കോട്ടയം: ഓണത്തിന്റെ ആനന്ദവും നന്മയും ചുറ്റുമുള്ളവരിലേക്കുകൂടി പകര്ന്നുനല്കി വയോജന മന്ദിരങ്ങളിലെ അന്തേവാസികളെയും പ്രളയബാധിത കുടുംബങ്ങളെയും ഒപ്പം ചേര്‍ത്ത് കാരിത്താസ് ആശുപത്രിയില്‍ ഒന്നിച്ച് ഒരോണം സംഘടിപ്പിച്ചു.
കൈപ്പുഴ സെന്റ് ജോസഫ് അസൈലം, ആര്‍പ്പൂക്കര നവജീവന്‍ ട്രസ്റ്റ്, ബിടിഎം (ബിഷപ് തോമസ് തറയില്‍ മെമ്മോറിയല്‍ ഓള്‍ഡേജ് ഹോം), ഏറ്റുമാനൂര്‍ സാന്‍ജോസ്, അഭയഭവന് കോട്ടയം, നീണ്ടൂര്‍ ഏയ്ഞ്ചല്‍ ഗാര്ഡന് എന്നിവിടങ്ങളില്‍നിന്നുള്ള ഇരുന്നൂറോളം മുതിര്‍ന്നവരാണ് അതിഥികളായെത്തിയത്. അവരെ സ്നേഹത്തോടെ സ്വീകരിച്ച കാരിത്താസ് കുടുംബം, ഒരുമിച്ചിരുന്ന് ഓണസദ്യ പങ്കുവച്ചും വിശേഷങ്ങള്‍ പങ്കിട്ടും ഈ ദിനം അര്‍ഥപൂര്‍ണമാക്കി. ഇതോടൊപ്പം വൈക്കം, മലരിക്കല്‍, പുതുപ്പള്ളി, എഴുമാന്തുരുത്ത് തുടങ്ങിയ മേഖലകളിലെ പ്രളയബാധിതര്‍ക്ക് സ്നേഹോപഹാരമായി അവശ്യസാധനങ്ങളുടെ ഓണക്കിറ്റുകളും കാരിത്താസ് എത്തിച്ചുനല്‍കി.
ആരും മാറ്റിനിര്‍ത്തപ്പെടാതെ എല്ലാവരും ഒരുമിച്ചു നില്‍ക്കുമ്പോഴാണ് ഓണം പൂര്‍ണമാകുന്നതെന്നും പ്രയാസങ്ങള്‍ക്കിടയിലും പരസ്പരം താങ്ങാകാന്‍ ഇത്തരം ഒത്തുചേരലുകള്‍ പ്രചോദനമാകുമെന്നും കാരിത്താസ് ആശുപത്രി ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഫാ. ഡോ. ബിനു കുന്നത്ത് പറഞ്ഞു.
കിറ്റ് വിതരണവും ഓണാഘോഷവും മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. കെ. ബിനിമോന് എംഎല്‍എ, നാട്ടകം സുരേഷ് എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു.
കാരിത്താസ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സൈജു പുത്തന്‍പറമ്പില്‍ , ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയ്സ് നന്ദിക്കുന്നേല്‍, പാസ്റ്ററല്‍ കെയര്‍ ഡയറക്ടര്‍ ഫാ. മാത്യു കണ്ണാലയില്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ബോബി എന്‍. ഏബ്രഹാം, സിഒഒ ആൻഡ് ഗ്രൂപ്പ് ഹെഡ് ഡോ. അജിത് വേണുഗോപാല്‍, ചീഫ് നഴ്സിംഗ് ഓഫീസര്‍ സിസ്റ്റര്‍ ഷിജി ജോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.