കെ. ജയകുമാറും കെ. മുരളീധരനും
തിരുവനന്തപുരം: ശബരിമലയിലെ അരവണ പ്രതിസന്ധിയെക്കുറിച്ച് മന്ത്രി കെ.മുരളീധരനും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും തമ്മിൽ കൂടിക്കാഴ്ച നടത്തും. അരവണ പ്രതിസന്ധി പരിഹരിക്കാൻ ദേവസ്വം ബോർഡ് സ്വീകരിച്ച നടപടികളും മുന്നോട്ടുള്ള പദ്ധതികളും കെ. ജയകുമാർ മന്ത്രിയെ ധരിപ്പിക്കും. അരവണ പ്ലാന്റിന്റെ നവീകരണം എപ്പോൾ പൂർത്തിയാക്കാനാകുമെന്നതടക്കമുള്ള കാര്യങ്ങളും ചർച്ചയാകും.
നിലവിലെ സാഹചര്യത്തെക്കുറിച്ച് എഡിഎമ്മിനോട് സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മണ്ഡലകാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കുക. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയിലെ പ്രതിസന്ധിക്ക് കാരണം ദേവസ്വം ബോർഡാണെന്ന് മന്ത്രി പറഞ്ഞിരുന്നു. മണ്ഡലകാല നടത്തിപ്പിനായി ബദൽ സംവിധാനം ഏർപ്പെടുത്തുമെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചിരുന്നു.
എന്നാൽ ഈ നിലപാടിന് മുഖ്യമന്ത്രി പിന്തുണ നൽകിയിരുന്നില്ല. വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി ഇന്നലെ കെ. മുരളീധരനെയും കെ. ജയകുമാറിനെയും പ്രത്യേകം കണ്ടിരുന്നു. ദേവസ്വം ബോർഡിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച മുഖ്യമന്ത്രി പ്രശ്നങ്ങൾ സമവായത്തിലൂടെ പരിഹരിക്കണമെന്ന നിലപാടിലാണ്.
ശബരിമലയിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾ വേണമെന്നാണ് മന്ത്രിയുടെ നിലപാട്. അതേസമയം എഡിഎം സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മണ്ഡലകാല മുന്നൊരുക്കങ്ങൾ വിലയിരുത്തി ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാർ നീക്കം.
Tags : Sabarimala DevaswomBoard K.Muraleedharan K.Jayakumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash