മാഡ്രിഡ്: ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിന്റെ അടിത്തറയാണു കുടുംബങ്ങളെന്നും രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നതിൽ കുടുംബങ്ങൾക്കു പ്രത്യേക പങ്കുണ്ടെന്നും കുടുംബങ്ങളെ പിന്തുണയ്ക്കുന്നതുവഴി രാജ്യങ്ങൾ ശക്തിപ്പെടുന്നുവെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
മാഡ്രിഡിൽ സ്പെയിൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. കുടുംബമെന്നത് ഒരു രാജ്യത്തിന്റെ സ്വാഭാവിക അടിത്തറയാണ്. ഗർഭധാരണം മുതൽ സ്വാഭാവിക അന്ത്യം വരെ ജീവിതം സംരക്ഷിക്കപ്പെടണം. ഓരോ യുദ്ധവും വേദനാജനകമായ പരാജയമാണ്.
അതു തിരിച്ചറിയാൻ ലോകനേതാക്കൾക്കാകണം. പുതിയ സാങ്കേതികവിദ്യകൾക്കും നിർമിതബുദ്ധിക്കും കർശനമായ ധാർമിക മേൽനോട്ടം ആവശ്യമാണ്. ഏതൊരു യഥാർഥ ജനാധിപത്യസമൂഹവും ചിന്താസ്വാതന്ത്ര്യം, മനഃസാക്ഷി സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കണം.
കുടിയേറ്റക്കാരോട് മനുഷ്യത്വപൂർണമായ സമീപനം വേണം. അവരുടെ അവകാശങ്ങൾ സംരക്ഷിക്കണം. ഒരു രാജ്യത്തിന്റെ ധാർമികമഹത്വം പ്രകടമാകുന്നത് ദുർബലരായ ജനങ്ങളെ ചേർത്തുനിർത്തുന്പോഴും അവരെ സംരക്ഷിക്കുന്പോഴുമാണ് -മാർപാപ്പ പറഞ്ഞു. ഇതാദ്യമായാണ് ഒരു മാർപാപ്പ സ്പെയിൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നത്. പാർലമെന്റംഗങ്ങൾ ഏഴു മിനിറ്റ് എഴുന്നേറ്റുനിന്നാണ് മാർപാപ്പയോടുള്ള ആദരവ് പ്രകടിപ്പിച്ചത്.
മൂന്നു ദിവസത്തെ മാഡ്രിഡ് സന്ദർശനം പൂർത്തിയാക്കി മാർപാപ്പ ഇന്ന് ബാഴ്സലോണയിലേക്കു യാത്രയാകും. ഉച്ചയ്ക്ക് 12.25ന് ബാഴ്സലോണയിൽ എത്തുന്ന മാർപാപ്പ ഉച്ചയ്ക്ക് ഒന്നിന് ബാഴ്സലോണ കത്തീഡ്രലിൽ മധ്യാഹ്നപ്രാർഥനയിൽ പങ്കെടുക്കും.
Tags : Countries support families strengthened Pope Leo XIV