പ്രതീകാത്മക ചിത്രം
പാറ്റ്ന: ബിഹാറിലെ വൈശാലി ജില്ലയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. സീമാ ദേവി (35), മകൻ മുണ്ണാ കുമാർ (12), മാതാവ് നിർമ്മല ദേവി (55) എന്നിവരാണ് ജീവനൊടുക്കിയത്. സംഭവത്തിൽ സീമയുടെ മകളായ റിഷിക കുമാരി (15) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാവിലെ അയൽവാസികൾ വീട്ടിൽ ചെന്ന് നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻതന്നെ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലിസ് മൂന്നുപേർ മരിച്ച നിലയിലും പെൺകുട്ടിയെ അബോധാവസ്ഥയിലുമാണ് കണ്ടെത്തിയത്.
സീമയുടെ ഭർത്താവ് രാഹുൽ കുമാർ വീടിന്റെ പുരാതനമായ ഭൂമി പലതവണയായി വിൽക്കുന്നത് സംബന്ധിച്ച് കുടുംബത്തിൽ തർക്കങ്ങൾ പതിവായിരുന്നു. ബംഗളൂരുവിൽ ജോലിയുള്ള രാഹുൽ ഇടയ്ക്കിടെ നാട്ടിലെത്തി ഭൂമി വിൽക്കുന്നത് കുടുംബം എതിർത്തിരുന്നു. ഉത്സവത്തിനായി നാട്ടിലെത്തിയ രാഹുൽ കഴിഞ്ഞ ശനിയാഴ്ചയും ഒരു പ്ലോട്ട് വിറ്റിരുന്നു. ഇതിനെത്തുടർന്നുണ്ടായ കടുത്ത വഴക്കിനൊടുവിൽ വ്യാഴാഴ്ച രാഹുൽ വീടുവിട്ടുപോയെന്നാണ് നാട്ടുകാർ പറയുന്നത്.
മുറിയിൽ നിന്ന് കൃഷിക്കായി ഉപയോഗിക്കുന്ന കീടനാശിനിയുടെ പാക്കറ്റ് പൊലിസ് കണ്ടെടുത്തു. ഇത് ഉള്ളിൽ ചെന്ന് മരിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിക്ക് ബോധം തെളഞ്ഞതിന് ശേഷം മൊഴിയെടുക്കുമെന്ന് പൊലിസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.