x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിനഗോഗ് ആക്രമണം: എബിന്‍ പോളിനെ കോടതിയില്‍ ഹാജരാക്കി, കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ്

കൊച്ചി ബ്യൂറോ
Published: October 15, 2026 01:02 PM IST | Updated: October 15, 2026 01:02 PM IST

കടവുംഭാഗം സിനഗോഗിന് നേരെ ആക്രമണമുണ്ടായപ്പോൾ, പ്രതി എബിൻ

കൊച്ചി: എറണാകുളം മാര്‍ക്കറ്റിലെ കടവുംഭാഗം സിനഗോഗ് ആക്രമിച്ച കേസില്‍ പ്രതി എബിന്‍ ബി. പോളിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലിസ്.

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സിനഗോഗിന് മുന്‍വശത്തുള്ള ബ്ലോസം നഴ്സറിക്കു പ്രതി തീയിട്ടത്. കാറില്‍ എത്തിയ പ്രതി വാഹനത്തില്‍ നിന്നിറങ്ങി കൈവശമുണ്ടായിരുന്ന പെട്രോളൊഴിച്ച് നഴ്സറിയുടെ പ്രചാരണ സാമഗ്രികള്‍ക്കും ഫ്‌ലക്സുകള്‍ക്കും തീകൊളുത്തുകയായിരുന്നു. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ സ്വന്തം ഫോണില്‍ പകര്‍ത്തിയശേഷമാണ് ഇയാള്‍ കടന്നുകളഞ്ഞത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ അന്വേഷണം ആരംഭിച്ച പൊലിസ് സിസിടിവി ദൃശ്യങ്ങളുടെയും 150ഓളം പേരില്‍ നിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണു പുത്തന്‍കുരിശിലെ വാടകവീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പിടികൂടിയത്.

സിനഗോഗ് തീ കൊളുത്തി നശിപ്പിക്കാന്‍ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും ആക്രമണത്തിന്‍റെ സൂത്രധാരനായ പാക്കിസ്ഥാന്‍ ബോസ് പ്രതിക്ക് ആയുധങ്ങള്‍ എത്തിച്ചു നല്‍കാന്‍ നീക്കം നടത്തിയതായും പൊലിസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് പ്രതിയും ആസൂത്രകനും നടത്തിയ സമൂഹമാധ്യമത്തിലെ ചാറ്റിന്‍റെ നിര്‍ണായക വിവരങ്ങളും പൊലിസ് കണ്ടെടുത്തു.

ആക്രമണം നടത്തിയത് ബോസ് എന്നയാളുടെ നിര്‍ദേശ പ്രകാരമാണെന്നാണു പ്രതി പൊലിസിന് മൊഴി നല്‍കിയത്. എന്നാല്‍ ബോസ് ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. യഹൂദ ആരാധനാലയങ്ങള്‍ ഉള്‍പ്പടെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ ആക്രമണം നടത്തുന്നതു സംബന്ധിച്ച സന്ദേശങ്ങളും വിദേശബന്ധമുള്ള ഗ്രൂപ്പുകളുമായുള്ള ആശയവിനിമയങ്ങളും ഫോണില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

പ്രതിയുമായി ആശയവിനിമയം നടത്തിയ മറ്റൊരാളെ കുറിച്ചും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. ആയുധം വാങ്ങുന്നതു സംബന്ധിച്ച് ഇവര്‍ നടത്തിയ ചാറ്റില്‍ പറയുന്നുണ്ട്. വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപയില്‍ മുന്‍കൂറായി രണ്ടു ലക്ഷം രൂപ എബിന് നല്‍കിയതിനും തെളിവ് ലഭിച്ചു. കൊച്ചിക്ക് ശേഷം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും സമാനരീതിയില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

പാക്കിസ്ഥാനുമായി ബന്ധമുള്ള ടെലിഗ്രാം അക്കൗണ്ടുകളും ഹിന്ദിയിലുള്ള ചാറ്റുകളും എബിന്‍റെ ഫോണില്‍ നിന്നും കണ്ടെത്തിയിരുന്നു. ഈ ടെലിഗ്രാം അക്കൗണ്ടിന്‍റെ വിവരങ്ങള്‍ ആവശ്യപ്പെട്ടു ടെലിഗ്രാമിന് പൊലിസ് നോട്ടീസ് അയക്കും.

പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്തിരുന്നു. രാജ്യാന്തര ഭീകരവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും. എന്‍ഐഎയെ കൂടാതെ എബിനെ ഐബി, റോ ഉദ്യോഗസ്ഥരും മണിക്കൂറുകളോളം ചോദ്യം ചെയ്തു.

കേസ് അന്വേഷണത്തിനായി കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ അരുണ്‍ കെ. പവിത്രന്‍റെ മേല്‍നോട്ടത്തില്‍ എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്‍റ് കമ്മിഷണര്‍ സിബി ടോമിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.

Tags : Kochi Synagogue Attack EbinPaul Court Custody

Recent News

Corehub Up