Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supply

വൈദ്യുതി പ്രതിസന്ധി രൂക്ഷം; പുറത്തുനിന്നുള്ള ലഭ്യതക്കുറവ് കേരളത്തെ കൂടുതൽ ഇരുട്ടിലാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഗുരുതരമായി തുടരുന്നു. പുറത്തുനിന്നും വൈദ്യുതി ലഭിക്കാത്തതിനാൽ വരുംദിവസങ്ങളിൽ കൂടുതൽ സമയം പവർകട്ടിലേക്ക് കേരളത്തെ കൊണ്ടെത്തിക്കാനാണ് സാധ്യത. പ്രതിദിനം 700 മുതൽ 1000 മെഗാവാട്ട് വരെയുള്ള വൈദ്യുതിയുടെ കുറവാണ് രാത്രികാലങ്ങളിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

പരസ്പര ധാരണ പ്രകാരം മധ്യപ്രദേശിൽ നിന്നും 200 മെഗാ വാട്ട് വീതം വാങ്ങാൻ കെഎസ്ഇബി കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ മധ്യപ്രദേശിലെ സ്ഥിതി പ്രതികൂലമായതിനാൽ ഈ വ്യവസ്ഥ താൽക്കാലികമായി നടപ്പിലാക്കാൻ സാധിക്കാത്ത സാഹചര്യവും കെഎസ്ഇബിയെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്.

മധ്യപ്രദേശ് സർക്കാരിൽ നിന്നും വാങ്ങുന്ന വൈദ്യുതി പിന്നീട് തിരികെ നൽകാമെന്ന് വ്യവസ്ഥയിലാണ് സംസ്ഥാനം സ്വീകരിച്ചു പോന്നിരുന്നത്. എന്നാൽ വൈദ്യുതി പ്രതിസന്ധിയുടെയും കാലാവസ്ഥ സംബന്ധമായ പ്രശ്നങ്ങളും വൈദ്യുതി പുറത്ത് നൽകാൻ മധ്യപ്രദേശ് സർക്കാരിനെ പിന്തിരിപ്പിച്ചിരിക്കുകയാണ്.

കെഎസ്ഇബിക്ക് നിലവിൽ ആരിൽ നിന്നും വൈദ്യുതി ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നതാണ് ഒരു ദിവസം തന്നെ നിരവധി തവണ പവർകട്ടിലേക്ക് കേരളത്തെ എത്തിക്കുന്നതിന് ഇടയാക്കിയിരിക്കുന്നത്.

നേരത്തെ ഒരു യൂണിറ്റ് വൈദ്യുതിക്ക് 6.80 രൂപയ്ക്കാണ് വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ 10 രൂപയാണ് ഒരു യൂണിറ്റിന് കെഎസ്ഇബി നൽകേണ്ടി വന്നിരിക്കുന്നത്. കേന്ദ്ര പൂളിൽ നിന്നുള്ള വൈദ്യുതി അടുത്തമാസം ഒന്നാം തീയതി മുതൽ മാത്രമേ ലഭ്യമാകുകയുള്ളൂ എന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പുറത്തുനിന്നുള്ള വൈദ്യുതി ലഭിക്കാത്തതിനാൽ ഈ മാസം മുപ്പതാം തീയതി വരെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരാനാണ് സാധ്യത.

നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ബദൽ സംവിധാനങ്ങൾ സർക്കാർ ആലോചിക്കുന്നുണ്ടെങ്കിലും അതൊന്നും കാര്യക്ഷമമായ രീതിയിൽ നടപ്പിലാകാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടിയിരിക്കുകയാണ്.

ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് ഉണ്ടാക്കിയ കരാർ എൽഡിഎഫ് സർക്കാർ പിൻവലിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്. എന്നാൽ നിലവിലെ പ്രതിസന്ധിയുടെ കാര്യം ജനങ്ങളെ ഏറെ ഗുരുതരമായി ബാധിക്കുകയും സർക്കാരിനെതിരെയുള്ള വികാരം വർധിപ്പിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്.

രാത്രികാലങ്ങളിലെ വൈദ്യുതി ഉപയോഗം വർധിക്കുന്നതും ഓരോ ദിവസവും ലഭിക്കുന്ന വൈദ്യുതിയുടെ കുറവും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട് എന്നാണ് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കുന്നത്. ജനങ്ങൾ സഹകരിക്കണമെന്ന് അദ്ദേഹം ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു എന്നാൽ പ്രതിപക്ഷം അദ്ദേഹത്തിന്‍റെ നിലപാടുകളെ കടുത്ത ഭാഷയിൽ വിമർശിക്കുകയാണ്.

വൈദ്യുതി മുടങ്ങുന്ന വിവരം നേരത്തെ ഉപഭോക്താക്കളെ അറിയിക്കുമെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കിയിരുന്നെങ്കിലും മുന്നറിയിപ്പ് സന്ദേശം ചില സ്ഥലങ്ങളിൽ എത്താത്തതിലും കെഎസ്ഇബിക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. എന്നാൽ സാങ്കേതിക പ്രശ്നങ്ങളാണ് ഇതിന് കാരണമെന്നാണ് കെഎസ്ഇബിയുടെ നിലപാട്.

Latest News

Corehub Up