ജിഷ്ണുവും മുനീറും
കോഴിക്കോട്: നരിക്കുനി പാലങ്ങാട് വലിയ കുളത്തില്‍ മുങ്ങിത്താഴ്ന്ന പ്ലസ്ടു വിദ്യാര്‍ഥിനിയെ കണ്ടപ്പോള്‍ ഒന്നും നോക്കാതെ എടുത്തുചാടി ജീവന്‍ രക്ഷിച്ച ജിഷ്ണുവും മുനീറുമാണിപ്പോള്‍ നാട്ടിലെ താരങ്ങള്‍.
സ്വജീവന്‍ പോലും അവഗണിച്ചായിരുന്നു സാഹസികമായി ഇവരുടെ രക്ഷാപ്രവര്‍ത്തനം. കഴിഞ്ഞ ദിവസമാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിന് സമീപത്തുകൂടി നടന്നുപോകുകയായിരുന്ന വിദ്യാര്‍ഥിനി കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.
കൂട്ടുകാരികളുടെ നിലവിളി കേട്ടാണ് ജിഷ്ണുവും മുനീറും ഓടിയെത്തിയത്. ഒട്ടുംമടിക്കാതെ ഇവര്‍ കുളത്തിലേക്ക് ചാടി വിദ്യാര്‍ഥിനിയെ കരയ്‌ക്കെത്തിക്കുകയായിരുന്നു.
അവരെ ഉടന്‍ ഏളേറ്റിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടി അപകടനില തരണം ചെയ്ത് സുഖം പ്രാപിച്ചുവരുന്നു.