മുംബൈ: ആഗോള ഓഹരിവിപണികളിലുണ്ടായ കനത്ത ഇടിവിനെയും അസംസ്കൃത എണ്ണ വിലയിലുണ്ടായ പെട്ടെന്നുള്ള വർധനയെയും തുടർന്ന് ഇന്ത്യയുടെ പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റിയും വലിയ തകർച്ച നേരിട്ടു. പശ്ചിമേഷ്യയിൽ വീണ്ടും ശക്തമാകുന്ന സംഘർഷാവസ്ഥയാണ് വിപണിയെ ഇടിവിലേക്കു നയിച്ചത്.
വിപണി തുടർച്ചയായ രണ്ടാം സെഷനിലാണ് തകരുന്നത്. ബിഎസ്ഇ സെൻസെക്സ് 719 പോയിന്റ് (0.97%) നഷ്ടത്തിൽ 73,524ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സെൻസെക്സിൽ 924 പോയിന്റിന്റെ ഇടിവുണ്ടായിരുന്നു. 50 ഓഹരികളുടെ എൻഎസ്ഇ നിഫ്റ്റി 244 പോയിന്റ് (1.04%) താഴ്ന്ന് 23,123ൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ നിഫ്റ്റി 296.55 പോയിന്റ് വരെ താഴ്ന്നിരുന്നു.
ക്രൂഡ് ഓയിൽ വില ഉയർന്നു
ഇസ്രയേലും ഇറാനും പരസ്പരം മിസൈൽ ആക്രമണം നടത്തിയതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചുകയറി. ബ്രെന്റ് ക്രൂഡിന്റെ വില ഒരു ശതമാനത്തിലേറെ ഉയർന്ന് ബാരലിന് 94 ഡോളർ കടന്നു. ഡബ്ല്യുടിഐ ക്രൂഡ് വിലയും ഒരു ശതമാനത്തിനു മുകളിലേക്കു കയറി ബാരലിന് 92 ഡോളറിനടുത്തെത്തി.
രൂപയ്ക്ക് ഇടിവ്
ഇന്നലെ ഡോളറിനെതിരേ രൂപയുടെ മൂല്യം 56 പൈസ ഇടിഞ്ഞ് 95.74 എന്ന നിലവാരത്തിൽ വ്യാപാരം പൂർത്തിയാക്കി.
വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം ആഗോള വിപണിയിൽ നിക്ഷേപകർ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറിയതും ഇതിനെത്തുടർന്ന് യുഎസ് ഡോളർ ശക്തിപ്രാപിച്ചതും, ഒപ്പം അസംസ്കൃത എണ്ണവില ഉയർന്ന നിലയിൽ തുടരുന്നതും രൂപയ്ക്ക് മേൽ സമ്മർദമുണ്ടാക്കി.
Tags : Share Market BSE NSE Nifty Sensex Cruide Rupee