്റ് (0.29%) ഇടിഞ്ഞ് 25,884.80 ലും ക്ലോസ് ചെയ്തു.
മുഖ്യസൂചികകൾ നഷ്ടത്തിലായപ്പോൾ വിശാല സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് എന്നിവ യഥാക്രമം 0.36 ശതമാനവും 0.19 ശതമാനവും മുന്നേറി.
നിഫ്റ്റി മേഖലാ സൂചികകളിൽ കണ്‍സ്യൂമർ ഡ്യൂറബിൾസ് (0.57%), ഐടി (0.57%), മീഡിയ (0.80%), ഓയിൽ & ഗ്യാസ് (0.34%) ഇടിഞ്ഞു. മെറ്റൽ (0.55%), ഫാർമ (0.44%), പിഎസ്്യു ബാങ്ക് (1.44%), റിയൽറ്റി (1.62%) എന്നിവ നേട്ടമുണ്ടാക്കി.
ഇൻഫർമേഷൻ ടെക്നോളജി (ഐടി), ഓയിൽ & ഗ്യാസ് തുടങ്ങിയ പ്രധാന മേഖലാ ഓഹരികളിലെ ഇടിവ് സൂചികകളെ താഴേക്ക് വലിച്ചു.
കേരള കന്പനികളുടെ
പ്രകടനം
കേരളത്തിൽനിന്നുള്ള കന്പനികളുടെ ഓഹരികൾ സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ഫെഡറൽ ബാങ്ക് ഓഹരികൾ മൂന്നു ശതമാനത്തിനു മുകളിനും വണ്ടർലായുടേത് നാലു ശതമാനത്തിനു മുകളിലും ഉയർന്നു. മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ്, സ്കൂബി ഡേ തുടങ്ങിയവയുടെ ഓഹരികളും നേട്ടത്തിലെത്തി.
കേരള ആയൂർവേദ, വിഗാർഡ് ഇൻഡസ്ട്രീസ്, ഈസ്റ്റേണ്‍ ട്രെഡ്സ് എന്നിവയുടെ ഓഹരികൾ നഷ്ടത്തോടെയാണ് വ്യാപാരം പൂർത്തിയാക്കിയത്.
Business
ഇന്ത്യൻ ഓഹരി ഇൻഡെക്സുകൾ നാലാം വാരവും കരുത്ത് നിലനിർത്തി പ്രാദേശിക നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. ഇതോടെ ഇനിയും വിൽപ്പനക്കാരായി മാറിനിന്നാൽ കൈ പൊള്ളുമെന്ന തിരിച്ചറിവ് വിദേശ ഫണ്ടുകളെ വാങ്ങലുകാരാക്കിയത് ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്കും നേട്ടം പകർന്നു. അതേസമയം റിക്കാർഡ് തകർക്കാനുള്ള സാവകാശം നിഫ്റ്റിക്കു നൽക്കാതെ ഓപ്പറേറ്റർമാർ ലാഭമെടുപ്പിനു തിടുക്കം കാണിച്ചു.
ദീപാവലിയും മുഹൂർത്ത വ്യാപാരവും മൂലം വ്യാപാരം മൂന്ന് ദിവസത്തിലേക്ക് ചുരുങ്ങിയത് ഇടപാടുകളുടെ വ്യാപ്തി കുറച്ചു. മുന്നിലുള്ള ദിവസങ്ങളിൽ താഴ്ന്ന റേഞ്ചിൽ പരീക്ഷണങ്ങൾ നടത്തി വിപണി കൂടുതൽ ഊർജം സംഭരിക്കാൻ നീക്കം നടത്താം. നിഫ്റ്റി 85 പോയിന്റും സെൻസെക്സ് 259 പോയിന്റും മികവിലാണ്. ഒരു മാസക്കാലയളവിൽ നിഫ്റ്റി 738 പോയിന്റും സെൻസെക്സ് 2496 പോയിന്റുമാണ് ഉയർന്നത്.
റഷ്യൻ എണ്ണ ഇറക്കുമതി വിഷയത്തിൽ അമേരിക്ക നടത്തുന്ന പ്രസ്താവനകൾ നിക്ഷേപകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും പ്രതികൂല വാർത്തകളെ മറികടന്ന് മുൻനിര ഇൻഡെക്സുകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. ഇതിനിടയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട അമേരിക്ക നട്ടം തിരിയുന്നു. അടച്ചുപൂട്ടൽ മൂലം സെപ്റ്റംബറിലെ ഉപഭോക്തൃ വിലസൂചിക റിപ്പോർട്ട് തയാറാകാൻ പോലും കാലതാമസം നേരിട്ടു.
ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ വിലയിരുത്തലിൽ സെപ്റ്റംബറിലെ വാർഷിക പണപ്പെരുപ്പം മൂന്ന് ശതമാനമായി ഉയർന്നു. ഭക്ഷ്യോത്പന്നങ്ങളുടെ വില നിത്യേന കയറുന്നത് കടുത്ത സാമ്പത്തിക ഞെരുക്കമാണു വ്യക്തമാക്കുന്നത്. സ്ഥിതിഗതി സങ്കീർണമാകുന്നതിനാൽ ഫെഡ് റിസർവ് പലിശനിരക്കുകളിൽ വീണ്ടും ഭേദഗതികൾക്ക് നിർബന്ധിതമാവും. ഡിസംബറിനു മുന്നേ രണ്ട് തവണയെങ്കിലും പലിശ നിരക്കിൽ അവർ മാറ്റം വരുത്താം.
നിഫ്റ്റി സൂചിക 25,709 പോയിന്റിൽനിന്നും മികവ് കാണിച്ച് ഒരുവേള മുൻവാരം സൂചിപ്പിച്ച 25,972ലെ ആദ്യ പ്രതിരോധം തകർത്തെങ്കിലും റിക്കാർഡായ 26,277ലേക്ക് അടുക്കാനായില്ല. സൂചിക ഉയർന്നതിനിടയിൽ ഫണ്ടുകൾ ലാഭമെടുപ്പിനു രംഗത്തിറങ്ങിയതിനാൽ വാരാന്ത്യം നിഫ്റ്റി സൂചിക 25,795 പോയിന്റിലാണ്. ഈ വാരം 26,026 ആദ്യ പ്രതിരോധം മറികടന്നാൽ 26,258 പോയിന്റിൽ വീണ്ടും പ്രതിരോധം തല ഉയർത്തും. വിപണിയുടെ താങ്ങ് 25,640 - 25,486 പോയിന്റിലാണ്.
ഇൻഡിക്കേറ്റുകൾ പലതും ഓവർ ബോട്ടായതിനാൽ വീണ്ടും ലാഭമെടുപ്പിനു സാധ്യത, അതേസമയം എംഎസിഡി ട്രെൻഡ് ലൈനിനു മുകളിൽ നീങ്ങുന്നത് ബുള്ളിഷ് മനോഭാവത്തിന് ശക്തിപകരുന്നു. സൂപ്പർ ട്രെൻഡും പാരാബോളിക്കും നിക്ഷേപകർക്കു മുന്നിൽ പച്ചക്കൊടി ഉയർത്തിയത് ഫണ്ടുകളെ ആകർഷിക്കാം. ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡെക്സ് 11.59ൽ നിലകൊള്ളുന്നത് ചാഞ്ചാട്ടസാധ്യത കുറയ്ക്കുമെന്നതും നിക്ഷേപകരെ മാടിവിളിക്കാം. നവംബറിൽ സൂചിക റിക്കാർഡ് തകർത്ത് 26,365 പോയിന്റിലേക്കും തുടർന്ന് 26,644ലേക്കും സഞ്ചരിക്കാം. ഇതിനിടയിൽ അമേരിക്ക പലിശ നിരക്കിൽ മാറ്റം വരുത്തിയാൽ രാജ്യാന്തര ഫണ്ടുകൾ ഇന്ത്യയിൽ പിടിമുറുക്കാം.
നിഫ്റ്റി ഫ്യൂച്ചറിൽ നാളെ ഒക്ടോബർ സീരീസ് സെറ്റിൽമെന്റാണ്. ഇടപാടുകാർ നവംബറിലേക്ക് ചുവടുമാറ്റിയതോടെ കരാറുകളുടെ എണ്ണം ഇരട്ടിച്ചു. 23.5 ലക്ഷമായിരുന്നു ഓപ്പൺ ഇൻട്രസ്റ്റ് 56.3 ലക്ഷം കരാറുകളായി. 25,952ൽ നിലകൊള്ളുന്ന നവംബർ 25,580ലെ സപ്പോർട്ട് നിലനിർത്താനായാൽ 26,300‐26,450 നെ ലക്ഷ്യമാക്കാം.
സെൻസെക്സ് ദീപാവലി വേളയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. 83,952 പോയിന്റിൽനിന്നും വാരമധ്യം 85,290 വരെ മുന്നേറി. ഇതിനിടയിലെ ലാഭമെടുപ്പിൽ സൂചിക തളർന്നെങ്കിലും വ്യാപാരാന്ത്യം 84,211 പോയിന്റിലാണ്. നിലവിലെ ചലനങ്ങൾ വിലയിരുത്തിയാൽ 85,025 - 85,839 പോയിന്റിൽ പ്രതിരോധം നേരിടാം, വിൽപ്പന സമ്മർദമുണ്ടായാൽ സെൻസെക്സിന് 83,661 – 83,111 പോയിന്റിൽ താങ്ങുണ്ട്.
ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ പിന്നിട്ട വാരം 6552.32 കോടി രൂപയുടെ ഓഹരികൾ വാങ്ങി, ഒരു ദിവസം അവർ 607.01 കോടി രൂപയുടെ വിൽപ്പനയും നടത്തി. ഒക്ടോബറിലെ മൊത്തം നിക്ഷേപം 34,595.96 കോടി രൂപയായി ഉയർന്നു. തൊട്ട് മുൻമാസം ആഭ്യന്തര ഫണ്ടുകൾ നിക്ഷേപിച്ചത് 65,338.59 കോടി രൂപയാണ്. വിദേശഫണ്ടുകൾ 1165.9 കോടി രൂപയുടെ ഓഹരി വിൽപ്പനയും 1508.68 കോടി രൂപയുടെ വാങ്ങലും കഴിഞ്ഞവാരം നടത്തി. ഫോറെക്സ് മാർക്കറ്റിൽ യുഎസ് ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 87.95ൽനിന്നും ഓഗസ്റ്റിനു ശേഷം ആദ്യമായി 87.63ലേക്ക് ശക്തി പ്രാപിച്ചെങ്കിലും മാർക്കറ്റ് ക്ലോസിംഗിൽ 87.79ലാണ്.
ആഗോള ക്രൂഡ് ഓയിൽ വില അഞ്ച് മാസങ്ങളിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിൽ, ക്രൂഡ് ഓയിൽ ബാരലിന് 65 ഡോളറിലെത്തി. 67ലെ പ്രതിരോധം കടന്നാൽ എണ്ണവിപണി കൂടുതൽ ചൂടുപിടിച്ച് 71 ഡോളറിലേക്ക് സഞ്ചരിക്കാം. തളർച്ച നേരിട്ടാൽ 60 ഡോളർ വരെ നീങ്ങാം.
ആഗോള സ്വർണവിപണി ഒൻപത് ആഴ്ചകൾ നീണ്ട ബുൾ റാലിക്ക് ശേഷം തിരുത്തലിലേക്ക് മുഖം തിരിച്ചു. ന്യൂയോർക്കിൽ ട്രോയ് ഔൺസിനു 4250 ഡോളറിൽനിന്നുള്ള തിരിച്ചുവരവിൽ 4375 ഡോളറിനു മുകളിൽ ഇടം പിടിക്കാനാവാതെ വന്നതോടെ അതിശക്തമായ വിൽപ്പന സമ്മർദത്തിലേക്ക് മഞ്ഞലോഹം വഴുതി. ഒരവസരത്തിൽ 4004 ഡോളറിലേക്ക് സാങ്കേതിക പരീക്ഷണം നടത്തിയ സ്വർണം വ്യാപാരാന്ത്യം 4111 ഡോളറിലാണ്.
Business
മുംബൈ: തുടർച്ചയായ ആറു സെഷനുകളിലെ നേട്ടത്തിനുശേഷം ഇന്ത്യൻ ഓഹരിവിപണി ഇന്നലെ നഷ്ടത്തിലേക്കു വീണു. നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നതാണ് വിപണിയുടെ വീഴ്ചയ്ക്കിടയാക്കിയത്. കൂടാതെ വിദേശ നിക്ഷേപകരുടെ പി·ാറ്റവും.
സെൻസെക്സ് 344.52 പോയിന്റ് (0.41%) താഴ്ന്ന് 84,211.88ലും നിഫ്റ്റി 96.25 (0.37%) നഷ്ടത്തിൽ 25,795.15ലും വ്യാപാരം പൂർത്തിയാക്കി.
Business
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ ചുവപ്പിൽ അവസാനിച്ചു. യുഎസ് തീരുവയിൽ അനിശ്ചിതത്വം തുടരുന്നതിനാൽ അപകടസാധ്യതയുള്ള ഓഹരികളിൽനിന്ന് നിക്ഷേപകർ വിട്ടുനിന്നു.
2026 സാന്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ വരുമാന സീസണിന് മുന്നോടിയായി ജാഗ്രത പാലിച്ചതും വിപണിയിൽ സമ്മർദം വർധിപ്പിച്ചു.
മൂന്നു ദിവസത്തെ മുന്നേറ്റത്തിനുശേഷം സെൻസെക്സ് 176 പോയിന്റ് (0.21%) താഴ്ന്ന് 83,536.08ലും നിഫ്റ്റി 46 പോയിന്റ് (0.18%) നഷ്ടത്തിൽ 25,476.10 ലും ക്ലോസ് ചെയ്തു.
ബിഎസ്ഇ മിഡ്കാപ് 0.05 ശതമാനം നഷ്ടത്തിലായപ്പോൾ സ്മോൾകാപ് സൂചിക 0.45 ശതമാനം നേട്ടത്തിലെത്തി.
യുഎസ് തീരുവകളെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് എന്നിവയുൾപ്പെടെ വൻകിടകന്പനികളിൽനിന്ന് നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയത് ആഭ്യന്തര വിപണി സൂചികകളുടെ നഷ്ടത്തിനു കാരണമായി.
Business
മുംബൈ: തുടർച്ചയായ നാലു ദിവസത്തെ നേട്ടത്തിനുശേഷം ഇന്ത്യൻ ഓഹരിസൂചികകൾ താഴ്ചയിൽ. നിഫ്റ്റിയും സെൻസെക്സും തകർച്ചയെ നേരിട്ടപ്പോൾ മിഡ്കാപ്, സ്മോൾകാപ് സൂചികകൾ നേട്ടത്തിലെത്തി. സമ്മിശ്രമായ ആഗോള സൂചനകളാണ് ഇന്ത്യൻ വിപണിയെ ബാധിച്ചത്.
സെൻസെക്സ് 452 പോയിന്റ് (0.54%) താഴ്ന്ന് 83,606.46ലും നിഫ്റ്റി 121 പോയിന്റ് (0.47%) നഷ്ടത്തിൽ 25,517.05ലും ക്ലോസ് ചെയ്തു. ബിഎസ്ഇ മിഡ്കാപ്, സ്മോൾകാപ് സൂചികകൾ ഉയർന്ന് യഥാക്രമം 0.67 ശതമാനത്തിലും 0.81 ശതമാനത്തിലും ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്കാപ് (0.60%), നിഫ്റ്റി സ്മോൾകാപ് (0.52%) ഉയർന്ന് വ്യാപാരം പൂർത്തിയാക്കി.
മിഡ്കാപ്, സ്മോൾകാപ് സൂചികകളിലുണ്ടായ നേട്ടത്തോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂലധനത്തിൽ നഷ്ടമുണ്ടായില്ല. 460 ലക്ഷം കോടി രൂപയിൽനിന്ന് ഒരു ലക്ഷം കോടി രൂപ ഉയർന്ന് 461 ലക്ഷം കോടിയിലെത്തി.
ജൂണിൽ നിഫ്റ്റി 50 തുടർച്ചയായ നാലാം മാസവും നേട്ടത്തിലെത്തി. ജൂണിൽ മൂന്നു ശതമാനമാണ് ഉയർന്നത്. വാർഷിക കണക്കിൽ സൂചിക 7.5 ശതമാനത്തിന്റെ നേട്ടമാണുണ്ടാക്കിയത്.
Business
മുംബൈ: തുടർച്ചയായ മൂന്നാം ദിനവും ഇന്ത്യൻ ഓഹരി സൂചികകൾ കുതിച്ചു. സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലേറെ മുന്നേറി. പോസിറ്റീവായ ആഗോള സൂചനകളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളിൽ അയവുണ്ടായതുമാണ് വിപണിയിൽ ഉണർവുണ്ടാക്കിയത്. ഫിനാൻഷൽ, മെറ്റൽ ഓഹരികളിലുണ്ടായ മികവിലാണ് വിപണി ഇന്നലെ കുതിച്ചത്.
നിഫ്റ്റി 304 പോയിന്റ് (1.21%) ഉയർന്ന് ഒന്‍പത് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 25,549ൽ അവസാനിച്ചു. സെൻസെക്സ് 1003 പോയിന്റ് (1.21%) നേട്ടത്തിൽ 83,759ൽ വ്യാപാരം പൂർത്തിയാക്കി. 2024 ഒക്ടോബറിനുശേഷമുള്ള ഉയർന്ന ലെവലാണ്. രണ്ട് സൂചികകളും ഇപ്പോൾ സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ 2.3% താഴെയാണ് വ്യാപാരം നടത്തുന്നത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂലധനം 3.33 ലക്ഷം കോടി രൂപ ഉയർന്ന് 457.33 ലക്ഷം കോടിയിലെത്തി.
വിശാല സൂചികകളിൽ നിഫ്റ്റി മിഡ്കാപ് 0.59 ശതമാനവും സ്മോൾകാപ് 0.42 ശതമാനവും മുന്നേറി.
മേഖലാ സൂചികകളിൽ മെറ്റൽ ഓഹരികൾ വിപണിയുടെ കുതിപ്പിന് ചുക്കാൻ പിടിച്ചു. നിഫ്റ്റി മെറ്റലിലെ എല്ലാ ഘടകങ്ങളും നേട്ടത്തിൽ അവസാനിച്ചു. ഇത് സൂചികയെ 2.3 ശതമാനത്തിലെത്തിച്ചു. ഇതിനു പിന്നാലെ ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളും ഉയർന്നു. ക്രൂഡ് ഓയിൽ വിലയിൽ കുത്തനെയുണ്ടായ ഇടിവ് ഓയിൽ മാർക്കറ്റിംഗ് കന്പനികളുടെ ഓഹരികളെ ഉയർത്തി. നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് സൂചിക 1.86 ശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക്, ഫിനാൻഷൽ സർവീസ് സൂചികകൾ യഥാക്രമം ഒരു ശതമാനം, 1.5 ശതമാനം നേട്ടം സ്വന്തമാക്കി.
നേട്ടത്തിനു കാരണങ്ങൾ
വെടി നിർത്തലും യുഎസ്-ഇറാൻ ചർച്ചയും:-പശ്ചിമേഷ്യയിൽ ഇറാനും ഇസ്രയേലും വെടിനിർത്തൽ കരാർ പാലിക്കുന്നത്. കൂടാതെ അടുത്തയാഴ്ച അമേരിക്കൻ-ഇറേനിയൻ ഉദ്യോഗസ്ഥർ ചർച്ച നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉറപ്പും വിപണിയെ സഹായിച്ചു.
ആഗോള സൂചനകൾ:-ഏഷ്യൻ വിപണികൾ വലിയ തോതിൽ ഉയർന്ന നിലയിലായിരുന്നു. ജപ്പാനിലെ നിക്കി 225 ഉം ചൈനയുടെ ഷാങ്ഹായ് കോന്പോസിറ്റും നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. യുഎസ് വിപണികൾ രാത്രി മുഴുവൻ സമ്മിശ്രമായി അവസാനിച്ചു. ഇന്നലെ രാവിലെയും യുഎസ് വിപണികൾക്ക് പോസിറ്റീവ് ഓപ്പണിംഗാണ് നടത്തിയത്.
രൂപ ശക്തിപ്രാപിച്ചു, ഡോളർ സൂചിക താഴ്ന്ന നിലയിൽ:-ദുർബലമായി തുടരുന്ന ഡോളറിനെതിരേ രൂപയുടെ മൂല്യം ഉയർന്നു. 38 പൈസ ഉയർന്ന് 85.71ലാണ് ക്ലോസ് ചെയ്തത്. ഫെഡറൽ റിസവർ ചെയർമാൻ ജെറോം പവലിനെതിരേ പ്രസിഡന്റ് ട്രംപിന്റെ പുതിയ വിമർശനത്തിനു പിന്നാലെ ഡോളർ സൂചിക മൂന്നു വർഷത്തെ ഏറ്റവും താഴ്ന്ന നിലയായ 97ലെത്തി.
ആഭ്യന്തര നിക്ഷേപകരുടെ പിന്തുണ:- വിദേശ നിക്ഷേപർ വിൽപ്പനക്കാരായി തുടരുന്പോഴും ആഭ്യന്തര സ്ഥാപന നിക്ഷേപകർ വാങ്ങലുകാരായി.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണികൾ തുടർച്ചയായ രണ്ടാം ദിവസവും മുന്നേറ്റം നടത്തി. മീഡിയ, ഐടി, കണ്‍സ്യൂമർ ഡ്യുറബിൾസ്, ഓട്ടോ മേഖലാ സൂചികകളിൽ വാങ്ങലുണ്ടായതാണ് വിപണിക്കു കരുത്തായത്. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് അയവു വന്നതും ക്രൂഡ് ഓയിൽ വിലയിൽ കുറവുണ്ടായതും വിപണിയിൽ പ്രതിഫലിച്ചു.
എൻഎസ്ഇ നിഫ്റ്റി 200.40 പോയിന്റ് 0.80 ശതമാനം ഉയർന്ന് 25,245ലെത്തി. ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് നിഫ്റ്റിയെത്തിയത്. 2025ൽ ആദ്യമായാണ് നിഫ്റ്റി 25,200 പോയിന്റ് കടക്കുന്നത്. നിഫ്റ്റിയിലെ 50 ഓഹരികളിൽ 41 എണ്ണം നേട്ടമുണ്ടാക്കിയപ്പോൾ ഒന്‍പതെണ്ണമാണ് താഴ്ന്നത്.
ബിഎസ്ഇ സെൻസെക്സ് 700 പോയിന്റ് (0.85%) മുന്നേറി 82,756ൽ വ്യാപാരം പൂർത്തിയാക്കി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂലധനം നാലു ലക്ഷം കോടി രൂപ ഉയർന്ന് 454 ലക്ഷം കോടിയിലെത്തി.
നിഫ്റ്റി മിഡ്കാപ് 0.44 ശതമാനവും സ്മോൾകാപ് 1.49 ശതമാനവും ഉയർന്നു.
നിഫ്റ്റി മീഡിയ സൂചിക 1.99 ശതമാനം മുന്നേറി ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ പ്രതിരോധ മേഖലയിൽ വിൽപ്പനസമ്മർദമേറിയതോടെ രണ്ടു ശതമാനം ഇടിവുണ്ടായി. ലാർജ് കാപ് ഓഹരികളിൽ ഐടിയും ഓട്ടോയും മികച്ച പ്രകടനം നടത്തി. ഡോളർ ശക്തിപ്പെട്ടതിന്റെ ഫലമാണിത്.
Business
ഓഹരി അവലോകനം
സോണിയ ഭാനു
ചെറിയൊരു തളർച്ചയ്ക്കു ശേഷം ഓഹരി വിപണി വീണ്ടും ചിറകു വിരിച്ചു. ഏപ്രിൽ മധ്യം ഉടലെടുത്ത ബുൾ റാലിയുടെ ആക്കം വർധിക്കുന്നത് കണ്ട് വിദേശ നിഷേപകർ വിൽപ്പന കുറച്ച് പുതിയ വാങ്ങലുകൾക്ക് ഉത്സാഹം കാണിച്ചു. പിന്നിട്ടവാരം അവർ 21,000 കോടി രൂപയുടെ ഓഹരികൾ വാരികൂട്ടി. നിഫ്റ്റി മുൻവാരം സൂചിപ്പിച്ച പ്രതിരോധത്തിന് ഒരു പോയിന്റ് മുകളിൽ ഇടം കണ്ടത്തിയത് വിപണിയുടെ അടിത്തറ കൂടുതൽ ശക്തമാക്കാം. നിഫ്റ്റി 393 പോയിന്റും സെൻസെക്സ് 1289 പോയിന്റും കഴിഞ്ഞവാരം വർധിച്ചു.
24,718 പോയിന്റിൽ ഇടപാടുകൾ തുടങ്ങിയ നിഫ്റ്റി വാരത്തിന്റെ ആദ്യ പകുതിയിൽ നേരിയ റേഞ്ചിൽ ചാഞ്ചാടിയ ശേഷം വാരാവസാനം നിർണായകമായ 25,000 പോയിന്റ് മറികടന്നു. ഇതോടെ മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച ആദ്യ പ്രതിരോധമായ 25,135 തടസം ഭേദിച്ച് 25,136ലേക്ക് കയറി വിപണി കരുത്ത് വ്യക്തമാക്കി. മുന്നേറ്റം കേവലം ഒറ്റ പോയിന്റിലെങ്കിലും വിപണിയുടെ അടിയൊഴുക്കിന്റെ കരുത്തിനെ അത് വ്യക്തമാക്കുന്നു. വാരാന്ത്യ ദിനത്തിലെ ഈ പ്രകടനത്തിന് ശേഷം നിഫ്റ്റി 25,112 പോയിന്റിൽ ക്ലോസിംഗ് നടന്നു.
ഡെയ്ലി, വീക്ക്ലി ചാർട്ടുകളിൽ നിഫ്റ്റി ബുള്ളിഷാണ്. അതായത് ദീപാവലി വേളയിൽ 27,500ന് മുകളിൽ ഇടം കണ്ടെത്തുകയെന്ന യജ്ഞത്തിലാണ് നിഫ്റ്റി. സാന്പത്തിക, രാഷ്ട്രീയ മേഖലയിലെ ചലനങ്ങളും മികച്ച മൺസൂണും കുതിപ്പിനുള്ള, അല്ല റിക്കാർഡ് കുതിപ്പിനുള്ള സാധ്യതകളിലേക്കു വിരൽചൂണ്ടുന്നു. ഈവാരം എൻഎസ്ഇ സൂചിക 25,262ലെ ആദ്യ പ്രതിരോധം തകർത്താൽ വാരാന്ത്യതോടെ 25,412 -25,836 നെ ലക്ഷ്യമാക്കി ചുവടുവയ്ക്കും.
ഇതിനിടയിൽ യുഎസ് ബങ്കർ ബസ്റ്റർ ബോംബുകൾ ഇറാനിൽ വർഷിച്ചതിനോടുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ഓഹരി വിപണികൾ ഇന്ന് രാവിലെ പ്രതികരിച്ചാൽ സ്വാഭാവികമായും നിഫ്റ്റി സൂചിക 24,836-24,560 ലെ സപ്പോർട്ടിൽ പരീക്ഷണങ്ങൾ നടത്തും. എന്നാൽ, ഇതേ വിഷയം ആഘോഷമാക്കാൻ യുഎസ്, യൂറോപ്യൻ വിപണികൾ മുതിർന്നാൽ അതിന്റെ പ്രതിഫലനം വരുംദിനങ്ങളിൽ ഇന്ത്യ അടക്കമുള്ള ഓഹരി ഇൻഡക്സുകൾ ഉത്സവമാക്കാം. നിഫ്റ്റിയുടെ സാങ്കേതിക വശങ്ങൾ വീക്ഷിച്ചാൽ എംഎസിഡിയും സൂപ്പർ ട്രെൻഡും ബുള്ളിഷാണ്.
നിഫ്റ്റി ജൂൺ ഫ്യൂച്ചർ 1.6 ശതമാനം നേട്ടത്തിൽ 24,727ൽനിന്നും 25,112ലേക്ക് കയറി. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 118 ലക്ഷം കരാറുകളിൽനിന്നും എട്ട് ശതമാനം കുറഞ്ഞ് 108 ലക്ഷം കരാറുകളായി. അതേസമയം ജൂലൈ -ഓഗസ്റ്റ് കരാറുകൾ നാല് ശതമാനം വർധന രേഖപ്പെടുത്തി 190 ലക്ഷത്തിലേക്ക് എത്തിയത് വിരൽ ചൂണ്ടുന്നത് വിപണിയിൽ ബുൾ ഓപ്പറേറ്റർമാരുടെ സാന്നിധ്യത്തെയാണ്.
മുൻവാരം സൂചിപ്പിച്ചത് ശരിവച്ച് സെൻസെക്സ് ബുള്ളിഷ് ട്രെൻഡ് നിലനിർത്തി. സൂചിക 81,118 പോയിന്റിൽനിന്നും കഴിഞ്ഞ ലക്കം വ്യക്തമാക്കിയ 82,456ലെ ആദ്യ പ്രതിരോധം കടന്ന് 82,495ലേക്ക് കയറി. ഇതു ഫണ്ടുകൾ ലാഭമെടുപ്പിനുള്ള അവസരമാക്കിയത് അൽപ്പം തളർത്തി; വാരാന്ത്യം 82,495 പോയിന്റിലാണ്. ഈവാരം സെൻസെക്സിന് 82,899ലെ പ്രതിരോധം ഭേദിക്കാനായാൽ 83,390 പോയിന്റിനെ ലക്ഷ്യമാക്കും. ഉയർന്ന റേഞ്ചിൽ ലാഭമെടുപ്പിന് നീക്കം നടന്നാൽ വിപണിക്ക് 81,512-80,616ൽ താങ്ങ് പ്രതീക്ഷിക്കാം.
വിദേശ ഫണ്ടുകൾ വിൽപ്പന തോത് കുറച്ചു. 2539 കോടി രൂപയുടെ ഓഹരികൾ വിറ്റത് ഒഴിച്ചാൽ മറ്റ് പ്രവൃത്തിദിനങ്ങളിലായി അവർ നിക്ഷേപച്ചത് 21,249.02 കോടി രൂപയാണ്. ആഭ്യന്തര ഫണ്ടുകൾ നിക്ഷേപകന്റെ മേലങ്കിയിൽ രംഗത്ത് സജീവമാണ്. അവർ 3049.88 കോടി രൂപയുടെ വിൽപ്പന നടത്തിയെങ്കിലും പിന്നീട് 15,685.46 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപയുടെ മൂല്യത്തകർച്ച
ഡോളറിന് മുന്നിൽ രൂപയ്ക്ക് മൂല്യത്തകർച്ച. രൂപ 86.06ൽനിന്നും 86.89ലേക്ക് ദുർബലമായ ശേഷം 86.58ലാണ്. രൂപ 86.30ലേക്കും തുടർന്ന് 86.00ലേക്ക് മികവിന് ശ്രമിക്കാം. 85.90ലേക്ക് കരുത്ത് നേടാനായില്ലെങ്കിൽ വൈകാതെ 87-88 റേഞ്ചിലേക്ക് ദുർബലമാവും.
ക്രൂഡ് ഓയിൽ വില ഉയർന്നേക്കും
ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരേയുള്ള അമേരിക്കൻ ആക്രമണം പശ്ചിമേഷ്യൻ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കും. ക്രൂഡ് ഓയിൽ ബാരലിന് 70 ഡോളറിൽ നിന്നും 79 ഡോളർ വരെ ഉയർന്ന ശേഷം 77.20 ഡോളറിലാണ്. മേഖലയിലെ വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എണ്ണവിലയിൽ പ്രതിഫലിക്കുമെന്നത് ആഗോള മാർക്കറ്റ് ചൂടുപിടിക്കാൻ ഇടയാക്കി സാമ്പത്തിക മേഖലയിലും സമ്മർദം സൃഷ്ടിക്കാം.
ഹോർമുസ് കടലിടുക്ക് വഴിയുളള കപ്പൽ നീക്കങ്ങൾക്ക് തടസം നേരിട്ടാൽ ക്രൂഡ് ഓയിൽ വില ബാരലിന് 130 ഡോളറിലേക്ക് നീങ്ങുമോയെന്ന ആശങ്ക തലയുയർത്തുന്നു. ആഗോള കയറ്റുമതിയുടെ ഏതാണ്ട് ഇരുപത് ശതമാനം നീക്കുന്ന കപ്പൽപ്പാതയാണ് ഏറെ പ്രാധാന്യമുള്ള ഹോർമുസ് കടലിടുക്ക്, ഇതിന്റെ നിയന്ത്രണം ഇറാൻ കൈപിടിയിൽ ഒതുക്കാം. 2023ൽ രേഖപ്പെടുത്തിയ 97 ഡോളറാണ് അടുത്ത കാലത്തെ ഏറ്റവും ഉയർന്ന നിരക്ക്.
സ്വർണം മുന്നേറാൻ ശ്രമിച്ചെങ്കിലും ഉയർന്ന റേഞ്ചിലെ ലാഭമെടുപ്പ് തിരിച്ചടിയായി. ട്രോയ് ഔൺസിന് 3430 ഡോളറിൽനിന്നും 3453 ലക്ഷ്യമാക്കിയെങ്കിലും 3449 ഡോളർ വരെയേ ഉയരാനായുള്ളൂ. ലാഭമെടുപ്പിൽ 3340ലേക്ക് ഇടിഞ്ഞ ശേഷം 3369 ഡോളറിലാണ്. താത്ക്കാലികമായി 3204-3450 ഡോളർ റേഞ്ചിന് പുറത്ത് കടന്നാൽ മാത്രമേ വൃക്തമായ ഒരു ദിശ കണ്ടെത്താനാവൂ.
Business
മുംബൈ: ദലാൽ സ്ട്രീറ്റിൽ കാളക്കൂറ്റൻമാർ തിരിച്ചെത്തി. വ്യാപാരദിനത്തിന്റെ അവസാന മണിക്കൂറുകളിൽ വിശാല സൂചികകളിലുണ്ടായ ഉയർന്ന വാങ്ങലുകളാണ് ഓഹരി സൂചികകളായ നിഫ്റ്റി 50, സെൻസെക്സ് എന്നിവയെ ഒരു ശതമാനം കടത്തിയത്. തുടർച്ചയായ മൂന്നു ദിവസത്തെ ഇടിവിനുശേഷമാണ് ഓഹരി സൂചികകൾ മുന്നേറ്റം നടത്തിയത്.
ഇറാൻ-ഇസ്രയേൽ സംഘർഷത്തിനിടെയും ക്രൂഡ് ഓയിൽ വിലയിൽ കുറവുണ്ടാകുകയും വിദേശ സ്ഥാപന നിക്ഷേപകർ വീണ്ടും വാങ്ങലുകൾ ആരംഭിക്കുകയും ചെയ്തതോടെ, നിഫ്റ്റി 25,000 പോയിന്റ് കടന്നു. അതേസമയം 30 ഓഹരികളുള്ള സെൻസെക്സ് 1000ത്തിലേറെ പോയിന്റുകൾ ഉയർന്നു.
81354.85 പോയിന്റ് എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. തലേന്ന് 81,361.87ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഇന്നലെ വ്യാപാരത്തിനിടെ 1133 പോയിന്റ് ഉയർന്ന് 82494.49ലെത്തി. മറുവശത്ത് നിഫ്റ്റി 24,787.65ലാണ് വ്യാപാരം തുടങ്ങിയത്. തലേന്ന് 24,793.25ൽ വ്യാപാരംം അവസാനിപ്പിച്ച നിഫ്റ്റി വ്യാപാരത്തിനിടെ 1.4 ശതമാനം ഉയർന്ന് 25,136.20ലെത്തി.
ഇന്നലെ സെൻസെക്സ് 1046.30 പോയിന്റ് (1.29%) മുന്നേറി 82,408.17ലും നിഫ്റ്റി 319.15 പോയിന്റ് (1.29%) നേട്ടത്തിൽ 25,112.40ലും ക്ലോസ് ചെയ്തു. 2366 ഓഹരികൾ മുന്നേറിയപ്പോൾ 1427 ഓഹരികൾ താഴ്ന്നു 149 എണ്ണത്തിൽ മാറ്റമുണ്ടായില്ല.
നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 1.46%, 1.01% നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ് 1.20 ശതമാനവും സ്മോൾകാപ് 0.55 ശതമാനവും മുന്നേറി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂലധനം ഒരു സെഷനിൽ മാത്രം അഞ്ചു ലക്ഷം കോടി രൂപ ഉയർന്ന് 443 ലക്ഷം കോടി രൂപയിൽനിന്ന് 448 ലക്ഷം കോടി രൂപയിലെത്തി.
എല്ലാ മേഖലകളും മികച്ച നേട്ടത്തോടെ വ്യാപാരം നടത്തി. നിഫ്റ്റി റിയാലിറ്റി, ഓട്ടോ, മെറ്റൽ രണ്ടു മുതൽ ഒരു ശതമാനം വരെയാണ് ഉയർന്നത്. ബാങ്കിംഗ്, ഫിനാൻഷൽ സർവീസ്, ഇൻഷ്വറൻസ് ഓഹരികളും നേട്ടത്തിലെത്തി.
ഇന്ത്യൻ സന്പദ്വ്യവസ്ഥയുടെ ഭാവി ശോഭനമായി തുടരുന്നതിനാൽ നിക്ഷേപകർ കുറഞ്ഞ മൂല്യത്തിൽ ഓഹരികൾ വാങ്ങിക്കൂട്ടിയത് ഇന്നലെ നേട്ടമായി. ബ്രെന്റ് ക്രൂഡ് ഓയിൽ വില രണ്ടു ശതമാനത്തിലധികം ഇടിഞ്ഞത് ആഭ്യന്തര വിപണിയിൽ വാങ്ങൽ വികാരം വർധിപ്പിച്ചു. ഡോളർ സൂചികയുടെ ഇടിവ് കണക്കിലെടുത്ത് കഴിഞ്ഞ മൂന്നു സെഷനുകളിലായി എഫ്പിഐകൾ ഇന്ത്യൻ ഓഹരികൾ വാങ്ങുന്നുണ്ട്.
Business
ടെൽ അവീവ്: ഇറാനുമായുള്ള സംഘർഷം മൂർച്ഛിച്ചിരിക്കേ ഇസ്രയേലിന്റെ ടെൽ അവീവ് സ്റ്റോക് എക്സ്ചേഞ്ച് (ടിഎഎസ്ഇ) സൂചിക നാലു ശതമാനത്തോളം ഉയർന്നു. 52 ആഴ്ചത്തെ ഏറ്റവും ഉയർന്ന നിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ ഇറാന്റെ മിസൈൽ ആക്രമണത്തിൽ ടെൽ അവീവിലെ പുതിയ സ്റ്റോക് എക്സ്ചേഞ്ച് കെട്ടിടത്തിന് നാശനഷ്ടങ്ങളുണ്ടായെന്ന് റിപ്പോർട്ടുണ്ട്.
പ്രാദേശിക സമയം രാവിലെ 10 മണിക്ക് തുറന്ന വിപണികൾ, സെഷനിലുടനീളം സ്ഥിരമായി ഉയർന്നു. ബെഞ്ച്മാർക്ക് സൂചിക വ്യാപാരത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിൽ 4.7 ശതമാനം വരെ ഉയർന്നു. ജൂണ്‍ 12 ന് 4 ശതമാനം ഇടിവിനുശേഷം സൂചികയുടെ തുടർച്ചയായ അഞ്ചാമത്തെ ഉയർച്ചയാണിത്. ടിഎ125 സൂചിക ഈ വർഷം ഇതുവരെ 16 ശതമാനം ഉയർന്നു, എസ് & പി 500 ന്റെ 2 ശതമാനം നേട്ടത്തെ മറികടന്നു.
ടിഎഎസ്ഇയുടെ ഓൾ ഷെയർ ഇൻഡക്സ് 0.5 ശതമാനം ഉയർന്ന് 52 ആഴ്ചത്തെ ഉയർന്ന നിരക്കായ 2574.89ലെത്തി. ടിഎ-35, ടിഎ-125 സൂചികകൾ 52 ആഴ്ചത്തെ ഉയരത്തിൽ യഥാക്രമം 2810.08, 2850.08ലെത്തി.
ഇറാൻ-ഇസ്രയേൽ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രേലി സ്റ്റോക് എക്സ്ചേഞ്ചിന്റെ മുൻനിര സൂചികയായ ടിഎ 125 ഉയർച്ചയിലാണ്. ഈ കാലയളവിൽ 5 ശതമാനം നേട്ടമുണ്ടായി. മേയ് മാസത്തിൽ 6.55 ശതമാനവും ഏപ്രിലിൽ 4.53 ശതമാനവും ഉയർച്ച രേഖപ്പെടുത്തിയതിനെ തുടർന്ന് ജൂണിൽ ഇതുവരെ ഏകദേശം അഞ്ചു ശതമാനം ഉയർന്നിട്ടുണ്ട്.