കോഴിക്കോട്: മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ആരെയും ഒരു കാരണവശാലും പൊലിസ് ലോക്കപ്പുകളിലോ ജയിലുകളിലോ ഇനിമുതല് പാര്പ്പിക്കാന് പാടില്ല. മാനസികാരോഗ്യ പ്രശ്നങ്ങള് നേരിടുന്നവരും അലഞ്ഞുതിരിഞ്ഞുനടക്കുന്നവരും സ്വന്തമായി കാര്യങ്ങള് നോക്കാന് കഴിയാത്തവരുമായ വ്യക്തികളുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്ക്കാര് വിജ്ഞാപനം ചെയ്ത പുതിയ സ്റ്റാന്ഡേര്ഡ് ഓപറേറ്റിംഗ് പ്രൊട്ടോക്കോളി (എസ്ഒപി)ലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാനസികാരോഗ്യ നിയമം 2017ലെ സെക്ഷന് 100 പ്രകാരമാണ് പുതിയ മാര്ഗനിര്ദേശങ്ങള്.
മാനസികാരോഗ്യ പ്രശ്നങ്ങളുള്ള വ്യക്തികള് നേരിടുന്ന അവഗണന, ചൂഷണം, അക്രമം, ഭവനരഹിതാവസ്ഥ എന്നിവ തടയുന്നതിനും അവരെ വേഗത്തില് ആരോഗ്യ പരിരക്ഷാ കേന്ദ്രങ്ങളില് എത്തിക്കുന്നതിനുമാണ് പ്രൊട്ടോക്കോള് ലക്ഷ്യമിടുന്നത്. സംസ്ഥാന ലീഗല് സര്വീസസ് അഥോറിറ്റിയുടെയും പൊലിസ്, ആരോഗ്യവകുപ്പുകളുടെയും കൂട്ടായ ആലോചനകളുടെ അടിസ്ഥാനത്തിലാണ് മാര്ഗനിര്ദേശം പുറത്തിറക്കിയത്. ജില്ലാതലത്തില് ജില്ലാ ജഡ്ജി അധ്യക്ഷനായ കോ -ഓര്ഡിനേഷന് കമ്മിറ്റി പ്രവര്ത്തനങ്ങള് നിരീക്ഷിക്കും.
നിയമവിരുദ്ധ തടങ്കല്, അമിതമായ ബലപ്രയോഗം, ചികിത്സ വൈകിക്കല് തുടങ്ങിയ പരാതികള് ജില്ലാതല മേല്നോട്ട സമിതിക്ക് മുന്നില് സമര്പ്പിക്കാം. പൊലിസ് സ്റ്റേഷനുകള്, പട്രോളിംഗ് ഓഫിസര്മാര്, ട്രാഫിക് പൊലിസ്, റെയില്വേ പൊലിസ്, വനിതാ പൊലിസ് യൂണിറ്റുകള് എന്നിവരുള്പ്പടെ കേരളത്തിലെ എല്ലാ പൊലിസ് ഉദ്യോഗസ്ഥര്ക്കും യൂണിറ്റുകള്ക്കും പ്രൊട്ടോക്കോള് ബാധകമാണ്.
നിര്ദേശങ്ങള്
മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവര്ക്ക് പ്രധാനം ശിക്ഷയല്ല, ചികിത്സയാണ്. പൊലിസ് സംരക്ഷണത്തില് എടുക്കുന്ന വ്യക്തികളെ എത്രയും പെട്ടെന്നും അല്ലാത്ത സാഹചര്യത്തില് 24 മണിക്കൂറിനുള്ളിലും ഏറ്റവും അടുത്തുള്ള സര്ക്കാര് ആരോഗ്യകേന്ദ്രത്തില് എത്തിക്കണം. അലഞ്ഞുതിരിഞ്ഞുനടക്കുന്നതോ ഭവനരഹിതരോ ആയ മാനസികാരോഗ്യ പ്രശ്നങ്ങളുള്ള വ്യക്തികള്ക്കായി ബന്ധപ്പെട്ട പൊലിസ് സ്റ്റേഷനില് നിര്ബന്ധമായും മിസിംഗ് പേഴ്സണ് എഫ്ഐആര് രജിസ്റ്റര് ചെയ്യണം. കുടുംബാംഗങ്ങളെ കണ്ടെത്താനുള്ള നടപടികള് സ്വീകരിക്കുകയും വേണം. വൈദ്യസഹായം ലഭിക്കുന്നതുവരെ താത്കാലികമായി സംരക്ഷിക്കാന് പൊലിസ് സ്റ്റേഷനുകളില് പ്രത്യേക സേഫ് റൂമുകള് സജ്ജീകരിക്കണം.
ബലപ്രയോഗം പാടില്ല
മാനസികാരോഗ്യ പ്രശ്നമുള്ളവരെ സംരക്ഷണത്തില് എടുക്കുമ്പോള് കയര്, ചങ്ങല, കമ്പി, ബെല്റ്റുകള് ഉപയോഗിക്കാനോ, കഴുത്തിലോ നെഞ്ചിലോ വയറിലോ ബലപ്രയോഗം നടത്താനോ പാടില്ല. മാനസികാസ്വാസ്ഥ്യം ഇല്ലെന്ന് മെഡിക്കല് ഓഫിസര് കണ്ടെത്തിയാല്, സെക്ഷന് 100(6) പ്രകാരമുള്ള നിയമപരമായ നടപടികള് സ്വീകരിക്കണം.
വ്യക്തിയെ ആശുപത്രിയിലോ തെരുവിലോ ഉപേക്ഷിക്കാന് പാടില്ല. എഫ്ഐആര് രജിസ്റ്റര് ചെയ്തതുകൊണ്ടോ ആശുപത്രിയില് എത്തിച്ചതുകൊണ്ടോ പൊലിസിന്റെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. വ്യക്തി സുരക്ഷിതമായി കുടുംബത്തിലേക്ക് മടങ്ങുന്നതുവരെയോ നിയമപരമായ പരിചരണത്തില് എത്തുന്നതുവരെയോ കേസ് തുടരണം.
Tags : SOP Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash