Image for representation
തിരുവനന്തപുരം: ചാലയില്‍ സ്വര്‍ണ വ്യാപാരിയില്‍ നിന്നും 250 പവന്‍ സ്വര്‍ണം കവര്‍ന്നു. വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ചാല വൈഷ്ണവി ജ്വല്ലറി ഉടമ മഹാരാഷ്ട്ര സ്വദേശിയായ നന്ദകുമാറിന്‍റെ പക്കല്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. ജ്വല്ലറി അടച്ച ശേഷം സ്വര്‍ണം ബാഗിലാക്കി വീട്ടിലേക്ക് പോകവെയായിരുന്നു കവര്‍ച്ച.
വലിയശാലയിലെ വീട്ടിലേക്ക് ബൈക്കില്‍ പോകവെ മരക്കട റോഡില്‍ വച്ച് ബുള്ളറ്റിലെത്തിയ രണ്ടംഗ സംഘം സ്വര്‍ണം അടങ്ങിയ ബാഗുമായി കടന്നുകളഞ്ഞെന്നാണ് നന്ദകുമാര്‍ പൊലിസില്‍ മൊഴി നല്‍കിയത്. പതിനഞ്ച് പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് ആദ്യം ഇദ്ദേഹം പോലീസിനോട് പറഞ്ഞത്. ഇന്ന് രാവിലെയാണ് 250 പവന്‍ സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്ന് പോലീസില്‍ മൊഴി നല്‍കിയത്.
പഴയ സ്വര്‍ണം വാങ്ങി ഉരുക്കിയെടുത്ത് പുതിയ സ്വര്‍ണമാക്കുകയാണ് ഇവരുടെ പണിയെന്ന് പൊലിസ് പറഞ്ഞു. കവര്‍ച്ച സംബന്ധിച്ച സിസിടിവി കാമറ ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. ഫോര്‍ട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തലസ്ഥാന നഗരത്തില്‍ ഉണ്ടായ ഈ കവര്‍ച്ചയില്‍ പ്രദേശവാസികളും ആശങ്കയിലായിട്ടുണ്ട്.
Tags : Robbery Police GoldRobbery Thieves GoldMerchant