Kerala
തിരുവനന്തപുരം: മൃഗശാല തലസ്ഥാന നഗരത്തിൽ നിന്ന് നെയ്യാർ ഡാമിലേക്ക് മാറ്റാനുള്ള നീക്കത്തിന് പിന്തുണയേറുന്നു. മൃഗശാല നഗരത്തിൽ പ്രവർത്തിക്കുന്നത് അനുയോജ്യമല്ലെന്നും, മൃഗങ്ങൾ കടുത്ത ശബ്ദമലിനീകരണം അനുഭവിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് മാറ്റം അനിവാര്യമാണെന്ന വാദം ശക്തമായിരിക്കുന്നത്.
ഈ തീരുമാനത്തിന് പൂർണ പിന്തുണയുമായി മന്ത്രിമാരായ കെ.മുരളീധരനും സി.പി.ജോണും രംഗത്തെത്തി. മൃഗശാല നെയ്യാർ ഡാമിന്റെ പരിസരത്തേക്ക് മാറ്റുന്നത് തികച്ചും ഉചിതമായ തീരുമാനമാണെന്നും ഇതിൽ ആരും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. മൃഗശാല മാറ്റിയാലും തലസ്ഥാന നഗരിയുടെ പ്രാധാന്യത്തിന് യാതൊരു കുറവും വരില്ല.
സർക്കാർ ഈ തീരുമാനവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. തൃശൂർ മൃഗശാല മാറ്റിയപ്പോൾ ആരും കച്ചവട താത്പര്യങ്ങളോ എതിർപ്പുകളോ ഉന്നയിച്ചിരുന്നില്ല. സിപിഎം എല്ലാ വികസന പ്രവർത്തനങ്ങളെയും എതിർക്കുന്നവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നഗരത്തിന്റെ നടുവിൽ മൃഗശാല പ്രവർത്തിക്കുന്നത് അവയ്ക്ക് വലിയ തോതിലുള്ള മാനസിക ബുദ്ധിമുട്ടുകളും ശബ്ദമലിനീകരണവും ഉണ്ടാക്കുന്നുണ്ടെന്ന് മന്ത്രി സി.പി.ജോണും ചൂണ്ടിക്കാണിച്ചു.
Kerala
തിരുവനന്തപുരം: 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം സംബന്ധിച്ച സർക്കാർ തീരുമാനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി കെ. മുരളീധരൻ. ജില്ല, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ കെജിഎംഒഎ രംഗത്ത് എത്തിയിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കെജിഎംഒഎയ്ക്ക് പരാതികളുണ്ടെങ്കിൽ പരസ്യപ്രതികരണങ്ങൾക്ക് പകരം നേരിട്ട് തന്നെ അറിയിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. മന്ത്രിയെ കാണണമെങ്കിൽ നേരിട്ട് വന്ന് കാണാം. ഒഴിവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുത്തിയാൽ മാത്രമേ അതേക്കുറിച്ച് അറിയാൻ കഴിയൂവെന്നും മുരളീധരൻ പറഞ്ഞു. ഇക്കാര്യങ്ങൾ പത്രത്തിൽ വായിച്ചല്ല അറിയേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം സംബന്ധിച്ച് കെജിഎംഒഎ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച തീരുമാനങ്ങളുമായി മുന്നോട്ടുപോകും. എന്താണ് ആവശ്യപ്പെടുന്നതെന്ന് പരിശോധിച്ചാകും ആവശ്യമായ നടപടികൾ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് 140ഓളം ഡോക്ടർമാരെ ഇതിനകം നിയമിച്ചിട്ടുണ്ട്.
മന്ത്രിയെ കാണണമെന്നുണ്ടെങ്കിൽ സംഘടനാ പ്രതിനിധികൾക്ക് നേരിട്ട് എത്തി സംസാരിക്കാം. അല്ലാതെ ദിവസേന സ്റ്റേറ്റ്മെന്റ് ഇറക്കേണ്ട ആവശ്യമില്ല. ജില്ല, ജനറൽ ആശുപത്രികളിലെ സ്പെഷ്യാലിറ്റി സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് 24 മണിക്കൂർ സേവനം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ഇഡി കേസ് പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്തതിനെ വിമർശിച്ച് മന്ത്രി കെ. മുരളീധരൻ. ഭരണം മാറിയതറിയാത്ത ചില ഉദ്യോഗസ്ഥർ ഇപ്പോഴും പോലീസിലുണ്ടെന്ന് മുരളീധരൻ പറഞ്ഞു. സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികൾക്ക് മുണ്ടും ഷർട്ടും വാങ്ങിനൽകിയ പോലീസുകാർ തന്നെയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസ് പ്രവർത്തകരെ മ്യൂസിയം സ്റ്റേഷനിൽവച്ച് മർദിച്ച ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. പേര് പറയുന്നത് ശരിയല്ലാത്തതിനാൽ അത് ചെയ്യുന്നില്ല.
ആ പോലീസ് ഉദ്യോഗസ്ഥന് മ്യൂസിയം സ്റ്റേഷനിൽ കോൺഗ്രസ് പ്രവർത്തകരെ തല്ലുന്ന ജോലിയായിരുന്നു. ആ ഉദ്യോഗസ്ഥൻ പറഞ്ഞിട്ടാണ് കേസിൽ പ്രതിയായ മുൻ കൗൺസിലർക്ക് മുണ്ടും ഷർട്ടും വാങ്ങിക്കൊടുത്തത്. വിഷയം ആഭ്യന്തരവകുപ്പ് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ജാമ്യവ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനിലെത്തിയപ്പോഴാണ് ഓണാഘോഷത്തിൽ പങ്കെടുത്തത്. സംഭവം വിവാദമായതിനെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി. പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.മുരളീധരൻ വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി. പിതൃതർപ്പണത്തിനും അപൂർവങ്ങളായ തുലാഭാര വഴിപാടുകൾക്കും പ്രശസ്തമായ പാപനാശം കടപ്പുറത്തിന് സമീപമുള്ള ക്ഷേത്രത്തിലെത്തിയാണ് മന്ത്രി വഴിപാട് നടത്തിയത്.
ക്ഷേത്രത്തിലെത്തിയ മന്ത്രി പ്രത്യേക പൂജകളിലും ദർശനത്തിലും പങ്കെടുത്ത ശേഷമാണ് തുലാഭാരത്തട്ടിലേക്ക് കയറിയത്. പഞ്ചസാര തുലാഭാരം പൂർത്തിയാക്കി ഭഗവദ് ദർശനവും കഴിഞ്ഞാണ് അദ്ദേഹം മടങ്ങിയത്. നേരത്തെയും ഭരണപക്ഷത്തെ മറ്റ് പ്രമുഖ മന്ത്രിമാർ വിവിധ ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
പട്ടത്താനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മന്ത്രി ബിന്ദു കൃഷ്ണയും, പുല്ലുളങ്ങര ക്ഷേത്രത്തിൽ മന്ത്രി എം. ലിജുവും മുൻപ് തുലാഭാര വഴിപാട് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആരോഗ്യ മന്ത്രിയും തുലാഭാരം നടത്തിയത്.
Kerala
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ തെറ്റായ വ്യവസ്ഥിതികളെ ശരിയാക്കാനുള്ള പരിശ്രമം പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങില്ലെന്ന് മന്ത്രി കെ. മുരളീധരൻ. ഒട്ടേറെ കാര്യങ്ങൾ പറഞ്ഞു മടുത്തു മതിയാക്കി പോകുമെന്ന് ആരും ചിന്തിക്കേണ്ടതില്ലെന്നും നല്ല കാര്യങ്ങളിൽ താൻ പിടിവാശിയുള്ള വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ആരോഗ്യവകുപ്പിന്റെ കഴിഞ്ഞ 50 ദിവസത്തെ പ്രവർത്തനങ്ങൾ അടങ്ങുന്ന പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ ഫണ്ടിന് പുറമെ സിഎസ്ആർ ഫണ്ട് കൂടി പ്രയോജനപ്പെടുത്തി സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കും. ആരോഗ്യവകുപ്പിന്റെ കഴിഞ്ഞ 10 വർഷത്തെ പർച്ചേസുകളിൽ അന്വേഷണം നടത്തുന്നതിൽ രാഷ്ട്രീയം കാണേണ്ടതില്ല.
ജനങ്ങളുടെ പണം പാഴായിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികളായവരെ കണ്ടെത്തുക തന്നെ വേണം. ആരോഗ്യവകുപ്പിലെ ഒഴിവുകൾ കൃത്യമായി പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യും. റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ താത്കാവിക നിയമനങ്ങൾ പ്രോത്സാഹിപ്പിക്കില്ല. കഷ്ടപ്പെട്ട് പഠിക്കുന്ന ഉദ്യോഗാർഥികളുടെ ശാപം വാങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രാദേശിക താൽപര്യങ്ങളുടെ പേരിൽ കേരളത്തിന് എയിംസ് നഷ്ടപ്പെടരുത്. ആശുപത്രി ഉപദേശക സമിതികളിൽ രാഷ്ട്രീയ പ്രവർത്തകർക്ക് പുറമേ, പട്ടികജാതി വിഭാഗത്തിൽ നിന്നും വനിതാ വിഭാഗത്തിൽ നിന്നും ഓരോ പ്രധിനിധികളെക്കൂടി സർക്കാർ നാമനിർദേശം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സകിട്ടാതെ രോഗി മരിച്ചെന്ന ആരോപണത്തിൽ മന്ത്രി കെ.മുരളീധരൻ റിപ്പോർട്ട് തേടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് മന്ത്രി നിർദേശം നൽകി.
കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ നെയ്യാറ്റിൻകര സ്വദേശിയായ രാജേഷ് കുമാറാണ് ചികിത്സ കിട്ടാതെ മരിച്ചത്. രോഗിക്ക് മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്ന സാഹചര്യം കണ്ടെത്തണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
അടിയന്തര ചികിത്സ ഉറപ്പാക്കേണ്ട രോഗിയെ ഒപി ക്യൂവിൽ നിർത്തിച്ചതിനെതിരെ ആശുപത്രിയിൽ നാട്ടുകാർ പ്രതിഷേധിച്ചു. സംഭവം വൻ വിവാദമായതിനെ തുടർന്നാണ് ആരോഗ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ.
Kerala
കോഴിക്കോട്: നിപ ബാധിതനു രോഗം സ്ഥിരീകരിച്ച സംഭവത്തിൽ ജില്ലാ കളക്ടറും ആരോഗ്യമന്ത്രിയും പരസ്പരവിരുദ്ധ പ്രസ്താവന നടത്തിയതിൽ ജില്ലാ കളക്ടറെ പഴിച്ച് മന്ത്രി കെ. മുരളീധരൻ. ഇന്നലെ വൈകുന്നേരം നടത്തിയ വാർത്താസമ്മേളനത്തിൽ രോഗിക്ക് നിപ സ്ഥിരീകരിച്ച് ഫലം ലഭിച്ചിട്ടില്ലെന്നായിരുന്നു മന്ത്രി അറിയിച്ചത്.
എന്നാൽ, ഇതിനു പിന്നാലെ വാർത്താസമ്മേളനം നടത്തിയ കളക്ടർ രോഗം സ്ഥിരീകരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്നും കളക്ടറുടെ പരിചയക്കുറവാണ് രണ്ടു രീതിയിലുള്ള പ്രഖ്യാപനം വരാനിടയാക്കിയതെന്നും മന്ത്രി പറഞ്ഞു.“ഞാൻ വാർത്താസമ്മേളനം നടത്തുന്നതിനു മുന്പ് ജില്ലാ കളക്ടർ മാധവിക്കുട്ടിയുമായി സംസാരിച്ചിരുന്നു.
അതുവരെ പൂന വൈറോളജി ലാബിൽനിന്ന് നിപ ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട് വന്നിരുന്നില്ല. രോഗം സ്ഥിരീകരിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിട്ടില്ല. ഞാൻ വാർത്താസമ്മേളനം നടത്തി തിരിച്ചെത്തിയതിനു ശേഷമാണ് കളക്ടറുടെ മെസേജ് കിട്ടിയത്. കളക്ടർ പുതിയ ആളാണ്. അതിനാൽ ഇത് മന്ത്രിയെ അറിയിച്ചിട്ടു വേണം പുറത്തുപറയാൻ എന്നത് അവർക്ക് ഓർമയില്ല”- മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് അധികമായി ഈടാക്കിയ ആറുമാസത്തെ ഫീസ് തിരികെ നൽകണമെന്ന ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശം ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ച് സംസ്ഥാന സർക്കാർ. ആരോഗ്യമന്ത്രി കെ.മുരളീധരൻ വിളിച്ചുചേർത്ത യോഗം വെള്ളിയാഴ്ച ചേരും.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും സ്വശ്രയ കോളേജ് മാനേജ്മെന്റ് പ്രതിനിധികളുമാണ് യോഗത്തിൽ പങ്കെടുക്കുക. തങ്ങൾക്ക് നിർദേശം ബാധകമല്ലെന്ന നിലപാടിലാണ് സ്വാശ്രയ കോളജുകൾ.
എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് അധികമായി ഈടാക്കിയ ഫീസ് തിരികെ നൽകാൻ നാഷണൽ മെഡിക്കൽ കമ്മീഷൻ(എൻഎംസി) സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനാണ് നിർദേശം നൽകിയിരിക്കുന്നത്. നാലര വർഷത്തെ കോഴ്സിന് അഞ്ച് വർഷത്തെ ഫീസ് ഈടാക്കിയതാണ് പരാതിക്ക് ആധാരം. അധികമായി വാങ്ങിയ ഫീസ് വിദ്യാർഥികൾക്ക് തിരികെ നൽകാനാണ് ഉത്തരവ്. നാലര വർഷത്തെ ഫീസ് മാത്രമേ വാങ്ങാവൂ എന്ന് എൻഎംസി നേരത്തെ സർക്കുലർ ഇറക്കിയിരുന്നു.
സംസ്ഥാനത്തെ മൂവായിരത്തോളം വിദ്യാർഥികളിൽ നിന്നായി ഏകദേശം മൂന്നര ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെയാണ് ഇത്തരത്തിൽ അധികമായി ഈടാക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് അനുകൂലമായ ഈ തീരുമാനം രക്ഷിതാക്കൾക്കും വലിയ ആശ്വാസം പകരുന്നതാണ്.
Kerala
തിരുവനന്തപുരം: വട്ടിയൂര്ക്കാവിൽ ബിജെപി - സിപിഎം ഡീലെന്ന കെ.മുരളീധരന്റെ ആരോപണത്തിന് മറുപടിയുമായി എൻഡിഎ സ്ഥാനാർഥി ആര്.ശ്രീലേഖ. ചില ബിജെപി കൗണ്സിലര്മാര് പ്രശാന്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ബിജെപി നേതാക്കളുടെ അറിവോടെയാണ് ഇത് നടക്കുന്നതെന്നും മുരളീധരൻ പറഞ്ഞിരുന്നു.
എന്നാൽ മുരളീധരന് ധൈര്യമുണ്ടെങ്കില് കൗണ്സിലറുടെ പേര് വെളിപ്പെടുത്തട്ടെയെന്ന് ആര്. ശ്രീലേഖ വെല്ലുവിളിച്ചു. തോല്വി മുന്നിൽക്കണ്ടാണ് യുഡിഎഫ് സ്ഥാനാർഥി ആരോപണം ഉന്നയിക്കുന്നത്. തോറ്റുകഴിഞ്ഞാലും അക്കാര്യം പറയാമല്ലോ. ഡീല് ആരോപണം തോല്വിക്ക് മുന്നോടിയായുള്ള മുന്കൂര് ജാമ്യം എടുക്കലാണ്.
ഞാന് ഒരു വെല്ലുവിളിയും ഉയര്ത്തുന്നില്ല. തന്റെ കൂടെ നില്ക്കുന്ന കൗണ്സിലര്മാര് ആരൊക്കെയെന്ന് അറിയാം. തനിക്ക് വേണ്ടി കൗണ്സിലര്മാര് വോട്ട് പിടിച്ചുനല്കും. മികച്ച ഭൂരിപക്ഷത്തിൽ എൻഡിഎ വിജയിക്കുമെന്നും ശ്രീലേഖ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില് സോണിയ ഗാന്ധിയുടെ പേര് വലിച്ചിഴക്കാന് ശ്രമിക്കുന്ന മന്ത്രി വി. ശിവന്കുട്ടി സംഘിക്കുട്ടിയായി മാറിയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരന്. കോണ്ഗ്രസ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയില് ആചാരം ലംഘിച്ച് സ്ത്രീകളെ കയറ്റിയപ്പോള് ശുദ്ധികലശം ചെയ്തതിന്റെ പ്രതികാരമായാണ് തന്ത്രിയിലേക്കുമാത്രം സ്വര്ണക്കൊള്ള കേസ് ഒതുക്കാന് ശ്രമിക്കുന്നത്.
കോടതിയുടെ നിരീക്ഷണമുണ്ടായിട്ടുപോലും അറസ്റ്റിലായവര്ക്കെതിരെ യഥാസമയം കുറ്റപത്രം സമര്പ്പിക്കാതിരിക്കുകയും കുറ്റവാളികള് ഓരോരുത്തരായി ജയില്മോചിതരാവുകയുമാണ്.
പോറ്റിയുമൊത്തുള്ള കോണ്ഗ്രസ് നേതാക്കളുടെ ചിത്രം ഉപയോഗിച്ച് കേസ് വഴിതിരിച്ചുവിടാനും സ്വര്ണംകട്ട സിപിഎം നേതാക്കളെ സംരക്ഷിക്കാനുമാണ് സര്ക്കാര് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ നീക്കം നടക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ദേവസ്വം ബോർഡിലെ ചിലർ വിചാരിച്ചാൽ മാത്രം ഇത്രയും സ്വർണം കടത്തിക്കൊണ്ടുപോകാൻ കഴിയില്ല.
കേസിൽ തന്ത്രി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിയില്ല. അന്വേഷണത്തിലൂടെ മാത്രമേ അത് ബോധ്യമാകൂ. അത് കോടതിയിൽ പറയേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ നടന്ന തിരിമറികൾ അറിഞ്ഞിട്ടില്ലെങ്കിൽ എന്തിനാണ് മന്ത്രി ആ സ്ഥാനത്ത് ഇരിക്കുന്നത്.
സ്വന്തം വകുപ്പിനു കീഴിൽ ഒരു കൊള്ള നടക്കുമ്പോൾ അത് കണ്ടുപിടിക്കാൻ മന്ത്രിമാർക്ക് കഴിഞ്ഞില്ല എന്നുപറഞ്ഞാൽ ആരാണ് വിശ്വസിക്കുക. പ്രത്യേകിച്ച് മാർക്സിസ്റ്റ് പാർട്ടി പോലെ ഒരു സംവിധാനത്തിൽ. അറസ്റ്റിലായവരെല്ലാം സിപിഎം നേതാക്കളല്ലെയെന്നും മുരളീധരൻ ചോദിച്ചു.
എല്ലാം തന്ത്രിയിൽ അവസാനിപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട. കേസ് പ്രതിപക്ഷം സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. മന്ത്രിമാരെ രക്ഷിക്കാൻ സർക്കാർ ശ്രമിച്ചാൽ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുമെന്നും മുരളീധരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ഓഫീസ് മുറി വിവാദത്തിൽ പ്രതികരിച്ചു കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
എംഎൽഎ ഹോസ്റ്റലിലെ മുറി എംഎൽഎയുടെ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്നും മറ്റാവശ്യത്തിന് ആരെങ്കിലും ഉപയോഗിച്ചാൽ സ്പീക്കറാണ് തീരുമാനമെടുക്കേണ്ടതെന്നും കെ. മുരളീധരൻ പറഞ്ഞു.
എംഎൽഎ ഹോസ്റ്റലിലെ മുറി എന്ത് ചെയ്യുന്നുവെന്നതു പരിശോധിക്കേണ്ടതാണ്. ഹോസ്റ്റലിൽ മുറിയുണ്ടെങ്കിൽ ശാസ്തമംഗലത്ത് ഇങ്ങനെയൊരു ഓഫീസിന്റെ ആവശ്യമില്ല.
നമ്മുടെ ഓഫീസ് നമ്മൾതന്നെ ഉപയോഗിച്ചാൽ വിവാദം ഉണ്ടാകില്ല. കൗൺസിലർമാർക്ക് ഇരിക്കാൻ ഒരു കൊച്ചുമുറിയെങ്കിലും വേണമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: അടുത്ത സര്ക്കാര് യുഡിഎഫ് ആണെന്ന് തെളിയിക്കുന്ന റിസൾട്ടാണ് വന്നതെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് കെ.മുരളീധരൻ.
പറ്റിക്കുന്ന സർക്കാരാണെന്ന് ജനങ്ങൾക്ക് മനസിലായി. ജനം പത്രം വായിക്കുന്നവരും ടിവി കാണുന്നവരുമാണ്. ജനങ്ങളെ പറ്റിക്കാന് നോക്കിയപ്പോള്, ജനങ്ങൾ നല്ല വൃത്തിയായി പിണറായിയെ പറ്റിച്ചു.
തിരുവനന്തപുരത്ത് ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടായെന്നും പിഎം ശ്രീ ഒപ്പിട്ടതോടെ സിപിഎമ്മിന് ബിജെപി തൊട്ടുകൂടാത്തവർ അല്ലാതായെന്നും മുരളീധരന് പറഞ്ഞു.
രണ്ടു മല്ലന്മാർക്കിടയിൽ തിരുവനന്തപുരത്ത് യുഡിഎഫിന് നന്നായി പിടിച്ച് നിൽക്കാൻ കഴിഞ്ഞു. കഴിഞ്ഞ തവണത്തേക്കാള് ഇരട്ടി വിജയം നേടി. തിരുവനന്തപുരത്ത് ബിജെപിയുടെ വിജയം താൽക്കാലികമാണ്. കോർപ്പറേഷനിൽ എൽഡിഎഫിന് ചെറിയ ലീഡ് കോഴിക്കോട് മാത്രമാണ്. അതും ഏതു നിമിഷവും മാറിമറിയാമെന്നും മുരളീധരന് പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി നൽകിയതിൽ പ്രതികരണവുമായി കെ.മുരളീധരൻ. പരാതിക്കനുസരിച്ച് ഇനി സർക്കാരിന് നടപടിയെടുക്കാം.
കൂടുതൽ കടുത്ത നടപടി ഉണ്ടായാൽ അതനുസരിച്ച് പാർട്ടി തീരുമാനമെടുക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു. വാട്സാപ്പ് ചാറ്റുകളും, ഓഡിയോ സംഭാഷണവും ഉൾപ്പടെയാണ് യുവതി പരാതി നൽകിയത്. പരാതി ലഭിച്ചതിനു പിന്നാലെ ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിനെ മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിച്ചുവരുത്തി.
പരാതി ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. അതേസമയം രാഹുൽ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായി ചർച്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
Kerala
ന്യൂഡല്ഹി: തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില് യുഡിഎഫ് മികച്ച വിജയം നേടുമെന്നും പാർട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കെ. മുരളീധരന്. ഡല്ഹിയില് സംസ്ഥാന കോണ്ഗ്രസ് നേതൃത്വവുമായി ഹൈക്കമാന്ഡ് നടത്തിയ ചര്ച്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല് ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട അതൃപ്തികള് പരിഹരിച്ചു. ചര്ച്ചകള് വളരെ ഫലപ്രദമായിരുന്നു. നേതാക്കളുടെ അഭിപ്രായങ്ങള് അറിയിച്ചു.
പ്രശ്നപരിഹാരങ്ങള് രാഹുല് ഗാന്ധിയും ഖാര്ഗെയും നിർദേശിച്ചെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില് യുഡിഎഫിന് അനുകൂല സാഹചര്യമാണുള്ളതെന്ന് കെപിസിസി നേതൃത്വം ഹൈക്കമാന്ഡിനെ അറിയിച്ചു.
തെരഞ്ഞെടുപ്പിനെ നേരിടാന് സംസ്ഥാന നേതൃത്വം തയാറാക്കിയ പ്ലാനില് മാറ്റങ്ങള് ഹൈക്കമാന്ഡ് നിര്ദേശിച്ചു. ഒരുമിച്ച് നീങ്ങാനും ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റാന് പുതിയ തന്ത്രങ്ങള് ആവിഷ്ക്കരിക്കാനും നിര്ദേശമുണ്ടായെന്നും കെ.മുരളീധരന് വ്യക്തമാക്കി.