പ്രതീകാത്മക ചിത്രം
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് നവജാതശിശു മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് ആരോപണം. കൊട്ടാരക്കര ചെപ്ര സ്വദേശികളായ സുരേഷ് - ശ്രീകല ദമ്പതികളുടെ നവജാത ശിശുവാണ് മരിച്ചത്. പ്രസവവേദന അനുഭവപ്പെട്ട ശ്രീകലയ്ക്ക് കൃത്യസമയത്ത് ശസ്ത്രക്രിയ നടത്തിയില്ലെന്നാണ് ആരോപണം.
സംഭവത്തിൽ കൊട്ടാരക്കര പൊലിസ് കേസെടുത്തു. ഡ്യൂട്ടി ഡോക്ടർക്കും നഴ്സിനും പിഴവ് സംഭവിച്ചെന്നാണ് പരാതി. പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീകലയ്ക്ക് മതിയായ പരിചരണം ലഭിച്ചില്ലെന്ന് ഭർത്താവ് സുരേഷ് ആരോപിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ അറിയിച്ചിട്ടും നഴ്സ് ഡോക്ടറെ വിവരമറിയിച്ചില്ലെന്നും കുടുംബം പറയുന്നു.
വേദന സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞ ശ്രീകലയോട് നഴ്സ് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. അതേസമയം വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ചികിത്സ പിഴവുണ്ടായിട്ടില്ലെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ പുറത്തെടുത്തപ്പോൾ മരിച്ചിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.
Tags : Newborn Baby Death Medical Negligence Complaint Police Case Newborn Death Case Hospital Negligence