ന്യൂഡൽഹി: മക്കളായ രാഹുൽ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും ഇറ്റാലിയൻ ഭാഷയിലോ ഇംഗ്ലീഷിലോ സംസാരിക്കുന്നതിന് പകരം ഹിന്ദിയിൽ സംസാരിക്കാൻ ബോധപൂർവമായ തീരുമാനമാണ് എടുത്തതെന്ന് സോണിയ ഗാന്ധി. തന്റെ പുതിയ ആത്മകഥയായ 'ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ്' എന്ന പുസ്തകത്തിലാണ് 79 കാരിയായ കോൺഗ്രസ് നേതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മക്കൾ സ്കൂളിൽ പോയി തുടങ്ങുന്നത് വരെ സോണിയ ഗാന്ധി അവരോട് ഹിന്ദിയിലാണ് സംസാരിച്ചിരുന്നത്. ഇറ്റാലിയൻ ശൈലിയിലുള്ള ഹിന്ദിയായിരുന്നു അത്. സ്വന്തം ഹിന്ദി ഭാഷാ നൈപുണ്യം മെച്ചപ്പെടുത്താൻ വേണ്ടിയാണ് മക്കളോട് ഹിന്ദിയിൽ സംസാരിക്കുന്നതെന്നായിരുന്നു ആളുകളോട് പറഞ്ഞിരുന്നത്. എന്നാൽ അതിന്റെ യഥാർത്ഥ കാരണം ഇതൊന്നുമായിരുന്നില്ലെന്ന് സോണിയ പുസ്തകത്തിൽ കുറിക്കുന്നു.
"ഇന്ത്യയിൽ അംഗീകരിക്കപ്പെടാനും, ഉൾക്കൊള്ളപ്പെടാനും, ഈ നാടിന്റെ ഭാഗമാകാനുമുള്ള എന്റെ ആഴത്തിലുള്ള ആഗ്രഹമായിരുന്നു അതിന് പിന്നിൽ," അവർ എഴുതുന്നു. എന്നാൽ ജനനമാണ് ഒരാളുടെ ഐഡന്റിറ്റി നിർണയിക്കുന്നതെന്നും, എത്ര ശ്രമിച്ചാലും ആ വ്യത്യാസങ്ങൾ പൂർണമായി ഇല്ലാതാക്കാൻ കഴിയില്ലെന്ന് പിന്നീട് തനിക്ക് മനസിലായതായും അവർ പറയുന്നു. ഒടുവിൽ കുടുംബത്തിന് പുറത്ത് രാജീവ് ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലാണ് അവർക്ക് യഥാർഥ സ്വീകാര്യത ലഭിച്ചത്.
ഹിന്ദി പഠിച്ച നാളുകൾ
പ്രശസ്ത കവി ഹരിവംശ റായ് ബച്ചൻ (അമിതാഭ് ബച്ചന്റെ പിതാവ്) ആണ് തനിക്ക് ആദ്യമായി ഹിന്ദി പാഠങ്ങൾ പറഞ്ഞുതന്നതെന്ന് സോണിയ ഗാന്ധി ഓർക്കുന്നു. ഗാന്ധി കുടുംബത്തിലേക്ക് എത്തിയതിന് ശേഷം ഹിന്ദി പഠിക്കേണ്ടത് അത്യാവശ്യമാണെന്ന് അവർക്ക് തോന്നി. ദക്ഷിണ ഡൽഹിയിലെ ഗ്രീൻ പാർക്കിലുള്ള ഒരു ഹിന്ദി ഇൻസ്റ്റിറ്റ്യൂട്ടിൽ സുഹൃത്തിനൊപ്പം സുസുക്കി മോപ്പെഡിൽ സഞ്ചരിച്ചാണ് അവർ ഔദ്യോഗികമായി ഹിന്ദി അഭ്യസിച്ചത്.
അവിടെ വെച്ചാണ് ദേവനാഗിരി ലിപിയും വ്യാകരണവും അവർ പഠിച്ചെടുത്തത്. പിന്നീട് വലിയ ജനക്കൂട്ടങ്ങളെ അഭിസംബോധന ചെയ്യുമ്പോഴും പാർലമെന്റിൽ സംസാരിക്കുമ്പോഴും ഈ പരിശീലനം വലിയ തുണയായി. പാർട്ടി ജനറൽ സെക്രട്ടറി ജനാർദ്ദൻ വേദിയുടെ സഹായത്തോടെ ദിവസങ്ങളോളം കഠിനാധ്വാനം ചെയ്താണ് അവർ തന്റെ ഹിന്ദി പ്രസംഗങ്ങൾ തയ്യാറാക്കിയിരുന്നത്.
Tags : SoniaGandhiMemoir Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash