പ്രതീകാത്മക ചിത്രം
അഗർത്തല: സിനിമ ഓഡിഷനിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം നൽകി ബംഗളൂരുവിലേക്ക് വിളിച്ചുവരുത്തിയ പെൺകുട്ടിയെ രക്ഷപ്പെടുത്തി. ഒക്ടോബർ 13 മുതൽ കാണാതായ അഗർത്തല സ്വദേശിയായ പെൺകുട്ടിയെ പിതാവിന്റെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിനെത്തുടർന്നാണ് ഒടുവിൽ സുരക്ഷിതമായി നാട്ടിലെത്തിച്ചത്. സംഭവത്തിനു പിന്നിൽ വലിയൊരു മനുഷ്യക്കടത്ത് സംഘമുണ്ടെന്ന സംശയവും ശക്തമായിട്ടുണ്ട്.
താൻ സിനിമയിൽ അഭിനയിക്കാൻ യോഗ്യയാണെന്നും ബംഗളൂരുവിൽ നടക്കുന്ന ചിത്രീകരണത്തിന്റെ ഓഡിഷനിൽ പങ്കെടുക്കാമെന്നും പറഞ്ഞ് 'നിഷിമ ബേൻ' എന്ന പേരിൽ പരിചയപ്പെടുത്തിയ ഒരു സ്ത്രീയാണ് തന്നെ യാത്രയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പെൺകുട്ടി പൊലിസിന് മൊഴി നൽകി. ആദ്യം ഒറ്റയ്ക്ക് യാത്ര ചെയ്യാൻ മടിച്ചെങ്കിലും പിന്നീട് ഇവർ നൽകിയ ഉറപ്പിൽ പെൺകുട്ടി സമ്മതിക്കുകയായിരുന്നു.
യാത്രയ്ക്കായി സ്വർണമാല പണയം വച്ച് പണം കണ്ടെത്തുകയും യുവരാജ് ചൗധരി എന്നയാൾ 30,000 രൂപ നൽകുകയും ചെയ്തതായി പെൺകുട്ടി പറഞ്ഞു. വിമാന ടിക്കറ്റും ഇയാളാണ് ബുക്ക് ചെയ്തു നൽകിയത്. ഒക്ടോബർ 13-ന് ഉച്ചയ്ക്കാണ് പെൺകുട്ടി വിമാനത്തിൽ ബംഗളൂരുവിലേക്ക് പുറപ്പെട്ടത്.
ബംഗളൂരു വിമാനത്താവളത്തിലെത്തിയ പെൺകുട്ടിയെ ഒരാൾ കാറിൽ വന്ന് കൂട്ടിക്കൊണ്ടുപോയത് വിജനമായ സ്ഥലത്തേക്കാണ്. എന്നാൽ അവിടെയെത്തിയപ്പോഴാണ് സിനിമാ ചിത്രീകരണമോ ഓഡിഷനോ ഇല്ലെന്ന് പെൺകുട്ടിക്ക് മനസിലായത്. പകരം മറ്റൊരു ജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും പെൺകുട്ടി ആരോപിക്കുന്നു.
സംഘം കുട്ടിയുടെ മൊബൈൽ ഫോൺ തകരാറാക്കുകയും സിം കാർഡ് ഊരിമാറ്റുകയും ചെയ്തു. ഇതിനുപിന്നാലെ പെൺകുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ട തട്ടിപ്പുകാർ ആദ്യം അഞ്ച് ലക്ഷം രൂപയും പിന്നീട് വിവിധ ഘട്ടങ്ങളിലായി എട്ട് ലക്ഷവും രണ്ട് ലക്ഷവും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താൻ തുടങ്ങി.
മകളെ കാണാതായതിനെ തുടർന്ന് കുടുംബം നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി ബംഗളൂരുവിലേക്ക് പോയ വിവരം പൊലിസ് കണ്ടെത്തിയത്. തുടർന്ന് മുംബൈയിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ ത്രിപുരയിലെ സാമൂഹിക പ്രവർത്തകൻ സുമിത് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിതാവ് വീണ്ടും ബംഗളൂരുവിലെത്തി.
സാമൂഹിക സംഘടനകളുടെയും പ്രാദേശിക സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെ നടത്തിയ തെരച്ചിലിനൊടുവിൽ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ അകലെയുള്ള ഒരു കേന്ദ്രത്തിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. അവിടെ മറ്റ് കുട്ടികളെയും ബന്ദികളാക്കിയിരുന്നുവെന്നും മകളെ വാഹനത്തിൽ കയറ്റിയതിന് പിന്നാലെ സംഘം കുട്ടികളെ വീണ്ടും കടത്താൻ ശ്രമിച്ചെങ്കിലും സംഘടനാ പ്രവർത്തകർ തടസപ്പെടുകയായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി.
ബംഗളൂരുവിനും മുംബൈയ്ക്കും ഇടയിലുള്ള സംഘടനാ ശൃംഖലകളുടെ സഹായത്തോടെയാണ് പെൺകുട്ടിയുടെ നീക്കങ്ങൾ നിരീക്ഷിച്ചതെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സാമൂഹിക പ്രവർത്തകൻ ഖോകൻ ചന്ദ്ര പോൾ പറഞ്ഞു. വിഷയത്തിൽ ത്രിപുര മുഖ്യമന്ത്രി മണിക് സാഹ നേരിട്ട് ഇടപെട്ടിരുന്നു.
എന്നാൽ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ ലക്ഷ്യമിട്ട് ഇതര സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും കടത്തുന്ന സംഘങ്ങൾ സജീവമാണെന്ന് ഖോകൻ ചന്ദ്ര പോൾ വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Girl Rescue Movie Audition