കിഫ്ബി
തിരുവനന്തപുരം: കിഫ്ബി നിലവിലെ രീതിയിൽ മുന്നോട്ടു പോയാൽ സംസ്ഥാനത്തിന് വലിയ ബാധ്യതയാകുമെന്നും കടുത്ത നടപടി വേണ്ടിവരുമെന്നും വിദഗ്ധ സമിതി റിപ്പോർട്ട്.
മുൻ ഐഎഎസ് ഉദ്യോഗസ്ഥ സുധാപിള്ളയുടെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണിതുള്ളത്. ഇന്നലെ മന്ത്രിസഭയിൽ ചർച്ച ചെയ്ത റിപ്പോർട്ട് ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും.
ഇന്നലെ മന്ത്രിസഭാ യോഗത്തിൽ സമിതി റിപ്പോർട്ടിന്റെ ശിപാർശകളും കണ്ടെത്തലുകളുമുള്ള രണ്ടു പേജ് കുറിപ്പ് മന്ത്രിമാർക്ക് വിതരണം ചെയ്തിരുന്നു. എന്നാൽ റിപ്പോർട്ട് ഇന്ന് നിയമസഭയിൽ വയ്ക്കുന്ന സാഹചര്യത്തിൽ മന്ത്രിമാർ വായിച്ചശേഷം കുറിപ്പ് മടക്കിവാങ്ങുകയായിരുന്നു.
നിലവിലെ കിഫ്ബി ഘടന പൊളിച്ചെഴുതുന്നതാണ് റിപ്പോർട്ട്. കിഫ്ബിയുടെ പ്രവർത്തനത്തിലും ധനസമാഹരണ രീതിയിലും മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. വരുമാനമുള്ള പദ്ധതികൾക്കാകും കിഫ്ബി മുൻഗണന നൽകുക. ഡയറക്ടർ ബോർഡ് അടക്കമുള്ള കിഫ്ബിയുടെ ഘടന പൊളിച്ചെഴുതാനും നിർദേശിക്കുന്നു.
കിഫ്ബിക്കുവേണ്ടി ഇനി ബജറ്റിനു പുറത്തുനിന്ന് കടമെടുപ്പു വേണ്ടെന്നു വയ്ക്കും. കിഫ്ബിയെ പൂർണമായി സർക്കാർ നിയന്ത്രണത്തിലാക്കും. സർക്കാർ കടമെടുക്കുന്നതിനേക്കാൾ ഒന്നു മുതൽ ഒന്നര ശതമാനം വരെ ഉയർന്ന പലിശ നിരക്കിലാണ് കിഫ്ബിയുടെ കടമെടുപ്പ്. ഇത്തരത്തിൽ ഉയർന്ന പലിശയ്ക്ക് വായ്പയെടുക്കുന്നത് അവസാനിപ്പിക്കും. സർക്കാർ അംഗീകൃത പലിശ നിരക്കിൽ കടമെടുപ്പ് പ്രോത്സാഹിപ്പിക്കണം.
ഓഡിറ്റിംഗും നിയമസഭയോടുള്ള വിധേയത്വവും ഉറപ്പാക്കും. കിഫ്ബിയിൽ വിരമിച്ച 460 ജീവനക്കാർക്ക് പുനർനിയമനം നൽകിയിട്ടുണ്ട്. ഇവരെ പൂർണമായി ഒഴിവാക്കിയേക്കും. ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കും തുടങ്ങിയ പുനഃസംഘടനാ നിർദേശങ്ങളാണ് വിദഗ്ധ സമിതി മുന്നോട്ട് വച്ചിട്ടുള്ളതെന്നാണ് അറിയുന്നത്.
കിഫ്ബി ഇതുവരെ 42193.45കോടിയാണ് വായ്പയെടുത്തിരിക്കുന്നത്. 9.6% വരെ വൻ പലിശയ്ക്കാണ് ഈ വായ്പയത്രയും എടുത്തിട്ടുള്ളത്. ഇതിൽ കേവലം 1023.71കോടി മാത്രമാണ് തിരിച്ചടച്ചിട്ടുള്ളത്.
Tags : KIIFB Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash