Sports
ബ്രിസ്റ്റോള്‍: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന് ഇംഗ്ലണ്ടിന് എതിരായ പരമ്പര ജയത്തോടെ ഒരുങ്ങാന്‍ ഇന്ത്യന്‍ വനിതാ ടീം. ഇന്ത്യ x ഇംഗ്ലണ്ട് മൂന്നു മത്സര ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്നു നടക്കും.
ആദ്യ മത്സരത്തില്‍ 38 റണ്‍സിന് വിജയിച്ച ഇന്ത്യ ഇന്ന് ജയിച്ച് പരമ്പര ഉറപ്പിക്കാനാണിറങ്ങുന്നത്. രാത്രി 7.00നാണ് മത്സരം. ജൂണ്‍ 14ന് ട്വന്റി-20 ലോകകപ്പില്‍ പാക്കിസഥാനെതിരേ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് ആത്മവിശ്വാസത്തോടെ ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ഇന്നത്തെ ജയം അനിവാര്യമാണ്.
ആദ്യ മത്സരത്തില്‍ ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി. ഇംഗ്ലീഷ് നിരയെ 20 ഓവറില്‍ 150/8ല്‍ പിടിച്ചുനിര്‍ത്തി 38 റണ്‍സ് ജയം സ്വന്തമാക്കി.
അര്‍ധസെഞ്ചുറി നേടിയ ജമീമ റോഡ്രിഗസാണ് (40 പന്തില്‍ 69) കളിയിലെ താരം. ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന (0), ഷഫാലി വര്‍മ (2) എന്നിവര്‍ വേഗം മടങ്ങി. യാസ്തിക ഭാട്ട്യ (40 പന്തില്‍ 54 റണ്‍സ്) ജമീമയ്ക്ക് പിന്തുണ നല്കി.
ആമി ജോണ്‍സ് (48 പന്തില്‍ 67) മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ പൊരുതിയത്. ഇന്ത്യക്കായി നന്ദാനി ശര്‍മ മൂന്നും ക്രാന്തി ഗൗഡ് രണ്ടും വിക്കറ്റ് വീഴ്ത്തി.
Sports
ചെംസ്ഫോര്‍ഡ്: ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ട്വന്റി-20 ക്രിക്കറ്റ് ടീമിനു ജയം.
ഇസിബി ഡവലപ്മെന്റ് വനിതാ ഇലവനെ ഏഴ് വിക്കറ്റിന് ഇന്ത്യ കീഴടക്കി. സ്കോര്‍: ഇസിബി 20 ഓവറില്‍ 154/6. ഇന്ത്യ 20 ഓവറില്‍ 200/6.
വിജയ ലക്ഷ്യമായ 155 റണ്‍സ് 22 പന്ത് ബാക്കിനില്‍ക്കേ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയിരുന്നു. എങ്കിലും, ഇന്ത്യന്‍ ടീം ബാറ്റിംഗ് തുടരുകയായിരുന്നു.
ഇന്ത്യക്കായി ഷെഫാലി വര്‍മ (25 പന്തില്‍ 50), യാസ്തിക ഭാട്ടിയ (35 പന്തില്‍ 47), ഭാരതി ഫുള്‍മാലി (29 പന്തില്‍ 48) എന്നിവര്‍ ഇന്ത്യക്കായി തിളങ്ങി. ഇന്ത്യ x ഇംഗ്ലണ്ട് മൂന്നു മത്സര ട്വന്റി-20 പരമ്പര നാളെ ആരംഭിക്കും.
Sports
മെൽബൺ: ടി20 ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന സൂചന നല്കി ഓസ്ട്രേലിയന്‍ വനിതാ പേസ് ഇതിഹാസം മെഗാന് ഷുറ്റ്. വരാനിരിക്കുന്ന വനിതാ ടി20 ലോകകപ്പ് തന്റെ കരിയറിലെ അവസാന പോരാട്ടമായിരിക്കുമെന്നു താരം വ്യക്തമാക്കി.
ജൂണ്‍ 12 മുതല്‍ ജൂലൈ അഞ്ചു വരെ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് വനിതാ ടി20 ലോകകപ്പ് നടക്കുന്നത്. കഴിഞ്ഞ 14 വര്‍ഷമായി ഓസ്ട്രേലിയന്‍ വനിതാ ടീമിന്റെ നെടുംതൂണാണ് മെഗാന്. 2012ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരം മൂന്ന് ഫോര്‍മാറ്റിലുമായി 309 വിക്കറ്റുകള്‍ വീഴ്ത്തി.
111 ഏകദിനം, 125 ടി20, നാല് ടെസ്റ്റ് മത്സരങ്ങളും താരം ഓസീസ് ജേഴ്സിയില്‍ കളിച്ചു. ടി20യില്‍ 152 വിക്കറ്റുകളും ഏകദിനത്തില്‍ 148 വിക്കറ്റുകളും ടെസ്റ്റില്‍ ഒമ്പതു വിക്കറ്റുകളും നേടിയിട്ടുണ്ട്.
NRI
വയനാട്: ജിബ്രാള്‍ട്ടറിന്റെ ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ച് വയനാട് സ്വദേശി. ബത്തേരി പാട്ടുകുടിയില് കുടുംബാംഗം മുഹമ്മദ് റോഷനാണ് (26) ജിബ്രാള്‍ട്ടര്‍ ദേശീയ ക്രിക്കറ്റ് താരമായി മാറിയത്.
ജിബ്രാള്‍ട്ടറില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് റോഷന്. ഫാസ്റ്റ് ബൗളിംഗ് മികവാണ് റോഷന് ദേശീയ ടീമിലേക്ക് വഴിതുറന്നത്. ഡെന്മാര്ക്കിൽ നടക്കുന്ന ട്വന്റി - 20 ലോകകപ്പ് ക്വാളിഫയര്‍ മത്സരങ്ങളില്‍ ടീമിനുവേണ്ടി പന്തെറിയാന്‍ ഒരുങ്ങുകയാണ് റോഷന്.
ഡല്‍ഹിയില്‍ അദാനി കമ്പനിയില്‍ മാനേജരായ പി.കെ. ഇസ്മയില്‍ - ഷംല ദമ്പതികളുടെ മകനാണ് റോഷന്. ദുബായിയിലുള്ള ഡാനിഷ് ഇസ്മയില്‍ സഹോദരനാണ്.
Movies
ഇന്ത്യൻ ക്രിക്കറ്റ് താരം തിലക് വർമയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ശ്രീലീലയുടെ ടീം. പരക്കുന്നത് വ്യാജവാർത്തയാണെന്നും കിംവദന്തികൾ നിഷേധിക്കുകയാണെന്നും അവർ പറഞ്ഞു.
ഐപിഎൽ പഞ്ചാബ് കിംഗ്സ്–മുംബൈ ഇന്ത്യൻസ് മത്സരത്തിന് ശേഷമാണ് ശ്രീലീലയും തിലക് വർമയും പ്രണയത്തിലാണെന്ന പ്രചാരണമുണ്ടായത്.
ധരംശാലയിൽ നടന്ന മത്സരം കാണാൻ ശ്രീലീലയുടെ അമ്മ എത്തിയിരുന്നു. ഇതോടെ നടിയും മത്സരം കാണാനെത്തിയെന്നും തിലക് എന്നു പേരെഴുതിയ ടീഷർട്ട് ധരിച്ചെന്നും അഭ്യൂഹമുയർന്നു. ഇതോടൊണ് നടിയുടെ ടീം വാർത്ത നിക്ഷേധിച്ചത്.
‘തിലക് വർമ്മയും ശ്രീലീലയും തമ്മിലുള്ള കിംവദന്തികൾ പൂർണ്ണമായും അടിസ്ഥാനരഹിതവും സത്യമല്ലാത്തതുമാണ്. ഇരുവരും തമ്മിൽ ഒരിക്കലും ആശയവിനിമയം നടത്തിയിട്ടില്ല. ഈ ഊഹാപോഹങ്ങൾക്ക് യാതൊരു സത്യസന്ധതയുമില്ല, വസ്തുതാപരമായ അടിത്തറയില്ലാതെ ഇത്തരം കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിക്കരുത്.’ എന്ന് ശ്രീലീലയുടെ ടീം പ്രസ്താവന പുറത്തിറക്കി.
മാധ്യമങ്ങളോടും സോഷ്യൽ മീഡിയ ഉപയോക്താക്കളോടും തെളിവില്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും വ്യക്തിപരമായ കാര്യങ്ങള്‍ റിപ്പോർട്ട് ചെയ്യുമ്പോൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ടീം പറഞ്ഞു.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമായ തിലക് വർമ ടീം താമസിച്ചിരുന്ന ഹോട്ടലിലൂടെ ഹെഡ് ഫോൺ ധരിച്ച് നടക്കവെ തിലകിനെ ചൂണ്ടിക്കാട്ടി സൂര്യകുമാർ യാദവ് അവൻ പ്രണയത്തിലാണെന്ന് തമാശരൂപേണ പറഞ്ഞിരുന്നു.
ഇതും അഭ്യൂഹങ്ങൾ ശക്തമാക്കി. ഇതോടെയാണ് പ്രണയത്തിലാണെന്ന വാർത്ത നിഷേധിച്ച് നടിയുടെ വൃത്തങ്ങൾ എത്തിയത്.
Sports
ന്യൂഡൽഹി: ഇന്ത്യയുടെ ട്വന്റി20 നായകനായി സൂര്യകുമാർ യാദവിന് പകരം മലയാളി താരം സഞ്ജു സാംസണിനെ പരിഗണിക്കുമോ എന്ന് ഇന്നറിയാം.
ഗുവാഹത്തിയിൽ നടക്കുന്ന യോഗത്തിൽ സെലക്ടർമാർ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. പരിശീലകൻ ഗൗതം ഗംഭീറിന്റെ നിലപാട് നിർണായകമാകും.
വരാനിരിക്കുന്ന അഫ്ഗാനിസ്ഥാൻ പരന്പരയിലെ ടീമിനെ തിരഞ്ഞെടുക്കാനാണ് യോഗമെങ്കിലും ട്വന്റി20 നായകസ്ഥാനവും ചർച്ചയായേക്കും.
അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ ടീമുകളുടെ കാര്യത്തിലും ധാരണയാകും. ഋഷഭ് പന്തിന്റെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ സ്ഥാനം സംബന്ധിച്ചും യോഗത്തിൽ ചർച്ച നടന്നേക്കും.
Sports
ചെന്നൈ: ചെപ്പോക്കില്‍ വീണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാകാതെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പുറത്തായി. ചെന്നൈയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദാരാബാദ് 16 പോയിന്റുമായി പ്ലേ ഓഫിലെത്തി.
181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് തുടക്കത്തില പതറിയെങ്കിലും ഇഷാന് കിഷന്റെ അര്‍ധസെഞ്ചുറിയുടെയും(47 പന്തില്‍ 70), ഹെന്റിച്ച് ക്ലാസന്റെ വെടിക്കെട്ടിന്റെയും(26 പന്തില്‍ 47) കരുത്തില്‍ 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ഹൈദരാബാദ് ജയിച്ചതോടെ 16 പോയിന്റുള്ള ഗുജറാത്തും ആര്‍സിബിക്കൊപ്പം പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി. തോല്‍വിയോടെ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകലിന്റെ വക്കിലാണ്. അവസാന മത്സരത്തില്‍ ഗുജറാത്തിനെ തോൽപിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലം കൂടി അനുകൂലമായാല്‍ മാത്രമെ ചെന്നൈക്ക് പ്ലേ ഓഫ് സാധ്യതയുള്ളു. സ്കോര്‍ ചെന്നൈ 20 ഓവറില്‍ 180-7, ഹൈദരാബാദ് 19 ഓവറില്‍ 181-5.
Sports
റായ്പുർ: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. വിരാട് കോഹ്ലിയുടെ സെഞ്ചുറി കരുത്തിലാണ് ബംഗളൂരു ജയം സ്വന്തമാക്കിയത്. സ്കോർ: കോൽക്കത്ത 20 ഓവറിൽ 192/4, ബംഗളൂരു 19.1 ഓവറിൽ 194/4.
കോൽക്കത്ത ഉയർത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗളൂരുവിന്റെ കപ്പിത്താന്റെ ചുമതല കോഹ്ലി ഏറ്റെടുക്കുകയായിരുന്നു. 60 പന്തുകൾ നേരിട്ട കോഹ്ലി മൂന്ന് സിക്സും 11 ഫോറും ഉൾപ്പെടെ 105 റണ്‍സുമായി പുറത്താകാതെ നിന്നു.
ജേക്കബ് ബെഥേൽ (15) നിരാശപ്പെടുത്തിയപ്പോൾ ദേവദത്ത് പടിക്കൽ 27 പന്തിൽ 39 റണ്‍സെടുത്തു. ക്യാപ്റ്റൻ രജത് പട്ടീദാർ 11 റണ്‍സെടുത്ത് പവലിയൻ കയറിയപ്പോൾ ടീം ഡേവിൽ (2) തലതാഴ്ത്തി മടങ്ങി. ജിതേഷ് ശർമ പുറത്താകാതെ എട്ട് റണ്‍സെടുത്തു. കാർത്തിക് ത്യാഗ് ആണ് ബംഗളൂരുവിന്റെ മൂന്ന് വിക്കറ്റുകളും പിഴുതത്.
ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 192 റൺസെടുത്തത്. വിക്കറ്റ് കീപ്പർ ആൻഗ്രിഷ് രഘുവൻഷിയുടെ അർധ സെഞ്ചുറിയുടെയും റിങ്കു സിംഗിന്റെയും കാമറൂൺ ഗ്രീനിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് കോൽക്കത്ത മികച്ച സ്കോർ പടുത്തുയർത്തിയത്.
രഘുവൻഷി 71 റൺസാണെടുത്തത്. 46 പന്തിൽ ഏഴ് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു രഘുവൻഷിയുടെ ഇന്നിംഗ്സ്. റിങ്കു സിംഗ് 49 റൺസും കാമറൂൺ ഗ്രീൻ 32 റൺസും എടുത്തു. ബംഗളൂരുവിന് വേണ്ടി ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും രസിക് സലാം ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ ബംഗളൂരു 16 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഒൻപത് പോയിന്റുള്ള കോൽക്കത്ത എട്ടാം സ്ഥാനത്തുമാണ്.
Sports
ചെന്നൈ: ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ജയം. അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. സ്കോർ: ലക്നോ 203.8 (20), ചെന്നൈ 208.5 (19.2).
ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണറുമാരായ സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്വാദും ചേർന്ന് ഒരുക്കിയത്. സഞ്ജു 14 പന്തിൽ 28 റണ്‍സും ഗെയ്ക്വാദ് 28 പന്തിൽ 42 റണ്‍സും നേടി.
ഉർവിൽ പട്ടേലിന്റെ തകർപ്പൻ പ്രകടനമാണ് ചെന്നൈയ്ക്ക് കരുത്തായത്. ഉർവിൽ 23 പന്തിൽ എട്ട് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 65 റണ്‍സെടുത്തു. കാർത്തിക് ശർമ 20 റണ്‍സും ഡെവാൾഡ് ബ്രെവിസ് പത്ത് റണ്‍സും നേടി. പുറത്താകാതെ ശിവം ദുബെ 15 റണ്‍സും പ്രശാന്ത് വീർ 18 റണ്‍സും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ലക്നോവിനായി ഓപ്പണർ ജോഷ് ഇംഗ്ലിഷ് തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. 33 പന്തിൽ 85 റൺസ് അടിച്ചുകൂട്ടിയ ഇംഗ്ലിഷിന്റെ മികവിൽ ആദ്യ ആറ് ഓവറിൽ തന്നെ ലക്നോ 91 റൺസ് വാരിക്കൂട്ടിയിരുന്നു. എന്നാൽ പിന്നീട് ചെന്നൈ ബൗളർമാർ പിടിമുറുക്കുകയായിരുന്നു. പവർപ്ലേയിലെ അവസാന ഓവറിൽ മിച്ചൽ മാർഷ് (10) വീണെങ്കിലും പവർപ്ലേ അവസാനിക്കുമ്പോൾ ഒന്നിന് 91 എന്ന നിലയിലായിരുന്നു ലക്നോ.
പിന്നീടെത്തിയ ആർക്കും ക്രീസിൽ നിലയുറപ്പിക്കാനായില്ല. അവസാന ഓവറുകളിൽ പിടിച്ചുനിന്ന ഷഹബാസ് അഹമ്മദിന്റെ ബാറ്റിംഗാണ് (25 പന്തിൽ 43*) ലക്നോവിന്റെ സ്കോർ 200 കടത്തിയത്. ജാമി ഓവർട്ടൻ മൂന്നും അൻഷുൽ കംബോജ് രണ്ടും നൂർ അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി.
ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. ലക്നോവാണ് പട്ടികയിൽ ഒടുവിൽ.
Sports
ജയ്പുര്‍: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ജയം. 77 റണ്‍സിന്റെ ആധികാരിക ജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസില്‍ എത്തിയ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും തകര്‍പ്പന്‍ തുടക്കം കുറിച്ചു. ക്യാപ്റ്റന്‍ ഗില്‍ 44 പന്തില്‍ മൂന്നു സിക്സും ഒന്‍പത് ഫോറും അടക്കം 84 റണ്‍സ് അടിച്ചുകൂട്ടി. 36 പന്തില്‍ രണ്ട് സിക്സും ആറ് ഫോറും അടക്കം 55 റണ്‍സ് എടുത്തശേഷമായിരുന്നു സായ് സുദര്‍ശന്റെ മടക്കം. പവര്‍പ്ലേയില്‍ 82 റണ്‍സ് അടിച്ച ഇവര്‍, 10.5 ഓവറില്‍ സ്കോര്‍ 118 എത്തിച്ചശേഷമാണ് പിരിഞ്ഞത്. യഷ് രാജ് പുഞ്ചയുടെ പന്തില്‍ സായ് സുദര്ശന് പുറത്താകുകയായിരുന്നു.
വാഷിംഗ്ടണ്‍ സുന്ദര്‍ (20 പന്തില്‍ 37 നോട്ടൗട്ട്), രാഹുല്‍ തെവാട്യ (നാല് പന്തില്‍ 14 നോട്ടൗട്ട്) എന്നിവരും സ്കോര്‍ ബോര്‍ഡിലേക്കു സംഭാവന നല്കി. ജോസ് ബട്ലറിനു (10 പന്തില്‍ 13) ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ല.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനായി മികച്ച തുടക്കമാണ് വൈഭവ് സൂര്യവംശി ഒരുക്കിയത്. 16 പന്തില്‍ 36 റണ്‍സാണ് സൂര്യവംശിയുടെ ബാറ്റില്‍നിന്നും പിറന്നത്. എന്നാല്‍ സൂര്യവംശി ഒരുക്കിയ തുടക്കം രാജസ്ഥാന് മുതലക്കാന്‍ സാധിച്ചില്ല.
യശ്വസി ജയ്സ് വാള് (3), ഷിമറോണ്‍ ഹെറ്റ്മെയര്‍ (6), ഡോണോവന്‍ ഫെരേര (4) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ധ്രൂവ് ജുറല്‍ 24 റണ്‍സും രവീന്ദ്ര ജഡേജ 38 റണ്‍സും നേടി. ശിവം ദുബെ 15 റണ്‍സിനും പുറത്തായി.
റാഷിദ് ഖാന്റെ മിന്നുന്ന പ്രകടനമാണ് രാജസ്ഥാനെ കറക്കി വീഴ്ത്തിയത്. നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് റാഷിദ് നേടിയത്. ജേസണ്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റും കാഗിസോ റബാഡ രണ്ട് വിക്കറ്റും നേടി.
ജയത്തോടെ 14 പോയിന്റുമായി ഗുജറാത്ത് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. രാജസ്ഥാന് അഞ്ചാം സ്ഥാനത്താണ്.
Sports
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം. ഫിന് അലന്റെ സെഞ്ചുറി കരുത്തില്‍ എട്ട് വിക്കറ്റിനായിരുന്നു കോല്‍ക്കത്തയുടെ ജയം. സ്കോര്‍: ഡല്‍ഹി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ്. കോല്‍ക്കത്ത 14.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ്.
47 പന്തില്‍ പുറത്താകാതെ പത്ത് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 100 റണ്‍സെടുത്താണ് അലന് കോല്‍ക്കത്തയെ വിജയത്തിലെത്തിച്ചത്. ഡല്‍ഹി ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കോല്‍ക്കത്തയ്ക്ക് തുടക്കത്തില്‍തന്നെ രണ്ട് വിക്കറ്റും നഷ്ടമായിരുന്നു. പിന്നിടായിരുന്നു അലന്റെ ഒറ്റയാന് പോരാട്ടം. കാമറൂണ്‍ ഗ്രീന്‍ പുറത്താകാതെ 33 റണ്‍സും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കായി ഓപ്പണര്‍ പതും നിസങ്ക അര്‍ധ സെഞ്ചുറി നേടി. 29 പന്തില്‍ 50 റണ്‍സായിരുന്നു നിസങ്കയുടെ സമ്പാദ്യം. കെ.എല്‍. രാഹുല്‍ 23 റണ്‍സും അശുതോഷ് ശര്‍മ 39 റണ്‍സും അക്സര്‍ പട്ടേല്‍ 11 റണ്‍സും നേടി. മറ്റാരും രണ്ടക്കം കണ്ടില്ല.
ജയത്തോടെ കോല്‍ക്കത്ത ഗ്രൂപ്പില്‍ ഏഴാം സ്ഥാനത്തെത്തി.
Sports
ഹൈദരാബാദ്: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെ വീഴ്ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്. 33 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ ജയം. സെഞ്ചുറി നേടിയ കൂപ്പർ കനോലിയുടെ പോരാട്ടത്തിനും പഞ്ചാബ് കിംഗ്സിനെ കരയ്ക്ക് അടുപ്പിക്കാൻ സാധിച്ചില്ല.
സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 235/4. പഞ്ചാബ് 20 ഓവറിൽ 202/7. ജയത്തോടെ പോയിന്റ് പട്ടികയിൽ ഹൈദരാബാദ് പഞ്ചാബിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി.
പഞ്ചാബിന്റെ കനോലി 59 പന്തിൽ 107 റണ്‍സുമായി പുറത്താകാതെ നിന്നു. മാർക്കസ് സ്റ്റോയിൻസ് (28), സൂര്യാൻഷ് (25), മാർക്കോ യാൻസെൻ (19) എന്നിവർ മാത്രമാണ് കനോലിയെ കൂടാതെ പഞ്ചാഞ്ച് ഇന്നിംഗ്സിൽ രണ്ടക്കം കടന്നത്. ഹൈദരാബാദിനായി പാറ്റ് കമ്മിൻസും ശിവാങ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി മികച്ച തുടക്കമാണ് അഭിഷേക് ശർമയും (13 പന്തിൽ 35) ട്രാവിസ് ഹെഡും (19 പന്തിൽ 38) മികച്ച തുടക്കമാണ് ഒരുക്കിയത്. ഇഷാൻ കിഷൻ 55 റണ്‍സും ഹെൻറിച്ച് ക്ലാസൻ 69 റണ്‍സും നേടി. നിതീഷ് കുമാർ റെഡി പുറത്താകാതെ 29 റണ്‍സെടുത്തു.
Sports
മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മലയാളി താരമായ സഞ്ജു സാംസണിന് വീണ്ടും സെഞ്ചുറി. മുംബൈ ഇന്ത്യൻസിനെതിരെ സഞ്ജു പുറത്താകാതെ 101 റണ്‍സെടുത്തു. സഞ്ജുവിന്റെ കരുത്തിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 207 റണ്‍സെടുത്തു. സീസണിൽ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്കായി ഓപ്പണർ ഋതുരാജ് ഗെയ്ക് വാദ് 22 റണ്‍സും സർഫറാസ് ഖാൻ 14 റണ്‍സും നേടി. ശിവം ദുബെ (5 റണ്‍സ്) നിരാശപ്പെടുത്തിയപ്പോൾ ഡെവാൾഡ് ബ്രെവിസ് 21 റണ്‍സും കാർത്തിക് ശർമ 18 റണ്‍സും നേടി. ജാമി ഓവർട്ടണ് 15 റണ്‍സെടുത്തു.
സഞ്ജു 54 പന്തിൽ പത്ത് ഫോറും ആറ് സിക്സും ഉൾപ്പെടെ 101 റണ്‍സെടുത്തു. അവസാന പന്ത് സിക്സ് പറത്തിയാണ് സഞ്ജു സെഞ്ചുറി തികച്ചത്. ഡൽഹിക്ക് എതിരെയായിരുന്നു ഈ സീസണിലെ സഞ്ജുവിന്റെ ആദ്യ സെഞ്ചുറി.
Sports
ലക്നോ: ലക്നോ സൂപ്പർ ജയന്റ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 40 റൺസിന്റെ തകർപ്പൻ ജയം. ഇതോടെ ഐപിഎൽ പോയിന്റ് പട്ടികയിൽ ടീം തങ്ങളുടെ ആധിപത്യം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.
ലക്നോവിലെ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് എടുക്കാൻ സാധിച്ചത്. 29 പന്തില്‍ 43 റൺസ് നേടിയ രവീന്ദ്ര ജഡേജയാണ് ടോപ് സ്കോറര്‍.
മറുപടി ബാറ്റിംഗിനിറങ്ങിയ ലക്നോ സൂപ്പർ ജയന്റ്സിന് രാജസ്ഥാൻ ബൗളർമാരുടെ കൃത്യമായ ഇടപെടലുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. 55 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷാണ് ല്കനോവിന്റെ ടോപ് സ്കോറര്‍.
ലക്നോവിന്റെ ഇന്നിങ്സ് 18 ഓവറുകൾ പൂർത്തിയാകും മുൻപേ 119 റൺസിൽ അവസാനിച്ചു. ലക്നോവിന്റെ മുൻനിര ബാറ്റർമാർക്ക് ഒട്ടും താളം കണ്ടെത്താൻ കഴിയാതെ പോയത് വലിയ തിരിച്ചടിയായി.
എന്നാൽ രാജസ്ഥാൻ ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയത് ലക്നോവിനെ സമ്മർദ്ദത്തിലാക്കി. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നന്ദ്രേ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
Sports
ചങ്ങനാശേരി: കടമറ്റത്തു കത്തനാർ അദ്ഭുതങ്ങൾ കാണിച്ച് കാണികളെ വിസ്മയിപ്പിച്ചെന്നാണ് ചരിത്രം. ദേ ഇവിടെ ഒരു കത്തനാർ സംഘം ക്രീസിൽ വിസ്മയങ്ങൾ കാണിച്ച് കാണികളുടെ കൈയടി വാങ്ങാനൊരുങ്ങുന്നു. രാവിലെ പള്ളിയിലെ പ്രാർഥനകൾ കഴിഞ്ഞെത്തിയതാണ് ഫാ. ജോബി മൂലയിൽ. മുറിയുടെ മൂലയ്ക്കിരിക്കുന്ന ക്രിക്കറ്റ് ബാറ്റിലേക്കാണ് ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജർ കൂടിയായ ഫാ. ജോബിയുടെ കണ്ണുപാഞ്ഞത്. ഗ്ലൗസും പാഡും ബാറ്റുമായി ജോബിയച്ചൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ബാക്കിയുള്ളവരും റെഡി.
ബാറ്റും ബോളുമൊക്കെയായി ക്രിക്കറ്റ് മൈതാനത്തേക്കാണ് സംഘത്തിന്റെ യാത്ര. ഇതു കത്തനാർ ക്രിക്കറ്റ് ക്ലബ് (കെസിസി). ചങ്ങനാശേരി അതിരൂപതയിലെ ക്രിക്കറ്റ് പ്രേമികളായ വൈദികർ ചേർന്നു രൂപം നൽകിയ ക്രിക്കറ്റ് ക്ലബ്. ഇന്നു കളിക്കളത്തിൽ കാണികൾക്കു കൗതുകം പകരുകയാണ് ഈ ടീം. കഴിഞ്ഞ ദിവസം കോർപറേറ്റ് അധ്യാപകർക്കായി ചങ്ങനാശേരിയിൽ സംഘടിപ്പിച്ച ടിസിഎൽ ക്രിക്കറ്റ് ടൂർണമെന്റിൽ ഗസ്റ്റ് ടീം ആയി എത്തിയ കത്തനാർ ക്ലബ് കാണികളുടെ കൈയടി വാങ്ങിയാണ് മടങ്ങിയത്. നല്ല തയാറെടുപ്പും പരിശീലനവും കഴിഞ്ഞാണ് ഇവർ കളിക്കാനായി ഇറങ്ങുന്നത്. സെമിനാരി പഠനകാലത്തെ ക്രിക്കറ്റ് കമ്പമാണ് വൈദികരായ ശേഷവും ഇവർ വിടാതെ പിന്തുടരുന്നത്.
Sports
മിർപുർ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽ ബംഗ്ലാദേശിനു ജയം. മൂന്നു മത്സര പരന്പര ഇതോടെ 1-1ന് സമനിലയിലെത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റുകൾ കൊയ്ത നഹിദ് റാണ 198ൽ ഒതുക്കി.
ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. നഹിദ് റാണയാണ് കളിയിലെ താരം. സ്കോർ: ന്യൂസിലൻഡ്: 48.4 ഓവറിൽ 198. ബംഗ്ലാദേശ്: 35.3 ഓവറിൽ 199/4. പരന്പരയിലെ ആദ്യ മത്സരം ന്യൂസിലൻഡ് ജയിച്ചിരുന്നു.
നിക്ക് കെല്ലിയുടെ (83) ഒറ്റയാൾ പോരാട്ടമാണ് കിവീസിനെ വൻ വീഴ്ചയിൽനിന്ന് കരകയറ്റിയത്. ഓപ്പണർ ഹെൻറി നിക്കോൾസ് (13), വിൽ യംഗ് (2), ടോം ലാഥം (14), മുഹമ്മദ് അബ്ബാസ് (19), ഡീൻ ഫോസ്ക്രോഫ്റ്റ് (15) എന്നിവർക്ക് പിടിച്ചുനിൽക്കാനായില്ല. നഹിദ് റാണയ്ക്ക് പിന്തുണയുമായി ഷൊരിഫുൾ ഇസ്ലാം രണ്ടും ടസ്കിൻ അഹമ്മദ്, സൗമ്യ സർക്കാർ, റിഷാദ് ഹുസൈൻ എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് ഓപ്പണർ സെയ്ഫ് ഹസൻ (8), സൗമ്യ സർക്കാർ (8) എന്നിവർ വേഗം വീണു. ടൻസിഡ് ഹസൻ (76), നജ്മുൾ ഹുസൈൻ ഷാന്റോ (50) മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ വിജയവഴിയിലെത്തിച്ചത്. ടൗഹിത് ഹൃദോയ് (30) പുറത്താകാതെനിന്നു.
Sports
അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന് ഉജ്ജ്വല വിജയം. 99 റൺസിനായിരുന്നു മുംബൈയുടെ വമ്പൻ ജയം.
ടോസ് നേടി ആദ്യം പന്തെറിയാൻ തീരുമാനിച്ച ഗുജറാത്ത് ക്യാപ്റ്റന്റെ തീരുമാനം പാളി. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് അടിച്ചുകൂട്ടി.
യുവതാരം തിലക് വർമ്മയുടെ ബാറ്റിംഗ് പ്രകടനമാണ് മുംബൈയുടെ സ്കോർ ഉയർത്തിയത്. 45 പന്തുകളിൽ നിന്ന് പുറത്താകാതെ 101 റൺസാണ് തിലക് അടിച്ചെടുത്തത്. തിലകിനൊപ്പം നമൻ ധീർ 45 റൺസെടുത്തു മികച്ച പിന്തുണ നൽകി.
മുംബൈയുടെ ബാറ്റിംഗ് നിരയിൽ മറ്റ് താരങ്ങൾ അല്പം പരുങ്ങിയെങ്കിലും തിലകിന്റെ തകർപ്പൻ ഫോം ഗുജറാത്ത് ബൗളർമാരെ നിഷ്പ്രഭരാക്കി. 200 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് തുടക്കം മുതലേ പിഴച്ചു.
മുംബൈയുടെ കൃത്യതയാർന്ന ബൗളിംഗിന് മുന്നിൽ ഗുജറാത്ത് നിര തകർന്നു. 15 ഓവർ പിന്നിടുമ്പോഴേക്കും ഗുജറാത്തിന്റെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. നാല് വിക്കറ്റുകൾ വീഴ്ത്തിയ അശ്വനി കുമാറും, രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ അള്ളാ ഗസൻഫറും മിച്ചൽ സാന്റ്നറും മുംബൈയുടെ ജയത്തിൽ നിർണായക പങ്ക് വഹിച്ചു.
ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി ഗുജറാത്തിന്റെ തകർച്ച വേഗത്തിലാക്കി. വെറും 100 റൺസ് മാത്രമാണ് ഗുജറാത്തിന് നേടാനായത്.
National
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആദ്യ ജയം. രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റിനാണ് കൊല്‍ക്കത്ത ജയിച്ചത്. ഈഡന് ഗാര്‍ഡന്‍സില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന് ഒമ്പത് വിക്കറ്റ് വിക്കറ്റ് 155 റണ്‍സാണ് നേടിയത്.
വൈഭവ് സൂര്യവന്‍ഷി (46), യശസ്വി ജയ്സ്വാള്‍ (30) എന്നിവര്‍ ഒഴികെ മറ്റാര്‍ക്കും രാജസ്ഥാന് നിരയില്‍ തിളങ്ങാന്‍ സാധിച്ചില്ല.
മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 34 പന്തില്‍ 53 റണ്‍സുമായി പുറത്താവാതെനിന്ന റിങ്കു സിംഗാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. കാര്‍ത്തിക് ത്യാഗി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം നേടി.
Sports
ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ആറു വിക്കറ്റ് വിജയം. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലെ 100-ാം ഐപിഎൽ മത്സരത്തിലാണ് ആർസിബി തോൽവി വഴങ്ങിയത്. ബെംഗളൂരു ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി നാലു വിക്കറ്റ് നഷ്ടത്തിൽ 19.5 ഓവറിൽ വിജയത്തിലെത്തി.
അർധ സെഞ്ചറി നേടി പുറത്താകാതെനിന്ന ട്രിസ്റ്റൻ സ്റ്റബ്സും (47 പന്തിൽ 60), 10 പന്തിൽ 22 റൺസടിച്ച ഡേവിഡ് മില്ലറുമാണ് ത്രില്ലർ പോരാട്ടത്തിൽ ഡൽഹിയുടെ വിജയമുറപ്പിച്ചത്. 34 പന്തിൽ 57 റൺസെടുത്തു പുറത്തായ ഓപ്പണർ കെ.എൽ. രാഹുലിന്റെ ഇന്നിംഗ്സും ഡൽഹിയുടെ വിജയത്തിൽ നിർണായകമായി.
പേസർ ഭുവനേശ്വർ കുമാർ ഡൽഹിയുടെ മൂന്നു വിക്കറ്റുകളാണു വീഴ്ത്തിയത്. 18 റൺസെടുക്കുന്നതിനിടെ പതും നിസംഗ, (ഒന്ന്), കരുൺ നായർ (അഞ്ച്), സമീർ റിസ്വി (രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മൂന്നും നാലും പന്തുകൾ സിക്സുകളും അഞ്ചാം പന്ത് ഫോറും പറത്തി ഡേവിഡ് മില്ലർ ഒരു പന്തു ബാക്കി നിൽക്കെ ഡൽഹിയുടെ വിജയമാഘോഷിച്ചു.
ആർസിബിക്കായി ഭുവനേശ്വർ കുമാർ മൂന്നും ക്രുനാൽ പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി. അർധ സെഞ്ചറി നേടിയ ഫിൽ സോൾട്ടാണ് ആര്‍സിബിയുടെ ടോപ് സ്കോറർ.
തോറ്റെങ്കിലും എട്ടു പോയിന്റുള്ള ബെംഗളൂരു പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം വിജയം സ്വന്തമാക്കിയ ഡൽഹി ക്യാപിറ്റൽസ് ആറു പോയിന്റുമായി നാലാം സ്ഥാനത്തും തുടരുന്നു.
Sports
ഹൈദരാബാദ്: ഐപിഎല്‍ 19-ാം സീസണില്‍ ആദ്യ മൂന്നു മത്സരങ്ങളില്‍ പരാജയപ്പെട്ടശേഷം അവസാനം കളിച്ച രണ്ട് എണ്ണത്തില്‍ ജയം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പ്രധാന പ്രശ്നം ഓപ്പണിംഗ് ബാറ്റിംഗ്.
ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ആണ് നിലവിലെ ഓപ്പണിംഗ് സഖ്യം. സഞ്ജു ഒരു സെഞ്ചുറി അടക്കം മികച്ച പ്രകടനത്തിലേക്ക് തിരിച്ചെത്തി. എന്നാല്‍, ഓപ്പണിംഗില്‍ ഋതുരാജിന്റെ ബാറ്റിംഗ് സിഎസ്കെയ്ക്ക് ശുഭകരമല്ല. മൂന്നാം നമ്പറില്‍ എത്തുന്ന കൗമാര താരം ആയുഷ് മാത്രയെ സഞ്ജുവിന് ഒപ്പം ഓപ്പണിംഗ് റോളില്‍ ചെന്നൈ ഇറക്കുമോ എന്നതാണ് സുപ്രധാന ചോദ്യം.
പവര്‍ പ്ലേയില്‍ ഋതുരാജ് ഗെയ്ക്വാദിന്റെ സ്ട്രൈക്ക് റേറ്റ് 104 മാത്രം. ഈ ഐപിഎല്ലില്‍ പവര്‍ പ്ലേയില്‍ ചുരുങ്ങിയത് 40 പന്ത് നേരിട്ട 20 ബാറ്റര്‍മാരില്‍ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റാണിത്. അതേസമയം, പവര്‍ പ്ലേയില്‍ ആയുഷ് മാത്രെയുടെ സ്ട്രൈക്ക് റേറ്റ് 170 ആണ്. ആയുഷിനെ ഓപ്പണിംഗ് ഇറക്കി, ഋതുരാജ് മൂന്നാം നമ്പറിലേക്ക് ഇറങ്ങുമോ എന്നു കണ്ടറിയാം.
തല കൂടെയുണ്ട്...
ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഒപ്പം ആദ്യമായി എവേ വേദിയിലേക്ക് തല എം.എസ്. ധോണി. ഇന്നു രാത്രി 7.30ന് സണ്‍റൈസേഴ്സിന് എതിരേ നടക്കുന്ന മത്സരത്തിനായാണ് ടീമിനൊപ്പം ധോണിയും ഹൈദരാബാദില്‍ എത്തിയത്. 2026 സീസണില്‍ ആദ്യമായാണ് ധോണി ഒരു എവേ വേദിയില്‍ ടീമിനൊപ്പം സഞ്ചരിക്കുന്നതെന്നതാണ് ശ്രദ്ധേയം. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലുള്ള ധോണി, ഈ സീസണില്‍ ഇതുവരെ കളത്തില്‍ എത്തിയിട്ടില്ല.
Health
വേനൽ അവധി കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട സമയമാണ്. പഠനത്തിന്റെ സമ്മർദമില്ലാതെ, സ്വതന്ത്രമായി ഓടിച്ചാടി കളിക്കാനും പുതിയ അനുഭവങ്ങൾ നേടാനുമുള്ള അവസരം.
എന്നാൽ അവധിക്കാലം വെറും വിനോദമായി മാത്രം ചെലവഴിക്കാതെ, കുട്ടികളുടെ മാനസിക - ശാരീരിക വികാസത്തിന് ഫലപ്രദമാക്കാൻ കഴിയും - മാതാപിതാക്കൾ മനസ് വയ്ക്കണമെന്നുമാത്രം..
മനശാസ്ത്രപരമായി, ഈ സമയം ഉപയോഗിച്ച് കുട്ടികളിൽ ഉത്തരവാദിത്തബോധം, മികച്ച കുടുംബ ബന്ധങ്ങൾ, ജീവിത നൈപുണ്യം എന്നിവ വളർത്തിയെടുക്കാം.
അതോടൊപ്പം നിരൂപണാത്മക ചിന്തയും ലോകവീക്ഷണവും വിശാലമാക്കാം.
1. വീട്ടിലെ ജോലികൾ കുറച്ചൊക്കെ കുട്ടികളെ ഏർപ്പെടുത്തുക. പരമ്പരാഗത ലിംഗഭേദ റോളുകൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ കുട്ടികളിൽ സ്വയം മതിപ്പും ഉത്തരവാദിത്തവും വളർത്തുന്നു.
പെൺകുട്ടികൾക്ക് അടുക്കളയിലോ, വീട് വൃത്തിയാക്കലിലോ സഹായിക്കാൻ പ്രോത്സാഹനം നല്‍കാം. അതേസമയം ആൺകുട്ടികളെ പുറത്തുള്ള ജോലികളോ, വീടിന്റെ അറ്റകുറ്റപ്പണികളോ ഏല്‍പ്പിക്കാം.
ഇത് ലിംഗസമത്വത്തെ ബലപ്പെടുത്തുന്നതോടൊപ്പം, ഭാവിയില്‍ കുടുംബജീവിതത്തില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കും. ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്, വീട്ടുജോലികള്‍ ചെയ്യുന്ന കുട്ടികളിൽ ആത്മവിശ്വാസവും പ്രശ്നങ്ങളെ നേരിടാനുള്ള കഴിവും വികസിക്കുമെന്നാണ്.
ചെറിയ പ്രായം മുതല്‍ തുടങ്ങിയാൽ, ഇത് ശീലമാകും. ഉദാഹരണത്തിന്, രാവിലെ കിടക്ക ഒതുക്കുക, പച്ചക്കറികൾ വൃത്തിയാക്കുക, അലക്കിയ തുണികൾ മടക്കിവയ്ക്കുക തുടങ്ങിയവ.
ഇത് കുട്ടികളിൽ സഹകരണബോധവും സ്വയംപര്യാപ്തതയും വളർത്തുന്നു.
2. കുടുംബം, ബന്ധുക്കൾ, അയൽവാസികൾ തമ്മിലുള്ള മുഖാമുഖ ഇടപെടലുകൾ വർധിപ്പിക്കുക. ഡിജിറ്റൽ ലോകത്ത് മുഴുകിയിരിക്കുന്ന ഇക്കാലത്ത്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ് എന്നിവയ്ക്കപ്പുറം യഥാർഥ ബന്ധങ്ങള്‍ നിർമിക്കാൻ വേനൽ അവധി അനുയോജ്യമാണ്.
കുടുംബയാത്രകള്‍, ബന്ധുക്കളുടെ വീടുകളിലെ സന്ദർശനങ്ങൾ, അയല്പക്കത്തെ കുട്ടികളോടൊപ്പമുള്ള കളികള്‍ എന്നിവയിലൂടെ സാമൂഹിക കഴിവുകൾ വികസിക്കും. മുഖാമുഖ സംഭാഷണങ്ങൾ വഴി സഹാനുഭൂതി, ക്ഷമ, ആശയവിനിമയം എന്നിവ മെച്ചപ്പെടുന്നു.
മനശാസ്ത്രപരമായി, ഇത്തരം ഇടപെടലുകൾ കുട്ടികളിലെ ഏകാന്തത കുറയ്ക്കുകയും, വൈകാരിക സുരക്ഷിതത്വം നല്‍കുകയും ചെയ്യും. വൈകുന്നേരം അയൽവാസികളോട് സംസാരിക്കുകയോ, മുതിർന്ന തലമുറയിൽ നിന്ന് കഥകൾ കേൾക്കുകയോ ചെയ്യുന്നത് ലോകവീക്ഷണം വിശാലമാക്കാൻ സഹായിക്കും.
3. ജീവിത നൈപുണ്യങ്ങൾ പഠിപ്പിക്കുക. വേനൽ അവധി ജീവിതത്തിന്റെ പ്രായോഗിക വശങ്ങൾ പഠിക്കാനുള്ള മികച്ച സമയമാണ്. പാചകം, തോട്ടപ്പണി, നീന്തല്‍, ലളിതമായ അറ്റകുറ്റപ്പണികള്‍, ബജറ്റിംഗ് തുടങ്ങിയവ.
ഇവ കുട്ടികളെ സ്വതന്ത്രരാക്കുകയും ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ തയാറാക്കുകയും ചെയ്യും. ഉദാഹരണത്തിന്, ഒരു ലളിതമായ ഭക്ഷണം തയാറാക്കാൻ അനുവദിക്കുക. ഇത് സർഗാത്മകതയും ആത്മവിശ്വാസവും വർധിപ്പിക്കും.
4, അവസാനമായി നിരൂപണാത്മക ചിന്തയും ലോകവീക്ഷണവും വികസിപ്പിക്കുക. പുസ്തകങ്ങൾ വായിക്കുക, ഡോക്യുമെന്ററികൾ കാണുക, ചർച്ചകൾ നടത്തുക എന്നിവയിലൂടെ ഇത് സാധ്യമാണ്. ഒരു പ്രശ്നം പരിഹരിക്കാൻ ചോദ്യങ്ങൾ ചോദിക്കാൻ പ്രോത്സാഹിപ്പിക്കുക. ഇത് കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കും.
വേനൽ അവധി ഒരു ബാലൻസിംഗ് ഘട്ടമാണ് - വിനോദവും പഠനവും ഒരുമിച്ച് കൊണ്ടുപോകാം. അമിതമായ ക്ലാസുകളോ സ്ക്രീന്‍ ടൈമോ ഒഴിവാക്കി, ഈ നിർദേശങ്ങൾ പാലിച്ചാൽ കുട്ടികൾ മാനസികമായി, ആരോഗ്യകരമായി, സന്തുഷ്ടരായി അടുത്ത അധ്യയന വർഷത്തിലേക്ക് തിരിച്ചുവരും.
മാതാപിതാക്കളുടെ ക്ഷമയും മാർഗനിർദേശവും ഇതിന്റെ താക്കോലാണ്. ഓരോ കുട്ടിയുടെയും താത്പര്യങ്ങൾ പരിഗണിച്ച് വേണം പ്ലാൻ ചെയ്യാൻ. അങ്ങനെ അവധിക്കാലം അവരുടെ ജീവിതത്തിലെ ഏറ്റവും ഫലപ്രദമായ അധ്യായമാകട്ടെ.
വിവരങ്ങൾ: നിഥിൻ എ.എഫ്
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്, എസ്യുടി ആശുപത്രി, പട്ടം.
NRI
ന്യൂയോർക്ക്: വോളീബോൾ മുൻ താരം ജെയ്സമ്മ മുത്തേടവും ഭർത്താവും രഞ്ജി ട്രോഫി ക്രിക്കറ്റ് മുൻ താരവുമായ രഞ്ജിത്ത് തോമസും അമേരിക്കയിൽ എത്തിച്ചേർന്നു. ഡാളസ്, ബോസ്റ്റൺ , ന്യൂയോർക്ക്, വാഷിംഗ്ടൺ ഡിസി തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തും. മേയ് നാലിന് കേരളത്തിലേക്ക് മടങ്ങും.
1979 മുതൽ അഞ്ച് വർഷക്കാലം ജെയ്സമ്മ കേരള സീനിയർ വോളി ടീമിൽ അംഗമായിരുന്നു. ഭോപ്പാലിൽ 31-ാമത് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.
1980ൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ഇന്ത്യൻ ജൂനിയർ ടീമിൽ അംഗമായിരുന്നു. മെക്സിക്കോയിൽ നടന്ന ലോക ജൂണിയർ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. 1982ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സീനിയർ ടീമിനായി ജഴ്സിയണിഞ്ഞു.
1983ൽ കെഎസ്ഇബിയിൽ ജോലിയിൽ പ്രവേശിച്ച ജെയ്സമ്മ ജെയ്സമ്മ ടീമിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. കളിക്കാരി എന്നതിലുപരി പരിശീലകയായും മാനേജരായും ജെയ്സമ്മ ടീമിന്റെ അവിഭാജ്യ ഘടകം ആയിരുന്നു.
നിലവിൽ വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് അംഗവും ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി അംഗവുമാണ്. വിദേശ ചാമ്പ്യൻഷിപ്പുകളിൽ പലതവണ ഇന്ത്യൻ ടീം മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജെയ്സമ്മയുടെ ഭർത്താവായ രഞ്ജിത്ത് തോമസ് കേരളത്തിന്റെ രഞ്ജി ട്രോഫി മുൻ വിക്കറ്റ് കീപ്പറാണ്. എസ്ബിടിക്കായി ഏകദേശം 25 വർഷം കളിച്ച അദ്ദേഹം സ്റ്റേറ്റ് ബാങ്കിന്റെ സ്പോർട്സ് ഓഫീസറുമായിരുന്നു. കേരള സർവകലാശാലയെ അഞ്ച് വർഷം പ്രതിനിധീകരിച്ചു.
രഞ്ജി ട്രോഫിയിൽ 10 വർഷം കളിച്ചു.ഇന്ത്യൻ സൗത്ത് സോൺ ടീമിനെ രണ്ട് വർഷം പ്രതിനിധീകരിച്ച ഇദ്ദേഹം ഓൾ ഇന്ത്യ എസ്ബിഐ ക്രിക്കറ്റ് ടീമിനെയും പ്രതിനിധീകരിച്ചു. ഓൾ ഇന്ത്യ അസോസിയേറ്റ് ബാങ്ക് ടീമിന്റെ കോച്ചും മാനേജരുമായിരുന്നു. ബിസിസിഐ മാച്ച് റഫറിയായി മൂന്ന് വർഷം സേവനമനുഷ്ഠിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷനിൽ ജനറൽ മാനേജറായി അഞ്ച് വർഷം സേവനമനുഷ്ഠിച്ചു. നിലവിൽ കെസിഎയുടെ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി ചെയർമാനാണ്.
രഞ്ജിത്ത് തോമസ് എസ്ബിടി ചീഫ് മാനേജരായും ജയ്സമ്മ ജെയ്സമ്മ ചീഫ് അക്കൗണ്ട്സ് ഓഫീസറായും ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും ഇരുവരും ഇന്നും കായിക മേഖലയിൽ സജീവമായി തുടരുന്നു.
ഇവരുമായി ബന്ധപ്പെടാവുന്ന നമ്പർ: 91 9447133416 (വാട്ടസ്ആപ്).
Sports
അഹമ്മദാബാദ്: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2030 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റും ഹോക്കിയും ഉണ്ടാകുമെന്ന് കായിക മന്ത്രി മന്‍സുഖ് മാണ്ഡ്യവ്യ.
ഇന്ത്യയുടെ രണ്ട് പ്രാദേശിക കായിക വിനോദങ്ങളും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം ഇന്നലെ പറഞ്ഞു. കബഡി, മല്ലകമ്പ്, ഖോ-ഖോ, യോഗ എന്നിവയാണ് ഇതിനായി പരിഗണനയിലുള്ളത്.
അഹമ്മദാബാദാണ് 2030 കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. 2010 ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിനുശേഷം രാജ്യം ആതിഥേയത്വം വഹിക്കുന്ന ആദ്യ മള്‍ട്ടി ഗെയിംസ് ഇവന്റിനാണ് 2030ല്‍ അഹമ്മദാബാദ് വേദിയാകുക.
Sports
ലക്നൗ: ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ഏഴ് വിക്കറ്റ് ജയം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്നൗ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ജോസ് ബട്ലര് (37 പന്തില്‍ 60), ശുഭ്മാന്‍ ഗില്‍ (40 പന്തില്‍ 56) എന്നിവരാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. ഗുജറാത്തിന് സായ് സുദര്‍ശന്റെ (15) വിക്കറ്റ് തുടക്കത്തില്‍ നഷ്ടമായി. പിന്നീട് ഗില്‍ - ബട്ലര് സഖ്യം 84 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. വാഷിംഗ്ടണ്‍ സുന്ദര്‍ (13 പന്തില്‍ 21), രാഹുല്‍ തെവാട്ടിയ (എട്ട് പന്തില്‍ 19) എന്നിവര്‍ ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചു.
21 പന്തില്‍ 30 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രമാണ് ലക്നൗവിന്റെ ടോപ് സ്കോറര്‍. പിന്നീട് ആര്‍ക്കും 20 റണ്‍സിനപ്പുറം നേടാന്‍ സാധിച്ചിരുന്നില്ല. പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിന് വേണ്ടി നാല് വിക്കറ്റ് നേടി. അശോക് ശര്‍മയ്ക്ക് രണ്ട് വിക്കറ്റുണ്ട്.
Sports
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് സീസണിലെ ആദ്യ ജയം. ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 23 റണ്‍സിന്റെ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ചെന്നൈ ചെപ്പോക്കില്‍ ടോസ് നേടിയ ഡല്‍ഹി കാപ്റ്റന്‍ അക്സര്‍ പട്ടേല്‍ ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
തുടർന്ന് ബാറ്റ് വീശിയ ചെന്നൈ സഞ്ജുവിന്റെ സെഞ്ചുറി കരുത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് നേടിയത്. 56 പന്തില്‍ പുറത്താവാതെ 115 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഈ ഐപിഎല്‍ സീസണിലെ ആദ്യ സെഞ്ചുറി കൂടിയാണ് സഞ്ജു നേടിയത്. കൂടാതെ ആയുഷ് മാത്രെ 36 പന്തില്‍ 59 റൺസോടെ അര്‍ധ സെഞ്ചുറിയും നേടി. ചെന്നൈക്ക് വേണ്ടി ജാമി ഓവര്‍ട്ടോണ്‍ നാല് വിക്കറ്റും അന്‍ഷൂല്‍ കാംബോജ് മൂന്ന് വിക്കറ്റുമെടുത്തു.
മറുപടി ബാറ്റിംഗില്‍ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 189 റൺസെടുത്ത് എല്ലാവരും പുറത്തായി. 38 പന്തില്‍ 60 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്സ് മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. സ്റ്റബ്സിന് പുറമെ 24 പന്തില്‍ 41 റൺസെടുത്ത പതും നിസങ്കയും ഭേദപ്പെട്ട സ്കോർ നേടി.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇനി ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും രണ്ട് മാസങ്ങൾ. ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 12-ാമത് ക്രിക്കറ്റ് ടൂർണമെന്റിന് ശനിയാഴ്ച തുടക്കം കുറിക്കും.
സ്റ്റാഫോർഡ് സിറ്റി പാർക്കിൽ ആരംഭിക്കുന്ന ടൂർണമെന്റ് ജൂൺ ആറ് വരെ നീണ്ടുനിൽക്കും. അന്നേ ദിവസം രാവിലെ 10ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉദ്ഘാടനം നിർവഹിക്കും. ഐസിഇസിഎച്ച് പ്രസിഡന്റ് ഫാ.ഡോ. ഐസക് ബി. പ്രകാശ് അധ്യക്ഷത വഹിക്കും.
ടൂർണമെന്റിന്റെ പ്രഥമ ദിനത്തിൽ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവക ടീമും സെന്റ് ജെയിംസ് ക്നാനായ ടീമും ആദ്യ മത്സരത്തിൽ മാറ്റുരയ്ക്കും. ശനിയാഴ്ച രാവിലെ 7.30ന് മത്സരം ആരംഭിക്കും.
3108, 5th സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന സ്റ്റാഫോർഡ് സിറ്റി പാർക്കിലാണ് മത്സരങ്ങൾ നടക്കുന്നത്. ഹൂസ്റ്റണിലെ വിവിധ ഇടവകകളിൽ നിന്നുള്ള കരുത്തരായ 14 ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ് ക്രിക്കറ്റ് പ്രേമികൾക്കും കായിക താരങ്ങൾക്കും ഒരുപോലെ ആവേശം പകരുന്നതായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വിജയികൾക്ക് വിവിധ ട്രോഫികൾ സമ്മാനമായി നൽകും. കെ. കെ. മാത്യു കുറ്റിയിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി വിജയികൾക്ക് സമ്മാനമായി നൽകും. ബിജു ചാലക്കൽ സംഭാവന ചെയ്ത ട്രോഫി റണ്ണേഴ്സ്-അപ്പിന് ലഭിക്കും.
ജോർജ് ജോസഫ് (മാസ് മ്യൂച്വൽ), അലാമോ ട്രാവൽസ്, ആൻസ് ഗ്രോസേഴ്സ് തുടങ്ങിയവർ ടൂർണമെന്റിന്റെ സ്പോൺസർമാരാണ്. ക്രിക്കറ്റ് പ്രേമികൾക്ക് വലിയൊരു കായികോത്സവമായി ടൂർണമെന്റ് മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, റവ. ഫാ. ജെക്കു സഖറിയ, ഷാജൻ ജോർജ്, രാജൻ അങ്ങാടിയിൽ, ജിനോ ജേക്കബ്, ബിജു ചാലക്കൽ, അനിൽ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ഷാജൻ ജോർജ് (സെക്രട്ടറി) - 832 452 4195, രാജൻ അങ്ങാടിയിൽ (ട്രഷറർ) - 713 459 4704, ജിനോ ജേക്കബ് (സ്പോർട്സ് കൺവീനർ) - 832 858 1138, ബിജു ചാലക്കൽ (ക്രിക്കറ്റ് കോർഡിനേറ്റർ ) - 832 275 1624, അനിൽ വർഗീസ് (ക്രിക്കറ്റ് കോഓർഡിനേറ്റർ) - 832 594 7198.
Sports
ഗുവാഹത്തി: ഐപിഎല്‍ ടി20 മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാനെ ബാറ്റിംഗിന് അയച്ചു. ഗുവാഹത്തി ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മഴയെ തുടര്‍ന്ന് വൈകിയാണ് ടോസിട്ടത്. ഇതോടെ മത്സരം 11 ഓവറാക്കി ചുരുക്കിയാണ് കളിക്കുന്നത്.
ബാറ്റുമായി കളത്തിലിറങ്ങിയ രാജസ്ഥാൻ റോയൽസ് അഞ്ച് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് എന്ന നിലയിലാണ്. 17 ബോളിൽ 41 റൺസുമായി ജെയ്സ്വാളും 14 ബോളിൽ 39 റൺസുമായി സൂര്യവംശിയുമാണ് ഓപ്പണിംഗ് കൂട്ടുകെട്ടിൽ രാജസ്ഥാന്റെ സ്കോർ ഉയർത്തിയത്. എന്നാൽ അഞ്ചാമത്തെ ഓവറിന്റെ അവസാനം ഷാര്‍ദുല്‍ താക്കൂറിന്റെ ഓവറിൽ സൂര്യവംശിയും തുടർന്ന് ജുറലിനെയും രാജസ്ഥാന് നഷ്ടപ്പെട്ടു. ഏഴ് ഓവർ പിന്നിട്ടതോടെ ജെയ്സ്വാൾ 23 ബോളിൽ അർധ സെഞ്ച്വറി (52) നേടി.
ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് മുംബൈ ഗുവാഹത്തിയില്‍ എത്തുന്നത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്. മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, റയാന് റിക്കല്ടണ് (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, ഗസന്‍ഫര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.
രാജസ്ഥാന് റോയല്‍സ്: വൈഭവ് സൂര്യവന്‍ഷി, യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാ്പറ്റന്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, ഡോണോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ.
Sports
അഹമ്മദാബാദ്: അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ ആറ് റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു.
36 പന്തിൽ 55 റൺസ് നേടിയ യശസ്വി ജയ്സ്വാൾ, 42 പന്തിൽ 75 റൺസ് നേടിയ ധ്രുവ് ജൂറൽ എന്നിവരുടെ അർധ സെഞ്ച്വറികളാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. നാല് ഓവറിൽ നാല് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയും രാജസ്ഥാന്റെ രണ്ടാം വിജയം ഉറപ്പാക്കാൻ സഹായിച്ചു. ഇതോടെ ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് റോയൽസ്.
ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിൽനിന്ന് രാജസ്ഥാൻ റോയൽസിന് നാല് പോയിന്റാണുള്ളത്. മികച്ച നെറ്റ് റൺ റേറ്റ് കാരണം ഡൽഹി കാപിറ്റൽസിനേക്കാളും പഞ്ചാബ് കിംഗ്സിനേക്കാളും മുന്നിലാണ് രാജസ്ഥാൻ.
രണ്ട് മത്സരങ്ങളും തോറ്റ ഗുജറാത്ത് ടൈറ്റൻസ് ഏഴാം സ്ഥാനത്താണ്. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് നേടാനേ ആയുള്ളൂ. അവസാന രണ്ടോവറുകളിൽ 15 റൺസ് മാത്രം മതിയായിരുന്നു ഗുജറാത്തിന് ജയിക്കാൻ. റാഷിദ് ഖാനും റബാദയുമായിരുന്നു ക്രീസിൽ. 19-ാം ഓവറിൽ ജോഫ്രെ ആർച്ചറും 20-ാം ഓവറിൽ തുഷാർ ദേശ്പാണ്ഡെയും നാലു റൺസ് വീതം മാത്രം വിട്ടുകൊടുത്തതോടെ ഗുജറാത്തിന് തോൽവി സമ്മതിക്കേണ്ടിവന്നു.
Sports
ചെന്നൈ: ഐപിഎൽ 2026ൽ ചെന്നൈ സൂപ്പർ കിംഗ്സ് ജഴ്സിയിൽ തന്റെ രണ്ടാമത്തെ മത്സരത്തിനിറങ്ങിയ മലയാളി താരം സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ വെറും ഏഴ് റൺസെടുത്ത് സഞ്ജു പുറത്തായി.
മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ സഞ്ജു ക്രീസ് വിട്ടു. സേവ്യർ ബാർട്ട്ലെറ്റ് എറിഞ്ഞ ഓവറിലെ അവസാന പന്തിൽ വിക്കറ്റ് കീപ്പർ പ്രഭ്സിമ്രൻ സിംഗിന് ക്യാച്ച് നൽകിയാണ് സഞ്ജു പുറത്തായത്. ഏഴ് പന്തുകളിൽ നിന്ന് ഒരു ഫോറടക്കമാണ് താരം ഏഴ് റൺസ് നേടിയത്.
ചെന്നൈ ടീമിനായുള്ള തന്റെ അരങ്ങേറ്റ മത്സരത്തിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. രാജസ്ഥാൻ റോയൽസിനെതിരായ ആ മത്സരത്തിൽ ഏഴ് പന്തിൽ ആറ് റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. അന്ന് നാന്ദ്രെ ബർഗറുടെ പന്തിൽ താരം ബോൾഡാവുകയായിരുന്നു.
ടോസ് നേടിയ പഞ്ചാബ് കിംഗ്സ് നായകൻ ശ്രേയസ് അയ്യർ ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ചെന്നൈ ടീമിൽ മാത്യു ഷോർട്ടിന് പകരം പ്രശാന്ത് വീർ ഇടംപിടിച്ചപ്പോൾ പഞ്ചാബ് മാറ്റങ്ങളില്ലാതെയാണ് കളത്തിലിറങ്ങിയത്.
ട്വന്റി 20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം ഐപിഎല്ലിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ സഞ്ജുവിനെ കാത്തിരുന്നത്. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാൻ കഴിയാത്തത് താരത്തിന് വലിയ തിരിച്ചടിയായി.
Sports
ചണ്ഡീഗഡ്: ഐപിഎല്ലിലെ നാലാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തിയ പഞ്ചാബ് കിംഗ്സിന് വിജയത്തുടക്കം. ഗുജറാത്ത് ഉയർത്തിയ 163 റണ്‍സ് വിജയലക്ഷ്യം അഞ്ച് ബോൾ ബാക്കിനിൽക്കെയാണ് പഞ്ചാബ് മറികടന്നത്.
അരങ്ങേറ്റക്കാരൻ കൂപ്പര്‍ കൊണോലിയുടെ അര്‍ധസെഞ്ചുറി (72) പഞ്ചാബിനെ ജയത്തിലെത്തിക്കാൻ സഹായിച്ചത്. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ കൊണോലി 44 പന്തില്‍ 72 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അഞ്ച് പന്തില്‍ 11 റണ്‍സുമായി സേവിയര്‍ ബാര്ട്ലെറ്റ് വിജയത്തില്‍ കൂട്ടായി. പഞ്ചാബിനായി വിജയകുമാര്‍ വൈശാഖ് 34 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ചാഹല്‍ 28 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. സ്കോര്‍: ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 162-6, പഞ്ചാബ് കിംഗ്സ് 19.1 ഓവറില്‍ 165-7.
ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റെടുത്ത് തിളങ്ങി. പഞ്ചാബിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടുത്തത്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് മൂന്ന് ഓവറില്‍ 37 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും സുദര്ശന് പുറത്തായതോടെ ഗുജറാത്തിന് അടിതെറ്റി. 27 പന്തില്‍ 39 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍.
Sports
ഗുവാഹത്തി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ ശ്വാസം മുട്ടിച്ച് രാജസ്ഥാൻ റോയൽസ് ബൗളർമാർ. ബാർസപര സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈയെ വെറും 127 റൺസിന് രാജസ്ഥാൻ ബൗളർമാർ എറിഞ്ഞൊതുക്കി.
ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ചെന്നൈയുടെ ബാറ്റിംഗ് നട്ടെല്ല് ഒടിച്ച രാജസ്ഥാൻ ബൗളിംഗ് നിരയിൽ ജോഫ്ര ആർച്ചറും നന്ദ്രെ ബർഗറും രവീന്ദ്ര ജഡേജയും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
മൂന്ന് ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 19 റൺസ് എന്ന നിലയിലായിരുന്നു ചെന്നൈ. ജോഫ്ര ആർച്ചറും നന്ദ്രെ ബർഗറും ചേർന്ന് ഓരോ വിക്കറ്റുകൾ വീഴ്ത്തി രാജസ്ഥാന് മികച്ച തുടക്കം നൽകി. ഏഴ് പന്തിൽ ആറ് റൺസ് മാത്രം എടുത്ത് സഞ്ജു പുറത്തായതോടെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാറ്റിംഗ് നിര ഒന്നടങ്കം തകർന്നടിയുന്ന കാഴ്ചയാണ് കണ്ടെത്.
രവീന്ദ്ര ജഡേജ ആദ്യ ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ആറ് വിക്കറ്റിന് 57 റൺസ് എന്ന നിലയിലായിരുന്ന ചെന്നൈ സൂപ്പർ കിംഗ്സ് അവസാന വിക്കറ്റിൽ 33 റൺസ് കൂട്ടിച്ചേർത്തു.അവസാന ഓവറുകളിലെ പോരാട്ടമാണ് ടീമിന്റെ സ്കോർ 120 കടത്തിയതെങ്കിലും 19.4 ഓവറിൽ 127 റൺസിന് ചെന്നൈ ഓൾ ഔട്ടായി. രണ്ടാമത് ബാറ്റിങ്ങിന് ഇറങ്ങുന്ന രാജസ്ഥാൻ റോയൽസിന് 128 റൺസാണ് വിജയലക്ഷ്യം.
Sports
കന്നി സീസണിൽ കന്നി കപ്പുയർത്തിയ (2022) ഗുജറാത്ത് ടൈറ്റൻസ് ഇത്തവണ കപ്പ് ഉറപ്പിക്കുകയെന്ന ഒറ്റ ലക്ഷ്യമിട്ടാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിന് തുടക്കമിടുന്നത്.
സീസണിന് ഏഴ് ദിനം ബാക്കിനിൽക്കേ ട്വന്റി20 ലോകകപ്പ് ടീമിൽനിന്ന് അവസാന നിമിഷം പിന്തള്ളപ്പെട്ട ശുഭ്മാൻ ഗില്ലിന് ഇത്തവണ നായക മികവിൽ ഗുജറാത്തിന് കിരീടം സമ്മാനിച്ച് അഭിമാനം രക്ഷിച്ചേ തീരൂ. മാത്രവുമല്ല വരുന്ന ഏകദിന ലോകകപ്പ് ടീമിൽ ഇടംപിടിക്കാൻ മികച്ച പ്രകടനം ആവശ്യമെന്നിരിക്കേ വെല്ലുവളിയും സമ്മർദവും താരത്തിനുണ്ട്.
അതേസമയം, ഗുജറാത്ത് ടൈറ്റൻസിന്റെ പുതിയ സീസണ് അഗ്രസീവ് ക്രിക്കറ്റ് ആയിരിക്കുമെന്നതിന്റെ സൂചനയാണ് മുൻ ഓസ്ട്രേലിയൻ താരം മാത്യു ഹെയ്ഡന്റെ ബാറ്റിംഗ് കോച്ചായുള്ള രംഗപ്രവേശനം സൂചിപ്പിക്കുന്നത്. തന്ത്രങ്ങൾ മെനയാൻ ഹെഡ് കോച്ച് ആശിഷ് നെഹ്റയും കരുത്താണ്.
ടോപ്പിൽ സേഫ്
ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ലര് ഗുജറാത്തിന്റെ ത്രിമൂർത്തി ബാറ്റിംഗ് സഖ്യം റണ്‍സ് വാരുന്നതിൽ മറ്റ് ടീമുകൾക്ക് മാതൃകയാണ്. ഐപിഎല്ലിലെ ഏറ്റവും ഹെവിയസ്റ്റ് ടോപ് ഓർഡറാണ് ഗുജറാത്തിന്േറത്. കഴിഞ്ഞ സീസണില്‍ 155 സ്ട്രൈക്ക് റേറ്റിൽ ഗിൽ 650 റണ്‍സ് സ്കോർ ചെയ്തു. സായ് സുദർശൻ 156 സ്ട്രൈക്ക് റേറ്റിൽ 759 റണ്‍സും നേടി.
വ്യത്യസ്തനായി വെടിക്കെട്ട് വിരുന്നൊരുക്കുന്ന ബട്ലർ 163 സ്ട്രൈക്ക് റേറ്റിൽ 538 റണ്‍സും നേടി. എന്നാൽ ഈ മൂവരിൽ മാത്രമുള്ള ആശ്രയത്വമാണ് ഗുജറാത്തിന്റെ തിരിച്ചടിയും. രാഹുൽ തെവാട്യ, വാഷിംഗ്ടണ്‍ സുന്ദർ, ഷാരൂഖ് ഖാൻ, ഗ്ലെൻ ഫിലിപ്സ്, ജേസണ്‍ ഹോൾഡർ, അനൂജ് റാവത്ത് എന്നിവർക്കാണ് പിന്നീട് ഉത്തരവാദിത്വം. ഗില്ലും ബട്ലറും സായിയും പരാജയപ്പെട്ടാൽ ആര് ആ റോൾ വഹിക്കുമെന്നത് ആശങ്കയാണ്.
ജേസണ്‍ ഹോൾഡറിലൂടെ ബാറ്റിംഗ് കരുത്ത് കൂട്ടാനും സുന്ദറിലൂടെ ടീം ബാലൻസ് മെച്ചപ്പെടുത്താനും ഗുജറാത്തിന് സാധിക്കും. ശരാശരി ബാറ്റിംഗ് ഓർഡറായി ഗുജറാത്തിനെ കാണാൻ കഴിയില്ല. അതേസമയം എതിരാളികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്നതെന്നും പറയാനാകില്ല.
സ്പിൻ- പേസ് ക്വാളിറ്റി
സായ് കിഷോറും അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാനും ചേരുന്ന സ്പിൻ നിരയുടെ പ്രകടനം ഗുജറാത്തിന് നിർണായകമാകും. കഴിഞ്ഞ സീസണിൽ ഇരുവരും ചേർന്ന് 31 വിക്കറ്റുകൾ വീഴ്ത്തി. സുന്ദർ, രാഹുൽ തെവാട്യ, ഗ്ലെൻ ഫിലിപ്സ് എന്നിവരും സ്പിൻ ഓപ്ഷനുകളാണ്.
കഗിസൊ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശർമ എന്നിവരടങ്ങുന്ന പേസ് നിരയും മികവുറ്റതാണ്. റബാഡയും സിറാജുമായിരിക്കും ഗില്ലിന്റെ പ്രധാന ആയുധം. ഇരുവരും ന്യൂബോളിൽ മികവ് പുലർത്തുന്നവരാണ്. റബാഡയുടെ സമീപകാല ട്വന്റി20യിലെ പ്രകടനം മികച്ചതല്ലെന്നത് ഗുജറാത്തിന് ആശങ്കയുണ്ടാക്കും.
മാർച്ച് 31 പഞ്ചാബ് കിംഗ്സിനെതിരേയാണ് ഗുജറാത്തിന്റെ ആദ്യ മത്സരം. പ്രിൽ നാലിന് രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ നേരിടും.
ഗിൽ നിരീക്ഷണത്തിൽ
ബാറ്ററായും നായകനായും ഗില്ലിന് സീസണ് നിർണായകമാകും. ട്വന്റി 20 ടീമിലേക്ക് മടങ്ങിവരവിന് അസാധാരണ പ്രകടനം വേണം. നായക മികവിന് മൂർച്ച കൂട്ടണം. 2027 ഏകദിന ലോകകപ്പ് ടീമിൽ ഇടംപിടിക്കുകയെന്ന വലിയ കടന്പയുണ്ട്.
Sports
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2026 സീസണ് ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ ചെന്നൈ സൂപ്പർ കിംഗ്സിന് തിരിച്ചടി. ഓസ്ട്രേലിയൻ പേസർ 31കാരനായ നഥാൻ എല്ലിസിന് സീസണ് നഷ്ടമാകും.
പരിക്കിന്റെ പിടിയിലായ താരം ടൂർണമെന്റിൽനിന്നു പുറത്തായി. എല്ലിസിന്റെ അഭാവം വലിയ തിരിച്ചടിയാണെന്നും ഡെത്ത് ഓവറുകളിൽ ടീമിന്റെ കരുത്തായിരുന്നു താരമെന്നും ചെന്നൈയുടെ സിഇഒ കെ.എസ്. വിശ്വനാഥൻ പറഞ്ഞു.
Sports
ഹൈദരാബാദ്: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2026 സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഇഷാന് കിഷന് നയിക്കും. ഓസ്ട്രേലിയന്‍ പേസറായ പാറ്റ് കമ്മിന്‍സാണ് ടീമിന്റെ ക്യാപ്റ്റന്‍.
പരിക്കിനെത്തുടര്‍ന്ന് കമ്മിന്‍സ് ടീമിനൊപ്പം ചേരാന്‍ വൈകുന്ന പശ്ചാത്തലത്തില്‍ ഇഷാന് കിഷനെ താത്കാലിക ക്യാപ്റ്റനായി ഇന്നലെ ഫ്രാഞ്ചൈസി പ്രഖ്യാപിച്ചു.
കമ്മിന്‍സ് തിരികെ എത്തുന്നതുവരെ ഇഷാന് കിഷന്റെ ഡെപ്യൂട്ടിയായി വൈസ് ക്യാപ്റ്റന്‍ സ്ഥാനം വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ നിര്‍വഹിക്കും.
ഇന്ത്യന്‍ ക്യാപ്റ്റന്‍സ്
ഇഷാന് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഇടക്കാല നായകസ്ഥാനത്ത് എത്തിയതോടെ ലീഗിലെ 10 ടീമുകളും ഇന്ത്യന്‍ ക്യാപ്റ്റന്മാരുടെ കീഴില്‍ ഇറങ്ങും. 2019 എഡിഷനുശേഷം ഇതാദ്യമാണ്.
Kerala
തിരുവനന്തപുരം: തന്റെ ഏറ്റവും വലിയ ആഗ്രഹം സമാധാനമായി ക്രിക്കറ്റ് ആസ്വദിക്കുക എന്നതാണെന്ന് സഞ്ജു സാംസണ്. ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് കിരീടനേട്ടത്തിനു ശേഷം ജന്മനാട്ടിൽ ആദ്യമായി നടത്തിയ പത്രസമ്മേളനത്തിലാണ് സഞ്ജു ഇത്തരത്തിൽ പ്രതികരിച്ചത്. ഏകദിന ടീമിൽ ഇടം കിട്ടുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു ഈ പ്രതികരണം.
കാര്യവട്ടത്ത് ന്യൂസിലാൻഡുമായുള്ള മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ ഏറെ സങ്കടവും ദേഷ്യവും എല്ലാം തോന്നി. ഈ വിഷമവുമായാണ് നാട്ടിൽനിന്നും ലോകകപ്പിനു പോയത്. എന്നാൽ, പരാജയത്തിൽനിന്നും മുന്നേറണമെന്ന ആത്മസമർപ്പണത്തോടെ ഫോണ്‍ ഓഫ് ചെയ്തും സോഷ്യൽ മീഡിയ നോക്കാതെയും പരിശീലനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഭാര്യയും സുഹൃത്തും മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഏഴ് ദിവസം നന്നായി പരിശീലനം ചെയ്തു. തന്റെ പോരായ്മകൾ എന്തെന്നതിനെക്കുറിച്ച് നന്നായി ആലോചിച്ചു. ആ പോരായ്മകൾ പരിഹരിക്കാനായി കിട്ടിയ ഒരാഴ്ച ഇടവേള നന്നായി ഉപയോഗിച്ചു.
ജീവിതത്തിൽ വിജയത്തേക്കാൾ തനിക്കു ലഭിച്ചിട്ടുള്ളത് പരാജയങ്ങളാണ്. അതിനാൽ ആ പരാജയങ്ങളെ എങ്ങനെ അതിജീവിക്കാമെന്നും പഠിച്ചിട്ടുണ്ട്. അതാണ് ഗുണമായി മാറിയത്. സ്വയം എങ്ങനെ മാറ്റിയെടുക്കാമെന്നതിൽ വിജയിച്ചു. അതിനാൽ ഈ നേട്ടത്തിൽ ഏറ്റവുമധികം നന്ദി പറയേണ്ടത് തന്നോടാണെന്നും സഞ്ജു പറഞ്ഞു.
10-ാം വയസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ കളിച്ചുതുടങ്ങിയതാണ്. ഇപ്പോൾ 31 വയസായി. രഞ്ജി ട്രോഫി ഉൾപ്പെടെ നിരവധി ടൂർണമെന്റിൽ കളിച്ചു. തന്റെ കഠിനാധ്വാനത്തിന് മുകളിൽനിന്ന് അനുഗ്രഹമുണ്ടായെന്നു കരുതുന്നതായും സഞ്ജു കൂട്ടിച്ചേർത്തു.
ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരേ പുറത്താകാതെ നേടിയ 97 റണ്‍സാണ് മികച്ച ഇന്നിംഗ്സെന്നു പറഞ്ഞ സഞ്ജു ജീവിതത്തിലെ സന്തോഷമുള്ള നിമിഷം എല്ലാവരോടും പങ്കിടാനാണ് താൻ എത്തിയതെന്നും കൂട്ടിച്ചേർത്തു. എല്ലാ മാധ്യമങ്ങളും വെവ്വേറെ അഭിമുഖങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അങ്ങനെ കൊടുക്കാൻ സമയം ഇല്ലായിരുന്നു. അതേത്തുടർന്നാണ് മാധ്യമപ്രവർത്തകരെ ഒരുമിച്ചുകാണാൻ തീരുമാനിച്ചതെന്നും സഞ്ജു കൂട്ടിച്ചേർത്തു.
ഇപ്പോൾ ട്വന്റി-20 കിരീടനേട്ടത്തിന്റെ സന്തോഷത്തിലാണ്. ഇനി മുന്നിലുള്ളത് ഐപിഎല്ലാണ്. പുതിയ ടീമിലേക്കാണ് ഇപ്പോൾ എത്തിയിട്ടുള്ളത്. അവർക്കായി ഐപിഎല്ലിൽ പരമാവധി നന്നായി കളിക്കണം. ഈ ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നിൽ നിരവധി പേരുടെ പ്രാർഥനയുണ്ട്. അതിനാലാണ് ഈ ജയത്തിന് നമ്മുടെ വിജയം എന്ന വികാരമുണ്ടാകുന്നത്.
ഐപിഎല്ലിൽ ആദ്യമത്സരം പഴയ ടീമായ രാജസ്ഥാൻ റോയൽസിന് എതിരായാണ്. ആ ടീമിലെ ചില കളിക്കാരുമായും സപ്പോർട്ടിംഗ് സ്റ്റാഫുമായും വൈകാരിക ബന്ധമുണ്ട്. പക്ഷെ, ഗ്രൗണ്ടിൽ വികാരമുണ്ടാകില്ല. മത്സരത്തെ മത്സരമായി കാണുമെന്നും സഞ്ജു കൂട്ടിച്ചേർത്തു.
Sports
ധാക്ക: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര ബംഗ്ലാദേശ് (2-1) സ്വന്തമാക്കി. നിർണായകമായ മൂന്നാം മത്സരത്തിൽ 11 റൺസിന്റെ ജയമാണ് ബംഗ്ലാ കടുവകൾ സ്വന്തമാക്കിയത്. സ്കോർ: ബംഗ്ലാദേശ് 290/6 പാക്കിസ്ഥാൻ 279/10.
ബംഗ്ലാദേശ് നേടിയ 290 റൺസ് മറുപടി പറഞ്ഞ പാക്കിസ്ഥാൻ 279 റൺസിന് എല്ലാവരും പുറത്തായി. കഴിഞ്ഞ മത്സരത്തിൽ വിവാദ റണ്ണൗട്ടിലൂടെ പുറത്തായ സൽമാൻ അലി ആഗ (106) സെഞ്ചുറി നേടിയിട്ടും പാകിസ്ഥാന് തോൽവി ഒഴിവാക്കാൻ കഴിഞ്ഞില്ല.
ഒരു ഘട്ടത്തിൽ 82ന് അഞ്ച് എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിട്ട ശേഷമാണ് പാക്കിസ്ഥാൻ മത്സരത്തിലേക്ക് തിരിച്ചുവന്നത്. ആറാം വിക്കറ്റില്‍ സല്മാന് അലി - സാദ് മസൂദ് (38) എന്നിവര്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശിനായി ടസ്കിന് അഹമ്മദ് നാല് വിക്കറ്റുകള്‍ വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി ഓപ്പണർ തൻസീദ് ഹസൻ തമീം (107) സെഞ്ചുറി നേടി. ലിറ്റൺ ദാസ് (41) , സെയ്ഫ് ഹസൻ (36), തൗഹിദ് ഹൃദോയ് (48) എന്നിവരും ബാറ്റിംഗിൽ തിളങ്ങി. പാക്കിസ്ഥാനുവേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
Sports
മൗണ്ട് മൗൻഗനുയ്: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം. ഇന്ന് നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.
ന്യൂസിലൻഡ് ഉയർത്തിയ 92 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 20 പന്ത് ബാക്കി നിൽക്കെ മറികടന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കോന്നർ എസ്റ്റർഹുയ്സെൻ 45 റൺസ് എടുത്തു. ഡിയാൻ ഫോറെസ്റ്റർ 16 റൺസും ജേസൺ സ്മിത്ത് 10 റൺസുമെടുത്തു.
ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമിസൺ, സക്കാറി ഫോൽക്ക്സ്, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് എടുത്തു. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലൻഡ് 14.3 ഓവറിൽ 91 റൺസിൽ ഔൾഔട്ടാവുകയായിരുന്നു.
ന്യൂസിലൻഡ് നിരയിൽ ജെയിംസ് നീഷത്തിനും ക്യാപ്റ്റൻ മിച്ചൽ സാന്റ്നറിനും കോൽ മക്കോഞ്ചിക്കും മാത്രം പിടിച്ചുനിൽക്കാനായത്. 26 റൺസെടുത്ത നീഷം ആണ് ടോപ്സ്കോറർ.
സാന്റ്നറും മക്കോഞ്ചിയും 15 റൺസ് വീതം എടുത്തു. ബെവോൺ ജേക്കബ്സ് 10 റൺസ് സ്കോർ ചെയ്തു. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി എൻകോബനി മോകൊയെന മൂന്ന് വിക്കറ്റ് എടുത്തു. ജെറാൾജ് കോട്സെ, ഒട്ട്നെയ്ൽ ബാർട്ട്മാൻ, ക്യാപ്റ്റൻ കേശവ് മഹാരാജ് എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്തു.
Sports
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിലെ ഫ്രാഞ്ചൈസ് ക്രിക്കറ്റ് ടൂര്‍ണമെന്റായ ദ ഹണ്ട്രഡ് ലേലത്തില്‍ പാക്കിസ്ഥാന് സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ സണ്‍റൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയതാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ നിലവിലെ ചൂടുള്ള വാര്‍ത്ത.
പാക് താരത്തെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഒരു വിദേശ ലീഗ് ടീം ടീമിലെടുത്തതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. അബ്രാര്‍ അഹമ്മദിനെ ടീമിലെത്തിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമാണ് ഉണ്ടായത്. സണ്‍റൈസേഴ്സ് ലീഡ്സിന്റെ ഔദ്യോഗിക എക്സ് (ട്വിറ്റര്‍) അക്കൗണ്ട് കുറച്ചുസമയം സസ്പെന്‍ഡ് ചെയ്യപ്പെട്ടതും ശ്രദ്ധേയമായി.
ഇന്ത്യ-പാക്കിസ്ഥാന് രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് 2009 മുതല്‍ പാക്കിസ്ഥാന് താരങ്ങളെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിലക്കിയിരുന്നു. എന്നാല്‍ അബ്രാറിന്റെ കാര്യത്തിലെ പ്രതിഷേധം അതുക്കുംമേലെ.
അടുത്തിടെ കാഷ്മീരിലെ പഹല്‍ഗാമില്‍ പാക് തീവ്രവാദികള്‍ വിനോദസഞ്ചാരികളെ നിഷ്കരുണം വധിച്ചതിനെത്തുടര്ന്ന് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന് സിന്ദൂര്‍ എന്നു പേരു നല്കിയ മിഷനിലൂടെ പാക്കിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ ആക്രമിച്ചിരുന്നു. തുടര്‍ന്ന് നേരിട്ടുള്ള യുദ്ധത്തിലേക്ക് ഇരു രാജ്യങ്ങളും കടന്നെങ്കിലും കൂടുതല്‍ വിനാശകരമാകും മുന്‍പ് വെടിനിര്‍ത്തലില്‍ എത്തി.
തുടര്‍ന്നു നടന്ന ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യക്കെതിരേയുള്ള മത്സരത്തിനിടെ അബ്രാര്‍ ഓപ്പറേഷന് സിന്ദൂറിനെ പരിഹസിച്ച് ആംഗ്യം കാണിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിനു മറുപടി ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ തന്നെ നല്‍കിയെങ്കിലും ഇന്ത്യന്‍ ആരാധകര്‍ക്ക് അബ്രാറിനോടുള്ള കലിപ്പ് ഒരിക്കലും അടങ്ങില്ലെന്നതാണ് ഇപ്പോള്‍ സണ്‍ ഗ്രൂപ്പിനെയും ഉടമ കാവ്യ മാരനെയും വഴിയേ പോയ വയ്യാവേലി തലയില്‍ എടുത്തുവച്ച അവസ്ഥയില്‍ എത്തിച്ചത്. ഐപിഎല്‍ തുടങ്ങാനിരിക്കെ സണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും വിവാദങ്ങള്‍ ബാധിച്ചേക്കും.
എന്നാല്‍ ഈ വിഷയവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. വിദേശ ലീഗുകളില്‍ ഫ്രാഞ്ചൈസികള്‍ എടുക്കുന്ന തീരുമാനങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഇടപെടാനാവില്ലെന്നു പറഞ്ഞാണ് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വിഷയത്തില്‍ കൈകഴുകിയത്.
ഇംഗ്ലണ്ടില്‍ വ്യാഴാഴ്ച നടന്ന ദ ഹണ്ട് ലേലത്തില്‍ സണ്‍റൈസേഴ്സ് ലീഡ്സ് 1.90 ലക്ഷം പൗണ്ടിന് (ഏകദേശം 2.34 കോടി രൂപ) ആണ് അബ്രാറിനെ സ്വന്തമാക്കിയത്. ട്രെന്റ് റോക്കറ്റ്സുമായി നടന്ന വാശിയേറിയ ലേലത്തിനൊടുവിലാണ് അബ്രാറിനെ കാവ്യ മാരന്റെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്സ് സ്വന്തമാക്കിയത്.
ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 16 വരെയാണ് ഈ വര്‍ഷത്തെ ദ ഹണ്ട്രഡ് ടൂര്‍ണമെന്റ്. കഴിഞ്ഞ വര്‍ഷമാണ് സണ്‍ഗ്രൂപ്പ് ഏകദേശം 100 മില്യണ്‍ പൗണ്ട് ചെലവഴിച്ച് സണ്‍റൈസേഴ്സ് ലീഡ്സിന്റെ 49 ശതമാനം ഓഹരി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡില്‍നിന്നും ശേഷിക്കുന്ന 51 ശതമാനം യോര്‍ക്ക്ഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബില്‍നിന്നും സ്വന്തമാക്കിയത്.
ദ ഹണ്ട്രഡ് ലേലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഏക പാക്കിസ്ഥാന് താരമല്ല അബ്രാര്‍. മിസ്റ്ററി സ്പിന്നര്‍ ഉസ്മാന് താരിഖിനെ ബര്‍മിംഗ്ഹാം ഫീനിക്സ് 1.40 ലക്ഷം പൗണ്ടിനു സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ ടീമിന് ഇന്ത്യന്‍ ബന്ധങ്ങളൊന്നുമില്ല.
ഐപിഎലില്‍ പാക്കിസ്ഥാന് താരങ്ങള്‍ക്ക് അവസരമില്ലെങ്കിലും ഐപിഎല്‍ ഉടമസ്ഥരുമായി ബന്ധമുള്ള മറ്റു വിദേശ ലീഗുകളില്‍ കളിച്ചിട്ടുള്ള പാക് താരങ്ങള്‍ വേറെയുമുണ്ട്. ഉദാഹരണത്തിന് 2023-24 സീസണില്‍ ഇമാദ് വാസിം കോല്‍ക്കത്ത നൈറ്റ്ഡേഴ്സിന്റെ ഉടമസ്ഥതയിലുള്ള അബുദാബി നൈറ്റ് റൈഡേഴ്സിനും 2024-25ല്‍ സിയാറ്റില്‍ ഓര്‍ക്കസിനും കളിച്ചിരുന്നു. സിയാറ്റില്‍ ഓര്‍ക്കസ് ഡല്‍ഹി കാപ്പിറ്റല്‍സിന്റെ സഹ ഉടമകളായ ജിഎംആര്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ടീമാണ്.
സമര് ഖാന് 2024 എംഎല്‍സി സീസണില്‍ സിയാറ്റില്‍ ഓര്‍ക്കസിനായി കളിച്ചു. അതേവര്‍ഷം മൊഹമ്മദ് ആമിര്‍, ഉസ്മാന് താരിഖ് എന്നിവര്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനായി കരീബിയന്‍ പ്രീമിയര്‍ ലീഗിലും കളിച്ചു. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഈ ഫ്രാഞ്ചൈസി. എന്നാല്‍ അപ്പോഴൊന്നും ഉണ്ടാകാത്ത വിവാദം ഇപ്പോള്‍ ഉണ്ടാകാന്‍ കാരണം അബ്രാര്‍ അഹമ്മദും അബ്രാറിന്റെ ആറ്റിട്യൂഡും തന്നെ.
Sports
കോല്‍ക്കത്ത: പിഎസ്എല്‍ (പാക്കിസ്ഥാന് സൂപ്പര്‍ ലീഗ്) വിട്ട് സിംബാബ്വെ പേസ് ബൗളര്‍ ബ്ലെസിംഗ് മുസാറബാനി ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് മുസാറബാനിയെ സ്വന്തമാക്കിയത്.
2026 പിഎസ്എല്‍ ട്വന്റി-20യില്‍ ഇസ്ലാമാബാദ് യുണൈറ്റഡിനായി കളിക്കേണ്ട താരമായിരുന്നു മുസാറബാനി. താന്‍ ക്ലബ് വിടുന്നതായി ഇസ്ലാമാബാദ് യുണൈറ്റഡിനെ സിംബാബ്വെ പേസര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ബിസിസിഐ നിര്‍ദേശത്തെത്തുടര്‍ന്ന് ടീമില്‍നിന്ന് ഒഴിവാക്കിയ ബംഗ്ലാദേശ് പേസര്‍ മുസ്താഫിസുര്‍ റഹ്മാനു പകരമായാണ് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബ്ലെസിംഗ് മുസാറബാനിയെ സ്വന്തമാക്കിയത്.
2026 ട്വന്റി-20 ലോകകപ്പില്‍ മുസാറബാനി ആറു മത്സരങ്ങളില്‍നിന്ന് 13 വിക്കറ്റ് സ്വന്തമാക്കിയിരുന്നു. സൂപ്പര്‍ എട്ടുവരെയുള്ള സിംബാബ്വെയുടെ കുതിപ്പില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു 29കാരനായ മുസാറബാനി.
Sports
മുംബൈ: ഇന്ത്യയില്‍ വനിതാ ക്രിക്കറ്റര്‍മാരുടെ എണ്ണം വര്‍ധിക്കുന്നതായി സര്‍വെ. 2020നുശേഷം വനിതകള്‍ ക്രിക്കറ്റ് കളിക്കുന്നതില്‍ 10 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
2020ല്‍ അഞ്ച് ശതമാനമായിരുന്ന ഇത് ഇപ്പോള്‍ 10 ശതമാനമായതായി ബിബിസിയും കളക്ടീവ് ന്യൂസ്റൂമും ചേര്‍ന്നു നടത്തിയ സര്‍വെ സൂചിപ്പിക്കുന്നു.
15 മുതല്‍ 24 വയസ് വരെയുള്ള യുവതികളുടെ ക്രിക്കറ്റ് പങ്കാളിത്തത്തിനു 16 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
Sports
തിരുവനന്തപുരം: വയനാടന്‍ മലനിരയില്‍ നിന്നും പൂനെയിലേക്ക് പറന്നിറങ്ങിയ നിത്യ ലൂര്‍ദിന്റെ ബാറ്റില്‍ നിന്നും റണ്ണൊഴുകി കേരളം വിജയതീരമണിഞ്ഞപ്പോള്‍ നൂറുകണക്കിന് കിലോമീറ്റര്‍ ഇപ്പുറത്ത് മാനന്തവാടിയിലെ വട്ടക്കുനി ഇളേക്കാവില് വീട്ടില്‍ ആവേശത്തിരയിളക്കം. ഇതൊരു വയനാടന്‍ പോരാട്ടത്തിന്റെ വിജയ കഥയാണ്.
പിതാവ് കൂലിപ്പണി ചെയ്തു ലഭിക്കുന്ന ചെറിയവരുമാനത്തില്‍ നിന്നും മകളുടെ പരിശീലനത്തിനായി പണം കണ്ടെത്തി വിജയകുതിപ്പു നടത്തിയ നിത്യ ലൂര്‍ദ് എന്ന ഈ വയനാടന്‍ പെണ്‍കരുത്ത് കേരളത്തിനു മാതൃകയാണ്. അണ്ടര്‍ 23 വനിതാ ഏകദിനത്തില്‍ ഒഡീഷയക്കെതിരേ ബാറ്റിംഗ് തകര്‍ച്ച നേരിട്ട കേരളത്തിനു വേണ്ടി പോരാട്ടം നടത്തിയ ഓള് റൗണ്ടറാണ് വയനാട് മാനന്തവാടി സ്വദേശിനിയായ നിത്യ ലൂര്‍ദ്.
73 റണ്‍സ് നേടി പുറത്താവാതെ നിന്ന നിത്യയുടെ പ്രകടനമാണ് കേരളത്തിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്. വയനാട് മാനന്തവാടി വട്ടക്കുനി ഇളേക്കാവില് ജോണ്സണ്- മേരി ദമ്പതികളുടെ മൂന്നു മക്കളില്‍ മൂന്നാമത്തെ ആളാണ് നിത്യ. നിത്യ ലൂര്‍ദ് എന്ന പേരിട്ടതിനു പിന്നിലുമുണ്ടൊരു കഥ. സഹോരന് ജോമോന്റെ പേരിനോട് ചേര്‍ച്ചയുള്ള ജോമോള്‍ എന്ന പേരിടാനായിരുന്നു വീട്ടുകാരുടെ ആദ്യ തീരുമാനം.
എന്നാല്‍ സഹോദരി നീതുവിന്റെ പേരിനോടു സാദൃശ്യമുള്ള നിത്യ എന്ന പേരിട്ടാലോ എന്നായി പിന്നീട് ആലോചന. ഒടുവില്‍ നിത്യയെന്ന പേരിടാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. മാമോദീസയ്ക്കായി പള്ളിയിലെത്തിയപ്പോള്‍ വികാരിയച്ചന് നിത്യ എന്ന പേരിനൊപ്പം ലൂര്‍ദ് എന്നു കൂടി ഇട്ടുകൂടെ എന്ന ചോദ്യം മുന്നോട്ടുവെച്ചു. കുടുംബാഗംങ്ങള്‍ക്ക് എല്ലാം ഇതിനോട് യോജിപ്പായിരുന്നു. അങ്ങനെയാണ് നിത്യ ലൂര്‍ദ്ദ് എന്ന പേരു നൽകിയത്
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നിത്യ ക്രിക്കറ്റിലേക്ക് എത്തുന്നത്. മാനന്തവാടി തൃശേരി സ്കൂളില്‍ കായികാധ്യാപകനായ നവാസാണ് ക്രിക്കറ്റിലേയ്ക്ക് നിത്യയെ വഴിതിരിച്ചുവിട്ടത്. ക്ലാസില്‍ ആര്‍ക്കെങ്കിലും ക്രിക്കറ്റ് പരിശീലനത്തിന് താത്പര്യമുണ്ടോ എന്നചോദ്യത്തിന് ഉണ്ടെന്ന മറുപടി നിത്യ നൽകി. ക്ലാസ് കട്ടു ചെയ്തുപോകാന്‍ ലഭിക്കുന്ന അവസരമായിട്ടായിരുന്നു ആദ്യം ഇതിനെ കണ്ടത്.
എന്നാല്‍ നിത്യയുടെ ഓള് റൗണ്ടര്‍ പ്രകടനം ഈ ക്രിക്കറ്റ് താരത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. എട്ടാം ക്ലാസില്‍ വയനാട് കൃഷ്ണഗിരി അക്കാദമിയില്‍ പരിശീലനം. ഒമ്പതാം ക്ലാസില്‍ കോട്ടയം സെന്റ് എഫ്രേംസിലെ ക്രിക്കറ്റ് അക്കാദമിയിലെത്തി. ജിജി ജോമോന് ആയിരുന്നു പരിശീലകന്. 10-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ സംസ്ഥാന ടീമില്‍ ഇടംപിടിച്ചു.
പ്ലസ് വണ്‍ പഠനം വയനാട് മീനങ്ങാടി സ്കൂളിലായിരുന്നു. ഈ കാലഘട്ടത്തില്‍ കൃഷ്ണഗിരിയിലായിരുന്നു പരിശീലനം ദീപ്തി, ജസ്റ്റിന് എന്നിവരായിരുന്നു ഈ കാലഘട്ടത്തില്‍ പരിശീലനം നൽകിയത്. ഡിഗ്രി സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസില്‍ പഠിക്കുമ്പോള്‍ ആദ്യമായി വനിതാ കേരളാ ടീമില്‍ ഇടംപിടിച്ചു. കരിയറിലെ ആദ്യ അര്‍ധസെഞ്ചുറിയാണ് നിത്യ ലൂര്‍ദ് പൂനെയില്‍ സ്വന്തമാക്കിയത്.
പിതാവിനും സഹോദരനും ക്രിക്കറ്റ് കളി ഏറെ താത്പര്യമായിരുന്നു. സഹോദരനൊപ്പം ക്രിക്കറ്റ് കളി കാണാന്‍ പോയി താനും ക്രിക്കറ്റിലേക്ക് കൂടുതല്‍ ഇഷ്ടപ്പെടുകയായിരുന്നുവെന്നു നിത്യ ലൂര്‍ദ് പറഞ്ഞു. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ നിത്യ ഉപരിപഠനത്തിനും ക്രിക്കറ്റ് പരിശീലനത്തിനുമായുള്ള തയാറെടുപ്പിലാണ്.
Sports
മിർപൂർ: ക്യാപ്റ്റനെ മാറ്റിയിട്ടും ടീമിൽ അഴിച്ചുപണി നടത്തിയിട്ടും പാക്കിസ്ഥാന് രക്ഷയില്ല. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് ദയനീയ തോൽവി. എട്ട് വിക്കറ്റിന്റെ തോൽവിയാണ് പാക്കിസ്ഥാൻ വഴങ്ങിയത്.
നാല് അരങ്ങേറ്റക്കാരുമായി ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ 30.4 ഓവറിൽ 114 റൺസിന് ഓൾഔട്ടായി. ഫഹീം അഷ്റഫ് (37) ആണ് ടോപ്പ് സ്കോറർ. പാക്കിസ്ഥാൻ നിരയിൽ രണ്ടക്കം കണ്ടത് നാല് പേർ മാത്രം.
ഏഴ് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത നഹിദ് റാണയാണ് പാക്കിസ്ഥാനെ കെട്ടുകെട്ടിച്ചത്. മെഹ്ദി ഹസൻ മിറാസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നഹിദ് റാണ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടി.
ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 15.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 42 പന്തിൽ 67 റൺസ് അടിച്ചുകൂട്ടിയ ഓപ്പണർ തൻസിബ് ഹസനാണ് ബംഗ്ലാദേശ് ജയം അനായാസമാക്കിയത്. നജുമുൾ ഹൊസൈൻ സാന്റോ 27 റൺസ് നേടി. ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ ബംഗ്ലാദേശ് മുന്നിലെത്തി.
Kerala
ദുബായി: ട്വന്റി-20 ലോകപ്പിന് പിന്നാലെ ഐസിസി പുറത്തിറക്കിയ പുതിയ റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് മുന്നേറ്റം. ദീർഘകാലത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഇഷാൻ കിഷൻ ബാറ്റർമാരുടെ പട്ടികയിൽ രണ്ടാം റാങ്കിലേക്ക് കുതിച്ചെത്തിയതാണ് ഏറ്റവും വലിയ നേട്ടം. ഓപ്പണർ അഭിഷേക് ശർമ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നാല് റേറ്റിംഗ് പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ഇരുവരും തമ്മിലുള്ളത്.
ട്വന്റി-20 ലോകകപ്പിൽ 317 റൺസ് അടിച്ചുകൂട്ടിയ കിഷൻ ഫൈനലിൽ ന്യൂസിലൻഡിനെതിരേയും ലീഗ് റൗണ്ടിൽ പാക്കിസ്ഥാനെതിരേയും അർധ സെഞ്ചുറി നേടിയിരുന്നു. ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്കാരം നേടിയ മലയാളി താരം സഞ്ജു സാംസൺ 22-ാം സ്ഥാനത്തേക്ക് എത്തിയെന്നതും ശ്രദ്ധേയമാണ്.
ശിവം ദുബെ 27-ാം റാങ്കിലും ന്യൂസിലൻഡ് ഓപ്പണർ ഫിൻ അലീൻ 20-ാം റാങ്കിലുമെത്തി. ന്യൂസിലൻഡ് ഓപ്പണർ ടിം സിഫേർട്ട് (ആറ്), ഇംഗ്ലണ്ട് ഓൾ റൗണ്ടർ ജേക്കബ് ബേതൽ (16) എന്നിവരും റാങ്കിംഗ് മെച്ചപ്പെടുത്തി.
ബൗളർമാരിൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തിയെ മറികടന്ന് അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ പട്ടികയിൽ തലപ്പത്ത് എത്തി. ലോകകപ്പിൽ വിക്കറ്റ് വേട്ടക്കാരിൽ മുന്നിനിരയിലുണ്ടായിരുന്നിട്ടും വരുണ്‍ റാങ്കിംഗ് നിലനിർത്താനായില്ല.
ലോകകപ്പിൽ 13 വിക്കറ്റുകൾ പിഴുന്ന ഇംഗ്ലീഷ് ലെഗ് സ്പിന്നർ ആദിൽ റഷീദ് നാലാം സ്ഥാനത്തേക്ക് ഉയർന്നു. ഫൈനലിലെ നാല് വിക്കറ്റ് നേട്ടം ഉൾപ്പടെ ലോകകപ്പിൽ 14 വിക്കറ്റുകൾ പിഴുത പേസർ ജസ്പ്രീത് ബുംറ പട്ടികയിൽ ആറാം സ്ഥാനത്താണ്.
ഓൾറൗണ്ടർമാരുടെ പട്ടികയിൽ സിംബാബ്വെയുടെ സിക്കന്ദർ റാസയും ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യയും യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ തുടരുകയാണ്.
Movies
ടി-20 ലോകകപ്പിൽ മിന്നും പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണ് അഭിനന്ദനവുമായി സംവിധായകൻ ജിസ് ജോയ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
ബൈബിളിലെ ശ്രദ്ധേയമായ ഒരു വചനഭാഗമാണ് തന്റെ കുറിപ്പിൽ ജിസ് സൂചിപ്പിച്ചിരിക്കുന്നത്. പണിക്കാർ ഉപേക്ഷിച്ച കല്ലിനെ ദൈവം മൂലക്കല്ലായി മാറ്റിയെന്നതാണ് സഞ്ജുവിനെ ഉപമിച്ച് ജിസ് ജോയ് കുറിച്ചത്.
''ഞാന്‍ വിശ്വസിക്കുന്ന വേദ പുസ്തകത്തില്‍ ബൈബിളില്‍ ഇങ്ങനെ പറയുന്നുണ്ട് പണിക്കാര് ഉപേക്ഷിച്ചുകളഞ്ഞ കല്ലിനെ ദൈവം മൂലക്കല്ലാക്കി മാറ്റിയെന്ന്. പണിക്കാരു നോക്കിയപ്പോൾ കൊള്ളില്ല, ഈ കല്ല് വച്ച് പണിതാല്‍ കെട്ടിടം നന്നാവില്ലെന്നു വിചാരിച്ച് കളഞ്ഞ ആ കല്ലെടുത്ത് ദൈവം മൂലക്കല്ലാക്കി മാറ്റി.
പിന്നെ കേട്ടിട്ടുണ്ട്, കൊള്ളില്ലെന്ന് കരുതിയ ഒരു മുളംതണ്ടിലൂടെ ദൈവം സുന്ദരമായ രാഗങ്ങൾ വായിച്ചു. അതിനെ മനോഹരമായൊരു പൊന്നോടക്കുഴലാക്കി മാറ്റി എന്നുള്ളതാണ്.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഇല്ലാതിരുന്നൊരാള്‍, 80 ശതമാനം കളികളിലേ ഇല്ലാതിരുന്നൊരാള്‍, പെട്ടെന്ന് ടൂര്‍ണമെന്റിലെ താരമായി മാറി. ഇന്ത്യയ്ക്ക് ടി20 വേള്‍ഡ് കപ്പില്‍ വീണ്ടും മുത്തം വയ്ക്കാനായിട്ടുള്ള അവസരം അയാള്‍ ഉണ്ടാക്കുന്നു. ആരെയൊക്കെ കണ്ടാണോ അദ്ദേഹം ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്, അവരെല്ലാവരും അദ്ദേഹത്തിന്റെ കളി സ്റ്റേഡിയത്തിലിരുന്ന് കണ്ടു. സച്ചിന്, ധോണി, രോഹിത് ശര്‍മ... അവരെല്ലാം കളി കഴിഞ്ഞ് അദ്ദേഹത്തെ വാനോളം പുകഴ്ത്തി.
നമ്മളെല്ലാവരും ചെയ്ത പോലെ. ഇന്ത്യ മുഴുവന്‍ ചെയ്തതു പോലെ. അദ്ദേഹത്തെ പുകഴ്ത്തി പോസ്റ്റുകളിടുന്നു. പ്രശംസ കൊണ്ട് മൂടുന്നു. ഇതല്ലേ ജീവിതം''. ജിസ് ജോയ് കുറിച്ചു.
Sports
ദുബായ്: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് സമ്മാനത്തുകയായി ലഭിച്ചത് 27.48 കോടി രൂപ (മൂന്നു മില്യണ്‍ ഡോളര്‍).
ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡിന് 14.65 കോടി രൂപയാണ് (1.6 മില്യണ്‍ ഡോളര്‍) ലഭിച്ചത്. സെമി ഫൈനലില്‍ പുറത്തായ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്ക് 7.24 കോടി രൂപ വീതം.
സൂപ്പര്‍ എട്ടില്‍ പുറത്തായ ടീമുകള്‍ക്ക് 3.48 കോടി രൂപ വീതവും പ്രാഥമിക ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ടീമുകള്‍ക്ക് 2.29 കോടി രൂപ വീതവുമാണ് ഐസിസിയില്‍നിന്നു ലഭിക്കുന്നത്.
Sports
അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരേയൊരു ഇതിഹാസമേ ഉള്ളെന്ന് വീണ്ടും അടിവരയിടുന്ന മുഹൂര്‍ത്തമായിരുന്നു അഹമ്മദാബാദില്‍ അരങ്ങേറിയ ഐസിസി ട്വന്റി-20 ലോകകപ്പ് ഫൈനല്‍.
ന്യൂസിലന്‍ഡിന് എതിരായ ഫൈനല്‍ ജയത്തിലൂടെ മൂന്നാം തവണയും ട്വന്റി-20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കി. പ്ലെയര്‍ ഓഫ് ദ മാച്ചായത് മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്. പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്കാരം സ്വീകരിക്കാന്‍ എത്തിയപ്പോള്‍ സച്ചിന് തെണ്ടുല്‍ക്കര്‍ തന്നെ സഹായിച്ചെന്ന വെളിപ്പെടുത്തലാണ് സഞ്ജു നടത്തിയത്. സച്ചിന് സാറുമായി കഴിഞ്ഞ രണ്ടു മാസത്തോളം ഞാന്‍ നിരന്തരം കോണ്ടാക്ട് ചെയ്തിരുന്നു. ഫൈനലിന്റെ തലേദിവസവും കോണ്ടാക്ട് ചെയ്തു.
2011 ഐസിസി ഏകദിന ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ മറ്റൊരു താരം സച്ചിന്റെ മാനസിക പിന്തുണയെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു; യുവരാജ് സിംഗ്. 2011 ലോകകപ്പിനു തൊട്ടുമുമ്പ് ഫോം നഷ്ടപ്പെട്ട് നട്ടംതിരിഞ്ഞ, കാന്‍സര്‍ പ്രശ്നങ്ങള്‍ അലട്ടിയ യുവരാജിനു മാനസികമായി എല്ലാ പിന്തുണയും സച്ചിനായിരുന്നു നല്‍കിയത്. 2011 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നു യുവി എന്നതും മറ്റൊരു ചരിത്രം.
► സഞ്ജുവിന്റെ വാക്കുകള്‍ ◄
2026 ലോകകപ്പ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് ഏറ്റുവാങ്ങിയശേഷം സഞ്ജു: “ഒരു സ്വപ്നം പോലെ തോന്നുന്നു. വളരെ സന്തോഷവും നന്ദിയും. വാക്കുകള്‍ ഇല്ല. ഈ മുഹൂര്‍ത്തത്തിനായി ഒന്നു രണ്ടു വര്‍ഷം മുമ്പ് പരിശ്രമം ആരംഭിച്ചതാണ്. 2024 ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നെങ്കിലും കളിക്കാന്‍ സാധിച്ചില്ല. അതുപോലെ അല്ലാതിരിക്കാന്‍ ഞാന്‍ പരിശ്രമിച്ചു. എന്നാല്‍, ന്യൂസിലന്‍ഡിന് എതിരായ പരമ്പരയ്ക്കു ശേഷം ഞാന്‍ തകര്‍ന്നുപോയി, എന്റെ സ്വപ്നങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. എന്തുചെയ്യാന്‍ കഴിയുമെന്ന ചിന്ത എന്നെ അലട്ടി. പക്ഷേ, ദൈവത്തിന് വ്യത്യസ്തമായ പദ്ധതികളുണ്ടായിരുന്നു.
സ്വപ്നം കാണാന്‍ ധൈര്യമുള്ളയാളായതിനാല് എനിക്ക് പ്രതിഫലം ലഭിച്ചു. നിരവധി മുന്‍ കളിക്കാര്‍ എന്നെ സമീപിച്ച് എന്നെ സഹായിക്കാന്‍ ശ്രമിച്ചു. കഴിഞ്ഞ രണ്ട് മാസങ്ങളായി, ഞാന്‍ സച്ചിന് സാറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഞാന്‍ അദ്ദേഹത്തെ സമീപിച്ചു, അദ്ദേഹവുമായി വലിയ സംഭാഷണങ്ങള്‍ നടത്തി. അദ്ദേഹത്തെപ്പോലുള്ള ഒരാളില്‍നിന്ന് ഒരു മാര്‍ഗനിര്‍ദേശം ലഭിക്കുന്നതിലും വലുത് എന്താണുള്ളത്? എന്നെ പിന്തുണച്ച എല്ലാവരോടും ഞാന്‍ വളരെ നന്ദിയുള്ളവനാണ്. ഈ നേട്ടങ്ങള്‍ എനിക്ക് വളരെ വലുതാണ്. ഇപ്പോള്‍ ഞാന്‍ അത് ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നു. അടുത്തത് എന്തെന്ന് പിന്നീട് ആലോചിക്കാം”.
Sports
ഐ സിസി 2026 ട്വന്റി-20 ലോകകപ്പ് ഇന്ത്യ ഉയർത്തിയപ്പോൾ താരമായി മാറിയത് മലയാളി താരം സഞ്ജു സാംസണ്. സഞ്ജുവിനെ പുറത്തിരുത്തി ഇന്ത്യ തുടങ്ങി. എന്നാൽ, ടൂർണമെന്റിന്റെ മുഖവും ബ്രാൻഡുമായി മാറി അതിശയിപ്പിക്കുന്ന തിരിച്ചുവരവ് സഞ്ജു നടത്തി. അപമാന ഭാരത്താൽ കളം വിടേണ്ടി വന്ന സഞ്ജു ഇന്ന് രാജ്യത്തിന് ലോകകിരീടം സമ്മാനിച്ച് വിമർശകരുടെയടക്കം ഹൃദയം കവർന്നു. ആ യാത്ര ചെറുതല്ല. പോലീസ് ഉദ്യോഗം രാജിവച്ച് കൂട്ടായിനിന്ന അച്ഛൻ, മാനസിക പിന്തുണയുമായി അമ്മ. ഒപ്പം കളിക്കാനും പിന്തുണയുമായി ക്രിക്കറ്റ് താരമായ ചേട്ടൻ. പ്രായ വ്യത്യാസമില്ലാതെ സൃഷ്ടിച്ച സൗഹൃദ വലയം... എല്ലാത്തിനും മലയാളി താരത്തിന്റെ തുടക്കം ഡൽഹിയിലെ തന്റെ ചെറിയ വീട്ടിൽനിന്നായിരുന്നു.
അടിത്തറ വാർത്ത ബാല്യം
വടക്കൻ ഡൽഹിയിലെ ജിടിബി നഗറിലെ പോലീസ് റസിഡൻഷൽ കോളനിയിലാണ് സഞ്ജു ബാല്യകാലം ചെലവഴിച്ചത്. വീടിന്റെ ഭിത്തിയിൽ സ്റ്റംപ് വരച്ച് ക്രിക്കറ്റ് പരിശീലനം നന്നേ ചെറുപ്പത്തിൽ ആരംഭിച്ചു. ഫുട്ബോളിനെ പ്രണയിച്ച അച്ഛൻ, സഞ്ജുവിനും സാലിക്കും ഒരുക്കിയത് ക്രിക്കറ്റ് പിച്ചായിരുന്നു. ആറ്, ഏഴ് വയസിൽതന്നെ കൊച്ച് സഞ്ജു 22 വയസുകാരൻ വരെ എറിഞ്ഞ പന്തുകൾ നേരിട്ടു. ധ്രുവ് പാണ്ടോവ് ട്രോഫിക്കുള്ള ഡൽഹി അണ്ടർ 13 ടീമിൽ ഇടം നേടാനാകാതെ വന്നപ്പോൾ സഞ്ജുവിന്റെ കരിയറിനായി അച്ഛൻ ജോലിയിൽനിന്ന് വിരമിച്ച് സകുടുംബം കേരളത്തിലേക്ക്.
ജൂണിയർ, സീനിയർ
ജൂണിയർ ക്രിക്കറ്റിൽ സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചു. 2011ൽ കേരളത്തിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. 2013ൽ പതിനേഴാം വയസിൽ രാജസ്ഥാൻ റോയൽസിനായി ഐപിഎൽ അരങ്ങേറ്റം. സീസണിൽ എമർജിംഗ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം നേടി. 2014 അണ്ടർ19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ. പിന്നെ ദേശീയ ടീമിൽ ഉയർച്ചതാഴ്ചയുടെ പതിറ്റാണ്ടിന് തുടക്കം.
2015 ജൂലൈയിൽ സിംബാബ്വെയ്ക്കെതിരേ ട്വന്റി-20യിലും 2021 ജൂലൈയിൽ ശ്രീലങ്കയ്ക്കെതിരേ ഏകദിനത്തിലും അരങ്ങേറ്റം. 2015ൽ അരങ്ങേറ്റം കഴിഞ്ഞ് നാല് വർഷം മറ്റൊരു അവസരത്തിനായി കാത്തിരിക്കേണ്ടി വന്നു. ഇതിനിടെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ 2022ൽ ഫൈനലിൽ എത്തിച്ച നായകനായി.
പഠനം, കുടുംബം
ഡൽഹിയിലെ റോസറി സീനിയർ സെക്കൻഡറി സ്കൂളിലാണ് സഞ്ജു പഠിച്ചത്. കേരളത്തിലെത്തിയ സഞ്ജു തിരുവനന്തപുരത്തെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം.
1994 നവംബർ 11ന് തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞത്തെ പുല്ലുവിളയിലാണ് സഞ്ജുവിന്റെ ജനനം. അച്ഛൻ സാംസണ് വിശ്വനാഥ് ഡൽഹി പോലീസിൽ കോണ്‍സ്റ്റബിളും സന്തോഷ് ട്രോഫിയിൽ ഡൽഹിയെ പ്രതിനിധീകരിച്ചിട്ടുള്ള ഫുട്ബോൾ താരമായിരുന്നു. അമ്മ ലിജി വിശ്വനാഥ്. ജ്യേഷ്ഠൻ സാലി സാംസണ് ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിട്ടുള്ള താരം. സഞ്ജുവിന്റെ ഭാര്യ, കോളജ് കാലഘട്ടത്തിലെ പ്രണയിനി ചാരുലത രമേശാണ്.
ചാരെ ചാരുലത
ചാരുലതയുമായുള്ള കോളജ് കാലഘട്ടത്തിലെ പ്രണയം 2018 ഡിസംബർ 22ന് വിവാഹത്തിലെത്തി. ട്വന്റി-20 ലോകകപ്പ് കിരീടത്തിനൊപ്പം പരന്പരയുടെ താരമെന്ന നേട്ടം സഞ്ജു ഉയർത്തിയപ്പോൾ പിന്നിൽ താങ്ങായിനിന്ന് തളർച്ചയിൽ ഉയർച്ചയുടെ പടിയായി മാറിയത് ചാരുലത എന്ന മറുപാതിയായിരുന്നു.
സഞ്ജുവിന്റെ ലക്ഷ്യം, സഞ്ജുവിനെന്നോണം ആഴത്തിൽ അറിഞ്ഞിരുന്ന ചാരു പകർന്ന ഉൗർജം അഭിമാന നേട്ടത്തിലും നിഴലിച്ചു. സെമിഫൈനലിലെ താരമായപ്പോൾ പുരസ്കാര വേളയിൽ സഞ്ജു ചാരുവിനെ വീഡിയോ കോൾ വിളിച്ചാണ് സന്തോഷം പങ്കിട്ടത്.
Editorial
അഭിനന്ദിക്കാം, ഈ മഹാവിജയത്തെ. വാഴ്ത്താം, ട്വന്റി-20 ക്രിക്കറ്റ് ലോകകിരീടം മൂന്നാം തവണയും ഉയർത്തിപ്പിടിച്ച ഇന്ത്യൻ സ്പിരിറ്റിനെ. നമിക്കാം, വ്യക്തിഗത നേട്ടങ്ങൾ മറന്ന് ടീം ഇന്ത്യയെന്ന മന്ത്രം മാത്രമുരുവിട്ട് വീറോടെ പൊരുതിയ ഒരു കൂട്ടം കളിക്കാരെ; അവരെ ഒറ്റച്ചരടിൽ കോർത്തിണക്കിയ ഗൗതം ഗംഭീർ എന്ന കോച്ചിനെ; ടീമിനെ അകമഴിച്ച് പിന്തുണച്ച കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികളെ. ഇവനിനി ഇന്ത്യൻ ടീമിലിടമില്ല എന്ന എഴുതിത്തള്ളലിന് വാക്കുകൊണ്ടല്ല, ബാറ്റുകൊണ്ടാണ് സഞ്ജു മറുപടി പറഞ്ഞത്.
അതും, എന്തൊരു കിടിലൻ മറുപടി! അഞ്ച് ഇന്നിംഗ്സിൽനിന്ന് മൂന്ന് അർധസെഞ്ചുറി, 321 റൺസ്; ടൂർണമെന്റിലെ താരം! ഇതിലപ്പുറം ക്രിക്കറ്റിൽ മറ്റെന്തു മറുപടി? അവസാന നിമിഷം ടീമിലെത്തിയതിന്റെ സമ്മർദം, തുടക്കത്തിലെ ഫോമില്ലായ്മ... പിന്നീടിങ്ങോട്ട് നിർണായക മത്സരങ്ങളിൽ സഞ്ജു പുറത്തെടുത്ത ആ മാസ്മരിക പ്രകടനം.
ടീമിനുവേണ്ടി എന്തു ത്യാഗത്തിനും തയാറുള്ള സഞ്ജു, ഗൗതം ഗംഭീറിന്റെ തുരുപ്പുചീട്ടായതിൽ അദ്ഭുതപ്പെടാനില്ല. ഇന്ത്യയുടെയും കേരളത്തിന്റെയും ഈ വീരപുത്രന്റെ പേരിലാകും ഇത്തവണത്തെ ലോകകപ്പ് ചരിത്രത്താളിൽ മിന്നിത്തിളങ്ങുക. കളിക്കാരുടെ ഫോം മോശമായാലും അവർക്ക് പൂർണ പിന്തുണ നൽകിയ കോച്ച് ഗൗതം ഗംഭീറിന്റെ സമീപനം എടുത്തുപറയേണ്ടതുണ്ട്.
“സഞ്ജു ഒരുപക്ഷേ തന്റെ സെഞ്ചുറിക്കു വേണ്ടി കളിച്ചിരുന്നെങ്കിൽ, നമ്മൾ 250 റൺസിൽ എത്തില്ലായിരുന്നു. അതുകൊണ്ട്, നാഴികക്കല്ലുകളെ ആഘോഷിക്കുന്നത് നിർത്തി ട്രോഫികളെ ആഘോഷിക്കൂ. അതാണ് പ്രധാനം. കാരണം, ഒരു ടീം സ്പോർട്ടിന്റെ വലിയ ലക്ഷ്യം വിജയിക്കുക എന്നതു മാത്രമാണ്” -ഗംഭീറിന്റെ ഈ വാക്കുകളിൽ എല്ലാമടങ്ങിയിരിക്കുന്നു. ഇന്ത്യ മൂന്ന് തവണ 250 റൺസ് കടന്നപ്പോഴും അതിൽ സഞ്ജുവിന്റെ പങ്ക് നിർണായകമായിരുന്നു.
സഞ്ജുവിന്റെ പ്രകടനത്തെ വാഴ്ത്തുമ്പോഴും, ഇത് ടീം ഇന്ത്യയുടെ വിജയമാണ്. ടൂർണമെന്റിൽ മൂന്നു തവണ ഇന്ത്യ 250 റൺസിനുമേൽ സ്കോർ ചെയ്തു. ആദ്യ പന്തുമുതൽ ആക്രമിച്ചു കളിക്കുക എന്ന പുതിയ ശൈലിയുടെ നേട്ടം.
സഞ്ജുവിനെപ്പോലെ നിർണായക ഘട്ടത്തിൽ ഫോം വീണ്ടെടുത്ത അഭിഷേക് ശർമ, ഇഷാൻ കിഷൻ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, തിലക് വർമ, അവസാന ഓവറുകളിൽ ആഞ്ഞടിച്ച ശിവം ദുബെ... എല്ലാവരും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ തിളങ്ങി.
ഫൈനലിൽ 4-15 എന്ന ബുംറയുടെ സ്വപ്നതുല്യമായ ബൗളിംഗ് എങ്ങനെ മറക്കാൻ! ബാറ്റുകൊണ്ടും പന്തുകൊണ്ടും ഹാർദിക് പാണ്ഡ്യയും, നിർണായക വിക്കറ്റെടുത്തും ഉജ്വല ക്യാച്ചുകളിലൂടെയും കളിയുടെ ഗതി തിരിച്ച് അക്സർ പട്ടേലും ടീമിന്റെ അവിഭാജ്യ ഘടകമായി.
തകർപ്പൻ സ്പെല്ലുകളിലൂടെ അർഷദീപ് സിംഗും വരുൺ ചക്രവർത്തിയും നൽകിയ പിന്തുണയും ശ്രദ്ധേയമാണ്. ഇന്ത്യൻ ടീമിന്റെ ‘ആഴം’ അഗാധമായിരുന്നു. ബാറ്റിംഗിലായാലും ബൗളിംഗിലായാലും പലതരം കോംബിനേഷൻ സാധ്യമാകുന്നത് കോച്ചിനും ക്യാപ്റ്റനും നല്കുന്ന സ്വാതന്ത്ര്യം ചെറുതല്ല.
ടീം മാനേജ്മെന്റിന്റെ ‘ടീം ഫസ്റ്റ്’ എന്ന നയവും വിജയത്തിൽ നിർണായക പങ്കുവഹിച്ചു. കിരീടസാധ്യത ഏറ്റവും കൂടുതലുള്ള ടീമായിത്തന്നെയാണ് ഇന്ത്യ ടൂർണമെന്റിൽ ആദ്യകളിക്കിറങ്ങിയത്. ആ പ്രതീക്ഷ സൂര്യകിരീടമായി അവരൊടുവിൽ അണിയുകയും ചെയ്തു.
പഴയകാലത്തെപ്പോലെ സൂപ്പർ താരങ്ങളില്ലാത്ത ഒരു ടീമാണിത്. അതിനു പകരം ക്യാപ്റ്റൻ സൂര്യകുമാർ യാദവും കോച്ച് ഗൗതം ഗംഭീറും ചേർന്ന് കൂട്ടായ പരിശ്രമത്തിനു പ്രാധാന്യം നൽകുന്ന ഒരു ടീം കെട്ടിപ്പടുത്തിരിക്കുന്നു.
മുൻഗാമികളിൽനിന്ന് തികച്ചും വ്യത്യസ്തനായ ഒരു നായകനാണ് സൂര്യകുമാർ. മുപ്പതുകളിലെത്തിയശേഷം മാത്രം രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം, സ്വന്തം ഐപിഎൽ ടീമിനെപ്പോലും നയിച്ചിട്ടില്ല. കപിൽ ദേവ്, എം.എസ്. ധോണി, രോഹിത് ശർമ എന്നിവരാണ് ഇതിനുമുമ്പ് ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചവർ.
തങ്ങളുടെ വ്യക്തിപ്രഭാവംകൊണ്ട് ടീമിനെ നയിച്ച ഇന്ത്യൻ കായികരംഗത്തെ മൂന്ന് ഇതിഹാസങ്ങൾ. ഇപ്പോൾ അവരോടു ചേർന്നുനിൽക്കാൻ തന്റേതായ ഒരിടം സൂര്യകുമാറും കണ്ടെത്തിയിരിക്കുന്നു. ന്യൂസിലൻഡിനെ സംബന്ധിച്ചിടത്തോളം ഇത് ‘ചുണ്ടിനും കപ്പിനുമിടയിൽ കൈവിട്ടുപോയ’ മറ്റൊരു സന്ദർഭമാണ്.
ഐസിസി ഫൈനലിൽ ന്യൂസിലൻഡിന്റെ ആറാമത്തെ പരാജയമാണിത്. ഒരുകാലത്ത് ഇന്ത്യയും സമാന അവസ്ഥയിലൂടെ കടന്നുപോയിരുന്നു; ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഫൈനലിൽ കാലിടറുകയും ചെയ്യുന്ന അവസ്ഥ.
എന്നാൽ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ തുടർച്ചയായി രണ്ടു കിരീടങ്ങൾ നേടിക്കൊണ്ട് ഇന്ത്യ ആ ചങ്ങല പൊട്ടിച്ചെറിഞ്ഞിരിക്കുന്നു. ടീം ഇന്ത്യ എന്ന ഈ കെട്ടുറപ്പ് കാത്താൽ ഭാവിയിലും വിജയാവേശത്തിന്റെ വർണത്തേരിൽ നമുക്ക് ആഘോഷിക്കാം.
കളിക്കാർ മാറിമാറി വരും. എന്നാൽ, ടീം സ്പിരിറ്റ് - അതൊന്നേയുള്ളൂ. ക്രിക്കറ്റ് ലോകത്തിന് ഇന്ത്യ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഇനി ഇന്ത്യയെ പിടിച്ചുകെട്ടുക എന്ന വെല്ലുവിളിയാണ് മറ്റുള്ളവർക്ക് ഏറ്റെടുക്കാനുള്ളത്. അത്തരം വെല്ലുവിളികളിലൂടെ മാത്രമേ കളിയുടെ ത്രില്ലും സ്പിരിറ്റും നിലനിൽക്കൂ.
Movies
മൂന്നാം തവണയും ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യ ഉയർത്തിയപ്പോൾ സഞ്ജുവിന്റെ ഉറ്റ സുഹൃത്തും സംവിധായകനുമായ ബേസിൽ ജോസഫ് ഫൈനൽ കാണാൻ നേരിട്ട് അഹമ്മദാബാദിൽ എത്തിയിരുന്നു.
സൈലം ഗ്രൂപ്പ് സിഇഒ ഡോ. അനന്തുവും ഇൻസ്റ്റഗ്രാമിലെ വൈറൽ താരമായ നിഹാലുമാണ് ബേസിലിനൊപ്പം മത്സരം കാണാൻ എത്തിയിരുന്നത്. ബേസിലിന്റെയും സുഹൃത്തുക്കളുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ.
"പ്രീ മാച്ച് പരിപാടികൾ' എന്ന അടിക്കുറിപ്പോടെ നിഹാലാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. അഹമ്മദാബാദ് സ്റ്റേഡിയത്തിന് പുറത്തുനിന്ന് സഞ്ജു സാസംണിന്റെ ജഴ്സി തേടിപ്പിടിച്ച് വാങ്ങിക്കുന്ന ബേസിലിനെ ദൃശ്യങ്ങളിൽ കാണാം.
വീഡിയോയിൽ ബേസിലിനെ സഞ്ജു സാംസൺ ഫാൻസ് അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.
സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങളും ബേസിൽ പങ്കുവച്ചിട്ടുണ്ട്. ഇതിന് മുമ്പും സഞ്ജുവിനെ പിന്തുണച്ച് ബേസിൽ എത്തിയിരുന്നു.
Movies
ട്വന്റി - 20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി കിരീടം ചൂടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ബോളിവുഡ് താരങ്ങൾ. കിരൺ ജോഹൻ, കരീന കപൂർ, അനുഷ്ക ശർമ തുടങ്ങി നിരവധി പ്രമുഖർ ടീമിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തി.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സംവിധായകൻ കിരൺ ജോഹൻ വിജയം ആഘോഷിച്ചത്. അദ്ദേഹത്തിന്റെ ചിത്രമായ "കഭി ഖുഷി കഭി ഗം' എന്ന സിനിമയിലെ ഒരു ഭാഗം പങ്കുവച്ചുകൊണ്ടാണ് സന്തോഷം പ്രകടിപ്പിച്ചത്.
ഇന്ത്യൻ ടീം ലോകകപ്പ് ഉയർത്തി നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് കരീന കപൂർ ടീമിന് ആശംസകൾ നേർന്നത്. ഈ ഉജ്വല വിജയത്തിന് മിന്നും പ്രകടനം കാഴ്ചവച്ച ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്ന് അനുഷ്ക ശർമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Sports
സാംസണ് വിശ്വനാഥന് എന്ന ഡല്‍ഹി മുന്‍ പോലീസ് കോണ്‍സ്റ്റബിളിന് ഒരു ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. തന്റെ മക്കളായ സാലിയും സഞ്ജുവും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച കളിക്കാരായി മാറണം.
അതിനായി അയാള്‍ ഹൗസിംഗ് കോളനിയിലെ കുട്ടികളെക്കൂട്ടി ടീമുണ്ടാക്കി, വീട്ടിലെ ചെറിയ മുറിയുടെ ഭിത്തിയില്‍ സ്റ്റംപ് വരച്ച് ഉണ്ടാക്കി ബാറ്റ് ചെയ്യിച്ചു, നൈറ്റ് ഡ്യൂട്ടിക്കു ശേഷം തിരികെയെത്തി ഉറങ്ങാന്‍ കൂട്ടാക്കാതെ മക്കളെ ക്രിക്കറ്റ് പരിശീലിപ്പിച്ചു, അവധിദിനങ്ങളില്‍ ബാസ്കറ്റ്ബോള്‍ കോര്‍ട്ടിലും തെരുവിലും ക്രിക്കറ്റ് കളിപ്പിച്ചു, ഡല്‍ഹിപോലൊരിടത്തു ക്രിക്കറ്റില്‍ അവസരം ലഭിച്ചേക്കില്ലെന്ന കാരണത്താല്‍ ഡൽഹി പോലീസിലെ കോൺസ്റ്റബിൾ ജോലി വിട്ടു സ്വദേശമായ തിരുവനന്തപുരത്തേക്കു തിരികെയത്തി, മക്കളെ രാജ്യാന്തര ക്രിക്കറ്റ് താരങ്ങളാക്കാനുള്ള കഠിനശ്രമത്തിനിടെ സാംസണ് ജോലിവരെ ഉപേക്ഷിച്ചു.
തങ്ങള്‍ക്കുവേണ്ടി ജീവിച്ച അച്ഛനോട് തിരിച്ചും അതേ വികാരമായിരുന്നു ആ മക്കള്‍ക്ക്... സാംസണിന്റെ മക്കളില്‍ രണ്ടാമനായ സഞ്ജുവിലൂടെ ഇന്ത്യന്‍ ടീം 2026 ഐസിസി ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കി. 2026 ലോകകപ്പിന്റെ താരമാരെന്ന ചോദ്യത്തില്‍ രണ്ടാമതൊരു ഉത്തരത്തിനുള്ള അവസരം മറ്റാര്‍ക്കും സഞ്ജു നല്‍കിയില്ല...
അഞ്ച് ഇന്നിംഗ്സുകൾ
അതെ, ഡല്‍ഹിയിലെ മുറിക്കുള്ളില്‍ സ്റ്റംപ് വരച്ച് ക്രിക്കറ്റ് പഠിച്ച സഞ്ജു ഇന്ന് ഇന്ത്യയുടെ സൂപ്പര്‍ ഹീറോയാണ്. ഏതൊരു സൂപ്പര്‍ ഹീറോയെയും പോലെ തിരിച്ചടിയുടെ കാലം താണ്ടി, ക്ലൈമാക്സില്‍ ആരാധകരെ ഇരിപ്പിടത്തില്‍നിന്നെഴുന്നേല്‍പ്പിച്ച് കൈയടിപ്പിച്ചു സഞ്ജു വിശ്വനാഥ് സാംസണ്. അതിനായി 2026 ലോകകപ്പില്‍ സഞ്ജു കളിച്ചത് അഞ്ച് ഇന്നിംഗ്സ് മാത്രം. അതില്‍ രണ്ട് കളി പകരക്കാരനായി മാത്രമാണ് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടത്. ആദ്യം അഭിഷേക് ശര്‍മ ഉദരസംബന്ധ അസുഖത്തെത്തുടര്‍ന്നു പുറത്തിരുന്നപ്പോഴും റിങ്കു സിംഗ് കുടുംബാവശ്യങ്ങള്‍ക്കായി നാട്ടിലേക്കു മടങ്ങിയപ്പോഴും.
സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ 97 നോട്ടൗട്ടിലൂടെയാണ് സഞ്ജു എന്ന സൂപ്പര്‍ ഹീറോ ഷോ ആരംഭിച്ചത്. തുടര്‍ന്ന് ഇംഗ്ലണ്ടിന് എതിരായ സെമിയില്‍ 89, ന്യൂസിലന്‍ഡിന് എതിരായ ഫൈനലില്‍ 89... അതോടെ അഞ്ച് ഇന്നിംഗ്സില്‍ 321 റണ്‍സുമായി 2026 ലോകകപ്പിന്റെ താരമായി. ഒരു ടീമിന് ഒമ്പത് മത്സരങ്ങള്‍ ഉണ്ടായിരുന്ന ലോകകപ്പിലെ നാല് മത്സരങ്ങളില്‍ ഡഗ്ഗൗട്ടിലായിരുന്നു സഞ്ജു.
അച്ഛന്റെ സ്വപ്നം
2025 കേരള പ്രീമിയര്‍ ലീഗ് ട്വന്റി-20യില്‍ ചേട്ടന് സാലി സാംസണിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു സഞ്ജു കളിച്ചത്, കൊച്ചി ബ്ലൂ ടൈഗേഴ്സിനു വേണ്ടി. ഐപിഎല്‍ ടീമായ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനായിരിക്കേയായിരുന്നു സഞ്ജു കെപിഎല്ലില്‍ എത്തുന്നത്. പ്രഥമ കെപിഎല്ലില്‍നിന്നു വിട്ടുനിന്ന സഞ്ജു 2025 സീസണില്‍ കളിച്ചു.
ഇന്ത്യന്‍ ടീമില്‍ ശുഭ്മാന്‍ ഗില്‍ എത്തിയതോടെ ഓപ്പണിംഗ് സ്ഥാനം നഷ്ടപ്പെടുമെന്ന അവസ്ഥയിലായിരുന്നു സഞ്ജു കെപിഎല്ലില്‍ കളിച്ചത്. 2026 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ അന്നു പ്രഖ്യാപിച്ചില്ല. ലോകകപ്പ് ടീമില്‍ എങ്ങനെയും ഇടംപിടിക്കാനായി കൊച്ചി ബ്ലൂ ടൈഗേഴ്സിനായി മധ്യനിരയിലേക്ക് ഇറങ്ങി കളിക്കാന്‍വരെ സഞ്ജു തയാറായി.
കാലം കരുതിവച്ച നീതിപോലെ, ഗില്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടില്ല. ആദ്യം എതിരാളികളുടെ പ്രഹരമേല്ക്കുന്ന നായകന് തിരിച്ചെത്തി വില്ലന്മാരെ കീഴടക്കി ആരാധകരുടെ കൈയടി വാങ്ങുന്നതുപോലൊരു സിനിമാറ്റിക് ഇഫക്ട്. അതായിരുന്നു 2026 ട്വന്റി-20 ലോകകപ്പിലെ സഞ്ജു സാംസണ്. വിശ്വനാഥ് സാംസണിന്റ് സുവര്‍ണ സ്വപ്നം ചിറകുവിരിച്ച മുഹൂര്‍ത്തങ്ങള്‍...
Sports
അഹമ്മദാബാദ്: 2026 ടി20 ലോകകപ്പ് ടൂർണമെന്റിന്റെ താരമായി സഞ്ജു സാംസൺ. പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നുവെന്ന് സഞ്ജു പറഞ്ഞു.
ഒരുപാട് സന്തോഷവും നന്ദിയുമുണ്ട്. വാക്കുകള്‍ കിട്ടുന്നില്ല, വികാരങ്ങള്‍ അടക്കാനാവുന്നില്ല. സത്യം പറഞ്ഞാല്‍, ഇത് ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണ്. താന്‍ കളിക്കാതിരുന്ന 2024 ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നപ്പോള്‍ മുതല്‍ ആഗ്രഹിച്ചതാണിതെന്നും സഞ്ജു സാംസൺ വ്യക്തമാക്കി.
അതിനായി കഠിനാധ്വാനം ചെയ്തു. താന്‍ ചെയ്യാന്‍ ആഗ്രഹിച്ചതും ഇതുതന്നെയായിരുന്നു. ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം താന്‍ ആകെ തകര്‍ന്നുപോയിരുന്നു, തന്റെ സ്വപ്നങ്ങളെല്ലാം തരിപ്പണമായിരുന്നുവെന്ന് പറഞ്ഞ താരം തന്റെ തിരിച്ചുവരവിന് പിന്നിലെ രഹസ്യവും വെളിപ്പെടുത്തി.
ഒരുപാട് മുന്‍താരങ്ങള്‍ ബന്ധപ്പെടുകയും സഹായിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു മാസങ്ങളായി സച്ചിന് സാറുമായി താന്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. താന്‍ അദ്ദേഹത്തെ സമീപിക്കുകയും തങ്ങൾക്കിടയിൽ ദീർഘമായ സംഭാഷണങ്ങൾ നടക്കുകയും ചെയ്തു.
അദ്ദേഹത്തെപ്പോലെയുള്ള ഒരാളില്‍ നിന്ന് മാര്‍ഗനിര്‍ദേശം ലഭിക്കുക എന്നതിലപ്പുറം മറ്റെന്താണ് വേണ്ടതെന്നും ചേദിച്ചു. ഇനിയുള്ള ലക്ഷ്യം വളരെ വലുതാണെന്നും ഇപ്പോള്‍ തനിക്ക് ഇത് ആസ്വദിക്കണമെന്നും പറഞ്ഞ സഞ്ജു കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഇനി എന്ത് വേണമെന്ന് തീരുമാനിക്കാമെന്നും കൂട്ടിച്ചേർത്തു.
Sports
അഹമ്മദാബാദ്: ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ സഞ്ജു സാംസണ് അർധ സെഞ്ചുറി. 33 പന്തുകളിലാണ് സഞ്ജു അർധ സെഞ്ചുറി തികച്ചത്.
മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.
ലോകകപ്പിൽ സഞ്ജുവിന്റെ തുടർച്ചയായ മൂന്നാം അർധ സെഞ്ചുറിയാണിത്. വെസ്റ്റ് ഇൻഡീസിനെതിരെയും ഇംഗ്ലണ്ടിനെതിരെയും സഞ്ജു അർധ സെഞ്ചുറി നേടിയിരുന്നു.
Sports
അഹമ്മദാബാദ്: ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യയുടെ ഓപ്പണർ അഭിഷേക് ഷർമയുടെ വെട്ടിക്കെട്ട്. 18 പന്തിൽ അർധ സെഞ്ചുറിയുമായി വെടിക്കെട്ട് പ്രകടനമാണ് അഭിഷേക് കാഴ്ചവച്ചത്.
മൂന്ന് സിക്സും ആറ് ഫോറും ഉൾപ്പെടെ 51 റണ്‍സുമായി അഭിഷേക് ബാറ്റിംഗ് തുടരുകയാണ്. സഞ്ജുവാണ് അഭിഷേകിനോപ്പം ക്രീസിൽ
സഞ്ജു 17 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 33 റണ്‍സെടുത്തു. ഇന്ത്യ നിലവിൽ ആറ് ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 92 റണ്‍സെടുത്തു.
Sports
ലോക ക്രിക്കറ്റില്‍ ഏറ്റവും പവര്‍ഫുള്‍ മുംബൈ കേന്ദ്രീകരിച്ചുള്ള ബ്ലൂസ് ഗ്യാംഗ്. സ്കൈ, ചേട്ടന്, കുംഗ്ഫു പാണ്ഡ്യ, ബാപ്പു, ബൂം ബൂം, ബേബി ഹിറ്റ്മാന്, ടിവി എന്നിങ്ങനെ ചെല്ലപ്പേരുള്ളവര് അണിനിരക്കുന്ന ഡെഡ്ലി കോമ്പിനേറ്റഡ്, കോള്‍ഡ് ഹാര്‍ട്ടഡ് ഗ്യാംഗ്; ലോക ഒന്നാം നമ്പര്‍ ട്വന്റി-20 ടീം. പൈറേറ്റ്സ് ഓഫ് കരീബിയന്‍സ് ആയ വെസ്റ്റ് ഇന്‍ഡീസിന്റെ കപ്പല്‍പ്പടയെ കോല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ മുക്കി സെമിയിലേക്ക്. 196 എന്ന ലക്ഷ്യത്തിനായി ബാറ്റ് ആയുധമാക്കിയ സഞ്ജു ചേട്ടന്റെ പ്രഹരത്തില്‍ ഈഡന് ഗാര്‍ഡന്‍സില്‍ കലിപ്സോ സംഗീതം നിലച്ചു.
ഹാരിയും ജോസേട്ടനും ജാക്ക് ആന്‍ഡ് ജേക്കബുമെല്ലാം നയിക്കുന്ന, ബിര്മിംഗ്ഹാമില്നിന്നുള്ള പീക്കിബ്ലൈന്ഡേഴ്സ് ഗ്യാംഗായിരുന്നു സെമിയിലെ എതിരാളികള്‍; ലോക രണ്ടാം നമ്പര്‍ ട്വന്റി-20 ടീം. സി (ചേട്ടായീസ്) കമ്പനിയുടെ തറവാട്ടുമുറ്റമായ മുംബൈ വാങ്കഡെയില്‍ സൂപ്പര്‍ ത്രില്ലര്‍ സെമി. മുടി പിന്നി, അഗ്രങ്ങളില്‍ വൈറ്റ് കളര്‍ ചാലിച്ചെത്തിയ ജോഫ്ര ആര്‍ച്ചറിനെ, തങ്ങളുടെ ആരാച്ചാരാകാന്‍ അനുവദിക്കാതെ കടന്നാക്രമിച്ച് സഞ്ജു സാംസണ് ചേട്ടായീസ് ഗ്യാംഗിന്റെ പണി ആദ്യംതന്നെ തുടങ്ങി. 42 പന്തില്‍ 89 റണ്‍സ് നേടിയ സഞ്ജുച്ചേട്ടനൊപ്പം ഇഷാന് കിഷനും (18 പന്തില്‍ 39), ശിവം ദുബെയും (25 പന്തില്‍ 43), ഗ്യാംഗ് ലീഡര്‍ സ്കൈ എന്ന സൂര്യകുമാര്‍ യാദവും (6 പന്തില്‍ 11), കുംഗ്ഫു ഹാര്‍ദിക് പാണ്ഡ്യയും (12 പന്തില്‍ 27) ടിവി എന്നറിയപ്പെടുന്ന തിലക് വര്‍മയും (7 പന്തില്‍ 21) പണി ഭംഗിയാക്കിയപ്പോള് സ്കോര്‍ ഷീറ്റില്‍ 253/7.
തുടര്‍ന്ന് പീക്കിബ്ലൈന്ഡേഴ്സിന്റെ മറുപണി, കൂടെയുള്ളവര്‍ വീണപ്പോഴും ജേക്കബ് ബെഥേല്‍ ഫൈനല്‍ എന്ന സ്വര്‍ഗരാജ്യത്തേക്കുള്ള രക്തച്ചൊരിച്ചില്‍ തുടര്‍ന്നു. വരുണ്‍ ചക്രവര്‍ത്തിയെയും അര്‍ഷദീപ് സിംഗിനെയുമെല്ലാം നിലംതൊടാതെ ഗാലറിയിലേക്ക് എടുത്തെറിഞ്ഞ ബെഥേല്‍ എന്ന ഇളമുറക്കാരന് 48 പന്തില്‍ 105 റണ്‍സ് നേടി. ഹാര്‍ദിക് പാണ്ഡ്യയുടെ കണക്കുകൂട്ടല്‍ തെറ്റാതെയുള്ള ത്രോയില്‍ സഞ്ജു ബെഥേലിനെ ഓട്ടം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല, റണ്ണൗട്ട്. ഇതിനിടെ ബാപ്പു എന്ന അക്സര്‍ പട്ടേലിന്റെ സ്പൈഡര്മാന് സ്റ്റൈല്‍ ക്യാച്ചുകള്‍. ബൂം ബൂം ബുംറയുടെ ഡെഡ്ലി ഡെത്ത് ഓവര്‍. മാലയില്‍നിന്നു വേര്‍പെട്ടുപോയ രണ്ടുമൂന്നു ഓലപ്പടക്കം കണക്കെ അവസാന ഓവറില്‍ ആര്‍ച്ചറിന്റെ മൂന്ന് സിക്സ്. ഏഴു റണ്‍സ് അകലെ ഗ്യാംഗ് ഓഫ് ലണ്ടന്‍ നിര്‍ജീവം.
► പകവീട്ടാന്‍ സഞ്ജു
ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പില്‍ നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികള്‍ (97 നോട്ടൗട്ട്, 89), രണ്ടു പ്ലെയര്‍ ഓഫ് ദ മാച്ച്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ മുന്നിലുള്ളത് ന്യൂസിലന്‍ഡിന് എതിരായ ഫൈനല്‍. വെസ്റ്റ് ഇന്‍ഡീസിന് എതിരായ 97 നോട്ടൗട്ടോടെ ഓപ്പണിംഗ് സ്ഥാനം തിരികെപ്പിടിച്ച സഞ്ജുവിന് ഒരു കടം വീട്ടാനുണ്ട്, ലോകകപ്പില്‍ പകരക്കാരുടെ ബെഞ്ചില്‍ സഞ്ജുവിനെ ഇരുത്തിയ കിവീസിന് എതിരായ കടം.
ലോകകപ്പിനു മുന്നോടിയായി ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ശോഭിക്കാന്‍ സാധിക്കാതിരുന്നതോടെ സഞ്ജു പ്ലേയിംഗ് ഇലവനു പുറത്തായി. തുടര്‍ന്ന് ലോകകപ്പ് സൂപ്പര്‍ എട്ടില്‍ വീണുകിട്ടിയ അവസരം മുതലാക്കിയുള്ള തിരിച്ചുവരവാണ് സഞ്ജു നടത്തിയത്. തന്റെ പ്ലേയിംഗ് ഇലവന് സ്ഥാനം നഷ്ടപ്പെടുത്തിയ, ന്യൂസിലന്‍ഡ് ടീമിനോടുള്ള പക ഫൈനലില്‍ സഞ്ജു വീട്ടുമോ എന്നതാണ് ചോദ്യം. നാളെ അഹമ്മദാബാദിലാണ് ഇന്ത്യ x ന്യൂസിലന്‍ഡ് ഫൈനല്‍. ഈ ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെട്ട ഏകവേദിയാണ് (സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ) അഹമ്മദാബാദ്. അപരാജിതരായി സെമിയിലെത്തിയ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് കിവീസ് ഫൈനലില്‍ എത്തിയത്.
► ബൂം ബൂം ബുംറ
“പ്ലെയര്‍ ഓഫ് ദ മാച്ചിന് ഏറ്റവും അര്‍ഹന്‍ ജസ്പ്രീത് ബുംറയാണ്. വണ്‍സ് ഇന്‍ എ ജെനറേഷന് ബൗളര്‍. ബുംറയുടെ ഡെത്ത് ഓവര്‍ ഇല്ലായിരുന്നെങ്കില്‍ ഈ പുരസ്കാരം എനിക്ക് ലഭിക്കില്ലായിരുന്നു’’- മത്സരശേഷം സഞ്ജുവിന്റെ വാക്കുകള്‍. 40 ഓവറില്‍ 499 റണ്‍സാണ് ഇന്ത്യയും ഇംഗ്ലണ്ടും ചേര്‍ന്ന് അടിച്ചെടുത്തത്. ഇംഗ്ലീഷ് ഇന്നിംഗ്സിലെ 18-ാം ഓവറില്‍ ക്ലാസിക്ക് ബൗളിംഗിലൂടെ ആറ് റണ്‍സ് മാത്രം വഴങ്ങി ബുംറ മത്സരം ഇന്ത്യയുടെ നിയന്ത്രണത്തിലേക്കെത്തിച്ചു. നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് ബുംറ നേടി. സ്കോറിംഗ് റേറ്റ് ഓവറില്‍ 13ന് അടുത്തായിരുന്ന മത്സരത്തില്‍, ബുംറയുടെ ഇക്കോണമി 8.25 മാത്രമായിരുന്നു. അഞ്ച്, 11, 16, 18 ഓവറുകളായിരുന്നു ബുറ എറിഞ്ഞത്.
► പറക്കും ബാപ്പു
ബാപ്പു എന്നറിയപ്പെടുന്ന അക്സര്‍ പട്ടേല്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും കാര്യമായി തിളങ്ങിയില്ല. എന്നാല്‍, ഫീല്‍ഡിംഗില്‍ അക്സര്‍ പട്ടേലിന്റെ പ്രകടനം വഴിത്തിരിവായി. ട്വന്റി-20 ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചിലൂടെ ഹാരി ബ്രൂക്കിനെ അക്സര്‍ പുറത്താക്കി. എക്സ്ട്രാ കവറില്‍ 20 വാരയോളം പിന്നോട്ട് ഓടി ഡൈവ് ചെയ്തായിരുന്നു അക്സറിന്റെ ക്യാച്ച്.
ജേക്കബ് ബെഥേലും വില്‍ ജാക്സും 39 പന്തില്‍ 77 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യക്കു തലവേദന സൃഷ്ടിക്കുമ്പോഴായിരുന്നു അക്സറിന്റെ രണ്ടാമത്തെ ഉജ്വല ഫീല്‍ഡിംഗ്. വില്‍ ജാക്സിനെ പുറത്താക്കാനായി ഡീപ്പ് മിഡ് വിക്കറ്റില്‍ സാഹസികമായി പന്ത് കൈപ്പിടിയിലൊതുക്കിയ അക്സര്‍ ബൗണ്ടറി ലൈന്‍ കടക്കുമെന്നുറപ്പായി, അതോടെ പന്ത് തൊട്ടടുത്തായുള്ള ദുബെയ്ക്കു നല്കി.
തിടുക്കപ്പെട്ടുള്ള/അനാവശ്യ ഷോട്ടിലൂടെ സഞ്ജു പുറത്തായപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 13.1 ഓവറില്‍ 160/3. അതോടെ ഇന്ത്യയുടെ താളം നഷ്ടപ്പെട്ടു. എന്നാല്‍, 25 പന്തില്‍ 43 റണ്‍സ് നേടിയ ദുബെയും 12 പന്തില്‍ 27 റണ്‍സ് അടിച്ചെടുത്ത ഹാര്‍ദിക് പാണ്ഡ്യയും ഏഴ് പന്തില്‍ 21 നേടിയ തിലക് വര്‍മയും നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ ഇന്ത്യന്‍ സ്കോര്‍ 250 കടന്നു.
► സഞ്ജു Vs ആര്‍ച്ചര്‍
ജോഫ്ര ആര്‍ച്ചറിനെതിരായ സഞ്ജുവിന്റെ ടാക്റ്റിക്കല്‍ വിജയമായിരുന്നു മത്സരം ഇന്ത്യക്ക് അനുകൂലമാക്കുന്നതില്‍ നിര്‍ണായകമായ മറ്റൊരു ഘടകം. സഞ്ജു 42 പന്തില്‍ എട്ട് ഫോറും ഏഴ് സിക്സും അടക്കം 89 റണ്‍സ് നേടി. 211.90 സ്ട്രൈക്ക് റേറ്റ്. പേസ് ബൗളര്‍മാര്‍ക്കെതിരേ കടന്നാക്രമണം, അതും ജോഫ്ര ആര്‍ച്ചറിനെതിരേ. ഇന്നിംഗ്സിനിടെ പേസര്‍മാരുടെ 27 പന്ത് സഞ്ജു നേരിട്ടു. 69 റണ്‍സ് നേടി. ആര്‍ച്ചറിന്റെ 14 പന്തില്‍ 38ഉം സാം കറന്റെ ഒമ്പത് പന്തില്‍ 22ഉം റണ്‍സ് അടിച്ചെടുത്തു.
ഇംഗ്ലണ്ടിനെതിരായ മുൻ പരമ്പരയില്‍ മൂന്നു തവണ സഞ്ജു ആര്‍ച്ചറിനു മുന്നില്‍ മുട്ടുമടക്കിയിരുന്നു. ആ പരമ്പരയില്‍ ആര്‍ച്ചറിന്റെ 23 പന്തില്‍ 25 റണ്‍സ് മാത്രമായിരുന്നു നേടിയത്. അതില്‍നിന്നും പാഠമുള്‍ക്കൊണ്ടുള്ള ഇന്നിംഗ്സായിരുന്നു വാങ്കഡെയില്‍ സഞ്ജു കാഴ്ചവച്ചതെന്നതാണ് ശ്രദ്ധേയം.
Sports
"ഞാന്‍ തല്ലിയത് വെറും ലോക്കൽ ചട്ടമ്പികളെയല്ല, തല്ലിയതെല്ലാം ഡോണുകളെയാണ്'... എന്ന് സഞ്ജു സാംസനു നെഞ്ചുവിരിച്ചുനിന്നു പറയാം. കാരണം, രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റില്‍ ഈ തിരുവനന്തപുരം സ്വദേശിയായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നേടിയ അഞ്ച് അര്‍ധസെഞ്ചുറിയില്‍ രണ്ട് എണ്ണം 2026 ലോകകപ്പില്‍. അതാകട്ടെ വെസ്റ്റ് ഇന്‍ഡീസിന് എതിരായ സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ 97 നോട്ടൗട്ട്, ഇംഗ്ലണ്ടിനും എതിരായ സെമിയില്‍ 89. ഈ രണ്ട് കളിയിലും സഞ്ജു പ്ലെയര്‍ ഓഫ് മാച്ച്. 2026 ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പില്‍ വീണു ലഭിച്ച അവസരം മുതലാക്കിയുള്ള, സഞ്ജു എന്ന പോരാളിയുടെ പോരാട്ട ഇന്നിംഗ്സുകള്‍; അതോടെ ഭൂഗോള ക്രിക്കറ്റില്‍ സര്‍വം സഞ്ജു മയമായി...
വെസ്റ്റ് ഇന്‍ഡീസിന് എതിരായ കോല്‍ക്കത്തയിലെ 97 നോട്ടൗട്ടിലൂടെ ക്രിക്കറ്റ് ലോകത്തെ സഞ്ജു ഉള്ളം കൈയിലാക്കിയിരുന്നു. തൊട്ടുപിന്നാലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിന് എതിരായ സെമിയില്‍ 42 പന്തില്‍ 89 റണ്‍സ് അടിച്ചെടുത്തതോടെ ട്വന്റി-20 ക്രിക്കറ്റിലെ ഉലകനായകനായി വാഴ്ത്തപ്പെട്ടു. തന്നെ പ്ലേയിംഗ് ഇലവനു പുറത്ത് ഇരുത്തിയവരുടെ മുഖമടച്ചുള്ള പ്രഹരമായാണ് സഞ്ജുവിന്റെ ഇരുത്തംവന്ന ഈ രണ്ട് ഇന്നിംഗ്സുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്.
കരിയറില്‍ നേടിയ മൂന്ന് ട്വന്റി-20 സെഞ്ചുറികളില്‍ രണ്ട് എണ്ണം ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അവരുടെ നാട്ടില്‍വച്ചായിരുന്നു എന്നതുകൂടി ചേര്‍ത്തുവായിച്ചാല്‍, തല്ലിയത് ലോക്കൽ ചട്ടന്പികളെയല്ല അല്ല, ഡോണുകളെത്തന്നെ ആണെന്നതിനുള്ള സാധൂകരണമാകും.
ചേട്ടനെ വാഴ്ത്തി ഐപിഎൽ ടീമുകൾ
ഭൂഗോളത്തില്‍ പ്രാദേശിക ഭാഷയില്‍ അഭിമുഖം അല്ലെങ്കില്‍ രണ്ടുവാക്ക് സംസാരിക്കാന്‍ അവസരം ലഭിച്ച ആരെങ്കിലും ക്രിക്കറ്റില്‍ ഉണ്ടോ..? സച്ചിന് തെണ്ടുല്‍ക്കര്‍, എം.എസ്. ധോണി, രാഹുല്‍ ദ്രാവിഡ്... ഇല്ല, ഇവരാരും തങ്ങളുടെ പ്രാദേശിക ഭാഷയില്‍ ഐസിസിക്കു മുന്നില്‍ സംസാരിച്ചിട്ടില്ല. ഹിന്ദിയില്‍ സംസാരിച്ചവരുണ്ട്, അതു ദേശീയ ഭാഷയായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, വെസ്റ്റ് ഇന്‍ഡീസിന് എതിരായ 50 പന്തില്‍ 97 നോട്ടൗട്ടിനു ശേഷം ഐസിസിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ സഞ്ജു സാംസണ് സംസാരിച്ചത് പച്ചമലയാളത്തില്‍.
തന്റെ നാട്ടിലെ, എല്ലാമെല്ലാമായവര്‍ക്കു വേണ്ടിയാണ് ഇതെന്നാണ് സഞ്ജു പറഞ്ഞത്. സഞ്ജുവിന്റെ മലയാളത്തില്‍ മുന്‍ താരം ദിനേഷ് കാര്‍ത്തികിന് അസൂയ വന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ വര്‍ഷങ്ങള്‍ കളിച്ചെങ്കിലും ഐസിസിയുടെ അഭിമുഖത്തില്‍ തമിഴ് സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്നതായിരുന്നു ദിനേഷ് കാര്‍ത്തികിന്റെ ഹാസ്യച്ചുവയുള്ള പ്രതികരണം.
അവർ പറഞ്ഞിതങ്ങനെ
സെമി ഫൈനലിലെ ഇന്നിംഗ്സിനുശേഷം ഐപിഎല്‍ ടീമുകളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ സഞ്ജു സാംസണ് തരംഗമായിരുന്നു. സൂപ്പര്‍സ്റ്റാര്‍ ചേട്ടന് എന്ന കാര്‍ഡ് ഇറക്കിയാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു സഞ്ജുവിന്റെ സെമി ഫൈനല്‍ ഇന്നിഗ്സ് ആഘോഷിച്ചത്. അബ്സല്യൂട്ട് സിനിമ എന്നും ആര്‍സിബി എക്സില്‍ കുറിച്ചു. ഐപിഎല്ലില്‍ സഞ്ജുവിന്റെ മുന്‍ ടീമായ രാജസ്ഥാന് റോയല്‍സും വാഴ്ത്തിപ്പാടി. അടിപൊളി, ചേട്ടാ എന്ന കുറിപ്പോടെ ഇംഗ്ലണ്ടിന് എതിരായ സഞ്ജുവിന്റെ ബാറ്റിംഗ് ചിത്രങ്ങള്‍ രാജസ്ഥാന് റോയല്‍സ് പങ്കിട്ടു.
സഞ്ജുവിനെ സിംഹമെന്നു വിശേഷിപ്പിച്ചായിരുന്നു നിലവിലെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. സെഞ്ചുറിയല്ല ജയിപ്പിക്കുന്ന ഇന്നിംഗ്സുകളാണ് പ്രധാനമെന്നും ജസ്പ്രീത് ബുംറ ഇല്ലായിരുന്നെങ്കില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് മേടിക്കാന്‍ ഇവിടെ നില്ക്കാന് സാധിക്കില്ലായിരുന്നു എന്ന സഞ്ജുവിന്റെ വാക്കുകളും ചെന്നൈ സൂപ്പര്‍ കിംഗ്സ് കാര്‍ഡുകളാക്കി.
വിശ്രമിക്കാറായില്ല
ലക്ഷ്യം പൂര്‍ണമായില്ല, വിശ്രമിക്കാറായില്ല... ഇതായിരുന്നു സെമി ഫൈനലില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടിയശേഷം സഞ്ജു പറഞ്ഞത്. ഞായറാഴ്ച ന്യൂസിലന്‍ഡിന് എതിരേ അഹമ്മദാബാദില്‍ അരങ്ങേറുന്ന ഫൈനലാണ് ടീമിന്റെ അടുത്ത ലക്ഷ്യമെന്നാണ് സഞ്ജു സൂചിപ്പിച്ചത്. ഈ ലോകകപ്പില്‍ തോല്‍വി അറിയാതെ സെമിയില്‍ എത്തിയ ദക്ഷിണാഫ്രിക്കയുടെ സ്വപ്നം തകര്‍ത്താണ് ന്യൂസിലന്‍ഡ് ഫൈനലില്‍ എത്തിയിരിക്കുന്നത്.
ഈ ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെട്ട ഏക മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അഹമ്മദാബാദില്‍ ആയിരുന്നു. അന്നു സഞ്ജു പ്ലേയിംഗ് ഇലവനു പുറത്തിരിക്കുന്ന സമയമായിരുന്നു എന്നതും ശ്രദ്ധേയം. കോല്‍ക്കത്തയും മുംബൈയും കടന്ന് സഞ്ജുവിന്റെ പ്ലെയര്‍ ഓഫ് ദ മാച്ച് പ്രകടനം അഹമ്മദാബാദിലും അരങ്ങേറട്ടെ എന്നാണ് ആരാധകരുടെ ആശംസയും പ്രാര്‍ഥനയും...
Sports
മുംബൈ: അടിച്ചു കസറി സഞ്ജു സാംസണ്. ട്വന്റി-20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെയാണ് സഞ്ജുവിന്റെ മിന്നും പ്രകടം. 42 പന്തിൽ 89 റണ്‍സെടുത്ത സഞ്ജുവിന്റെ കരുത്തിൽ ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റണ്‍സെടുത്തു. ട്വന്റി20യിലെ ഉയർന്ന നാലാമത്തെ സ്കോറാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് സഞ്ജു ഒരുക്കിയത്. അതേസമയം അഭിഷേക് ശർമ (ഏഴ് പന്തിൽ ഒൻപത്) നിരാശപ്പെടുത്തി. സഞ്ജുവിനോപ്പം ഇഷാൻ കിഷനും ചേർന്നതോടെ ഇന്ത്യയുടെ സ്കോർ അതിവേഗം കുതിച്ചു.
സഞ്ജുവും ഇഷാനും ചേർന്ന് 97 റണ്‍സാണ് അടിച്ചു കൂട്ടിയത്. 18 പന്തിൽ രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടെ 39 റണ്‍സാണ് ഇഷാൻ അടിച്ചെടുത്തത്. സഞ്ജു 42 പന്തിൽ ഏഴ് സിക്സും എട്ട് ഫോറും ഉൾപ്പെടെയാണ് 89 റണ്‍സെടുത്തത്.
സഞ്ജു മടങ്ങിയതോടെ ശിവം ദുബെയുടെ ഊഴമായിരുന്നു. 25 പന്തുകൾ നേരിട്ട ശിവം ദുബെ നാല് സിക്സും ഒരു ഫോറും ഉൾപ്പെടെ 43 റണ്‍സെടുത്തു. ദുബെ റണ്‍ഔട്ടായത് ഇന്ത്യയെ നിരാശപ്പെടുത്തി. സൂര്യകുമാർ യാദവ് 11 റണ്‍സെടുത്ത് പുറത്തായി.
തിലക് വർമ ഏഴ് പന്തിൽ മൂന്ന് സിക്സ് പറത്തി 21 റണ്‍സെടുത്തു. ഹാർദിക് പാണ്ഡ്യ 11 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 27 റണ്‍സെടുത്തു.
ഇംഗ്ലണ്ടിനായി വിൽ ജാക്സും ആദിൽ റഷീദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജോഫ്ര ആർച്ചർ ഒരു വിക്കറ്റും നേടി.
Sports
മുംബൈ: ട്വന്റി-20 ലോകകപ്പ് സെമിയിൽ മലയാളി താരം സഞ്ജു സാംസണ് അർധ സെഞ്ചുറി. ഇംഗ്ലണ്ടിനെതിരെ 26 പന്തിലാണ് സഞ്ജു അർധ സെഞ്ചുറി തികച്ചത്. ലോകകപ്പിൽ തുടർച്ചയായ രണ്ടാം അർധ സെഞ്ചുറിയാണ് സഞ്ജുവിന്റേത്.
26 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും ഉൾപ്പെടെ 52 റണ്‍സുമായി ബാറ്റിംഗ് തുടരുകയാണ് സഞ്ജു. ഇഷാൻ കിഷനാണ് സഞ്ജുവിനോപ്പം ക്രീസിൽ. ഏഴ് പന്തിൽ ഒൻപത് റണ്‍സ് നേടിയ അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
Sports
മുംബൈ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമിയിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു.
ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് ഇന്ന് ഇറങ്ങുന്നത്. റെയ്ഹാൻ അഹമദിനു പകരം ജെയ്മി ഓവർടണ് ടീമിലെത്തി. അതേസമയം മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
തുടർച്ചയായ രണ്ടാം ഫൈനൽ സ്വപ്നം കണ്ടാണ് മെൻ ഇൻ ബ്ലൂ ഇന്ന് ഇംഗ്ലണ്ടിനെ നേരിടുന്നത്. രാത്രി ഏഴിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഇരുടീമും സെമിയിൽ ഏറ്റുമുട്ടുന്നത് (2022, 2024, 2026) ഇതു മൂന്നാം തവണ. എട്ടിനാണ് ഫൈനൽ.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): ഫിലിപ്പ് സാൾട്ട്, ജോസ് ബട്ട്ലർ, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേൽ, ടോം ബാന്റൺ, സാം കറൻ, വിൽ ജാക്ക്സ്, ജെയ്മി ഓവർട്ടൺ, ലിയാം ഡോസൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്.
Sports
കോൽക്കത്ത: ട്വന്റി-20 ലോകകപ്പിലെ ആദ്യ സെമിഫൈനൽ പോരാട്ടത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ചു. കോൽക്കത്ത ഈഡൻ ഗാർഡൻസ് വേദിയാകുന്ന മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ജയസാധ്യത കൂടുതലാണ്.
സ്പിന്നർ ഇഷ് സോധിയെ ഒഴിവാക്കി ഓൾറൗണ്ടർ ജയിംസ് നീഷത്തെ കിവീസ് അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക സെമി പോരാട്ടത്തിന് കളത്തിലിറങ്ങുന്നത്. അവസാന മത്സരത്തിൽ പുറത്തിരുന്ന കഗീസോ റബാഡ, മാർക്കോ യാൻസൻ, കേശവ് മഹാരാജ് എന്നിവർ ടീമിലിടം നേടിയിട്ടുണ്ട്.
ടൂർണമെന്റിൽ ഇതുവരെ തോൽക്കാത്ത ഏക ടീമാണ് ദക്ഷിണാഫ്രിക്ക. അതിന്റെ ആത്മവിശ്വാസം ടീമിനുണ്ട്. ബാറ്റിംഗ് നിരയുടെ സ്ഥിരതയില്ലായ്മയാണ് കിവീസിനെ അലട്ടുന്നത്.