മുംബൈ: മൂന്നു ദിവസത്തെ നഷ്ടക്കണക്കുകള്ക്കുശേഷം ഓഹരി വിപണിയിലെ പ്രധാന സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും ശക്തമായ തിരിച്ചുകയറി. തങ്ങളുടെ ആണവപദ്ധതികള്‍ ഉപേക്ഷിക്കാന്‍ തയാറാണെന്ന ഇറാന് അറിയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് ഇന്ത്യന്‍ ഓഹരിവിപണി അവസാന മണിക്കൂറില്‍ പോസിറ്റീവിലെത്തിയത്. കഴിഞ്ഞ മൂന്നു സെഷനുകളിലായി ഇരു സൂചികകളും ഏകദേശം നാലു ശതമാനം വീതം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
തങ്ങളുടെ ആണവപദ്ധതികള്‍ പൂര്‍ണമായും ഉപേക്ഷിക്കാന്‍ തയാറാണെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മജിദ് തഖ്ത് റാവഞ്ചി പറഞ്ഞതായി സ്കൈ ന്യൂസ് അറേബ്യ നടത്തിയ റിപ്പോര്‍ട്ടാണ് വിപണിക്ക് കരുത്തായത്. ഇതിനു പകരം യുഎസ് തൃപ്തികരമായ ബദല്‍ നിര്‍ദേശം മുന്നോട്ട് വയ്ക്കണമെന്നതാണ് ഇറാന്റെ പ്രധാന നിബന്ധന. യുഎസ്-ഇറാന് സംഘര്‍ഷം ലഘൂകരിക്കപ്പെട്ടേക്കാം എന്ന വാര്‍ത്ത വന്നത് നിക്ഷേപര്‍ക്കിടയില്‍ പ്രതീക്ഷ നല്കി. ഇതോടെ വെറും 20 മിനിറ്റിനുള്ളില്‍ ബിഎസ്ഇ സെന്‍സെക്സ് 1000 പോയിന്റിലധികം ഉയര്‍ന്നു. എന്നാല്‍, ഇറാന്റെ നിബന്ധനയോടു കൂടിയ പ്രഖ്യാപനം വിപണിയുടെ കുതിപ്പിനെ ചെറിയ തോതില്‍ ബാധിച്ചു.
ഉച്ചകഴിഞ്ഞ് 2.35 മുതല്‍ 2.55 വരെ ഇന്ത്യന്‍ ഓഹരിവിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉദ്വേഗഭരിതമായ നിമിഷങ്ങളിലൊന്നായിരുന്നു. 2.35ല്‍ 79,369 പോയിന്റില്‍ വ്യാപാരം നടത്തിയ ബിഎസ്ഇ സെന്‍സെക്സ് 2.55ലെത്തിയപ്പോള്‍ 80,269 പോയിന്റിലെത്തി.
ആവേശം കുറഞ്ഞു
ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് അനുസരിച്ച് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ആണവക്കരാറുമായി ബന്ധപ്പെട്ട് മുന്‍പ് യുഎസുമായി നടത്തിയ ചര്‍ച്ചകളെ ഉദ്ദേശിച്ചുള്ളതാണ്. പശ്ചിമേഷ്യയില്‍ യുദ്ധം അതിരൂക്ഷമായി ആറാം ദിവസത്തേക്കു കടന്ന വേളയിലാണ് വിശദീകരണം വന്നത്.
ഒമാന്റെ മധ്യസ്ഥതയില്‍ ഇറാന്റെ ആണവക്കരാറുമായി ബന്ധപ്പെട്ടു നടന്ന രഹസ്യചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഇസ്രയേലുമായി ചേര്‍ന്ന് യുഎസ് ആക്രമണം നടത്തിയത്. സ്കൈ ന്യൂസ് അറേബ്യ ഉദ്ധരിച്ച പ്രസ്താവനകള്‍ ഈ ആക്രമണത്തിനു മുമ്പ് യുഎസുമായി നടത്തിയ ചര്‍ച്ചകളുമായി ബന്ധപ്പെട്ടതാണെന്ന് ഐആര്‍എന്‍എ വ്യക്തമാക്കുന്നു. യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടിരുന്നു.
ഐആര്‍എന്‍എയുടെ വിശദീകരണം വന്നതിനു പിന്നാലെ സെന്‍സെക്സ് ഇന്നലത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍നിന്നും 300 പോയിന്റോളം താഴേക്കു വീണു. എങ്കിലും വ്യാപാരാന്ത്യത്തില്‍ സൂചികകള്‍ മികച്ചുനിന്നു.
സെന്‍സെക്സ് 900 പോയിന്റ് (1.14%) വര്‍ധിച്ച് 80016ലും നിഫ്റ്റി 285 പോയിന്റ് (1.17%) നേട്ടത്തില്‍ 24766ലും വ്യാപാരം പൂര്‍ത്തിയാക്കി.
ഇന്നലെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത മൊത്തം കമ്പനികളുടെ വിപണി മൂല്യം 447.2 ലക്ഷം കോടി രൂപയില്‍നിന്ന് 453 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇതോടെ നിക്ഷേപകരുടെ ആസ്തിയില്‍ ഒരു ദിവസം കൊണ്ട് ആറു ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായി.
നിഫ്റ്റി മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ ഒന്നര ശതമാനത്തിലേറെ മുന്നറി. നിഫ്റ്റി മേഖലാ സൂചികയില്‍ ഐടി ഒഴികെയുള്ളവരെ പോസിറ്റീവായി. മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നീ മേഖല സൂചികകള്‍ രണ്ട് ശതമാനത്തിലേറെ മുന്നേറി.
രൂപയ്ക്കു നേട്ടം
ഇന്നലെ വ്യാപാരത്തുടക്കത്തില്‍ തന്നെ സര്‍വകാല റിക്കാര്‍ഡ് താഴ്ചയില്‍നിന്നും ഡോളറിനെതിരേ രൂപ നിലമെച്ചപ്പെടുത്തി. ഡോളറിനെതിരേ 45 പൈസ നേട്ടത്തോടെ 91.60ല്‍ വ്യാപാരം പൂര്‍ത്തിയാക്കി.
ആഭ്യന്തര ഓഹരിവിപണിയിലെ ഉണര്‍വും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുമാണ് രൂപയ്ക്കു കരുത്തായത്. ബുധനാഴ്ച രൂപ ഡോളറിനെതിരേ 56 പൈസ നഷ്ടത്തില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 92.05ലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
Tags : Stock market Nifty BSE Sensex