പ്രതീകാത്മക ചിത്രം
പുതുക്കാട്: നെൻമണിക്കര മടവാക്കരയിൽ സ്വത്തുതർക്കത്തെത്തുടർന്ന് പിതാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. മടവാക്കര പൊലിയേടത്തുപറന്പിൽ കൃഷ്ണനാണു കൊല്ലപ്പെട്ട സംഭവത്തിൽ ഇളയമകൻ രാധാകൃഷ്ണനാണ് അറസ്റ്റിലായത്.
വീട്ടിൽ തനിച്ചുതാമസിച്ച കൃഷ്ണനെ ചൊവ്വാഴ്ച രാവിലെയാണു മുറിയിൽ മരിച്ചനിലയിൽ കണ്ടത്. ചെങ്ങാലൂരിലുള്ള മൂത്തമകൻ മുരളീധരൻ ഫോണിൽ വിളിച്ചിട്ടു കിട്ടാത്തതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു കൊലപാതകവിവരം പുറത്തറിയുന്നത്. മടവാക്കരയിലെ വീട്ടിലെത്തിയ മുരളീധരൻ, അടഞ്ഞുകിടന്ന വീട്ടിൽനിന്നു ദുർഗന്ധം വമിക്കുന്നതുകണ്ട് പുതുക്കാട് പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസെത്തി വീടുതുറന്നപ്പോഴാണ് കൃഷ്ണന്റെ മൃതദേഹം കണ്ടത്.
പോസ്റ്റ്മോർട്ടം പരിശോധനയിൽ തലയിലേറ്റ ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നും കൊലപാതകമാണെന്നും വ്യക്തമായി. ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതി രാധാകൃഷ്ണനാണെന്നു തിരിച്ചറിഞ്ഞു. സ്വത്തുതർക്കത്തെത്തുടർന്ന് കൃഷ്ണനുമായി പിണങ്ങി തൊട്ടടുത്ത പറന്പിലാണു രാധാകൃഷ്ണനും കുടുംബവും താമസിച്ചിരുന്നത്. കൃഷ്ണനു ജീവനാംശമായി മാസം 3000 രൂപ രാധാകൃഷ്ണൻ നൽകണമെന്നു കോടതി ഉത്തരവുണ്ടായിരുന്നു. എന്നാൽ, ഇതിനു രാധാകൃഷ്ണൻ തയാറായില്ല.
തുടർന്ന് കോടതി ഉത്തരവുപ്രകാരം രാധാകൃഷ്ണന്റ ഭൂമി അറ്റാച്ച് ചെയ്തു. ഇതാണു പിതാവിനോടുള്ള വൈരാഗ്യത്തിനു കാരണം. സംഭവദിവസം രാവിലെ പത്രവിതരണത്തിനെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ രാധാകൃഷ്ണൻ, വീടിന്റെ മുകൾനിലയിലൂടെ അകത്തുകടന്ന് കൃഷ്ണനെ കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
Tags : Property dispute arrest killing Crime Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash