മാത ഹാരി.
ലോകം ഇപ്പോൾ ഒരു 'ചാരസുന്ദരി'യുടെ പിന്നാലെയാണ്, എൻവിഡിയ കമ്പനിയുടെ തലപ്പത്തിരുന്ന ജെൻസൻ ഹുവാംഗിനെ വലയിൽവീഴ്ത്തി ചൈനയ്ക്കായി രഹസ്യങ്ങൾ കവർന്ന ചാരസുന്ദരി 'ആലീസ് ഹുവാംഗി'ന്റെ പിന്നാലെ. അവൾ ഇപ്പോൾ എവിടെയാണ്? ആർക്കുമറിയില്ല. ആലീസ് മുങ്ങിയത് ചൈനയിൽത്തന്നെയെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ജെൻസന്റെ കഥ ചൈനീസ് ചാരസുന്ദരിയിൽ മാത്രം ഒതുങ്ങുന്നതല്ല. എൻവിഡിയ കമ്പനിക്കകത്തും പുറത്തുമായി നിരവധി സ്ത്രീകളുമായി അയാൾക്കു ബന്ധമുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എൻവിഡിയയിൽനിന്ന് എന്തെല്ലാം ചോർന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തേണ്ടിയിരിക്കുന്നു.

'കനകംമൂലം കാമിനിമൂലം...' എന്നൊരു ചൊല്ലുണ്ടല്ലോ! ചാരസുന്ദരിമാരുടെ വലയിൽവീണ് സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ട എത്രയോ പേരുടെ കഥകൾ ചരിത്രത്താളുകളിലുണ്ട്. ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരെ വട്ടംകറക്കിയ എത്രയോ മാദകറാണിമാർ. ചാരസുന്ദരിമാരുടെ ചരിത്രം വായിക്കുമ്പോൾ, ഒരിക്കലും മായാത്ത അധ്യായമാണ് മാത ഹാരിയുടേത്! മാദകത്വവും നൃത്തച്ചുവടുകളുംകൊണ്ടു പല വമ്പന്മാരെയും വീഴ്ത്തിയ കുപ്രസിദ്ധ സൗന്ദര്യറാണി. ദുരൂഹതനിറഞ്ഞ ജീവിതത്തിന്റെ ഉടമ. 'മാത ഹാരി'യുടെ ജീവിതം സംഭവബഹുലമാണ്.
മാത ഹാരി എന്നു ലോകം അറിയപ്പെടുന്ന മാർഗരീത്ത ഗീർട്രൂഡിനാ സെല്ലെ, പാരീസ് ആഡംബര ലോകത്തെ മാദകരാജ്ഞിയായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് ചാരവൃത്തിക്കു പിടിയിലായ അവരെ ഫ്രഞ്ച് ഫയറിംഗ് സ്ക്വാഡ് വധശിക്ഷയ്ക്കു വിധേയയാക്കി. നെതർലൻഡ്സിലെ ഫ്രീസ് മ്യൂസിയത്തിൽ മാത ഹാരിയുടെ ജീവിതവുമായി ബന്ധപ്പെട്ട അപൂർവ ശേഖരങ്ങളും വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട്. സാധാരണ പെൺകുട്ടിയിൽനിന്നു രാജ്യതലപ്പത്തെ വമ്പന്മാരെ വരെ വീഴ്ത്തിയ ചാരസുന്ദരിയിലേക്കുള്ള അവരുടെ വളർച്ച വെളിപ്പെടുത്തുന്ന അപൂർവരേഖകൾ.

തകർന്ന ബാല്യം
1876 ഓഗസ്റ്റ് ഏഴിന് നെതർലൻഡ്സിലെ ല്യൂവാർഡൻ നഗരത്തിലാണ് മാർഗരീത്ത ജനിച്ചത്. അവളുടെ പിതാവ് തൊപ്പി വ്യാപാരസ്ഥാപനത്തിന്റെ ഉടമയായിരുന്നു. ആഡംബര ജീവിതമാണു ആ കുടുംബം നയിച്ചിരുന്നത്. എന്നാൽ, വ്യാപാരത്തിൽ നേരിട്ട വൻ തകർച്ച കുടുംബത്തെ പാപ്പരാക്കി. അമ്മയുടെ മരണവും കുടുംബത്തിന്റെ തകർച്ചയുംമൂലം ആ പതിനാലുകാരിക്ക് തന്റെ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്നു. തുടർന്ന് മാർഗരീത്ത ബന്ധുക്കളുടെ സംരക്ഷണയിലായി. പതിനെട്ടാം വയസിൽ, 1895-ൽ അവർ വിവാഹിതയായി. ഡച്ച് ഈസ്റ്റ് ഇൻഡീസിൽ സേവനമനുഷ്ഠിക്കുന്ന റുഡോൾഫ് മക്ളിയോഡ് എന്ന സൈനിക ഉദ്യോഗസ്ഥനാണു ഭർത്താവ്. അയാൾ പത്രത്തിൽ നൽകിയ വിവാഹപരസ്യത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.
കുടുംബജീവിതത്തിലെ തകർച്ച
ദമ്പതിമാർ 1897-ൽ ഡച്ച് ഈസ്റ്റ് ഇൻഡീസിലേക്ക് (ഇന്നത്തെ ഇന്തോനേഷ്യ) മാറിത്താമസിച്ചു. അവർക്കു രണ്ടു കുട്ടികൾ പിറന്നു. നോർമൻ ജോൺ, നോണി എന്നാണു കുട്ടികളുടെ പേരുകൾ. കുട്ടികൾ രണ്ടു പിറന്നെങ്കിലും കുടുംബജീവിതം വൻ പരാജയമായിരുന്നു. മദ്യപാനിയായ ഭർത്താവിന്റെ ക്രൂരപീഡനങ്ങളും അവഗണനയും മാർഗരീത്തയുടെ ജീവിതം നരകതുല്യമാക്കിത്തീർത്തു. അക്കാലത്ത് അവർ പ്രാദേശിക നൃത്തകലകൾ അഭ്യസിച്ചു. നൃത്തകലകളിൽ പ്രാവീണ്യം നേടുകയും ചെയ്തു. ഇതിനിടയിൽ, പനിബാധയെത്തുടർന്നു മൂത്തമകൻ മരിച്ചു. തുടർന്ന് 1902-ൽ നെതർലൻഡ്സിൽ അവർ തിരിച്ചെത്തി. ഔദ്യോഗികമായി വിവാഹമോചനവും നേടി.

പാരീസിനെ ഇളക്കിമറിച്ച് 'മാത ഹാരി'യുടെ ഉദയം
ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസപ്പെട്ട അവർ പാരീസിലെത്തി. വൈകാതെ മാർഗരീത്ത നർത്തകിയുടെ ജീവിതം ആരംഭിച്ചു. തന്റെ ആകർഷകമായ സൗന്ദര്യത്താലും നൃത്തച്ചുവടുകളാലും പാരീസ് നഗരത്തെ അവർ ഇളകിമറിച്ചു. മലയ് ഭാഷയിൽനിന്നു പ്രേരണ ഉൾക്കൊണ്ട് തന്റെ പേര് 'മാത ഹാരി' എന്നാക്കി മാറ്റി. 1905 മാർച്ച് 13-ന് ഗുമെ മ്യൂസിയത്തിൽ അവർ അവതരിപ്പിച്ച കിഴക്കൻ നൃത്തശൈലി പാരിസിനു പുത്തൻ അനുഭവമായി. അക്കാലത്ത് അച്ചടിച്ചിരുന്ന മാധ്യങ്ങൾ മാത ഹാരിയെ പുകഴ്ത്തി. പിന്നീടങ്ങോട്ടു മാത ഹാരിയുടെ ജീവിതം മാറുകയായിരുന്നു. യൂറോപ്പിലെ ഉന്നതരുമായും രാഷ്ട്രീയ-സൈനിക പ്രമുഖരുമായും അവർക്കു അടുത്ത ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. അവരുടെ സൗന്ദര്യം തേടിവന്നവരായിരുന്നു എല്ലാവരും.
മാത ഹാരിയുടെ വധം
ഒന്നാം ലോകമഹായുദ്ധകാലത്തു യൂറോപ്പിലുടനീളം ഇവർ സഞ്ചരിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായും സൈനികരുമായും ബന്ധം പുലർത്തിയിരുന്ന മാത ഹാരി, ജർമനിക്കായി ചാരവൃത്തി ചെയ്തിന്റെ പേരിൽ പിടിയിലായി. വിചാരണയ്ക്കുശേഷം 1917 ഒക്ടോബർ 15-ന് അവരെ വധശിക്ഷയ്ക്കു വിധേയയാക്കി.
Tags : MataHari International AliceHuang MargarethaGeertruidaZelle FriesMuseum MuseeGuimet JensenHuang Nvidia ChineseSpy