വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്‍റിയുടെ ആഹ്ലാദം
മൗണ്ട് മൗംഗനുയി: ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് 244 റൺസിന്‍റെ നാണംകെട്ട തോൽവി. 334 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ വെറും 89 റൺസിന് പുറത്തായി.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. മാറ്റ് ഹെന്‍റി എറിഞ്ഞ ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ രോഹിത് ശര്‍മ (പൂജ്യം) പുറത്തായപ്പോൾ അഞ്ചാം പന്തില്‍ വിരാട് കോഹ്‌ലിയും (പൂജ്യം) തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യറും പുറത്തായി. ഇതോടെ അക്കൗണ്ട് തുറക്കാനാകുന്നതിനു മുമ്പേ മൂന്ന് മുൻനിര ബാറ്റർമാരാണ് പവലിയനിൽ തിരിച്ചെത്തിയത്.
ആറാം ഓവറില്‍ ഋതുരാജ് ഗെയ്കവാദും (അഞ്ച്) മടങ്ങിയതോടെ ഒമ്പത് റൺസിന് നാലുവിക്കറ്റ് എന്ന ദയനീയ അവസ്ഥയിലായി ഇന്ത്യ. പിന്നാലെ ക്രീസിൽ ഒന്നിച്ച അക്സർ പട്ടേലും ഇഷാൻ കിഷനും ചേർന്ന് സ്കോർ 50 കടത്തി. എന്നാൽ, സ്കോർ 53 റൺസിൽ നില്ക്കെ അക്സർ (21) പുറത്തായി. തൊട്ടുപിന്നാലെ ഇഷാൻ കിഷനും (27) മടങ്ങിയതോടെ ആറിന് 61 എന്ന നിലയിൽ ഇന്ത്യ പരാജയം മുന്നിൽകണ്ടു.
പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്ന ഇന്ത്യയ്ക്കു വേണ്ടി നമാൻ ധിർ (21) മാത്രമാണ് പൊരുതാൻ മനസുകാണിച്ചത്. ആഖിബ് നബി (അഞ്ച്), കുൽദീപ് യാദവ് (ഒന്ന്), ഗുർനൂർ ബ്രാർ (രണ്ട്) എന്നിവർ വന്നപോലെ മടങ്ങിയതോടെ ഇന്ത്യ വമ്പൻ തോൽവി വഴങ്ങി.
ന്യൂസിലൻഡിനു വേണ്ടി മാറ്റ് ഹെൻറി 27 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയപ്പോൾ മാത്യു ഫിഷർ മൂന്നും കൈൽ ജാമിസൺ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, തകർപ്പൻ സെഞ്ചുറി നേടിയ വിൽ യംഗിന്‍റെയും അർധസെഞ്ചുറി നേടിയ ടിം സീഫെർട്ടിന്‍റെയും പ്രകടനമാണ് കിവീസിന് മികച്ച സ്കോർ സമ്മാനിച്ചത്. യംഗ് 108 പന്തിൽ 14 ബൗണ്ടറികളും നാലു സിക്സറും ഉൾപ്പെടെ 125 റൺസെടുത്തപ്പോൾ സീഫർട്ട് 48 പന്തിൽ 58 റൺസെടുത്തു.
Tags : Cricket India NewZealand ODI