നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രിയുടെ വിദേശബന്ധത്തിന്റെ തെളിവുകൾ ഉൾപ്പെടെ തന്റെ ഫോണിലുണ്ടെന്നും രാഹുൽ പറഞ്ഞു.
തന്റെ പക്കൽ പ്രധാനമന്ത്രിയുടെ വിദേശബന്ധങ്ങളുടെ തെളിവുകളുണ്ടെന്നും അത് തന്റെ ഫോണിലുണ്ടെന്ന് മോദിക്ക് അറിയാമെന്നും രാഹുൽ ആരോപിക്കുന്നു. അതിനാലാണ് മോദി തന്റെ ഫോൺ ചോർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നേരിട്ടൊരു സംവാദത്തിന് വരുന്ന നിമിഷം, ആരാണ് വിദേശ ശക്തികളുടെ നിയന്ത്രണത്തിലുള്ളതെന്നും ആരാണ് ദേശവിരുദ്ധനെന്നും എന്നുമുതലാണ് അദ്ദേഹം ദേശവിരുദ്ധനായതെന്നും തന്റെ ഫോണിലുള്ള മറ്റ് നിരവധി വിവരങ്ങളും എല്ലാവരും അറിയുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് രാഹുൽ ഗാന്ധി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. താനുമായുള്ള സംവാദത്തിന് ടെലിപ്രോംപ്റ്ററും ഇഷ്ടമുള്ള ജഡ്ജിയെയും കൊണ്ടുവരാം. സംവാദത്തിന് മോദി തയാറാവണം. യഥാർഥ രാജ്യദ്രോഹി ആരാണെന്ന് അറിയാൻ രാജ്യം ആഗ്രഹിക്കുന്നുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Tags : RahulGandhi NarendraModi BJP Congress NewsUpdate Headlines