പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കേരള നിയമസഭയിൽ പ്രമേയം പാസാക്കി. ഫീസ് ഈടാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തെ യുഡിഎഫ്, എൽഡിഎഫ് അംഗങ്ങൾ പിന്തുണച്ചു. ബിജെപി അംഗങ്ങളുടെ എതിർപ്പോടെയാണ് പ്രമേയം പാസാക്കിയത്.
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും തീരുമാനത്തിൽനിന്ന് കേന്ദ്രം പിൻവാങ്ങണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അതേസമയം രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനം നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ നീട്ടിവച്ചിട്ടുണ്ട്. 15 മുതൽ നിരക്ക് പ്രാബല്യത്തിൽ വരുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
എന്നാൽ ഉത്സവ സീസണിൽ വ്യാപാരികൾക്കിടയിൽ ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി തീരുമാനം നീട്ടിവയ്ക്കുകയാണെന്ന് എൻപിസിഐ അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേർന്ന എൻപിസിഐ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ വ്യാപാര ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ ചെറുകിട വ്യാപാരികൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
Tags : UPI Transactions UPI Transaction Fees Kerala Assembly Centre Government NPCI Digital Payments UPI Payment Charges UDF LDF BJP