Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണി മുന്നേറ്റത്തോടെ പുതിയ ആഴ്ചയ്ക്കു തുടക്കമിട്ടു. യുഎസ്-ഇറാൻ സമാധാനകരാറിനു ധാരണയിലെത്തിയതും അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞതും ഉൾപ്പെടെയുള്ള അനുകൂല ഘടകങ്ങൾ ദലാൽ സ്ട്രീറ്റിനു കരുത്തേകി.
ആഗോളവിപണികളിലെ നേട്ടത്തിനു സമാനമായ മുന്നേറ്റം നടത്തിയ ഇന്ത്യയുടെ പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റി 50യും ഏകദേശം ഒരു ശതമാനത്തിനടുത്ത് ഉയർന്നു.
സെൻസെക്സ് 736 പോയിന്റ് (0.97%) മുന്നേറ്റത്തോടെ 76,264ലും നിഫ്റ്റി 231 പോയിന്റ് (0.98%) നേട്ടത്തിൽ 23,854ലും വ്യാപാരം പൂർത്തിയാക്കി. വിപണിയിലുണ്ടായ ഈ കുതിപ്പ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എല്ലാ കന്പനികളുടെ വിപണി മൂല്യത്തിലേക്ക് എട്ടു ലക്ഷം കോടി രൂപയിലേറെ എത്തിച്ചു. ഇതോടെ ആകെ വിപണി മൂല്യം 470 കോടി ലക്ഷം രൂപയിലെത്തിച്ചു.
വിശാലവിപണികളും നേട്ടമുണ്ടാക്കി. നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ ഒരു ശതമാനത്തിലേറെ ഉയർന്നു. വിപണിയുടെ ചാഞ്ചാട്ടങ്ങളുടെ അളവുകോലായ ഇന്ത്യ വിക്സ് മൂന്നു ശതമാനത്തിലധികം ഇടിഞ്ഞ് 14.30ൽ എത്തി.
വിവിധ മേഖലകളെ നോക്കിയാൽ നിഫ്റ്റി റിയൽറ്റി സൂചിക (3.96%) ഉയർന്ന് നേട്ടത്തിൽ മുൻപന്തിയിലെത്തി. എന്നാൽ, ഫാർമ, മീഡിയ, ഹെൽത്ത്കെയർ എന്നിവയ്ക്ക് ഇടിവ് നേരിട്ടു. എൻഎസ്ഇയിൽ 2510 ഓഹരികൾ മുന്നേറിയപ്പോൾ 830 എണ്ണത്തിന് നഷ്ടമുണ്ടായി. 113 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല.
എണ്ണ വില ഇടിഞ്ഞു
യുഎസും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാനക്കരാറിന് ധാരണയിലെത്തിയെന്ന പ്രഖ്യാപനത്തിനു പിന്നാലെ അസംസ്കൃത എണ്ണവില ഇടിഞ്ഞു. ഈ കരാറോടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ബ്രെന്റ് ക്രൂഡ് വില നാലു ശതമാനത്തിലേറെ ഇടിഞ്ഞ് ബാരലിന് 83 ഡോളറിലെത്തി. ഇതിനു ആഗോള ഓഹരിവിപണികളിൽനിന്ന് പോസിറ്റിവ് പ്രതികരണമാണുണ്ടായത്, പ്രത്യേകിച്ച് ഏഷ്യയിലെ വിപണികൾ.
ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച യുദ്ധത്തിനു മുന്‍പ് ക്രൂഡ് ഓയിലിന് ബാരലിന് 70 ഡോളറിൽ താഴെയായിരുന്നു. യുദ്ധസമയത്ത് ബാരലിന് 120 ഡോളർവരെയാണ് ഉയർന്നത്.
രൂപയ്ക്ക് ഉണർവ്
ഡോളറിനെതിരേ രൂപയുടെ മൂല്യം 47 പൈസ ഉയർന്ന് 94.71ൽ ക്ലോസ് ചെയ്തു. മുൻ ദിവസത്തെ ക്ലോസിംഗ് നിരക്കായ 95.11ൽനിന്ന് 0.4ശതമാനം വർധനയാണ്. ഇത് കഴിഞ്ഞ അഞ്ച് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണിക്ക് ഇന്നലെ തിളക്കമാർന്ന നേട്ടം. കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിലുണ്ടായ സമ്മിശ്ര പ്രകടനത്തിനുശേഷം സെൻസെക്സും നിഫ്റ്റിയും ഇന്നലെ രണ്ടു ശതമാനത്തോളമാണ് ഉയർന്നത്.
യുഎസും ഇറാനും സമാധാന ചർച്ചയിലെ പ്രതീക്ഷകൾ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ്, മെച്ചപ്പെട്ട ആഗോള വിപണി സാഹചര്യം എന്നിവ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തിയത് ഇന്ത്യൻ വിപണിക്ക് ഗുണം ചെയ്തു.
സെൻസെക്സ് 1695 പോയിന്റ് (2.30%) ഉയർന്ന് 75,528ലും നിഫ്റ്റി 50 സൂചിക 461 പോയിന്റ് (1.99%) 23623ലും വ്യാപാരം പൂർത്തിയാക്കി. വിപണിയിലുണ്ടായ ഈ കുതിപ്പ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂല്യത്തിലേക്ക് ഏകദേശം 10 ലക്ഷം കോടി രൂപ കൂടി കൂട്ടിച്ചേർത്തു. ഇതോടെ ആകെ വിപണി മൂല്യം 462 ലക്ഷം കോടി രൂപയോളമായി ഉയർന്നു.
നിഫ്റ്റി മിഡ്കാപ് 100, നിഫ്റ്റി സ്മോൾകാപ് 100 എന്നിവ യാഥാക്രമം 2.43 ശതമാനവും 2.80 ശതമാനവും മുന്നേറിയതോടെ വിപണിയിലെ മുന്നേറ്റം പൊതുവായ ഒന്നായിരുന്നു. നിഫ്റ്റി ഐടി (0.09%) ഒഴികെ എല്ലാ മേഖലാ സൂചികകളും ഉയർന്നു. നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, പൊതുമേഖലാ ബാങ്ക്, ധനകാര്യം, റിയൽറ്റി സൂചികകൾ ഏകദേശം മൂന്നു ശതമാനം വീതം നേട്ടമുണ്ടാക്കി.
വിപണിയിലെ ചാഞ്ചാട്ടങ്ങളുടെ അളവുകോലായ ഇന്ത്യ വിക്സ് 5.73 ശതമാനം കുറഞ്ഞ് 14.72ലേക്കു താഴ്ന്നു.
ക്രൂഡ് ഓയിൽ വില ഇടിഞ്ഞു
യുഎസ്-ഇറാൻ സമാധാന കരാർ എത്രയും വേഗം യാഥാർഥ്യമാകുമെന്ന പ്രതീക്ഷകൾ വർധിച്ചതിനെത്തുടർന്ന് ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട അനുകൂല സാഹചര്യങ്ങളുമാണ് ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടാക്കിയത്.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് നാലു ശതമാനം ഇടിഞ്ഞ് ബാരലിന് 87 ഡോളറിൽ താഴെയും ഡബ്ല്യുടിഐ ക്രൂഡ് ഫ്യൂച്ചേഴ്സ് നാലു ശതമാനത്തിലധിക്കം താഴ്ന്ന് ബാരലിന് 83 ഡോളറിലും വ്യാപാരം നടത്തി. ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് ഏപ്രിലിൽ ആഗോള വിപണികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് എണ്ണ വില 120 ഡോളറിനു മുകളിലേക്ക് കുതിച്ചുയർന്നിരുന്നു. അതിനുശേഷമാണ് ഈ വലിയ ഇടിവുണ്ടായിരിക്കുന്നത്.
രൂപയ്ക്ക് നേട്ടം
ക്രൂഡ് ഓയിൽ വിലയിൽ കുത്തനെയുണ്ടായ ഇടിവിനെത്തുടർന്ന് ഡോളറിനെതിരേ രൂപ 77 പൈസ നേട്ടത്തോടെ 95.08ൽ ക്ലോസ് ചെയ്തു. ആഭ്യന്തര ഓഹരി വിപണിയിലെ മുന്നേറ്റവും ഡോളർ ദുർബലമായതുമാണ് രൂപയ്ക്കു കരുത്തായത്.
Business
മുംബൈ: ആഗോള ഓഹരിവിപണികളിലുണ്ടായ കനത്ത ഇടിവിനെയും അസംസ്കൃത എണ്ണ വിലയിലുണ്ടായ പെട്ടെന്നുള്ള വർധനയെയും തുടർന്ന് ഇന്ത്യയുടെ പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റിയും വലിയ തകർച്ച നേരിട്ടു. പശ്ചിമേഷ്യയിൽ വീണ്ടും ശക്തമാകുന്ന സംഘർഷാവസ്ഥയാണ് വിപണിയെ ഇടിവിലേക്കു നയിച്ചത്.
വിപണി തുടർച്ചയായ രണ്ടാം സെഷനിലാണ് തകരുന്നത്. ബിഎസ്ഇ സെൻസെക്സ് 719 പോയിന്റ് (0.97%) നഷ്ടത്തിൽ 73,524ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സെൻസെക്സിൽ 924 പോയിന്റിന്റെ ഇടിവുണ്ടായിരുന്നു. 50 ഓഹരികളുടെ എൻഎസ്ഇ നിഫ്റ്റി 244 പോയിന്റ് (1.04%) താഴ്ന്ന് 23,123ൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ നിഫ്റ്റി 296.55 പോയിന്റ് വരെ താഴ്ന്നിരുന്നു.
ക്രൂഡ് ഓയിൽ വില ഉയർന്നു
ഇസ്രയേലും ഇറാനും പരസ്പരം മിസൈൽ ആക്രമണം നടത്തിയതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചുകയറി. ബ്രെന്റ് ക്രൂഡിന്റെ വില ഒരു ശതമാനത്തിലേറെ ഉയർന്ന് ബാരലിന് 94 ഡോളർ കടന്നു. ഡബ്ല്യുടിഐ ക്രൂഡ് വിലയും ഒരു ശതമാനത്തിനു മുകളിലേക്കു കയറി ബാരലിന് 92 ഡോളറിനടുത്തെത്തി.
രൂപയ്ക്ക് ഇടിവ്
ഇന്നലെ ഡോളറിനെതിരേ രൂപയുടെ മൂല്യം 56 പൈസ ഇടിഞ്ഞ് 95.74 എന്ന നിലവാരത്തിൽ വ്യാപാരം പൂർത്തിയാക്കി.
വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം ആഗോള വിപണിയിൽ നിക്ഷേപകർ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറിയതും ഇതിനെത്തുടർന്ന് യുഎസ് ഡോളർ ശക്തിപ്രാപിച്ചതും, ഒപ്പം അസംസ്കൃത എണ്ണവില ഉയർന്ന നിലയിൽ തുടരുന്നതും രൂപയ്ക്ക് മേൽ സമ്മർദമുണ്ടാക്കി.
Business
ടെക്നോളജി വിഭാഗം ഓഹരികളിൽ അലയടിച്ച വില്പന സമ്മർദം അമേരിക്കൻ മാർക്കറ്റായ നാസ്ദാക്കിനെ പിടിച്ചുലച്ചത് യൂറോ- ഏഷ്യൻ ഓഹരി ഇൻഡക്സുകളെ പ്രകമ്പനം കൊള്ളിച്ചു.
അധിക താരീഫ് ഭീഷണി മുഴക്കിയ ശേഷം ആദ്യമായാണ് ഏറ്റവും കനത്ത തകർച്ചയെ പിന്നിട്ടവാരം അമേരിക്കൻ മാർക്കറ്റ് അഭിമുഖീകരിച്ചത്. പതിമൂന്ന് മാസത്തിനിടയിലെ ഏറ്റവും ശക്തമായ തിരിച്ചടിയാണിത്. സെമി കണ്ടക്ടർ ഓഹരികൾക്കു വൻ തകർച്ച സംഭവിച്ചു.
ബോണ്ട് യീൽഡുകൾ കുത്തനെ ഉയർന്നതോടെ ബോണ്ട് വിലകൾ താഴ്ന്നു, ഇതിനിടയിൽ നിക്ഷേപകർ കൈവിട്ടത് സ്വർണത്തിന്റെയും വെള്ളിയുടെയും തിളക്കത്തിനു മങ്ങലേല്പിച്ചു. ക്രിപ്റ്റോ കറൻസികളിൽ ശക്തമായ വില്പന സമ്മർദം ദൃശ്യമായി. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിനും കാലിടറി.
നിക്ഷേപകർക്ക് അപായ സൂചന നൽകുന്ന സിബിഒഇ വോളാറ്റിലിറ്റി ഇൻഡക്സ് ഏകദേശം 40 ശതമാനം ഉയർന്നു, വിപണിയിൽ അനിശ്ചിതത്വം ശക്തമായതാണ് ഇത്തരം ഒരു കുതിപ്പിലേക്ക് സൂചിക തിരിയാൻ മുഖ്യ കാരണം.
വിദേശത്തു നിന്നുള്ള പ്രതികൂല വാർത്തകൾ ഇന്ത്യൻ മാർക്കറ്റിനെ സ്വാധീനിച്ചു. ബോംബെ സെൻസെക്സ് 562 പോയിന്റും നിഫ്റ്റി സൂചിക 181 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
ബ്ലൂചിപ്പ് ഓഹരികളിലെ വില്പന തരംഗം നിഫ്റ്റി സൂചികയെ പിടിച്ചുലച്ചു. 23,547ൽ ഇടപാടുകൾക്ക് തുടക്കം കുറിച്ച വിപണി ഒരവസരത്തിൽ 23,329 ലെ ആദ്യ സപ്പോർട്ട് തകർത്ത് 23,151ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം അല്പം കരുത്ത് തിരിച്ചുപിടിച്ച് 23,366ൽ ക്ലോസിംഗ് നടന്നു.
സൂചികയ്ക്ക് അതിന്റെ 50, 100 ആഴ്ചകളിലെ ശരാശരിക്ക് മുകളിൽ പിടിച്ചുനിൽക്കാനാകാഞ്ഞത് ദുർബലാവസ്ഥയെ വ്യക്തമാക്കുന്നു, മുൻ വാരം സൂചിപ്പിച്ചതാണ് ഹ്രസ്വകാലയളവിലേക്ക് നിക്ഷേപത്തിന് ഒരുങ്ങുന്നവർ രണ്ട് തവണ ഇരുത്തിച്ചിന്തിക്കുന്നത് അഭികാമ്യമെന്ന്. അതേസമയം, ദീർഘകാല നിഷേപകർക്കു നിലവിലെ സാങ്കേതിക തിരുത്തൽ മികച്ച നിഷേപങ്ങൾക്കുള്ള അവസരമാക്കി മാറ്റാനാവും.
ഈവാരം നിഫ്റ്റിയുടെ ആദ്യ സപ്പോർട്ട് 23,100 പോയിന്റിലാണ്, വില്പന സമ്മർദത്തിൽ വിപണി ആടിയുലയുന്ന സാഹചര്യമുണ്ടായാൽ തിരുത്തൽ 22,834 - 22,252 റേഞ്ചിലേക്ക് നീളാം. അതേസമയം, തിരിച്ചുവരവിനു മുതിർന്നാൽ 23,682 – 23,998 പോയിന്റിൽ പ്രതിരോധമുണ്ട്.
സെൻസെക്സ് 75,000 പോയിന്റിനു മുകളിൽ സ്ഥിരതയ്ക്ക് നടത്തിയ ശ്രമം വീണ്ടും പരാജയപ്പെട്ടു. 74,775 പോയിന്റിൽ നിന്നും തുടക്കത്തിൽ 75,190 വരെ കയറിയ വേളയിൽ മുൻ നിര ഓഹരികളിൽ അലടയിച്ച വില്പന സമ്മർദത്തിൽ സൂചിക 73,549ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം അല്പം മെച്ചപ്പെട്ട് 73,243ലാണ്. വിപണിയുടെ ചലനങ്ങൾ നിരീക്ഷിച്ചാൽ സെൻസെക്സ് 73,464 – 72,686 റേഞ്ചിലേക്ക് പരീക്ഷണങ്ങൾ നടത്താം. താഴ്ചയിൽനിന്നും തിരിച്ചുവരവിനു മുതിർന്നാൽ 75,105ൽ ആദ്യ പ്രതിരോധം തലയുയർത്തും.
വിദേശ ഫണ്ടുകളുടെ വില്പന തുടർന്നു. പിന്നിട്ടവാരം 31,114.47 കോടി രൂപയുടെ ഓഹരികൾ വിറ്റു. മേയ് മാസം ഏകദേശം 55,000 കോടി രൂപയുടെയും ഏപ്രിലിൽ 60,847 കോടി രൂപയുടെയും ഓഹരികളാണ് അവർ വിറ്റത്. നടപ്പ് വർഷം ഫെബ്രുവരി ഒഴിക്കെ എല്ലാ മാസങ്ങളിലും വിദേശ ഇടപാടുകാർ വില്പനയ്ക്ക് മുൻതൂക്കം നൽകി. ആഭ്യന്തര ഫണ്ടുകൾ കഴിഞ്ഞവാരം 33,933.05 കോടി രൂപ നിക്ഷേപിച്ചു.
വിദേശ നിക്ഷേപകർക്ക് സർക്കാർ ബോണ്ടുകളിലേക്കുള്ള പ്രവേശനം ധനമന്ത്രാലയം സുതാര്യമാക്കി. വർഷങ്ങളായുള്ള നികുതി സംബന്ധമായ പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാവും. പൊതുമേഖല കമ്പനികൾക്ക് വിദേശ വായ്പാ പ്രോത്സാഹനവും ലഭ്യമായി. പലിശയെ മാത്രം ആശ്രയിക്കാതെ, ആർബിഐ മൂലധന അക്കൗണ്ട് വഴി സാമ്പത്തിക സ്ഥിരത സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്.
വായ്പാ അവലോകനത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്തി, ഒപ്പം വിദേശ നാണയ ഒഴുക്ക് വർധിപ്പിക്കാനുള്ള നടപടികൾ പ്രഖ്യാപിച്ചതും രൂപയ്ക്ക് ശക്തി പകർന്നു. 94.73ൽനിന്നും 95.80ലേക്ക് ദുർബലമായ രൂപ വാരാവസാനം 94.88ലേക്ക് ശക്തിപ്രാപിച്ച ശേഷം ക്ലോസിംഗിൽ 94.93ലാണ്.
ക്രൂഡ് ഓയിൽ വിലയിൽ ചാഞ്ചാട്ടം
പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ ക്രൂഡ് ഓയിൽ വിതരണ ആശങ്കയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ അവധി വില ബാരലിന് 98.99 ഡോളർ വരെ ഉയർന്നു. വിലക്കയറ്റത്തിനിടയിൽ ഫണ്ടുകൾ ലാഭമെടുപ്പിനു നീക്കം നടത്തിയ അവസരത്തിൽ എണ്ണ ഉത്പാദനം ഉയർത്തുമെന്ന സൂചനകൾ ഒപെക്കിൽനിന്നും വന്നത് വില്പന സമ്മർദത്തിന് ഇടയാക്കി. വാരാന്ത്യം നിരക്ക് 93.10 ഡോളറിലേക്ക് താഴ്ന്നു.
സ്വർണ വില താഴാൻ സാധ്യത
അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് അഞ്ച് ശതമാനം ഇടിഞ്ഞു. 4540 ഡോളറിൽ നിന്നു മഞ്ഞലോഹം 4311ലേക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യം 4328 ഡോളറിലാണ്. മുൻ വാരം സൂചന നൽകിയതാണ് സാങ്കേതികമായി വീക്ഷിച്ചാൽ വില 3800 -3600 ഡോളറിലേക്ക് വരും മാസങ്ങളിൽ താഴാനുള്ള സാധ്യത.
എംസിഎക്സ് ഓഗസ്റ്റ് അവധി വില മൂന്ന് ശതമാനം ഇടിഞ്ഞ് പത്ത് ഗ്രാമിനു 1,55,594 രൂപയായി. വിപണി സാങ്കേതികമായി ദുർബലമാണ്. 21, 50 ദിവസങ്ങളിലെ ശരാശരിയിലും താഴ്ന്നാണു സ്വർണത്തിന്റെ അവധി വ്യാപാരം അവസാനിച്ചത്. നിരക്ക് 1,52,000 രൂപയിലേക്ക് താഴാം. ഈ അവസരത്തിൽ പുതിയ ബയർമാർ കടന്നുവന്നാൽ 1,57,000ലേക്ക് തിരിച്ചുവരവ് നടത്താം.
Business
മുംബൈ: ഇന്ത്യയുടെ ഓഹരിവിപണി, വിപണി മൂലധനത്തിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിച്ചതും, കന്പനികളുടെ ദുർബലമായ വരുമാന വളർച്ചയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഓഹരികളുടെ കുറവുമാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
എഐ ചിപ്പ് നിർമാതാക്കളുടെ കരുത്തിൽ ഈ വർഷം ദക്ഷിണ കൊറിയൻ ഓഹരികൾ വൻ മുന്നേറ്റമാണു നടത്തിയത്. ഇതോടെ കോസ്പി, കോസ്ഡാക്, കോണക്സ് എന്നീ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കന്പനികളുടെ ആകെ വിപണി മൂല്യം 86 ശതമാനം വർധിച്ച് 5.01 ലക്ഷം കോടി ഡോളറായി ഉയർന്നു. എക്സ്ചേഞ്ച് വിവരങ്ങൾ പ്രകാരം, ഇന്ത്യയിലെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻഎസ്ഇ) ആകെ വിപണിമൂല്യം 4.85 ലക്ഷം കോടി ഡോളറായി കുറഞ്ഞു.
വളർന്നു വരുന്ന വിപണികളിൽ ഒരുകാലത്ത് ഏറെ പ്രിയങ്കരമായിരുന്ന ഇന്ത്യ, കഴിഞ്ഞ മാസം തായ്വാനു പിന്നിലായതിനു ശേഷം ഇപ്പോൾ രണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും രണ്ട് സ്ഥാനങ്ങൾ കൂടി താഴേക്ക് പോയിരിക്കുന്നു.
◄ കൊറിയയ്ക്ക് കരുത്തായി എഐ ചിപ്പ് നിർമാതാക്കൾ
എഐ അധിഷ്ഠിത ഓഹരികളുടെ വർധിച്ചുവരുന്ന ആവശ്യകതയുടെ കരുത്തിൽ, ദക്ഷിണ കൊറിയൻ ചിപ്പ് നിർമാതാക്കളായ സാംസംഗ് ഇലക്ട്രോണിക്സ്, എസ്കെ ഹൈനിക്സ് എന്നിവയുടെ മൂല്യം ഈ വർഷം കുതിച്ചുയർന്നു. ഒരു ട്രില്യണ്‍ ഡോളർ വിപണി മൂല്യമുള്ള കന്പനികളുടെ ക്ലബ്ബിൽ പുതുതായി ഇവ ഇടംപിടിച്ചു. ഈ കന്പനികളുടെ മികവാണ് കൊറിയൻ ഓഹരി വിപണിക്ക് കരുത്ത് പകർന്നത്. എഐ മെമ്മറി ചിപ്പുകളിലെ തങ്ങളുടെ ആധിപത്യത്തിലൂടെ കോസ്പി സൂചികയുടെ 2026ലെ നേട്ടം 100 ശതമാനം മുകളിലെത്തി. ഇതേസമയം തായ്വാൻ എസ്ഇ വെയ്റ്റഡ് സൂചിക 59% നേട്ടമുണ്ടാക്കുകയും ചെയ്തു. ഈ വർഷം കാനഡ, ജർമനി, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളെയാണ് കൊറിയ മറികടന്നത്.
എന്നാൽ, ഇതിനു വിപരീതമായി ആർട്ടിഫിഷൽ ഇന്റലിജൻസ് അധിഷ്ഠിത നിക്ഷേപ കുതിച്ചുചാട്ടത്തിന്റെ പ്രയോജനം നേടാൻ ഇന്ത്യ പ്രയാസപ്പെടുകയാണ് ചെയ്തത്.
◄ ഇന്ത്യൻ വിപണിയിൽ നിന്ന് നിക്ഷേപങ്ങൾ പിൻവലിക്കൽ
ഇന്ത്യയുടെ നിഫ്റ്റി 50, ബിഎസ്ഇ സെൻസെക്സ് എന്നിവ ഈ വർഷം യഥാക്രമം 10.1%, 12.5% വീതം നഷ്ടം രേഖപ്പെടുത്തി. വിപണി സൂചികകളിൽ രണ്ടാമത്തെ ഏറ്റവും വലിയ സ്വാധീനമുള്ള ഐടി ഇൻഡെക്സ് 19 ശതമാനമാണ് ഇടിഞ്ഞത്. കന്പനികളുടെ വരുമാന പ്രതീക്ഷയിലെ കുറവും വിദേശ നിക്ഷേപകരുടെ തുടർച്ചയായ ഓഹരി വിറ്റഴിക്കലുമാണ് ഇടിവിനു കാരണം.
2026ൽ ഇതുവരെ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ നിന്ന് 2,640 കോടി ഡോളറാണ് (26.4 ബില്യണ്‍ ഡോളർ) പിൻവലിച്ചത്. ഇതിനുമുന്‍പത്തെ വാർഷിക റിക്കാർഡായ 2025ലെ 1,891 കോടി ഡോളറിനേക്കാൾ (18.91 ബില്യണ്‍ ഡോളർ) കൂടുതലാണിത്.
കൂടാതെ, എംഎസ്സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് സൂചികയിലെ ഇന്ത്യയുടെ വിഹിതം 2024 സെപ്റ്റംബറിലെ ഉയർന്ന നിരക്കായ 21%-ൽ നിന്ന് 12.3% ആയി ചുരുങ്ങുകയും ചെയ്തു.
“ഏകദേശം 18 മാസങ്ങൾക്ക് മുന്‍പ്, ഇന്ത്യയുടെ ഓഹരിവിപണി മൂല്യം ദക്ഷിണ കൊറിയയുടേതിനേക്കാൾ ഏകദേശം 3.5 മടങ്ങും തായ്വാന്റേതിനേക്കാൾ ഇരട്ടിയിലധികവുമായിരുന്നു. എന്നാൽ 2026-ലെ ആദ്യ അഞ്ച് മാസങ്ങൾ പിന്നിടുന്പോഴേക്കും ആ മേധാവിത്വം പൂർണമായും ഇല്ലാതായിരിക്കുന്നു,” ബേണ്‍സ്റ്റൈൻ അനലിസ്റ്റുകളായ വേണുഗോപാൽ ഗാരെയും നിഖിൽ അരേലയും ഒരു കുറിപ്പിൽ വ്യക്തമാക്കി.
ലോകത്തെ ഏറ്റവും വലിയ ഓഹരിവിപണികളിൽ ആദ്യ അഞ്ചിൽ യുഎസ്, ചൈന, ജപ്പാൻ, ഹോങ്കോംഗ്, തായ്വാൻ എന്നിവയാണ്.
Business
മുംബൈ: ഇന്നലെ ഉച്ചയ്ക്കുശേഷം ഇന്ത്യൻ ഓഹരിവിപണിയിൽ വൻ ഇടിവ്. രാവിലത്തെ നേട്ടങ്ങളെല്ലാം കൈവിട്ട് സെൻസെക്സും നിഫ്റ്റിയും 0.70 ശതമാനം വീതം താഴേക്കു പതിച്ചു.
വിദേശ ധനകാര്യ സ്ഥാനങ്ങളുടെ (എഫ്ഐഐ) ശക്തമായ ഓഹരി വില്പനയും യുഎസ്-ഇറാൻ യുദ്ധ പ്രതിസന്ധികളും മറ്റ് കാരണങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചതുമാണ് വിപണിയിൽ ഇടിവുണ്ടാക്കിയത്.
സെൻസെക്സ് 508 പോയിന്റ് (0.68%) നഷ്ടത്തിൽ 74,267ലും നിഫ്റ്റി 50 സൂചിക 165 പോയിന്റോളം താഴ്ന്ന് 23,382ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
വിശാല വിപണികളിലും ഇടിവ് പ്രകടമായി. നിഫ്റ്റി മിഡ്കാപ് 100 സൂചിക 1.45 ശതമാനവും സ്മോൾകാപ് 100 സൂചിക 0.88 ശതമാനവും താഴ്ന്നു. നിഫ്റ്റി എഫ്എംസിജി രണ്ടു ശതമാനത്തിനു മുകളിലാണ് തകർച്ച നേരിട്ടത്. എന്നാൽ, നിഫ്റ്റി ഐടി മൂന്നു ശതമാനത്തിനടുത്ത് ഉയർന്നു.
എൻഎസ്ഇയിൽ വ്യാപാരം നടത്തിയ 3452 ഓഹരികളിൽ 2202 എണ്ണം താഴ്ന്നപ്പോൾ 1150 എണ്ണം മുന്നേറ്റം നടത്തി. 100 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല.
വിപണിയിൽ ഇന്നലെ ബാധിച്ച കാരണങ്ങൾ
യുഎസ്-ഇറാൻ യുദ്ധം തുടരുന്നത്: ഫെബ്രുവരി അവസാനം മുതൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇരുപക്ഷങ്ങളും തമ്മിലുള്ള ചർച്ചകൾ സ്തംഭിച്ചതിനെത്തുടർന്ന് യുഎസും ഇറാനും ഇന്നലെ സൈനിക ആക്രമണങ്ങൾ നടത്തി. ഏത് സമാധാനകരാറിലും ലെബനനിലേക്കുള്ള ഇസ്രയേലിന്റെ വർധിച്ചുവരുന്ന ആക്രമണവും ഉൾപ്പെടുത്തണമെന്ന ഇറാന്റെ ആവശ്യമാണ് ചർച്ചകൾ വഴിമുട്ടാൻ ഇടയാക്കിയത്.
എണ്ണ വിലയിലെ ഉയർച്ച: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എണ്ണ വില ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില നാലു ശതമാനത്തോളം ഉയർന്ന് ബാരലിന് 94 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് വില മൂന്നു ശതമാനത്തിനു മുകളിലുയർന്ന് ബാരലിന് 91 ഡോളറിലെത്തി.
എഫ്ഐഐ വിൽപ്പന: വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽനിന്നുള്ള പിൻവലിക്കൽ തുടരുകയാണ്. വെള്ളിയാഴ്ച 21,105.86 കോടി രൂപയുടെ ഓഹരികൾ വിറ്റു.
Business
ആശാനേ, കാലവർഷം ചതിക്കുമോ? നിക്ഷേപ മേഖലയിൽ പുതിയ ആശങ്ക തലയുയർത്തി. അറബിക്കടലിൽ മഴമേഘങ്ങൾ ഇടംപിടിച്ചിച്ചെങ്കിലും കേരളത്തിന്റെ തീരങ്ങളിലേക്ക് മൺസൂൺ മേഘങ്ങൾ ഇനിയും പ്രവേശിച്ചിട്ടില്ല. ഇതിനിടയിൽ കാലവർഷം ദുർബലമാവുമെന്ന കേന്ദ്ര ഏജൻസിയുടെ വിലയിരുത്തൽ ധനമന്ത്രാലയം ശരിവച്ചത് കണക്കുകൂട്ടിയാൽ നാണയപ്പെരുപ്പം പിടിച്ചാൽ കിട്ടാത്ത വിധം മുന്നേറാം.
രാജ്യാന്തര ക്രൂഡ് ഓയിൽ വില സാങ്കേതികമായി ദുർബലാവസ്ഥയിലേക്ക് മുഖംതിരിക്കാൻ ഒരുങ്ങുന്നത് ഡോളറിനു മുന്നിൽ നിവർന്നു നിൽക്കാൻ ഇന്ത്യൻ രൂപയ്ക്ക് ഊർജം പകരാം. സെൻസെക്സ് 640 പോയിന്റും നിഫ്റ്റി സൂചിക 172 പോയിന്റ് പ്രതിവാര നഷ്ടത്തിലാണ്. ഡെയ്ലി ചാർട്ടിൽ മുൻനിര ഇൻഡക്സുകൾ രണ്ടും സാങ്കേതികമായി സെല്ലിംഗ് മൂഡിലായതിനാൽ ഓപ്പറേറ്റർമാർ വില്പനത്തോത് ഉയർത്താം. ഇതിനിടയിൽ കാലവർഷം മുംബൈ തീരത്ത് എത്താൻ വൈകിയാൽ അതിന്റെ പ്രതിഫലനം വിപണിയെ പിടിച്ചുലയ്ക്കാം.
മുൻ ലക്കം ഇതേ കോളത്തിൽ നൽകിയ സൂചനകൾ ശരിവയ്ക്കുന്ന വിധത്തിലായിരുന്നു നിഫ്റ്റിയുടെ നീക്കങ്ങൾ. നിഫ്റ്റിക്ക് 50 ഡേ മൂവിംഗ് ആവറേജിനു മുകളിൽ സ്ഥിരത കണ്ടെത്താൻ ശ്രമം നടത്തിയാൽ 350 – 400 പോയിന്റ് റാലിക്കുള്ള ഊർജം കൈവരിക്കുമെന്നു വ്യക്തമാക്കിയത് ശരിവച്ച സൂചിക 23,719 പോയിന്റിൽനിന്നും കൃത്യം 24,087 വരെ ഉയർന്നു. അതേസമയം, ഡെയ്ലി ചാർട്ട് എംഎസിഡി ദുർബലാവസ്ഥയിലേക്ക് തിരിയുന്നത് ഊഹക്കച്ചവടക്കാരെ വില്പനക്കാരാക്കുമെന്ന് അന്നു സൂചന നൽകിയത് പോലെ തന്നെ സംഭവിച്ചു.
മുൻനിര ഓഹരികളിൽ അലയടിച്ച വില്പന തരംഗത്തിൽ നിഫ്റ്റി 23,490ലേക്ക് ഇടിഞ്ഞെങ്കിലും ഈ അവസരത്തിൽ വിപണി 23,418ലെ സപ്പോർട്ട് നിലനിർത്തി. അതേസമയം, വാരത്തിന്റെ അവസാന മൂന്നു ദിവസങ്ങളിൽ 50 ഡേ മൂവിംഗ് ആവറേജിനു മുകളിൽ ഇടംപിടിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടത് ദുർബലാവസ്ഥയെ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഹ്രസ്വകാലയളവിലേക്ക് നിക്ഷേപത്തിന് ഒരുങ്ങുന്നവർ രണ്ടു തവണ ഇരുത്തി ചിന്തിക്കുന്നത് അഭികാമ്യം.
വിപണിയിൽ ഇപ്പോൾ അനുഭവപ്പെടുന്ന സാങ്കേതിക തിരുത്തലുകൾ ദീർഘകാല നിഷേപകർക്ക് അനുകൂല അവസരമാവും തുറന്നുതരിക. വാരാന്ത്യം നിഫ്റ്റി 23,547 പോയിന്റിലാണ്. ഈവാരം ആദ്യ സപ്പോർട്ട് 23,329ലാണ്, വില്പന സമ്മർദത്തിൽ വിപണി ആടിയുലഞ്ഞാൽ സൂചിക 23,111 - 22,514 റേഞ്ചിലേക്ക് തിരുത്തലിനു ശ്രമിക്കാം. ഇൻഡക്സ് മുന്നേറിയാൽ 23,926 – 24,305 പോയിന്റിൽ തടസം നേരിടാം.
ബോംബെ സെൻസെക്സ് മുക്കൽ ലക്ഷം പോയിന്റിനു മുകളിൽ സ്ഥിരതയ്ക്ക് നടത്തിയ ശ്രമം പരാജയപ്പെട്ടു. സൂചിക മുൻവാരത്തിലെ 75,415 പോയിന്റിൽ നിന്നും വാരത്തിന്റെ ആദ്യ പകുതിയിൽ മികവ് കാണിച്ച് ഒരവസരത്തിൽ 76,613 വരെ കയറിയെങ്കിലും രണ്ടാം പ്രതിരോധമായി സൂചിപ്പിച്ച 76,975ലേക്ക് കയറാനായില്ല. ഇതിനിടയിൽ ബ്ലൂചിപ്പ് ഓഹരികളിൽ ഉടലെടുത്ത വില്പന സമ്മർദം പിന്നീട് സെൻസെക്സിനെ 74,601ലേക്ക് ഇടിച്ചു, ക്ലോസിംഗ് വേളയിൽ സെൻസെക്സ് 74,775 ലാണ്. നിലവിലെ ചലനങ്ങൾ കണക്കിലെടുത്താൽ സൂചിക 74,046 – 73,317 റേഞ്ചിലേക്ക് പരീക്ഷണങ്ങൾക്ക് മുതിരാം. ഈ അവസരത്തിൽ വാങ്ങൽ താത്പര്യം കുറഞ്ഞാൽ തിരുത്തൽ 71,300 റേഞ്ചിലേക്ക് നീളാം. തകർച്ചയിൽനിന്നും പൊടുന്നെ ഒരു തിരിച്ചുവരവുണ്ടായാൽ വിപണിക്ക് 76,058 - 77,314ൽ പ്രതിരോധം തലയുയർത്താം.
രൂപ മികവിനു തയാറെടുക്കുന്ന വിവരം മുൻ വാരം സൂചിപ്പിച്ചിരുന്നു. ഡോളറിനു മുന്നിൽ 95.68ൽനിന്നും ഒരുഘട്ടത്തിൽ 95.90ലേക്ക് ദുർബലമായെങ്കിലും വാരത്തിന്റെ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവിൽ മുൻ വാരം വ്യക്തമാക്കിയ 94.90ലേക്ക് കരുത്ത് നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി 94.99ലെത്തി. വിപണിയുടെ ചലനങ്ങൾ വീക്ഷിച്ചാൽ 94.37ലേക്ക് കരുത്ത് നേടാം.
വിദേശ ഫണ്ടുകൾ വാരത്തിന്റെ തുടക്കത്തിൽ 821.75 കോടി രൂപയുടെ നിക്ഷേപം നടത്തി. എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ 25,556.43 കോടി രൂപയുടെ ബാധ്യതകൾ വിറ്റഴിച്ചു. ഒരു മാസകാലയളവിൽ വിദേശ ഓപ്പറേറ്റർമാർ ഏകദേശം 55,000 കോടി രൂപയുടെ ഓഹരികളാണു വിറ്റത്. ആഭ്യന്തര ഫണ്ടുകൾ പോയവാരം 25,803.45 കോടി രൂപയുടെ നിക്ഷേപം നടത്തി.
ക്രൂഡ് ഓയിൽ വിപണിയിൽ ശക്തമായ സാങ്കേതിക തിരുത്തൽ. ബ്രെന്റ് ക്രൂഡ് ഓയിൽ അവധി വില ബാരലിനു 12 ശതമാനം ഇടിഞ്ഞ് 91 ഡോളറായി. പശ്ചിമേഷ്യ ശാന്തമാകുമെന്ന സൂചന നിക്ഷേപകരെ ലാഭമെടുപ്പിനു പ്രേരിപ്പിച്ചു. തിരുത്തൽ സംഭവിച്ചാൽ എണ്ണ വില 82‐80 ഡോളർ വരെ പരീക്ഷണങ്ങൾ നടത്താം. എണ്ണ ഇറക്കുമതിയിൽ മുൻനിരയിലെ ഇന്ത്യക്കും ചൈനയ്ക്കും വിലയിടിവ് ആശ്വാസം പകരും.
ന്യൂയോർക്ക് എക്സ്ചേഞ്ചിൽ സ്വർണ വില ട്രോയ് ഔൺസിന് 4508 ഡോളറിൽ നിന്നു വാരമധ്യം 4368 ഡോളറിലേക്ക് ഇടിഞ്ഞു. എന്നാൽ, വാരാന്ത്യ ക്ലോസിംഗിൽ 4538 ഡോളറിലാണ്. വിപണിയുടെ ചലനങ്ങൾ സാങ്കേതികമായി വീക്ഷിച്ചാൽ 3800-3600 ഡോളറിലേക്ക് നിരക്ക് വരും മാസങ്ങളിൽ താഴാൻ സാധ്യത.
Business
മുംബൈ: യുഎസ്-ഇറാൻ സമാധാന കരാറിനുള്ള വർധിച്ചുവരുന്ന പ്രതീക്ഷകളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരിവിപണി ഇന്നലെ കുതിപ്പ് നടത്തി. ഒരു ശതമാനത്തിലേറെയാണ് സെൻസെക്സ്, നിഫ്റ്റി സൂചികകൾ മുന്നേറിയത്.
പശ്ചിമേഷ്യൻ സംഘർഷത്തിന് അയവുണ്ടാകുമെന്ന പ്രതീക്ഷകൾക്കൊപ്പം എണ്ണ വിലയിൽ കുറവും മറ്റ് ഘടകങ്ങളും വിപണിയിലെ വികാരത്തിന് കരുത്തു പകർന്നു.
സെൻസെക്സ് 1074 പോയിന്റ് ഉയർന്ന് 76,489ലും നിഫ്റ്റി 312 പോയിന്റ് നേട്ടത്തിൽ 24,032ലും വ്യാപാരം പൂർത്തിയാക്കി. മേയ് എട്ടിനുശേഷമുള്ള ഉയർന്ന ക്ലോസിംഗ് നിലവാരമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നലത്തെ നേട്ടം ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ ആകെ വിപണിമൂല്യത്തിലേക്ക് ആറു ലക്ഷം കോടി രൂപയാണ് കൂട്ടിച്ചേർത്തത്. ഇതോടെ വിപണി മൂല്യം 469 ലക്ഷം കോടി രൂപയിലെത്തി.
ഓഹരിവിപണിയിലെ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് ഏഴു ശതമാനത്തിനടുത്ത് താഴ്ന്ന് 16.70 നിലയിലെത്തി. വിശാല വിപണിയിലും ഇന്നലെ മുന്നേറ്റത്തിലായിരുന്നു. നിഫ്റ്റി മിഡ്കാപ് 100 സൂചിക 0.94 ശതമാനവും സ്മോൾകാപ് 100 സൂചിക 1.37 ശതമാനവും മുന്നേറി.
എൻഎസ്ഇ മേഖലാ സൂചികകളിൽ എഫ്എംസിജി ഒഴികെ എല്ലാ മേഖലയും പച്ചയിലാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് രണ്ടു ശതമാനത്തിലധികവും നിഫ്റ്റി പൊതുമേഖല ബാങ്ക് മൂന്നു ശതമാനത്തിനടുത്തും ഉയർന്ന് മുന്നേറ്റത്തിനു നേതൃത്വം നല്കി. എൻഎസ്ഇയിൽ 2271 ഓഹരികൾ ഉയർന്നപ്പോൾ 1046 എണ്ണം താഴ്ന്നു. 102 എണ്ണത്തിന്റെ വിലയിൽ മാറ്റമുണ്ടായില്ല.
വിപണിയിലെ മുന്നേറ്റത്തിനു കാരണങ്ങൾ
►യുഎസ്-ഇറാൻ സമാധാന കരാർ പ്രതീക്ഷകൾ
യുഎസും ഇറാനും സമാധാനകരാറിലേക്ക് എത്തുമെന്ന അടുക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് ഹോർമുസ് കടലിടുക്ക് തുറക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. സമാധാനക്കരാറിന്റെ ധാരണാപത്രത്തിൽ യുഎസും ഇറാനും വലിയ തോതിൽ ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എന്നാൽ, ഒരു കരാറിലേക്കും തിടുക്കം കൂട്ടരുതെന്ന് തന്റെ പ്രതിനിധികളോട് നിർദേശിച്ചതായി അദ്ദേഹം പിന്നീട് പറഞ്ഞു.
►ക്രൂഡ് ഓയിൽ വില നൂറു ഡോളറിൽ താഴെ
യുഎസ്-ഇറാൻ സമാധാന കരാർ ഉടൻതന്നെ യാഥാർഥ്യമാകുമെന്ന പ്രതീക്ഷ ഉയർന്നതോടെ ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് ആറു ശതമാനത്തോളം ഇടിഞ്ഞ് ബാരലിന് 98 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് ഫ്യൂച്ചേഴ്സ് ആറു ശതമാനത്തോളം താഴ്ന്ന് ബാരലിന് 91 ഡോളറിലെത്തി.
►ആഗോള വിപണിയിൽ ഉയർച്ച
പശ്ചിമേഷ്യ സമാധാനത്തിലേക്കെന്ന പ്രതീതി ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണികളിലും ഉയർച്ച പ്രകടമായി. ഏഷ്യൻ വിപണികൾ ഒന്നടങ്കം മുന്നേറ്റം നടത്തി. ജപ്പാന്റെ നിക്കീ റിക്കാർഡ് പ്രകടനമാണ് നടത്തിയത്. രണ്ടു ശതമാനത്തിനു മുകളിലയർന്ന നിക്കീ സൂചിക ആദ്യമായി 65,000 പോയിന്റിനു മുകളിലെത്തി. ഷാങ്ഹായി കോംപോസിറ്റ് ഒരു ശതമാനത്തിനടുത്തും തായ്വാൻ വെയ്റ്റഡ് മൂന്നു ശതമാനത്തിനു മുകളിലുമാണ് മുന്നേറ്റം നടത്തിയത്. യൂറോപ്യൻ, യുഎസ് വിപണികൾ ഉയർന്നാണ് വ്യാപാരം നടത്തുന്നത്.
Business
മുംബൈ: ആഗോള, ആഭ്യന്തര പ്രതിസന്ധികൾ നിലനിൽക്കുന്പോഴും ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ വൻ മുന്നേറ്റം നടത്തി. ഒരു ശതമാനത്തിനു മുകളിലുയർന്ന സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ രണ്ടാം ദിവസവും നേട്ടമുണ്ടാക്കി.
സെൻസെക്സ് 790 പോയിന്റ് ഉയർന്ന് 75,399ലും നിഫ്റ്റി 277 പോയിന്റ് നേട്ടത്തോടെ 23,690ലും വ്യാപാരം പൂർത്തിയാക്കി. ഇന്നലെത്തെ നേട്ടത്തിലൂടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ മൂലധനത്തിൽ അഞ്ചു ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. ഇതോടെ മൊത്തം മൂല്യം 463 ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തി.
ഇന്ത്യൻ ഓഹരിവിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ്, നിക്ഷേപകർക്കിടയിലുണ്ടാക്കിയ ആത്മവിശ്വാസത്തെത്തുടർന്ന് നാലു ശതമാനം താഴ്ന്ന് 18.61ലെത്തി. നിഫ്റ്റി മിഡ്കാപ് 100 സൂചിക ഒരു ശതമാനത്തിനു മുകളിൽ ഉയർന്നപ്പോൾ നിഫ്റ്റി സ്മോൾകാപ് 100 സൂചിക മോശം പ്രകടനത്തോടെ ചുവപ്പിലാണ് വീണത്.
മേഖലാ സൂചികയിൽ നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഫാർമ, ഹെൽത്ത്കെയർ എന്നിവ രണ്ടു ശതമാനത്തിനു മുകളിലെത്തി. എഐ സംബന്ധിച്ച ആശങ്കകൾ വീണ്ടും ശക്തമായതോടെ നിഫ്റ്റി ഐടി സൂചിക രണ്ടു ശതമാനത്തോളം താഴ്ന്നു.
1. നികുതി ഇളവ് പ്രതീക്ഷ: വിദേശ നിക്ഷേപകർ ആഭ്യന്തര വിപണിയിൽ നടത്തുന്ന കടപ്പത്ര (ബോണ്ട്) നിക്ഷേപത്തിന് ഗണ്യമായ നികുതി ഇളവ് അനുവദിക്കാനുള്ള നിർദേശം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന വാർത്ത വിപണിയെ പോസിറ്റീവായി സ്വാധീനിച്ചു.
2. ആഗോള ഘടകങ്ങൾ അനുകൂലം: ഇന്നലെ രാവിലെ വിദേശ വിപണികളിലും അനുകൂല തരംഗമുണ്ടായിരുന്നു. ദക്ഷിണ കൊറിയയുടെ കോസ്പി നേട്ടമുണ്ടാക്കി. സമാനമായി ഹോങ്കോംഗിന്റെ ഹാങ് സെങ്, ജപ്പാന്റെ നിക്കീ, ചൈനയുടെ ഷാങ്ഹായ് കോംപോസിറ്റ് എന്നിവ ചുവപ്പിൽ വീണു.
ബുധനാഴ്ച പച്ചയിലായിരുന്ന യൂറോപ്യൻ വിപണി ഇന്നലെയും നേട്ടത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നത്.
3. ചൈന- യുഎസ് ചർച്ചയിൽ ശുഭപ്രതീക്ഷ: ആഗോള സാന്പത്തിക ശക്തികളായ ചൈനയുടെയും യുഎസിന്റെയും ഭരണത്തലവന്മാർ നേരിട്ടുള്ള ഉഭയകക്ഷി ചർച്ചകളെ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.
Business
മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നത് ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തിരിച്ചടിയായി.
ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ സെൻസെക്സ് 1,312.91 പോയിന്റ് ഇടിഞ്ഞ് 76,015.28 എന്ന നിലയിലെത്തി. നിഫ്റ്റി 360.30 പോയിന്റ് താഴ്ന്ന് 23,815.85 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ്-ഇറാൻ സമാധാന ചർച്ചകളിൽ പുരോഗതിയില്ലാത്തതും ഗൾഫ് മേഖലയിലെ വർധിച്ചുവരുന്ന അസ്വസ്ഥതകളുമാണ് വിപണിയെ പെട്ടെന്നുള്ള തകർച്ചയിലേക്ക് നയിച്ചത്.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 103 ഡോളറിന് മുകളിൽ തുടരുന്നത് ഇന്ത്യയെപ്പോലുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയിൽ ആശങ്ക പടർത്തിയിട്ടുണ്ട്. ഇതിനുപുറമെ, രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിക്കുന്നതും വിപണിയുടെ ആത്മവിശ്വാസം തകർത്തു.
സാങ്കേതികമായി നിഫ്റ്റി ഇപ്പോൾ ഒരു നിർണായക ഘട്ടത്തിലാണെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന 23,800-24,400 എന്ന ഏകീകരണ പരിധിയുടെ താഴ്ന്ന നിലവാരത്തിലാണ് നിലവിൽ സൂചികയുള്ളത്.
വരും ദിവസങ്ങളിൽ 23,800 എന്ന നിലവാരത്തിന് താഴേക്ക് നിഫ്റ്റി പോവുകയാണെങ്കിൽ ഏപ്രിൽ മാസത്തിലെ കുറഞ്ഞ നിരക്കായ 23,550 ലേക്ക് വിപണി വീണ്ടും താഴാൻ സാധ്യതയുണ്ട്.
Business
മുംബൈ: ഒരു ദിവസത്തെ നേട്ടത്തിനുശേഷം ഇന്ത്യൻ ഓഹരിവിപണി നഷ്ടത്തിലേക്കു പതിച്ചു. പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഏകദേശം 0.7 ശതമാനത്തിലധികം ഇടിവാണ് നേരിട്ടത്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇൻട്രാ ഡേയിൽ എക്കാലത്തെയും താഴ്ന്ന നിരക്കിലെത്തിയതും അസംസ്കൃത എണ്ണ വിലയിലുണ്ടായ ചാഞ്ചാട്ടവുമാണ് വിപണിയെ സ്വാധീനിച്ചത്.
രാവിലെ പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു. സെൻസെക്സ് 1200 പോയിന്റിലധികം താഴേക്ക് പോകുകയും നിഫ്റ്റി 23800ന് താഴെ എത്തുകയും ചെയ്തു. എന്നാൽ ഉച്ചകഴിഞ്ഞതോടെ വിപണി നേരിയ തോതിൽ തകർച്ചയിൽനിന്ന് തിരിച്ചുകയറി.
വ്യാപാരം അവസാനിക്കുന്പോൾ സെൻസെക്സ് 583 പോയിന്റ് ഇടിഞ്ഞ് 76913ലും നിഫ്റ്റി 180 പോയിന്റിലധികം താഴ്ന്ന് 23,998ലുമാണ് എത്തിയത്. ഈ ഇടിവോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയത് കന്പനികളുടെ മൊത്തം വിപണി മൂലധനത്തിൽ അഞ്ചു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ആകെ വിപണി മൂല്യം 464 ലക്ഷം കോടി രൂപയായി കുറഞ്ഞു.
◄ റിക്കാർഡ് താഴ്ചയിൽനിന്ന് കയറി രൂപ
ഡോളറിനെതിരെ രൂപയുടെ മൂല്യം റിക്കാർഡ് തകർച്ചയിൽനിന്ന് കരകയറി. ഇന്നലെ വ്യാപാരത്തിൽ രൂപ 95.34 എന്ന എക്കാലത്തെയും താഴ്ന്ന ഇൻട്രാ ഡേ നിരക്ക് രേഖപ്പെടുത്തി. എന്നാൽ, വ്യാപാരം പുരോഗമിച്ചപ്പോൾ നാലു പൈസയുടെ നേട്ടത്തിൽ 94.84ൽ ക്ലോസ് ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില കുറഞ്ഞതാണ് രൂപയ്ക്ക് ആശ്വാസമായത്. യുഎസ്-ഇറാൻ ചർച്ചയിൽ അനിശ്ചിതത്വം തുടരുന്നത് രൂപയുടെ മൂല്യത്തിൽ ബാധിച്ചതിനാൽ കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല.
◄ ക്രൂഡ് ഓയിൽ വിലയിൽ താഴ്ച
ഇറാനെതിരേയുള്ള യുദ്ധം ശക്തമാക്കുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന് അസംസ്കൃത എണ്ണ വില രാവിലെ ഉയർന്നു. നിരവധി ചാഞ്ചാട്ടങ്ങൾ നിറഞ്ഞതായിരുന്നു വിപണി.
ഇന്നലെ പുലർച്ചെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 126.41 ഡോളർ നിരക്കിലേക്ക് ഉയർന്നിരുന്നു. 2022നുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ജൂണിലെ വിതരണത്തിനായുള്ള ബ്രെന്റ് ക്രൂഡ് വില ഒരു ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 116.78 ഡോളറിലെത്തി.
Business
മുംബൈ: കഴിഞ്ഞ സെഷനിലെ തകർച്ചയ്ക്കുശേഷം ഇന്ത്യൻ ഓഹരിവിപണികളിൽ നേട്ടം.
മികച്ച വരുമാന വളർച്ചയുടെ ബലത്തിൽ മുൻനിര കന്പനികളുടെ ഓഹരികളിലുണ്ടായ ഉയർന്ന വാങ്ങലുകളും ഏഷ്യൻ വിപണികളിലെ മികച്ച സൂചനകളുമാണ് ഓഹരി സൂചികകളായ സെൻസെക്സിനെയും നിഫ്റ്റിയെയും മികവിലെത്തിച്ചത്.
സെൻസെക്സ് 609 പോയിന്റ് ഉയർന്ന് 77,496ലും നിഫ്റ്റി 182 പോയിന്റ് നേട്ടത്തിൽ 24,178ലും ക്ലോസ് ചെയ്തു.
നിഫ്റ്റി സ്മോൾകാപ് 100 സൂചിക 0.65 ശതമാനം ഉയർന്നപ്പോൾ മിഡ്കാപ് 100 സൂചിക 0.07 ശതമാനം താഴ്ന്നു.
എൻഎസ്ഇ മേഖലാ സൂചികകളിൽ നിഫ്റ്റി ഓട്ടോ, എഫ്എംസിജി, റിയൽറ്റി എന്നിവ ഒരു ശതമാനം മുകളിലെത്തി. ഐടി സൂചിക ഒരു ശതമാനത്തിനടുത്ത് ഉയർന്നു. മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, ഫാർമ, പ്രൈവറ്റ് ബാങ്ക്, ഹെൽത്ത്കെയർ സൂചികകൾ ഉയർന്നു. മീഡിയ, ഫിനാൻഷൽ സർവീസസ്, പിഎസ് യു ബാങ്ക്, കണ്‍സ്യൂമർ ഡ്യൂറബിൾസ് എന്നിവയ്ക്ക് ഇടിവായിരുന്നു.
Business
മുംബൈ: മൂന്നു ദിവസത്തെ ഇടിവിനുശേഷം ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തിൽ.
പശ്ചിമേഷ്യയിൽ സംഘർഷം അയയുമെന്ന പ്രതീക്ഷയിൽ ആഗോള വിപണികൾ പോസിറ്റീവ് ട്രെൻഡിലെത്തിയതും സണ്‍ ഫാർമസ്യൂട്ടിക്കൽസിന്റെ ഓഹരി വിലയിലുണ്ടായ വർധനയുമാണ് ഇന്ത്യൻ വിപണിക്ക് കരുത്തായത്.
സെൻസെക്സ് 639.42 പോയിന്റ് (0.83%) ഉയർന്ന് 77,304 പോയിന്റിലും നിഫ്റ്റി 195 പോയിന്റ് (0.81%) നേട്ടത്തിൽ 24,093ലുമെത്തി.
വിശാല വിപണികൾ മികച്ച പ്രകടനമാണ് നടത്തിയത്. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 1.47 ശതമാനവും 1.90 ശതമാനവും മുന്നേറി. എൻഎസ്ഇ മേഖലാ സൂചികകൾ ഒന്നടങ്കം പച്ചയിലെത്തി.
Business
കറാച്ചി: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും മധ്യസ്ഥത വഹിച്ച യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് പാക്കിസ്ഥാൻ ഓഹരി വിപണി തകർന്നു. ബെഞ്ച്മാർക്ക് സൂചികയായ കെഎസ്ഇ 100 ഏതാണ്ട് 6,000 പോയിന്റോളം ഇടിഞ്ഞു.
സൂചിക 3.5 ശതമാനം ഇടിഞ്ഞ് 1,61,638 എന്ന നിലയിലെത്തി. കഴിഞ്ഞ ബുധനാഴ്ച യുഎസും ഇറാനും തമ്മിൽ താത്കാാലിക വെടിനിർത്തൽ ഉണ്ടായെന്ന വാർത്തയെത്തുടർന്ന് ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുകയും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിക്കുകയും ചെയ്തു.
അന്ന് സൂചിക 12,000 പോയിന്റിലധികം ഉയർന്ന് റിക്കാർഡ് നേട്ടം കൈവരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച മൊത്തത്തിൽ സൂചിക ഒരു ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്.
ഏഷ്യൻ വിപണികൾ ഒന്നടങ്കം നഷ്ടത്തിൽ
ഏഷ്യൻ വിപണികൾ കൂടുതലും നഷ്ടത്തിലാണ് ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത്. ഇന്ത്യൻ വിപണിയിൽ സെൻസെക്സും നിഫ്റ്റിയും രാവിലെ 2 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
പിന്നീട് ഈ നഷ്ടം കുറച്ച ഇന്ത്യൻ സൂചികകൾ ഒരു ശതമാനത്തിനടുത്ത് ഇടിവിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 703 പോയിന്റ് താഴ്ന്ന് 76,847ലും നിഫ്റ്റി50 സൂചിക 208 പോയിന്റ് താഴ്ചയിൽ 23,843ലും വ്യാപാരം പൂർത്തിയാക്കി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ മൂലധനത്തിൽ രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
ജപ്പാന്റെ നിക്കി, ദക്ഷിണ കൊറിയയുടെ കോസ്പി, ഹോങ്കോംഗിന്റെ ഹാങ് സെങ് എന്നിവയും കനത്ത നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ചൈനയുടെ ഷാങ്ഹായ് കോംപോസിറ്റ് 0.06 ശതമാനം നേട്ടമുണ്ടാക്കി.
Business
മുംബൈ: തുടർച്ചയായ അഞ്ചു ദിവസത്തെ നേട്ടത്തിനുശേഷം ഇന്ത്യൻ ഓഹരി വിപണികൾ വീണു. യുഎസ്-ഇറാൻ വെടിനിർത്തൽ പ്രതീക്ഷകൾ മങ്ങിയതാണ് വിപണിയുടെ ഇടിവിന് പ്രധാന കാരണം. കൂടാതെ ഡോളറിനെതിരേ രൂപയുടെ താഴ്ചയും ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഉയർച്ചയും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു.
സെൻസെക്സ് 931 പോയിന്റ് താഴ്ന്ന് 76,632ലും നിഫ്റ്റി 222 പോയിന്റ് നഷ്ടത്തിൽ 23,775ലും വ്യാപാരം പൂർത്തിയാക്കി. വെടിനിർത്തൽ പ്രഖ്യാപനത്തെത്തുടർന്ന് ബുധനാഴ്ച ദലാൽ സ്ട്രീറ്റിലുണ്ടായ വൻ കുതിപ്പിനു പിന്നാലെയാണ് വിപണിയിൽ കനത്ത ഇടിവ് രേഖപ്പെടുത്തിയത്.
വിപണിയിലെ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് ബുധനാഴ്ച 20 ശതമാനം താഴ്ന്നെങ്കിൽ ഇന്നലെ മൂന്നു ശതമാനമാണ് ഉയർന്നത്.
പ്രധാന സൂചികകളെ അപേക്ഷിച്ച് നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ ഉയർന്നു.
എൻഎസ്ഇയിൽ 1670 ഓഹരികൾ താഴ്ന്നപ്പോൾ 1573 എണ്ണം മുന്നേറി. 80 എണ്ണത്തിന്റെ വിലയിൽ മാറ്റം വന്നില്ല.
എൻഎസ്ഇ മേഖലാ സൂചികകളിൽ നിഫ്റ്റി പിഎസ്യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, ഫിനാൻഷൽ സർവീസസ് എന്നിവയാണ് കൂടുതൽ ഇടിവ് നേരിട്ടവ. ഒരു ശതമാനത്തിനു മുകളിലെത്തിയ നിഫ്റ്റി മെറ്റലാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.
വിപണിയിലെ താഴ്ചയ്ക്കുള്ള കാരണങ്ങൾ
യുഎസ്-ഇറാൻ വെടിനിർത്തൽ പ്രതീക്ഷ മങ്ങി: ബുധനാഴ്ച യുഎസും ഇറാനും 14 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചത് ആഗോള വിപണിയിൽ ഉണർവ് നൽകിയിരുന്നു. എന്നാൽ, ലെബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്കെതിരേ ഇസ്രയേൽ യുദ്ധം നടത്തുന്നുണ്ട്. ഈ ആക്രമണം വെടിനിർത്തൽ ലംഘനമാണെന്നാണ് ഇറാന്റെ വാദം. അതിനാൽ സമാധാന ചർച്ചകൾക്ക് സാധ്യതയില്ലെന്നാണ് ഇറാൻ പറയുന്നത്.
വെടിനിർത്തൽ പ്രഖ്യാപനം വന്നതോടെ ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന നിലയിലെത്തിയതാണ്. എന്നാൽ, നിലവിൽ കടലിടുക്ക് തുറന്നിട്ടില്ല.
2. ക്രൂഡ് ഓയിൽ വില ഉയർന്നു: ഹോർമുസ് കടലിടുക്ക് തുറക്കമെന്ന പ്രതീക്ഷകൾ മങ്ങിയതോടെ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില മൂന്നു ശതമാനം ഉയർന്ന് ബാരലിന് 97.76 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് വില മൂന്നു ശതമാനം ഉയർന്ന് ബാരലിന് 97.41 ഡോളറിലെത്തി. ബുധനാഴ്ച വെടിനിർത്തൽ പ്രഖ്യാപനം വന്നതിനു പിന്നാലെ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിൽനിന്ന് 95 ഡോളറായി കുറഞ്ഞിരുന്നു.
3. ആഗോള വിപണികൾ ചുവന്നു: വെടിനിർത്തൽ മങ്ങിയതോടെ ആഗോള വിപണികൾ ഒന്നടങ്കം ഇന്നലെ ചുവന്നു. ജപ്പാന്റെ നിക്കീ, ഹോങ്കോംഗിന്റെ ഹാഗ് സെങ് സൂചികകൾ യഥാക്രമം 0.5 ശതമാനമാണ് താഴ്ന്നത്. ദക്ഷിണ കൊറിയയുടെ കോസ്പിയുടെ താഴ്ച രണ്ടു ശതമാനത്തിനടുത്തെത്തി. ചൈനയുടെ ഷാങ്ഹായ് കോംപോസിറ്റ് 0.7 ശതമാനത്തിലേക്കു താഴ്ന്നു.
ബുധനാഴ്ച യുഎസ് വിപണികൾ ഉയർന്ന നിലയിലെത്തിയിരുന്നു. എന്നാൽ ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. യൂറോപ്യൻ വിപണികളിലും ഇടിവ് പ്രകടമാണ്.
4. എഫ്ഐഐകളുടെ വില്പന തുടരുന്നു: ഇന്ത്യൻ ഓഹരിവിപണിയിൽ വിദേശ നിക്ഷേപകർ വില്പനക്കാരായി തുടരുകയാണ്. ബുധനാഴ്ച 2812 കോടി രൂപയുടെ ഓഹരികൾ വിറ്റ എഫ്ഐഐകൾ തുടർച്ചയായ 26-ാം സെഷനിലും വില്പനക്കാരാണ്.
5. രൂപയുടെ താഴ്ച: കഴിഞ്ഞ സെഷനുകളിൽ നേട്ടമുണ്ടാക്കിയ രൂപ ഡോളറിനെതിരേ ഇന്നലെ ഒന്‍പത് പൈസ നഷ്ടത്തിൽ 92.63 നിലയിലെത്തി.
Business
മുംബൈ: ആഗോള ഓഹരിവിപണികളിലുണ്ടായ മികവിന്റെയും അസംസ്കൃത എണ്ണ വിലയിൽ കുത്തനെയുണ്ടായ ഇടിവിന്റെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ കുതിപ്പ് നടത്തി. രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപനം യുഎസും ഇറാനും നടത്തിയതും ഇന്ത്യൻ വിപണിയെ ശക്തിപ്പെടുത്തി.
സെൻസെക്സ് 2946 പോയിന്റ് (3.95%) ഉയർന്ന് 77563ലും നിഫ്റ്റി 874 (3.78%) പോയിന്റ് നേട്ടത്തിൽ 23,997ലും ക്ലോസ് ചെയ്തു. വിപണിയിലുണ്ടായ കുതിപ്പ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എല്ലാ കന്പനിളുടെയും മൊത്തം മൂലധനത്തിൽ ഏകദേശം 16.59 ലക്ഷം കോടി രൂപയുടെ വർധനയുണ്ടാക്കി. ഇതോടെ ആകെ വിപണി മൂല്യം 446 ലക്ഷം കോടിയിലെത്തി.
ഇന്ത്യൻ വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ് 20 ശതമാനം താഴ്ന്ന് 19.70 എന്ന നിലയിലെത്തി.
എൻഎസ്ഇയിലെ എല്ലാ മേഖലാ സൂചികകളും ഇന്നലെ പച്ചയിലാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി റിയൽറ്റി, ഓട്ടോ സൂചികകളിലെ ഉയർച്ച ഏഴു ശതമാനത്തിനടുത്തുവരെയെത്തി. നിഫ്റ്റി പിഎസ്യു ബാങ്ക്, കണ്‍സ്യൂമർ ഡ്യൂറബിൾസ്, പ്രൈവറ്റ് ബാങ്ക് എന്നിവ അഞ്ചു ശതമാനത്തിനു മുകളിലുമെത്തി.
നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ നാലു ശതമാനത്തിനു മുകളിൽ ക്ലോസ് ചെയ്തു. എൻഎസ്ഇയിലെ 2960 ഓഹരികൾ മുന്നേറിയപ്പോൾ 341 എണ്ണം താഴ്ന്നു. 69 എണ്ണത്തിന്റെ വിലയിൽ മാറ്റമുണ്ടായില്ല.
യുഎസും ഇറാനും രണ്ടാഴ്ചത്തെ വെടിനിർത്തലിനു തയാറായി. ഇതോടെ ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന പ്രഖ്യാപനവും ഇറാൻ നടത്തി. ഇതിനു പിന്നാലെയാണ് കുതിച്ചുകയറിയ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞത്. ബ്രെന്റ് ക്രൂഡ് വില 14 ശതമാനം താഴ്ന്ന് ബാരലിന് 94.36 ഡോളറിലും ഡബ്ല്യുടിഐ ക്രൂഡ് 18 ശതമാനത്തിനു മുകളിൽ ഇടിഞ്ഞ് 94.69 ഡോളറിലുമെത്തി.
ഹോർമുസ് വീണ്ടും തുറക്കുമെന്ന പ്രഖ്യാപനം വന്നതോടെ ആഗോള വിപണികൾ ഒന്നടങ്കം കുതിച്ചു.
Business
മുംബൈ: 2027 സാന്പത്തിക വർഷത്തിന്റെ ആദ്യ വ്യാപാര ദിനത്തിൽ ഓഹരി സൂചികകൾക്ക് നേട്ടം. രണ്ടു ദിവസത്തെ തുടർച്ചയായ നഷ്ടങ്ങൾക്കുശേഷം സെൻസെക്സ്, നിഫ്റ്റി 50 സൂചികകൾ രണ്ടു ശതമാനത്തിലധികമാണ് മുന്നേറിയത്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവുവരുമെന്ന പ്രതീക്ഷകൾക്കിടയിൽ എണ്ണ വില വർധനയെക്കുറിച്ചും ആഗോള പണപ്പെരുപ്പത്തെക്കുറിച്ചുമുള്ള ആശങ്കകൾ നീങ്ങിയതോടെയാണ് വിപണിയിൽ ഉണർവുണ്ടായത്.
പുതിയ സാന്പത്തികവർഷത്തിന് ആവേശം പകർന്ന് സെൻസെക്സ് 2000 പോയിന്റിലധികം ഉയർന്നിരുന്നു. എന്നാൽ, ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നതോടെയാണ് കുതിപ്പിന് ചെറിയൊരു ഇടിവുണ്ടായത്.
മാർച്ചിൽ സെൻസെക്സും നിഫ്റ്റിയും യഥാക്രമം 10 ശതമാനത്തോളം ഇടിഞ്ഞു. കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും മോശം പ്രതിമാസ ഇടിവാണ് മാർച്ചിലേത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നു വിപണിയിലുണ്ടായ അനിശ്ചിതത്വങ്ങളാണ് കഴിഞ്ഞ മാസം വിപണിയെ സ്വാധീനിച്ചത്.
വ്യാപാരം പൂർത്തിയായപ്പോൾ സെൻസെക്സ് 1187 പോയിന്റ് (1.65%) ഉയർന്ന് 73,134ലും നിഫ്റ്റി 348 പോയിന്റ് (1.56%) നേട്ടത്തിൽ 22,679 നിലവാരത്തിലുമെത്തി.
വിപണിയിലെ ഇന്നലത്തെ കുതിപ്പിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂല്യത്തിൽ 10 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. ഇതോടെ കന്പനികളുടെ ആകെ മൂല്യം 422 ലക്ഷം കോടി രൂപയിലെത്തി.
ബിഎസ്ഇയിൽ ഇന്നലെ 4437 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതിൽ 3819 എണ്ണം മുന്നേറ്റം നടത്തിയപ്പോൾ 521 എണ്ണം താഴ്ന്നു. 97 എണ്ണത്തിനു വിലയിൽ മാറ്റമുണ്ടായില്ല.
എൻഎസ്ഇ മേഖലാ സൂചികകളിൽ നിഫ്റ്റി പിഎസ്യു ബാങ്ക്, നിഫ്റ്റി മീഡിയ എന്നിവ നാലു ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കി. ഓട്ടോ, ഫിനാൻഷൽ സർവീസസ്, എഫ്എംസിജി, ഐടി, മെറ്റൽ, പ്രൈവറ്റ് ബാങ്ക്, റിയൽറ്റി എന്നീ സൂചികകളും മുന്നേറ്റത്തിന് പിന്തുണ നൽകി. എന്നാൽ, ഇതിനു വിപരീതമായി നിഫ്റ്റി ഫാർമ, ഹെൽത്ത്കെയർ എന്നിവ താഴ്ചയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
എൻഎസ്ഇയിൽ 2936 ഓഹരികൾ മുന്നേറിയപ്പോൾ 282 എണ്ണം താഴ്ന്നു. 104 എണ്ണത്തിന് വിലയിൽ മാറ്റമുണ്ടായില്ല.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽ ഇടിവ് തുടരുന്നു. ഇന്നലെ പ്രധാന ഓഹരി സൂചികകളായ എൻഎസ്ഇ നിഫ്റ്റി, ബിഎസ്ഇ സെൻസെക്സ് എന്നിവ രണ്ടു ശതമാനത്തിലധികം താഴ്ച നേരിട്ടു.
നിഫ്റ്റി സൂചിക 488 പോയിന്റ് (2.14%) താഴ്ന്ന് 22,331 നിലവാരത്തിലും സെൻസെക്സ് സൂചിക 1,636 പോയിന്റ് (2.22%) ഇടിവ് നേരിട്ട് 71,948ലും വ്യാപാരം പൂർത്തിയാക്കി. തുടർച്ചയായ രണ്ടാം വ്യാപാര ദിനത്തിലാണ് പ്രധാന സൂചികകളിൽ രണ്ട് ശതമാനത്തിലേറെ നഷ്ടത്തോടെ ക്ലോസ് ചെയ്യുന്നത്. പശ്ചിമേഷ്യയിലെ സംഘർഷത്തിന് അയവില്ലാത്തത് ഇന്ത്യൻ വിപണിയൽ കനത്ത വിൽപ്പനയിലേക്കു നയിച്ചു.
ഇന്നലത്തെ തകർച്ചയിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ മൂലധനത്തിൽ 10 ലക്ഷം കോടി രൂപയുടെ കുറവാണ് വരുത്തിയത്.
എൻഎസ്ഇയിൽ ഇന്നലെ 3410 ഓഹരികളാണ് വ്യാപാരം ചെയ്യപ്പെട്ടത്. ഇതിൽ 570 എണ്ണം മാത്രമാണ് നേട്ടത്തോടെ ക്ലോസിംഗ് കുറിച്ചത്. 2762 ഓഹരികൾ നഷ്ടത്തോടെ വ്യാപാരം പൂർത്തിയാക്കി. 78 ഓഹരികളിൽ വിലയിൽ മാറ്റമുണ്ടായില്ല.
ഇന്നലത്തെ ഇടിവിനു കാരണങ്ങൾ
പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ രൂക്ഷമാകുമെന്ന സൂചന: ഇറാനെതിരേയുള്ള കരയുദ്ധത്തിന് യു.എസ് ഭരണകൂടം തയാറെടുക്കുകയാണെന്ന് കഴിഞ്ഞ ദിവസം വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇതിനോടൊപ്പം മിഡിൽ ഈസ്റ്റിലേക്ക് 3,500 സൈനികരെ കൂടി വന്പൻ പടക്കപ്പലായ യുഎസ്എസ് ട്രിപ്പോളിയോടൊപ്പം നിയോഗിക്കുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദശകത്തിനിടെ മിഡിൽ ഈസ്റ്റ് മേഖലയിലേക്കുള്ള യുഎസിന്റെ ഏറ്റവും വലിയ സൈനിക വിന്യാസമാണിത്.
ക്രൂഡ് ഓയിൽ വില കുതിക്കുന്നു: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ കുതിക്കുകയാണ്.
ആഗോള വിപണികളിലെ ഇടിവ്: ഇന്നലെ ഏഷ്യൻ വിപണികളിൽ കനത്ത തിരിച്ചടി നേരിട്ടു. ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും പ്രധാന ഓഹരി സൂചികകളിൽ മൂന്ന് ശതമാനം ഇടിവ് നേരിട്ടുകൊണ്ടാണ് വ്യാപാരം ആരംഭിച്ചത്.
എഫ്ഐഐകളുടെ വിൽപ്പന: വിദേശ സ്ഥാപക നിക്ഷേപകർ തുടർച്ചയായ 20 സെഷനിലും വിൽപ്പനക്കാരായി. വെള്ളിയാഴ്ച 4367 കോടി രൂപയുടെ നിക്ഷേപമാണ് പിൻവലിച്ചത്. മാർച്ച് മാസത്തിൽ ഇതുവരെയായി 1,200 കോടി ഡോളർ (ഏകദേശം 1,14,000 കോടി രൂപ) മൂല്യം വരുന്ന ഇന്ത്യൻ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത്.
രൂപയുടെ മൂല്യത്തകർച്ച: റിസർവ് ബാങ്ക് വിപണിയിൽ ശക്തമായി ഇടപെട്ടിട്ടും ഡോളറിനെതിരായ രൂപയുടെ വിനിമയമൂല്യം ചരിത്രത്തിലാദ്യമായി 95 നിലവാരം പിന്നിട്ടു. എന്നാൽ, അവസാന മണിക്കൂറുകളിൽ ചെറിയൊരു തിരിച്ചുവരവിലൂടെ ഏഴു പൈസ ഉയർന്ന് 94.78ൽ ക്ലോസ് ചെയ്തു. രൂപയുടെ മൂല്യത്തകർച്ച വിദേശ നിക്ഷേപകരെ വിറ്റൊഴിയാൻ പ്രേരണയേകുന്ന ഘടകങ്ങളിലൊന്നാണ്.
Business
മുംബൈ: വൻ നഷ്ടങ്ങൾക്കുശേഷം തുടർച്ചയായി രണ്ടാം ദിവസവും ഇന്ത്യൻ വിപണിയിൽ വൻ മുന്നേറ്റം. ഇന്നലത്തെ വ്യാപാരത്തിനൊടുവിൽ ഓഹരി സൂചികകളായ എൻഎസ്ഇ നിഫ്റ്റിയും ബിഎസ്ഇ സെൻസെക്സും രണ്ടു ശതമാനത്തിനടുത്ത് ഉയർന്നു. ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ കുറവും പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കപ്പെടുമെന്ന പ്രതീക്ഷയുമാണ് വിപണിക്ക് കരുത്തായത്.
സെൻസെക്സ് 1205 പോയിന്റ് (1.63 %) വർധനയോടെ 75,273 നിലവാരത്തിലും നിഫ്റ്റി 394 പോയിന്റ് നേട്ടത്തിൽ (1.72 %) 23,306ലും വ്യാപാരം പൂർത്തിയാക്കി. ഇതോടെ രണ്ട് ദിവസം കൊണ്ട്, സെൻസെക്സിൽ ഏകദേശം 2,600 പോയിന്റും (3.54%) നിഫ്റ്റിയിൽ ഏകദേശം 800 പോയിന്റും (3.56%) നേട്ടം രേഖപ്പെടുത്തി.
എൻഎസ്ഇ മേഖലാ സൂചികകൾ ഒന്നടങ്കം നേട്ടത്തിലെത്തി. നിഫ്റ്റി ഐടി ഒഴികെയുള്ള (+0.08) മറ്റ് മേഖലാ സൂചികകൾ വലിയ മുന്നേറ്റം നടത്തി. മൂന്നു ശതമാനത്തിലേറെ ഉയർന്ന കണ്‍സ്യൂമർ ഡ്യൂറബിൾസ് കുതിപ്പിന് നേതൃത്വം നല്കി. നിഫ്റ്റി ഓട്ടോ, ഫിനാൻഷൽ സർവീസസ്, മെറ്റൽ, ഫാർമ, പിഎസ്യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, റിയൽറ്റി, ഹെൽത്ത്കെയർ തുടങ്ങിയവ മികച്ച പ്രകടനമാണ് നടത്തിയത്.
വിപണിക്ക് ഇന്ന് അവധി
ഇന്ത്യൻ ഓഹരി വിപണി ഇന്നു പ്രവർത്തിക്കുകയില്ല. ശ്രീരാമ നവമി പ്രമാണിച്ചാണ് ഓഹരി വ്യാപാരത്തിന് അവധി നൽകിയിരിക്കുന്നത്. എൻഎസ്ഇ, ബിഎസ്ഇ ഉൾപ്പെടെ പ്രധാനപ്പെട്ട സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് എല്ലാം അവധിയായിരിക്കും. ഇനി നാളെയായിരിക്കും ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാപാരം പുനരാരംഭിക്കുക.
അടുത്തയാഴ്ച മൂന്നു വ്യാപാര ദിനങ്ങൾ മാത്രമായിരിക്കും വിപണിയിലുണ്ടാകുക. മാർച്ച് 31 ശ്രീ മഹാവീർ ജയന്തിയും ഏപ്രിൽ മൂന്ന് ദുഃഖ വെള്ളിയും പ്രമാണിച്ച് വിപണിക്ക് അവധിയാണ്.
Business
മുംബൈ: ഇറാനെതിരേ യുഎസ് ആക്രമണം താത്കാലികമായി നിർത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യൻ ഓഹരി സൂചികകൾ ഒരു ദിവസത്തെ തകർച്ചയ്ക്കുശേഷം തിരിച്ചുവരവ് നടത്തി.
തിങ്കളാഴ്ചയുണ്ടായ നഷ്ടത്തിന്റെ പകുതിയലധികവും തിരിച്ചുപിടിച്ചുകൊണ്ട് സെൻസെക്സും നിഫ്റ്റിയും ഏകദേശം രണ്ടു ശതമാനത്തിനടത്ത് നേട്ടമുണ്ടാക്കി. ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ആഗോള വിപണികളിലുണ്ടായ മുന്നേറ്റവും ഇന്ത്യൻ വിപണികൾക്കു കരുത്തുപകർന്നു.
സെൻസെക്സ് 1372 പോയിന്റ് (1.89%) ഉയർന്ന് 74,068ലും നിഫ്റ്റി 50 സൂചിക 400 പോയിന്റ് (1.78%) നേട്ടത്തിൽ 22,912ലും വ്യാപാരം പൂർത്തിയാക്കി. ഇന്നലെയുണ്ടായ മുന്നേറ്റം ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാ കന്പനികളുടെയും ആകെ വിപണിമൂലധനത്തിൽ ഏകദേശം എട്ടു ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. ഇതോടെ വിപണിമൂല്യം 423 ലക്ഷം കോടി രൂപയിലെത്തി.
സെൻസെക്സിലെ 30 ഓഹരികളിൽ പവർഗ്രിഡ്, എസ്ബിഐ ഒഴികെ മറ്റെല്ലാം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എൻഎസ്ഇയിലെ എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. മൂന്നു ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ നിഫ്റ്റി മീഡിയയാണ് മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. എൻഎസ്ഇയിൽ 2483 ഓഹരികൾ മുന്നേറിയപ്പോൾ 809 എണ്ണത്തിന് ഇടിവുണ്ടായി. 79 എണ്ണത്തിന്റെ വിലയിൽ മാറ്റമുണ്ടായില്ല.
വിപണിയിലെ നേട്ടത്തിനുള്ള കാരണങ്ങൾ
യുഎസ്-ഇറാൻ വെടിനിർത്തൽ: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ പൂർണമായും പരിഹരിക്കുന്നതിനായി കഴിഞ്ഞ രണ്ടു ദിവസമായി യുഎസും ഇറാനുമായി ചർച്ച നടത്തുകയാണെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ചർച്ചകൾ ഈ ആഴ്ചയിലുടനീളം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനെതിരേയുള്ള സൈനികാക്രമണങ്ങൾ അഞ്ചു ദിവസത്തേക്ക് നിർത്തിവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ചർച്ചകളെക്കുറിച്ച് ഇറാന്റെ ഭാഗത്തുനിന്ന് ഒൗദ്യോഗിക അറിയിപ്പൊന്നുമുണ്ടായിട്ടില്ല.
ഓയിൽ വിലക്കയറ്റത്തിന് താത്കാലിക വിരാമം: ഇറാനെതിരേയുള്ള യുഎസ് ആക്രമണം താത്കാലികമായി നിർത്തിവയ്ക്കുകയാണെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ തിങ്കളാഴ്ച ക്രൂഡ് ഓയിൽ വില 15 ശതമാനത്തോളം ഇടിഞ്ഞ് ബാരലിന് 100 ഡോളറിൽ താഴെയെത്തിയിരുന്നു. എന്നാൽ, ചർച്ചകൾ സംബന്ധിച്ച് ഇറാന്റെ നിഷേധവും മറ്റ് സാഹചര്യങ്ങളും മൂലം ഓയിൽ വിലയിൽ ഇന്നലെ നേരിയ തോതിൽ വർധനയുണ്ടാകുന്നുണ്ട്.
അനുകൂല ആഗോള സൂചനകൾ: ട്രംപിന്റെ പ്രഖ്യാപനം ആഗോള ഓഹരിവിപണികളെ ഒന്നടങ്കം സ്വാധീനിച്ചു. ഏഷ്യയിലെ പ്രധാന വിപണികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
Business
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾക്ക് ഇന്നലെ കനത്ത നഷ്ടം. പ്രധാന സൂചികകൾ മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്സ് ഏകദേശം 2500 പോയിന്റിനടുത്തും നിഫ്റ്റി 50 സൂചിക 23000 എന്ന നിലവാരത്തിന് തൊട്ടു മുകളിലുമാണ് ക്ലോസ് ചെയ്തത്.
ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും യുഎസ് ഫെഡറൽ റിസർവ് സ്വീകരിച്ച കടുത്ത നിലപാടുകളുമാണ് ഇന്ത്യൻ വിപണിയെ സ്വാധീനിച്ചത്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസമായി തുടർന്നിരുന്ന മുന്നേറ്റത്തിനാണ് വിരാമമായത്.
സെൻസെക്സ് 2497 പോയിന്റ് (3.26%) താഴ്ന്ന് 74,207ലെത്തി. ഇന്നലെ വ്യാപാരത്തിനിടെ സെൻസെക്സ് 2753 പോയിന്റ് താഴ്ന്ന് 73,951ലെത്തിയതാണ്. നിഫ്റ്റി 776 പോയിന്റ് (3.26%) നഷ്ടത്തിൽ 23,002ലും വ്യാപാരം പൂർത്തിയാക്കി. 2024 ജൂണിനുശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് സൂചികകളിലുണ്ടായത്.
► നിക്ഷേപകരുടെ നഷ്ടം 11 ലക്ഷം കോടിക്കു മുകളിൽ
ഓഹരിവിപണിയിലുണ്ടായ വൻ ഇടിവിനെത്തുടർന്ന് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കന്പനികളുടെ മൊത്തം വിപണി മൂല്യത്തിൽ 11.5 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ഇതോടെ മൊത്തം വിപണിമൂല്യം 427 ലക്ഷം കോടി രൂപയ്ക്കു താഴെയായി.
ബിഎസ്ഇയിൽ ഇന്നലെ മൊത്തം 4,404 ഓഹരികളാണ് വ്യാപാരം ചെയ്തത്. ഇതിൽ 1,065 എണ്ണമാണ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. 3,180 ഓഹരികളും നഷ്ടത്തിൽ ക്ലോസ് ചെയ്തു. 161 ഓഹരികളുടെ വിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയില്ല. ഇന്നലെത്തെ വ്യാപാരത്തിനിടെ 368 ഓഹരികളുടെ വില 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലയിലേക്ക് പതിച്ചു.
ബിഎസ്ഇ സെൻസെക്സിലെ 30 ഓഹരികളും ചുവപ്പിലാണ് ക്ലോസ് ചെയ്തത്.എറ്റേണൽ, എച്ച്ഡിഎഫ്സി ഓഹരികൾ അഞ്ചു ശതമാനത്തിനു മുകളിൽ ഇടിഞ്ഞു. ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ലാർസൻ ആൻഡ് ടൂബ്രോ എന്നീ ഓഹരികളിൽ നാലു മുതൽ അഞ്ചു ശതമാനം വരെ കുറവുണ്ടായി.
വിപണിയിലെ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് കുതിച്ചുയർന്ന് 22 നിലവാരത്തിലേക്ക് എത്തിച്ചേർന്നു.
► മേഖലാ സൂചികകൾ ചുവപ്പണിഞ്ഞു
നിഫ്റ്റിയിലെ 16 പ്രധാന മേഖലാ സൂചികകളും ചുവപ്പിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഫിനാൻഷൽ, ബാങ്ക് ഓഹരികൾ മൂന്നു ശതമാനത്തിനു മുകളിലാണ് ഇടിഞ്ഞത്. എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വൻ വില്പനയാണുണ്ടായത്.
വിശാല വിപണിയിലും കനത്ത വില്പന സമ്മർദമാണുണ്ടായത്. നിഫ്റ്റി സ്മോൾകാപ് 100, മിഡ്കാപ് 100 സൂചികകൾ യഥാക്രമം 2.94 ശതമാനവും 3.19 ശതമാനവും ഇടിഞ്ഞു.
► ഇടിവിനുള്ള കാരണങ്ങൾ
ക്രൂഡോയിൽ വിലയിലെ വർധന: ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിനുമുകളിൽ ഉയർന്നത് വിപണിയെ സ്വാധീനിച്ചു.
Business
മുംബൈ: ഇന്നലെ നടന്ന വ്യാപാരത്തിൽ വലിയ ഏറ്റക്കുറച്ചിലുകൾക്കുശേഷം ഇന്ത്യൻ ഓഹരിവിപണി മികച്ച നേട്ടത്തിൽ വ്യാപാരം പൂർത്തിയാക്കി. സെൻസെക്സ് 900 പോയിന്റിലധികം ഉയർന്നപ്പോൾ നിഫ്റ്റി 50 സൂചിക 23,400 പോയിന്റിനു മുകളിലെത്തി.
കഴിഞ്ഞയാഴ്ചയിലെ കടുത്ത വിറ്റഴിക്കലിനുശേഷം നിക്ഷേപകർ താഴ്ന്ന നിലയിൽനിന്നുള്ള വാല്യു ബയിംഗിലേക്കു കടന്നതോടെയാണ് വിപണി ലാഭത്തിലേക്കു കടന്നത്. ഇതോടെ തുടർച്ചയായ മൂന്നു സെഷനിലെ നഷ്ടക്കണക്കുകൾക്ക് അറുതിയായി.
ശക്തമായ ഇടിവിനും അതിവേഗത്തിലുള്ള തിരിച്ചുവരവിനും സാക്ഷ്യം വഹിച്ച അതിതീവ്രമായ അസ്ഥിരത നിറഞ്ഞ ഒരു വ്യാപാര ദിനമായിരുന്നു ഇന്നലെത്തേത്. സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചെങ്കിലും താമസിയാതെ ആ നഷ്ടങ്ങളെല്ലാം നികത്തി നേട്ടത്തിലേക്ക് തിരിച്ചുവന്നു. രാവിലെതന്നെ വീണ്ടും ഇടിവുണ്ടായി സെൻസെക്സ് 600 പോയിന്റിലധികം താഴ്ന്ന് 74,000 നിലവാരത്തിനു താഴെയും നിഫ്റ്റി സൂചിക 23,000 പോയിന്റിനു താഴെയുമെത്തി.
ഉച്ചകഴിഞ്ഞ് അവസാന മണിക്കൂറുകളിൽ രാവിലെയുണ്ടായ നഷ്ടങ്ങളെല്ലാം മറികടക്കുകയും ചെയ്തു. സെൻസെക്സ് 1000 പോയിന്റിലധികം ഉയർന്നപ്പോൾ നിഫ്റ്റി 23,500 നിലവാരത്തിനു മുകളിലെത്തുകയും ചെയ്തു. വ്യാപാരത്തിന്റെ അവസാനം നേരിയ തോതിൽ നേട്ടം നഷ്ടപ്പെട്ടെങ്കിലും വിപണി ലാഭത്തിൽതന്നെ ക്ലോസ്ചെയ്തു.
സെൻസെക്സ് 939 പോയിന്റ് (1.26%) ഉയർന്ന് 75,503ലും നിഫ്റ്റി 258 പോയിന്റ് (1.11%) ലാഭത്തിൽ 23,409ലും വ്യാപാരം പൂർത്തിയാക്കി.
പ്രധാന നേട്ടമുണ്ടാക്കിയവരും നഷ്ടം നേരിട്ടവരും
അൾട്രാടെക് സിമന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, ട്രെന്റ്, എറ്റേണൽ, ബജാജ് ഫിനാൻസ് എന്നിവരാണ് സെൻസെക്സിൽ പ്രധാന നേട്ടക്കാർ. ഇവയുടെ ഓഹരികൾ രണ്ടു മുതൽ നാലു ശതമാനം വരെ ഉയർന്നു. ഭാരത് ഇലക്ട്രോണിക്സ്, സണ്‍ ഫാർമ, പവർ ഗ്രിഡ്, എൻടിപിസി എന്നിവയാണ് പ്രധാനമായും നഷ്ടം നേരിട്ടവ.
എൻഎസ്ഇയിൽ 1075 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 2213 എണ്ണം താഴ്ന്നു 84 എണ്ണത്തിൽ മാറ്റമുണ്ടായില്ല. മേഖലാ സൂചികകളിൽ നിഫ്റ്റി ഓട്ടോയാണ് (1.67%) ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. നഷ്ടത്തിൽ ഓയിൽ ആൻഡ് ഗ്യാസ് (1.58%) ആണ് മുന്നിൽ.
വിപണിയുടെ നേട്ടത്തിനുള്ള കാരണങ്ങൾ
വാല്യു ബയിംഗ്: ഇന്നലെ താഴ്ന്ന നിലവാരത്തിൽനിന്ന് വാല്യു ബയിംഗ് നടന്നതോടെ സൂചികകൾ ഉയർന്നു. തുടർച്ചയായ നാലാം സെഷനിലും നഷ്ടമെന്നു തോന്നിച്ചിടത്ത് ഓട്ടോ, മെറ്റൽ, ബാങ്ക്, കണ്‍സ്യൂമർ ഡ്യൂറബിൾസ്, എഫ്എംസിജി എന്നിവയിലുണ്ടായ ഉയർന്ന വാങ്ങലുകളാണ് വിപണിയെ തിരിച്ചുകൊണ്ടുവന്നത്.
ഇന്ത്യ വിക്സിന്റെ താഴ്ച: വിപണിയിലെ അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് കഴിഞ്ഞയാഴ്ചയിലെ കുതിപ്പിനുശേഷം നാലു ശതമാനത്തിലധികം താഴ്ന്നു.
ഭൗമരാഷ്ട്രീയ പ്രതിസന്ധി അയയുമെന്ന പ്രതീക്ഷ: വിപണിയിലെ ശുഭാപ്തിവിശ്വാസത്തിനിടയിലും ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് ബാരലിന് 100 ഡോളറിനു മുകളിലാണ്.
യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്കു കടന്നിരിക്കുകയാണ്. ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള നീക്കങ്ങൾക്ക് തടസം നേരിടുകയാണ്.
യുദ്ധസാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ തന്റെ ഭരണകൂടം ഏഴു രാജ്യങ്ങളുമായി ചർച്ച നടത്തുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എണ്ണക്കപ്പലുകൾ കടന്നുപോകുന്നത് ഇറാൻ ഭൂരിഭാഗവും തടഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഈ പാതയിലെ കപ്പലുകൾക്ക് അടന്പടി സേവിക്കാൻ വിവിധ രാജ്യങ്ങളുടെ ഒരു സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് യുഎസ്.
Business
മുംബൈ: കഴിഞ്ഞ സെഷനിലെ ശക്തമായ തിരിച്ചുവരവിനുശേഷം ഇന്നലെ ഓഹരിവിപണി വീണ്ടും സമ്മർദത്തിലായി. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധവും എണ്ണവിലയിലെ അസ്ഥിരതയുമാണ് വിപണിയുടെ തകർച്ചയ്ക്കിടയാക്കിയത്. സെൻസെക്സ് 1300 പോയിന്റിലധികം താണു. നിഫ്റ്റി നിർണായകമായ 23,900 പോയിന്റിന് താഴെയാണ് ക്ലോസ് ചെയ്തത്.
മിശ്രമായ ആഗോള സൂചനകൾക്കിടെ വിപണി ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് ഈ നഷ്ടം കൂടുതൽ വ്യാപിക്കുകയും ചെയ്തു. വിപണി സൂചികകൾ കഴിഞ്ഞ 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കു കൂപ്പുകുത്തുകയും ചെയ്തു.
സെൻസെക്സ് 1342 പോയിന്റ് (1.72%) ഇടിഞ്ഞ് 76864ൽ വ്യാപാരം പൂർത്തിയാക്കി. പത്തര മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന ക്ലോസിംഗ് നിലവാരമാണിത്.
നിഫ്റ്റി 394 പോയിന്റ് (1.63%) താഴ്ന്ന് 23867ലും വ്യാപാരം പൂർത്തിയാക്കി. 2025 ഏപ്രിൽ 17-ന് ശേഷം ഇതാദ്യമായാണ് നിഫ്റ്റി സൂചിക 24,000 നിലവാരത്തിന് താഴെ ക്ലോസിംഗ് രേഖപ്പെടുത്തുന്നത്.
നിഫ്റ്റി മിഡ്കാപ് 100 സൂചിക 1.25% നഷ്ടം നേരിട്ടു. നിഫ്റ്റി സ്മോൾകാപ് 100 സൂചിക 0.36% ഇടിവ് കുറിച്ചു. മേഖലാ സൂചികകളിൽ ഇന്നലത്തെ വ്യാപാരത്തിൽ ഫാർമ, ഹെൽത്ത്കെയർ, ഓയിൽ & ഗ്യാസ് തുടങ്ങിയ സൂചികകൾ മാത്രമാണ് നേരിയ തോതിലെങ്കിലും നേട്ടം സ്വന്തമാക്കിയത്.
വിപണിയുടെ വീഴ്ചയ്ക്കു കാരണങ്ങൾ
എഫ്ഐഐകളുടെ വില്പന: ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ ഓഹരി വിറ്റഴിക്കൽ തുടരുകയാണ്. ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐ) ഈ മാസം ഇതുവരെ വില്പനക്കാരുടെ റോളിൽതന്നെയാണ്. ചൊവ്വാഴ്ച 4672.64 കോടി രൂപയുടെ നിക്ഷേപമാണ് പിൻവലിച്ചത്. അതേസമയം, ഡൊമസ്റ്റിക് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (ഡിഐഐ) നിക്ഷേപകരാകുകയാണ്. ചൊവ്വാഴ്ച 6333 കോടി രൂപയുടെ നിക്ഷേപം നടത്തി.
ലാഭമെടുപ്പ്: കഴിഞ്ഞ രണ്ടു സെഷനുകളിലെ ഇടിവുകൾക്ക് വിരാമമിട്ടുകൊണ്ട് ചൊവ്വാഴ്ച വ്യാപാര സെഷനിൽ സൂചികകൾ നേട്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഈ നേട്ടം നിക്ഷേപകരെ ഇന്നലെ വൻതോതിൽ ലാഭമെടുപ്പിലേക്കു നയിച്ചു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, റിലയൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ബാങ്കിംഗ്, മറ്റ് മേഖലകളിലെ പ്രമുഖ ഓഹരികളിൽ നടന്ന ലാഭമെടുപ്പ് ഓഹരി സൂചികകളുടെ ഇടിവിനു പ്രധാന കാരണമായി.
യുദ്ധം നീളുന്നത്: യുഎസ്-ഇറാൻ യുദ്ധം ഉടൻ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച പ്രത്യാശ പ്രകടിപ്പിച്ചെങ്കിലും, സംഘർഷം വീണ്ടും ശക്തമാകുന്നതായാണ് കാണുന്നത്.
എഎഫ്പി റിപ്പോർട്ട് പ്രകാരം, ഹോർമുസ് കടലിടുക്കിനു സമീപം മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാന്റെ 16 ബോട്ടുകൾ യുഎസ് സൈന്യം തകർത്തു. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് ഇടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെടുത്താൻ ശ്രമിച്ചാൽ ഇറാന് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകി.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയാൽ ആഗോള സാന്പത്തിക വളർച്ചയ്ക്കും പണപ്പെരുപ്പത്തിനും അത് വലിയ ഭീഷണിയാകുമെന്ന് ഐക്യരാഷ്ട്രസഭയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രൂപയുടെ ഇടിവ്: ഡോളറിനെതിരേ റിക്കാർഡ് താഴ്ചയിൽനിന്നും ചൊവ്വാഴ്ച ശക്തമായി തിരിച്ചെത്തിയ രൂപ ഇന്നലെ വീണ്ടും ഇടിഞ്ഞു. പശ്ചിമേഷ്യയിൽ യുദ്ധം കനത്തതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില കുതിച്ചുയർന്നതും ഡോളർ കരുത്താർജിച്ചതുമാണ് രൂപയ്ക്കു തിരിച്ചടിയായത്. ഇന്നലെ 16 പൈസ ഇടിഞ്ഞ് 92.01 നിലവാരത്തിലെത്തി.
Business
മുംബൈ: രണ്ടു സെഷനിൽ കൂപ്പുകുത്തിയ ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ ഏകദേശം ഒരു ശതമാനത്തിനടുത്ത് തിരിച്ചുകയറി. പശ്ചിമേഷ്യയിലെ സംഘർഷം ഉടൻതന്നെ തീർന്നേക്കാമെന്ന പ്രതീക്ഷയിൽ അസംസ്കൃത എണ്ണ വിലയിലുണ്ടായ കുറവും ആഗോള വിപണിയിലുണ്ടായ ഉണർവുമാണ് ഇന്ത്യൻ വിപണിയെ സ്വാധീനിച്ചത്.
ബിഎസ്ഇ സെൻസെക്സ് 640 പോയിന്റ് (0.82%) ഉയർന്ന് 78,206ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സൂചിക 1.23 ശതമാനം വരെ മുന്നേറി 78,526 പോയിന്റിൽ എത്തിയിരുന്നു.
നിഫ്റ്റി 234 പോയിന്റ് (0.97%) നേട്ടത്തിൽ 24,262ൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി 50യിൽ ശ്രീറാം ഫിനാൻസ്, ഇന്റർഗ്ലോബ് ഏവിയേഷൻ, ഐഷർ മോട്ടോർസ്, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയുടെ ഓഹരികളാണ് നേട്ടമുണ്ടാക്കിയതിൽ മുൻപന്തിയിൽ. ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഇറ്റേണൽ എന്നിവയ്ക്ക് ഇടിവ് നേരിട്ടു.
നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 1.62 ശതമാനവും 2.12 ശതമാനവും ഉയർന്നു.
16 മേഖലാ സൂചികകളിൽ 14 എണ്ണവും പച്ചയിലെത്തിയപ്പോൾ ഐടി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ മാത്രമാണ് ചുവപ്പണിഞ്ഞത്.
തിങ്കളാഴ്ച സൂചികകൾ ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. പശ്ചിമേഷ്യയിൽ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണ വിതരണം തടസപ്പെടുമെന്ന ആശങ്കയും വ്യാപിച്ചതോടെ തിങ്കളാഴ്ച ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. ഇതേത്തുടർന്ന് വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന വോളാറ്റിലിറ്റി സൂചിക 21 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തുകയും ചെയ്തു.
വിപണിയുടെ ഉയർച്ചയ്ക്കു പിന്നിൽ
ക്രൂഡ് ഓയിൽ വില കുറഞ്ഞു: കഴിഞ്ഞ സെഷനിൽ മൂന്നു വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയ ക്രൂഡ് ഓയിൽ വില ഇന്നലെ താഴ്ന്നു. പശ്ചിമേഷ്യയിലെ യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിലയിൽ ഇടിവുണ്ടാക്കിയത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില അഞ്ചു ശതമാനത്തിലധികം താഴ്ന്ന് നൂറു ഡോളറിൽ താഴെയായി.
ശക്തമായ ആഗോള സൂചനകൾ: ഏഷ്യൻ വിപണികൾ ഒന്നടങ്കം പോസിറ്റീവിലെത്തി. ദക്ഷിണ കൊറിയയുടെ കോസ്പി അഞ്ചു ശതമാനത്തിനു മുകളിലും ജപ്പാന്റെ നിക്കീ 225 സൂചിക മൂന്നു ശതമാനത്തിനടത്തും ചൈനയുടെ ഷാങ്ഹായ് എസ്എസ്ഇ കോന്പോസിറ്റ് സൂചികയും ഹോങ്കോംഗിന്റെ ഹാങ് സെങ്ങും നേട്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
യുഎസിന്റെ പ്രധാന സൂചികകൾ കഴിഞ്ഞ സെഷനിൽ ഉയർന്നാണ് ക്ലോസ് ചെയ്തത്. ഇന്ത്യ വിക്സ് കുറഞ്ഞു: വിപണിയിലെ ചാഞ്ചാട്ടങ്ങളുടെ തോത് അളക്കുന്ന വോളാറ്റിലിറ്റി സൂചിക 19 ശതമാനത്തോളം ഇടിഞ്ഞ് 19ലെത്തി.
രൂപയുടെ തിരിച്ചുവരവ്: തിങ്കളാഴ്ച ഡോളറിനെതിരേ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ രൂപ ഇന്നലെ വലിയ തിരിച്ചുവരവ് നടത്തി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവാണ് രൂപയ്ക്കു ഗുണം ചെയ്തത്. തിങ്കളാഴ്ച 92.21ൽ ക്ലോസ് ചെയ്ത രൂപ ഇന്നലെ 36 പൈസ ഉയർന്ന് 91.85ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓഹരിവിപണിയിലുണ്ടായ കുതിപ്പും ഡോളർ ദുർബലമായതും രൂപയുടെ മൂല്യത്തിന് കരുത്ത് പകർന്നതായി വിദേശനാണ്യവ്യാപാരികൾ പറഞ്ഞു.
Business
മുംബൈ: ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുതിച്ചുചാട്ടം ഏഷ്യയിലെ മൂന്നാമത്തെ വലിയ സന്പദ്്വ്യവസ്ഥയായ ഇന്ത്യയുടെ വളർച്ചയെയും പണപ്പെരുപ്പത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമായതോടെ, ഇന്ത്യൻ ഓഹരി വിപണി ഇന്നലെ ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ തകർച്ച നേരിട്ടു. ഇതോടെ വിപണി ഏകദേശം ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ലോകത്തിലെതന്നെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡ് ഓയിൽ വില വർധിക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. ഇത് പണപ്പെരുപ്പം ഉയരാൻ കാരണമാകുമെന്നു മാത്രമല്ല, യുഎസ് ഡോളറിനെതിരേ റിക്കാർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപയുടെ മൂല്യത്തിന്മേലുള്ള സമ്മർദം വർധിപ്പിക്കുകയും ചെയ്യും.
യുഎസ്- ഇസ്രയേൽ സഖ്യത്തിന്റെ ഇറാനെതിരേയുള്ള യുദ്ധം പത്താം ദിവസത്തേക്കു കടന്നിരിക്കുകയാണ്. ഇതോടെ എണ്ണവില കുതിച്ചുയർന്നു. 2022ലെ റഷ്യ-യുക്രെയ്ൻ യുദ്ധത്തിനു ശേഷം ആദ്യമായി എണ്ണ വില ബാരലിന് 100 ഡോളർ കടന്നു. പശ്ചിമേഷ്യയിൽ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടതും മധ്യേഷ്യയിലെ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങൾ വിതരണം വെട്ടിക്കുറച്ചതുമാണ് വില വർധനയ്ക്കു കാരണമാകുന്നത്.
ഓഹരിവിപണികൾ കൂപ്പുകുത്തി
ഇന്ത്യയുടെ ഓഹരി സൂചികകളായ നിഫ്റ്റി 50, സെൻസെക്സ് എന്നിവയ്ക്ക് വലിയ തകർച്ചയാണ് ഇന്നലെയുണ്ടായത്. നിഫ്റ്റി 1.73 ശതമാനം ഇടിഞ്ഞ് 24,028.05 എന്ന 10 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ ക്ലോസ് ചെയ്തു.
വിപണിയിലെ ചാഞ്ചാട്ടം 21 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തുകയും ചെയ്തു. ബിഎസ്ഇ സെൻസെക്സ് 1.71 ശതമാനം താഴ്ന്ന് 77,566.16 എന്ന 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പശ്ചിമേഷ്യയിലെ യുദ്ധം തുടങ്ങിയതിനുശേഷം പ്രധാന സൂചികകൾ ഏകദേശം 4.6 ശതമാനം ഇടിഞ്ഞു.
എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടം ആഗോളതലത്തിൽ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും അത് പലിശനിരക്ക് വർധിപ്പിക്കാൻ ഇടയാക്കുമെന്നുമുള്ള ആശങ്കയെത്തുടർന്ന് മറ്റ് ഏഷ്യൻ ഓഹരി വിപണികളിലും വാൾസ്ട്രീറ്റ് ഫ്യൂച്ചേഴ്സിലും ഇടിവുണ്ടായി.
വിപണിയിൽ ആകെ തകർച്ച
പ്രധാനപ്പെട്ട 16 മേഖലകളിൽ 15 എണ്ണത്തിലും ഇടിവുണ്ടായി. സ്മോൾകാപ്, മിഡ്കാപ് സൂചികകൾ യഥാക്രമം 2.22%, 1.97% എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി.
ബിഎസ്ഇ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂലധനം മുൻ സെഷനിലെ 450 ലക്ഷം കോടി രൂപയിൽനിന്ന് 441 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഒരൊറ്റ ട്രേഡിംഗ് സെഷനിൽ നിക്ഷേപകർക്ക് ഒന്‍പത് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി.
രൂപയുടെ മൂല്യത്തകർച്ച
ഡോളറിനെതിരേ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഇന്നലെ 53 പൈസയുടെ നഷ്ടത്തിൽ 92.35ലേക്കു കൂപ്പുകുത്തിയാണ് വിപണി ക്ലോസ് ചെയ്തത്. പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനാൽ അസംസ്കൃത എണ്ണ വില ഉയർന്നതിനെത്തുടർന്ന് ഡോളറിനുള്ള ആവശ്യകത വർധിച്ചതാണ് രൂപയുടെ ഇടിവിനു കാരണമായത്.
വിദേശ നിക്ഷേപകരുടെ ഇന്ത്യൻ വിപണിയിൽനിന്നുള്ള പിന്മാറ്റവും രൂപയ്ക്കു തിരിച്ചടിയാകുന്നു. എക്സ്ചേഞ്ച് കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് 21000 കോടി രൂപയുടെ നിക്ഷേപമാണ് പിൻവലിച്ചത്.
Business
മുംബൈ: ഒരു ദിവസം നല്കിയ നേട്ടത്തിനുശേഷം ഓഹരിവിപണി കൂപ്പുകുത്തി. പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിനു മുകളിൽ ഇടിവ് നേരിട്ടു.
പശ്ചിമേഷ്യയിൽ സംഘർഷം ഏഴാം ദിവസത്തേക്കു കടന്നതും തുടർന്ന് ക്രൂഡ് ഓയിൽ വില വർധിച്ചതുമാണ് വിപണിയുടെ തകർച്ചയ്ക്കു കാരണം.
സെൻസെക്സ് 1097 പോയിന്റ് (1.37%) താഴ്ന്ന് 78,919ലും നിഫ്റ്റി 315 പോയിന്റ് (1.27%) നഷ്ടത്തിൽ 24,450ലും വ്യാപാരം പൂർത്തിയാക്കി.
ഈ ആഴ്ചയിൽ നിഫ്റ്റിയും സെൻസെക്സും ഏകദേശം 2.9% വീതം ഇടിഞ്ഞു. നിഫ്റ്റിയെ സംബന്ധിച്ച് 2025 ഫെബ്രുവരി 28നുശേഷവും സെൻസെക്സിനാകട്ടെ 2024 ഡിസംബർ 20 നുശേഷവുമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവുമാണ്.
Business
മുംബൈ: മൂന്നു ദിവസത്തെ നഷ്ടക്കണക്കുകള്ക്കുശേഷം ഓഹരി വിപണിയിലെ പ്രധാന സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും ശക്തമായ തിരിച്ചുകയറി. തങ്ങളുടെ ആണവപദ്ധതികള്‍ ഉപേക്ഷിക്കാന്‍ തയാറാണെന്ന ഇറാന് അറിയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് ഇന്ത്യന്‍ ഓഹരിവിപണി അവസാന മണിക്കൂറില്‍ പോസിറ്റീവിലെത്തിയത്. കഴിഞ്ഞ മൂന്നു സെഷനുകളിലായി ഇരു സൂചികകളും ഏകദേശം നാലു ശതമാനം വീതം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
തങ്ങളുടെ ആണവപദ്ധതികള്‍ പൂര്‍ണമായും ഉപേക്ഷിക്കാന്‍ തയാറാണെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മജിദ് തഖ്ത് റാവഞ്ചി പറഞ്ഞതായി സ്കൈ ന്യൂസ് അറേബ്യ നടത്തിയ റിപ്പോര്‍ട്ടാണ് വിപണിക്ക് കരുത്തായത്. ഇതിനു പകരം യുഎസ് തൃപ്തികരമായ ബദല്‍ നിര്‍ദേശം മുന്നോട്ട് വയ്ക്കണമെന്നതാണ് ഇറാന്റെ പ്രധാന നിബന്ധന. യുഎസ്-ഇറാന് സംഘര്‍ഷം ലഘൂകരിക്കപ്പെട്ടേക്കാം എന്ന വാര്‍ത്ത വന്നത് നിക്ഷേപര്‍ക്കിടയില്‍ പ്രതീക്ഷ നല്കി. ഇതോടെ വെറും 20 മിനിറ്റിനുള്ളില്‍ ബിഎസ്ഇ സെന്‍സെക്സ് 1000 പോയിന്റിലധികം ഉയര്‍ന്നു. എന്നാല്‍, ഇറാന്റെ നിബന്ധനയോടു കൂടിയ പ്രഖ്യാപനം വിപണിയുടെ കുതിപ്പിനെ ചെറിയ തോതില്‍ ബാധിച്ചു.
ഉച്ചകഴിഞ്ഞ് 2.35 മുതല്‍ 2.55 വരെ ഇന്ത്യന്‍ ഓഹരിവിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉദ്വേഗഭരിതമായ നിമിഷങ്ങളിലൊന്നായിരുന്നു. 2.35ല്‍ 79,369 പോയിന്റില്‍ വ്യാപാരം നടത്തിയ ബിഎസ്ഇ സെന്‍സെക്സ് 2.55ലെത്തിയപ്പോള്‍ 80,269 പോയിന്റിലെത്തി.
ആവേശം കുറഞ്ഞു
ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് അനുസരിച്ച് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ആണവക്കരാറുമായി ബന്ധപ്പെട്ട് മുന്‍പ് യുഎസുമായി നടത്തിയ ചര്‍ച്ചകളെ ഉദ്ദേശിച്ചുള്ളതാണ്. പശ്ചിമേഷ്യയില്‍ യുദ്ധം അതിരൂക്ഷമായി ആറാം ദിവസത്തേക്കു കടന്ന വേളയിലാണ് വിശദീകരണം വന്നത്.
ഒമാന്റെ മധ്യസ്ഥതയില്‍ ഇറാന്റെ ആണവക്കരാറുമായി ബന്ധപ്പെട്ടു നടന്ന രഹസ്യചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഇസ്രയേലുമായി ചേര്‍ന്ന് യുഎസ് ആക്രമണം നടത്തിയത്. സ്കൈ ന്യൂസ് അറേബ്യ ഉദ്ധരിച്ച പ്രസ്താവനകള്‍ ഈ ആക്രമണത്തിനു മുമ്പ് യുഎസുമായി നടത്തിയ ചര്‍ച്ചകളുമായി ബന്ധപ്പെട്ടതാണെന്ന് ഐആര്‍എന്‍എ വ്യക്തമാക്കുന്നു. യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടിരുന്നു.
ഐആര്‍എന്‍എയുടെ വിശദീകരണം വന്നതിനു പിന്നാലെ സെന്‍സെക്സ് ഇന്നലത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍നിന്നും 300 പോയിന്റോളം താഴേക്കു വീണു. എങ്കിലും വ്യാപാരാന്ത്യത്തില്‍ സൂചികകള്‍ മികച്ചുനിന്നു.
സെന്‍സെക്സ് 900 പോയിന്റ് (1.14%) വര്‍ധിച്ച് 80016ലും നിഫ്റ്റി 285 പോയിന്റ് (1.17%) നേട്ടത്തില്‍ 24766ലും വ്യാപാരം പൂര്‍ത്തിയാക്കി.
ഇന്നലെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത മൊത്തം കമ്പനികളുടെ വിപണി മൂല്യം 447.2 ലക്ഷം കോടി രൂപയില്‍നിന്ന് 453 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇതോടെ നിക്ഷേപകരുടെ ആസ്തിയില്‍ ഒരു ദിവസം കൊണ്ട് ആറു ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായി.
നിഫ്റ്റി മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ ഒന്നര ശതമാനത്തിലേറെ മുന്നറി. നിഫ്റ്റി മേഖലാ സൂചികയില്‍ ഐടി ഒഴികെയുള്ളവരെ പോസിറ്റീവായി. മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നീ മേഖല സൂചികകള്‍ രണ്ട് ശതമാനത്തിലേറെ മുന്നേറി.
രൂപയ്ക്കു നേട്ടം
ഇന്നലെ വ്യാപാരത്തുടക്കത്തില്‍ തന്നെ സര്‍വകാല റിക്കാര്‍ഡ് താഴ്ചയില്‍നിന്നും ഡോളറിനെതിരേ രൂപ നിലമെച്ചപ്പെടുത്തി. ഡോളറിനെതിരേ 45 പൈസ നേട്ടത്തോടെ 91.60ല്‍ വ്യാപാരം പൂര്‍ത്തിയാക്കി.
ആഭ്യന്തര ഓഹരിവിപണിയിലെ ഉണര്‍വും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുമാണ് രൂപയ്ക്കു കരുത്തായത്. ബുധനാഴ്ച രൂപ ഡോളറിനെതിരേ 56 പൈസ നഷ്ടത്തില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 92.05ലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
Business
മുംബൈ: മധ്യേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ഇന്ത്യൻ ഓഹരി വിപണിയിലും കറൻസി മൂല്യത്തിലും വൻ തകർച്ച രേഖപ്പെടുത്തി. വെറും രണ്ടു വ്യാപാര ദിനങ്ങൾ കൊണ്ട് ഇന്ത്യൻ നിക്ഷേപകരുടെ ഏകദേശം 9.7 ലക്ഷം കോടി രൂപയാണ് വിപണിയിൽനിന്നു തുടച്ചുനീക്കപ്പെട്ടത്.
ചരിത്രത്തിലാദ്യമായി ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരേ 92 എന്ന നിലവാരത്തിനു താഴേക്ക് കൂപ്പുകുത്തി. ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം 55 പൈസ ഇടിഞ്ഞ് 92.03 എന്ന താഴ്ന്ന റിക്കാർഡ് നിലയിലെത്തി. ജനുവരി അവസാനം രേഖപ്പെടുത്തിയ 91.99 എന്ന മുന്‍പത്തെ റിക്കാർഡിനേക്കാൾ വലിയ തകർച്ചയാണിത്.
യുഎസ്-ഇസ്രയേൽ സഖ്യം ഇറാനു നേരേ നടത്തിയ സൈനിക നീക്കങ്ങളും തുടർന്നുണ്ടായ പ്രത്യാക്രമണങ്ങളുമാണ് ആഗോള വിപണിയെ പ്രകോപിപ്പിച്ചത്. യുദ്ധം നീണ്ടുനിൽക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ആഗോള എണ്ണവില കുതിച്ചുയർന്നു.
ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 82.53 ഡോളറിലെത്തി. എണ്ണവില 100 ഡോളറിലേക്ക് ഉയർന്നേക്കാമെന്ന് ആഗോള ബാങ്കിംഗ് സ്ഥാപനമായ ബാർക്ലേസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് എണ്ണവില വർധന പണപ്പെരുപ്പത്തിനും സാമ്പത്തിക വളർച്ചാ മുരടിപ്പിനും കാരണമായേക്കാം.
ഓഹരി വിപണിയിൽ സെൻസെക്സ് 1,710 പോയിന്റുകൾ ഇടിഞ്ഞ് 78,529 എന്ന നിലവാരത്തിലേക്കു താഴ്ന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. നിഫ്റ്റി 477 പോയിന്റുകൾ നഷ്ടപ്പെടുത്തി 24,389ൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിലെ മൊത്തം വിപണി മൂല്യം 456.17 ലക്ഷം കോടി രൂപയിൽനിന്ന് 446.47 ലക്ഷം കോടി രൂപയായി കുറഞ്ഞു. വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിച്ചതും വിപണിയെ ബാധിച്ചു.
എൽ ആൻഡ് ടി, ഇൻഡിഗോ, അദാനി പോർട്സ്, ബജാജ് ഫിനാൻസ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരികൾക്ക് വലിയ തിരിച്ചടി നേരിട്ടപ്പോൾ, ഐടി മേഖലയിലെ ഇൻഫോസിസ്, എച്ച്സിഎൽ ടെക് തുടങ്ങിയവ നേരിയ നേട്ടമുണ്ടാക്കി. വിപണിയിലെ ഈ താത്കാലിക തകർച്ചയിൽ നിക്ഷേപകർ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഗുണനിലവാരമുള്ള ഓഹരികൾ ദീർഘകാല നിക്ഷേപത്തിനായി തെരഞ്ഞെടുക്കാനുള്ള അവസരമാണിതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Business
മുംബൈ: പശ്ചിമേഷ്യയിലെ യുദ്ധം മൂന്നാം ദിനത്തിലേക്കു കടന്നതോടെ ആഗോള ഓഹരിവിപണികളിൽ ഇടിവ്. ഏഷ്യൻ വിപണികൾ ഒന്നടങ്കം നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. യൂറോപ്യൻ, യുഎസ് വിപണികളും താഴ്ന്നാണ് വ്യാപാരം നടത്തുന്നത്.
ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും 1.2 ശതമാനത്തിനു മുകളിൽ ഇടിഞ്ഞു. യുദ്ധത്തെത്തുടർന്ന അസംസ്കൃത എണ്ണ വില ഉയർന്നതും സുരക്ഷിത നിക്ഷേപങ്ങളിലേക്ക് നിക്ഷേപകർ മാറിയതും വിപണിയെ സ്വാധീനിച്ചു.
നിഫ്റ്റി 50 സൂചിക 313 പോയിന്റ് (1.24 ശതമാനം) ഇടിഞ്ഞ് ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 24,866ലെത്തി. ബിഎസ്ഇ സെൻസെക്സ് 1048 പോയിന്റ് (1.29 ശതമാനം) താഴ്ന്ന് 80,239ൽ വ്യാപാരം പൂർത്തിയാക്കി. ആറു മാസത്തിടെയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ രണ്ടു ശതമാനം വരെ ഇടിഞ്ഞ വിപണി പിന്നീട് നേരിയ തോതിൽ തിരിച്ചുകയറി. ഹോളിയെത്തുടർന്ന് വിപണിക്ക് ഇന്ന് അവധിയാണ്.
ഇന്ത്യൻ ഓഹരിവിപണിയിൽ
നിഫ്റ്റിയിലെ 16 മേഖലാ സൂചികയിലെ 14 എണ്ണവും നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. മെറ്റലും ഫാർമയും മാത്രമാണ് നഷ്ടം നേരിടാതെ പിടിച്ചുനിന്നത്. ഓട്ടോ, കണ്‍സ്യൂമർ ഡ്യൂറബിൾസ്, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികൾ രണ്ടു ശതമാനത്തിനു മുകളിൽ നഷ്ടം നേരിട്ടു. ഫിനാൻഷൽ സർവീസസ്, ഐടി, മീഡിയ, പിഎസ്യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, റിയൽറ്റി ഓഹരികൾ ഒരു ശതമാനത്തിനു മുകളിൽ ഇടിഞ്ഞു. നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ യഥാക്രമം 1.58 ശതമാനവും 1.75 ശതമാനവും താഴ്ചയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
ബിഎസ്ഇയിൽ ഇന്നലെ ട്രേഡ് ചെയ്യപ്പെട്ട മൊത്തം 4,528 ഓഹരികളിൽ 754 ഓഹരികൾ മാത്രമാണ് നേട്ടത്തോടെ ക്ലോസിംഗ് കുറിച്ചത്. 3641 ഓഹരികൾ നഷ്ടത്തോടെയും 133 ഓഹരികളിൽ വിലമാറ്റമൊന്നും രേഖപ്പെടുത്താതെയും വ്യാപാരം അവസാനിപ്പിച്ചു.
ഇന്നലെത്തെ വ്യാപാരത്തിൽ വാങ്ങാൻ നിക്ഷേപകരില്ലാത്തതിനാൽ 330 ഓഹരികളാണ് ലോവർ സർക്യൂട്ട് നിലവാരത്തിൽ ക്ലോസ് ചെയ്യേണ്ടിവന്നത്.
വിപണിയുടെ ഇടിവിനുള്ള കാരണങ്ങൾ
അസംസ്കൃത എണ്ണ വില: യുഎസിന്റെയും ഇസ്രയേലിന്റെ ആക്രമണങ്ങൾക്കു മറുപടിയായി പശ്ചിമേഷ്യയിലുടനീളം ഇറാൻ മിസൈൽ ആക്രമണം തുടരുന്നതിനിടെ അസംസ്കൃത എണ്ണവില വർധിച്ചു. ഇതോടെ ഓയിൽ മാർക്കറ്റിംഗ് കന്പനികൾ, പെയിന്റ്, ടയർ നിർമാതാക്കൾ, വിമാനക്കന്പനികൾ, കെമിക്കൽ നിർമാതാക്കൾ എന്നിവരുടെ ഓഹരികൾ ഇടിഞ്ഞു.
ഐസിഇ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ മേയ് ഫ്യൂച്ചറുകൾ ഇന്നലെ ബാരലിന് 82.37 ഡോളർ എന്ന ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ മേയ് ഫ്യൂച്ചറുകൾ 8 % വർധിച്ച് ബാരലിന് 78.71 ഡോളർ എന്ന നിലയിലായിരുന്നു.
വിപണികളിലുണ്ടായ അനിശ്ചിതത്വം കാരണം ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 82.40 ഡോളറിലെത്തി; ഇത് കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ 20 ശതമാനവും ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40 ശതമാനത്തിലധികവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടഞ്ഞതായി ഇറാൻ അറിയിച്ചു. ഇതോടെ എണ്ണശേഖരം വിലയിരുത്താൻ സർക്കാരുകളും റിഫൈനറികളും നിർബന്ധിതരായിരിക്കുകയാണ്.
രൂപയുടെ ഇടിവ്: പശ്ചിമേഷ്യയിൽ യുദ്ധം നീണ്ടുനിൽക്കാനുള്ള സാധ്യത വർധിച്ചതോടെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുകയും ഗവണ്മെന്റ് ബോണ്ട് യീൽഡുകൾ വർധിക്കുകയും ചെയ്തു.
ഇന്നലെ ഡോളറിനെതിരേ രൂപ 42 പൈസ നഷ്ടത്തിൽ 91.50ലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. യുദ്ധസാഹചര്യം ക്രൂഡ് ഓയിൽ വില കുതിച്ചുയരാനും അമേരിക്കൻ കറൻസിയുടെ ആവശ്യം വർധിക്കാനും കാരണമായി.
ആഭ്യന്തര ഓഹരി വിപണിയിലെ വൻതോതിലുള്ള വില്പനയും വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നതും ഇന്ത്യൻ രൂപയുടെ മൂല്യത്തെ വീണ്ടും താഴേക്കു നയിച്ചതായി വിദേശനാണ്യ വിനിമയ വ്യാപാരികൾ പറഞ്ഞു.
വിദേശനിക്ഷേപകരുടെ പിൻവാങ്ങൽ: കഴിഞ്ഞ വെള്ളിയാഴ്ച വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് മൊത്തം 7536.4 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഈ വിറ്റഴിക്കൽ പ്രവണത ഇന്നലെയും തുടർന്നു. മാർച്ചിലെ ആദ്യ വ്യാപാരദിനമായ ഇന്നലെ 3295.64 കോടി രൂപയുടെ ഓഹരികളാണ് ഇവർ വിറ്റത്.
Business
മുംബൈ: ദുർബലമായ ആഗോള സൂചനകളുടെയും വിദേശ ഫണ്ടുകളുടെ വില്പനകളുടെയും ഫലമായി ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ ഒരു ശതമാനത്തിനു മുകളിൽ ഇടിഞ്ഞു.
സെൻസെക്സ് 961.42 പോയിന്റ് (1.17%) താഴ്ന്ന് 81,287.19ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സെൻസെക്സ് 1089 പോയിന്റോളം ഇടിഞ്ഞ് 81,159 പോയിന്റ് വരെയെത്തിയിരുന്നു. നിഫ്റ്റി 318 പോയിന്റ് (1.25%) നഷ്ടത്തിൽ 25,178 പോയിന്റിൽ ക്ലോസ് ചെയ്തു.
നിഫ്റ്റി മേഖലാ സൂചിക ഐടി (0.16%), മീഡിയ (0.60%), കണ്‍സ്യൂമർ ഡ്യൂറബിൾസ് (0.17%) ഒഴികെ മറ്റെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ ഒരു ശതമാനത്തിനു മുകളിൽ താഴ്ന്നു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തത്തിലുള്ള വിപണി മൂലധനം കഴിഞ്ഞ സെഷനിലെ 468.5 ലക്ഷം കോടി രൂപയിൽ നിന്ന് 463 ലക്ഷം കോടി രൂപയായി കുറഞ്ഞതോടെ നിക്ഷേപകർക്ക് അഞ്ചു ലക്ഷം കോടി രൂപയിലധികം നഷ്ടമുണ്ടായി.
ഇടിവിനുള്ള കാരണങ്ങൾ
Business
മുംബൈ: യുഎസ് ആർട്ടിഫിഷൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ ആന്ത്രോപിക്കിന്റെ പുതിയ പ്രഖ്യാപനം ലോകമെന്പാടുമുള്ള ഐടി ഓഹരികൾക്കു പ്രതി കൂലമായി. ഇത് വൻ തോതിൽ ഐടി ഓഹരികളുടെ വില്പനയിലേക്കു നയിച്ചതോടെ ഇന്ത്യൻ ഓഹരി സൂചികകളെ നഷ്ടത്തിലേക്കെത്തിച്ചു.
എഐ മൂലമുണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകൾ നിക്ഷേപകരെ സ്വാധീനിച്ചതോടെ ഇന്ത്യൻ ഐടി ഓഹരികൾ തുടർച്ചയായ അഞ്ചാം ദിനവും വില്പനയിലായിരുന്നു. ഉച്ചയോടെ അഞ്ചു ശതമാനത്തിനു മുകളിൽ ഇടിഞ്ഞ നിഫ്റ്റി ഐടി സൂചിക 4.74 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 1497 പോയിന്റ് താഴ്ന്ന് 30,053.50ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്റ്റി ഐടി സൂചികയിലെ പത്ത് ഓഹരികളും നഷ്ടത്തിലായിരുന്നു. എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, പെർസിസ്റ്റന്റ്, എൽടിഐ മൈൻഡ്ട്രീ, കോഫോർഗ് എന്നിവയുടെ ഓഹരികൾ ആറു ശതമാനത്തിനു മുകളിൽ താഴ്ന്നു. ഇൻഫോസിസ്, ടിസിഎസ്, ഒറാക്കിൾ ഫിൻ സെർവ്, എംഫാസിസ്, വിപ്രോ എന്നിവയുടെ ഓഹരികൾ മൂന്നു ശതമാനത്തിനു മുകളിൽ ഇടിഞ്ഞു.
സെൻസെക്സ് 1069 പോയിന്റ് (1.28%) താഴ്ന്ന് 82,226ലും നിഫ്റ്റി 288.35 പോയിന്റ് (1.12%) നഷ്ടത്തിൽ 25,425ലും വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സെൻസെക്സ് 1360 പോയിന്റും (1.63%) നിഫ്റ്റി 385 പോയിന്റും (1.50%) ഇടിവ് നേരിട്ടിരുന്നു.
വിപണിയുടെ ഇടിവിനുള്ള പ്രധാന കാരണങ്ങൾ
1. ഐടിയിലെ വില്പന: എഐ മൂലമുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായതോടെ ഇന്ത്യൻ ഐടി ഓഹരികളിൽ വലിയ തോതിൽ വില്പന നടന്നു. പരന്പരാഗത സോഫ്റ്റ്വേർ സംവിധാനങ്ങൾ ആധുനികവത്കരിക്കുന്നതിനായുള്ള ചെലവും സങ്കീർണതയും കുറയ്ക്കാൻ തങ്ങളുടെ ക്ലോഡ് കോഡ് ടൂളുകൾക്ക് കഴിയുമെന്ന ആന്ത്രോപിക്കിന്റെ അവകാശവാദം നിക്ഷേപകരിൽ പുതിയ ഭീതിക്കു കാരണമായി. ഐടി കന്പനികളുടെ പ്രധാന വരുമാന സ്രോതസായ സേവനങ്ങളെ എഐ ലളിതമാക്കുന്നതോടെ കന്പനികളുടെ ലാഭക്ഷമത കുറയുമെന്ന ഭീതി നിക്ഷേപകരിൽ ഉടലെടുത്തു.
2. ആഗോള സൂചനകളും ട്രംപിന്റെ പുതിയ ഭീഷണിയും: യുഎസ് ഓഹരിവിപണികൾ തിങ്കളാഴ്ച രണ്ടു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയപ്പോൾ ഏഷ്യൻ വിപണികൾ വലിയ മാറ്റമില്ലാതെ തുടർന്നു. ലോകരാജ്യങ്ങൾക്കെതിരേ ഐഇഇപിഎ നിയമപ്രകാരം ചുമത്തിയ അധിക ഇറക്കുമതി തീരുവ യുഎസ് സുപ്രീംകോടതി റദ്ദാക്കിയതിനെ തുടർന്ന് പുതിയതായി ചർച്ച ചെയ്ത് ഉറപ്പിച്ച വ്യാപാര കരാറുകളിൽനിന്ന് പിന്മാറരുതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നല്കി. വ്യാപാര മേഖലയിൽ തങ്ങളുമായി വിലപേശലിനു തുനിയുന്ന രാജ്യങ്ങൾക്കെതിരേ മറ്റ് വ്യാപാര നിയമങ്ങൾ ഉപയോഗിച്ച് കൂടുതൽ ഉയർന്ന നിരക്കിലുള്ള തീരുവ ചുമത്തുമെന്ന് ട്രംപ് സമൂഹമാധ്യമത്തിലൂടെ മുന്നറിയിപ്പ് നൽകി. ഇത് വിപണിയിൽ പ്രതികൂലമായി ബാധിച്ചു.
3. മന്ത്ലി എക്സ്പയറി: എൻഎസ്ഇയിൽ മാസ കാലയളവിലുള്ള ഡെറിവേറ്റീവ് കോണ്‍ട്രാക്ടുകളുടെ എക്സ്പയറി ദിനം ചൊവാഴ്ചയാണ്. എക്സ്പയറി ദിനത്തിൽ ചാഞ്ചാട്ടം സ്വാഭാവികമാണ്. എക്സപയറി ദിനങ്ങളിൽ ട്രേഡർമാർ കൈവശമിരിക്കുന്ന പൊസിഷൻ ഒഴിവാക്കുന്നതും പുതിയതിലേക്കുള്ള റോളോവർ നടപടികളിലേക്കു കടക്കുന്നതും വിപണിയിൽ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് ഇടയാക്കാറുണ്ട്. വിപണി തുടക്കത്തിൽതന്നെ ദുർബലമായിരുന്നതിനാൽ എക്സ്പയറി ദിനത്തിലെ ചാഞ്ചാട്ടം ആഘാതം വർധിപ്പിച്ചു.
4. രൂപയുടെ മൂല്യം ഇടിഞ്ഞു: യുഎസ് ഡോളറിനെതിരേയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഇന്നലെ വ്യാപാരത്തിൽ ഇടിവ് രേഖപ്പെടുത്തി. രൂപയ്ക്കെതിരേ ഡോളർ ശക്തിപ്പെടുന്ന സാഹചര്യം വിദേശ നിക്ഷേപകരെ ആഭ്യന്തര വിപണിയിൽ നിന്നും പിൻവലിയാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്.
5. അസംസ്കൃത എണ്ണ വില ഉയർന്നു: യുഎസ് - ഇറാൻ സംഘർഷ ഭീതി നിലനിൽക്കുന്നതിനാൽ അസംസ്കൃത എണ്ണ വില ഉയർന്നു. ആണവ പദ്ധതികൾ നിർത്തിവയ്ക്കുന്നത് സംബന്ധിച്ച് ഇറാനും യുഎസും തമ്മിൽ വരുന്ന വ്യാഴാഴ്ച ജനീവയിൽ വച്ച് നടക്കാനിരിക്കുന്ന ചർച്ച ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ചർച്ച അലസിപ്പിരിഞ്ഞാൽ ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുള്ളതിന്റെ പിരിമുറുക്കം വിപണിയിൽ അനുഭവപ്പെടുന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ഒരു ശതമാനം ഉയർന്ന് ബാരലിന് 72.13 ഡോളറിലെത്തി.
Business
മുംബൈ: വിവിധ രാജ്യങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ ഇറക്കുമതി തീരുവ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീംകോടതിയുടെ പ്രഖ്യാപനത്തെത്തുടർന്ന് ഇന്ത്യൻ ഓഹരിവിപണിയിൽ നേട്ടം.
എന്നാൽ, ആർട്ടിഫിഷൽ ഇന്റലിജൻസ് സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഐടി ഓഹരികളെ സമ്മർദത്തിലാക്കിയത് വിപണിയിലെ കൂടുതൽ മുന്നേറ്റത്തെ തടഞ്ഞു.
ബിഎസ്ഇ സെൻസെക്സ് 480 പോയിന്റ് (0.58%) ഉയർന്ന് 83,295ലും എൻഎസ്ഇ നിഫ്റ്റി 142 പോയിന്റ് (0.55%) നേട്ടത്തിൽ 25,713ലും വ്യാപാരം പൂർത്തിയാക്കി.
നിഫ്റ്റിയിലെ 16 മേഖലാ സൂചികകളിൽ 13 എണ്ണം നേട്ടത്തിലായിരുന്നു. ഐടി സൂചിക 1.42 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
ടെക്സ്റ്റൈൽ ഓഹരികൾക്കു നേട്ടം
ട്രംപിന്റെ തീരുവ നയങ്ങൾ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതിയിൽ നിന്ന് വിധി വന്നതോടെ ഇന്ത്യൻ വസ്ത്ര വ്യാപാര മേഖലയിൽ ആവേശം.
Business
മുംബൈ: വ്യാപാരത്തിന്റെ തുടക്കത്തിലെ നേട്ടങ്ങൾ കൈവിട്ട സെൻസെക്സും നിഫ്റ്റിയും കനത്ത നഷ്ടത്തിൽ ഇന്നലെ ക്ലോസ് ചെയ്തു. വിപണിയിലുണ്ടായ കനത്ത വില്പനയാണ് പ്രധാന സൂചികകളെ ബാധിച്ചത്. സെൻസെക്സ് 1200 പോയിന്റിലധികം ഇടിഞ്ഞു; നിഫ്റ്റി പല സപ്പോർട്ട് ലെവലുകളും തകർത്ത് 25,450ന് അരികിലായി ക്ലോസ് ചെയ്തു.
സെൻസെക്സ് 1236 പോയിന്റ് (1.48%) താഴ്ന്ന് 82,498ലും നിഫ്റ്റി 365 പോയിന്റ് (1.41%) നഷ്ടത്തിൽ 25,454ലും വ്യാപാരം പൂർത്തിയാക്കി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂല്യം കഴിഞ്ഞ സെഷനിലെ 472 ലക്ഷം കോടി രൂപയിൽനിന്ന് 464 ലക്ഷം കോടി രൂപയായി കുറഞ്ഞു. അതായത് നിക്ഷേപകർക്ക് എട്ട് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇന്നലെയുണ്ടായത്.
നിഫ്റ്റി 50ൽ മൂന്ന് ഓഹരികൾ മാത്രം നേട്ടമുണ്ടാക്കിയപ്പോൾ ബാക്കിയുള്ള 47 ഓഹരികളും നഷ്ടത്തിലായിരുന്നു. നിഫ്റ്റി മേഖലാ സൂചികകൾ ഒന്നടങ്കം ചുവപ്പിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
നിഫ്റ്റി ഐടി നഷ്ടത്തിലാണ് (1.07%) ക്ലോസ് ചെയ്ത്. എന്നാൽ, വ്യാപാരത്തിന്റെ തുടക്കത്തിൽ ടെക് ഓഹരികൾ നേട്ടത്തിലായിരുന്നു. ടെക് കന്പനികളിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉണ്ടാക്കിയേക്കാവുന്ന ആഘാതത്തെക്കുറിച്ചുള്ള ആശങ്കകൾ ഒഴിഞ്ഞതിനെത്തുടർന്ന് യുഎസ് ടെക് ഓഹരികൾ നേട്ടമുണ്ടാക്കി. ഇത് ഇന്ത്യൻ ഐടി ഓഹരികളിലും സ്വാധീനിച്ചു. പ്രമുഖ ഇന്ത്യൻ ഐടി കന്പനികളായ ഇൻഫോസിസ് (0.52%), വിപ്രോ (0.58%), ടിസിഎസ് (0.74%), എച്ച്സിഎൽ ടെക് (1.02%) എന്നിങ്ങനെയായിരുന്നു പ്രകടനം.
ഓട്ടോ, മീഡിയ, റിയൽറ്റി എന്നിവ രണ്ടു ശതമാനത്തിനു മുകളിൽ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബാങ്കിംഗ്, ഫിനാൻസ് ഓഹരികൾ ഒരു ശതമാനത്തിനു മുകളിലാണ് നഷ്ടമുണ്ടായത്.
വിപണിയിലെ പ്രതീക്ഷിത ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് സൂചിക 10 ശതമാനം വർധിച്ചു.
ഇന്നലെത്തെ ഇടിവിനു കാരണങ്ങൾ
1. ലാഭമെടുപ്പ്: തുടർച്ചയായ മൂന്നു ദിവസം വിപണികൾ നേട്ടത്തിലായിരുന്നതിനാൽ നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നു. ഇത് കനത്ത തോതിൽ വില്പനയ്ക്കു നിക്ഷേപകരെ പ്രേരിപ്പിച്ചു. കഴിഞ്ഞ മൂന്നു സെഷനുകളിൽ സെൻസെക്സും നിഫ്റ്റിയും ഏകദേശം 1.4 ശതമാനം നേട്ടം കൈവരിച്ചിരുന്നു.
2. അസംസ്കൃത എണ്ണ വിലക്കയറ്റം: പശ്ചിമേഷ്യയിൽ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഎസുമായി തുടരുന്ന അഭിപ്രായ ഭിന്നത വഷളാകുമെന്ന ലക്ഷണങ്ങൾ പ്രകടമായതോടെ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില വർധിക്കുന്നതിന് കാരണമായി. ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 70 ഡോളറിനു മുകളിലേക്ക് എത്തിച്ചേർന്നു. കഴിഞ്ഞ സെഷനേക്കാൾ നാലു ശതമാനം വർധനയാണിത്. ക്രൂഡോയിൽ ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതിയിലൂടെ കണ്ടെത്തുന്ന ഇന്ത്യയെ സംബന്ധിച്ച് വിലക്കയറ്റം തിരിച്ചടിയാണ്. പണപ്പെരുപ്പം ഉയരുന്നതിന് കളമൊരുക്കുന്ന സ്ഥിതിയാണത്.
3. അന്താരാഷ്ട്ര സംഘർഷങ്ങൾ :ആഗോള സൂചനകളും നിക്ഷേപകരിൽ സമ്മർദം വർധിപ്പിക്കുന്നു. ഇറാനെതിരേ യുഎസ് സൈനിക നടപടികളിലേക്കു കടന്നേക്കുമോയെന്ന ആശങ്ക നിക്ഷേപകരെ ജാഗരൂകരാക്കി.
4. യുഎസ് ഫെഡ് തീരുമാനങ്ങൾ: പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് യുഎസ് ഫെഡറൽ റിസർവിൽനിന്നുണ്ടായ അനിശ്ചിതത്വം നിക്ഷേപകരെ സ്വാധീനിച്ചു.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ ജനുവരിയിൽ ചേർന്ന എഫ്ഒഎംസി യോഗത്തിന്റെ മിനിറ്റ്സ് കഴിഞ്ഞ ദിവസം പുറത്തുവന്നു.
ഇതിൽ ഭാവിയിൽ പലിശ നിരക്ക് കുറയ്ക്കുന്നതു സംബന്ധിച്ച് ഫെഡ് ഗവണർമാർക്കിടയിൽ അഭപ്രായ വ്യത്യാസമുണ്ടെന്ന് വ്യക്തമായി. പണപ്പെരുപ്പം കുറയുകയാണെങ്കിൽ പലിശ നിരക്കുകളിൽ ഇളവു വരുത്താൻ ചിലർ താത്പര്യം പ്രകടിപ്പിക്കുന്പോൾ വിലക്കയറ്റം തുടരുകയാണെങ്കിൽ നയം കർശനമാക്കണമെന്ന് ഒരു കൂട്ടർ അഭിപ്രായപ്പെട്ടു.
പലിശ നിരക്ക് കുറയ്ക്കുന്നതിൽ കാലതാമസമുണ്ടാകുന്നതോ അല്ലെങ്കിൽ നിരക്ക് വീണ്ടും വർധിപ്പിക്കുന്നതോ ഡോളറിനെ കരുത്തുറ്റതാക്കും. ഇത് ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിനെ ബാധിക്കും. കഴിഞ്ഞ ഏഴു മാസം തുടർച്ചയായി വില്പന നടത്തിയ ശേഷം ഫെബ്രുവരിയിലാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ സജീവമായി തുടങ്ങിയത്.
Business
മുംബൈ: ഫെബ്രുവരിയിൽ ഇതുവരെയായി ഇന്ത്യൻ ഐടി ഓഹരികളിൽ നേരിട്ട കുത്തനെയുള്ള ഇടിവ് മ്യൂച്വൽ ഫണ്ടുകളുടെ പോർട്ട്ഫോളിയോയെയും ബാധിച്ചുതുടങ്ങി. ഈ തകർച്ചയ്ക്കു പിന്നിൽ അതിവേഗത്തിൽ വളരുന്ന ആർട്ടിഫിഷൽ ഇന്റലിജൻസിലുണ്ടായ മുന്നേറ്റമാണ്.
ഇന്ത്യയിലെ സോഫ്റ്റ്വേർ കയറ്റുമതിക്കാരുടെ പ്രധാന വരുമാന സ്രോതസായ പരന്പരാഗത ഐടി സേവനങ്ങളുടെ രീതിതന്നെ മാറ്റാൻ എഐക്കു കഴിയുമെന്ന ആശങ്ക ശക്തമാണ്. സാധാരണയായി ലാഭവിഹിതത്തിലുണ്ടായ കുറവ് മൂലം സംഭവിക്കുന്ന പിൻവാങ്ങലുകളിൽനിന്ന് വ്യത്യസ്തമായി ബിനിനസ് മോഡലുകൾ എങ്ങനെ മാറുമെന്ന ആഴത്തിലുള്ള ചോദ്യങ്ങളാണ് ഈ ഘട്ടം ഉയർത്തുന്നത്.
മൂല്യത്തിൽ 50,000 കോടിയിലേറെ രൂപയുടെ ഇടിവ്
എയ്സ് ഇക്വിറ്റീസ് പുറത്തുവിട്ട റിസർച്ച് റിപ്പോർട്ടിലാണ് ഈ സൂചന. ജനുവരി അവസാനം മുൻനിരയിലുള്ള 10 ഐടി ഓഹരികളിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾക്ക് ഉണ്ടായിരുന്ന മൊത്തം നിക്ഷേപം 3.56 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ ഫെബ്രുവരി 13-ലെ ക്ലോസിങ് വിലയുടെ അടിസ്ഥാനത്തിൽ ഇതേ ഓഹരികളിലെ മ്യൂച്വൽ ഫണ്ടുകളുടെ മൊത്തം നിക്ഷേപമൂല്യം 3.04 ലക്ഷം കോടി രൂപയായി താഴ്ന്നു. അതായത്, കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ മ്യൂച്വൽ ഫണ്ടുകളുടെ കൈവശമുള്ള 10 മുൻനിര ഐടി ഓഹരികളിലെ നിക്ഷേപമൂല്യത്തിൽ 52,000 കോടി രൂപയുടെ കുറവാണ് ഈ ചുരുങ്ങിയ കാലയളവിൽ സംഭവിച്ചത്.
ഒറ്റയാഴ്ചയ്ക്കുള്ളിൽ തന്നെ ടെക് ഫണ്ടുകളുടെ ആദായം ആറു ശതമാനം ഇടിഞ്ഞു. ഒരു മാസത്തെ കണക്കെടുത്താൽ ഇത് 12 ശതമാനം താഴ്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഐടി ഓഹരികളുടെ പ്രകടനം
ഇന്ത്യൻ ഐടി മേഖലയിലെ പ്രമുഖരായ ഇൻഫോസിസ്, ടാറ്റ കണ്‍സൾട്ടൻസി സർവീസസ്, എച്ച്സിഎൽ എന്നിവയുടെ ഓഹരികളിൽ രണ്ടക്കത്തിന്റെ ഇടിവുണ്ടായി. ഇത് നിഫ്റ്റി ഐടി സൂചികയെ ഏകദേശം 14 ശതമാനത്തോളം ഇടിവുയാകാൻ കാരണമായി.
മ്യൂച്വൽ ഫണ്ടുകൾക്ക് ഏറ്റവുമധികം നിക്ഷേപമുള്ള ഇൻഫോസിസ് ഓഹരി ഫെബ്രുവരിയിൽ ഇതുവരെയായി 16.6 ശതമാനം ഇടിവ് കുറിച്ചു. ടിസിഎസ് ഓഹരിയിൽ 13.8 ശതമാനവും എച്ച്സിഎൽ ടെക്നോളജി ഓഹരി വില 14.2 ശതമാനവും ടെക് മഹീന്ദ്ര ഓഹരിയിൽ 12 ശതമാനവുമാണ് ഈമാസം ഇതുവരെയുള്ള കാലയളവിൽ തകർച്ച നേരിട്ടത്.
മ്യൂച്വൽ ഫണ്ടുകൾക്ക് കൂടുതൽ നിക്ഷേപമുള്ള കന്പനിയാണ് ഇൻഫോസിസ്. തൊട്ടുപിന്നാലെ ടിസിഎസ്, എച്ച്സിഎൽ ടെക്നോളജീസുമാണ്.ഇൻഫോസിസിലെ മ്യൂച്ചൽ ഫണ്ട് നിക്ഷേപമൂല്യം ജനുവരിയിൽ 1.37 ലക്ഷം കോടി രൂപയിൽ നിന്നു ഫെബ്രുവരി 13 വരെ 1.14 ലക്ഷം കോടിയായി താഴ്ന്നു. ടിസിഎസ് ഓഹരിയിലുള്ള മൊത്തം നിക്ഷേപമൂല്യം 62,270 കോടിയിൽ നിന്നും 53,663 കോടിയായും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ കുറവ് രേഖപ്പെടുത്തി. എച്ച്സിഎൽ ടെക്നോളജീസ് ഓാഹരിയിൽ 5,803 കോടിയും ടെക് മഹീന്ദ്ര ഓഹരിയിൽ 3,917 കോടിയും കൊഫോർജ് ഓഹരിയിലുള്ള മൊത്തം നിക്ഷേപമൂല്യത്തിൽ 3,673 കോടിയും ഫെബ്രുവരി 13 വരെയായി കുറഞ്ഞു.
ഇടിവ് എന്തുകൊണ്ട് ?
യുഎസ് ആർട്ടിഫിഷൽ ഇന്റലിജൻസ് കന്പനിയായ ആന്ത്രോപിക് പുറത്തിറക്കിയ ഏജന്റിക് എഐ പ്ലാറ്റ്ഫോം ക്ലോഡ് കോവർക്കിനു വേണ്ടി ഈ മാസം ആദ്യം ലഭ്യമാക്കിയ ഓപ്പണ്‍-സോഴ്സ് പ്ലഗ് ഇനുകളുടെ മികവ് വെളിപ്പെട്ടതോടെയാണ് പരന്പരാഗത ഐടി വ്യവസായ മേഖലയുടെ നിലനിൽപ്പിനെ സംബന്ധിച്ച ആശങ്കയുയർന്നത്. പുതിയ പ്ലഗ്ഇനുകൾ വഴി ക്ലോഡിന് കന്പനികളിലെ ഫിനാൻസ്, ലീഗൽ, മാർക്കറ്റിംഗ് തുടങ്ങിയ വകുപ്പുകളിലെ ജോലികൾ നേരിട്ട് ചെയ്യാൻ സാധിക്കും.
സാധാരണയായി ഇന്ത്യൻ ഐടി കന്പനികൾ ആയിരക്കണക്കിനു ജീവനക്കാരെ ഉപയോഗിച്ചു ചെയ്യുന്ന ജോലികൾ ഇനി എഐ കുറഞ്ഞ ചെലവിൽ ചെയ്യും. ഇത് ഐടി കന്പനികളുടെ വരുമാനത്തെ ബാധിക്കുമെന്ന ഭീതിയാണ് ഓഹരിവിപണിയിലെ തകർച്ചയ്ക്കു കാരണം.
Business
മുംബൈ: വ്യാപാരവാരത്തിന്റെ അവസാനദിനമായ ഇന്നലെ ഓഹരിവിപണികൾ കൂപ്പുകുത്തി. ദുർബലമായ ആഗോള സൂചനകളെയും ഐടി മേഖലയിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് മൂലമുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കയും കാരണം ഐടി ഓഹരികളിലുണ്ടായ കനത്ത വില്പനകളെയും തുടർന്ന് സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലധികം താഴ്ന്നു.
സെൻസെക്സ് 1048.16 പോയിന്റ് (1.25%) താഴ്ന്ന് 82,627ലും നിഫ്റ്റി 336.10 പോയിന്റ് (1.30%) നഷ്ടത്തിൽ 25,471.10ലും വ്യാപാരം പൂർത്തിയാക്കി.
16 പ്രധാന മേഖല സൂചികകളും നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി മെറ്റൽ മൂന്നു ശതമാനത്തിലധികം താഴ്ന്നു. ഹിൻഡാൽകോയുടെ പാദവാർഷിക ലാഭത്തിലുണ്ടായ ഇടിവാണ് മെറ്റൽ സൂചികകളെ ബാധിച്ചത്. ഹിൻഡാൽകോയുടെ 2026 സാന്പത്തികവർഷം മൂന്നാം പാദത്തിൽ അറ്റാദായം 45 ശതമാനം കുറഞ്ഞ് 2049 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 3735 കോടി രൂപയായിരുന്നു. ഹിൻഡാൽകോയുടെ യുഎസിലുള്ള ഉപകന്പനിയായ നോവലിസിന്റെ ഒസ് വെഗോയിലുള്ള പ്ലാന്റിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിലും നവംബറിലുമുണ്ടായ രണ്ടു വലിയ തീപിടിത്തത്തെത്തുടർന്നുണ്ടായ നഷ്ടങ്ങളാണ് കന്പനിലുടെ ലാഭത്തിൽ വലിയ ഇടിവുണ്ടാക്കിയത്. ഈ തീപിടിത്തങ്ങൾ ഉത്പാദനത്തെ ബാധിച്ചു. ഇത് ഏകദേശം 2610 കോടി രൂപയുടെ അധിക ബാധ്യത വരുത്തിവച്ചു. പ്ലാന്റിലെ തകരാർ മൂലം അടുത്ത കുറച്ച് കാലയളവിൽ കന്പനിയുടെ പണമൊഴുക്കിൽ 1.3 ബില്യണ്‍ മുതൽ 1.6 ബില്യണ്‍ ഡോളർ വരെ കുറവുണ്ടാകുമെന്ന് ഹിൻഡാൽകോ അറിയിച്ചു. ഹിൻഡാൽകോ ഓഹരി ഇന്നലെ ആറു ശതമാനത്തിലധികമാണ് താഴ്ന്നത്.
ഐടി (1.44%), എഫ്എംസിജി (1.90%), റിയൽറ്റി (2.23%), കണ്‍സ്യൂമർ ഡ്യൂറബിൾസ് (1.29%), ഓയിൽ ആൻഡ് ഗ്യാസ് (1.88%), പ്രൈവറ്റ് ബാങ്ക് (1.02%), ഫിനാൻഷൽ സർവീസസ് (1.18%) എന്നിങ്ങനെയായിരുന്നു താഴ്ച.
ഇടിവിനു കാരണങ്ങൾ
ഐടിയിലുണ്ടായ വില്പന: ഐടി സൂചികകൾ തുടർച്ചയായ മൂന്നാം സെഷനിലും ഇടിഞ്ഞു. ഐടി അധിഷ്ഠിത ഓട്ടോമേഷൻ മേഖലയിലെ തൊഴിൽ കേന്ദ്രീകൃതമായ ബിനിനസ് മോഡലിനെ ബാധിക്കുമെന്ന ഭീതി നിക്ഷേപകരിലുണ്ടായി. ഇത് കൂടുതൽ വിറ്റഴിക്കലിന് നിക്ഷേപകരെ പ്രേരിപ്പിച്ചു. വ്യാഴാഴ്ച 5.5 ശതമാനമാണ് ഐടി ഓഹരികൾ താഴ്ന്നത്.
ഐടി സൂചിക ഈ ആഴ്ച 11.4 ശതമാനത്തോളം താഴ്ന്നു. 2026ൽ ഇതുവരെ 16.6 ശതമാനം നഷ്ടമാണ് സൂചിക രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ വർഷം മുഴുവൻ ഉണ്ടായ 12.6 ശതമാനം ഇടിവിനേക്കാൾ കൂടുതലാണ്.
ദുർബലമായ ആഗോള സൂചനകൾ: ഏഷ്യൻ വിപണിയിൽ ഹോങ്കോംഗിന്റെ ഹാങ്സെങ്, ജപ്പാന്റെ നിക്കീ, ഷാങ്ഹായ് എസ്എസ്ഇ കോംപോസിറ്റ് എന്നിവ താഴ്ന്നാണ് വ്യാപാരം പൂർത്തിയാക്കിയത്.
പണപ്പെരുപ്പ കണക്കുകൾ പുറത്തുവരുന്നതിനു മുന്നോടിയായി യുഎസിലെ നാസ്ദാക് കോംപോസിറ്റ് വ്യാഴാഴ്ച രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു. ജനുവരിയിലെ തൊഴിൽ കണക്കുകൾ പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു. ഇത് ഉടൻതന്നെ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്കു മങ്ങലേൽപ്പിച്ചു. എസ് ആൻഡ് പി, ഡൗ ജോണ്‍സ് ഇൻഡസ്ട്രിയൽ ആവറേജ് എന്നിവയും ഇടിഞ്ഞു.
ചാഞ്ചാട്ട സൂചിക ഉയർന്നു: ഇന്ത്യൻ വിപണിയിൽ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് 13 ശതമാനത്തിനു മുകളിൽ ഉയർന്ന് 13.29ലെത്തി.
Business
മുംബൈ: ഇന്ത്യയും യുഎസും വ്യാപാരക്കരാറിൽ ഒപ്പവയ്ക്കാൻ ധാരണയായതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ കുതിച്ചു. കരാറായതോടെ യുഎസിലേക്കുള്ള ഇന്ത്യൻ ഇറക്കുമതിക്കുമേലുള്ള പകരം തീരുവ 25 ശതമാനത്തിൽനിന്ന്് 18 ശതമാനമായി കുറച്ചു.
25 ശതമാനം പകരം തീരുവയ്ക്കു പുറമെ റഷ്യൻ എണ്ണ വാങ്ങുന്നതിനു യുഎസ് ചുമത്തിയ അധിക തീരുവയും ചേർത്ത് ആകെ 50 ശതമാനം തീരുവയാണ് ഓഗസ്റ്റിൽ ഇന്ത്യക്കുമേൽ ചുമത്തിയിരുന്നത്. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തും. പകരം, കൂടുതൽ എണ്ണ യുഎസിൽനിന്നും വെനസ്വേലയിൽനിന്നും വാങ്ങും. ഇതോടെ ഇന്ത്യക്കുമേലുള്ള പിഴ തീരുവ പൂർണമായും ഇല്ലാതായി.
തലേ ദിവസം വിപണിയിലുണ്ടായ മുന്നേറ്റത്തിന്റെ ചുവടു പിടിച്ച് സെൻസെക്സ് വൻ മുന്നേറ്റമാണ് തുടക്കത്തിൽ നടത്തിയത്. തുടക്കത്തിൽ 4205.27 പോയിന്റ് (5.14%) ഉയർന്ന് ദിവസത്തെ ഉയർന്ന നിരക്കായ 85,871.73 പോയിന്റിൽ എത്തി. അവസാനം 2072.67 പോയിന്റ് (2.54%) നേട്ടത്തിൽ 83,739.13ൽ വ്യാപാരം പൂർത്തിയാക്കി.
നിഫ്റ്റി 50ലും കുതിപ്പ് ദൃശ്യമായി. 639.15 പോയിന്റ് (2.55%) മുന്നേറിയ നിഫ്റ്റി 25,727.55ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ 1252.8 പോയിന്റ് (4.99%) ഉയർന്ന് ദിവസത്തെ ഉയർന്ന നിരക്കായ 26,341,20ലെത്തി.
നിഫ്റ്റിയിലെ പ്രധാന 16 മേഖലാ സൂചികകളും പോസിറ്റീവായിട്ടാണ് ക്ലോസ് ചെയ്തത്. നിക്ഷേപകർക്കിടെ വാങ്ങൽ താത്പര്യമുയർന്നതോടെ നിഫ്റ്റി സ്മോൾകാപ് 100, മിഡ്കാപ് 100 എന്നിവയും വൻ മുന്നേറ്റമാണു നടത്തിയത്. അസംസ്കൃത എണ്ണ വിലയിലുണ്ടായ കുറവും വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷകളും നിക്ഷേപകരിൽ ആത്മവിശ്വാസമുയർത്തി. ഫെബ്രുവരിയിലെ ആദ്യ രണ്ടു ദിവസം വില്പനക്കാരായിരുന്ന വിദേശ നിക്ഷേപകർ ഇന്നലെ 5426 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.
ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ ഏറ്റവും കൂടുതൽ ഗുണഭോക്താക്കളായ ഇന്ത്യൻ ഐടി കന്പനികളുടെ ഓഹരികൾ വാങ്ങാൻ നിക്ഷേപകർക്കിടെയുണ്ടായ താത്പര്യം നിഫ്റ്റി ഐടി സൂചികകളിൽ വൻ മുന്നേറ്റമാണ് വ്യാപാരത്തിലുടനീളമുണ്ടാക്കിയത്. അഞ്ച് ശതമാനത്തിനു മുകളിൽ ഉയർന്ന സൂചിക 1.41 ശതമാനത്തിൽ ക്ലോസ് ചെയ്തു.
വിപണിയിലെ കുതിപ്പിനുള്ള കാരണങ്ങൾ
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ യാഥാർഥ്യമായെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയാണ് വിപണിയിലെ ഉണർവിനു കാരണമായത്. യുഎസിലേക്കുള്ള കയറ്റുമതിക്ക് ഏർപ്പെടുത്തിയ 50 ശതമാനം തീരുവ 18 ശതമാനമാക്കി.
ഏഷ്യയിലെ മറ്റ് കയറ്റുമതി എതിരാളികളേക്കാൾ മേൽക്കൈ ഇന്ത്യക്കു കരാറിലൂടെ നേടാനായി. പുതുക്കിയ 18 ശതമാനം തീരുവ ഏഷ്യയിലെ മറ്റ് രാജ്യങ്ങൾക്കുമേലുള്ള തീരുവയേക്കാൾ താഴെയോ ഒപ്പമോ ആണ്. ബംഗ്ലാദേശ്, ശ്രീലങ്ക, തായ്വാൻ, വിയറ്റ്നാം രാജ്യങ്ങൾക്കുമേൽ 20 ശതമാനം തീരുവയാണ്. പാക്കിസ്ഥാൻ, ഇന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ്, ഫിലിപ്പീൻസ്, കംബോഡിയ രാജ്യങ്ങൾക്ക് 19 ശതമാനമാണ് നിരക്ക്. ചൈനയ്ക്കുമേൽ 37 ശതമാനമാണ് തീരുവ.
ശക്തമായ ആഗോള സൂചനകൾ ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു. ഏഷ്യൻ വിപണികളിൽ ദക്ഷിണ കൊറിയയുടെ കോസ്പി ശക്തമായ തിരിച്ചുകയറി അഞ്ചു ശതമാനത്തിനു മുകളിൽ ഉയരുകയും ചെയ്തു. ജപ്പാന്റെ നിക്കീ, ഷാങ്ഹായി എസ്എസ്ഇ കോന്പോസിറ്റ്, ഹോങ്കോംഗിന്റെ ഹാങ്സെങ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്.ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവ് ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു.
National
മുംബൈ: അമേരിക്കയുമായുള്ള ചരിത്രപരമായ വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ സർവകാല റിക്കാർഡുകൾ ഭേദിച്ചു തിരിച്ചുകയറി ഇന്ത്യൻ ഓഹരിവിപണി. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചയുടൻ സെൻസെക്സ് 3,600 പോയിന്റിലധികം കുതിച്ച് 85,000 എന്ന നാഴികക്കല്ല് പിന്നിട്ടു. നിഫ്റ്റിയാകട്ടെ 1,200 പോയിന്റ് നേട്ടത്തോടെ 26,000ന് മുകളിലെത്തി. ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറയ്ക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമ്മതിച്ചതാണു വിപണിക്കു കരുത്തായത്.
തിങ്കളാഴ്ച 81,666-ൽ അവസാനിച്ച സൂചിക 3,600 പോയിന്റ് ഉയർന്ന് 85,300ന് മുകളിലെത്തി. നിഫ്റ്റി തിങ്കളാഴ്ചയിലെ 25,088ൽ നിന്ന് 1,200 പോയിന്റ് കുതിച്ച് 26,300 കടന്നു. ഡോളറിനെതിരേ രൂപയുടെ മൂല്യം 1.2 ശതമാനം വർധിച്ച് 90.40 എന്ന നിലയിലെത്തി.
റിയൽ എസ്റ്റേറ്റ് (4.47%), ഓട്ടോ (3.78%), കൺസ്യൂമർ ഡ്യൂറബിൾസ് (3.69%), ഐടി (3.04%) എന്നീ മേഖലകളിലാണ് ഏറ്റവും വലിയ മുന്നേറ്റം ദൃശ്യമായത്. കയറ്റുമതി കേന്ദ്രീകൃതമായ ഐടി മേഖലയ്ക്ക് അമേരിക്കൻ തീരുവ കുറച്ചതു വലിയ ആശ്വാസമായി.
ഞായറാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ഓഹരി ഇടപാടുകൾക്കുള്ള നികുതി വർധിപ്പിച്ചത് വിപണിയെ കനത്ത തകർച്ചയിലേക്ക് നയിച്ചിരുന്നു. എന്നാൽ, യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറും തുടർന്ന്, അമേരിക്കയുമായുള്ള കരാറും യാഥാർഥ്യമായതോടെ വിപണി ആ നഷ്ടങ്ങളെല്ലാം മറികടന്നു.
Business
മുംബൈ: കേന്ദ്ര ബജറ്റ് ദിനത്തിൽ കഴിഞ്ഞ ആറു വർഷത്തിനിടെയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചതിന്റെ പിറ്റേന്ന് സെൻസെക്സും നിഫ്റ്റിയും ശക്തമായ തിരിച്ചുവരവ് നടത്തി. ഓയിൽ ആൻഡ് ഗ്യാസ്, ബാങ്കിംഗ്, ഓട്ടോ ഓഹരികളിലുണ്ടായ വ്യാല്യു ബയിംഗിന്റെ കരുത്തിലാണ് ഓഹരിവിപണിയിൽ ഉണർവുണ്ടായത്.
ഞായറാഴ്ചത്തെ കേന്ദ്ര ബജറ്റിനോടനുബന്ധിച്ച് നടന്ന പ്രത്യേക വ്യാപാര സെഷനിലുണ്ടായ കനത്ത വില്പന സമ്മർദത്തെത്തുടർന്ന് ഇന്നലെ വിപണി നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് നഷ്ടങ്ങൾ നികത്തി വിപണി നേട്ടത്തിലേക്കു പ്രവേശിച്ചു.
സെൻസെക്സ് 943 പോയിന്റ് (1.17%) നേട്ടമുണ്ടാക്കി 81,666.46ൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ ഇത് 1009 പോയിന്റ് മുന്നേറി 81,732 പോയിന്റിൽ എത്തിയിരുന്നു. നിഫ്റ്റി 263 പോയിന്റ് (1.06%) ഉയർന്ന് 25,088.40ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സൂചിക 282.65 പോയിന്റ് മുന്നേറി 25,108.10ലെത്തിയിരുന്നു.
വിപണിയിൽ വ്യാപാരം കുത്തനെ കുറയ്ക്കും വിധം സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് കൂട്ടുകയാണെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപത്തിനു പിന്നാലെ പ്രധാന ഓഹരി സൂചികകൾ രണ്ടു ശതമാനത്തിനടുത്താണ് താഴ്ന്നത്.
നിഫ്റ്റിയിലെ വിശാല സൂചികകളായ നിഫ്റ്റി മിഡ്കാപ് 100, നിഫ്റ്റി സ്മോൾകാപ് 100 എന്നിവ യഥാക്രമം 0.96 ശതമാനവും 0.64 ശതമാനവും ഉയർന്നു.
വിപണിയുടെ തിരിച്ചുവരവിനു പിന്നിൽ
1. വാല്യു ബയിംഗ്: കഴിഞ്ഞ സെഷനിൽ വിപണിയിലുണ്ടായ വൻ ഇടിവിനു പിന്നാലെ നിക്ഷേപകർ വാല്യു ബയിംഗിലേക്കു കടന്നു. യഥാർഥ മൂല്യത്തേക്കാൾ കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഓഹരികൾ വാങ്ങിക്കൂട്ടുന്ന രീതിയാണ് വാല്യു ബയിംഗ്.
2. അസംസ്കൃത എണ്ണ വില കുറവ്: അസംസ്കൃത എണ്ണ വില നാലു ശതമാനത്തിനു മുകളിൽ കുറഞ്ഞ് ബാരലിന് 66.45 ഡോളറിലെത്തി. അസംസ്കൃത എണ്ണ വിലക്കുറവ് പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കാനും ഇന്ത്യയുടെ വ്യാപാര സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
3. ബജറ്റ് പ്രഖ്യാപനങ്ങൾ: ദീർഘകാല സാന്പത്തിക വളർച്ചയിൽ ഉൗന്നൽ നൽകിയുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. നിർമാണ മേഖലയ്ക്ക് ഉണർവ് നൽകുന്ന നടപടികൾ, ആഗോള ഡാറ്റ സെന്ററുകൾക്ക് ദീർഘകാല നികുതി ആനുകൂല്യങ്ങൾ, കൃഷി, ടൂറിസം മേഖലകൾക്കുള്ള പിന്തുണ എന്നിവ ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
4. രൂപയുടെ ഉയർച്ച: 2026-27ലെ കേന്ദ്ര ബജറ്റിനുശേഷമുള്ള വ്യാപാര ദിനത്തിൽ ഡോളറിനെതിരേ രൂപയുടെ മൂല്യം 42 പൈസ ഉയർന്ന് 91.51ൽ വ്യാപാരം പൂർത്തിയാക്കി. അസംസ്കൃത എണ്ണ വിലയിലുണ്ടായ കുറവാണ് രൂപയ്ക്കു കരുത്തായത്.
5. ലാർജ് കാപ് ഓഹരികളിലെ വാങ്ങൽ: ബ്ലൂചിപ്പ് ഓഹരികളിൽ ഉയർന്ന വാങ്ങലാണ് ഇന്നലെ ദൃശ്യമായത്. സൂചികയിലെ വന്പന്മാരായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി മൂന്നു ശതമാനത്തിനു മുകളിൽ ഉയർന്നു. ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ, അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോണ്‍, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയുടെ ഓഹരികളിൽ വലിയ വാങ്ങലുകളുണ്ടായി.
Business
മുംബൈ: ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്രവ്യാപാരക്കരാറിനെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളുടെയും കരുത്തുറ്റ ആഗോള സൂചനകളുടെയും പിൻബലത്തിൽ സെൻസെക്സും നിഫ്റ്റിയും ഉയർന്ന തലത്തിൽ വ്യാപാരം പൂർത്തിയാക്കി. ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ രണ്ടാം ദിനമാണ് ശക്തമായ മുന്നേറ്റം നടത്തുന്നത്.
സെൻസെക്സ് 487.20 പോയിന്റ് (0.60%) 82,344.68ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ 646.49 പോയിന്റ് ഉയർന്ന് 82503ൽ വരെയെത്തിയതാണ്. നിഫ്റ്റി 167.35 പോയിന്റ് മുന്നേറി (0.66%) 25,342.75ലും ക്ലോസ് ചെയ്തു.
സെൻസെക്സിലെ 30 മുൻനിര കന്പനികളിലൊന്നായ ഭാരത് ഇലക്ട്രോണിക്സിന്റെ മൂന്നാംപാദ സാന്പത്തിക ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഓഹരിവില ഒന്‍പത് ശതമാനത്തിനു മുകളിൽ കുതിച്ചുയർന്നു.
കന്പനിയുടെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 21 ശതമാനം വർധനയോടെ 1590 കോടി രൂപയിലെത്തി. വരുമാനം കഴിഞ്ഞ വർഷം ഇതേകാലയളവിനേക്കാൾ 24 ശതമാനം ഉയർന്ന് 7122 കോടി രൂപയിലെത്തി.
എഫ്ഐഐകളുടെ ഇന്ത്യ വിപണയിൽ നിന്നുള്ള പിന്മാറ്റം തുടരുകയാണ്. ചൊവ്വാഴ്ച 3068.49 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. അതേസമയം ഡൊമസ്റ്റിക് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് നിക്ഷേപം ഉയർത്തുകയും ചെയ്തു. ചൊവ്വാഴ്ച 8999.71 കോടി രൂപയുടെ നിക്ഷേപം നടത്തി. തുടർച്ചയായ 15 ദിവസത്തെ വിൽപ്പനയ്ക്കുശേഷം എഫ്ഐഐകൾ ഇന്ത്യൻ വിപണിയിലേക്ക് ഇന്നലെ നിക്ഷേപകരായെത്തി. 480.26 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.
വിപണിയുടെ ഉയർച്ചയ്ക്കു കാരണം
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാറിന്റെ പൂർത്തീകരണം നിക്ഷേപകരിൽ ആത്മവിശ്വാസമുണ്ടാക്കി. ഇയു രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനത്തിനും തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. പകരം ഇയുവിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 97 ശതമാനത്തിനും ഇന്ത്യ നികുതി ഇളവു നൽകും. ഏഷ്യൻ മാർക്കറ്റുകളിൽ ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കീ, ഷാങ്ഹായ് എസ്എസ്ഇ കോന്പോസിറ്റ്, ഹോങ്കോംഗിന്റെ ഹാംഗ്സെങ് സൂചികകൾ ഇന്നലെ ഉയർന്നാണ് ക്ലോസ് ചെയ്തത്.
വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ് താഴേക്കു പോയതും നേട്ടമായി. മുൻ സെഷനേക്കാൾ 6.44 ശതമാനം താഴ്ന്ന് 13.52 എന്ന നിലവാരത്തിലെത്തി.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ തുടരുന്ന പിന്മാറ്റവും ആഗോള വിപണിയിലെ അനിശ്ചിതത്വവും കാരണം യുഎസ് ഡോളറിനെതിരേ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ. ഇന്നലെ വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ 92 എന്ന മൂല്യത്തിലെത്തിയ രൂപ അവസാനം ചെറിയൊരു ഉയർച്ചയിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായ 91.88ൽ വ്യാപാരം പൂർത്തിയാക്കി.
തുടക്കത്തിലുണ്ടായ നേട്ടങ്ങൾ കൈവിട്ട രൂപ വ്യാപാരത്തിനിടെ 91.99 എന്ന നിരക്കിലേക്ക് താഴുകയും ചെയ്തതായി ഫോറെക്സ് വ്യാപാരികൾ പറഞ്ഞു. ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ തുടരുന്ന വിറ്റഴിക്കലും ആഭ്യന്തര ഓഹരി സൂചികകൾ വീണ്ടും നഷ്ടത്തിലാതും ഇന്നലെ രൂപയെ ബാധിച്ചു. കൂടാതെ അസംസ്കൃത എണ്ണവിലയിലുണ്ടായ വർധനയും യുഎസ് ട്രഷറി യീൽഡുകൾ വർധിക്കുന്നതും നിക്ഷേപകരെ ഡോളറിലേക്ക് ആകർഷിച്ചു.
2025ൽ 5 ശതമാനം ഇടിവാണ് രൂപ നേരിട്ടത്. ഈ ആഴ്ച 1.18 ശതമാനവും 2026 ജനുവരിയിൽ മാത്രം രൂപയുടെ മൂല്യത്തിൽ 2.3 ശതമാനത്തിന്റെ ഇടിവുണ്ടായി.
ഓഹരിവിപണിയിലെ നഷ്ടം
വ്യാഴാഴ്ച നേട്ടമുണ്ടാക്കിയ ഇന്ത്യൻ ഓഹരിവിപണി ഇന്നലെ വീണ്ടും കൂപ്പുകുത്തി. 30 ഓഹരികളുടെ സെൻസെക്സ് 779 പോയിന്റ് (0.94%) ഇടിഞ്ഞ് 81538ലും 50 ഓഹരികളുടെ നിഫ്റ്റി 241 പോയിന്റ് (0.95%) നഷ്ടത്തിൽ 25,049ലും വ്യാപാരം പൂർത്തിയാക്കി. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ തുടരുന്ന അനിശ്ചിതത്വവും വിദേശ നിക്ഷേപകരുടെ ഇന്ത്യൻ ഓഹരി വിറ്റഴിക്കലും വിപണിയുടെ പ്രകടനത്തെ സ്വാധീനിച്ചു.
ഇതിനെത്തുടർന്ന് ഈ ആഴ്ച നിഫ്റ്റി സൂചികയിൽ 2.5 ശതമാനം താഴ്ചയുണ്ടായി. കഴിഞ്ഞ നാലു മാസത്തിനിടെയിലെ ഏറ്റവും മോശം പ്രകടനമാണിത്. സെൻസെക്സിന് ഈ ആഴ്ച 2.4 ശതമാനത്തോളം ഇടിവുണ്ടായി.
നിക്ഷേപകരുടെ സന്പത്തിൽ ഇന്നലെ മാത്രം 6 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണിമൂല്യം 458.5 ലക്ഷം കോടി രൂപയിൽ നിന്ന് 452 ലക്ഷം കോടി രൂപയായി താഴ്ന്നു. ഈ ആഴ്ച ഏകദേശം 16 ലക്ഷം കോടി രൂപയുടെ വൻ ഇടിവാണ് കന്പനികളുടെ വിപണി മൂലധനത്തിലുണ്ടായിരിക്കുന്നത്. ജനുവരിയിൽ ഏകദേശം 350 കോടി ഡോളറിന്റെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്.
കൈക്കൂലി ആരോപണങ്ങളുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും ഗ്രൂപ്പ് എക്സിക്യൂട്ടിവ് സാഗർ അദാനിക്കുമെതിരേ സമൻസ് അയയ്ക്കാൻ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ കോടതിയോട് അനുമതി തേടിയ വാർത്തയും വിപണിക്കു പ്രതികൂലമായി. അദാനി ഗ്രൂപ്പ് കന്പനികളുടെ ഓഹരികൾ 3.4 ശതമാനം മുതൽ 14.5 ശതമാനം വരെ ഇടിഞ്ഞു.
Business
മുംബൈ: ഡോളറിനെതിരേ രൂപ സർവകാല റിക്കാർഡ് താഴ്ചയിൽ. ഇന്നലെ വ്യാപാരം പൂർത്തിയായപ്പോൾ ഡോളറിനെതിരേ രൂപ 76 പൈസ ഇടിഞ്ഞ് 91.73 എന്ന നിലയിലെത്തി. കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവാണ് ഇത്.
ആഗോള വിപണിയിലെ അനിശ്ചിതത്വവും ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയും നിക്ഷേപകരെ ആശങ്കയിലാക്കി. ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ലോഹ ഇറക്കുമതിക്കാർക്കിടയിൽ ഡോളറിനു ശക്തമായ ആവശ്യകത ഉണ്ടായതും രൂപയെ സമ്മർദത്തിലാക്കി.
ഗ്രീൻലാൻഡ് വിഷയത്തിൽ യുഎസും യൂറോപ്പുമായുള്ള ബന്ധത്തിലുണ്ടായ വിള്ളലും എട്ടു യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ ട്രംപ് ചുമത്തിയ അധിക തീരുവ വീണ്ടുമൊരു വ്യാപാര യുദ്ധത്തിനുള്ള സാധ്യതകളും വിപണിയിൽ സമ്മർദമുണ്ടാക്കി. കൂടാതെ ഇന്ത്യൻ ഓഹരി വിപണിയിലെ തുടർച്ചയായുള്ള തകർച്ചയും രൂപയുടെ ഇടിവിന് ആക്കംകൂട്ടിയെന്ന് വിനിമയ വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 91.05 എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീടിത് വ്യാപാരത്തിനിടെയിലെ എക്കാലത്തെയും താഴ്ന്ന നിലയായ 91.74ലെത്തി. അവസാനം മുൻ സെഷനിലെ ക്ലോസിംഗ് ലെവലിനേക്കാൾ 76 പൈസ നഷ്ടത്തിൽ വ്യാപാരം പൂർത്തിയാക്കി.
ഡിസംബർ 16ന് രേഖപ്പെടുത്തിയ 91.14 ആണ് വ്യാപാരത്തിനിടെയിലെ രൂപയുടെ ഇതിനുമുന്പുള്ള താഴ്ന്ന നില.
ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന രൂപ ഈ മാസം രണ്ടു ശതമാനത്തോളം ഇടിഞ്ഞു. 2025ൽ അഞ്ചു ശതമാനത്തിന്റെ താഴ്ചയാണുണ്ടായത്.
ഓഹരിവിപണി ചുവപ്പിൽ
ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ മൂന്നാം ദിവസവും നഷ്ടത്തിൽ തന്നെ. ദുർബലമായ ആഗോള സൂചനകളാണ് ഇന്ത്യൻ ഓഹരിവിപണിയെ ബാധിക്കുന്നത്. സെൻസെക്സ് 271 പോയിന്റ് താഴ്ന്ന് 81,910ലും നിഫ്റ്റി 75 പോയിന്റ് നഷ്ടത്തിൽ 25,157.50ലും വ്യാപാരം പൂർത്തിയാക്കി.
നിഫ്റ്റി മേഖലാ സൂചികകളിൽ നിഫ്റ്റി മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് ഒഴികെ എല്ലാ സൂചികകളും താഴ്ന്നു.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ വൻ ഇടിവിൽ വ്യാപാരം പൂർത്തിയാക്കി. ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശ സ്ഥാപന നിക്ഷേപരുടെ തുടരുന്ന പിന്മാറ്റം, ആഗോള വ്യാപാര അനിശ്ചിതത്വങ്ങൾ, ദുർബലമായ മൂന്നാം പാദ ഫലങ്ങൾ എന്നിവയെല്ലാം വിപണിയെ സ്വാധീനിച്ചു.
2026ലെ ഇതുവരെയുള്ള വ്യാപാര സെഷനിലെ 13 ദിനങ്ങളിൽ 10ലും സെൻസെക്സും നിഫ്റ്റി 12 ദിനങ്ങളിലും ഇടിഞ്ഞു. 2025 മേയ് 13ന് ശേഷം ശതമാനക്കണക്കിൽ ഒരു ദിവസം നേരിട്ട ഏറ്റവും വലിയ ഇടിവാണ് ഇന്നലെയുണ്ടായത്.
സെൻസെക്സ് 1066 പോയിന്റ് (1.28%) താഴ്ന്ന് 82,180.47ലും നിഫ്റ്റി 353 പോയിന്റ് (1.38%) നഷ്ടത്തിൽ 25,232.50ലും വ്യാപാരം പൂർത്തിയാക്കി.
വിപണിയിലുണ്ടായ വൻ തകർച്ചയിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എല്ലാ കന്പനികളുടെയും ആകെ വിപണി മൂലധനം 9.46 ലക്ഷം കോടി രൂപ കുറഞ്ഞ് 455.7 ലക്ഷം കോടിയായി. തിങ്കളാഴ്ച ഇത് 465 ലക്ഷം കോടി രൂപയായിരുന്നു.
ജനുവരിയിൽ നിഫ്റ്റി, സെൻസെക്സ് സൂചികകൾ 3.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ കാലയളവിൽ വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് 29,135 കോടി രൂപയായിരുന്നു. 2025 ഓഗസ്റ്റിനുശേഷമുള്ള (34,993 കോടി രൂപ) ഏറ്റവും മോശം പ്രകടമാണിത്.
നിഫ്റ്റിയിലെ എല്ലാ മേഖലാ സൂചികകളും ഇന്നലെ ചുവപ്പിലാണ് വ്യാപാരം പൂർത്തീകരിച്ചത്. റിയൽറ്റി സൂചിക (5.04 %) ഇടിഞ്ഞ് മേഖലാ സൂചികകളിൽ ഏറ്റവും വലിയ തകർച്ച നേരിട്ടു. ഐടി, ഓട്ടോ, ഹെൽത്ത്കെയർ, കണ്‍സ്യൂമർ ഡ്യൂറബിൾസ് എന്നിവ രണ്ടു ശതമാനത്തിനു മുകളിൽ താഴ്ന്നു.
ഡോളറിനെതിരേ രൂപ ഏഴു പൈസ ഇടിഞ്ഞ് 90.97 എന്ന റിക്കാർഡ് താഴ്ചയിൽ വ്യാപാരം അവസാനിപ്പിച്ചു. വിദേശ നിക്ഷേപർ ഇന്ത്യൻ വിപണിയിൽനിന്നു തുടരുന്ന പിന്മാറ്റവും ഇറക്കുമതിക്കാരിൽ ഡോളർ ആവശ്യകത ഉയരുന്നതും രൂപയുടെ താഴ്ചയ്ക്കു കാരണമാകുന്നു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ 90.91 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ രൂപ 91.06ലേക്കു താഴ്ന്നു. തിങ്കളാഴ്ച ഡോളറിനെതിരേ 12 പൈസ നഷ്ടത്തിൽ 90.90ലാണ് വ്യാപാരം പൂർത്തിയാക്കിയത്.
ഡിസംബർ 16ന് രേഖപ്പെടുത്തിയ 91.14 ആണ് വ്യാപാരത്തിനിടയിലെ രൂപയുടെ താഴ്ന്ന ലെവൽ. അന്ന് തന്നെ രേഖപ്പെടുത്തിയ 90.93 ആണ് ഇതിനു മുന്‍പ് ഡോളറിനെതിരേ രൂപയുടെ വ്യാപാരവസാനമുള്ള താഴ്ന്ന നില.
Business
മുംബൈ: മെറ്റൽ കന്പനികളുടെ ഓഹരികളിൽ വാങ്ങൽ താത്പര്യം ഉയർന്നതോടെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ മെറ്റൽ ഓഹരികളുടെ സൂചികയായ നിഫ്റ്റി മെറ്റൽ ഇൻഡക്സ് ഇന്നലെ 2.70% (306 പോയിന്റ്) നേട്ടത്തിൽ 11,661.40 നിലവാരത്തിൽ ക്ലോസ് ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ സൂചികയിൽ 11 ശതമാനം വർധനയുണ്ടായിട്ടുണ്ട്.
സൂചികയിലെ പ്രധാന കന്പനികളായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് 6.18 ശതമാനവും വേദാന്ത ലിമിറ്റഡ് 6.05 ശതമാനവും നാഷണൽ അലുമിനിയം കന്പനി ലിമിറ്റഡ് 4.52 ശതമാനവും നേട്ടമുണ്ടാക്കി. കഴിഞ്ഞ ഒരു വർഷത്തെ കണക്കെടുത്താൻ ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റി 50യുടെ 10.74 ശതമാനം വർധനയെ അപേക്ഷിച്ച് നിഫ്റ്റി മെറ്റൽ സൂചിക 41 ശതമാനം ഉയർന്നിട്ടുണ്ട്.
ഹിന്ദുസ്ഥാൻ സിങ്ക്, ടാറ്റ സ്റ്റീൽ, നാഷണൽ അലുമിനിയം കന്പനി, സെയിൽ, ജിൻഡാൽ സ്റ്റീൽ, എൻഎംഡിസി, ഹിൻഡാൽകോ, എപിഎൽ അപ്പോളോ ട്യൂബ്സ് എന്നീ ഓഹരികളും ഉയർച്ച രേഖപ്പെടുത്തി.
തുടർച്ചയായ ഇടിവ്
ഇന്ത്യയുടെ പ്രധാന ഓഹരി സൂചികകൾ തുടർച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു. നിഫ്റ്റി 25,700 പോയിന്റിനു താഴേക്കു പോയി. സെൻസെക്സ് 245 പോയിന്റ് (0.29%) താഴ്ന്ന് 83,383ലും നിഫ്റ്റി 67 പോയിന്റ് (0.26%) നഷ്ടത്തിൽ 25,666ലും ക്ലോസ് ചെയ്തു.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണികൾ തുടർച്ചയായ അഞ്ചാം ദിവസവും നഷ്ടത്തിൽ വ്യാപാരമവസാനിപ്പിച്ചു. യുഎസ് തീരുവകളെക്കുറിച്ചുള്ള പുതിയ ആശങ്കകളും വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നതുമാണ് വിപണിയെ ബാധിക്കുന്നത്.
തുടക്കത്തിൽ ഉയർന്ന സെൻസെക്സ് പിന്നീട് 605 പോയിന്റ് (0.72%) താഴ്ന്ന് 83,576ലും നിഫ്റ്റി 194 പോയിന്റ് (0.75%) നഷ്ടത്തിൽ 25,683ലും വ്യാപാരം പൂർത്തിയാക്കി.
സെൻസെക്സിൽ എൻടിപിസി, ഐസിഐസിഐ ബാങ്ക്, അദാനി പോർട്സ്, ഭാരതി എയർടെൽ, സണ്‍ ഫാർമ, ബജാജ് ഫിനാൻസ് എന്നിവയാണ് നഷ്ടം നേരിട്ടവയിൽ മുന്നിൽ. ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്, ഭാരത് ഇലക്ട്രോണിക്സ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് നേട്ടമുണ്ടാക്കിയതിൽ മുൻപന്തിയിൽ.
ആഗോള വ്യാപാരവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ സെഷനിലെ വിദേശ നിക്ഷേപകരുടെ (എഫ്ഐഐ) വൻതോതിലുള്ള വിറ്റഴിക്കലിനെത്തുടർന്ന് ഇവർ ജാഗ്രതയിലാണ്.
ജനുവരി രണ്ടിന് ഒരു ചെറിയ ഇടവേളയ്ക്കുശേഷം എഫ്ഐഐകൾ കഴിഞ്ഞ അഞ്ചു സെഷനിലും വില്പനക്കാരായിരുന്നു. വ്യാഴാഴ്ച 3367.12 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ഡൊമസ്റ്റിക് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് 3701.17 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഇന്ത്യൻ വിപണി തകർന്നപ്പോൾ ആഗോള വിപണികൾ പോസിറ്റീവിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഏഷ്യൻ വിപണികളിൽ ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കീ 225, ഷാങ്ഹായ് എസ്എസ്ഇ കോന്പോസിറ്റ് , ഹോങ്കോംഗിന്റെ ഹാങ് സെങ് എന്നീ സൂചികകൾ ഉയർന്നാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികളിൽ പോസിറ്റീവായാണ് വ്യാപാരം നടക്കുന്നത്.
വിപണി ഇടിവിനു കാരണങ്ങൾ
ട്രംപിന്റെ തീരുവകളെ സംബന്ധിച്ച് യുഎസ് സുപ്രീം കോടതിയുടെ വിധി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവകളുടെ നിയമസാധുത സംബന്ധിച്ച് സുപ്രീം കോടതി വിധി വാരാനിരിക്കേ നിക്ഷേപർ ജാഗ്രതയിലായി. പ്രധാന വ്യാപാര പങ്കാളികൾക്കു മേൽ 10 ശതമാനം അടിസ്ഥാന തീരുവയും ഉയർന്ന പരസ്പര തീരുവകളും ഉൾപ്പെടെയുള്ള സമഗ്രമായ ആഗോള തീരുവകൾ ചുമത്താൻ വൈറ്റ്ഹൗസ് ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) ഉപയോഗിച്ചതിന്മേൽ യുഎസ് മേൽക്കോടതി വിധി പുറപ്പെടുവിക്കും.
ഐഇഇപിഎ ദുരുപയോഗം ചെയ്തുവെന്ന പരാതിയിലാണ് വിധി വരാനിരിക്കുന്നത്. തീരുവകൾ നിയമവിരുദ്ധമെന്ന് കോടതി വിധിയുണ്ടായാൽ യുഎസിന്റെ സാന്പത്തിക നിലയെത്തന്നെ ബാധിക്കുന്നതാകും. വിധി എതിരായാൽ യുഎസ് സർക്കാർ ഇറക്കുമതിക്കാർക്ക് ഏകദേശം 150 ബില്യണ്‍ ഡോളർ തിരികെ നൽകാൻ ബാധ്യസ്ഥരാകും.
പുതിയ തീരുവ ആശങ്കകൾ: റഷ്യയിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യൻ ഇറക്കുമതികൾക്കുമേൽ ഉയർന്ന തീരുവ ചുമത്തുമെന്ന് ട്രംപ് ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് ഓഹരികൾ സൂചികകൾ ഇടിവിലായിരുന്നു.
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 500 ശതമാനം തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ഉപരോധ ബില്ലിന് ട്രംപ് അംഗീകാരം നൽകി. ഇത് നിയമമാകുകയാണെങ്കിൽ ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് യുഎസ് 500 ശതമാനം വരെ തീരുവ ചുമത്തിയേക്കാം. ഇത് ഇന്ത്യയുടെ കയറ്റുമതി മേഖലയെ സാരമായി ബാധിക്കും.
ഉയർന്ന അസംസ്കൃത എണ്ണ വില: അസംസ്കൃത എണ്ണ വില ഉയർന്നാണ് വ്യാപാരം നടത്തുന്നത്. അസംസ്കൃത എണ്ണ വില ഉയരുന്നത്ത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർധിപ്പിക്കുന്നതിനും ഇതുവഴി വിലക്കയറ്റ ഭീഷണി ഉയരാനും കാരണമാകുന്നു. ഇത് ഓഹരിവിപണിയെ ദോഷകരമായി ബാധിക്കും.
രൂപയുടെ ഇടിവ്: ഡോളറിനെതിരേ രൂപയുടെ മൂല്യം ഇന്നലെ 26 പൈസ ഇടിഞ്ഞ് 90.16ലാണ് ക്ലോസ് ചെയ്തത്. അസംസ്കൃത എണ്ണ വില ഉയർന്നതും വിദേശ ഫണ്ടിന്റെ ഒഴുക്ക് തുടരുന്നതുമാണ് രൂപയുടെ ഇടിവിനു കാരണം.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ മൂന്നാം ദിവസവും താഴ്ന്നു തന്നെ വ്യാപാരം അവസാനിപ്പിച്ചു. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും വൻകിട ഓഹരികളിലെ ലാഭമെടുപ്പും സൂചികകളെ താഴേക്ക് വലിച്ചു.
സെൻസെക്സ് 102 പോയിന്റ് (0.12%) ഇടിഞ്ഞ് 84,961ലും നിഫ്റ്റി 38 പോയിന്റ് നഷ്ടത്തോടെ 26,141ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ കരുത്ത് കാട്ടി. ഇവ യഥാക്രമം 0.45 ശതമാനവും 0.39 ശതമാനവും നേട്ടമുണ്ടാക്കി.
നിഫ്റ്റി മേഖലാ സൂചികകളിൽ ഐടി (1.87%), കണ്‍സ്യൂമർ ഡ്യൂറബിൾസ് (1.69 %) എന്നിവ കരുത്ത് കാട്ടി.
വിദേശ നിക്ഷേപകർ തുടർച്ചയായി ഓഹരികൾ വിറ്റഴിക്കുന്നത് വിപണിയെ സംബന്ധിച്ച് വലിയ ആശങ്കയായി തുടരുകയാണ്. ഇന്ത്യ-യുഎസ് വ്യാപാര കരാറുകളിൽ തുടരുന്ന അനിശ്ചിതത്വം വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്.
മൂന്നാം പാദത്തിലെ സാന്പത്തിക ഫലങ്ങൾക്കും അമേരിക്കയിലെ തൊഴിൽ മേഖലയിലെ നിർണായക കണക്കുകൾക്കുമായി ജാഗ്രതയോടെ കാത്തിരിക്കുകയാണ് വിപണി.
മുൻ പാദത്തെ അപേക്ഷിച്ച് കന്പനികളുടെ വരുമാനത്തിൽ വർധന പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആഗോള വ്യാപാര രംഗത്തെ അനിശ്ചിതത്വങ്ങൾ കാരണം വിദേശ സ്ഥാപക നിക്ഷേപകർ റിസ്ക് എടുക്കാൻ മടിച്ചു നിൽക്കുകയാണെന്ന് വിപണി വിദഗ്ധർ പറയുന്നു.
Business
മുംബൈ: ഓഹരിവിപണി തുടർച്ച യായ രണ്ടാം ദിനവും ചുവന്നു. വൻകിട ഓഹരികളിലെ ലാഭമെടുപ്പ്, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് ഭീഷണി, വിദേശ നിക്ഷേപകരുടെ പിൻവാങ്ങൽ തുടങ്ങിയ കാരണങ്ങളാണ് വിപണിയെ സ്വാധീനിച്ചത്.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണി മൂല്യം കഴിഞ്ഞ സെഷനിൽ ഏകദേശം 481 ലക്ഷം കോടി രൂപയായിരുന്നത് 479 കോടി രൂപയായി കുറഞ്ഞു. നിക്ഷേപകർക്ക് ഈ സെഷനിൽ ഏകദേശം രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
സെൻസെക്സ് 376 പോയിന്റ് (0.44%) നഷ്ടത്തിൽ 85,063ലും നിഫ്റ്റി 72 പോയിന്റ് (0.28%) ഇടിഞ്ഞ് 26,178ലും വ്യാപാരം അവസാനിപ്പിച്ചു.
ഇടിവിനു കാരണങ്ങൾ
വൻകിട ഓഹരികളിലെ ലാഭമെടുപ്പ്: നിഫ്റ്റിയിൽ റിലയൻസ് ഇൻഡസ്ട്രീസ് കഴിഞ്ഞാൽ ഉയർന്ന വെയിറ്റേജുള്ള ഓഹരിയാണ് എച്ച്ഡിഎഫ്സി ബാങ്കിന്റേത്.
എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ രണ്ട് ശതമാനത്തോളം ഇടിഞ്ഞത് വിപണിയെ കാര്യമായി ബാധിച്ചു. ബാങ്കിന്റെ നിക്ഷേപ വളർച്ചയിലെ കുറവും ഉയർന്ന ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതവുമാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്. 2026 സാന്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ താത്കാലിക ബിസിനസ് വിവരങ്ങൾ പുറത്തുന്നതോടെ രണ്ടു സെഷനിലായി എച്ച്ഡിഎഫ്സിയുടെ ഓഹരി വില നാലു ശതമാനത്തിലധികം ഇടിഞ്ഞു.
തീരുവയിലുള്ള ആശങ്ക: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയില്ലെങ്കിൽ ഇന്ത്യക്കുമേൽ തീരുവ വർധിപ്പിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് വിപണിയിൽ ആശങ്കയുണ്ടാക്കി.
വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്: ഇന്നലെ എഫ്ഐഐകൾ 107.63 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. തിങ്കളാഴ്ച 36.25 കോടി രൂപയുടെ ഓഹരികളുടെ വിൽപ്പന നടന്നു.
എഫ്ഐഐകളുടെ വിറ്റഴിക്കൽ വിപണിയിലെ പണലഭ്യത കുറയാൻ കാരണമാകുകയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ തളർത്തുകയും ചെയ്തു.
ഭൗമരാഷ്ട്രീയ ആശങ്കകൾ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെത്തുടർന്നുണ്ടായ ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ മൂലം നിക്ഷേപകർ ജാഗ്രതയിലാണ്.
Business
മുംബൈ: ഇൻഫർമേഷൻ ടെക്നോളജി ഉൾപ്പെടെ വൻകിട സ്റ്റോക്കുകളിൽ വില്പന സമ്മർദം ഉയർന്നതോടെ ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ ഇടിഞ്ഞു. വ്യാപാരത്തിനിടെ റിക്കാർഡ് ഉയരം കണ്ട നിഫ്റ്റി പിന്നീട് 26,300 പോയിന്റിന് താഴേക്കുപോയി.
ആഗോള വിപണികളിൽ ഉണർവ് പ്രകടമായിരുന്നിട്ടും ലാഭമെടുപ്പും ഭൗമരാഷ്ട്രീയ ആശങ്കകളും ഇന്ത്യൻ ഓഹരിവിപണിയെ സ്വാധീനിച്ചു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുകയാണെങ്കിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്കു മേൽ ഉയർന്ന തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പും വിപണിയെ സ്വാധീനിച്ചു.
അതേസമയം, ആഗോള വിപണികളിൽ വെനസ്വേലൻ സംഭവവികാസങ്ങൾ കാര്യമായി ബാധിച്ചില്ല. ഹോങ്കോംഗിന്റെ ഹാങ്സെങ് ഒഴികെ ഏഷ്യയിലെ പ്രധാന ഓഹരി സൂചികകളെല്ലാം പ്രത്യേകിച്ച് ജപ്പാനിലെ നിക്കി (2.88%), കൊറിയയിലെ കോസ്പി (3.32%), ഷാങ്ഹായ് കോംപോസിറ്റ് (1.36) എന്നിവ നേട്ടമുണ്ടാക്കി. യൂറോപ്യൻ വിപണികളും പോസിറ്റീവ് ട്രെൻഡിലാണ് വ്യാപാരം നടത്തുന്നത്.
സെൻസെക്സ് 322.39 പോയിന്റ് (0.38%) ഇടിഞ്ഞ് 85,439.62ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സൂചിക 446.68 പോയിന്റ് (0.52%) താഴ്ന്ന് 85315.33ലെത്തിയിരുന്നു. നിഫ്റ്റി 78 പോയിന്റ് (0.30%) നഷ്ടത്തിൽ 26,250.30ൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ നിഫ്റ്റി എക്കാലത്തെയും ഉയർന്ന പോയിന്റായ 26,373ലെത്തിയിരുന്നു. എന്നാൽ, ഈ മികവ് നിഫ്റ്റിക്കു മുന്നോട്ടുകൊണ്ടുപോകാനായില്ല. നിഫ്റ്റി മിഡ്കാപ് പുതിയ ഉയർന്ന നിലവാരമായ 61,520 പോയിന്റിൽ എത്തിയശേഷം താഴ്ചയിലേക്കു വീണു. മിഡ്കാപ് സൂചിക 100 പോയിന്റ് (0.16 %) താഴ്ന്ന് 61,266ൽ ക്ലോസ് ചെയ്തു. നിഫ്റ്റി സ്മോൾകാപ് 94 പോയിന്റ് (0.53%) ഉയർന്ന് 17,926.40ൽ വ്യാപാരം പൂർത്തിയാക്കി.
സെൻസെക്സിൽ നെസ്ലെ ഇന്ത്യ ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്, ഐഷർ മോട്ടോർ ലിമിറ്റഡ്, ഏഷ്യൻ പെയ്ന്റ്സ്, ടാറ്റാ സ്റ്റീൽ എന്നിവയാണ് നേട്ടമുണ്ടാക്കിയതിൽ മുൻനിരയിൽ. എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്നോളജീസ്, ഒഎൻജിസി, ബജാജ് ഫിനാൻസ് തുടങ്ങിയവർക്ക് നഷ്ടമുണ്ടായി.
നിഫ്റ്റി മേഖലാ സൂചികകളിൽ ഐടി (1.43%), ഓയിൽ ആൻഡ് ഗ്യാസ് (1.02%) എന്നിവയ്ക്കാണ് വലിയ നഷ്ടമുണ്ടായത്. ബ്രോക്കറേജ് സ്ഥാപനങ്ങൾ ഐടി ഓഹരികളുടെ റേറ്റിംഗ് കുറച്ചതിനെത്തുടർന്ന് നിഫ്റ്റി ഐടി സൂചിക 1.5 % ഇടിഞ്ഞു.
റിലയൻസ്, ഒഎൻജിസി ഓഹരികളിൽ ചാഞ്ചാട്ടം
വെനസ്വേലയിലെ എണ്ണ മേഖലയുമായി ബന്ധപ്പെട്ട പുതിയ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ ഉൗർജ മേഖലയിലെ ഓഹരികളായ റിലയൻസ് ഇൻഡസ്ട്രീസ്, ഒഎൻജിസി എന്നീ കന്പനികളുടെ ഓഹരികളിൽ രാവിലെ മികച്ച മുന്നേറ്റത്തിന് ഇടയാക്കി.
റിലയൻസ് ഓഹരികൾ വ്യാപാരത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഒരു ശതമാനത്തിലധികം ഉയർന്ന് പുതിയ 52 ആഴ്ചയിലെ റിക്കാർഡ് നിലവാരത്തിലെത്തി. ഓഹരി വില 1,600 രൂപയ്ക്ക് മുകളിലെത്തി. അവസാനം 0.96 ശതമാനത്തോളം താഴ്ന്ന് 1577 രൂപയിൽ ക്ലോസ് ചെയ്തു.
ഒഎൻജിസി ഓഹരികൾ രാവിലെ രണ്ടു ശതമാനത്തോളം ഉയർന്നു. ഓയിൽ ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപറേഷൻ തുടങ്ങിയ ഓഹരികളിലും പോസിറ്റീവ് ട്രെൻഡിലാണ് വ്യാപാരം നടന്നത്. പിന്നീട് ഇവയുടെ ഓഹരികൾക്ക് വലിയ ഇടിവ് നേരിട്ടു. ഇന്ത്യൻ കന്പനികൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന ട്രംപിന്റെ താക്കീതാണ് ഉൗർജ ഓഹരികളെ ഇടിവിലാക്കിയത്.
Business
മുംബൈ: ഓഹരിസൂചികകൾ ഇന്നലെ ശക്തമായ മുന്നേറ്റം നടത്തി. സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിനടുത്ത് ഇന്നലെ മുന്നേറി. ശക്തമായ ആഗോളസൂചികകളും വൻകിട ഓഹരികൾ വാങ്ങാനുള്ള താത്പര്യവും വിപണിയെ സ്വാധീനിച്ചു.
നിഫ്റ്റി സൂചിക ഇന്നലെ റിക്കാർഡ് ഉയരത്തിലെത്തി. ബാങ്കിംഗ്, എനർജി, മെറ്റൽ സ്റ്റോക്കുകളിലെ ഉയർന്ന വാങ്ങലുകളാണ് നിഫ്റ്റിയെ ശക്തിപ്പെടുത്തിയത്. നിഫ്റ്റി 182 പോയിന്റ് (0.70%) ഉയർന്ന് 26,328.55 എന്ന പുതിയ റിക്കാർഡിൽ ക്ലോസ് ചെയ്തു. തുടർച്ചയായ മൂന്നാം സെഷനിലാണ് നിഫ്റ്റി ഉയർന്നത്. വ്യാപാരത്തിനിടെ നിഫ്റ്റി സൂചിക എക്കാലത്തെയും ഉയർന്ന 26,340 പോയിന്റിലെത്തിയിരുന്നു. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 1.01 ശതമാനവും 0.72 ശതമാനവും നേട്ടമുണ്ടാക്കി.
ഒരു മാസത്തിനുശേഷമാണ് നിഫ്റ്റി സൂചിക റിക്കാർഡ് നിലവാരം കുറിക്കുന്നത്. 2025 ഡിസംബർ 1ന് 26,325.8 പോയിന്റിലെത്തിയതിന്റെ റിക്കാർഡാണ് ഇന്നലെ മറികടന്നത്. 2025ൽ നിഫ്റ്റി 10.5 ശതമാനം ആദായം നൽകിയെങ്കിലും ആഗോള വിപണികളുമായി താരതമ്യം ചെയ്യുന്പോൾ ഇത് ദുർബലമായ പ്രകടനമായിരുന്നു.തുടർച്ചയായ രണ്ടാം വാരവും നേട്ടമുണ്ടാക്കിയ സൂചിക 1.12 ശതമാനം ഉയർന്നു.
സെൻസെക്സ് 573.41 പോയിന്റ് (0.67%) ഉയർന്ന് 85,762.01ൽ ക്ലോസ് ചെയ്തു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം വിപണി മൂലധനം മുൻ സെഷനിലെ 477 ലക്ഷം കോടി രൂപയിൽനിന്ന് ഉയർന്ന് 481 ലക്ഷം കോടി രൂപയിലെത്തി. നിക്ഷേപകരുടെ സന്പത്തിൽ നാലു ലക്ഷം കോടി രൂപയുടെ വർധനയാണ് ഒരു സെഷനിലുണ്ടായത്.
കോർപറേറ്റ് ഫലങ്ങൾ മൂന്നാംപാദത്തിൽ വലിയ ഉയരത്തിലാകുമെന്ന വിപണിയുടെ പ്രതീക്ഷ വർധിച്ചതാണ് ഇന്നലത്തെ കുതിപ്പിന് കാരണം. ഇതിന് വഴിയൊരുക്കിയത് വാഹന ലോകത്തു നിന്നുള്ള കണക്കുകൾ വന്നതാണ്. ഡിസംബർ മാസം സർവകാല റിക്കാർഡ് വില്പനയക്കാണ് ഇന്ത്യൻ വാഹനലോകം സാക്ഷ്യം വഹിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടനുണ്ടാകുമെന്ന സൂചനകളും വിപണിയെ സഹായിച്ചു.
നിഫ്റ്റി മേഖലാ സൂചികകളിൽ എഫ്എംസിജി (1.15 ശതമാനം) മാത്രമാണ് നഷ്ടമുണ്ടാക്കിയത്. നിഫ്റ്റി റിയാലിറ്റി (1.52%), പിഎസ്യു ബാങ്ക് (1.50%), മെറ്റൽ (1.47) സൂചികകൾ കൂടുതൽ നേട്ടമുണ്ടാക്കി. ഓട്ടോ, മീഡിയ, റിയൽറ്റി, കണ്‍സ്യൂമർ ഡ്യൂറബിൾസ് സൂചികകൾ ഒരു ശതമാനത്തിനു മുകളിൽ ഉയർന്നു.
കോൾ ഇന്ത്യ ലിമിറ്റഡ് ആണ് നിഫ്റ്റി സൂചികയിൽ മികച്ച പ്രകടനം നടത്തിയത്. ഏഴു ശതമാനത്തിനു മുകളിലാണ് ഓഹരി വില ഉയർന്നത്. എൻടിപിസി ലിമിറ്റഡ് 4.6 ശതമാനവും ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ് 3.5 ശതമാനവും നേട്ടമുണ്ടാക്കി.
കേരള കന്പനികളുടെ പ്രകടനം സമ്മിശ്രമായിരുന്നു. 20ലേറെ ഓഹരികൾ നഷ്ടത്തിലാണ് വാരാന്ത്യ വ്യാപാരം അവസാനിപ്പിച്ചത്. ആസ്പിൻവാൾ ആൻഡ് കന്പനി 7.08 ശതമാനം ഇടിഞ്ഞപ്പോൾ കേരള ആയുർവേദ 2.78 ശതമാനം താഴ്ന്നു.
ബംഗ്ലാദേശ് ടെക്സ്റ്റൈൽ മേഖലയിലെ പ്രശ്നങ്ങളും യുഎസുമായുള്ള കരാറിലെ അനുകൂല വാർത്തകളും കിറ്റെക്സ് ഗാർമെന്റ്സിനെ 1.20 ശതമാനം ഉയർത്തി. അതേസമയം, സ്കൂബീഡേ ഗാർമെന്റ് വലിയ തിരിച്ചടി നേരിട്ടു. 7.95 ശതമാനം ഇടിവ്.
Business
മുംബൈ: 2025ലെ അവസാന വ്യാപാരദിനത്തിൽ ഓഹരിവിപണിയിൽ ഉണർവ്. തുടർച്ചയായ നഷ്ടദിനങ്ങൾക്കു ശേഷമാണ് വിപണിയുടെ തിരിച്ചുവരവ്. ബിഎസ്ഇ സെൻസെക്സ് തുടർച്ചയായ അഞ്ചു ദിവസത്തിനും എൻഎസ്ഇ നിഫ്റ്റി തുടർച്ചയായ നാലു ദിവസത്തിനും ശേഷമാണ് മുന്നേറിയത്.
സെൻസെക്സും നിഫ്റ്റിയും ഏകദേശം ഒരു ശതമാനത്തിനടുത്ത് നേട്ടം രേഖപ്പെടുത്തി. വ്യാപാരത്തിന്റെ തുടക്കത്തിൽ നേരിയ വർധന പ്രകടിപ്പിച്ച നിഫ്റ്റി ഘട്ടംഘട്ടമായി 26,200 നിലവാരത്തിലേക്കു മുന്നേറി. എന്നാൽ, അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നത് സൂചികയ്ക്ക് മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കാനുള്ള അവസരം നഷ്ടമാക്കി.
തുടർച്ചയായ അഞ്ചു ദിവസത്തെ നഷ്ടദിനങ്ങൾക്കുശേഷം ഇന്നലെ സെൻസെക്സ് 545.52 പോയിന്റ് (0.64%) മുന്നേറ്റത്തോടെ 85,220.60ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സൂചിക 762.09 പോയിന്റ് മുന്നേറി 85,437.17 എന്ന നിലവാരത്തിലെത്തിയതാണ്. നാലു ദിവസങ്ങൾക്കുശേഷം നിഫ്റ്റി 190.75 പോയിന്റ് (0.74%) ലാഭത്തോടെ 26,129.60ൽ വ്യാപാരം അവസാനിപ്പിച്ചു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണിമൂല്യം കഴിഞ്ഞ സെഷനിലെ 472 ലക്ഷം കോടി രൂപയിൽ നിന്ന് 476 ലക്ഷം കോടി രൂപയായി ഉയർന്നു. നിക്ഷേപകർ ഒറ്റ സെഷനിൽ ഏകദേശം 4 ലക്ഷം കോടി രൂപയാണ് സന്പാദിച്ചത്.
നിഫ്റ്റി മേഖലാ സൂചികകളിൽ ഐടി ഒഴികെ എല്ലാം രണ്ടു മുതൽ 0.70 ശതമാനം വരെ മുന്നേറ്റം നടത്തി.
2025ൽ സെൻസെക്സും നിഫ്റ്റിയും ഏകദേശം 10 ശതമാനം വീതം നേട്ടം കൈവരിച്ചെങ്കിലും മറ്റ് ഏഷ്യൻ വിപണികളെയും ആഗോള വിപണികളെയും വച്ചുനോക്കുന്പോൾ പിന്നിലാണ്. ഡോളറുമായുള്ള രൂപയുടെ മൂല്യത്തകർച്ചയാണ് വിപണിയെ സ്വാധീനിച്ചത്.
ഡോളറിനെതിരേ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 91ലേക്കു താഴുകയും ചെയ്തു. നിഫ്റ്റി ഏകദേശം 10.5 ശതമാനം നേട്ടത്തോടെയും സെൻസെക്സ് 9.1 ശതമാനം വർധനയോടെയുമാണ് 2025 അവസാനിപ്പിച്ചത്. നിഫ്റ്റി തുടർച്ചയായ പത്താം വർഷമാണ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്.
2025ൽ നിഫ്റ്റി മേഖലാ സൂചികകളിൽ മീഡിയ, റിയൽറ്റി, ഐടി എന്നിവയാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയത്. പൊതുമേഖല ബാങ്ക്, മെറ്റൽ, ഓട്ടോ എന്നിവയാണ് മികച്ച പ്രകടനം നടത്തിയ സൂചികകൾ.
കേരള കന്പനികളുടെ പ്രകടനം
കേരള കന്പനികൾ ഭൂരിഭാഗവും നേട്ടത്തിലായിരുന്നു. ആസ്പിൻവാൾ ആൻഡ് കന്പനി 20 ശതമാനം നേട്ടവുമായി 261 രൂപയിലെത്തി. മുത്തൂറ്റ് മൈക്രോഫിൻ (3.61%), കിംഗ്സ് ഇൻഫ്രാ വെഞ്ച്വേഴ്സ് (6.76%) തുടങ്ങിയ ഓഹരികൾക്കും മികച്ച ദിനമായിരുന്നു. എന്നാൽ, സ്റ്റെൽ ഹോൾഡിംഗ്സ് (3.26%), വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് (2.00%), ഹാരിസണ്‍സ് മലയാളം (2.32%) തുടങ്ങിയ ഓഹരികൾക്ക് മികവിലെത്താനായില്ല.
വിപണിയുടെ മുന്നേറ്റത്തിനു പിന്നിൽ
സ്റ്റീൽ ഓഹരികളുടെ കുതിപ്പ്: തെരഞ്ഞെടുത്ത സ്റ്റീൽ ഇറക്കുമതികൾക്ക് മൂന്നു വർഷത്തേക്ക് 12 ശതമാനം വരെ സേഫ്ഗാർഡ് ഡ്യൂട്ടി ഏർപ്പെടുത്തുമെന്നു സർക്കാർ പ്രഖ്യാപിച്ചു. ഇത് ആഭ്യന്തര സ്റ്റീൽ ഉത്പാദകർക്ക് മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രമുഖ സ്റ്റീൽ കന്പനികളുടെ ഓഹരി വിലകൾ വർധിച്ചു. നിഫ്റ്റി മെറ്റൽ സൂചിക 1.45 ശതമാനത്തോടെ 160 പോയിന്റ് ഉയർന്നു.
ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ ഓഹരികൾ രണ്ടു മുതൽ നാലു ശതമാനം വരെ നേട്ടമുണ്ടാക്കി.
ക്രൂഡ് വിലയിലെ കുറവ്: ക്രൂഡ് ഓയിൽ വില 0.10 ശതമാനം കുറഞ്ഞ് ബാരലിന് 61.27 ഡോളറിലെത്തി. അസംസ്കൃത എണ്ണ വിലയിലുണ്ടാകുന്ന കുറവ് രാജ്യത്തിന് ഗുണകരമാണ്. ഇത് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുറയ്ക്കാൻ സഹായിക്കുന്നതിനാൽ ഇന്ത്യൻ വിപണിക്കു കരുത്തേകുന്നു.
വിപണിയിൽ ചാഞ്ചാട്ടം കുറയുന്നു: വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിഐഎക്സ് മൂന്നു ശതമാനത്തിലധികം ഇടിഞ്ഞ് 9.37 ശതമാനത്തിലെത്തി.
ഉയർന്ന വാങ്ങലുകൾ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഇടിവിനെത്തുടർന്ന് നിക്ഷേപകർ വൻതോതിൽ ഓഹരികൾ വാങ്ങാൻ താത്പര്യമെടുത്തു. സെൻസെക്സ് അഞ്ചു ദിവസവും നിഫ്റ്റി നാലു ദിവസവും ഇടിവ് രേഖപ്പെടുത്തിയതിനെത്തുടർന്ന് തെരഞ്ഞെടുത്ത ഓഹരികൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ നിക്ഷേപകർ മുന്നോട്ടുവന്നു.
മിഡ്കാപ്, സ്മോൾകാപ് ഓഹരികളുടെ വാങ്ങൽ: വിശാല സൂചികകളായ മിഡ്കാപ്, സ്മോൾകാപ് ഓഹരികൾ വാങ്ങാൻ വലിയ താത്പര്യമാണുണ്ടായത്. ഇത് വിപണിയുടെ തിരിച്ചുവരവിന് നിർണായകമായി. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 0.95 ശതമാനവും 1.11 ശതമാനവുമാണ് മുന്നേറിയത്.
Business
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ തളർച്ച തുടരുന്നു. തുടർച്ചയായ നാലാം ദിവസവും സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
ബിഎസ്ഇ സെൻസെക്സ് 346 പോയിന്റ് (0.41%) ഇടിഞ്ഞ് 84695.54 എന്ന നിലവാരത്തിലലും നിഫ്റ്റി 100 പോയിന്റ് (0.38%) നഷ്ടത്തിൽ 25942.10ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
നിഫ്റ്റി മേഖലാ സൂചികകളിൽ മീഡിയ ഒഴികെയെല്ലാം താഴ്ചയിലാണ്.
Business
മുംബൈ: സോഫ്റ്റ്വേർ രംഗത്ത് പ്രമുഖരായ ഇൻഫോസിസ് പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർക്കുള്ള എൻട്രി ലെവൽ ശന്പളം കുത്തനെ വർധിപ്പിച്ചതിനു പിന്നാലെ ഇന്ത്യൻ ഐടി കന്പനികളുടെ ഓഹരികൾ ഇടിഞ്ഞു.
നിഫ്റ്റി ഐടി സൂചിക ഏകദേശം ഒരു ശതമാനത്തിനു മുകളിൽ ഇടിഞ്ഞു. തുടർച്ചയായ മൂന്നാമത്തെ വ്യാപാരദിനത്തിലാണ് ഐടി സൂചിക താഴുന്നത്. പ്രമുഖ ഐടി ഓഹരികൾ 2 ശതമാനത്തിനും 4 ശതമാനത്തിനും ഇടയിൽ ഇടിഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സേവനങ്ങൾ ശക്തമാക്കുന്നതിനും ഡിജിറ്റൽ സാങ്കേതികവിദ്യയിൽ കഴിവുള്ള പ്രതിഭകളെ ആകർഷിക്കുന്നതിനുമായി കന്പനി നിയമനങ്ങൾ വിപുലീകരിച്ചിരിക്കുകയാണ്.
ഇൻഫോസിസ് എൻട്രി ലെവൽ ശന്പളം ഉയർത്തിയതിനു പുറമെ സ്പെഷലൈസ്ഡ് ടെക്നോളജി റോളുകൾക്ക് പ്രതിവർഷം 21 ലക്ഷം രൂപ വരെ ശന്പള പാക്കേജ് വാഗ്ദാനം മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു.
മറ്റ് സമാന ഐടി കന്പനികളിലെ സ്പെഷലൈസ്ഡ് തസതികകളുമായി താരതമ്യം ചെയ്യുന്പോൾപോലും ഏറ്റവും ഉയർന്ന എൻട്രി ലെവൽ ശന്പളമായി ഇതു മാറുന്നു.
സ്പെഷൽ സാങ്കേതികവിദ്യ തസ്തികകളിലേക്ക് പ്രതിഭകളെ കണ്ടെത്തുന്നതിനായി 2025ൽ ബിരുദം പൂർത്തിയാക്കുന്ന എൻജിനിയറിംഗ്, കംപ്യൂട്ടർ സയൻസ് ബിരുദധാരികൾക്കായി ഇൻഫോസിസ് ഓഫ് കാന്പസ് റിക്രൂട്ട്മെന്റ് ഡ്രൈവ് ആരംഭിക്കുന്നു. പ്രതിവർഷം ഏഴു ലക്ഷം മുതൽ 21 ലക്ഷം രൂപ വരെയുള്ള ശന്പള പാക്കേജാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇൻഫോസിസിന്റെ പ്രാരംഭ ശന്പളം വർധിപ്പിക്കാൻ എടുത്ത തീരുമാനം ഐടി മേഖലയിലെ ചെലവ് നിയന്ത്രണത്തെയും ലാഭം നിലനിർത്തുന്നതിനെയും കുറിച്ചുള്ള ചർച്ചകൾക്കു വഴിയൊരുക്കിയിരിക്കുകയാണ്.
ഐടി സേവനമേഖലയിലെ ആകെ ചെലവിന്റെ വലിയൊരു ഭാഗം ഇപ്പോൾതന്നെ ജീവനക്കാരുടെ ശന്പളത്തിനായാണ്. അതിനാൽ താഴത്തെ തട്ടിലുള്ള ശന്പളത്തിൽ വരുത്തുന്ന ഏതൊരു വർധനയും സ്ഥാപനത്തിലുടനീളം വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.
സമാനമായ വേതന വർധനവ് വ്യവസായത്തിലുടനീളം കൂടുതൽ വിശാലമായി സ്വീകരിച്ചാൽ അത് പ്രവർത്തന മാർജിനുകൾ കുറയ്ക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
ടാറ്റ കണ്‍സൾട്ടൻസി സർവീസസ്, വിപ്രോ, എച്ച്സിഎൽടെക്, ടെക് മഹീന്ദ്ര എന്നിവയുൾപ്പെടെയുള്ള വൻകിട ഓഹരികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തിയത്. ഇത് വൈദഗ്ധ്യമുള്ള പ്രതിഭകൾക്കായുള്ള മത്സരം രൂക്ഷമാകുകയും ജീവനക്കാരുടെ ചെലവ് മേഖലയിലാകെ വർധിക്കുകയും ചെയ്യുമെന്ന ആശങ്കയെ പ്രതിഫലിപ്പിക്കുന്നു.
Business
മുംബൈ: മുൻ സെഷനിലെ നേട്ടം തുടർന്ന് ഓഹരിവിപണി. പോസിറ്റീവായ ആഗോള സൂചനകളും വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും സെൻസെക്സ്, നിഫ്റ്റി സൂചികകളെ തുടർച്ചയായ രണ്ടാം സെഷനിലും മികവിലെത്തിച്ചു. യുഎസ് ഫെഡറൽ റിസർവിൽനിന്ന് അടുത്ത വർഷം പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും നിക്ഷേപകരെ ആകർഷിച്ചു.
സെൻസെക്സ് 638 പോയിന്റ് (0.75%) ഉയർന്ന് 85,567.48ലും നിഫ്റ്റി 206 പോയിന്റ് ലാഭത്തിൽ (0.79%) 26,172.40 പോയിന്റിലും ക്ലോസ് ചെയ്തു.
പ്രധാന സൂചികകളേക്കാൾ മികച്ച പ്രകടനാണ് വിശാല സൂചികകൾ കാഴ്ചവച്ചത്. നിഫ്റ്റി മിഡ്കാപ് 0.84 ശതമാനവും സ്മോൾകാപ് 1.17 ശതമാനവും മുന്നേറി. ബിഎസ്ഇ മിഡ്കാപ് സൂചിക 0.86 ശതമാനവും സ്മോൾകാപ് 1.12 ശതമാനവും വർധിച്ചു.
നിക്ഷേപകരുടെ സന്പത്തിൽ ഇന്നലെ നാലുലക്ഷം കോടി രൂപയുടെ വർധനയാണുണ്ടായത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണിമൂല്യം 471 ലക്ഷം കോടി രൂപയിൽ നിന്ന് 475 ലക്ഷം കോടി രൂപയായി ഉയർന്നു.
നിഫ്റ്റി മേഖലാ സൂചികകളിൽ കണ്‍സ്യൂമർ ഡ്യൂറബിൾസ് ഒഴികെ മറ്റെല്ലാ സൂചികകളും ഭേദപ്പെട്ട നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. കണ്‍സ്യൂമർ ഡ്യൂറബിൾസ് സൂചികയ്ക്ക് 0.16 ശതമാനമാണ് നഷ്ടം. ഐടി ഇന്നലെ 2.06 ശതമാനം നേട്ടം കൊയ്തപ്പോൾ മെറ്റൽ 1.41 %, ഓട്ടോ 0.82% എന്നിങ്ങനെ ഉയർന്നു.
നേട്ടത്തിനുള്ള കാരണങ്ങൾ
1. വിദേശ നിക്ഷേപത്തിന്റെ വരവ്: തുടർച്ചയായ 14 ദിവസം ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് നിക്ഷേപം പിൻവലിച്ച ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐ) നിക്ഷേകരായി തിരിച്ചുവന്നത് വിപണിയെ നേട്ടത്തിലേക്കെത്തിച്ചു. വെള്ളിയാഴ്ച 1830.89 കോടി രൂപയുടെ ഓഹരികളാണ് എഫ്ഐഐകൾ വാങ്ങിയത്. കഴിഞ്ഞ മൂന്നു സെഷനിലായി 3776 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.
2. ഫെഡിന്റെ പലിശനിരക്കു കുറയ്ക്കൽ പ്രതീക്ഷകൾ: അടുത്തിടെ പുറത്തുവന്ന സാന്പത്തിക കണക്കുകൾ നയപരമായ കാഴ്ചപ്പാടുകളിൽ കാര്യമായി മാറ്റമൊന്നും വരുത്താത്ത സാഹചര്യത്തിൽ, 2026ൽ യുഎസ് ഫെഡ് റിസർവ് രണ്ടു തവണ നിരക്കു കുറയ്ക്കുമെന്നാണ് വിപണി നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.
3. പോസിറ്റീവായ ആഗോള സൂചനകൾ: വെള്ളിയാഴ്ച യുഎസ് മാർക്കറ്റുകളിലുണ്ടായ ഉണർവ് ഇന്നലെ ഏഷ്യൻ വിപണികളിലും പ്രതിഫലിച്ചു. ദക്ഷിണകൊറിയയുടെ കോസ്പി രണ്ടു ശതമാനത്തിനു മുകളിൽ ഉയർന്നു. ജപ്പാന്റെ നിക്കീ 1.81 ശതമാനവും ഷാങ്ഹായ് എസ്എസ്ഇ കോന്പോസിറ്റ് 0.69 ശതമാനവും ഹോങ്കോംഗിന്റെ ഹാങ് സെംഗ് സൂചിക 0.43 ശതമാനവും മുന്നേറി.
വിപണി വർഷാവസാനം മുന്നേറ്റത്തിലേക്കാണ് നീങ്ങുന്നതെന്ന സൂചനകളാണ് നൽകുന്നത്. ഡോളറിനെതിരേ രൂപയുടെ മൂല്യത്തിലുണ്ടായ ശക്തമായ തിരിച്ചുവരവും കാഷ് മാർക്കറ്റിൽ എഫ്ഐഐകൾ വാങ്ങലുകാരായി തിരിച്ചുവന്നതുമാണ് വിപണിയുടെ വർഷാവസാന മുന്നേറ്റത്തിനു കരുത്താകുന്നതെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.
Business
യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ക്രിസ്മസ് ലഹരിയിലേക്കു തിരിഞ്ഞതോടെ ഓഹരി ഇടപാടുകാർക്കൊപ്പം ധനകാര്യസ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരും ഒഴിവുകാലം ആസ്വദിക്കാൻ രംഗം വിട്ടത് വിപണികളിൽ മ്ലാനത പരത്തുന്നു.
വാരമധ്യം മുതൽ പല രാജ്യങ്ങളിലും അവധിയായതിനാൽ ഇടപാടുകളുടെ വ്യാപ്തി കുത്തനെ കുറയും. ഊഹക്കച്ചവടക്കാരും മാർക്കറ്റിൽനിന്നും താത്കാലികമായി വിട്ടുനിൽക്കും. പല വൻ സ്രാവുകളും ന്യൂ ഇയർ ആഘോഷങ്ങൾക്ക് ശേഷമേ ഇനി രംഗത്ത് സജീവമാകൂ.
യുഎസ് മാർക്കറ്റുകൾക്ക് ക്രിസ്മസിനു തലേനാൾ മുതൽ അവധിയാണ്. ജർമനി, ബ്രിട്ടൻ, ഫ്രാൻസ്, ഓസ്ട്രേലിയ രാജ്യങ്ങളും നേരത്തേതന്നെ അവധി പ്രഖ്യാപിച്ചു. ബോക്സിംഗ് ഡേ പ്രമാണിച്ച് ക്രിസ്മസിന്റെ അടുത്ത ദിവസവും ഈ വിപണികൾ പ്രവർത്തിക്കില്ല. ഏഷ്യയിലേക്ക് തിരിഞ്ഞാൽ ഹോങ്കോംഗും ക്രിസ്മസ് മൂഡിലാണ്. വ്യാഴാഴ്ച ഇന്ത്യൻ മാർക്കറ്റിനും അവധിയായതിനാൽ ഈ വാരം ഇടപാടുകൾ നാലു ദിവസങ്ങളിൽ ഒതുങ്ങും.
ഇന്ത്യാ വോളാറ്റിലിറ്റി സൂചിക നീണ്ട ഇടവേളയ്ക്ക് ശേഷം ആറ് ശതമാനം താഴ്ന്ന് 9.52 ലാണ്. സൂചിക താഴുന്ന സന്ദർഭങ്ങളിൽ വിപണി നിക്ഷേപത്തിന് അനുകൂലമാകുന്നു. 2022 ഫെബ്രുവരിയിൽ വോളാറ്റിലിറ്റി സൂചിക 24.54 ലേക്ക് ഉയർന്ന് അപായ മണി മുഴക്കിയ വേളയിൽ സെൻസെക്സ് 51,500 റേഞ്ചിലായിരുന്നു. ഏകദേശം മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണു വോളാറ്റിലിറ്റി സൂചിക ഇപ്പോഴത്തെ നിലവാരത്തിൽ തിരിച്ചെത്തുന്നത്. നിലവിൽ സെൻസെക്സ് 85,000 റേഞ്ചിലും.
ബോംബെ സെൻസെക്സ് 338 പോയിന്റും നിഫ്റ്റി സൂചിക 80 പോയിന്റും നഷ്ത്തിലാണ്. വിദേശ ഇടപാടുകാർ നിക്ഷേപം തിരിച്ചുപിടിക്കാൻ നടത്തിയ നീക്കം രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാക്കി. എന്നാൽ, വാരാന്ത്യം വിദേശ ഫണ്ടുകൾ നിക്ഷേപകരായത് ഓഹരിവിപണിക്കും രൂപയ്ക്കും ആശ്വാസം പകർന്നു.
നിഫ്റ്റി 26,046 പോയിന്റിൽനിന്നും തുടക്കത്തിൽ കൂടുതൽ മികവിനു ശ്രമിച്ച ഘട്ടത്തിൽ മുൻനിര ഓഹരികൾ വില്പന സമ്മർദത്തിൽ അകപ്പെട്ടു. ഇതോടെ കഴിഞ്ഞ ലക്കം വ്യക്തമാക്കിയ 25,766ലെ ആദ്യ താങ്ങ് തകർത്ത് സൂചിക 25,739ലേക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യം 25,966 പോയിന്റിലാണ്.
ഈവാരം ഇടപാടുകൾ നാലു ദിവസങ്ങളിൽ ഒതുങ്ങുന്നതിനാൽ നിഫ്റ്റി 200 പോയിന്റിനകത്ത് ചാഞ്ചാടാം. ആദ്യ താങ്ങ് 25,788ലാണ്, ഇത് നഷ്ടപ്പെട്ടാൽ നിഫ്റ്റി 26,611ലേക്ക് പരീക്ഷണം നടത്താം. അതേസമയം, ഒരു തിരിച്ചുവരവിനു മുതിർന്നാൽ 26,093- 26,221ൽ പ്രതിരോധമുണ്ട്. മറ്റ് സാങ്കേതിക വശങ്ങളിലേക്ക് തിരിഞ്ഞാൽ ഡെയ്ലി, വീക്കിലി ചാർട്ടിൽ നിഫ്റ്റി ബുള്ളിഷാണ്. എംഎസിഡിയും സൂപ്പർ ട്രെൻഡും കരുത്തു നിലനിർത്തി.
നിഫ്റ്റി ഡിസംബർ ഫ്യൂച്ചേഴ്സ് 26,145ൽനിന്നും മികവിന് അവസരം ലഭിക്കാതെ നഷ്ടത്തിൽ നീങ്ങി. വ്യാഴാഴ്ച 25,801 വരെ തളർന്നെങ്കിലും വാരാന്ത്യം കരുത്ത് തിരിച്ചുപിടിച്ച് 26,030ലാണ്. നീക്കം വിലയിരുത്തിയാൽ 25,800 – 25,750 റേഞ്ചിൽ നിഫ്റ്റി ഫ്യൂച്ചേഴ്സിന് സപ്പോർട്ട് പ്രതീക്ഷിക്കാം. വിപണിയുടെ അടിത്തട്ടിൽ ബുള്ളിഷ് ട്രെൻഡ് ഇപ്പോഴുമുള്ളതിനാൽ ഒരു കുതിപ്പിന് ഇടയുണ്ട്. 26,100ലെ ആദ്യ പ്രതിരോധം തകർക്കാനായാൽ പുതുവർഷം 27,000നെ ഉറ്റുനോക്കും.
ഡിസംബർ ഫ്യൂച്ചേഴ്സ് ഓപ്പൺ ഇന്ററസ്റ്റ് 163 ലക്ഷം കരാറുകളിൽ നിന്ന് 154 ലക്ഷമായി. തൊട്ട് മുൻവാരം ഓപ്പൺ ഇന്ററസ്റ്റ് 147 ലക്ഷത്തിൽനിന്നും 163 ലക്ഷമായി ഉയർന്നപ്പോൾ സൂചിപ്പിച്ചതാണു പുതിയ ഷോർട്ട് പൊസിഷനുകൾക്ക് ഊഹക്കച്ചവടക്കാർ ഉത്സാഹിച്ചത്. അവർ അന്നു സൃഷ്ടിച്ച വില്പനയുടെ ആഘാതം കഴിഞ്ഞവാരം തളർച്ചയ്ക്ക് ഇടയാക്കി.
സെൻസെക്സിന് 85,000 ലെ താങ്ങ് നഷ്ടമായി. 85,267ൽ ഇടപാടുകൾ ആരംഭിച്ചെങ്കിലും 85,286ന് മുകളിൽ ഇടം പിടിക്കാനായില്ല. മുൻനിര, രണ്ടാം നിര ഓഹരികളിലെ വില്പന സമ്മർദത്തിൽ സൂചിക 84,277ലേക്ക് ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 84,929ലാണ്. വിപണിയുടെ ചലനങ്ങൾ സാങ്കേതികമായി വിലയിരുത്തിയാൽ ഈ വാരം 85,384 – 85,839 പോയിന്റിൽ പ്രതിരോധമുണ്ട്. വില്പന സമ്മർദമുണ്ടായാൽ 84,375 – 83,821ൽ താങ്ങ് പ്രതീക്ഷിക്കാം.
വിദേശ ഫണ്ടുകൾ 3850.24 കോടി രൂപയുടെ വിൽപ്പനയും 1985.37 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ എല്ലാ ദിവസവും വാങ്ങലുകാരായി 12,061.92 രൂപയുടെ ഓഹരികൾ വാങ്ങി. നടപ്പ് വർഷം അവരുടെ മൊത്തം വാങ്ങൽ 7,32,712.92 കോടി രൂപയാണ്. ആഭ്യന്തര ഫണ്ടുകൾ ഓരോ പ്രവൃത്തി ദിനങ്ങളിലെ ഓരോ മണിക്കൂറിലും 510 കോടി രൂപയ്ക്ക് മുകളിലുള്ള തുക നിക്ഷേപിച്ചു. വിദേശ ഫണ്ടുകൾ ഈ വർഷം ഇതു വരെയായി 1,56,123.24 കോടി രൂപയുടെ ഓഹരികൾ വിറ്റു.
രൂപയ്ക്ക് റിക്കാർഡ് മൂല്യം തകർച്ച. ഡോളറിനു മുന്നിൽ 90.42ൽനിന്നും 91.08 വരെ ഇടിഞ്ഞ ശേഷം വ്യാപാരാന്ത്യം രൂപ 89.55ലാണ്. ഈവാരം വിനിമയ മൂല്യം 89.14 - 91.08 റേഞ്ചിൽ നീങ്ങാം.
ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 4299 ഡോളറിൽ നിന്നും 4174ലേക്ക് താഴ്ന്നു. എന്നാൽ, തൊട്ട് മുൻവാരത്തിലെ താഴ്ന്ന നിരക്കായ 4173ലെ സപ്പോർട്ട് നിലനിർത്തിയത് ബുൾ ഓപ്പറേറ്റർമാരെ ആവേശം കൊള്ളിച്ചതോടെ 4373 ഡോളർ വരെ സ്വർണം മുന്നേറിയ ശേഷം 4344 ഡോളറിൽ ക്ലോസിംഗ് നടന്നു.
Business
മുംബൈ: വിദേശ വിപണിയിൽ അമേരിക്കൻ കറൻസിയുടെ ശക്തി ഉണ്ടായിരുന്നിട്ടും ഇന്നലെ യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 12 പൈസ വർധിച്ചു. രൂപയുടെ തുടർച്ചയായ രണ്ടു ദിവസത്തെ നേട്ടത്തിനു പിന്നിൽ വിപണിയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുണ്ടെന്നാണ് കരുതുന്നത്.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 90.35 എന്ന താഴ്ന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ തലേന്നത്തെ വിലയേക്കാൾ 34 പൈസ ഉയർന്ന് 90.04 എന്ന നിലയിലെത്തി. വ്യാപാര സെഷന്റെ അവസാനം രൂപയുടെ മൂല്യം 12 പൈസ ഉയർന്ന് 90.26ൽ ക്ലോസ് ചെയ്തു.
ബുധനാഴ്ചഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ നിന്ന് 55 പൈസ ഉയർന്ന് 90.38ൽ ക്ലോസ് ചെയ്തിരുന്നു.
ആറു കറൻസികൾക്കെതിരേ ഡോളർ സൂചിക ശക്തമായ നിലയിലാണ്. 0.16 ശതമാനം ഉയർന്ന് 98.58ലാണ് വ്യാപാരം നടത്തുന്നത്. അസംസ്കൃത എണ്ണവില 0.35 ശതമാനം ഉയർന്ന് ബാരലിന് 59.89 ഡോളറിലാണ്.
ഓഹരിവിപണിയിൽ നഷ്ടം
ഇന്ത്യൻ ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ നഷ്ടത്തിൽ ക്ലോസ് ചെയ്തു. തുടർച്ചയായ നാലാം ദിവസമാണ് വിപണി ഇടിവിലാകുന്നത്. നിരവധി ചാഞ്ചാട്ടങ്ങൾ കണ്ട നിഫ്റ്റിക്ക് 25,800 എന്ന നിലവാരത്തിന് മുകളിൽ തുടരാനായി. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ തുടരുന്ന അനിശ്ചതത്വവും ദുർബലമായ ആഗോള സൂചനകളും വിപണിയെ വല്ലാതെ ബാധിച്ചു. സെൻസെക്സ് 78 പോയിന്റ് ഇടിഞ്ഞ് 84,481.81ലും നിഫ്റ്റി 3 പോയിന്റ് താഴ്ന്ന്25,815.55ലും ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്കാപ് സൂചിക 0.34 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ സ്മോൾകാപ് സൂചിക 0.13 ശതമാനം ഇടിഞ്ഞു.
എഫ്ഐഐകൾ നിക്ഷേപകരായി രണ്ടാം ദിവസം
വിദേശ നിക്ഷേപകർ തുടർച്ചയായ രണ്ടു ദിവസമായി ഇന്ത്യൻ വിപണിയിൽ നിക്ഷേപകരായി. ബുധനാഴ്ച 1,171.71 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. തുടർച്ചയായ 14 ദിവസത്തെ പിൻവലിക്കലിനുശേഷമാണ് ബുധനാഴ്ച എഫ്ഐഐകൾ നിക്ഷേപകരായി തിരിച്ചുവന്നത്. ഇന്നലെ 565.78 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.
Business
മുംബൈ: വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിക്കുന്നതിനെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണി ഇന്നലെയും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. തുടർച്ചയായി മൂന്നാം ദിവസമാണ് വിപണി ഇടിയുന്നത്.
സെൻസെക്സ് 120 പോയിന്റ് താഴ്ന്ന് ഈ ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. വ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ 263.88 പോയിന്റ് വരെ താഴ്ന്ന സെൻസെക്സ് 84,559.65 എന്ന നിലയിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 41.55 പോയിന്റ് ഇടിഞ്ഞ് 25,818.55 എന്ന നിലയിലെത്തി. ഇതും ഈ ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.
ട്രെന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, അദാനി പോർട്സ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിൻസെർവ്, ഭാരത് ഇലക്ട്രിക്സ്, ടൈറ്റൻ, ഏഷ്യൻ പെയിന്റ്സ് എന്നിവയ്ക്ക് നഷ്ടം നേരിട്ടപ്പോൾ എസ്ബിഐ, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, മാരുതി എന്നീ പ്രധാന ഓഹരികൾ നേട്ടമുണ്ടാക്കി.
രൂപയുടെ മൂല്യത്തിലുണ്ടായ മാറ്റവും വിദേശ നിക്ഷേപകരുടെ പിൻവാങ്ങലും വിപണിയെ ഒരേപോലെ ബാധിക്കുന്നുണ്ടെന്നാണ് സാന്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
Business
മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. ചരിത്രത്തിൽ ആദ്യമായി രൂപയുടെ മൂല്യം 91 കടന്നു. ഇന്നലെ ഡോളറിനെതിരേ 23 പൈസ നഷ്ടത്തിൽ എക്കാലത്തെയും താഴ്ന്ന നിരക്കായ 91.01ൽ വ്യാപാരം പൂർത്തിയാക്കി.
ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ ഫണ്ടിന്റെ ഒഴുക്ക് തുടരുന്നത്, ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ ബ്രേക്ക് ത്രൂ കാണാത്തത്, ഡോളറിന്റെ വാങ്ങൽ ഉയർന്നത് എന്നിവ രൂപയുടെ വീഴ്ചയ്ക്കു കാരണമായി.
ഇന്നലെ വ്യാപാരത്തിനിടെ ഡോളറിനെതിരേ രൂപ തലേന്നത്തെ ക്ലോസിംഗിനേക്കാൾ 36 പൈസ നഷ്ടത്തിൽ 91.14 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. പിന്നീട്, ചെറിയ നേട്ടമുണ്ടാക്കി.
ഡോളർ ദുർബലമായതും ആഗോള ക്രൂഡ് ഓയിൽ വിലയിലെ കുത്തനെയുള്ള ഇടിവും പോലും രൂപയുടെ വീഴ്ചയെ തടയാനായില്ലെന്ന് വിദേശനാണ്യ വ്യാപാരികൾ പറഞ്ഞു.
കഴിഞ്ഞ പത്ത് വ്യാപാര സെഷനുകളിൽ രൂപയുടെ മൂല്യം ഡോളറിന് 90 എന്ന നിലയിൽനിന്ന് 91ലേക്ക് താഴ്ന്നു. കഴിഞ്ഞ അഞ്ചു സെഷനുകളിൽ മാത്രം ഡോളറിനെതിരേ രൂപയുടെ മൂല്യത്തിൽ ഒരു ശതമാനം ഇടിവുണ്ടായി.
വിദേശനാണ്യ വ്യാപാരികളുടെ അഭിപ്രായത്തിൽ ഈ മാസം തന്നെ ഡോളറിനെതിരേ മൂല്യം 92 കടക്കുമെന്നാണ് വിലയിരുത്തൽ.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപ 90.87ലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് 90.76 മുതൽ 91.14 വരെയുള്ള റേഞ്ചിൽ വ്യാപാരം നടത്തി. അവസാനം 91.01 എന്ന നിലയിൽ ക്ലോസ് ചെയ്തു. തിങ്കളാഴ്ച 90.78 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
പയർവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വർധനയുണ്ടായിട്ടും മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിൽ തുടർച്ചയായ രണ്ടാം മാസവും -0.32 ശതമാനം നെഗറ്റീവായതായി സർക്കാർ കണക്കുകൾ വ്യക്തമാക്കി. മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറിൽ -1.21 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ 2.16 ശതമാനത്തിലായിരുന്നു.
ആറു കറൻസികൾക്കെതിരേ ഡോളർ സൂചിക 0.08 ശതമാനം ഇടിഞ്ഞ് 98.23 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.അസംസ്കൃത എണ്ണ വില ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 1.78 ശതമാനത്തോളം താഴ്ന്ന് ബാരലിന് 59.48 ഡോളർ എന്ന നിലയിലെത്തി.
ഓഹരിവിപണി നഷ്ടത്തിൽ
ഓഹരിവിപണി തുടർച്ചയായ രണ്ടാം ദിനവും നഷ്ടത്തിൽ. സെൻസെക്സ് 533.50 പോയിന്റ് (0.63%) താഴ്ന്ന് 84,679.86ലും നിഫ്റ്റി 167.20 (0.64%) നഷ്ടത്തിൽ 25,860.10ലും ക്ലോസ് ചെയ്തു. രൂപയുടെ മൂല്യത്തകർച്ചയും വിദേശ ധനകാര്യസ്ഥാപനങ്ങളുടെ (എഫ്ഐഐ) തുടർച്ചയായ ഓഹരി വിറ്റഴിക്കൽ, ദുർബലമായ ആഗോള സൂചനകൾ എന്നിവയുമാണ് ഓഹരിവിപണിയെ ബാധിച്ചത്.
Business
മുംബൈ: മുൻ സെഷനിലെ നേട്ടം തുടർച്ചയായ രണ്ടാം ദിവസവും ആവർത്തിച്ച് ഇന്ത്യൻ ഓഹരി സൂചികകൾ. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെ തുടർന്ന് ആഗോളതലത്തിലുണ്ടായ മികച്ച സൂചനകളും നിക്ഷേപതാത്പര്യങ്ങളും വിപണിയുടെ മികവിനു കാരണമായി. 25 ബേസിസ് പോയിന്റിന്റെ കുറവാണ് ഫെഡറൽ റിസർവ് വരുത്തിയത്.
സെൻസെക്സ് 449.52 പോയിന്റ് (0.53%) മുന്നേറി 85,268 പോയിന്റിലും നിഫ്റ്റി 148.40 പോയിന്റ് (0.57%) നേട്ടത്തോടെ 26,047ലും ക്ലോസ് ചെയ്തു.
എന്നാൽ, സെൻസെക്സും നിഫ്റ്റിയും ഈ ആഴ്ച 0.5 ശതമാനം താഴ്ച രേഖപ്പെടുത്തി. സൂചികകൾ സർവകാല റിക്കാർഡിൽ എത്തിയതിനെത്തുടർന്ന് ഈ ആഴ്ചയുടെ ആദ്യ മൂന്നു ദിവസങ്ങളിൽ നിക്ഷേപകർ വൻതോതിൽ ലാഭമെടുപ്പ് നടത്തിയതാണ് ആഴ്ചയടിസ്ഥാനത്തിൽ ഇടിവിനിടയാക്കിയത്.
ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈന 2026ലേക്ക് സാന്പത്തിക ഉത്തേജനം വാഗ്ദാനം ചെയ്യുകയും ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുകയും ചെയ്തതിനെതുടർന്ന് ഉണ്ടായ ഡിമാൻഡ് പ്രതീക്ഷകളിൽ ഇന്നലെ മെറ്റൽ സൂചികകളിൽ 2.6 ശതമാനം കുതിപ്പ് നടത്തി.
കഴിഞ്ഞ ദിവസം യുഎസ് വിപണികൾ ഉയർന്നു വ്യാപാരം പൂർത്തിയാക്കിയതിനു പിന്നാലെ ഏഷ്യൻ സൂചികകളിൽ പ്രധാനമായും ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കീ, ഹോങ്കോംഗിന്റെ ഹാംഗ് സെംഗ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. ഇത് ആഭ്യന്തര വിപണികൾക്കു പിന്തുണ നൽകി
Business
മുംബൈ: യുഎസ് ഫെഡറൽ റിസർവിന്റെ നയപ്രഖ്യാപനത്തിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിച്ചതിനാൽ, ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ രണ്ടാം ദിവസവും ചുവപ്പണിഞ്ഞു. ഇന്ത്യയിൽനിന്നുള്ള അരി കയറ്റുമതിക്ക് യുഎസ് തീരുവ ചുമത്താൻ സാധ്യതയുണ്ടെന്ന സൂചനകളും വിപണിക്ക് തിരിച്ചടിയായി.
ബിഎസ്ഇ സെൻസെക്സ് 436.41 പോയിന്റ് (0.51%) താഴ്ന്ന് 84,666.28ൽ വ്യാപാരം പൂർത്തിയാക്കി. രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയാണ്. ഇൻട്രാഡേയിൽ സെൻസെക്സ് 719.73 പോയിന്റ് (0.84%) ഇടിഞ്ഞ് 84,382.96 എന്ന താഴ്ന്ന നിലയിലെത്തി. നിഫ്റ്റി 121 (0.47%) പോയിന്റ് നഷ്ടത്തിൽ 25,839.65ലും ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ 232.55 പോയിന്റ് (0.89%) താഴ്ന്ന് 25,728ൽ എത്തിയിരുന്നു.
പ്രധാന സൂചികകൾ നഷ്ടത്തിലായപ്പോൾ വിശാല സൂചികയിൽ നിഫ്റ്റി മിഡ്കാപ് (0.32%), സ്മോൾകാപ് (1.14%) എന്നിവ ഉയർന്നു. മേഖലാ സൂചികകളിൽ നിഫ്റ്റി മീഡിയ (0.70%), പൊതുമേഖല ബാങ്ക് (1.29%), റിയൽറ്റി (0.95%), കണ്‍സ്യൂമർ ഡ്യൂറബിൾസ് (1.31%) എന്നിവ മാത്രമാണ് മുന്നേറിയത്. ഐടി (1.19%), ഓട്ടോ (0.72%) ഓഹരികളിൽ കനത്ത വിൽപ്പന സമ്മർദം നേരിട്ടു. ബിഎസ്ഇ മിഡ്കാപ്, സ്മോൾകാപ് സൂചികകളും മുന്നേറി.
വിപണി തകർച്ചയ്ക്ക് കാരണങ്ങൾ
യുഎസ് ഫെഡ് തീരുമാനം സംബന്ധിച്ച ആശങ്കകൾ
യുഎസ് ഫെഡറൽ റിസർവിന്റെ രണ്ടു ദിവസത്തെ യോഗം തുടങ്ങുന്നതിനു മുന്നോടിയായി നിക്ഷേപകർ ആശങ്കയിലാണ്. ഫെഡറൽ റിസർവ് ഫലം ഇന്ന് വരാനിരിക്കേ 25 ബേസിസ് പോയിന്റ് നിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. നിലവിലുള്ള പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളും അമേരിക്കൻ സന്പദ് വ്യവസ്ഥയുടെ തിരിച്ചുവരവും കണക്കിലെടുത്ത് 2026ൽ സാന്പത്തിക ഞെരുക്കം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള സൂചനകൾക്കായി വിപണി കാത്തിരിക്കുകയാണ്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ അമേരിക്കൻ വിപണിയിലേക്ക് അരി ‘തള്ളുന്നത്’ നിർത്തണമെന്ന് അഭിപ്രായപ്പെടുകയും തീരുവകൾ വഴി ഈ വിഷയം പരിഹരിക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്തതോടെ ഇന്ത്യയുടെ അരി കയറ്റുമതിയെക്കുറിച്ച് ആശങ്കൾ വർധിച്ചു.
ഇന്ത്യൻ ബസുമതി അരിയുടെ നാലാമത്തെ വലിയ വിപണിയാണ് യുഎസ്. 2024-25 സാന്പത്തിക വർഷത്തിൽ ഇന്ത്യ 337.10 മില്യണ്‍ ഡോളറിന്റെ ബസ്മതി അരി യുഎസിലേക്കു കയറ്റുമതി ചെയ്തു. 274,213.14 മെട്രിക് ടണ്‍ അരിയുടെ കയറ്റുമതിയാണ് നടന്നത്.
ഇതേ കാലയളവിൽ, ഇന്ത്യ 54.64 മില്യണ്‍ ഡോളർ വിലമതിക്കുന്ന ബസ്മതി ഇതര അരി കയറ്റുമതി ചെയ്തു. ആകെ 61,341.54 മെട്രിക് ടണ്‍. ഇത് ഇന്ത്യൻ ബസ്മതി ഇതര അരിയുടെ 24-ാമത്തെ വലിയ വിപണിയായി യുഎസിനെ മാറ്റി.
വിദേശ സ്ഥാപന നിക്ഷേപർ ഇന്ത്യൻ ഓഹരി വിപണിയിൽനിന്നുള്ള വിറ്റഴിക്കൽ തുടരുന്നു. എട്ടാം ദിവസവും വിൽപ്പനക്കാരായ ഇവർ തിങ്കളാഴ്ച 655.59 കോടിയുടെ ഓഹരികളാണ് പിൻവലിച്ചത്.
ദുർബലമായ ആഗോള സൂചനകൾ: ആഗോള സൂചനകളുടെ ദൗർബല്യം ഇന്ത്യൻ വിപണിയെ സ്വാധീനിക്കുന്നുണ്ട്. ഏഷ്യയിലെ പ്രധാന വിപണി സൂചികകളായ ഹോങ്കോംഗിന്റെ ഹാംഗ് സെംഗ്, ദക്ഷിണ കൊറിയയുടെ കോസ്പി, ഷാങ്ഹായിയുടെ എസ്എസ്ഇ കോന്പോസിറ്റ് എന്നിവ നഷ്ടത്തിലായി. എന്നാൽ, ജപ്പാന്റെ നിക്കീ സൂചിക നേട്ടത്തിലെത്തി.
Business
മുംബൈ: യുഎസ് ഫെഡ് ഫലം വരാനിരിക്കേ തുടർച്ചയായ ഏഴാം ദിവസവും വിദേശ നിക്ഷേപർ ഓഹരിവിൽപ്പനയിലേക്കു കടന്നതോടെ ഓഹരി സൂചികകൾ ഇടിഞ്ഞു.
തുടർച്ചയായ രണ്ടു ദിവസത്തെ നേട്ടത്തിനു പിന്നാലെയാണ് വിപണികൾ നഷ്ടത്തിലായത്. ഇന്നലെ ഇൻട്രാഡേയിൽ നിക്ഷേപകർ ചെറുകിട, ഇടത്തരം ഓഹരികളിൽ ലാഭമെടുപ്പ് നടത്തിയതോടെ സൂചികയിലെ വൻകിട ഓഹരികളിൽ വിൽപ്പന പ്രകടമായി. ബുധനാഴ്ച യുഎസ് ഫെഡ് റിസർവിന്റെ ഫലം വരും.
30 ഓഹരികളുടെ ബിഎസ്ഇ സെൻസെക്സ് 609.68 പോയിന്റ് (0.71%) താഴ്ന്ന് 85,102.69ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സെൻസെസ്ക് 836.78 പോയിന്റ് (0.97%) ഇടിഞ്ഞ് ഇൻട്രാഡേയിൽ 84,875.59 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി.
50 ഓഹരികളുടെ നിഫ്റ്റി രണ്ടു ദിവസത്തെ നേട്ടത്തിനുശേഷം 226 (0.86%) നഷ്ടത്തിൽ 25,960.55ൽ ക്ലോസ് ചെയ്തു. ഇൻട്രാഡേയിൽ 294.2 പോയിന്റ് (1.12%) താഴ്ന്ന് 25,892.25ലെത്തി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം മൂല്യം മുന്‍പത്തെ സെഷനിലെ 471 ലക്ഷം കോടി രൂപയിൽനിന്ന് 464 ലക്ഷം കോടിയായി താഴ്ന്നു. ഇത് നിക്ഷേപർക്ക് ഏഴു ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തി.നിഫ്റ്റി മേഖല സൂചികകൾ മുഴുവൻ ചുവപ്പിലാണ് ക്ലോസ് ചെയ്തത്.
സെൻസെക്സിൽ ഭാരത് ഇലക് ട്രോണിക് ലിമിറ്റഡ്, എറ്റേണൽ, ട്രെന്റ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, അദാനി പോർട്സ്, ബജാജ് സെർവ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പവർഗ്രിഡ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ്, ടൈറ്റൻ, എൻടിപിസി, കോട്ടക് മഹീന്ദ്ര ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, എച്ച്യുഎൽ, എയർടെൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ വലിയ തകർച്ചയാണ് നേരിട്ടത്.
ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ മാത്രമാണ് നേട്ടമുണ്ടാക്കിയത്.
മറ്റ് ഏഷ്യൻ വിപണികളുടെ പ്രകടനം പോസിറ്റീവായിരുന്നു. ദക്ഷിണകൊറിയയുടെ കോസ്പി 1.34 ശതമാനം ഉയർന്നു. ഷാങ്ഹായി എസ്എസ്ഇ 0.54 ശതമാനവും ജപ്പാന്റെ നിക്കീ 0.13 ശതമാനവും മുന്നേറിയപ്പോൾ ഹോങ്കോംഗിന്റെ ഹാംഗ്സെംഗ് 1.23 ശതമാനം താഴ്ന്നു.
കേരള കന്പനികളിൽ ചുരുക്കം ഓഹരികൾ മാത്രമാണ് ഇന്നലെ നേട്ടത്തിലെത്തിയത്. ഓഹരിവില 9.96 ശതമാനം ഉയർന്ന യൂണിറോയൽ മറൈൻ എക്സ്പോർട്സാണ് ഇന്ന് ഏറ്റവും വലിയ മുന്നേറ്റം കാഴ്ചവച്ചത്. പ്രൈമ അഗ്രോ ഓഹരി എട്ട് ശതമാനത്തിനു മുകളിലാണ് ഉയർന്നത്.
ബിപിഎൽ ആണ് നഷ്ടത്തിൽ മുന്നിൽ. ഓഹരി വില 15 ശതമാനത്തിലധികം താഴ്ന്നു. കേരള ആയുർവേദ ഓഹരികൾ എട്ട് ശതമാനവും ഫാക്ട് ഓഹരികൾ ഏഴ് ശതമാനത്തിനടുത്തും താഴ്ച രേഖപ്പെടുത്തിയപ്പോൾ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, കെഎസ്ഇ എന്നിവ അഞ്ച് ശതമാനത്തിനു മുകളിൽ താഴ്ചയിലാണ്.
വൻ തോതിലുള്ള സ്മോൾകാപ്, മിഡ്കാപ് ഓഹരി വിൽപ്പന
നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതോടെ സ്മോൾകാപ്, മിഡ്കാപ് ഓഹരി സൂചികകളിൽ വൻ തോതിൽ വിൽപ്പന നടന്നു. സ്മോൾകാപ്പിൽ തുടർച്ചയായ അഞ്ചാം ദിവസവും ഇടിവായിരുന്നു. അഞ്ചു ദിവസങ്ങളിലായി നാലു ശതമാനത്തോളം നഷ്ടമാണ് സ്മോൾകാപ് സൂചികയിലുണ്ടായത്. 2.61 ശതമാനം നഷ്ടമാണ് ഇന്നലെ രേഖപ്പെടുത്തിയത്. മിഡ്കാപ് സൂചികയിൽ ഇന്നലെ 1.83 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.
എഫ്ഐഐകളുടെ ഒഴുക്ക്
വിദേശ സ്ഥാപന നിക്ഷേപകർ തുടർച്ചയായ ഏഴാം ദിവസവും ഓഹരി വിൽപ്പനക്കാരായി. വെള്ളിയാഴ്ച 438.90 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ഈ മാസം ആകെ 10,403.62 കോടി രൂപയുടെ ഓഹരികളാണ് എഫ്ഐഐകൾ പിൻവലിച്ചത്.
രൂപയുടെ നഷ്ടം
ഡോളറിനെതിരേ രൂപ തുടർച്ചയായ നഷ്ടത്തിലാണ്. ഇന്നലെ തുടക്കത്തിൽ അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും മൂലം ഡോളറിനെതിരേ രൂപയുടെ മൂല്യം 16 പൈസ താഴ്ന്ന് 90.11ലെത്തി. അവസാനം 14 പൈസ നഷ്ടത്തിൽ 90.09ൽ വ്യാപാരം പൂർത്തിയാക്കി.
ഇറക്കുമതിക്കാരിൽ അമേരിക്കൻ കറൻസിക്കുണ്ടായ ശക്തമായ ആവശ്യകത, ഓഹരിവിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ തുടരുന്ന അനിശ്ചിതത്വം എന്നിവയാണ് രൂപയുടെ ഇടിവിന് കാരണമാകുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
യുഎസ് ഫെഡ് നയതീരുമാനത്തെ കുറിച്ചുള്ള ആശങ്കകളും വിപണിയെ ബാധിച്ചു. ഡിസംബർ 10-ന് പ്രഖ്യാപിക്കാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനത്തിനായി വിപണി കാത്തിരിക്കുകയാണ്. പലിശ നിരക്കിൽ കുറവ് വരുത്തുമോ എന്ന കാര്യത്തിലുള്ള അവ്യക്തത നിക്ഷേപകരെ വിൽപനയ്ക്ക് പ്രേരിപ്പിക്കുന്നു.
Business
മുംബൈ: ചരിത്രത്തിൽ ആദ്യമായി ഡോളറിനെതിരേ രൂപയുടെ മൂല്യം 90 കടന്നു. ഡോളറിനെതിരേ എക്കാലത്തെയും താഴ്ന്ന നിരക്കായ 90.15ലാണ് രൂപ ഇന്നലെ ക്ലോസ് ചെയ്തത്.
വിദേശ ഫണ്ടുകളുടെ ഒഴുക്ക്, ഉയർന്ന അസംസ്കൃത എണ്ണ വില, ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം എന്നിവയാണ് രൂപയുടെ മൂല്യം ഇടിക്കുന്നത്. തകർച്ച തടയാൻ ആർബിഐയുടെ ദൃശ്യമായ ഇടപെടൽ ഇല്ലാത്തത് രൂപയുടെ മേൽ കൂടുതൽ സമ്മർദം ചെലുത്തിയെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 89.96 എന്ന നിരക്കിലാണ് വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ ഏറ്റവും കുറഞ്ഞ മൂല്യമായ 90.30ലെത്തി. അവസാനം തലേന്നത്തെ നിലവാരത്തേക്കാൾ 19 പൈസ താഴ്്ന്ന് എക്കാലത്തെയും താഴ്ന്ന നിരക്കായ 90.15ൽ വ്യാപാരം അവസാനിപ്പിച്ചു. ചൊവ്വാഴ്ച 43 പൈസ നഷ്ടത്തിൽ 89.96ലാണ് വ്യാപാരം പൂർത്തിയാക്കിയത്.
അസംസ്കൃത എണ്ണ വില ബാരലിന് 63 ഡോളറിനു മുകളിലാണ്. ഡോളർ സൂചിക 99.16 എന്ന ഉയർന്ന നിലവാരത്തിലാണ്.
ഓഹരിവിപണിയും നഷ്ടത്തിൽ
ഇന്ത്യൻഓഹരി വിപണി തുടർച്ചയായ നാലാം ദിവസവും തകർച്ചയിൽ. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ തുടർച്ചയായ വില്പനയും രൂപയുടെ മൂല്യം റിക്കാർഡ് താഴ്ചയിലെത്തിയതും സൂചികകളിൽ പ്രതിഫലിച്ചു.
സെൻസെക്സ് 31.46 പോയിന്റ് ഇടിഞ്ഞ് 85,107ലെത്തി. നിഫ്റ്റി 46 പോയിന്റ് നഷ്ടത്തോടെ 25,986ൽ ക്ലോസ് ചെയ്തു. പ്രധാന സൂചികകളേക്കാൾ കനത്ത തിരിച്ചടി നേരിട്ടത് വിശാല സൂചികകളിലാണ്. നിഫ്റ്റി മിഡ്കാപ് സൂചിക 0.98 ശതമാനവും സ്മോൾകാപ് സൂചിക 0.71 ശതമാനവും ഇടിവിലാണ്.
നിഫ്റ്റി മേഖലാ സൂചികകളിൽ പൊതുമേഖല ബാങ്ക് ഓഹരികൾ 3.07 ശതമാനത്തിലെത്തി ഏറ്റവും വലിയ ഇടിവ് നേരിട്ടു. ഓട്ടോ (1.20%), മെറ്റൽ (0.49%), എഫ്എംസിജി (0.80%), റിയൽറ്റി (0.75%), കണ്‍സ്യൂമർ ഡ്യൂറബിൾസ് (1.57%), ഓയിൽ ആൻഡ് ഗ്യാസ് (0.62%), ഹെൽത്ത്കെയർ (0.32) എന്നിവ താഴ്ന്നു.
ഐടി (0.76%), പ്രൈവറ്റ് ബാങ്ക് (0.57%) സൂചികകൾ നേട്ടത്തിലെത്തി.