തളിപ്പറമ്പ് ടൗണിൽ പൊലിസ് എംഡിഎംഎ പിടികൂടിയപ്പോൾ. വലത്തേയറ്റം പ്രതി സാജിദ്.
കണ്ണൂർ: തളിപ്പറമ്പ് ടൗണിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ 23.1677 ഗ്രാം എംഡിഎംഎയുമായി യുവാവിനെ ജില്ലാ റൂറൽ പൊലിസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് ടീമും തളിപ്പറമ്പ് പൊലിസും സംയുക്തമായി പിടികൂടി.
ഇരിക്കൂർ പെരുവളത്തുപറമ്പ് വയക്കാംകോട് കെ.ആർ സാജിദ് (40) ആണ് അറസ്റ്റിലായത്. ഇന്നു പുലർച്ചെ രണ്ടോടെ തളിപ്പറമ്പ് ടൗൺ സ്ക്വയറിന് സമീപത്തെ ബസ് വെയിറ്റിംഗ് ഷെൽട്ടറിന് സമീപമാണ് ഇയാൾ പിടിയിലായത്.
പട്രോളിംഗ് നടത്തുകയായിരുന്ന തളിപ്പറമ്പ് എസ്ഐ സി.ജി. സാംസണിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ചോദ്യം ചെയ്യുകയും പരിശോധിക്കുകയായിരുന്നു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന ബാഗ്, മൊബൈൽ ഫോൺ, പാൻ കാർഡ് എന്നിവയും പൊലിസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം തളിപ്പറമ്പിൽ നിന്ന് എംഡിഎംഎയുമായി പിടികൂടിയ കണ്ണൂർ സ്വദേശിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തെ തുടർന്ന് സാജിദിനെ പൊലിസ് അന്വേഷിച്ചുവരികയായിരുന്നു.
ഗ്രേഡ് എഎസ്ഐ ടി.ഒ.മോഹൻദാസ്, സീനിയർ സിപിഒ സരീഷ്, ഡാൻസാഫ് ടീമിലെ എഎസ്ഐ പ്രമോദ്, സീനിയർ സിപിഒ മാരായ ബിനേഷ്, സജിത്ത് എന്നിവരും പൊലിസ് സംഘത്തിൽ ഉണ്ടായിരുന്നു.