പ്രതീകാത്മക ചിത്രം
മുംബൈ: വഴി ചോദിക്കാനെന്ന വ്യാജേനയെത്തി വയോധികയുടെ കഴുത്തിൽ നിന്ന് സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രമോദ് ജഠാർ, മുഹമ്മദ് ഷാഹിദ് അലാദിൻ ഖാൻ എന്നിവരാണ് അറസ്റ്റിലായത്.
സാധനങ്ങൾ വാങ്ങി തിരിച്ചെത്തിയ വയോധിക തന്റെ വീടിന്റെ വാതിൽ തുറക്കുന്നതിനിടയിലാണ് സംഭവം. പ്രതികളിലൊരാൾ വയോധികയുടെ അടുത്തുചെന്ന് വഴി ചോദിച്ചു. വയോധിക തനിച്ചാണെന്ന് മനസിലാക്കിയ ഇയാൾ, കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടിച്ച് ഓടി രക്ഷപ്പെടുകയുമായിരുന്നു.
മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. വയോധികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലിസ് പ്രതികളെ ദാദറിൽ നിന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായി പൊലിസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.