ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പാലാ: എയ്ഡഡ് സ്കൂളുകളില്‍ ഉണ്ടാകുന്ന ദിവസവേതന/താത്കാലിക ഒഴിവുകള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്തണമെന്നുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ന്യൂനപക്ഷാവകാശങ്ങൾ ധ്വംസിക്കുന്നതാണെന്ന് സീറോമലബാര്‍ സഭാ വിദ്യാഭ്യാസ കമ്മിറ്റി.
പുതിയ ഉത്തരവ് മാനേജ്മെന്റിന്റെ നിയമനാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇപ്രകാരമുള്ള ഉത്തരവ് നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധവും നിര്‍ദേശങ്ങള്‍ അപ്രായോഗികവും അനാവശ്യ കാലതാമസം വരുത്തുന്നതുമാണെന്നും വിദ്യാഭ്യാസ കമ്മിറ്റി വിലയിരുത്തി.
ഭിന്നശേഷി വിഭാഗത്തില്‍ നിയമിതനായ ഒരു വ്യക്തി രാജി വച്ചൊഴിയുന്ന സാഹചര്യത്തില്‍ ആ ഒഴിവില്‍ ഭിന്നശേഷിക്കാരനെ തന്നെ നിയമിക്കണമെന്ന ചില വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നിലപാട് അംഗീകരിക്കാനാവില്ല. ഇത് ഭിന്നശേഷി നിയമന അനുപാതത്തിനു വിരുദ്ധമാണെന്നും യോഗം വിലയിരുത്തി.
കുട്ടികളുടെ കുറവുമൂലം അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുകയും പല സ്കൂളുകളും അണ് ഇക്കണോമിക് അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിലവിലുള്ള അധ്യാപക- വിദ്യാര്‍ഥി അനുപാതം കുറയ്ക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2022 മുതല്‍ അധിക തസ്തികയില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ നിയമനം അംഗീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സീറോമലബാര്‍ സഭാ വിദ്യാഭ്യാസ കമ്മിറ്റി ചെയര്മാന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ പാലാ ബിഷപ്സ് ഹൗസില്‍ യോഗത്തില്‍ സഭയുടെ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഫാ. ഡോമിനിക് ആയലൂപ്പറമ്പില്‍, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഫാ. റെജി പ്ലാത്തോട്ടം, ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോര്‍ജ് തകടിയേല്‍, കോട്ടയം അതിരൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. സൈമണ്‍ പുല്ലാട്ട്, പാലാ കോര്‍പറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : SyroMalabarChurch EducationCommittee PublicEducationDepartment MinorityRights Violation Alleges Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash