തളിപ്പറമ്പ്: ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് പിന്നോട്ടെടുക്കുന്നതിനിടെ വിദ്യാർഥിനിയുടെ കാലിൽ കയറിയിറങ്ങി. ഇരിക്കൂർ പെരുവളത്തുപറമ്പിലെ മാവിലോത്ത് പുതിയപുരയിൽ എ.പി.ഫാത്തിമയ്ക്ക് (11) ആണ് പരിക്കേറ്റത്.
ഇന്നു രാവിലെ തളിപ്പറമ്പ് ബസ് സ്റ്റാൻഡിലായിരുന്നു അപകടം. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകുന്നതിന് മാതാവിനൊപ്പം എത്തിയതായിരുന്നു വിദ്യാർഥിനി.
സ്റ്റാൻഡിൽ ബസ് ഇറങ്ങിയശേഷം പയ്യന്നൂർ ബസിൽ കയറാൻ പോകുന്നതിനിടെയായിരുന്നു അപകടം. ഇടത് കാൽപ്പാദത്തിനാണ് പരിക്ക്. വിദ്യാർഥിനിയെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.