കേരള ഹൈക്കോടതി
കൊച്ചി: കോഴിക്കോട് മുക്കം സര്‍വീസ് സഹകരണ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്.
ജോയിന്റ് രജിസ്ട്രാര്‍ക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അതേ പദവിയിലോ ഉയര്‍ന്ന പദവിയിലോ ഉള്ള ഉദ്യോഗസ്ഥനെ ഒരാഴ്ചയ്ക്കകം നിയമിക്കാനാണ് സഹകരണ സംഘം രജിസ്ട്രാര്‍ക്കു ജസ്റ്റീസ് പി. ഗോപിനാഥ് നിര്‍ദേശം നല്‍കിയത്.
മികച്ച പ്രതിച്ഛായയുള്ള ഉദ്യോഗസ്ഥനായിരിക്കണം. അഡ്മിനിസ്ട്രേറ്റര്‍ നയപരമായ തീരുമാനമെടുക്കരുതെന്നും ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ പ്രവര്‍ത്തനം പരിമിതപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
അംഗത്വ രജിസ്റ്റര്‍, വോട്ടര്‍ പട്ടിക എന്നിവ സംബന്ധിച്ചു അഡ്മിനിസ്ട്രേറ്ററുടെ നിയമനത്തിനുശേഷം കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുമെന്നറിയിച്ച കോടതി, ടി. പ്രദീപ് കുമാര്‍ നല്കിയ ഹര്‍ജി ഓഗസ്റ്റ് മൂന്നിനു പരിഗണിക്കാന്‍ മാറ്റി. അതുവരെ നിലവിലെ സ്ഥിതി തുടരാനും ഉത്തരവിട്ടു.
Tags : MukkamCooperativeBank administered ordered Rule Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash