വൊസീഞ്ഞ
ന്യൂയോർക്ക്: ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത 11 താരങ്ങളെ ഉൾപ്പെടുത്തി ടീം ഓഫ് ദ ടൂർണമെന്റിനെ പ്രഖ്യാപിച്ച് ഫിഫ. യമാലും ഹാരി കെയ്നും കുബാർസിയുമില്ലാത്ത ടീമിൽ അരങ്ങേറ്റ രാജ്യമായ കേപ് വെർദെ താരം ഇടംപിടിച്ചു. ടീമിൽ ഫ്രാൻസ്, സ്പെയിൻ താരാധിപത്യമെന്നതും ശ്രദ്ധേയം.
ലോക ചാന്പ്യൻമാരായ സ്പാനിഷ് ടീമിൽനിന്നും മാർക്ക് കുക്കുറെയ്യ, നായകൻ റോഡ്രി, പ്രതിരോധനിരയിലെ പെഡ്രോ പോറോ എന്നിവർ ഇടംപിടിച്ചു. സെമിയിൽ ഫുറത്തായ ഫ്രഞ്ച് ടീമിൽ നിന്നും നായകൻ കിലിയൻ എംബപ്പെ പ്രതിരോധ നിരയിലെ ദയോദ് ഉപമെക്കാനോ എന്നിവർക്കൊപ്പം മധ്യനിരയിൽ തിളങ്ങിയ മൈക്കൽ ഒലീസെയും ഫിഫ ഇലവനിലെത്തി.
ലോകകപ്പ് റണ്ണറപ്പുകളായ അർജന്റീന ടീമിൽനിന്ന് രണ്ട് താരങ്ങൾ ഇടം നേടി. നായകൻ ലയണൽ മെസിയും പ്രതിരോധനിരയിലെ ലിസാൻഡ്രോ മാർട്ടിനെസുമാണ് ഫിഫ ഇലവനിൽ ഇടംപിടിച്ചത്.
ലോകകപ്പിൽ ഏഴ് ഗോളുകളുമായി തിളങ്ങിയ ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിംങ്ഗം ലോകകപ്പ് ഇലവനിൽ ഇടം നേടിയ ഏക ഇംഗ്ലണ്ട് താരമായപ്പോൾ ഏഴ് ഗോളടിക്കുകയും ഇംഗ്ലണ്ടിനെ സെമിയിലെത്തിക്കുകയും ചെയ്ത നായകൻ ഹാരി കെയ്നിന് ടീമിൽ ഇടമില്ല. മുന്നേറ്റനിരയിൽ നോർവേയുടെ എർലിംഗ് ഹാലൻഡുമുണ്ട്.
ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ അർജന്റീനയോട് തോറ്റ് പുറത്തായെങ്കിലും മിന്നും സേവുകളുമായി അത്ഭുതപ്പെടുത്തിയ കേപ് വെർദെ ഗോൾ കീപ്പർ വൊസീഞ്ഞയാണ് ഫിഫ ലോകകപ്പ് ഇലവനിൽ എത്തി ഞെട്ടിച്ചത്.
ലോകകപ്പിലെ ഗോൾഡൻ ഗ്ലൗ ജേതാവായ സ്പെയിനിന്റെ ഉനായ് സിമോണിനെയും ലോകകപ്പ് ഫൈനലിൽ മാത്രം 11 സേവുകൾ നടത്തി ഞെട്ടിച്ച അർജന്റീനയുടെ എമി മാർട്ടിനെസിനെയും പിന്തള്ളിയാണ് വൊസീഞ്ഞ തെരഞ്ഞെടുക്കപ്പെട്ടത്.
Tags : FIFAWorldCupXI Messi Mbappe Haaland Vozinho Sports