ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ നിന്ന് ഇന്ധനം എത്തിക്കാൻ ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ അയക്കാൻ ഒരുങ്ങി ഇന്ത്യ.
ഫെബ്രുവരി അവസാനം ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇന്ത്യ ഇത്തരമൊരു സുപ്രധാന നീക്കം നടത്തുന്നത്. ദൗത്യത്തിനായുള്ള പദ്ധതികൾ പൂർത്തിയായതായും സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ചാലുടൻ കപ്പലുകൾ യാത്ര തിരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എന്നാൽ സുരക്ഷാ കാരണങ്ങളാൽ കപ്പലുകൾ പുറപ്പെടുന്ന തീയതിയോ കൊണ്ടുവരുന്ന ഇന്ധനത്തിന്റെ അളവോ പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ നാവികസേനയുടെ സുരക്ഷാ അനുമതിയും യാത്രയ്ക്ക് ആവശ്യമാണ്.
ആഗോള എണ്ണക്കടത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. ഇറാൻ-യുഎസ്, ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഈ പാതയിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു. ഇത് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഓയിൽ ഇറക്കുമതിക്കാരായ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കടുത്ത ഇന്ധന പ്രതിസന്ധിക്കും വിലക്കയറ്റത്തിനും കാരണമായി. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ പുതിയ നീക്കം.
ഇന്ത്യയുടെ ഈ നീക്കത്തിന് ഇറാൻ, അമേരിക്ക എന്നീ രാജ്യങ്ങളുടെ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിലെ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലും സമീപ പ്രദേശങ്ങളിലും ഇരുരാജ്യങ്ങളും വെവ്വേറെ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. അതിനാൽ തന്നെ ഇന്ത്യയുടെ കപ്പൽ ഗതാഗത പദ്ധതി വിജയകരമാകണമെങ്കിൽ ഇരുരാജ്യങ്ങളുടെയും ഭാഗത്തുനിന്നുള്ള സമ്മതം അതീവ നിർണായകമാണ്.
ഇരുപക്ഷത്തുനിന്നും അനുകൂലമായ നിലപാട് ലഭിച്ചില്ലെങ്കിൽ കപ്പലുകളുടെ സുരക്ഷ വലിയ ഭീഷണിയിലാകും. നയതന്ത്ര തലത്തിൽ ഇരുരാജ്യങ്ങളുമായി ഇന്ത്യ ചർച്ചകൾ നടത്തുന്നുണ്ടോ എന്ന കാര്യവും വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂ. ആഗോള എണ്ണ വിപണിയെയും ഇന്ത്യയുടെ ഇന്ധന സുരക്ഷയെയും ഒരുപോലെ ബാധിക്കുന്ന ഒന്നായതിനാൽ ലോകരാജ്യങ്ങളും ഈ നീക്കത്തെ ഉറ്റുനോക്കുകയാണ്.
Tags : India Oil Tankers Hormuz Supply