ചൈനയിൽ സ്വന്തം വീട്ടിൽ അത്യാധുനിക ലാബ് സജീകരിച്ച് വൻതോതിൽ ലഹരിമരുന്ന് നിർമിച്ചുനൽകിയ മുൻ കെമിസ്ട്രി അധ്യാപകനും കെമിസ്ട്രി ബിരുദാനന്തര ബിരുദ വിദ്യാർഥിയും പൊലിസിന്റെ പിടിയിലായി.
വൈദ്യശാസ്ത്രരംഗത്ത് മയക്കുമരുന്നായി ഉപയോഗിക്കുന്ന എറ്റോമിഡേറ്റ് എന്ന പദാർഥം അനധികൃതമായി നിർമിച്ചെടുക്കാനുള്ള പ്രത്യേക രാസസൂത്രവാക്യം വികസിപ്പിച്ചെടുത്തത് അധ്യാപകനാണ്.
ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമാണത്തിന് ആവശ്യമായ രാസവസ്തുക്കളും ഉപകരണങ്ങളും സംഘടിപ്പിക്കുകയും വിതരണ ശൃംഖല ഏകോപിപ്പിക്കുകയും ചെയ്തത് വിദ്യാർഥിയായിരുന്നു.
ഈ രാസലഹരി സ്വന്തം ലാബിൽ ഉൽപ്പാദിപ്പിച്ച ശേഷം വിയറ്റ്നാം, തായ്ലൻഡ് തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് രഹസ്യമായി കടത്തിയാണ് ഇവർ ലാഭം കൊയ്തിരുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലിസ് നടത്തിയ പരിശോധനയിൽ വലിയ അളവിലുള്ള ലഹരിശേഖരവും രാസവസ്തുക്കളും ലാബ് ഉപകരണങ്ങളും പിടിച്ചെടുത്തു.
വിദ്യാഭ്യാസവും ശാസ്ത്രപരിജ്ഞാനവും കുറ്റകൃത്യങ്ങൾക്കായി ദുരുപയോഗം ചെയ്ത ഈ സംഭവം വലിയ ഞെട്ടലാണ് പ്രാദേശികമായി ഉണ്ടാക്കിയിട്ടുള്ളത്.