പ്രതീകാത്മക ചിത്രം
ഭോപ്പാൽ: മധ്യപ്രദേശിലെ ദിൻഡോറി ജില്ലയിൽ മധുരപലഹാരമെന്നു പറഞ്ഞ് അയൽവാസി നൽകിയ ബോംബ് കടിച്ച യുവാവ് മരിച്ചു. രാജേന്ദ്ര ബറോട്ടിയ (35) ആണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച വൈകിട്ട് വീട്ടിൽ വിശ്രമിക്കുകയായിരുന്ന രാജേന്ദ്രയുടെ അടുത്തേക്ക് അയൽവാസിയായ രാം ഭഗത് ബറോട്ടിയ എത്തുകയായിരുന്നു. ഇരുവരും സൗഹൃദപരമായി സംസാരിച്ചിരിക്കുന്നതിനിടയിലാണ് രാം ഭഗത് കൈയിൽ കരുതിയിരുന്ന വസ്തു രസഗുളയാണെന്ന് പറഞ്ഞ് രാജേന്ദ്രയ്ക്ക് നൽകിയത്.
മുറിക്കുള്ളിൽ ഇരുട്ടായിരുന്നതിനാൽ പലഹാരം എന്താണെന്ന് കൃത്യമായി തിരിച്ചറിയാൻ രാജേന്ദ്രയ്ക്ക് സാധിച്ചില്ല. എന്നാൽ, ഇത് വായിലിട്ട് കടിച്ചയുടൻ തന്നെ സ്ഫോടനമുണ്ടാകുകയായിരുന്നു. മൃഗങ്ങളെ വേട്ടയാടാനും കൊല്ലാനും ഉപയോഗിക്കുന്നതരം മാരകമായ സ്ഫോടകവസ്തുവാണ് ഇയാൾ നൽകിയതെന്ന് രാജേന്ദ്രയുടെ ഭാര്യ സുശീല ബായി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രയെ ഉടൻതന്നെ അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് പൊലിസ് ഉടൻതന്നെ അന്വേഷണം ആരംഭിക്കുകയും രാം ഭഗത് ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരാൺകുട്ടിയാണ് ഈ വസ്തു തന്നതെന്നാണ് രാം ഭഗത് പൊലിസിന് നൽകിയിട്ടുള്ള മൊഴി. സംഭവത്തിൽ ഉൾപ്പെട്ട ആൺകുട്ടിയെയും പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.