നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ടൗണ്‍ പ്രദേശത്ത് കുടിവെള്ള വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് നഗരസഭ കൗണ്‍സിലര്‍ ഗ്രാമം പ്രവീണ്‍ വാട്ടര്‍ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. രാത്രിയിലും തുടര്‍ന്ന സമരത്തില്‍ പ്രദേശത്തെ ഗുണഭോക്താക്കളും പങ്കെടുത്തു.
യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കുടിവെള്ള വിതരണം മുടങ്ങിയതെന്ന് കൗണ്‍സിലര്‍ ദീപികയോട് പറഞ്ഞു. ഇന്നലെ ഉച്ച കഴിഞ്ഞ് ഓഫീസിലെത്തിയ അദ്ദേഹം വാട്ടര്‍ അഥോറിറ്റി അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം അറിയിച്ചാണ് കുത്തിയിരുപ്പ് സമരം ആരംഭിച്ചത്. വിവരം അറിഞ്ഞ് പ്രദേശത്തെ ചില ഗുണഭോക്താക്കളും സമരത്തിനെത്തി. കുടവും ബക്കറ്റും നിരത്തിയായിരുന്നു സമരം. നെയ്യാറ്റിന്‍കരയിലെ പുതിയ പ്ലാന്റിന്റെ ഭാഗമായി ജലവിതരണത്തിനായി ദേശീയപാതയ്ക്കു കുറുകെ പുതിയ പിവിസി പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ കഴിഞ്ഞ ദിവസം രാത്രി ചെയ്തതായി വാട്ടര്‍ അഥോറിറ്റി അധികൃതര്‍ പറഞ്ഞു. പഴയ പൈപ്പിന് സമീപത്തായാണ് പുതിയവയും സ്ഥാപിക്കുന്നത്. പണി പൂര്‍ത്തിയാക്കി ജലവിതരണം പുന : സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ഇന്നലെ ഗുണഭോക്താക്കള്‍ അറിയിച്ചപ്പോഴാണ് വിതരണത്തിന് തടസം നേരിട്ടതായി അധികൃതര്‍ക്ക് ബോധ്യമായത്. എന്തായാലും, വ്യക്തമായ പരിശോധന നടത്തി പ്രശ്ന പരിഹാരം കാണുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുടിവെള്ള വിതരണം പുനസ്ഥാപിച്ചാലേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് കൗണ്‍സിലര്‍ പറഞ്ഞു.