കെസിബിസി
കൊച്ചി: യുഡിഎഫ് സർക്കാരിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ പ്രത്യാശ നൽകുന്നതും അഭിനന്ദനാർഹവുമാണെന്ന് കെസിബിസി ജാഗ്രത കമ്മിഷൻ. മുതിർന്ന പൗരന്മാരുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചതും വയോജന ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കാനുള്ള തീരുമാനവും നേട്ടങ്ങളാണ്.
സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ജനങ്ങൾ ദീർഘകാലമായി നേരിടുന്ന മറ്റു പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള നടപടികൾക്കും സർക്കാർ മുൻഗണന നൽകണം.
പരിസ്ഥിതിലോല മേഖലകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇനിയും നിലനിൽക്കുന്ന ജനങ്ങളുടെ ആശങ്കകൾ പരിഗണിച്ചും കർഷകരുടെയും മലയോര ജനതയുടെയും അവകാശങ്ങൾ സംരക്ഷിച്ചും വ്യക്തതയോടെയുള്ള തുടർനടപടികൾ കൈക്കൊള്ളണം.
വിഴിഞ്ഞത്തിനുപുറമെ സംസ്ഥാനത്തെ വിവിധ തീരദേശമേഖലകളിൽ കടലാക്രമണം, തീരശോഷണം, ഉപജീവനപ്രതിസന്ധി, പുനരധിവാസ പ്രശ്നങ്ങൾ തുടങ്ങിയവ നേരിടുന്ന മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ശാശ്വത പരിഹാരങ്ങളും ആവശ്യമായ സംരക്ഷണവും ഉറപ്പാക്കണം.
മലയോരമേഖലകളിൽ വർധിച്ചുവരുന്ന വന്യമൃഗശല്യം നിയന്ത്രിക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും സംരക്ഷണം ഉറപ്പാക്കുന്നതിനും ഫലപ്രദമായ നടപടികൾ സ്വീകരിക്കണം.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ടിലെ ശിപാർശകൾ സമയബന്ധിതമായി നടപ്പാക്കണം. റിപ്പോർട്ടിന്റെ നിർദേശങ്ങൾ പ്രായോഗികമാക്കുന്നതിലൂടെ അർഹരായ ജനവിഭാഗങ്ങൾക്കു നീതിയും ആനുകൂല്യങ്ങളും ഉറപ്പാക്കാൻ കഴിയണം.
മുനമ്പത്തെ ജനങ്ങളുടെ റവന്യു അവകാശം പുനഃസ്ഥാപിക്കാനും പ്രശ്നം ശാശ്വതമായി പരിഹരിക്കാനുമുള്ള അടിയന്തര ഇടപെടലുകൾക്കു സർക്കാർ തയാറാകണമെന്നും ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. എൽ. ആന്റണി പറഞ്ഞു.
Tags : UDFGovernment KCBC VigilanceCommission InitialActions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash