തിരുവനന്തപുരം: 10 വര്ഷം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കാലയളവില് പിണറായി വിജയന് നടത്തിയത് 30 വിദേശയാത്രകള്. ഔദ്യോഗിക ആവശ്യങ്ങള്ക്കും സ്വകാര്യ സന്ദര്ശനങ്ങള്ക്കും ചികിത്സയ്ക്കുമെല്ലാമായി യാത്രകള് നടത്തിയിട്ടുണ്ട്. ഈ യാത്രകളുമായി ബന്ധപ്പെട്ട വിമാനക്കൂലി ഇനത്തില് പിണറായി വിജയനും ഭാര്യ കമലയും പെഴ്സനല് അസിസ്റ്റന്റ് വി.എം. സനീഷും ചേര്ന്ന് 1.15 കോടി രൂപ കൈപ്പറ്റിയതായും നിയമസഭയില്നിന്നും ലഭിച്ച രേഖകള് വ്യക്തമാക്കുന്നു.
2016 മുതല് 2026 വരെയുള്ള യാത്രകളുടെ കണക്കുകളാണ് രേഖയിലുള്ളത്. ഇതില് മൂന്നു യാത്രകള് സ്വകാര്യ ആവശ്യങ്ങള്ക്കായിരുന്നു. മൂന്നു തവണ ചികിത്സയ്ക്കായി അമേരിക്കന് യാത്ര നടത്തി. യുഎഇ, ബഹ്റൈന്, നെതര്ലന്ഡ്സ്, സ്വിറ്റ്സര്ലന്ഡ്, ഫ്രാന്സ്, യുകെ, ജപ്പാന്, ദക്ഷിണ കൊറിയ, നോര്വെ, ക്യൂബ, സൗദി അറേബ്യ, ഒമാന്, ഖത്തര്, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളും പിണറായി വിജയന്റെ വിദേശയാത്രാ പട്ടികയിലുണ്ട്.
2018 ജൂലൈ ഒന്പതു മുതല് 17 വരെ പിണറായി വിജയന് അമേരിക്കയിലും 2024 മേയ് ആറു മുതല് 12 വരെ ഇന്തോനേഷ്യയിലും 12 മുതല് 18 വരെ സിംഗപ്പൂരിലും 19 മുതല് 21 വരെ യുഎഇയിലും സ്വകാര്യസന്ദര്ശനം നടത്തിയിട്ടുണ്ട്. യുഎഇ, ബഹ്റിന്, നെതര്ലന്ഡ്സ്, സ്വിറ്റ്സര്ലന്ഡ്, ഫ്രാന്സ്, യുകെ, ജപ്പാന്, ദക്ഷിണ കൊറിയ, നോര്വെ, ക്യൂബ, സൗദി, ഒമാന്, ഖത്തര്, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് പിണറായി വിജയന് സന്ദര്ശനം നടത്തിയത്.
2016-21 കാലത്ത് പിണറായി വിജയനും സുനീഷിനും യുഎഇ, യുഎസ്, യുകെ, ജപ്പാന്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള സന്ദര്ശനങ്ങളുടെ വിമാനക്കൂലിയായി 12,91,681 രൂപയും 2021-26 കാലത്ത് പിണറായി, കമല, സുനീഷ് എന്നിവര് യുഎസ്, നോര്വെ, യുഎഇ, ക്യൂബ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് 1,02,47,400 രൂപയുമാണ് റീഇംബേഴ്സ് ചെയ്തത്.
മുന് മന്ത്രിമാരുടെ വിദേശയാത്രകളുടെ കണക്കുകളും റിപ്പോര്ട്ടിലുണ്ട്. പി. പ്രസാദ്, കെ.ബി. ഗണേഷ്കുമാര്, വി.എസ്. സുനില്കുമാര് എന്നിവരുടെ യാത്രകള് സ്വകാര്യ ആവശ്യങ്ങള്ക്കായിരുന്നു. യുഎഇ, കുവൈറ്റ്, ഖത്തര്, ഓസ്ട്രേലിയ, ഒമാന്, യുകെ എന്നിങ്ങനെ 11 വിദേശയാത്രകളാണ് മുന് മന്ത്രി പി. പ്രസാദ് നടത്തിയത്. കെ.ബി. ഗണേഷ് കുമാറിന്റെ 10 സ്വകാര്യ യാത്രകളില് ഇന്തോനേഷ്യ, യുഎഇ, ബഹ്റിന്, കുവൈറ്റ്, ഇറ്റലി, തായ്ലൻഡ് എന്നീ രാജ്യങ്ങള് ഉള്പ്പെടുന്നു.
വി. അബ്ദുറഹ്മാന് ജപ്പാന്, യുഎസ്എ, യുഎഇ, നോര്വേ, ഖത്തര്, സൗദി അറേബ്യ, ഇറ്റലി, മലേഷ്യ, സ്പെയിന് എന്നീ രാജ്യങ്ങളിലേക്ക് 14 വിദേശയാത്രകളാണ് നടത്തിയത്. ധനമന്ത്രിയായിരുന്ന കെ.എന്. ബാലഗോപാല് യുഎഇ, യുഎസ്എ, ക്യൂബ, ഷാര്ജ, സൗദി അറേബ്യ, ഖത്തര്, ഒമാന്, ബഹ്റിന്, കുവൈറ്റ് എന്നീ രാജ്യങ്ങളാണ് സന്ദര്ശിച്ചത്. ഡോ.ആര്. ബിന്ദു ഷാര്ജ, യുഎഇ, ഒമാന് എന്നീ രാജ്യങ്ങള് സന്ദര്ശിച്ചു. പി. രാജീവ് യുഎഇ, നോര്വെ, യുകെ, സ്വിറ്റ്സര്ലന്ഡ്, ലെബനന്, ചൈന എന്നിങ്ങനെ 10 വിദേശ യാത്രകള് നടത്തി.
ബഹ്റിന്, സൗത്ത് ആഫ്രിക്ക, സ്പെയിന്, സ്വിറ്റ്സര്ലന്ഡ്സ്, ഓസ്ട്രിയ, ജര്മനി, നെതര്ലന്ഡ്, ബെല്ജിയം, ഫ്രാന്സ്, യുഎഇ, യുകെ, അയര്ലന്ഡ് സിംഗപ്പൂര് എന്നിങ്ങനെ 14 രാജ്യങ്ങളാണ് മന്ത്രിയായിരുന്ന എം.ബി. രാജേഷ് സന്ദര്ശിച്ചത്.
പി.എ. മുഹമ്മദ് റിയാസിന്റെ വിദേശയാത്രാ പട്ടികയില് യുഎഇ, ഫ്രാൻസ്, യുകെ, സ്പെയിന്, ഷാര്ജ, ജര്മനി, ഇന്തോനേഷ്യ, സിംഗപ്പൂര്, തായ്ലൻഡ്, ജപ്പാന്, മലേഷ്യ എന്നീ രാജ്യങ്ങളുണ്ട്. മന്ത്രി റോഷി അഗസ്റ്റിന് മന്ത്രിയായിരുന്ന കാലയളവില് യുഎസ്എ, കാനഡ, മെക്സിക്കോ, കുവൈറ്റ്, ബഹ്റിന്, ഓസ്ട്രിയ, സ്ലോവാക്യ, ഇറ്റലി, സ്വിറ്റ്സർലൻഡ്, ജര്മനി, യുകെ, വത്തിക്കാന്, ജോര്ജിയ എന്നീ രാജ്യങ്ങള് സന്ദര്ശിച്ചു.
വീണാ ജോര്ജ് യുഎഇ, യുകെ, ബഹ്റിന് ക്യൂബ, യുഎസ്എ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് പല തവണയായി 11 വിദേശ യാത്രകളാണ് നടത്തിയത്. കടകംപള്ളി സുരേന്ദ്രന് മന്ത്രിയായിരുന്നു കാലയളവില് 13 വിദേശയാത്രകള് നടത്തി. എ.കെ. ബാലന് ആറു യാത്രകള് നടത്തിയപ്പോള് കെ.ടി. ജലീല് അഞ്ചു തവണ വിദേശത്തുപോയി. ഇ.പി. ജയരാജന് ഏഴു യാത്രകള് നടത്തിയപ്പോള് ഇ. ചന്ദ്രശേഖരന്, മാത്യു ടി. തോമസ്, തോമസ് ചാണ്ടി എന്നിവര് ഓരോ വിദേശയാത്ര വീതമാണ് നടത്തിയത്.
Tags : Pinarayi Vijayan Flown Out Chief Minister 30 Times Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash