നിയമസഭാ സാമാജികർക്കായി കോട്ടയം കാരിത്താസ് ആശുപത്രി തുടങ്ങിയ സൗജന്യ മെഡിക്കൽ സ്ക്രീനിംഗ് ക്യാമ്പിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പര
തിരുവനന്തപുരം: നിയമസഭാ സാമാജികർക്കായി കോട്ടയം കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ സ്ക്രീനിംഗ് ക്യാമ്പ് തുടങ്ങി. ഇന്ന് സമാപിക്കും. കാരിത്താസ് ആശുപത്രിയിലെ കാർഡിയോളജി, ഓങ്കോളജി വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് സ്ക്രീനിംഗ് ക്യാമ്പ്.
ക്യാമ്പിൽ സമഗ്ര കാർഡിയോളജി ആൻഡ് മാമോഗ്രാം സ്ക്രീനിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നിയമസഭാ അംഗങ്ങൾക്ക് പുറമെ നിയമസഭാ ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ എന്നിവരും മെഡിക്കൽ സ്ക്രീനിംഗ് പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ഹൃദയാരോഗ്യ പരിരക്ഷാ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കണം എന്ന ലക്ഷ്യവുമായാണ് കാരിത്താസ് ആശുപത്രി മൊബൈൽ കാർഡിയോളജി വാഹനം സജ്ജമാക്കിയിരിക്കുന്നത്. ഹൃദയ സംബന്ധമായ രോഗലക്ഷണമുള്ളവർക്ക്, പ്രത്യേകിച്ച് നാൽപതു വയസിനു മുകളിലുള്ളവർക്ക്, പരിശോധനകൾ സമീപസ്ഥമാക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.
ഇസിജി, എക്കോ, ട്രെഡ്മിൽ ടെസ്റ്റ്, വൈറ്റൽസ് തുടങ്ങിയ പരിശോധനകൾ നടത്താനുള്ള സംവിധാനത്തിന് പുറമെ ഡോക്ടറുടെ സേവനവും മൊബൈൽ കാർഡിയോളജി വാഹനത്തിൽ ലഭ്യമാണ്. സ്തനാർബുദ പരിശോധന കൂടുതൽ സൗകര്യപ്രദവും ജനകീയവുമാക്കുന്നതിനായി ‘ഹോപ്പ് ഓൺ വീൽസ്’ എന്ന പേരിൽ മൊബൈൽ മാമോഗ്രാം വാഹനം കാരിത്താസ് ഒരുക്കിയിട്ടുണ്ട്.
അത്യാധുനിക മാമോഗ്രഫി സംവിധാനത്തോടെ സജ്ജീകരിച്ചിരിക്കുന്ന ഈ വാഹനം, ഗ്രാമീണ മേഖലകളിലും ആരോഗ്യ സേവനങ്ങൾ പരിമിതമായ പ്രദേശങ്ങളിലും ഉയർന്ന നിലവാരമുള്ള സ്തനാർബുദ പരിശോധനാ സൗകര്യം ലഭ്യമാക്കും. ദൂരപരിധി, സമയപരിമിതി, എന്നിവയെ മറികടന്ന് പരമാവധി അവബോധം ഉറപ്പാക്കാനും പരിശോധനാ രംഗത്തെ പ്രധാന തടസങ്ങളെ മറികടക്കാനും ഇതിന് സാധിക്കും.
സ്തനാർബുദലക്ഷണങ്ങൾ നേരത്തേ കണ്ടെത്തുന്നതിലൂടെ കൃത്യസമയത്ത് രോഗം തിരിച്ചറിയാനും രോഗം മൂലമുള്ള പ്രത്യാഘാതങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഇതിനോടകം മൂവായിരത്തിലധികം സൗജന്യ മാമ്മോഗ്രാം ടെസ്റ്റുകൾ നടത്താൻ കാരിത്താസ് ആശുപത്രിയ്ക്കു സാധിച്ചിട്ടുണ്ടെന്നു കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആരോഗ്യ മന്ത്രി. കെ. മുരളീധരൻ എന്നിവർ ചേർന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മന്ത്രി മോൻസ് ജോസഫ്, എംഎൽഎമാരായ നാട്ടകം സുരേഷ്, ബി. ബി. ഗോപകുമാർ, വി. കുഞ്ഞികൃഷ്ണൻ, കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത് എന്നിവർ പങ്കെടുത്തു.
കാരിത്താസ് ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. ജോണി ജോസഫ്, കമ്മ്യൂണിറ്റി മെഡിസിൻ കൺസൾട്ടന്റ് ഡോ. ജോസ് ജോം തോമസ് എന്നിവരുടെ നേതൃത്വത്തിൽ മറ്റു ഡോക്ടർമാരും ജീവനക്കാരും ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
Tags : Caritas MedicalScreening LegislativeAssemblyMembers Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash