പ്രതീകാത്മക ചിത്രം.
വാഷിംഗ്ടൺ ഡിസി: ബഹിരാകാശ യാത്രകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിയൊരുക്കുന്ന നിർണായക പരീക്ഷണത്തിനൊരുങ്ങി ഇലോൺ മസ്കിന്റെ സ്പേസ് എക്സ്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ "സ്റ്റാർഷിപ്പി'ന്റെ എല്ലാ ഭാഗങ്ങളും കേടുപാടുകളില്ലാതെ തിരികെ ഭൂമിയിൽ സുരക്ഷിതമായി ഇറക്കാനാണു കമ്പനി ആദ്യമായി ശ്രമിക്കുന്നത്. ഇന്നു പ്രാദേശികസമയം വൈകുന്നേരം 5.45നും ഏഴിനു (ഇന്ത്യൻ സമയം നാളെ പുലർച്ചെ 4.15നും 5.30നും ഇടയിൽ) മിടയിലാണു വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്.
ഒരുതവണ ഉപയോഗിച്ചശേഷം കോടിക്കണക്കിന് രൂപ വിലമതിക്കുന്ന റോക്കറ്റ് ഭാഗങ്ങൾ ഉപേക്ഷിക്കുന്ന രീതി അവസാനിപ്പിച്ച്, പൂർണമായും പുനരുപയോഗിക്കാൻ കഴിയുന്ന വിക്ഷേപണ സംവിധാനം വികസിപ്പിക്കുക എന്നതാണു ലക്ഷ്യം. റോക്കറ്റ് ശാസ്ത്രത്തിലെ ഏറ്റവും വലിയ സ്വപ്നമായ ഈ നേട്ടം കൈവരിക്കാനായാൽ ബഹിരാകാശ വിക്ഷേപണച്ചെലവ് വൻതോതിൽ കുറയ്ക്കാൻ സാധിക്കും.
ലക്ഷ്യങ്ങളും വെല്ലുവിളികളും
ചന്ദ്രനിൽ സ്ഥിരമായ മനുഷ്യവാസകേന്ദ്രം സ്ഥാപിക്കാനുള്ള നാസയുടെ ദൗത്യങ്ങൾക്ക് പിന്തുണ നൽകുക, സ്റ്റാർലിങ്ക് ഇന്റർനെറ്റ് ശൃംഖല വിപുലീകരിക്കുക, ചൊവ്വയിൽ മനുഷ്യവാസം സാധ്യമാക്കുക തുടങ്ങി വമ്പൻ പദ്ധതികൾക്കായാണു സ്റ്റാർഷിപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്.
പദ്ധതി വിജയിക്കണമെങ്കിൽ സ്റ്റാർഷിപ്പിന്റെ മുകൾഭാഗത്തുള്ള 171 അടി ഉയരമുള്ള പേടകത്തെ ഭ്രമണപഥത്തിൽനിന്നു തിരികെ കൊണ്ടുവന്ന് ദക്ഷിണ ടെക്സസിലെ വിക്ഷേപണ ഗോപുരത്തിന്റെ യന്ത്രക്കൈകൾക്കുള്ളിൽ സുരക്ഷിതമായി ഇറക്കണം. ചരിത്രത്തിൽ ഇതുവരെ ഇത്തരമൊരു പരീക്ഷണം നടത്തിയിട്ടില്ല.
വിക്ഷേപണം കഴിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ താഴത്തെ ഭാഗമായ "സൂപ്പർ ഹെവി' റോക്കറ്റ് ബൂസ്റ്റർ വേർപെട്ട് വിക്ഷേപണ ഗോപുരത്തിലേക്കുതന്നെ തിരിച്ചിറങ്ങും. ഇതിനുമുന്പും സ്പേസ് എക്സ് ബൂസ്റ്ററുകൾ വിജയകരമായി തിരിച്ചിറക്കിയിട്ടുണ്ടെങ്കിലും പുതിയ പതിപ്പായ വി3 ബൂസ്റ്ററിൽ ഇത് ആദ്യമായാണു പരീക്ഷിക്കുന്നത്.
നിർണായകമായ തിരിച്ചിറക്കം
ബൂസ്റ്ററിൽനിന്നു വേർപെട്ടശേഷം മുകൾഭാഗത്തുള്ള പേടകം സ്വന്തം എൻജിനുകൾ ജ്വലിപ്പിച്ച് മണിക്കൂറിൽ 27,000 കിലോമീറ്ററിലധികം (ശബ്ദത്തിന്റെ 20 ഇരട്ടി) വേഗത കൈവരിച്ച് ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കും. തുടർന്ന് 22 മണിക്കൂറിനുള്ളിൽ ഭൂമിയെ 14 തവണ വലംവയ്ക്കുകയും 26 സ്റ്റാർലിങ്ക് വി3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുകയും ചെയ്യും.
നാളെ ഉച്ചയോടെ (ഇന്ത്യൻ സമയം നാളെ രാത്രി 10.30) യാണ് ഏറ്റവും നിർണായകമായ ഘട്ടം. ഭൂമിയുടെ അന്തരീക്ഷത്തിലേക്കു തിരികെ പ്രവേശിക്കുമ്പോൾ പേടകത്തിനുപുറത്ത് 2,000 ഡിഗ്രി ഫാരൻഹീറ്റിലധികം താപനില അനുഭവപ്പെടും. അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തിനു മുകളിലൂടെ കരഭാഗം കടന്നാണു പേടകം ടെക്സസിലേക്ക് എത്തുന്നത്.
ജനവാസ മേഖലകൾക്കു മുകളിലൂടെയുള്ള ഈ സഞ്ചാരം വലിയ വെല്ലുവിളിയാണ്. അപകടസാധ്യത കുറയ്ക്കാൻ വടക്കൻ മെക്സിക്കോയിലെയും തെക്കൻ ടെക്സസിലെയും ജനവാസം കുറഞ്ഞ മേഖലകളിലൂടെ പേടകത്തെ തിരിച്ചുവിടാനാണു തീരുമാനം. അവസാനനിമിഷം എന്തെങ്കിലും തകരാർ സംഭവിച്ചാൽ പേടകത്തെ കടലിൽ പതിപ്പിക്കാനോ അല്ലെങ്കിൽ ആകാശത്തുവച്ചുതന്നെ നശിപ്പിക്കാനോ മിഷൻ കൺട്രോളർമാർക്ക് സാധിക്കും.
എൻജിൻ തകരാറുകൾ ആശങ്ക
സമീപകാല പരീക്ഷണങ്ങളിൽ സ്റ്റാർഷിപ്പിലെ 'റാപ്റ്റർ' എൻജിനുകൾക്കുണ്ടായ തകരാറുകൾ ആശങ്ക ഉയർത്തുന്നുണ്ട്. സെപ്റ്റംബറിൽ നടന്ന 14-ാം പരീക്ഷണപ്പറക്കലിൽ വിക്ഷേപണത്തിന് തൊട്ടുപിന്നാലെ ഒരു എൻജിൻ പ്രവർത്തനരഹിതമായിരുന്നു. അന്ന് ദൗത്യം ഉപേക്ഷിക്കാൻ ഉദ്യോഗസ്ഥർ ആലോചിച്ചെങ്കിലും ഇലോൺ മസ്കിന്റെ നിർദേശപ്രകാരം മുന്നോട്ടുപോകുകയും പേടകം ഭ്രമണപഥത്തിൽ എത്തുകയും ചെയ്തിരുന്നു.
2025ൽ നടന്ന ഒരു പരീക്ഷണത്തിനിടെ സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ച് അവശിഷ്ടങ്ങൾ ജനവാസമേഖലയിൽ പതിച്ചിരുന്നു. എന്നാൽ, ഓരോ പരീക്ഷണത്തിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ട് സുരക്ഷിതമായി പേടകത്തെ തിരിച്ചിറക്കാൻ സാധിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് സ്പേസ് എക്സ്.
Tags : Elon Musk SpaceX Satellites Rockets Innovations MissionSuccess