x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അരി പ്രതിസന്ധി: ജനകീയ ഹോട്ടലുകളിലെ കഞ്ഞികുടി മുട്ടും

ബിനു ജോര്‍ജ്
Published: November 13, 2026 08:58 AM IST | Updated: November 13, 2026 08:58 AM IST

Image for representation

കോഴിക്കോട്: അരി വില കുതിച്ചുയരുന്നത് സംസ്ഥാനത്തെ കുടുംബശ്രീ ജനകീയ ഹോട്ടലുകളിലെ കഞ്ഞികുടി മുട്ടിക്കും. സര്‍ക്കാരില്‍ നിന്നും യഥാസമയം സഹായം ലഭിക്കാതെ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് അരിവിലയില്‍ കാര്യമായ വര്‍ധനവുണ്ടായിരിക്കുന്നത്.

സര്‍ക്കാര്‍ സഹായത്തിനു കാത്തുനില്‍ക്കാതെ കടംവാങ്ങിയും മറ്റും ദെനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജനകീയ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് കനത്ത തിരിച്ചടിയാണ് നിലവിലുള്ള വിലക്കയറ്റം. വിവിധ കാരണങ്ങളാല്‍ സംസ്ഥാനത്തെ ജനകീയ ഹോട്ടലുകള്‍ പടിപടിയായി പൂട്ടിക്കൊണ്ടിരിക്കുകയാണ്.

ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡി നിരക്കില്‍ സര്‍ക്കാര്‍ നല്‍കിയിരുന്ന അരി വിതരണം നിലച്ചിട്ട് ഏഴുമാസത്തിലധികമായി. 2026 മാര്‍ച്ച് 30 വരെ മാത്രമേ ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡി അരി ലഭിച്ചിട്ടുള്ളു. അരി ലഭിക്കാതായതോടെ ഏപ്രിലില്‍ 38 ഹോട്ടലുകള്‍ പൂട്ടി. അരിയുടെ പെര്‍മിറ്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പുതുക്കി നല്‍കുന്നതിനായി സര്‍ക്കാരിലേക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ഭക്ഷ്യപൊതുവിതരണ വകുപ്പിന്‍റെ ഉത്തരവ് പ്രകാരം ഒരു പെര്‍മിറ്റിന് മാസം 600 കിലോഗ്രാം അരി സിവില്‍ സപ്ലൈസില്‍ നിന്നും 10.90 രൂപ നിരക്കിലാണ് ലഭിച്ചിരുന്നത്. ഒരു പഞ്ചായത്തില്‍ ഒന്നില്‍ കൂടുതല്‍ ഹോട്ടലുകള്‍ ഉണ്ടെങ്കില്‍ ഈ അരി തുല്യമായി വീതിച്ചു നല്‍കുകയാണ് പതിവ്.

2026 ഏപ്രില്‍ ഒന്നിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് ആകെ 655 ജനകീയ ഹോട്ടലുകളാണ് ഉണ്ടായിരുന്നത്. നിലവില്‍ ഇത് 628 ആയി കുറഞ്ഞുവെന്ന് വിവരാവകാശ നിയമപ്രകാരം കുടുംബശ്രീ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. വിവിധ ജില്ലകളിലായാണ് 38 ജനകീയ ഹോട്ടലുകള്‍ പൂട്ടിയത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടിയത്; 14 എണ്ണം.

ഏറ്റവും കൂടുതല്‍ ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിച്ചിരുന്നത് മലപ്പുറം ജില്ലയിലാണ് (97 എണ്ണം). കോഴിക്കോട് (80), പാലക്കാട് (74), തൃശൂര്‍ (66) എന്നിങ്ങനെയാണ് മറ്റ് ഏതാനും ജില്ലകളിലെ കണക്ക്. വയനാട്ടിലാണ് ഏറ്റവും കുറവ് ഹോട്ടലുകള്‍ ഉണ്ടായിരുന്നത്; 16 എണ്ണം.

നിലവില്‍ പ്രവര്‍ത്തനത്തിലുള്ള 628 ഹോട്ടലുകളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ചുവടെ:

തിരുവനന്തപുരം: 35
കൊല്ലം: 22
പത്തനംതിട്ട: 19
ആലപ്പുഴ: 38
കോട്ടയം: 32
ഇടുക്കി: 20
എറണാകുളം: 48
തൃശൂർ: 63
പാലക്കാട്: 73
മലപ്പുറം: 99
കോഴിക്കോട്: 66
വയനാട്: 15
കണ്ണൂര്‍: 64
കാസർഗോഡ്: 34

Tags : RiceCrisis Supply JanakeeyaHotels Kerala RicePrice

Recent News

Corehub Up